"നമുക്ക് ഈ സ്കൂൾ വിക്കാം മിലി.. ഒത്തിരി ലോൺ ഉണ്ട് എന്നല്ലേ നീ പറഞ്ഞത്.. അല്ലെങ്കിൽ ബാങ്കിന് കൊടുക്കാം.. അവർ എന്താണ് എന്ന് വച്ചാൽ ചെയ്യട്ടെ.. അമ്മയുടെയും അനിയത്തിമാരുടെയും കാര്യം ഓർത്തു നീ വിഷമിക്കണ്ട.. അവരെകൂടി സംരക്ഷിക്കാനുള്ള ശമ്പളം എനിക്ക് കിട്ടും.. അവർക്കിവിടെ സുഖമായി കഴിയാം.." ആകാശ് പറഞത് കേട്ട് മിലി ചിന്തയിൽ ആണ്ടു.
സ്കൂൾ വിൽക്കുന്ന കാര്യം ആലോചിക്കുമ്പോൾ അച്ഛന്റെ വെള്ളതുണിയിൽ പൊതിഞ്ഞു കെട്ടിയ ശരീരം ആണ് അവൾക്ക് ഓർമ്മവരുന്നത്.
"എനിക്ക് സാധിക്കില്ല ആകാശ്.. ഈ സ്കൂളിൽ മുഴുവൻ എന്റെ അച്ഛന്റെ വിയർപ്പാ.. അതു വിട്ടു കളയാൻ വയ്യടോ.." അവളുടെ ശബ്ദത്തിൽ ദയനീയത കളർന്നിരുന്നു.
"ഓക്കേ.. മിലി.. നീ.. സമയം എടുത്തോ.. എത്ര വേണമെങ്കിലും എടുത്തോ.. പക്ഷെ നീ പറയണം.. എത്ര കാലം? ഒരു വർഷം? രണ്ടു വർഷം? അഞ്ചു വർഷം? എത്ര കാലം ഞാൻ കാത്തിരിക്കണം നിനക്കു വേണ്ടി? വല്ല നിശ്ചയവും ഉണ്ടോ നിനക്ക്?" ആകാശിന്റെ ചോദ്യത്തിന് മുന്നിൽ സ്കൂൾ പരീക്ഷക്ക് തോറ്റുപോയ കുട്ടിയപോലെ താണിരുന്നു അവളുടെ തല.
"പിന്നെ എന്തിനാടീ പുല്ലേ നീ എന്നെ സ്നേഹിച്ചത്?" ആകാശിനെ ശബ്ദം ഉയർന്നപ്പോൾ എല്ലാവരുടെയും ശ്രദ്ധ അവരിൽ ആയി.
ആനി ഓടി വന്നു ആകാശിന്റെ കൈത്തണ്ടയിൽ പിടിച്ചു അവനെ വിലക്കി.
"മമ്മ.. പ്രേമിച്ചു നടന്നപ്പോൾ അവൾ പറഞ്ഞു ഞാൻ അവളുടെ ജീവൻ ആണെന്ന്.. ഇപ്പൊ അവൾക്കു അവളുടെ അച്ഛന്റെ സ്വപ്നവും ആ നശിച്ച സ്കൂളും മതിയെന്ന്.." പരാതിയായി അവൻ ആനിയോട് പറഞ്ഞപ്പോൾ അവന്റെ കണ്ണു നിറഞ്ഞിരുന്നു.
"മോളെ.. മിലി.. മരിച്ചവർ മരിച്ചു.. അവരെ മറന്നു മുന്നോട്ട് പോകണം.. എന്നാലേ പുതിയ സന്തോഷങ്ങൾ നമ്മളെ തേടി വരൂ.. ഞങ്ങളുടെ ജീവിതം തന്നെ അതിന് ഒരു ഉദാഹരണം അല്ലേ മോളെ.. " ഡേവിഡ് മിലിയുടെ തോളിൽ കൈ വച്ചു പറഞ്ഞു.
"ഇല്ല അങ്കിൾ.. എനിക്ക് പറ്റില്ല. ആ സ്കൂളിന്റെ പേരിലാണ് അച്ഛൻ മരിച്ചത്.. അത് വിട്ടു കളയുമ്പോൾ എന്റെ അച്ഛൻ ആണ് തോറ്റു പോകുന്നത്.. " അവൾ ആകാശിന് നേരെ തിരിഞ്ഞു തുടർന്നു.
