Aksharathalukal

പക

ദീപു അതിവേഗതയിലാണ് കാറോടിക്കുന്നത്. സീമയാകട്ടെ,  മറ്റേതോ ചിന്തയിൽ മുഴുകിയിരുന്നു. രണ്ടുപേരും നഗരത്തിലെ അറിയപ്പെടുന്ന ഡോക്ടർമാരാണ്. വിവാഹശേഷം അവർ സ്വന്തമായി ഒരു ക്ലിനിക് തുടങ്ങിയിട്ടുണ്ട്.

ഇടിയോടുകൂടിയ തിമിർത്തു പെയ്യുന്ന മഴ പുറത്തും ഉത്തരം കിട്ടാത്ത ഒരുപിടി ചോദ്യങ്ങൾ ദീപുവിന്റെ ഉള്ളിലും. വേഗത്തിൽ പോയികൊണ്ടിരുന്ന കാർ പെട്ടെന്നു നിന്നു. ഭാഗ്യത്തിന് തമ്പിയുടെ വർക്ക് ഷോപ്പിന്റെ അടുത്താണ് വണ്ടി ഓഫായത്. വളരെ കാലമായി രണ്ടുപേർക്കും പരിചയമുളളയാളാണ് തമ്പി. കാർ നിന്നതും സീമ ചിന്തയിൽ നിന്നുമുണർന്നു. രണ്ടുപേരും വർക്ക്ഷോപ്പിലേക്ക് നടന്നു. മഴ ഉഗ്രരൂപം പൂണ്ട രാത്രിയായിരുന്നു അന്ന് .

ഏറെ നേരം രണ്ടുപേരും തമ്പിയെ മാറിമാറി വിളിച്ചു. അയാൾ പുറത്തു വരാതെയായപ്പോൾ  രണ്ടുപേരും അകത്തുകയറി നോക്കി. അപ്പോൾ,  കണ്ട കാഴ്ച രണ്ടുപേരെയും ഞെട്ടിച്ചു. തലയ്ക്കടിയേറ്റ നിലയിൽ തമ്പി നിലത്തു വീണു കിടക്കുകയായിരുന്നു. ചുറ്റിലും രക്തം തളംകെട്ടി നിൽക്കുന്നുണ്ട്. ദീപു തമ്പിയുടെ ശ്വാസം നിലച്ചിട്ടുണ്ടോയെന്നു പരിശോധിച്ചു. അതിനുശേഷം കഴിഞ്ഞുയെന്ന മട്ടിൽ സീമയെ നോക്കി. ഇനിയുമവിടെ നിൽക്കുന്നതു പന്തികേടാണെന്നു  മനസ്സിലാക്കിയ അവർ പുറത്തിറങ്ങി. കാർ തകരാറായതുകൊണ്ട് എങ്ങനെ അവിടെനിന്നും രക്ഷപ്പെടുമെന്ന സംശയം അവരെ വലയം ചെയ്തു.

അപരിചിതനായ ഒരു വ്യക്തി ബൈക്കിൽ അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. നടുറോഡിൽ കാർ കിടക്കുന്നത് കണ്ടപ്പോൾ അയാൾക്ക് കാര്യം മനസ്സിലായി. കാറിന്റെ തകരാറ് അയാൾ തീർത്തുതരാമെന്നു പറഞ്ഞ് റിപ്പയർ ചെയ്യുവാൻ തുടങ്ങി. അയാൾ കൈവച്ചതും കാർ സ്റ്റാർട്ടായി. ദീപുവും സീമയും അയാളോടു നന്ദിപറഞ്ഞ്, അവിടെനിന്നും  യാത്ര തുടർന്നു.

രണ്ടുപേരും പരിഭ്രാന്തിയിലായിരുന്നു. തമ്പിയെ ആരായിരിക്കും കൊലപ്പെടുത്തിയതെന്ന ചിന്ത അവരിൽ ഭീതി പടർത്തി. പിന്നിലോരോ വാഹനങ്ങൾ വരുമ്പോഴും അവർ തങ്ങളെ ഫോളോ ചെയ്യുകയാണോ എന്നുവരെ സംശയിച്ചു.

