Aksharathalukal

കനലിൻ വഴിയേ നാലാം അദ്ധ്യായം

ഗോകുൽ: "എന്ത് സംഭവിച്ചു?"

അനൂപ്: " എന്നാൽ, അയാളുടെ കുടുംബത്തിന്റെ മരണവാർത്തയാണ് പിറ്റേദിവസം  ഞങ്ങൾക്കറിയാൻ കഴിഞ്ഞത്. അതോടെ, അയാൾക്ക് പണം കടം കൊടുത്തവർ അച്ഛനെയന്വേക്ഷിച്ച് വരുവാൻത്തുടങ്ങി. അവരുടെ ബുദ്ധിമുട്ട് കേട്ടപ്പോൾ മനസ്സലിഞ്ഞ്,  ബാക്കിയുള്ള സ്വർണം വിറ്റ് അച്ഛനവരുടെ കടം തീർത്തു. താൻമൂലമാണല്ലോ അയാളുടെ കുടുംബം ആത്മഹത്യ ചെയ്തത് എന്ന തെറ്റിദ്ധാരണ അച്ഛനെ മദ്യപാനത്തിന്റെ വക്കിലെത്തിച്ചു.  ഉയർന്ന നിലയിലുള്ള ജീവിതത്തിൽനിന്നും താഴേക്കുള്ള പതനം അച്ഛനെ മാനസ്സികമായി തളർത്തി.  പിന്നീട് ഒരിക്കൽപോലും അച്ഛനെ ചിരിച്ചമുഖത്തോടെ കണ്ടിട്ടില്ല.  എല്ലാം മടുത്തപ്പോൾ, ഒരുമുഴം കയറിൽ അച്ഛൻ ജീവിതം അവസാനിപ്പിച്ചു."

ഗോകുൽ: " സോറി ടാ... വെറുതെ ഞാൻ നിന്റെ മൂഡ് കളഞ്ഞു. ഞാനും ഇതേ മാനസികാവസ്ഥ അനുഭവിക്കുന്നയാൾ തന്നെയാണ്. നിനക്ക് സ്വന്തമെന്ന് പറയാൻ അമ്മയും സഹോദരിയുമില്ലേ..?ഇവിടെ അതും ഇല്ല.  ഒരു മാറ്റത്തിന് വേണ്ടിയാണ് ഞാൻ ഇങ്ങോട്ട് വന്നത് തന്നെ. ഈ ചിന്തകളെ നമുക്ക് ഇവിടെയൊഴുക്കി കളയാം. റൂമിലേക്ക് പോയാലോ, ഭക്ഷണം റെഡിയായിട്ടുണ്ടാവും."

    അവരുടെ സൗഹൃദം നാൾക്കുനാൾ വളർന്നു.  ഒഴിവുസമയങ്ങളിൽ അവർ കടൽത്തീരത്ത് വന്നിരിക്കും. 

    ഗോകുൽ റൂമിലുളള മറ്റുളളവരുമായും നല്ല സൗഹൃദത്തിലായി.  അവൻ കൊല്ലത്തിന്റെ മണ്ണിലെത്തിയിട്ട് ഇന്നേക്ക് മൂന്നുമാസം തികഞ്ഞു.  ഓഫീസിലെ കാര്യങ്ങൾ  പഴയപോലെത്തന്നെ.  ബിസിനസ്സ് കൂട്ടാനുള്ള പ്രഷർ മുകളിൽനിന്നും വേണ്ടുവോളമുണ്ട്.

   ഒരു ദിവസം, രാവിലെത്തന്നെ ഏരിയാ മാനേജരുടെ വായിൽനിന്നും അവന് വേണ്ടുവോളം കിട്ടി. ആ ദേഷ്യത്തിലിരിക്കുന്ന സമയത്താണ് അത് സംഭവിച്ചത്!

