Aksharathalukal

മേലാളന്റെ പുലയപ്പെണ്ണ് - തുടർക്കഥ - ഭാഗം -1

 സൂര്യന്റെ ചെങ്കതിർ ഭൂമിയിൽ പതിക്കാൻ തുടങ്ങിയിരിക്കുന്നു.

 കൊയ്ത്ത് കഴിഞ്ഞ പാടം, അടുത്ത വിളവിനായി ഉഴുതുമറിക്കുക യായിരുന്നു കോരൻ.....

 നനവ് കുറഞ്ഞ മണ്ണിൽ ഒരാവർത്തി ഉഴുതിട്ടും, മണ്ണിന്റെ കട്ടകൾ പൊടിയുന്നു ഉണ്ടായിരുന്നില്ല...... അതുകൊണ്ടുതന്നെ രണ്ടുമൂന്ന് ആവർത്തി ഉഴുതിട്ടാണ് മണ്ണ് പൊടിഞ്ഞതുതന്നെ......

 കോരന്റെ ശരീരമാസകലം വിയർപ്പുകണങ്ങൾ ആയിരുന്നു.

 വേനലിന്റെ ചൂടിന്, ഈ അന്തി നേരത്തും ഒരു ശമനം ഉണ്ടായിരുന്നില്ല.

 ഈ സമയം കൈത്തോടിന്റെ വരമ്പിലൂടെ നടന്നുവരുന്ന തന്റെ മകൾ ചീരുവിനെ, കോരൻ കണ്ടു.

" ഈ അന്തി നേരത്ത് നീ എന്തിനാ ഇപ്പോൾ ഇങ്ങോട്ട് ഇറങ്ങി പുറപ്പെട്ടത്..... "

 കോരൻ ഒരല്പം ദേഷ്യത്തോടെ ചോദിച്ചു.

" അന്തി യായ വിവരം അപ്പൻ അറിഞ്ഞില്ലേ... കാക്കേം, കോഴിയും ഒക്കെ കൂട്ടിൽ കയറി.... ഇനി ഈ അന്തി നേരത്ത് അപ്പൻ ഇവിടെ എന്ത് ചെയ്യാ..... "

 ചീരുവിന്റെ വാക്കുകൾ കേട്ടതും കോരന് ദേഷ്യം വന്നു.

" നിന്റെ സംസാരം ഏറുന്നുണ്ട്.... പെണ്ണായാൽ ഒരല്പം അടക്കം വേണം..... "

 അപ്പന്റെ വാക്കുകൾക്ക് മറുപടി പോലെ ചീരുവിന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

 കോരനറിയാമായിരുന്നു.....

 മറ്റുള്ള പെൺകുട്ടികളെ പോലെയല്ല തന്റെ മകൾ എന്ന്...... എന്തിനെയും ചോദ്യം ചെയ്യുന്ന പ്രകൃതം തന്റെ മകൾക്കുണ്ട്.....

 മറ്റുള്ള പെൺകുട്ടികൾ തലതാഴ്ത്തി സംസാരിക്കുമ്പോൾ, അവൾ തല ഉയർത്തിയെ സംസാരിക്കാറുള്ളൂ......

" ചീരുവേ..... നിന്നെ ഓർക്കുമ്പോൾ ഈ അപ്പന്റെ നെഞ്ചു നീറുകയാട്ടോ....... "

 കാളയെ മുന്നോട്ട് തെളിയിക്കുന്ന അതിനിടെ കോരൻ പറഞ്ഞു.

" അതെന്താ അപ്പാ...... " - ചീരു ചിരിച്ചുകൊണ്ട് ചോദിച്ചു.

" അതേയ് നിന്റെ ഈ വർത്തമാനം നമുക്ക് ചേർന്നതല്ല....... അതുകൊണ്ടുതന്നെ..... "

 കോരൻ ഇതു പറയുന്നതിനിടെ അകലെ വരമ്പിലൂടെ തമ്പ്രാന്റെ, കാര്യസ്ഥൻ ഗോവിന്ദൻ നടന്നുവരുന്നത് ചീരു കണ്ടു.

 അത് അവൾ അപ്പനെ അറിയിക്കുകയും ചെയ്തു.

"ചീരു..... നീ അപ്പുറത്തെ വരമ്പിലേക്ക് മാറി നിൽക്ക്..... ഇനി അദ്ദേഹത്തെ തൊട്ട് അശുദ്ധം ആക്കേണ്ട......."

 കോരന്റെ വാക്കുകൾ കേട്ടതും ഒരല്പം പരിഭവത്തോടെ ചീരു അടുത്തുകണ്ട വരമ്പിലേക്ക് മാറിനിന്നു.