"ആകാശ്.. നീ പറഞ്ഞത് ഒക്കെ ശരിയാണ്.. എനിക്ക് പറ്റുന്നില്ലടാ.. "
"ഞാൻ തോറ്റു പോയി മിലി.. നീ എന്നെ തോൽപ്പിച്ചു കളഞ്ഞു. വയ്യ.. നമുക്ക് പോകാം മമ്മ.. പിന്നെ മിലി.. ചൊവ്വാഴ്ച ആണ് എന്റെ ഫ്ലൈറ്റ്.. ഉച്ചക്ക് 3:30നു.. അത് വരെ ഞാൻ കാത്തിരിക്കും.. നിന്റെ ഒരു വിളിക്ക് വേണ്ടി.. നിനക്കു എന്റെ കൂടെ ഒരു ജീവിതം വേണം എങ്കിൽ നീ എന്നെ വിളിക്കും.. " കൂടുതൽ ഒന്നും പറയാതെ ആകാശ് ഇറങ്ങി പോയി.
"മോളെ.. നീ നന്നായി ഒന്ന് ആലോചിക്ക്.. സമയം ഒന്നും നോക്കണ്ട.. അവൻ നിനക്കു വേണ്ടി കാത്തിരിക്കും.. അവനെ എനിക്കറിയാം.. നീ വരണം.. എന്റെ കലമോളുടെ സ്ഥാനത്തു നീ ഉണ്ടാവണം എന്റെ വീട്ടിൽ.." ആനി അവളുടെ തോളത്തു തട്ടി പറഞ്ഞു.
അവരുടെ കാർ ഗേറ്റ് കടന്നു പോകുന്നത് നോക്കി മിലി നിന്നു. കണ്ണിലൂടെ അപ്പോളും കണ്ണീർ ഒലിച്ചു ഇറങ്ങുന്നുണ്ടായിരുന്നു.
***********************
"ഞാനാ.. ഞാനാ രഘു.. എല്ലാം എന്റെ തെറ്റാ.. എന്റെ പ്രണയത്തിനു ശക്തിയില്ലായിരുന്നു.... ഞാൻ അവനെ ചതിക്കായിരുന്നു രഘു.. എന്റെ.. എന്റെ തെറ്റാ..." പൊട്ടിക്കരഞ്ഞു കൊണ്ട് അവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
മിലിയെ ചേർത്തു പിടിക്കുമ്പോൾ അവൻ ഓർക്കുകയായിരുന്നു. ഇവിടെ ആരുടെ ആണ് തെറ്റ്? പൊന്നുപോലെ വളർത്തിയ അച്ഛന്റെ സ്വപ്നങ്ങൾക്ക് വില കല്പിച്ചതാണോ മിലി ചെയ്ത തെറ്റ്? ആകാശിന്റെ തെറ്റാണോ? എന്ത് അഡ്ജസ്റ്റ്മെന്റിനും അവൻ തയ്യാറായിരുന്നല്ലോ? ആരെ തള്ളണം ആരെ കൊള്ളണം എന്ന് അറിയാതെ അവൻ കുഴങ്ങി.
നെഞ്ചിൽ നനവ് തട്ടിയപ്പോൾ ആണ് മിലിയുടെ കണ്ണീർ അവനെ നനച്ചു എന്ന് അവൻ അറിഞ്ഞത്.
"മിലി.. കരയരുത്.. പ്ലീസ്.."
"ഇല്ല രഘു.. എനിക്ക് ഒരു വിവാഹത്തിന് ഉള്ള അർഹത ഇല്ല.. മനസ് മുഴുവൻ തന്നു എന്നെ സ്നേഹിച്ചവന്റെ നെഞ്ച് കുത്തി കീറിയവൾ ആണ് ഞാൻ.. അതിനുള്ള പ്രാശ്ചിത്തം ആണ് ഒറ്റക്കുള്ള എന്റെ ഈ ജീവിതം.. എല്ലാം.. എല്ലാം എന്റെ മാത്രം തെറ്റാ.."
അടക്കി പിടിച്ചിരുന്ന വിഷമം മുഴുവൻ ആണപൊട്ടി ഒഴുകി മിലിയിൽനിന്ന്. അത് രഘുവിന്റെ കണ്ണും നനയിച്ചു.