   ഗോൾഡ് പണയം വച്ചതിനുശേഷം, ഓഫീസിലേക്ക് തിരിഞ്ഞുനോക്കാത്ത ഒരു കസ്റ്റമർ പലിശ കൂടിപ്പോയി എന്നുപറഞ്ഞ് പ്രശ്നമുണ്ടാക്കി.  മാനേജർ കൃത്യമായി വിവരങ്ങൾ നൽകിയെങ്കിലും അയാൾ അതൊന്നും ചെവിക്കൊണ്ടില്ല.

  പണയംവച്ചതിന്റെ രേഖ അയാൾ മാനേജരുടെ കയ്യിൽനിന്നും ബലമായി പിടിച്ചുവാങ്ങി.  അതുമായി അവിടെനിന്നും ഓടിപ്പോകുവാൻ അയാൾ ശ്രമിച്ചു. മാനേജർ അയാളുടെ പിറകെച്ചെന്നു.  എത്ര പറഞ്ഞിട്ടും രേഖകൾ നൽകുവാൻ അയാൾ തയ്യാറായില്ല.  ഒടുവിൽ നിവൃത്തിയില്ലാതെ മാനേജർ അയാളുടെ കയ്യിൽനിന്നും ആ രേഖകൾ ബലം പ്രയോഗിച്ച് വാങ്ങിക്കുവാൻ ശ്രമിച്ചു.  അയാൾക്കത് ഇഷ്ടപ്പെട്ടില്ല. അരിശത്തിൽ അയാൾ മാനേജരെ തള്ളിയിട്ടു. ഇത് കണ്ടതും ദേഷ്യത്തോടെ ഗോകുൽ അയാൾക്കുനേരെ പാഞ്ഞു.

  താഴെ വീണുകിടക്കുന്ന മാനേജരെ അയാൾ ചവിട്ടി. അതുംകൂടി കണ്ടപ്പോൾ ഗോകുലിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടു.  അവൻ കൈ ചുരുട്ടി അയാളുടെ മുഖത്തേക്ക് ഒന്ന് കൊടുത്തു. ദേഷ്യം അടങ്ങുംവരെ അവൻ,  അയാളെ പ്രഹരിച്ചു. ഇടിയുടെ ആഘാതത്തിൽ രേഖകൾ അയാളുടെ കയ്യിൽനിന്നും താഴെവീണു. 

അയാൾ: "എന്നെ നീ തല്ലിയല്ലേ... നിന്നെ ഞാൻ ബാക്കിവയ്ക്കില്ല."

ഗോകുൽ: "ഒന്ന് പോടാ... തരത്തിൽ പോയി കളിക്ക്."

അയാൾ: "എന്റെ നാട്ടിൽ വന്ന്, എന്നെ തല്ലിയിട്ട് നീ ഇതേ കോലത്തിൽ ഇവിടെനിന്നും തിരിച്ചുപോവില്ല."

ഗോകുൽ: "ഇത് നീ ചോദിച്ച് വാങ്ങിയതാ. ഇതിന്റെ പിറകേ നീ വന്നാൽ... നിന്റെ വീട്ടിൽ കേറി തല്ലും."

അയാൾ: "ഇത് എന്റെ നാടാ... ഇവിടെ എന്ത് നടക്കണം എന്ന് ഞാൻ തീരുമാനിക്കും."

ഗോകുൽ: "ഞങ്ങൾ തൃശ്ശൂർക്കാർക്ക് ഏത് നാടും ഒരുപോലെയാണ്. അതുകൊണ്ട് നിന്റെ അഭ്യാസം എന്റെയടുത്ത് ചിലവാകില്ല. നീ പോ..."

  അയാൾ ദേഷ്യത്തോടെ,  മുഖം തടവികൊണ്ട് അവിടെനിന്നും പോയി.

ലേഡീസ്റ്റാഫുകൾ  ഇതെല്ലാം കണ്ട് പേടിച്ച് നിൽക്കുകയാണ്. മാനേജർ ശ്യാംധർ നടന്ന കാര്യങ്ങൾ ഒന്നുപോലും വിടാതെ ഏരിയാ മാനേജരോട് പറഞ്ഞു.

