Aksharathalukal

നിനക്കായ്‌ ഈ പ്രണയം (35)

മുറിയിലേക്ക് കേറാൻ നിന്നപ്പോൾ ആണ് പുറത്തെ ടെറസിലേക്കിറങ്ങുന്ന കോരിഡോറിന് അടുത്ത് എന്തോ അനക്കം കേട്ടത്. രഘു സംശയത്തോടെ നോക്കി. ചെറിയ വെളിച്ചം ഉണ്ട് അവിടെ .

ഈശ്വരാ.. ഇനി വല്ല കള്ളന്മാരും.. അവൻ ഒരു തെല്ലു ഭയത്തോടെ ശബ്ദം ഉണ്ടാക്കാതെ അങ്ങോട്ട് നടന്നു.

"ആരാ??" അവൻ ചോദിച്ചു.

മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തിൽ മായയുടെയും മിനിമോളുടെയും പേടിച്ചു വിറക്കുന്ന മുഖം കണ്ടു അവൻ ഞെട്ടി.

"നിങ്ങൾ ഈ ഇരുട്ടത്ത് എന്ത് എടുക്കാ?" അവൻ ചോദിച്ചു.

"ശ് ശ്.. പതിയെ.. " ശബ്ദം താഴ്ത്തി മിനിമോൾ അവനെ വിളിച്ചു.

"ലില്ലി ആന്റിടെ അവിടെ സിനിമ വച്ചിട്ടുണ്ട്. മിലി ചേച്ചിയും അമ്മയും അവിടെ ആണ്.. ഞങ്ങളെ പഠിക്കാൻ വിട്ടു. അപ്പൊ മായ ചേച്ചി പറഞ്ഞു, ഓജോ ബോർഡ് ചെയ്യാം എന്ന്." അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞപ്പോൾ ആണ് ബോർഡും മെഴുകുതിരിയും കോയിനും ഒക്കെ അവൻ ശ്രദ്ധിച്ചത്.

"രഘുവേട്ടൻ വന്നത് നന്നായി.. ഞാൻ ആകെ പേടിച്ചു ഇരിക്കയിരുന്നു. ഏട്ടന് ആവുമ്പോൾ ഇതൊക്കെ നല്ല പരിചയം ഉണ്ടാവും അല്ലോ.." മായ പറഞ്ഞത് കേട്ട് മുഖത്ത് വന്ന പരിഭ്രമം  അവർ കാണാതിരിക്കാൻ അവൻ ശ്രദ്ധിച്ചു.

 ആകാശഗംഗ സിനിമ കാണാൻ തീയറ്ററിൽ പോയിട്ട് പേടിച്ചു നിക്കറിൽ മുള്ളിയ ഒരു കഥ ബാക്ക്ഗ്രൗണ്ടിൽ കറങ്ങുന്ന സാധനം അടിച്ചു അവൻ ഓർത്തു.

"ഏയ്‌.. ഞാൻ ഒന്നും ചെയ്തിട്ടില്ല.. ഇത്തരം സില്ലി കാര്യങ്ങൾ ഒന്നിലും എനിക്ക് വിശ്വാസം ഇല്ല.. ഇതൊക്കെ വെറും പറ്റിക്കലാണ് എന്നെ.." എന്നും പറഞ്ഞു അവൻ തിരിഞ്ഞു നടക്കാൻ തുടങ്ങി.

"പറ്റിക്കൽ ഒന്നും അല്ല.. എന്റെ കോളേജിലെ എല്ലാവരും ചെയ്യാനുണ്ട് ഇത്‌.. " മായ പറഞ്ഞത് കേട്ട് അവൻ തിരിഞ്ഞു നോക്കി ചിരിച്ചു.

"അത്‌..." അവൻ എന്തെങ്കിലും പറയാൻ തുടങ്ങുന്നതിനു മുൻപേ മറ്റൊരു ശബ്ദം അവിടെ വീണു.

