Aksharathalukal

കോർമല പുരാണം - ഭാഗം 2

 
 
കറ്റ മെതിക്കാൻ വന്ന പെണ്ണുങ്ങൾ പറഞ്ഞ കഥ
--------------------
 
                                കോർമല    |   ആ പേര് കേൾക്കാൻ തന്നേയ് ഒരു സുഖാ. കന്നാലിപാറയും , ചാരുപാറയും വലിയതോടും ,വൈലാത്രകുന്നും എല്ലാം ഉള്ള നാട് .
                                                                                                                                                    അതൊരുകൊയ്ത്തുകാലംമായിരുന്നു.കണ്ണെത്താദൂരത്തോളം നെൽക്കതിർ ഇങ്ങനെ സ്വര്ണനിറത്തിൽ തിളങ്ങി നിക്കും.തേച്ചു രാഗി മൂർച്ച വെച്ച അരിവാള് കൊണ്ട് ,പെണ്ണുങ്ങളിങ്ങനെ നിരന്നു നിന്ന് കതിർ അരിയുനത് കാണാൻ തന്നേയ് എന്ത് ചേലാ ............. അടിച്ചു തെളിച്ച തണ്ടികയിലും , ചാണം തെളിച്ച മിറ്റത്തും ഒരാൾ പൊക്കത്തിൽ കൊയ്ത്തിറക്കിയ കറ്റകൾ അടക്കി വക്കും.
പകല് കൊയ്ത്തും രാത്രി കറ്റ അടിയും ,മെതിയ്ക്കലും ആണ് അന്ന് പതിവ്.പതിവ് പോലെ കറ്റ അടക്കി വച്ച് 4 മണി ചായ വരുന്നതും നോക്കി പെണ്ണുങ്ങൾ അങ്ങനെ ഇരുന്നു 
                                         .ആവി പറക്കണ കൊള്ളി കിഴങ്ങു പിഞ്ഞാണത്തിലേക്കു ഇട്ടു കൊടുത്തത് ഞാൻ ആയിരുന്നു .കൂടെ നല്ല കാന്താരി മുളകും ചുവന്ന ഉള്ളിയും ,കല്ലുപ്പും ചേർത്ത് അമ്മിക്കല്ലിൽ അരച്ച ചമ്മന്തിയിൽ വീട്ടിൽ ഉണക്കി ആട്ടിയ നാടൻ വെളിച്ചെണ്ണയും ചേർത്ത് നല്ല ഉഷാറ് ചമ്മന്തി........പിന്നേയ് ഒരു ചൂടൻ കട്ടൻചായ . അതും കഴിച്ചു ,പിന്നേ കറ്റ അടിയും മെതിക്കലുംആണ്.സന്ധ്യ മയങ്ങിയാൽ  എഡിസൺ കണ്ടെത്തിയ പഴയ ഉണ്ട ബൾബിന്റെ വെട്ടത്തിൽ , ഒരു സ്വർണശോഭയിൽ തണ്ടിക കുളിച്ചങ്ങനെ നിക്കും.    കറ്റ അടിയുടെ താളവും പെണ്ണുങ്ങളുടെ ചറ പറ ഒച്ചയുടെ ഓളവുമായി ആകെ ഒരു ഉത്സവ പ്രതീതി ആണ്.     അന്ന് കറ്റ മെതിക്കുനതിനടയിൽ സുലോചന ചേച്ചി പറഞ്ഞ കഥ ആണേ ... ഉള്ളതാണോ അല്ലയ്യോ എന്നൊന്നും എനിക്കറിഞ്ഞുകൂടാ .