ശ്യാംധർ: "കാര്യങ്ങൾ പ്രശ്നമാകുമോ എന്നൊരു ഭയം.".

ഗോകുൽ: "ഹാ... സാറൊന്ന് ചുമ്മാതിരിക്ക്. ഒന്നും സംഭവിക്കില്ല.".

അന്ന് ഓഫീസിൽനിന്നും റൂമിലേക്ക് പോകുമ്പോഴും ശ്യാംധർ ആഴമായ ചിന്തയിലായിരുന്നു. എന്നാൽ ഗോകുലിന് തീരെ ഭയമില്ലായിരുന്നു.

    റൂമിലെത്തിയ ഉടനെ ശ്യാംധർ കാര്യങ്ങളെല്ലാം സുഹൃത്തുക്കളോട് പറഞ്ഞു. "എന്തെങ്കിലും പ്രശ്നം വന്നാൽ നിയമസഹായം ആവശ്യപ്പെടാം" എന്ന് അവർ മറുപടി പറഞ്ഞു.

എല്ലാവരുടേയും അഭ്യർത്ഥന മാനിച്ച് ഗോകുൽ അന്ന് രാത്രി പുറത്തിറങ്ങിയില്ല. എന്ന് കരുതി എല്ലാ ദിവസവും പുറത്തിറങ്ങാതെ റൂമിൽ ഇരിക്കുവാൻ അവൻ തയ്യാറല്ലായിരുന്നു.

അടുത്ത ദിവസം,  ഓഫീസിൽനിന്നും വന്നതിനു ശേഷം  ഗോകുൽ, അനൂപിന്റെകൂടെ പുറത്തിറങ്ങി. 

അനൂപ്: "ഈ മഴയ്ക്ക് പെയ്യാൻ കണ്ടൊരു നേരം."

ഗോകുൽ: "പിന്നേ... നിന്റെ ഇഷ്ടത്തിന് അനുസരിച്ചാണോ മഴ പെയ്യാ?"

അനൂപ്: "അതും ശരിയാണ്."

ഗോകുൽ: "എന്നാൽപ്പിന്നെ ഒന്നും നോക്കണ്ട,  വേഗം നടന്നൊ."

അനൂപ്: " ടാ... കുറച്ചു നേരമായി ഒരു ജീപ്പ് നമ്മളെ പിൻതുടരുന്നുണ്ട്. എനിക്കെന്തോ ഒരു പേടിപോലെ!"

ഗോകുൽ: "നമുക്ക് നടത്തത്തിന്റെ വേഗമൊന്ന് കുറയ്ക്കാം. അപ്പോൾ അവരുടെ തീരുമാനം വ്യക്തമാകും."

അനൂപ്: "ടാ... അവര് ഹെഡ്‌ലൈറ്റ് ഇട്ടു."

ഗോകുൽ: " മോനേ...  കണ്ടിട്ട് ഇതൊരു പണിയാണെന്നാണ് തോന്നുന്നത്! നീ തൽക്കാലം മാറിക്കൊ."

അനൂപ്: "അത് വേണ്ടടാ... എന്താണെങ്കിലും ഞാനുമുണ്ട് നിന്റെയൊപ്പം."

ഗോകുൽ: "അത് ശരിയാവില്ല. നിന്നെയുംകാത്ത് അമ്മയും അനിയത്തിയുമുണ്ട്.  പക്ഷേ, എന്റെ കാര്യം അങ്ങനെയല്ല.  ചാവുകയാണെങ്കിൽ ഒരാൾ മാത്രം മതി! നീ പൊയ്ക്കോ..."

ഗോകുൽ രണ്ടും കൽപ്പിച്ച് ജീപ്പിനുനേരെ തിരിഞ്ഞു.

(തുടരും)
                             ************