 ഈ സമയം കാര്യസ്ഥൻ ഗോവിന്ദൻ, കോരന് മുന്നിലെത്തിയിരുന്നു.

" ഇതെന്താ കോരാ...... രാവിലെ തുടങ്ങിയത് ആണല്ലോ ഈ ഒരു നിലം ഉഴുവാൻ..... ഇതുവരെ ഇത് കഴിഞ്ഞില്ലേ...... "

 വായിൽ കിടന്ന മുറുക്കാൻ നീട്ടിത്തുപ്പി കൊണ്ട് ഗോവിന്ദൻ ചോദിച്ചു.

" അത് അങ്ങുന്നേ...... നനവില്ലാത്ത മണ്ണാ ഇത്..... വെളുപ്പാം കാലം തുടങ്ങി കൈതോടിൽ നിന്ന് ഞാനും എന്റെ പെമ്പ്രന്നോരും വെള്ളം തേവിയാ ഈ മണ്ണ് ഒന്ന് നനച്ച് തന്നെ....... "

 കോരൻ ഇരുകൈകളും കൂപ്പി കൊണ്ട് പറഞ്ഞു.

" വേഗം ചെയ്താൽ നിനക്ക് കൊള്ളാം.... അല്ലേൽ വല്യതമ്പ്രാൻ ഈ ജോലി മറ്റാരെയെങ്കിലും ഏൽപ്പിക്കും..... "

 വായിൽ കിടന്ന മുറുക്കാൻ ചവച്ചുകൊണ്ട് ഗോവിന്ദൻ പറഞ്ഞു.

 ഇതിനിടെ ഗോവിന്ദന്റെ കണ്ണുകൾ, അടുത്ത വരമ്പത്ത് നിന്ന ചീരുവിന്റെ അടുക്കലേക്ക് ആയി.

" എന്താ കോരാ..... ഇതു നിന്റെ മോളല്ലേ..... "

 ഒരു വികലമായ ചിരിയോടെ ഗോവിന്ദൻ ചോദിച്ചു.

" അതെ അങ്ങുന്നേ..... "

" ഇവൾ അങ്ങ് വളർന്നു പോയല്ലോടാ..... വല്യതമ്പ്രാനെ വന്നു കണ്ടു ആ കളപ്പുരയിൽ ഒരു ജോലി തരമാക്കി കൂടെ...... "

 ഗോവിന്ദൻ റെ വാക്കുകൾ ചീരുവിനു അത്ര ഇഷ്ടപ്പെട്ടില്ല.
 അവളുടെ നെറ്റിയിൽ ചുളിവുകൾ വീണു.

ചീരുവിന്റെ ആ ഭാവമാറ്റം കണ്ടതും, കോരൻ പെട്ടെന്ന് ആ ചോദ്യത്തിന് മറുപടി പറഞ്ഞു.

" അതൊന്നും വേണ്ട അങ്ങുന്നേ..... അവൾ കുടിലിലെ പണിയെല്ലാം ചെയ്തു  അവിടെ ഇരുന്നു കൊള്ളും..... "

" ഞാൻ പറഞ്ഞെന്നേയുള്ളൂ...... എത്ര ഒളിച്ചു വെച്ചാലും, ഒരിക്കൽ ആ മുന്നിൽ പോയി നിൽക്കേണ്ടത് അല്ലേ...... "

 ഇതു പറഞ്ഞു തീർന്നതും ഗോവിന്ദന്റെ പൊട്ടിച്ചിരി അവിടെ മുഴങ്ങി.

 ആ ചിരി, ചീരുവിന്റെ കാതുകളിൽ പ്രതിധ്വനിച്ചു.

 എന്നാൽ ഇതിനിടെ കോരൻ, ഒന്നും മിണ്ടരുത് എന്നർത്ഥത്തിൽ, ചീരുവിനെ നോക്കി, കണ്ണുകൾ ഇറുകെ അടച്ചു.

 ഒന്നിരുത്തി തലയാട്ടിക്കൊണ്ട്, ഗോവിന്ദൻ മുന്നോട്ടുനടന്നു.

 ഗോവിന്ദൻ പോയതും, ചീരു, അപ്പന് അരികിലേക്ക് നടന്നു വന്നു.

" അവന്റെ ഒരു നോട്ടം..... "

ചീരു, ഗോവിന്ദൻ പോകുന്നതും നോക്കി കൊണ്ട് പറഞ്ഞു.

" എല്ലാം നമ്മൾ അനുസരിക്കേണ്ടത് അല്ലേ മോളെ...... കീഴാളൻ എന്നും മേലാളന്റെ അടിമയാ..... "

 കോരൻ ദീർഘനിശ്വാസത്തോടെ പറഞ്ഞു.