"ഡീ.. എന്താ ഇവിടെ? " മിലിയുടെ ശബ്ദം കേട്ട്മൂന്ന് പേരും ഞെട്ടി തിരിഞ്ഞു.

ഹോ! പ്രേതം ആയിരുന്നു ബേധം - രഘു മനസ്സിൽ പറഞ്ഞു.

എടുത്തു വച്ച സെറ്റ്ആപ്പ് ഒക്കെ ഒളിപ്പിക്കാൻ ശ്രമിച്ചെങ്കിലും മിലി അതെല്ലാം കണ്ടു.

"ഓഹ്.. ഓജോ ബോർഡ്.. കണ്ടോ അമ്മേ.. ഞാൻ പറഞ്ഞില്ലേ.. ലൈറ്റ് കാണാതെ ആയപ്പോൾ എനിക്ക് തോന്നി ഇവിടെ പഠിപ്പ് നടക്കുന്നില്ല എന്ന്.. " മിലി മൂന്നിനേം കൂർപ്പിച്ചു നോക്കികൊണ്ട് പറഞ്ഞു.

അവരുടെ കാര്യം തീരുമാനം ആയി എന്ന് മനസിലാക്കി ജാനകിയമ്മ പതുക്കെ മുറിയിലേക്ക് കയറി പോയി.

"ഇതുങ്ങൾക്കോ വിവരം ഇല്ല.. എന്നാലും രഘു നിനക്കു എങ്കിലും പറഞ്ഞൂടെ.. അല്ല.. മച്ചുരിട്ടി നിന്റെ കയ്യിന്നു പ്രതീക്ഷിക്കണ്ടല്ലോ.." മിലി അർത്ഥം വച്ചു പറഞ്ഞു.

"ഏയ്‌.. ഞാൻ അല്ല.. ഈ പിള്ളേർ ആണ്.." രഘു പറഞ്ഞു

"ചേച്ചി.. ഞങ്ങൾ ഇവിടെ ഇരുന്നു പഠിക്കായിരുന്നു.. അപ്പൊ രഘുവേട്ടൻ ആണ് പറഞ്ഞത് ഓജോ ബോർഡ് ചെയ്യാം എന്ന്.. അല്ലേ മിനിമോളെ?" മായ നിഷ്കളങ്കത വാരി വിതറി പറഞ്ഞത് കേട്ട് രഘുവിന്റെ കണ്ണു തള്ളി.

"ഉം... മായേച്ചി കോളേജിൽ ഒക്കെ ആയിട്ട് ഇത് വരെ ചെയ്തിട്ടില്ലേ എന്ന് ചോദിച്ചു കളിയാക്കും ചെയ്തു.." മിനിമോളുടെ സപ്പോർട്ടും കൂടി ആയപ്പോൾ മിലി അവനെ ദേഷ്യത്തിൽ നോക്കി.

"ഹമ്.. രഘുവിന് അറിയാണ്ട.. പണ്ട് ഞങ്ങൾ ഇവിടെ ഓജോ ബോർഡ് ചെയ്തപ്പോ വന്ന പ്രശ്നം.." മിലി പറഞ്ഞു.

"എന്ത് പ്രശ്നം?" മായയും മിനിമോളും ഒന്നിച്ചു ചോദിച്ചു.

"നിങ്ങൾ അന്ന് ചെറിയ പിള്ളേർ അല്ലേ.. പണ്ട് ഒരിക്കൽ ഒരു റിവിഷൻ ഹോളിഡേയ്‌സിന് ഹണിയും ലച്ചുവും ഇവിടെ വന്നു നിന്നത് ഓർക്കുന്നുണ്ടോ?" മിലി ചോദിച്ചു.

മായ ഉണ്ട് എന്നും മിനിമോൾ ഇല്ല എന്നും തലയാട്ടി.