"മിലി.. ഇങ്ങനെ കരയാതെ.. കാണാൻ ശക്തിയില്ല എനിക്ക് നിന്റെ കണ്ണീർ. അത്രക്കും ഇഷ്ടമാണ് എനിക്ക് നിന്നെ.. എന്റെ ജീവനാണ് നീ.. ആർക്കും വേണ്ടെങ്കിലും എനിക്ക് വേണം.. എത്ര വേണമെങ്കിലും ഞാൻ കാത്തിരിക്കാം മിലി.. നീ കരയല്ലേ.. പ്ലീസ്.." രഘുവിന്റെ വായിൽ നിന്നു വീണ വാക്കുകൾ കേട്ട് അവളുടെ മേൽ ഒരു ഇടിത്തീ വീണ പോലെ തോന്നി അവൾക്ക്. അവൾ അവനെ വിട്ടു പുറകോട്ടു മാറി.
"എന്താ? ന്താ നീ പറഞ്ഞത്?"
"സത്യം ആണ് മിലി.. ഇന്നും ഇന്നലെയും അല്ല.. എപ്പോളോ.. സ്നേഹിച്ചു പോയി.. അത്രക്കും ഇഷ്ടം ആണ്.. ഐ ലവ് യൂ മിലി.." അവളുടെ തോളിൽ ഇരു കയ്യും പിടിച്ചു പറഞ്ഞു അവൻ.
മിലി അവന്റെ കൈ എടുത്തു മാറ്റി. വിശ്വാസം വരുന്നുണ്ടായിരുന്നില്ല അവൾക്കു. കണ്ണീർ വറ്റി വരണ്ടു അവളുടെ കണ്ണുകളിൽ.
"സ്റ്റോപ്പ് ഇറ്റ്.. സ്റ്റോപ്പ് ഇറ്റ് രഘു.. ഛെ.. ഇതായിരുന്നോ നിന്റെ മനസ്സിൽ? നിന്നെ ഒരു നല്ല സുഹൃത്തു ആയാണ്കണ്ടത്.. പക്ഷെ നീ... ഛെ... ഇനി എന്റെ മുന്നിൽ നിന്നെ കാണണരുത്. എന്റെ മായെടെ പ്രായം അല്ലേ നിനക്കുക്കുള്ളു.. അതെങ്കിലും ഓർക്കാമായിരുന്നു നിനക്ക്.." അവക്ഞ്ഞയോടെ അവൾ പറഞ്ഞപ്പോൾ നെഞ്ച് പിളരുന്നത് പോലെ തോന്നി രഘുവിനു.
ഒന്നും മിണ്ടാതെ അവൻ നിൽക്കുന്നത് കണ്ടു അവൾ തിരിഞ്ഞു നടന്നു.
"മിലി ഒന്ന് നിന്നെ.." ഇത്തവണ രഘുവിന്റെ സ്വരം കനം വച്ചിട്ടുണ്ടായിരുന്നു.
"നീ പറഞ്ഞല്ലോ മായയുടെ പ്രായം എന്ന്.. എനിക്ക് മായയുടെ പ്രായം അല്ല എന്ന് എനിക്കും നിനക്കും അറിയാം.. പിന്നെ ശരിയാണ്.. നിന്നെക്കാൾ ഇളയതാണ് ഞാൻ.. പക്ഷേ ഇന്നത്തെ കാലത്ത് അത് അത്ര വല്ല്യ പ്രശ്നം ആണ് എന്ന് എനിക്ക് തോന്നുന്നില്ല.. "
"തോന്ന്യാസം കാണിച്ചിട്ട് എല്ലാരും പറയുന്ന കാര്യം ആണ് അത്.. " മിലി അവന്റെ മുഖത്തേക്ക് നോക്കാതെ പിറുപിറുത്തു.
"തോന്യാസമോ? എന്ത് തോന്നിയാസം ആണ് ഞാൻ കാണിച്ചത്.. നീ തന്നെ നിന്റെ മനസിനോട് ചോദിച്ചു നോക്ക്.. നിനക്കും എന്നെ ഇഷ്ടം ആണ്.. സുഹൃത്തു ആയി കണ്ടു എന്നാ നീ പറഞ്ഞത്.. എന്തേ സഹോദരൻ ആയി കാണാമായിരുന്നില്ലേ? ഒരു കാരണവും ഇല്ലാതെ എന്തിനാ നിരഞ്ജന്റെ ആലോചന നീ നീട്ടികൊണ്ട് പോകുന്നത്? എന്തിനാ എന്റെ സുഹൃത്തുക്കളെ നിന്റെ സുഹൃത്തുക്കൾ ആക്കി മാറ്റിയത്? ആരോടും പറയാത്ത നിന്റെ സങ്കടങ്ങൾ എന്നോട് മാത്രം പങ്കിട്ടത്? പറ.. നീ എന്നെ സ്നേഹിക്കുന്നുണ്ട് മിലി.. ഒരു പക്ഷേ ഞാൻ നിന്നെ സ്നേഹിക്കുന്നതിലും അധികം.. "
രഘു പറയുന്നത് കേട്ട് തൊണ്ട വരളുന്ന പോലെ തോന്നി മിലിക്ക്. അവൾ അവനിൽനിന്ന് മുഖം തിരിച്ചു.