മഴയുടെ വാശി പതിയെ കെട്ടടങ്ങി. സൂര്യൻ പതിവുപോലെ കൃത്യസമയത്തുതന്നെയുണർന്നു. പ്രഭാതരശ്മിയെങ്ങും പരന്നു. എന്നാൽ,  ആ പുലരി മറ്റെന്തോ കാര്യമായി കാത്തുവച്ചിരുന്നു.

നഗരത്തിൽനിന്നും അൽപ്പമകലെയായി ഒരു കാർ കിടപ്പുണ്ടെന്നും അതിൽ രണ്ടു മൃതദേഹങ്ങളുണ്ടെന്നുമുളള  വാർത്തയെങ്ങും പരന്നു. വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്തെത്തി. അത് ദീപുവും  സീമയുമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. രണ്ടുപേരുടേയും തലയുടെ പിറകിലായി വെടിയേറ്റത്തിന്റെ മുറിപ്പാടുകളുണ്ട്. പക്ഷേ,  വണ്ടിയിൽനിന്നും വിരലടയാളം കണ്ടെത്തുവാൻ  ഫോറൻസിക് വിഭാഗത്തിനു കഴിഞ്ഞില്ല. കയ്യുറ ധരിച്ചായിരിക്കണം കൊലയാളി കൃത്യം നിർവഹിച്ചതെന്നവർ  അനുമാനിച്ചു. മാത്രവുമല്ല,  ശരീരത്തിൽ കയ്യേറ്റം നടന്നതിന്റെ ഒരു ലക്ഷണവും കാണുവാനും  കഴിഞ്ഞില്ല. നേരിട്ട് വെടിയുതിർത്ത് കൃത്യം നടത്തിയിരിക്കുകയാണ് കൊലയാളി ഇവിടെയെന്നും അവർ മനസ്സിലാക്കി. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുവാൻ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അന്വേഷണ വിഭാഗത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനായ ജീവനോടൊപ്പം സഹപ്രവർത്തകരുംചേർന്ന് ദീപുവിന്റെ ക്ളിനിക്കൽ മൊഴിയെടുത്തു.

"ഈ സ്ഥാപനത്തിൽ കൂടുതൽ അനുഭവസമ്പത്തുള്ളത് ആർക്കാണ്." ജീവൻ ചോദിച്ചു.

"സാർ,  ഞാൻ പ്രകാശ്. സ്ഥാപനം തുടങ്ങിയ നാളുതൊട്ട് ഇവരുടെ കൂടെയുണ്ട്". അയാൾ മറുപടി പറഞ്ഞു.

ജീവൻ: "ദീപുവിനും സീമയ്ക്കും ശത്രുക്കൾ ഉള്ളതായി നിങ്ങൾക്കറിയുമോ?"

പ്രകാശ്: "അങ്ങനെ ചോദിച്ചാൽ..."

ജീവൻ: "ആരോടെങ്കിലും?"

പ്രകാശ്: "സാർ മുൻപ് ഇവിടെ റിസപ്ഷനിൽ ജോലിചെയ്തിരുന്ന കനിഹ എന്ന സ്ത്രീയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്നാരോപിച്ച്,  സീമ മേഡം കുറച്ചുനാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പിന്നീട്,  ജാമ്യത്തിലിറങ്ങിയതാണ്."

ജീവൻ: "കനിഹയോട് സീമയ്ക്ക് ദേഷ്യം തോന്നുവാനെന്തെങ്കിലും കാരണം?"

പ്രകാശ്: "അത്..."

ജീവൻ: "എന്താണ്?"

പ്രകാശ്: "ദീപു സാറും കനിഹയും തമ്മിൽ ഇഷ്ടത്തിലായിരുന്നുവെന്നും  കനിഹയുടെ കുട്ടി ദീപു സാറിലുള്ളതാണെന്നും പറഞ്ഞുകൊണ്ട് സീമ മേഡം വഴക്കുണ്ടാക്കിയിരുന്നു."

ജീവൻ: "ഓഫീസിൽ വച്ച് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ?"