" അടിമ...... തിരിച്ചു പറയാനാവാത്തവൻ ഈ ഭൂമിയിൽ എന്നും അടിമയാ..... ഇങ്ങനെയുള്ളവനയൊക്കെ ഈ ചേറിൽ ചവിട്ടി താഴ്ത്തണം..... അന്നേരമേ ഈ മണ്ണിൽ നൂറുമേനി വിളയൂ...... "

ചീരുവിന്റെ വാക്കുകൾ കേട്ടതും കോരൻ ദേഷ്യത്തോടെ അവളെ നോക്കി.

" നീ ഒരു പുലയപെണ്ണാ..... തമ്പ്രാക്കന്മാരെ കുറിച്ച് ഇങ്ങനെ ചിന്തിക്കാൻ പോലും പാടില്ല.... ഇതെങ്ങാനും അവർ അറിഞ്ഞാൽ നമ്മുടെ അവസ്ഥ...... "

 കോരൻ, കാളയെ നുകത്തിൽ നിന്ന് അഴിക്കുന്നതിനിടെ പറഞ്ഞു.

" ഇങ്ങനെ അടിയാളന്റെ വിയർപ്പിന്റെ ഫലവും, ശരീരത്തിന്റെ സുഖവും രുചിച്ച് കഴിയുമ്പോൾ  ഒരു അയിത്തവും ഇല്ല.... രാത്രിയായാൽ, തമ്പ്രാക്കന്മാരുടെ കൂടെ കിടക്കുന്ന പുലയ പെണ്ണിന് തൊട്ടുകൂടായ്മയും ഇല്ല..... പക്ഷേ പകൽവെളിച്ചത്തിൽ എല്ലാം അയിത്തം ആണ്..... "

 അപ്പന്റെ കൈകളിൽനിന്ന് നുകം വാങ്ങിക്കുന്ന അതിനിടെ ചീരു പറഞ്ഞു.

" നീ എന്തൊക്കെയാണ് മോളെ പറയുന്നത്.... അപ്പന് പേടിയാകുന്നു..... "

കോരൻ നിസ്സഹായതയോടെ പറഞ്ഞു.


 അതിനു മറുപടി പോലെ ചീരു പുഞ്ചിരിച്ചു കൊണ്ട് മുന്നോട്ടു നടന്നു.

 കോരൻ തന്റെ രണ്ടു കാളയെയും കൊണ്ട്, ചീരു വിന് ഒപ്പം കൈ തോടിന് അരികിലേക്ക് നടന്നു.

 കൈത്തോട്ടിൽ നിന്ന്, വെള്ളം കൊണ്ട് കാളയേയും, ഒപ്പം തന്നെ തന്റെ ശരീരവും വൃത്തിയാക്കി.

 ചീരു, അച്ഛന്റെ പ്രവർത്തികൾ നോക്കിനിന്നു.

 ഒരു ഒറ്റമുണ്ട് ആണ് കോരന്റെ വേഷം.....

 ഇതിനിടെ ചീരു വിന്റെ കണ്ണുകൾ അച്ഛന്റെ പുറംഭാഗത്ത് തറച്ചു.

 പുറത്ത് അടിയേറ്റ പാടുകൾ.....

 കുറെ നാളുകൾക്ക് മുൻപ്, തമ്പ്രാന്റെ പണിക്കാർ തല്ലിയതാണ്.

 തങ്ങൾ താമസിക്കുന്ന കുടിൽ ഇരിക്കുന്ന പറമ്പിൽ നിന്ന് ചമ്മന്തി ക്ക് ഒരു നാളികേരം ഇട്ടതിന് കിട്ടിയ പ്രതിഫലം.....

 അന്തിയോളം, തമ്പ്രാന് വേണ്ടി പണിയെടുത്തു വന്നിട്ട്, ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ഒരു വിലക്കപ്പെട്ട കനി പറിച്ചതിന് കിട്ടിയ സമ്മാനം.....

 ചീരു, ദീർഘനിശ്വാസത്തോടെ അച്ഛന്റെ പ്രവർത്തികൾ നോക്കി നിന്നു.

 വയലിനു മുകളിലെ ചെമ്മണ്ണ് നിറഞ്ഞ ഇടവഴിയിലൂടെ, റാന്തലിന്റെ വെളിച്ചത്തിൽ കാളവണ്ടികൾ നീങ്ങുന്നു.....

 ഒപ്പം തന്നെ തങ്ങളുടെ പണി ആയുധങ്ങളും, തോളത്തുവച്ച് നടന്നുനീങ്ങുന്നവരുമുണ്ട്.