*************************
മിലി വീട്ടിൽ തിരിച്ചെത്തി. പിന്നാലെ രഘുവും.. അവളെ ചുമ്മാ വിടാൻ അവൻ ഉദ്ദേശിച്ചിട്ടില്ല.
"രഘു.. നീ എന്ത് ഭാവിച്ചാ ഇങ്ങോട്ട് വന്നത്..? നീ പുറത്തേക്കിറങ്ങ്.. " അവൾ അവനെ ശാസിച്ചു പറഞ്ഞു.
"ഉം.. എന്നെ ഇങ്ങനെ കണ്ടോണ്ട് നിന്നാൽ മിലിയുടെ കൺട്രോൾ നഷ്ടപ്പെടും എങ്കിൽ ഞാൻ പോവാം.. " അവൻ കളിയായി പറഞ്ഞു.
"പിന്നെ.. കാമദേവൻ അല്ലെ.. കണ്ടാൽ ഉടനെ കൺട്രോൾ പോവാൻ. " പിറുപിറുത്തു കൊണ്ട് അവൾ ഫ്രണ്ടിലെ വാതിൽ തള്ളി തുറന്നു.
"കാമദേവൻ അല്ല.. രാമൻ.. ശ്രീ രാമൻ.. അതല്ലേ എന്റെ പേര്.. രഘു.. ഞാൻ എന്റെ സീത ദേവിയെ.. അതായത് മൈഥിലിയെ കാണാൻ വന്നതാണ്.." അവൻ കളി വിടാതെ പറഞ്ഞത് കേട്ട് അവൻ ദേഷ്യത്തോടെ അവന്റെ മുഖത്ത് വാതിൽ കൊട്ടി അടച്ചു..
"അങ്ങനെ ഒന്നും പേടിച്ചു ഓടുന്നവൻ അല്ല രഘു.. വാതിൽ തുറപ്പിക്കാൻ എനിക്കറിയാം.. " അവൻ കോലിങ് ബെൽ അമർത്തി അടിക്കാൻ തുടങ്ങി.
ഗേറ്റ് കടന്നു ഒരു വാൻ വന്നു നിന്നത് അപ്പോൾ ആണ്. ജാനകിയമ്മയും മായയും മിനിമോളും അതിൽനിന്നു ഇറങ്ങി.
"ചായ കുടിക്കാൻ നിൽക്കുന്നില്ല എന്ന് ഉറപ്പാണോ?" വാനിന്റെ അകത്തു ഉണ്ടായൊരുന്നവരോട് ജാനകിയമ്മ ചോദിച്ചു. പക്ഷേ അവർ ഇറങ്ങാൻ നിൽക്കാതെ പോയി.
ഉമ്മറത്തേക്ക് കയറി വന്ന ജാനകിയമ്മ രഘുവിനെ കണ്ടു ചിരിച്ചു.
"ഹാ.. രഘു.. എപ്പോ വന്നു?" അവർ കുശലം ചോദിച്ചു.
"ഇപ്പൊ വന്നേ ഒള്ളൂ..."
"കാർ ഇവിടെ കിടക്കുന്നുണ്ടാലോ.. മിലി വാതിൽ തുറന്നില്ലേ...?" ഇല്ലെന്ന് രഘു തലയാട്ടി.
ജാനകിയമ്മ വാതിലിൽ തട്ടി ഉറക്കെ വിളിച്ചു. "മിലി..."
രഘുവിനെ പേടിച്ചു അകത്തു കയറിയ മിലി മേശയിൽ മുഖം താഴ്ത്തി ഇരിക്കുകയായിരുന്നു. അവൾ സ്വയം ചോദിച്ചു. "ഞാൻ... എന്താ രഘു പറഞ്ഞത്? ഞാനും അവനെ സ്നേഹിക്കുന്നുണ്ടോ? അത്ര മോശം ആണോ ഞാൻ.. ഛെ..! "
അങ്ങനെ ഓരോന്ന് ഓർത്തിരിക്കുമ്പോൾ ആണ് ജാനകിയമ്മയുടെ വിളി അവൾ കേൾക്കുന്നത്. വേഗം ചെന്നു മുഖം തണുത്ത വെള്ളത്തിൽ കഴുകി വാതിൽ തുറന്നു അവൾ.