                                      ഏതായാലും കഥ നടക്കുന്നത് നമ്മുടെ വൈലാത്ര കവലയിൽ ആണ്.ഒരു പണിയും ഇല്ലാത്ത അന്തോണിച്ചേട്ടനും പണികേറി വന്ന തെങ്ങുകേർണ വിജയൻ ചേട്ടനും പൗലോസ് ചേട്ടന്റെയ് ചായക്കടയിൽ ഇരിപ്പുണ്ട് .  ഒരു കട്ടനും കുടിച്ചു അന്തോണി ചേട്ടൻ  ഒരു മണിക്കൂർ ആയി ആ ഇരിപ്പ് തുടങ്ങിട്ട്.എന്തോ അന്താരാഷ്ട്ര കാര്യങ്ങൾ ഒക്കെയാണ് വിഷയം. പൗലോസ് ചേട്ടൻ എന്തേലും പറഞ്ഞേച്ചു  അടുക്കളയിൽ പോകും തിരിച്ചു വരും.
അന്തോണി ചേട്ടൻ പറഞ്ഞു " ഇതൊക്കെ ചൈനയുടെ ഒരു കളിയാണ്.കോഫി അന്നന്റെയ് ആഫ്രിക്കൻ സന്ദർശനം കഴിഞ്ഞു വരട്ടേ , കളി മാറണത് ഞാൻ കാണിച്ചു തരാം.പക്ഷേ ഈ ബിൽ ക്ലിന്റൺ എന്താ ഒന്നും മിണ്ടാതെന്ന എന്റെയ ചോദ്യം ? " എന്നും പറഞ്ഞു അന്തോണി ചേട്ടൻ വിജയൻ ചേട്ടനെ ഒന്ന് നോക്കി .
 ഞാൻ ഇപ്പൊ എന്ത് പറയാനാ എന്ന ഭാവത്തിൽ വിജയൻചേട്ടൻ ഒരു പഴംപൊരി വായയിൽ തിരുകി മിണ്ടാതിരുന്നു.
അല്ല ഈ പെണ്ണ് വിഷയത്തിൽ  ക്ലിന്റൺ പെട്ട് കിടക്കല്ലേ അതാവും ഒന്നും മിണ്ടാതെ .. അടുക്കളയിൽ നിന്നും ഒരു അശരീരി കണക്കെ പൗലോസ് ചേട്ടൻ പറഞ്ഞു. അവരുടെ ചർച്ച അന്താരാഷ്ട്രവും കടന്ന് പ്രപഞ്ചത്തിന്റെയ് നിഗൂഢതകളിലേക്കു കടന്നതും നാൽക്കവലയിൽ ഒരു അംബാസിഡർ  കാർ വന്നു നിന്നു. എല്ലാവരുടെയും ശ്രദ്ധ കാറിലേക്കായി. കാറിൽ ആണേൽ ചാള അടക്കിയിരിക്കും പോലെ , അമ്മാവൻ,അമ്മായി,കുഞ്ഞച്ചൻ , കൊച്ചച്ചൻ വല്യച്ഛൻ ,വല്യപ്പച്ചൻ പിന്നേ വകയിൽ ഒരു അച്ഛൻ ,എന്ന് വേണ്ട നാട്ടാരും ,വീട്ടാരും,കൂട്ടാരും എല്ലാം വണ്ടിയിൽ ഉണ്ട്.
                  ഡോർ തുറന്നു കക്ഷത്തിൽ ബാഗും തിരുകി ഒരാൾ പൗലോസ് ചേട്ടന്റെയ് ചായക്കടയിൽ നോക്കി വിളിച്ചു " ചേട്ടാ ....."
കണ്ടാലറിയാം .പുള്ളി ബ്രോക്കർ ആണ്.
ബ്രോക്കർ ചോദിച്ചു "ഈ താഴ്ത്തുപറമ്പിൽ സിജൊന്റെയ് വീട് എവിടേ ആണ് ?" 
 
