Aksharathalukal

അദ്ധ്യായം-6

 

     നിലാവെളിച്ചത്തിൽ ജയരാമൻറെ കൈകളിൽ നിന്നും ഇറ്റുവീഴുന്ന രക്തത്തുള്ളികൾ കണ്ടാണ് ഉമ്മർ ഉണർന്നത്. ഒരു നിമിഷത്തെ മരവിപ്പിന് ശേഷം അവൻ ചാടിയെണീറ്റ് കൂട്ടുകാരെ ഉണർത്തി. കൈഞരമ്പുകൾ മുറിഞ്ഞ് രക്തമൊഴുകുവാൻ തുടങ്ങിയിട്ടേയുള്ളു. ജയരാമൻ അർദ്ധബോധാവസ്ഥയിലെന്ന പോലെയിരിക്കുകയാണ്.  ഉമ്മറവനെ കുലുക്കിയുണർത്തി. തൻറെ കൈകളിലെ നീറ്റലും തറയിലേക്ക് പരന്നൊഴുകാൻ തുടങ്ങുന്ന ചോരയും ജയരാമനെയും അമ്പരപ്പിച്ചു. എന്താണ് സംഭവിച്ചതെന്ന് അയാൾക്ക് ഓർത്തെടുക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. 

 

       ആശുപത്രിയിൽ നിന്നും മുറിവിൽ സ്റ്റിച്ചിട്ടിറങ്ങി. താഹിർ സഹായിച്ചതുകൊണ്ട് പോലീസും കേസുമൊന്നുമില്ലാതെ ആശുപത്രിക്കാർ സഹായിച്ചു. നാളെ ഈ ശാപം പിടിച്ച ഹിമാലയൻ യാത്ര അവസാനിപ്പിച്ച് മടങ്ങുന്ന ദിവസമാണ്. നാളിതുവരെ നടത്തിയ എല്ലാ യാത്രകളും അങ്ങേയറ്റം അടിച്ചുപൊളിച്ചവർക്ക് ഈ യാത്ര മറക്കാനാകാത്ത പേക്കിനാവുകളാണ് ഇതുവരേയും സമ്മാനിച്ചത്. ഇവിടെ നിന്നും മടങ്ങുമ്പോൾ എല്ലാം അവസാനിക്കുമെന്ന് അവർക്ക് വിശ്വാസമില്ലായിരുന്നു. എത്ര ദൂരേക്ക് പോയാലും വേട്ടയാടിപ്പിടിക്കാനെത്തുന്ന മരണമാണ് നിഴലായി ഒപ്പമുള്ളതെന്ന ബോദ്ധ്യം അവരെ വല്ലാതെ ഉലച്ചുകളഞ്ഞിരുന്നു. അതുകൊണ്ട് തന്നെയാണ് പോകും മുൻപ് ആ നാഗസന്ന്യാസിയെക്കൂടി കണ്ടിട്ട് പോകാനുള്ള ജയരാമൻറെ തീരുമാനത്തെ കൂട്ടുകാർ പിന്താങ്ങിയത്.

 

            ചെങ്കുത്തായ മലയുടെ കീഴെ ഗുഹാകവാടത്തിൽ അവർ നാലുപേരും കാത്തിരുന്നു, ധ്യാനത്തിലായിരുന്ന നാഗസന്ന്യാസിയുടെ വരവും കാത്ത്. മുകളിൽ ഏത് നിമിഷവും വീഴുമെന്ന തരത്തിൽ നിലകൊള്ളുന്ന പാറക്കല്ലുകൾ അവരെ വല്ലാണ്ട് ഭയപ്പെടുത്തുന്നുണ്ടായിരുന്നു. ഏറെ നേരം കഴിഞ്ഞാണ് അദ്ദേഹം പുറത്തേക്ക് വന്നത്. അദ്ദേഹത്തിന് തൊണ്ണൂറിന് മേൽ പ്രായമുണ്ടെന്ന് താഹിർ പറഞ്ഞത് അൽപം അതിശയോക്തിയായി അവർക്ക് തോന്നി. ആറടിക്കുമേൽ പൊക്കം നരച്ച് ജടകയറിയ മുടിയും താടിയും, ചുക്കിച്ചുളിഞ്ഞ ശരീരവും. എന്നാൽ ഉറച്ച ചുവടുകളും ഊർജ്ജം പ്വഹിക്കുന്ന കണ്ണുകളും. ദിഗംബരനായ അദ്ദേഹം ദൃഷ്ടിയുറപ്പിച്ചിരുന്നത് അവർക്ക് പിന്നിലേക്കായിരുന്നു. അദ്ദേഹം ആരെയാണ് നോക്കുന്നത് എന്നറിയാൻ തിരിഞ്ഞ് നോക്കിയ ആ നാൽവർ സംഘത്തിന് ആരെയും കാണാൻ കഴിഞ്ഞില്ല.