"എവിടെ ആയിരുന്നു മിലി..? എത്ര നേരം ആയി വിളിക്കുന്നു?" ജാനകിയമ്മ പരിഭവത്തോടെ ചോദിച്ചു.
"ഒന്ന് ഉറങ്ങി പോയി അമ്മ... " അവൾ പറഞ്ഞു.
"ന്താ പതിവില്ലാതെ സന്ധ്യക്ക് ഒരു ഉറക്കം? പനിക്കാനുണ്ടോ?"
"ഇല്ലമേ..." മിലി പറഞ്ഞു.
"ഉൾ പനി ആവും.. നോക്കട്ടെ.. " രഘു അവളുടെ നെറ്റിയിൽ കൈ മുട്ടിച്ചു നോക്കി.. പിന്നെ കൈകൾ പതുക്കെ അവളുടെ കവിളിലൂടെ കഴുത്തിലേക്ക് നീക്കി..
മിലി ഒന്ന് ഞെട്ടി പിന്നോട്ട് മാറി.
"പനി ഒന്നും ഇല്ല.." ഒരു കള്ളച്ചിരിയോടെ അവൻ പ്രഖ്യാപിച്ചു.
രഘുവിന്റെ ഭാവമാറ്റം മിലിയെ വല്ലാത്ത അലോസരപ്പെടുത്തി. ഇഷ്ടം ഇല്ല എന്ന് തറപ്പിച്ചു പറഞ്ഞിട്ടും അവൻ എന്താണ് ദേഷ്യപ്പെട്ടു പോകാത്തത് എന്ന് അവൾക്ക് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല.
"ട്രിപ്പ് ഒക്കെ എങ്ങനെ ഇരുന്നു അമ്മേ?" രഘു അമ്മേ എന്ന് വിളിച്ചത് കേട്ട് മിലി വീണ്ടും അവനെ കൂർപ്പിച്ചു നോക്കി.
"ഹോ... എന്താ തിരക്ക്.. മനസറിഞ്ഞു ഒന്ന് തൊഴാൻ പറ്റീല.." ജാനകിയമ്മ പറഞ്ഞു. "എന്നാലും മിലി.. നിനക്കു വരായിരുന്നു.."
മിലി മറുപടി പറയുന്നതിന് മുൻപേ രഘു കയറി പറഞ്ഞു.. "സാരമില്ല.. അടുത്ത തവണ നമുക്ക് എല്ലാർക്കും കൂടി ഒരു ട്രിപ്പ് അടിക്കാം.."
രഘു പറഞ്ഞത് കേട്ട് ജാനകിയമ്മ ചിരിച്ചു അകത്തേക്ക് പോയി.
"നമ്മുടെ കല്യാണത്തിന് തന്നെ ആയിക്കോട്ടെ അല്ലേ മിലി..?" ആരും കേൾക്കാതെ അവൻ മിലിയുടെ കാതിൽ ചോദിച്ചു.
"ഡീ.. ഇവിടെ കുതിപിടിച്ചു ഇരിക്കാതെ പോയി നിന്റെ കാര്യം നോക്കാൻ നോക്ക്.." വെറുതെ പത്രം നിവർത്തി ഇരുന്ന മായയുടെ കയ്യിൽ ആഞ്ഞു ഒരു പിച്ചു കൊടുത്തു മിലി പറഞ്ഞു.
"അയ്യോ... ചേച്ചിക്കെന്താ വട്ടാണോ.. എന്റെ കൈ നുള്ളി പറിച്ചു.." പിച്ചുകിട്ടിയെ ഭാഗം കൈകൊണ്ടു ഉഴിഞ്ഞു നെറ്റി ചുള്ക്കി മായ ചോദിച്ചു.
"മര്യാദക്ക് അടങ്ങി ഒതുങ്ങി നിന്നില്ലെങ്കിൽ എന്റെ കയ്യീന്ന് മേടിക്കും.. എല്ലാവരും.." അവസാന ഭാഗം അവൾ രഘുവിനെ നോക്കിയാണ് പറഞ്ഞത്.
അതുകണ്ടു അവന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു.
"നിന്റെ ദേഷ്യത്തിന് പോലും അഴകാണ് പെണ്ണെ.." അവൻ മനസ്സിൽ ഓർത്തു.
(തുടരും...)