പ്രകാശ്: "ഈ കാരണം പറഞ്ഞ് കനിഹയെ ജോലിയിൽനിന്നും പിരിച്ചുവിട്ടത് സീമ മേഡമാണ്."

ജീവൻ: "കനിഹ ഒറ്റയ്ക്കായിരുന്നോ താമസിച്ചിരുന്നത്?"

പ്രകാശ്: "അതെ, ഒരു കുട്ടി മാത്രമെ അവർക്കുണ്ടായിരുന്നുള്ളു. വേറെ ബന്ധുക്കൾ ഉള്ളതായി അറിവില്ല."

ജീവൻ: "ജോലിയിൽനിന്നും പിരിച്ചുവിട്ടതിനുശേഷം കനിഹയെന്തു ചെയ്തു? അതിനെക്കുറിച്ച് എന്തെങ്കിലും നിങ്ങൾക്കറിയുമോ?"

പ്രകാശ്: "അതിനുശേഷം ഒരു ബ്യൂട്ടിപാർലർ കനിഹ തുടങ്ങി. അതു തുടങ്ങുവാൻ വേണ്ടി പണം മുടക്കിയത് ദീപു സാറാണെന്നും പറഞ്ഞ് സീമ മേഡം വഴക്കുണ്ടാക്കിയിരുന്നു."

ജീവൻ: "കനിഹ എന്നാണ് മരണപ്പെട്ടത്?"

പ്രകാശ്: "ബ്യൂട്ടിപാർലർ തുടങ്ങിയതിനുശേഷം ഒരു ആഴ്ച കഴിഞ്ഞാണ് അവർ മരണപ്പെട്ടത്."

ജീവൻ: "കനിഹയുടെ മരണത്തിൽ സീമയ്ക്ക് പങ്കുണ്ടെന്ന് താങ്കൾ കരുതുന്നുണ്ടോ?"

പ്രകാശ്: "അത്... എനിക്കറിയില്ല സാർ."

ജീവൻ: "ഈ തമ്പിയുമായി സീമയ്ക്കും ദീപുവിനും വല്ല അടുപ്പമുണ്ടോ?"

പ്രകാശ്: "അയാളുടെ വർക്ക്ഷോപ്പിലാണ് അവരുടെ കാർ റിപ്പയർ ചെയ്യാറുള്ളത്. അവർ നല്ല സുഹൃത്തുക്കളായിരുന്നു."

ജീവൻ: "തമ്പി ആളെങ്ങനെ?"

പ്രകാശ്: "അയാൾക്ക് ഗുണ്ടാ സെറ്റപ്പ് ഉണ്ടെന്നൊക്കെ പറഞ്ഞുകേൾക്കുന്നുണ്ട്."

ജീവൻ: "അപ്പോൾ ശരി,  കൂടുതലറിയുവാൻ   സ്റ്റേഷനിലേക്കൊന്ന് വരേണ്ടി വരും."

പ്രകാശ്: "ശരി സാർ."

മൊഴിയെടുത്തതിനുശേഷം ജീവനും സംഘവും അവിടെനിന്നും യാത്ര തിരിച്ചു.

...........................................................................

ജീവൻ: "നമുക്ക് കനിഹയുടെ വീടുവരെ ഒന്ന് പോയിനോക്കിയാലോ?"

കോൺസ്റ്റബിൾ: "തീർച്ചയായും."

കനിഹയുടെ വീടിനുസമീപം അവർ,  ജീപ്പ് നിറുത്തി. ജീവനും സംഘവും അടുത്തുള്ള വീട്ടിലേക്കുനടന്നു.

ജീവൻ: "ഇവിടെ ആരുമില്ലേ?"

അകത്തുനിന്നും ഒരു സ്ത്രീ ഇറങ്ങിവന്നു.

"ആരാ?" അവർ ചോദിച്ചു.

ജീവൻ: "നിങ്ങളാണോ ശ്യാമള?"

ശ്യാമള: "അതേ... എന്താണ് കാര്യം."

ജീവൻ: "നിങ്ങളുടെ മകനെ കാണാതായത് എന്നുമുതലാണ്?"