 

     "എല്ലാം കാണാൻ മനുഷ്യന് കഴിയില്ല, എല്ലാം കേൾക്കാനും" ഒരു പൊട്ടിച്ചിരിയുടെ അകമ്പടിയോടെ അത്രയും പറഞ്ഞയാൾ അവർക്കുമുന്നിൽ നിലത്ത് ചമ്രംപടിഞ്ഞിരുന്നു. അവരോടും ഇരിക്കാൻ പറഞ്ഞു, അദ്ദേഹത്തിൻറെ സ്വരത്തിന് ഒരു ആജ്ഞയുടെ ഭാവമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ശീലമില്ലായ്മയുടെ ബുദ്ധിമുട്ടുകൾ സഹിച്ച് അവർ അദ്ദേഹത്തിന് മുന്നിൽ തറയിലിരുന്നു. അദ്ദേഹം അവരെ അൽപനേരം നോക്കിയിരുന്നു. എന്നിട്ട് ജയരാമനോടായി ചോദിച്ചു. 

 

"ജയരാമൻ അല്ലേ ? അക്ഷരങ്ങൾ വിറ്റ് അന്നമുണ്ടാക്കുന്നവൻ "

 

അതേ ഞാനൊരു എഴുത്തുകാരനാണെന്ന് ജയരാമൻ മറുപടിയും കൊടുത്തു. 

 

"നാളെ മടങ്ങുകയാണല്ലേ.... നാട്ടിലേക്ക്..... നല്ലത്... പക്ഷേ......" അദ്ദേഹം പാതി പറഞ്ഞ് നിർത്തി. കുറച്ച് നേരം ആരും മിണ്ടിയില്ല. വീശിയടിക്കുന്ന ശീതക്കാറ്റിൻറെ ഒച്ച മാത്രം. നാഗസന്ന്യാസി അകലെയെവിടെയോ കണ്ണും നട്ടിരിക്കുകയായിരുന്നു. അച്ചായൻ എന്തോ പറയാനായി ഭാവിച്ചപ്പോൾ, തൻറെ ചൂണ്ടുവിരൽ ചുണ്ടോട് ചേർത്ത് മിണ്ടരുതെന്ന് അദ്ദേഹം ആംഗ്യം കാട്ടി. പട്ടാപ്പകൽ ആയിട്ടുപോലും ആ നിശബ്ദത അവരെ വല്ലാതെ ഭയപ്പെടുത്തി.

 

ഒടുവിൽ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് ആ സന്ന്യാസി സംസാരിച്ചു തുടങ്ങി.

 

"ജയരാമാ നിന്നെത്തേടി വന്നത് മരണമാണ്. അത് നിഴൽ പോലെ നിന്നോടൊപ്പമുണ്ട്. പക്ഷേ അവൻറെ അവസാനത്തെ ഇരയായിരിക്കും നീ. നിൻറെ ചുറ്റുമുള്ളതിനെയൊക്കെ ഇരയാക്കുമവൻ.... പിന്തിരിഞ്ഞ് പോകാൻ നിനക്കാവില്ല. ദുസ്വപ്നങ്ങൾ വേട്ടയാടുന്ന ഇരവുകൾ തുടർക്കഥയാകും നിനക്ക്, പിന്നെ കഴിഞ്ഞ ദിവസം സംഭവിച്ചതുപോലെ സ്വപ്നത്തിനും യാഥാർത്ഥ്യത്തിനുമിടയിലെ നേരിയ നൂൽപ്പാലത്തിൽ നിൻറെ മരണം ചിലപ്പോൾ നിൻറെ കൈകൊണ്ട് തന്നെ സംഭവിച്ചേക്കാം, ചിലപ്പോൾ നിൻറെ കൈത്തണ്ടമുറിച്ച ആ കത്തി നിൻറെ പ്രിയസുഹൃത്തുകളുടെ കണ്ഠനാളവും മുറിച്ചേക്കാം."