"ഹാ.. അന്നാണ് സംഭവിച്ചത്.. അച്ചനും അമ്മയും നിങ്ങളെ രണ്ടിനേം കൂട്ടി അരുളിക്കാവ് പൂരത്തിന് നാടകം കാണാൻ പോയി. ഞങ്ങൾ അന്ന് വൈകുന്നേരം ചെന്നൈനു വന്നിട്ടുണ്ടേ ആയിരുന്നുള്ളു.. പൂരപ്പറമ്പിൽ അലയൻ ഉള്ള മടികൊണ്ട് ഞങ്ങൾ പോയില്ല.. അങ്ങനെ രാത്രി ചുമ്മാ ഇരുന്നപ്പോൾ ആണ് ഓജോ ചെയ്താലോ എന്ന് ഹണി ചോദിച്ചത്.. ഞങ്ങളുടെ ഹോസ്റ്റലിൽ മിക്ക റൂമിൽ ഉള്ളവരും ചെയ്തിട്ടുണ്ട്.. ഞങ്ങൾ മാത്രം ആയിരുന്നു ചെയ്യാത്തത്. ആ പേര് ദോഷം തീർത്തേക്കാം എന്ന് ഞങ്ങൾ തീരുമാനിച്ചു.

അങ്ങനെ എന്റെ മുറിയിൽ എല്ലാം സെറ്റ് ആപ്പ് ചെയ്തു ഞങ്ങൾ ഗുഡ് സ്പിരിറ്റിനെ വിളിച്ചു."

***************************

ഹണിയുടെ വിരൽ തുമ്പിൽ തനിയെ അനങ്ങുന്ന കോയിനിൽ നോക്കി ലച്ചുവും ഹണിയും മിലിയും കണ്ണു മിഴിച്ചു.

"എനിക്ക് പേടി ആവുന്നു.. " ലച്ചു വിറച്ചുകൊണ്ട് പറഞ്ഞു. 

"എന്തെങ്കിലും ആവട്ടെ.. നമുക്ക് ചോദിച്ചു നോക്കാം. പേര് ചോദിക്ക് ഹണി.." മിലി പറഞ്ഞു.

"വാട്ട് ഈസ്‌ യൂവർ നെയിം?" ഹണി കോയിനിൽ നോക്കി ചോദിച്ചു.

കോയിൻ ഒന്ന് അനങ്ങി. പിന്നെ പതിയെ ഹണിയുടെ വിരലിനൊപ്പം ഓരോ അക്ഷരങ്ങൾ കാണിക്കാൻ തുടങ്ങി.

A-S-H-A

"ആശ.. ആശാന്ന് ആണ് പേര്.. എങ്ങനെ ആണ് മരിച്ചേ നു ചോദിക്കു.." മിലിക്ക് ആവേശം ആയി.

M-U-R-D-E-R

"മർഡർ.. കൊലപാതകം.. എനിക്ക് പേടി ആകുന്നു.. " ലച്ചു ചുറ്റും ഒന്ന് കണ്ണോടിച്ചു പറഞ്ഞു.

"നമ്മളെ അറിയോന്ന് ചോദിക്ക് ഹണി.."

"ഹണിയുടെ ചോദ്യം കേട്ട് ഇത്തവണ കോയിൻ YES എന്ന് എഴുതിയ ഭാഗത്തേക്ക്‌ ചലിച്ചു.

"ഇവൾ നമ്മളെ പറ്റിക്കുന്നത് ആണ് മിലി.. നീ ഒരു കാര്യം ചെയ്യൂ.. അവൾക്ക് അറിയാത്ത എന്തെകിലും ചോദിക്ക്.." ലച്ചു മിലിയോട് പറഞ്ഞു.

മിലി ഒന്ന് ആലോചിച്ചു. ഹണിക്ക് അറിയാത്ത കാര്യം എന്താണ്. പിന്നെ രണ്ടും കല്പിച്ചു ചോദിച്ചു.

"നമ്മുടെ ഫ്രണ്ട് ശ്രീയുടെ അനുജത്തിയുടെ പേര് എന്താ?"

ഇത്തവണ കോയിൻ അനങ്ങാതെ നിന്നു. പക്ഷെ ഒരു നിമിഷത്തിന് ശേഷം അത്‌ ചലിച്ചു.