ശ്യാമള: "കനിഹയുടെ മരണം നടന്ന അന്നുമുതലാണ് എന്റെ കുഞ്ഞിനെ..."

വാക്കുകൾ പൂർത്തിയാകും മുൻപേ അവർ വിതുമ്പി.

ജീവൻ: "സംഭവം നടന്ന അന്ന്,  ആരെങ്കിലും കനിഹയുടെ വീട്ടിൽ വന്നത് നിങ്ങൾ കണ്ടിരുന്നോ?"

ശ്യാമള: "അന്നു രാത്രി സീമ മേഡം, തമ്പി സാർ പിന്നെ..."

ജീവൻ: "പിന്നെ...?"

ശ്യാമള: "ദീപു സാറിന്റെ അമ്മ ഗായത്രി മേഡവും വന്നിരുന്നു."

ജീവൻ: "എന്നിട്ട്?"

ശ്യാമള: "എന്റെ മോനും  കനിഹ മേഡത്തിന്റെ മോനും നല്ല കൂട്ടായിരുന്നു. ഞാൻ മകനെ ആഹാരം കഴിക്കുവാനായി  വിളിക്കാൻ പോകുമ്പോഴാണ് ആ കാഴ്ച കണ്ടത്!"

ജീവൻ: "എന്ത് കാഴ്ച?"

ശ്യാമള: "ദേഹം മുഴുവൻ തീ പടർന്നു നിൽക്കുന്ന കനിഹ മേഡവും  മകനും. തീ പൂർണമായും എരിഞ്ഞടങ്ങിയതിനുശേഷമാണ് അവർ മൂന്നുപേരും അവിടെനിന്നും മടങ്ങിയത്. ആ ബഹളത്തിനിടയിൽ എനിക്കെന്റെ മകനേയും നഷ്ടമായി."

ജീവൻ: "നിങ്ങൾ എന്തുകൊണ്ട് ഇക്കാര്യം പോലീസിനോട് പറഞ്ഞില്ല?"

ശ്യാമള: "പേടിച്ചിട്ടാണ് സാറേ... ഞാൻ അവരുടെ വീട്ടിലാണ് പണിക്കുപോകുന്നത്. എന്റെ മകനെകൂടി കാണാതായപ്പോൾ ഞാൻ തളർന്നുപോയി. അവർ,  മകനെ അന്വേക്ഷിച്ചു കണ്ടുപിടിക്കാമെന്നു പറഞ്ഞിരുന്നു. ഇന്ന് സീമ മേഡം ഇല്ലാത്തതുകൊണ്ടുമാത്രമാണ് ഞാൻ ഇതൊക്കെ പറഞ്ഞത്."

ജീവൻ: "ശെരി.. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഞങ്ങൾ വിളിപ്പിക്കും . അപ്പോൾ, ഈ പറഞ്ഞതൊന്നും മാറ്റി പറയരുത്."

ശ്യാമള: "ഇല്ല സാറേ... ഞാൻ എവിടെ വേണമെങ്കിലും പറഞ്ഞോളാം."

ജീവനും സംഘവും ജീപ്പെടുത്ത് നേരെ ദീപുവിന്റെ വീട്ടിലേക്കുതിരിച്ചു.
...........................................................................
ജീവൻ കോളിങ് ബെല്ലിൽ വിരലമർത്തി. ദീപുവിന്റെ അമ്മ ഗായത്രി വാതിൽ തുറന്നു.

ജീവൻ: "ദീപുവിന്റേയും സീമയുടേയും മരണത്തിൽ ഞങ്ങൾക്ക് ചില സംശയങ്ങളുണ്ട്. നമുക്ക് അകത്തിരുന്ന് സംസാരിക്കാം."

ഗായത്രി: "വരൂ..."

ജീവൻ: "അതിനുമുൻപ് ഞങ്ങൾക്കറിയേണ്ടത് കനിഹയുടെ മരണത്തെക്കുറിച്ചാണ്. അതിനു മറുപടി നൽകാൻ കൃത്യം ചെയ്ത നിങ്ങൾക്കാണ് ഏറ്റവും നന്നായി കഴിയുക."