 

ഒരു ഞെട്ടലോടെയാണ് അവരത് കേട്ടിരുന്നത്.


         സന്ന്യാസി തുടർന്നു. " ജയരാമാ നീ ഇപ്പോൾ ചില ഉറച്ച തീരുമാനങ്ങൾ എടുത്തിരിക്കുന്നു. നിൻറെ കൂട്ടുകാരോടു പോലും ഇതുവരെ പറയാത്ത ചില തീരുമാനങ്ങൾ, നീ ഈ ലോകത്തേക്ക് തുറന്ന് വിടാൻ പോകുന്നത് മരണത്തെയാണ്. അതിൽ നിന്നും നിന്നെയിനി പിന്തിരിപ്പിക്കാൻ കഴിയില്ല, ആരു വിചാരിച്ചാലും. നീ ആഗ്രഹിച്ചാൽ പോലും അതിൽ നിന്ന് പിന്നോട്ട് പോക്ക് അസാദ്ധ്യമാണ്.  മരണത്തിൻറെ കണക്കെടുപ്പ് അവൻ തുടങ്ങിക്കഴിഞ്ഞു.... രക്താംഗിതൻ...."


   ആരാണ് ഈ രക്താംഗിതൻ? ഉമ്മർ അത് ചോദിക്കുമ്പോൾ ശബ്ദം പൂർണ്ണമായും പുറത്തേക്ക് വന്നില്ല.


        "രക്താംഗിതൻ.... നൂറ്റാണ്ടുകളായി പലരും പറയാൻ ശ്രമിച്ചു പരാജയപ്പെട്ട കഥയിലെ നായകനും പ്രതിനായകനുമായവൻ...... പലരും പല പേരുകളിൽ അവനെ വിളിച്ചു. ഇപ്പോൾ നിങ്ങളുടെ സുഹൃത്ത് ജയരാമൻ അവന് രക്താംഗിതൻ എന്ന പേരിട്ടു. അവൻറെ കഥ എഴുതിയവരും വായിച്ചവരും ഇന്ന് ജീവിച്ചിരിപ്പില്ല. കാരണം അവൻറെ കഥ , അത് മരണത്തിലേക്കുള്ള വാതിലാണ്. അവൻറെ കഥ എനിക്കറിയില്ല. ഗുരുവര്യൻമാർ വാമെഴിയായി കൈമാറിയ ചില കേട്ടറിവുകളാണെനിക്കുള്ളത്. പൂർണ്ണമായും ശരിയെന്നുറപ്പില്ലാത്ത കേട്ടറിവുകൾ. അവൻ ഓരോ കാലത്തും തൻറെ കഥയെഴുതുവാൻ ഏറ്റവും അനുയോജ്യനായ ആളെ കണ്ടെത്തി അവന് വേണ്ട സ്ഥലത്തെത്തിക്കും, അവിടെ നിന്ന് അവനെ മസ്തിഷ്കപ്രക്ഷാളനത്തിലൂടെ തൻറെ കഥയിലേക്ക് കൊണ്ടെത്തിക്കും. പിന്നെ അയാളെക്കൊണ്ട് അവൻ തൻറെ കഥ പറയിക്കും. ആ കഥ കേൾക്കുന്ന ഓരോ ആളിനെയും അവൻ ഒന്നൊന്നായി മരണത്തിലേക്ക് പറഞ്ഞയക്കും. കഥാകാരനെ ആരെങ്കിലും പിന്തിരിപ്പിക്കാൻ ശ്രമിച്ചാൽ അവരെയും അവനില്ലാതാക്കും. ഒടുവിൽ ആ കളി മടുക്കുമ്പോൾ അവൻ തൻറെ അവസാനത്തെ ഇരയേയും മരണത്തിലേക്ക് പറഞ്ഞയക്കും, അത് ആ കഥാകാരനായിരിക്കും. അവനെഴുതിയ കഥ പേലും പൂർണ്ണമായി അവശേഷിപ്പിക്കില്ല. വീണ്ടും അടുത്ത ഒരു ഇരക്കായി ആ കഥാശകലങ്ങൾ മാത്രം ഭദ്രമായി സുരക്ഷിതമായി ഇന്നേവരെ ആർക്കും അറിയാത്ത അവൻറെ താവളത്തിൽ അവശേഷിപ്പിച്ച് തൻറെ ദീർഘനിദ്രയിലേക്ക് മടങ്ങും..... ഇപ്പോഴവൻ ഉണർന്നിരിക്കുന്നു... തൻറെ അടുത്ത ഇരയെ വരുതിയിലാക്കി കഴിഞ്ഞിരിക്കുന്നു..."