"A-L-L-Y"

"അല്ലി.. അതാണോ ശ്രീടെ അനുജത്തിയുടെ പേര്?" ലച്ചു ചോദിച്ചപ്പോൾ മിലിയുടെ ചുണ്ടുകൾ വിടർന്നു.

"അതിന് ശ്രീ ക്കു അനുജത്തി ഇല്ലല്ലോ.. "  എന്തോ നേടിയ ഭാവത്തിൽ മിലി പറഞ്ഞു.

"ഞാൻ പറഞ്ഞില്ലേ.. ഇത് ഇവളുടെ ഭാവനയിലെ അച്ചായത്തി പ്രേതം ആണ്." ലച്ചു പറഞ്ഞത് കേട്ട് ഹണി അവളെ കൂർപ്പിച്ചു നോക്കി.

"വിൽ വീ ഓൾ പാസ് ഇൻ ദിസ്‌ കമിങ് എക്സാംസ്?" (നടക്കാൻ പോകുന്ന പരീക്ഷയിൽ ഞങ്ങൾ എല്ലാവരും ജയിക്കുമോ?)

NO എന്ന് എഴുതി വച്ചിടത്തേക്ക് കോയിൻ പോയപ്പോൾ ലച്ചുവിന്റെ ചുണ്ട് കോടി. അവൾക്കു ആൾറെഡി ഒരു സപ്ലി ഉണ്ട്. പക്ഷേ ആരാണ് തോൽക്കുക എന്ന് ചോദിച്ചപ്പോൾ കോയിൻ കാണിച്ച ഉത്തരം മൈഥിലി എന്നായിരുന്നു.

അതോടെ അവർ തീരുമാനിച്ചു. അത് ഒരിക്കലും നടക്കില്ല എന്ന്. കാരണം മിലി പഠനത്തിൽ അത്ര മുൻപിൽ ആയിരുന്നു.

"എവിടെ വച്ചാണ് മരിച്ചത്?" അടുത്ത ചോദ്യം.

കോയിൻ H എന്ന അക്ഷരത്തിൽ പോയി നിന്നു.

"എച്.. എച് വച്ചിട്ട്... ഹരിയാന.. " ലച്ചു പറഞ്ഞു.

"അല്ല.. ചിലപ്പോൾ ഹരിപ്പാട് ആകും.." മിലി കളിയായി പറഞ്ഞു.

അപ്പോൾ കോയിൻ വീണ്ടും ചലിക്കാൻ തുടങ്ങി.

E-R-E

"HERE.. ഹിയർ.. ഇവിടെ.. ഇവിടെയോ? ഇവിടെ പണ്ടെങ്ങാനും വല്ലോരും ചത്തിട്ടുണ്ടോ മിലി..?" അവർക്ക് മൂന്നിനും പേടി തോന്നി. 

"ക്യാൻ യൂ ഗിവ് അസ് എ പ്രൂഫ്?" അവസാനം അവർ പ്രേതത്തിനോട് തെളിവ് ചോദിച്ചു.

കോയിൻ യെസ് എന്ന് എഴുതിയ ഭാഗത്തേക്ക്‌ നീങ്ങി. പിന്നെ വല്ലാതെ വിറച്ചു. അവസാനം ഓരോ അക്ഷരങ്ങൾ കാണിക്കാൻ തുടങ്ങി. അത് അവർ എണ്ണി പറക്കി വായിച്ചു.

"Go to the pond behind library" (വായനശാലയുടെ പിന്നിലെ കുളത്തിലേക്ക് പോകുക) ഭയത്തോടെ അവർ തമ്മിൽ തമ്മിൽ നോക്കി.

"മതി.. ഇനി വേണ്ട " ലച്ചു വല്ലാതെ പേടിച്ചിരുന്നു. അതോടെ അവർ ബോർഡും മെഴുകുതിരിയും എല്ലാം വേഗം അടച്ചു വച്ചു.