ഗായത്രി: "നിങ്ങളെന്താണ് പറയുന്നത്? കനിഹയുടെ മരണത്തിൽ എനിക്ക് യാതൊരു പങ്കുമില്ല."

ജീവൻ: "ദേ പെണ്ണുമ്പിള്ളേ കിടന്നുരുളാൻ  നോക്കണ്ട. നിങ്ങൾ കൃത്യം ചെയ്തതു കണ്ട ഒരു സാക്ഷിയുണ്ട്. നിങ്ങളും തമ്പിയും  സീമയുംകൂടി സംഭവ സ്ഥലത്തുനിന്നും വരുന്നതുകണ്ട ഒരു സാക്ഷിയുണ്ട്. നിങ്ങളുടെ മകനും  മരുമകളും തമ്പിയും  കൊല്ലപ്പെട്ടു. അവരുടെ അടുത്ത ഇര ഇനി നിങ്ങളായേക്കാം. മര്യാദയ്ക്ക് സത്യം പറയുന്നതാണ് നല്ലത്."

ഗായത്രി: "ഞാൻ പറയാം...ദീപുവിനേയും കനിഹയേയും അകറ്റുവാൻ കനിഹയയെ ജോലിയിൽനിന്നും പുറത്താക്കി. പക്ഷേ,  ദീപു അവൾക്ക് ബ്യൂട്ടി പാർലർ തുടങ്ങുവാൻ വേണ്ട സഹായം ചെയ്തുകൊടുത്തു. അവർ പരസ്പരം കാണുന്നത് പതിവായിരുന്നു. നാളെ കുഞ്ഞിന്റെ അവകാശം പറഞ്ഞ് അവൾ വന്നാൽ,  ഞങ്ങൾക്കു വലിയ നാണക്കേടാവും. മാത്രമല്ല,  ഇന്ന് ഞങ്ങൾക്കുള്ള സ്വത്തുക്കൾവരെ അവൾക്കു നൽകേണ്ടതായും വന്നേക്കാം. ആ ചിന്ത എനിക്കും സീമയ്ക്കും കനിഹയോട് ശത്രുത വളർത്തി. അവളെ ഇല്ലായ്മ ചെയ്യുകയല്ലാതെ മറ്റു വഴിയില്ലയെന്ന് ഞങ്ങൾ മനസ്സിലാക്കി. തമ്പിയുടെ സഹായത്തോടെ ഞങ്ങൾ അവളേയും കുഞ്ഞിനേയും വകവരുത്തി."

ജീവൻ: "ആർത്തി ഒരു ഭ്രാന്താണ്,  അതിന് ഇതൊക്കെ തന്നെയാണ് മരുന്ന്. നിങ്ങളെ നിയമത്തിനുമുൻപിൽ ഞങ്ങൾക്കു ഹാജരാക്കണം. അതുകൊണ്ട് അമ്മച്ചി തൽക്കാലം ഞങ്ങളുടെ കൂടെ വാ."

ജീവന്റെ ഫോൺ റിങ്ങ് ചെയ്യുന്നു.

ജീവൻ: "ഹലോ..."

കോൺസ്റ്റബിൾ: "സാർ,  സംഭവം നടന്ന രാത്രി തമ്പിയുടെ വർക്ക് ഷോപ്പിന്റെ മുൻപിൽവച്ച് ദീപുവും  സീമയും ഒരാളോട് സംസാരിക്കുന്നതു കണ്ടൂയെന്നു പറഞ്ഞുകൊണ്ട് ഒരാൾ വന്നിട്ടുണ്ട്."

ജീവൻ: "വെരി ഗുഡ്. ഞങ്ങൾ ഉടനെയെത്താം."

കോൾ കട്ട് ചെയ്തതിനുശേഷം ജീവനും സംഘവും സ്റ്റേഷനിലേക്കു തിരിച്ചു. ഗായത്രിയെ കൊണ്ടുവരുവാൻ മറ്റൊരു വണ്ടി ഏർപ്പാടാക്കി. രണ്ട് വനിതാ പോലീസിനെ  അവിടെ നിർത്തുകയും ചെയ്തു.