     അത് പറഞ്ഞ് കഴിയുമ്പോൾ ആ നാഗസന്ന്യാസിയുടെ കണ്ണുകളിൽ വല്ലാത്തൊരു ഭയം നിഴലിച്ചിരുന്നു. ജയരാമനൊഴികെ എല്ലാവരുടെയും മുഖത്ത് ആ ഭയം നിറഞ്ഞിരുന്നു. ജയരാമനിൽ അതു വരെ കാണാത്തൊരു മാറ്റം അന്നാദ്യമായി കൂട്ടുകാർ കണ്ടു. അതു വരെ തൻറെ അനുഭവങ്ങളെയും സ്വപ്നങ്ങളെയും പറ്റി വല്ലാതെ ഉത്കണ്ഠപ്പെട്ടിരുന്ന ജയരാമൻ ഇപ്പോഴെന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ച ഭാവമായിരുന്നു. അവൻറെ ആ മാറ്റം കൂട്ടുകാരുടെ ഭയമിരിട്ടിപ്പിച്ചു. ആ നാഗസന്ന്യാസിക്ക് പുഛം കലർന്നൊരു ചിരി സമ്മാനിച്ച് ജയരാമൻ സംസാരിച്ചു തുടങ്ങി.


 "ഞാനൊരു എഴുത്തുകാരനാണ്. ഞാനുൾപ്പെടെ ഒത്തിരിപ്പേരെഴുതുക്കഴിഞ്ഞൊരു ക്ലീഷേ കഥയാണ് അങ്ങ് ഇപ്പോഴിവിടെ അവതരിപ്പിച്ചത്. ശാസ്ത്രം ഇത്രയൊക്കെ പുരോഗമിച്ച കാലത്തും ഇത്തരം കാര്യങ്ങൾ ശരിയാണെന്ന് വിശ്വസിക്കുന്നവരും അന്ധവിശ്വാസികളുമൊക്കെ ആവോളമുള്ളതുകൊണ്ടാണ്, ഈ കഥകളൊക്കെ വിജയിക്കുന്നതും. പക്ഷേ കുറേയധികം യക്ഷികളേയും ആത്മാക്കളേയുമൊക്കെ സൃഷ്ടിച്ച് , അവരെയൊക്കെ ആടിത്തിമിർക്കാൻ വിട്ട് ഒടുവിൽ ഒരു പാലമരത്തിലോ, മൺകുടത്തിലോ അടച്ച് സംഹരിച്ചിട്ടുണ്ട് ഈ ജയരാമൻ, എൻറെ തൂലിക കൊണ്ട്. ആ എന്നെ ഇങ്ങനെയൊരു ഉമ്മാക്കി കഥ പറഞ്ഞ് ഭയപ്പെടുത്തരുത്. ഡ്രാക്കുളയും ഷെർലക് ഹോംസുമൊക്കെ യഥാർത്ഥത്തിൽ ജീവിച്ചിരുന്നവരാണെന്ന് ഭൂരിപക്ഷവും വിശ്വസിക്കുന്നത് അവരെ സൃഷ്ടിച്ച് എഴുത്തുകാരൻറെ ഭാവനയുടെ കരുത്താണ്. അതുപോലെ ലോകമറിയാതെ പോയൊരു ഭാവനാസൃഷ്ടിയാണ് രക്താംഗിതൻ എന്ന കഥാപാത്രം. ആരൊക്കെയോ എഴുതി, എന്തെക്കെയോ കാരണങ്ങളാൽ പ്രസിദ്ധീകരിക്കപ്പെടാതെപോയ കഥ. രക്താംഗിതൻറെ കഥ ഞാനെഴുതും, പ്രസിദ്ധീകരിക്കും.... അത് ഈ ജയരാമനെന്ന എഴുത്തുകാരൻറെ ജീവിതത്തിലെ മാസ്റ്റർപീസായിരിക്കും."