പിന്നെ ബോർഡിൽ കണ്ട ഓരോ കാര്യങ്ങളെ പറ്റി ചർച്ച ചെയ്തു അവർ സമയം കളഞ്ഞു.

"മിലി.. ഇവിടത്തെ വായന ശാലയുടെ അടുത്ത് അങ്ങനെ ഒരു കുളം ഉണ്ടോ?" ഹണി ചോദിച്ചു

"ഉം... കുളം എന്നൊന്നും പറയാൻ പറ്റില്ല.. ഒരു ചെറിയ വെള്ളക്കെട്ട് പോലെ ഉണ്ട്.. മുഴുവൻ പായലും വേസ്റ്റും ഒക്കെ ആയി മുഴുവൻ അലമ്പാ.." മിലി പറഞ്ഞു.

"എന്നാ നമുക്ക് ഒന്ന് അവിടെ വരെ പോയി നോക്കിയാലോ?" ഹണി ചോദിച്ചു.

"കണ്ടാ.. കണ്ടാ.. ഇത് മുഴുവൻ ഇവളുടെ ഐഡിയ ആണ്.. അവള് തന്നെ വിരല് അങ്ങോട്ടും ഇങ്ങോട്ടും അനക്കി ഓരോ കഥ ഉണ്ടാക്കുവാ " ലച്ചു ലേശം പരിഭവത്തോടെ പറഞ്ഞു.

"ഇല്ലടീ.. സത്യായിട്ടും ഇല്ല.. അല്ല.. നിന്നെ ബോധിപ്പിക്കണത് എന്തിനാ..? വേണെങ്കി വിശ്വസിച്ചാൽ മതി. അവിടെ പോയി നോക്കിയാൽ പ്രൂഫ് കിട്ടും. പക്ഷേ നീ ഒന്നും നോക്കില്ല.. എന്നാൽ അല്ലെ എന്നെ കുറ്റം വെക്കാൻ പറ്റത്തൊള്ളൂ.. " ഹണി ആകെ ചൂടായി.

" ഇനി ഇപ്പൊ അതിന്റെ പേരിൽ രണ്ടും കൂടെ തല്ല് വക്കണ്ട.. രാത്രി അന്വേഷിക്കാൻ പോകുന്നത് നമുക്ക് പുത്തരി ഒന്നും അല്ലല്ലോ.. വാ.. പോയി നോക്കാം.. അല്ല എനിക്കും അറിയാമല്ലോ.. പരീക്ഷക്കു പഠിച്ചു ചുമ്മാ സമയം കളയാണോന്ന്.. " മിലി പറഞ്ഞു.

ലച്ചുന് പേടി ഉണ്ടായിരുന്നു. എങ്കിലും മിലിയും ഹണിയും പോകുന്നത് കൊണ്ട് അവളും പോകാൻ തീരുമാനിച്ചു.

അച്ഛന്റെ പഴയ ടോർച്ചും തെളിച്ചു മിലി മുന്നിൽ നടന്നു. ഹണിയും ലച്ചുവും വാല് ആയിട്ടും. വഴിയിൽ ആളുകൾ കുറവ് ആയിരുന്നു. ആരുടെയും കണ്ണിൽ പെടാതെ നടക്കാൻ അവർ പ്രത്യകം ശ്രദ്ധിച്ചു. ദൂരെ നിന്നു നാടകത്തിന്റെ ശബ്ദം കേൾക്കാം.

"വേഗം നടക്കു.. അച്ഛനും അമ്മയും തിരിച്ചു എത്തുന്നതിനു മുൻപ് വരണം.. " മിലി തിരക്ക് കൂട്ടി.

അങ്ങനെ അവർ മൂന്ന് പേരും വായനശാലക്കു അരികിൽ എത്തി.

"എവിടെ ആണ് കുളം?" ഹണി ചോദിച്ചു.

"പുറകിൽ ആണ്.. വാ.. " മിലി അവർക്ക് വഴി കാണിച്ചു.