ഇടപെടാൻ ഒരു പുതിയ വിഷയം കിട്ടിയ സന്തോഷത്തിൽ അന്തോണി ചേട്ടൻ പറഞ്ഞു " ഏത് മ്മ്ടെ കുഴിക്കാട്ടുശ്ശേരിക്ക് ഒളിച്ചോടി പോയ ഒരു  അമ്മായി ഉള്ള സിജോ അന്നോ ? "
കഴിഞ്ഞ നൂറ്റാണ്ടിൽ എന്തോ ആ പാവം അമ്മായി ഒളിച്ചോടി പോയതാ ,ഇത് വരെ ശാപമോക്ഷം കിട്ടിയിട്ടില്ല ആ അമ്മായിക് .
ബ്രോക്കർ പറഞ്ഞു"  അതൊന്നും അറിഞ്ഞു കൂടാ ഫ്രാൻസിസ് എന്നാണ് അപ്പന്റെയ് പേര് ".ഓ അത് തന്നേയ് . ഫ്രാന്സിസിന്റെയ് ചെക്കൻ സിജോ .എന്താ കാര്യം .അന്തോണി ചേട്ടൻ വിടാതെ കൂടി .
 
"അല്ല; ഒരു കല്യാണക്കാര്യം ആണ്."ബ്രോക്കർ പറഞ്ഞു 
പിന്നേ അന്തോണി ചേട്ടന് ആരാ .... എന്താ.... എവിടന്നാ ...എല്ലാം അറിയണം ബ്രോക്കർ എല്ലാം പറഞ്ഞു ബോധ്യപെടുത്തിയതും തൻെറ തനതുശൈലിയിൽ പുള്ളി ചോദിച്ചു " നിങ്ങളിതൊക്കെ അന്വേഷിച്ചിട്ടാണോ "
അത് കേട്ടതും ,മെലിഞ്ഞു ഉണങ്ങി ,കുരിശിനു ഉറ ഇട്ടപോലെ ഒരു ഷർട്ടും ഇട്ട് ഒരു മധ്യവയസ്കൻ :പെണ്ണിന്റെയ് അപ്പൻ ഇറങ്ങി വന്നു 
"അതെന്താപ്പാ അങ്ങനെ ഒരു വർത്താനം "
 
"ഒന്നുമില്ല എന്റെയ് പൊന്നു ചേട്ടാ: .മ്മള് ഒന്നും പറഞ്ഞില്ലേ ?"
പെണ്ണിന്റെയ് അപ്പൻ പറഞ്ഞു " അങ്ങനെ പറയല്ലേ .ഞങ്ങള് ഒരു വീട്ടിലേക് പെണ്ണിനെ അയ്യക്കുംമേ കുടുംബവും അന്തരീക്ഷവും ഓക്കേ അറിയണ്ടേയ് ! എന്ത് ധൈര്യംത്തിലാ ചേട്ടാ ;ഞാൻ എന്റെയ മോളേ കെട്ടിച്ചു വിടണേ ചേട്ടൻ കാര്യം പറ "
അന്തോണി ചേട്ടൻ പറഞ്ഞു " ഞാൻ ഒന്നും പറയാൻ ഇല്ല . ഇനി ഞാൻ എന്തേലും പറഞ്ഞിട്ടും വേണം ആ ചെക്കൻ വൈകിട് വെള്ളമടിച്ചുവന്നു എന്റെയ മെക്കിട്ടു കേറാൻ . …..…..കാർന്നോരു ഒന്ന് പോയേയ് ."
 
അപ്പൊ ചെറുക്കൻ വെള്ളം ആണോ? പെണ്ണിന്റെയ് അപ്പൻ ചോദിച്ചു 
"ഹേയ് എപ്പളും ഒന്നും ഇല്ല കഞ്ചാവ് കിട്ടാത്തപ്പോ വെള്ളടിക്കും "വളരെ നിഷ്കളങ്കമായി അന്തോണി ചേട്ടൻ പറഞ്ഞു 
.ദൈവമേ അപ്പൊ ചെറുക്കൻ കഞ്ചാവല്ലേ? ഒരു നെടുവീർപ്പോടെ അപ്പൻ ചോദിച്ചു.
" ആയിരിക്കും, അവന്റെയ് ചെമ്പുകമ്പി മുളച്ചു വന്നപോലത്തെ ഊശാൻ താടിയും മുള്ളന്പന്നിടെയ് കൊഞ്ചു പോലെത്തെ മുടിയും കണ്ടാലറിയില്ലേ കഞ്ചാവന്നു ."
 