 അതുവരെ തൻറെ കൂട്ടുകാരോട് പോലും പറയാതിരുന്ന തൻറെ ആ തീരുമാനം ജയരാമൻ പ്രഖ്യാപിച്ചു.


           "ജയരാമാ നിനക്കെന്താ ഭ്രാന്തായോ? " മൂന്നു കൂട്ടുകാരുടെയും മനസ്സിൽ ഒരു പോലെ തോന്നിയ ആ ചോദ്യം അച്ചായനാണ് ചോദിച്ചത്.


       " ഈ പൊട്ടക്കഥകൾ പറയുന്ന ഇങ്ങേർക്കും അതു വെള്ളം തൊടാതെ വിഴുങ്ങുന്ന നിങ്ങൾക്കുമാണ് ഭ്രാന്ത് ", വല്ലാത്തൊരു ദേഷ്യത്തിലായിരുന്ന ജയരാമൻ പ്രതികരിച്ചത്.

  

     "ശരി നീ പറയുന്ന പോലെ ഞങ്ങൾക്കാണ് ഭ്രാന്തെന്ന് സമ്മതിക്കാം. പക്ഷേ കഴിഞ്ഞ മൂന്നാലു ദിവസങ്ങളായി എന്തൊക്കെയാണ് നിനക്ക് സംഭവിച്ചത്? നീയെന്തൊക്കെയാണ് കാട്ടിക്കൂട്ടിയത്? നമുക്കു ചുറ്റും എന്തൊക്കായണ് സംഭവിച്ചത്?" അതൊക്കെ ആദ്യം നീയൊന്ന് വിശദീകരിക്ക് അച്ചായനും വല്ലാതെ ദേഷ്യം വന്നിരുന്നു.


      "എന്തിനാണ് നിങ്ങൾക്ക് വിശദീകരണം വേണ്ടത്?" ജയരാമൻ അവിടെ നിന്ന് എണീറ്റു. പിന്നാലെ കൂട്ടുകാരും. പക്ഷേ ആ സന്ന്യാസി അപ്പോഴും അവിടെയിരിക്കുകയായിരുന്നു. കണ്ണുകളടച്ച് ധ്യാനനിമഗ്നനായി.


   ജയരാമൻ തൻറെ വാദഗതികൾ തുടർന്നു. "മരണം സംഭവിച്ചേക്കാമായിരുന്ന ഒരു അപകടത്തിൽ നിന്നും ഭാഗ്യം കൊണ്ട് മാത്രം രക്ഷപെട്ട ഒരാളിൻറെ മെൻറൽ ഷോക്ക്. ആ ഷോക്കിൽ പറഞ്ഞ കുറച്ച് കാര്യങ്ങൾ, കണ്ട സ്വപ്നങ്ങൾ, അത്രേയുള്ളു ഇതൊക്കെ. പിന്നെ ആ ഗുഹയിൽ നിന്നും കിട്ടിയ പെട്ടിയും അതിലേതോ വലിയൊരു കലാകാരൻ എഴുതിയ ഹൊറർ ഫിക്ഷൻ കഥയുടെ ജീർണ്ണതയെ അവശേഷിച്ച കുറച്ച് ഭാഗങ്ങളും, അതും എൻറെ മാനസികാവസ്ഥയും ചേർത്ത് വായിച്ചപ്പോഴുണ്ടായ കൺഫ്യൂഷൻ. കുറേക്കാലമായി മനസിലുള്ള ആഗ്രഹമായിരുന്നു വ്യത്യസ്തമായൊരു ഹെറർ കഥ. ആ ചിന്തകൾ ഇതിനൊക്കെ ഇന്ധനമാകുക കൂടി ചെയ്തു.   അതിലപ്പുറം ഒന്നുമില്ല വിശദീകരിക്കാൻ, ഒന്നും."


    പക്ഷേ ജയരാമൻറെ ആ വിശദീകരണത്തിൽ അവരാരും തൃപ്തരായിരുന്നില്ല. അതുകൊണ്ട് തന്നെ അവർക്ക് ചോദ്യങ്ങളവശേഷിച്ചിരുന്നു.