 ഇരുട്ട് വ്യാപിക്കാൻ തുടങ്ങിയിരിക്കുന്നു.....

 കോരനും, ചീരുവും, കാളകൾ കൊപ്പം വരമ്പിലൂടെ മുന്നോട്ടു നടന്നു.

 ഇരുട്ടിനെ ഭയത്തോടെ നോക്കി കണ്ടിരുന്ന കീഴാള കുടിലുകൾ.....

 പകലിൽ വിയർപ്പിന്റെ വിലയും, അന്തിയിൽ പെണ്ണിന്റെ മാനവും അടിയറവ് വെക്കേണ്ടി വരുന്ന കുറേ മനുഷ്യർ......

 പുരുഷന്റെ അധ്വാനവും, പെണ്ണിന്റെ ശരീരവും തീറെഴുതി വാങ്ങിച്ചിരിക്കുന്ന കുറെ മേലാള കൂട്ടങ്ങൾ......

 മനസ്സിനുള്ളിലെ അമർഷം, എന്നും നിശബ്ദതയോടെ സഹിക്കാൻ വിധിക്കപ്പെട്ടവർ.......

 മണ്ണിൽ വിയർപ്പുകൊണ്ട് പൊന്നു വിളയിക്കുമ്പോൾ, കുടിയാളാന്മാർ എന്ന പേര് കൊണ്ട് അധ്വാനഫലം നിഷേധിക്കപ്പെട്ടവർ......

 ഇരുട്ടിന്റെ മറ പറ്റി വരുന്ന മേലാള കോലങ്ങൾ, സ്വന്തം മകളുടെയും ഭാര്യയുടെയും മാനം പിച്ചി ചീന്തുമ്പോൾ, നിസ്സഹായതയോടെ നിൽക്കേണ്ടി വന്നവർ.....

 പ്രതികരിക്കാൻ അറിയാത്ത തലമുറയ്ക്ക് മുന്നിൽ, തമ്പ്രാക്കന്മാർ വളർന്നു.....

 പക്ഷേ എവിടെയോ ഒരു തരി വെളിച്ചം ഇതിനെതിരെ ഉയരുന്നുണ്ടായിരുന്നു.....

 കാളകളെ മുന്നോട്ടു നടത്തിക്കൊണ്ട്, കോരനും, ചീരുവും, ഇരുട്ടിനെ മുറിച്ച് കൊണ്ട് മുന്നോട്ടു നടന്നു.

 കാളയെ പൂട്ടുന്ന നുകം ചീരു വിന്റെ ചുമലിൽ ആയിരുന്നു......

 വഴിപിഴപ്പിക്കുന്ന, തമ്പ്രാക്കന്മാർക്ക് മുന്നിൽ ഒരുതരി വെളിച്ചവുമായി.... അവൾ... ചീരു....

 അവളുടെ കഥ........

 ഒപ്പം ഒരു കാലഘട്ടത്തിന്റെയും......

.............................. തുടരും..............................

 

 

 

 


മേലാളന്റെ പുലയപ്പെണ്ണ് - തുടർക്കഥ ഭാഗം - 2

മേലാളന്റെ പുലയപ്പെണ്ണ് - തുടർക്കഥ ഭാഗം - 2

4.4
1797

 തെങ്ങിൻതോപ്പിലെ, കൊച്ചു കുടിലിനു മുന്നിൽ നിന്ന്, അകലെ വയലിലേക്ക് നോക്കിനിൽക്കുകയായിരുന്നു ചീരു...  നേരം പുലർന്നു വരുന്നതേയുള്ളൂ.  അകലെ വയലിൽ മുഴുവൻ പുകപോലെ മൂടൽമഞ്ഞിന്റെ ആവരണം ആയിരുന്നു.  അത് നോക്കി നിൽക്കാൻ തന്നെ നല്ല രസമാണ്..... കയ്യിലിരുന്ന ഉമിക്കരി പല്ലിലൂടെ, കൈകൾ കൊണ്ട് ചേർത്ത് തേയ്ക്കുന്നതിനിടെ ചീരു ആ ഭംഗി വീണ്ടും വീണ്ടും നോക്കിനിന്നു....  പ്രകൃതിയെ കാണാൻ എന്ത് ചന്തമാണ്......  ആ സൗന്ദര്യം പോലും ആസ്വദിക്കാൻ പാടില്ലാത്ത വരാണ് തങ്ങൾ ഒക്കെ.....  നേരെ ചൊവ്വേ തല ഉയർത്തി ചുറ്റുപാടും ഒന്ന് ശ്രദ്ധിച്ചാൽ ആ കണ്ണുകൾ അവസാനം മേലാളന്മാരുടെ മുഖത്താണ