ഇത് കേട്ടതും കൊച്ചാച്ചനെയും ,വല്യപ്പനെയും വെല്യമ്മനെയും ഓക്കേ ആട്ടി കൂട്ടി ,കൂട്ടിൽ കേറ്റി   അംബാസിഡർ കാർ വന്നതിലും വേഗത്തിൽ തിരിച്ചു പോയി . കാർ പറത്തിവിട്ട പൊടിപടലങ്ങൾ നോക്കി ,മുണ്ടിന്റെയ് അടിയിൽ ഇട്ടിരുന്ന നിക്കറിൽ നിന്നും ഒരു കാജാ ബീഡി കത്തിച്ചു അന്തോണിച്ചേട്ടൻ പറഞ്ഞു " എടാ പൗലോസേയ് നമ്മളെ കൊണ്ട് ആകുന്ന ഉപകാരം ആരെക്കലും ചെയ്തു കൊടുക്കുമ്പോ എന്തോരു മനസുഖം ആല്ലേ "
പോലോസേട്ടൻ പറഞ്ഞു " അതേയ് ..... അതെ "
---------------------------------------------------------------------------
അന്തോണിച്ചേട്ടന്റെയ് കഥകൾ അവിടെ ഒന്നും തീരുന്നില്ല .ഈ സംഭവം ഓക്കേ കഴിഞ്ഞു ഒരു 10 വർഷങ്ങൾക്കു ശേഷം ഒരു ദിവസം .
 മൊബൈൽ ഫോൺ സാമാന്യം പ്രചാരത്തിൽ ആയി കഴിഞ്ഞു.ദുബായിൽ പോയ മോൻ അന്തോണി ചേട്ടനും മേടിച്ചു കൊടുത്തു ഒരു ഫോൺ .. അന്തോണി ചേട്ടന്റെയ്  ഭാഷയിൽ പറഞ്ഞാ ഒരു 'മൊഫിൽ' ഫോൺ .
പട്ടിയെ എറിഞ്ഞാൽ റബ്ബർ പന്തു തെറിക്കും പോലെ തിരിച്ചു തെറിക്കുന്ന ഒരു ഉഗ്രൻ പഴയ "നോക്കിയ ഫോൺ"
ഇതില് സിം ഇടണം എന്നൊന്നും പുള്ളിക് അറിയില്ല .പക്ഷേ എവിടേ പോയാലും കയ്യിൽ കാണും "മൊഫീൽ"
ആരോ പറഞ്ഞു കൊടുത്തു ഇതിൽ സിം ഇട്ടാലെ വിളിക്കാൻ പറ്റു എന്ന് 
അന്നും വെള്ളിക്കുളങ്ങര ടെലിഫോൺ എക്സ്ചേഞ്ച് ഉണ്ടെകിലും സിം ഒക്കെയെടുക്കാൻ ചാലക്കുടി എക്സ്ചേഞ്ച്യിൽ തന്നേയ് പോണം.
കേട്ട പാതി കേൾക്കാത്ത പാതി ,പുള്ളി പിറ്റെയ്ദിവസത്തെ   9 മണിയുടെ ശ്രീറാം ബസിൽ ചാലക്കുടിക്കു ടിക്കറ്റ് എടുത്തു.
ചാലക്കുടി ടെലിഫോൺ എക്സ്ചേഞ്ച് ഇന്റെയ് മുമ്പിൽ നിന്ന് തിരുവാതിര കളിക്കുന്നത് കണ്ടു ഒരാൾ ചോദിച്ചു " എന്താ .. എന്താ വെണ്ടയ് ?"
ഈ ഫോണിൽ ഇടാൻ ഒരു സിം വേണം .പുള്ളി അന്തോണിച്ചേട്ടനെ സിം കൊടുക്കുന്ന വിഭാഗത്തിൽ കൊണ്ട് ചെന്നാക്കി .അന്തോണി ചേട്ടൻ അവിടെ കണ്ട സാറിനോട് പറഞ്ഞു " സാറേ ..ഒരു സിം വേണം "
സർ പറഞ്ഞു " അങ്ങനെ ഒന്നും സിം തരാൻ പറ്റില്ല. അതിന് ആദ്യം അപേക്ഷിക്കണം ." ഇതു പറഞ്ഞു സർ ഒന്ന് തിരിഞ്ഞതും അന്തോണി ചേട്ടനെ കാണാൻ ഇല്ല .പോയി കാണും എന്ന് വിചാരിച്ചു സർ നടക്കാൻ നോക്കിയതും , കാലിൽ എന്തോ പിടിച്ചു വലിക്കും പോലെ ... അട്ട പിടിക്കും പോലെ കാലിൽ അള്ളി പിടിച്ചു അന്തോണി ചേട്ടൻ പറഞ്ഞു
 " എന്റെയ് പൊന്നു സാറേ യ് .......ഈ ഫോണിൽ ഇടാൻ ഒരു സിം തരണമെന്ന് ഞാൻ താഴ്മയായി അപേഷിക്കുന്നേ " 
 
ജോജോ പോൾ 
16,മാർച്ച് 2022 .