സ്റ്റേഷനിലെത്തിയ ജീവൻ,  വിവരം നൽകിയ വ്യക്തിയെകണ്ട് കാര്യങ്ങൾ തിരക്കി.

ജീവൻ: "നിങ്ങൾ എന്താണ് കണ്ടത്?"

അയാൾ: "അന്നു രാത്രി ബൈക്കിൽ വന്ന ഒരാൾ അവരുടെ കാർ റിപ്പയർ ചെയ്യുന്നത് ഞാൻ കണ്ടു."

ജീവൻ: "അയാളുടെ മുഖം താൻ കണ്ടോ?"

അയാൾ: "ഇല്ല സാർ,  അന്ന് നല്ല മഴയായിരുന്നു. റോഡിൽ വണ്ടി കിടക്കുന്നത് ഞാൻ വീട്ടിൽനിന്നാണ് കണ്ടത്. മഴയായതുകൊണ്ട് പുറത്തിറങ്ങാൻ തോന്നിയില്ല. രാവിലെയായപ്പോഴാണ് വർക്ക്ഷോപ്പിലെ ആൾ മരണപ്പെട്ട വിവരം അറിയാൻ കഴിഞ്ഞത്."

ജീവൻ: "നമുക്ക് വർക്ക്ഷോപ്പ് പരിസരത്ത് സീസി ടിവി ക്യാമറ വല്ലതും ഉണ്ടോയെന്നു പരിശോധിക്കണം."

"വർക്ക് ഷോപ്പിൽ ക്യാമറ ഉണ്ട് സാർ."

ജീവൻ: "താനാരാ?"

അയാൾ: "ഞാൻ,  ആ വർക്ക്ഷോപ്പിലാണ് ജോലി ചെയ്യുന്നത്. രാവിലെ ഷോപ്പിൽ വന്നപ്പോൾ,  ഞാനാണ് സംഭവം ആദ്യമായി കണ്ടത്."

ജീവൻ: "എന്നിട്ട്,  ഇതൊക്കെ ഇപ്പോഴാണോ പറയുന്നത്?"

ജീവൻ: "വേഗം ജീപ്പെടുക്ക്."

...........................................................................

കോൺസ്റ്റബിൾ: "സാർ, ഉളളിലെ ക്യാമറ വർക്ക് ചെയ്യുന്നില്ല. ഇതിലൊന്നും റെക്കോർഡായി കാണുന്നില്ല."

ജീവൻ: "എന്തോന്നാടോ? താൻ പുറത്തുള്ള ക്യാമറയിൽനിന്നും എന്തെങ്കിലും കിട്ടുമോയെന്നു നോക്ക്."

കോൺസ്റ്റബിൾ: "സാറേ...ദേ..."

ജീവൻ: "എന്തായി?"

കോൺസ്റ്റബിൾ: "ബൈക്കിൽ വന്നവന്റെ മുഖം വ്യക്തമായി പതിഞ്ഞിട്ടുണ്ട്. വണ്ടിനമ്പറും പതിഞ്ഞിട്ടുണ്ട്."

ജീവൻ: "ഈ ഫോട്ടോ, വണ്ടിനമ്പർ സഹിതം സൈബർ സെല്ലിൽ അയച്ചുകൊടുത്ത് എത്രയും വേഗം അവനെ പൊക്കിയെടുക്ക്."

ജീവൻ സ്റ്റേഷനിൽ വിളിച്ചുപറഞ്ഞു.

കോൺസ്റ്റബിൾ: "സാറേ... പിള്ളേര് ഭയങ്കര ഫാസ്റ്റാണ്. അവനെ കിട്ടി."

ജീവൻ: "ആഹാ! ഞങ്ങൾ ഇതായെത്തി."

അവർ നേരെ സ്റ്റേഷനിലേക്കു പാഞ്ഞു.
...........................................................................

ജീവൻ: "എവിടെ അവൻ?"

കോൺസ്റ്റബിൾ: "സാറേ... ഇവിടെയുണ്ട്."