"ഇവിടെ മുഴുവൻ കാടാണല്ലോ.. പാമ്പ് വല്ലോം കാണോ?" പേടിച്ചു പേടിച്ചു ലച്ചു ചോദിച്ചു.

അപ്പോൾ മിലിക്കും ഹണിക്കും സംശയം ആയി. പാമ്പിനു അറിയില്ലല്ലോ അവർ പ്രേതത്തെ കാണാൻ വന്നത് ആണെന്ന്. അടുത്ത് കിടന്ന ഒരു മരകഷ്ണം എടുത്തു കയ്യിൽ പിടിച്ചു ഹണി.

"ഇത് നിലത്തു അടിച്ചു നടന്നാൽ മതി.. പാമ്പ് വരൂല.. നീ പത്രത്തിൽ ഒന്നും വായിച്ചിട്ടില്ലേ..? " ഹണി പറഞ്ഞു.

"പിന്നെ.. ഞാൻ ബോട്ടോ, പ്ലൈനോ ഉണ്ടാക്കാനേ പത്രം ഉപയോഗിക്കാറുള്ളൂ.. ചുമ്മാ പേപ്പർ വേസ്റ്റ് ആക്കുന്നത് എനിക്ക് ഇഷ്ട്ടം അല്ല.. " ലച്ചു പറഞ്ഞു.

അവസാനം അവർ കുളത്തിനരികിൽ എത്തി. ഇരുട്ടത് അങ്ങനെ കാര്യമായി കാണാൻ പറ്റില്ല. എന്നാലും പുറകിലെ റോഡിലെ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ അവർ അത് കണ്ടു.

" ഇവിടെ ഒന്നും ഇല്ല.. വാ.. പോകാം.. " ലച്ചു തിരക്ക് കൂട്ടി.

" നിക്ക് നോക്കട്ടെ.. " ഹണി കുളത്തിന്റെ തൊട്ട് അരികിൽ പോയി സൂക്ഷിച്ചു നോക്കി.

"നീ എന്താ നോക്കുന്നത്.. വാ പോവാം.. " മിലി അവളുടെ പിന്നിൽ നിന്നു കുളം ഒന്ന് വീക്ഷിച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങി.

ഒന്നും കാണാതെ നിരാശയോടെ പോകാനായി ഹണിയും തിരിഞ്ഞു.

പെട്ടന്ന് കുളത്തിൽ നിന്ന് ചേറു പുരണ്ട ഒരു കൈ ഉയർന്നു വന്നു ഹണിയുടെ കാലിൽ പിടുത്തമിട്ടു..

(തുടരും... )

 


നിനക്കായ്‌ ഈ പ്രണയം (36)

നിനക്കായ്‌ ഈ പ്രണയം (36)

4.5
3690

അവസാനം അവർ കുളത്തിനരികിൽ എത്തി. ഇരുട്ടത് അങ്ങനെ കാര്യമായി കാണാൻ പറ്റില്ല. എന്നാലും പുറകിലെ റോഡിലെ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ അവർ അത് കണ്ടു. " ഇവിടെ ഒന്നും ഇല്ല.. വാ.. പോകാം.. " ലച്ചു തിരക്ക് കൂട്ടി. " നിക്ക് നോക്കട്ടെ.. " ഹണി കുളത്തിന്റെ തൊട്ട് അരികിൽ പോയി സൂക്ഷിച്ചു നോക്കി. "നീ എന്താ നോക്കുന്നത്.. വാ പോവാം.. " മിലി അവളുടെ പിന്നിൽ നിന്നു കുളം ഒന്ന് വീക്ഷിച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങി. ഒന്നും കാണാതെ നിരാശയോടെ പോകാനായി ഹണിയും തിരിഞ്ഞു. പെട്ടന്ന് കുളത്തിൽ നിന്ന് ചേറു പുരണ്ട ഒരു കൈ ഉയർന്നു വന്നു ഹണിയുടെ കാലിൽ പിടുത്തമിട്ടു. കാലിൽ എന്തോ കൊളുത്