ജീവൻ: "നീ,  ശ്യാമളയുടെ അനിയൻ അല്ലേ?"

അയാൾ: "അതേ..."

ജീവൻ: "പെങ്ങളുടെ മകനെ കാണാതായത് സീമ ആയതുകൊണ്ടാണോ അവരെ തട്ടിയത്?"

അയാൾ: "അത് ഞാനല്ല സാറേ..."

ജീവൻ: "പിന്നെ?"

അയാൾ: "അത്..."

ജീവൻ: "വേണ്ട,  നീ പറയണ്ട. അതു ചെയ്തത് ആരാണെന്ന് ഞങ്ങൾക്ക് പിടികിട്ടി. അയാൾ,  ഇങ്ങോട്ടുതന്നെ വരും."

കോൺസ്റ്റബിൾ: "സാറേ... ആളെത്തി."

ജീവൻ: "കരൺ,  ഈ നിൽക്കുന്ന ആളെ വല്ല പരിചയം ഉണ്ടോ?"

ജീവൻ: "ഉണ്ട്."

ജീവൻ: "ആഹാ... അത് പോട്ടെ. ഇത്,  കരണിന്റെ പേഴ്സ് അല്ലേ? അല്ലായെന്നു പറയണ്ട ഇതിൽ ഡ്രൈവിംഗ് ലൈസൻസ് ഉണ്ട്. ഒന്ന് സൂക്ഷിച്ചു നോക്കിക്കേ..?"

കരൺ: "എന്റെ പേഴ്സ് ആണ്. പക്ഷേ,  ഇത് എവിടെ നിന്നുകിട്ടി?"

ജീവൻ: "കിട്ടിയതൊക്കെ പിന്നീട് പറയാം. അല്ലെങ്കിൽവേണ്ട,  എന്തിനാണ് മറച്ചുവയ്ക്കുന്നത്?  അന്ന് തമ്പിയെ വക വരുത്തിയില്ലേ അപ്പോൾ അവിടെ താഴെ വീണ് കിട്ടിയതാണ്. ഇനി കൊന്നത് നീയല്ല എന്നുപറയാൻ നിൽക്കണ്ട,  പേഴ്സിൽ തമ്പിയുടെ രക്തക്കറയുണ്ട്. ഇനി പറ ഞങ്ങളൊന്നു കേൾക്കട്ടെ."

കരൺ: "കനിഹ എന്റെ അനുജത്തിയായിരുന്നു. ഞങ്ങളുടെ അമ്മ ഒന്നാണ്. അമ്മയെ അച്ഛൻ ഉപേക്ഷിച്ചതിനുശേഷമാണ് കനിഹയുടെ അച്ഛൻ വിവാഹം കഴിച്ചത്. അവളെയില്ലാതാക്കിപ്പോൾ ഞാൻ ശെരിക്കും ഒറ്റപ്പെട്ടു. അവളുടെ മരണത്തിന് പ്രതികാരം ചെയ്യാൻ ഞാൻ തീരുമാനിച്ചു. അവളെ കൊന്നവരെ ഇവിടുത്തെ നിയമം വെറുതെ വിട്ടു. പക്ഷേ, അവരെ വെറുതെവിടുവാൻ എനിക്കു സാധിക്കില്ലല്ലോ!

     ആ രാത്രി തമ്പിയെ വകവരുത്തിയതിനുശേഷം ഞാൻ അവിടെതന്നെ മറഞ്ഞിരുന്നു. അവരുടെ കാർ  കംപ്ളെയ്ന്റ് ആയത് ഞാൻ വീക്ഷിച്ചിരുന്നു. അവർ വർക്ക് ഷോപ്പിൽ കയറിയപ്പോൾ അവരറിയാതെ ഞാൻ കാറിൽ കയറിയിരുന്നു. ബൈക്കിൽ വന്ന രാഹുൽ കാർ റിപ്പയർ ചെയ്ത് അവരുടെ ശ്രദ്ധയെയകറ്റി. അവിടെനിന്നും കുറച്ചുദൂരം കഴിഞ്ഞപ്പോൾ ഞാൻ പിറകിൽനിന്നും തോക്കെടുത്ത് രണ്ടുപേരേയും ഷൂട്ട്ചെയ്തു. കൊല്ലുന്നതിനു മുൻപ് ഞാൻ ആരാണെന്നും കനിഹയ്ക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നും അവരോട് പറഞ്ഞു. അപ്പോൾ അവരുടെ കണ്ണുകളിൽ തുളുമ്പിയ ഭയം എന്നെ വല്ലാതെ സന്തോഷിപ്പിച്ചു."

ജീവൻ: "പക്ഷേ,  ഒരാളെമാത്രം നീ വെറുതെവിട്ടു അല്ലേ?"

കരൺ: "ഹഹഹ... പക്ഷേ,  കഥയുടെ അവസാനം ഒരു ട്വിസ്റ്റ് ഉണ്ടാവും. ചാവേണ്ടവർ  എപ്പോഴായാലും ചാവും. ഹഹഹഹഹഹ."

ജീവൻ: "അതെങ്ങനെ? നിങ്ങൾ  രണ്ടുപേരും എന്റെ കസ്റ്റഡിയിൽ അല്ലേ?"

കരൺ: "പക്ഷേ,  ഗായത്രി... ഹഹഹഹ...കനിഹയുടെ മകൻ ... അവന്റെ പക.. ഹഹഹ."

ജീവൻ: "ഏത് മകൻ? അവനല്ലേ അവളോടൊപ്പം കത്തിയെരിഞ്ഞത്?"

കരൺ: "ഹഹഹ."

ജീവൻ: "ഓ... ഗോഡ്. വേഗം വനിതാ കോൺസ്റ്റബിൾസിനെ വിളിക്ക്."

കോൺസ്റ്റബിൾ: "സാർ... എന്തുപറ്റി?"

ജീവൻ: "എടോ ശ്യാമള അവിടെയാണ് പണിക്ക് നിൽക്കുന്നത്. അന്നു മരിച്ചത് അവളുടെ മകനാണെന്ന് ഇപ്പോൾ തിരിച്ചറിഞ്ഞിട്ടുണ്ടാകും. ഇനി കനിഹയുടെ മകൻകൂടി അവിടെ വന്നിട്ടുണ്ടെങ്കിൽ ഗായത്രി വെറും പൊക."

കോൺസ്റ്റബിൾ: "അത് ശെരിയാണല്ലോ!  വേഗം ജീപ്പെടുക്ക്."
...........................................................................
ശ്യാമള അടുക്കളയിൽനിന്ന്  ഗായത്രിയെ നിരീക്ഷിച്ചു. വനിതാപോലീസ് രണ്ടുപേർ അവളുടെയടുത്ത് തന്നെയുണ്ട്. പെട്ടെന്ന് ഒരു വെടിയൊച്ച കേട്ടു. വനിതാപോലീസ് ശബ്ദംകേട്ട ഭാഗത്തേക്കോടി. ഈസമയം കനിഹയുടെ മകൻ ഗായത്രിയുടെ മുന്നിലെത്തി. അവളുടെ മുഖത്തുനോക്കി ഇങ്ങനെ പറഞ്ഞു: "ഇത് എന്റെ പക." ഉടനെതന്നെ അവളുടെ നെഞ്ചിലേക്ക് നാല് തവണ നിറയൊഴിച്ചു. പോലീസ് എത്തിയപ്പോഴേക്കും ശ്യാമള അവന്റെ കയ്യിൽ നിന്നും തോക്ക് വാങ്ങി , പോലീസിന്റെ മുന്നിൽവച്ച് ഒരുതവണ വെടിയുതിർക്കുകയും ചെയ്തു. തോക്കുമായി നിൽക്കുന്ന ശ്യാമളയെ അവർ അറസ്റ്റ് ചെയ്തു. ആ മകൻ അവന്റെ ലക്ഷ്യം പൂർത്തിയാക്കി അവിടെനിന്നും മടങ്ങുകയും ചെയ്തു.
(ശുഭം.)
...................................................................
സുമേഷ് പാർളിക്കാട്.