      "ശരി എല്ലാം നിൻറെ തോന്നലായിരുന്നുവെങ്കിൽ , ജെസിയുടെ മരണമോ? , നിൻറെ മരണം പ്രവചിച്ച ആ ജ്യോൽസ്യൻറെ മരണമോ? അതോ ഇനി അതും തോന്നലാണോ? പിള്ളേച്ചൻറെ ചോദ്യങ്ങളെ മറ്റുള്ളവർ അനുകൂലിച്ചു.


      " ജെസിയെ ആരോ കൊന്ന് അവിടെ കൊണ്ടിട്ടതാണെന്നല്ലേ പോലീസ് ശാസ്ത്രീയ അന്വേഷണത്തിലൂടെ എത്തിച്ചേർന്ന നിഗമനം. പിന്നെ ജ്യോൽസ്യൻ, അയാളെ ആരും കൊന്നതല്ല. അയാളോടിച്ച കാർ നിയന്ത്രണം വിട്ട് ഒരു മരത്തിലിടിച്ചാണ്  മരണപ്പെട്ടത്. യാഥാർത്ഥ്യം മനസിലാക്കാതെ കാര്യങ്ങൾ പറയരുത്.  നിങ്ങളീപ്പറഞ്ഞതും ആ ഇരുന്നുറങ്ങുന്ന സന്ന്യാസി പറഞ്ഞതും, പിന്നെ എൻറെ സ്വപ്നങ്ങളും ഭാവനയുമെല്ലാം ചേർത്ത് ഞാനെഴുതുന്നുണ്ട്, അതാണ് കഥ. പൊടിപ്പും തൊങ്ങലും ചേർത്ത് അൽപം ഭയം ജനിപ്പിക്കുന്ന ചുറ്റുപാടിലേക്ക് ആ സംഭവങ്ങളെയും കഥയെയും പറിച്ചു നടും. അപ്പോൾ നല്ലൊരു ഫിക്ഷൻ ജനിക്കും, ഈ ജയരാമൻറെ തൂലികയിൽ, എൻറെ മാസ്റ്റർപീസ്.     അത്രേയുള്ളു. അത്രയും ലളിതമാണ് കാര്യങ്ങൾ. ഭയം അത് നല്ലതാ. പക്ഷേ ഇപ്പോഴല്ല. ഞാനെഴുതുന്ന രക്താംഗിതൻറെ കഥ വായിച്ചു കഴിയുമ്പോൾ, രാത്രിയുടെ നിശബ്ദതയിൽ ഏകാന്തതയുടെ തടവറയിലിരുന്ന് വായിക്കണം, ഭയക്കണം. അവിടെയാണ് ജയരാമനെന്ന എഴുത്തുകാരൻറെ വിജയം."


           " ഒരു ഉന്മാദിയെപ്പോലെയാണ് ജയരാമൻ അത്രയും പറഞ്ഞത്. ജയരാമൻറെ സംസാരത്തിലും ശരീരഭാഷയിലും പ്രകടമായ ആ മാറ്റം കൂട്ടുകാരെ വല്ലാതെ അമ്പരപ്പിച്ചു. ആ സമയമത്രയും ധ്യാനനിമഗ്നനായിരുന്ന സന്ന്യാസി എണീറ്റു. " ഇനി ഒരു നിമിഷം പോലും നിങ്ങളിവിടെ നിൽക്കരുത്, പോകാം. എല്ലാവർക്കും. ഈ ഗുഹാമുഖത്ത് നിന്ന്" അതുവരെയുണ്ടായിരുന്ന ശാന്തഭാവം വെടിഞ്ഞ് ക്ഷണനേരം കൊണ്ട് രൌദ്രത്തിലേക്ക് മാറിയ സന്ന്യാസിയെ അവർ ഭയത്തോടെ നോക്കി നിന്നു., ജയരാമനൊഴികെ....

"പോകാനാണ് പറഞ്ഞത്" ഇത്തവണ സന്ന്യാസി ഉച്ചത്തിൽ ആജ്ഞാപിക്കുകയായിരുന്നു. അവർ പിന്തിരിഞ്ഞ് നടന്നു. സന്ന്യാസി ധ്യാനത്തിലാണ്ടു. ആ സന്ന്യാസിയുടെ ചുണ്ടിൽ മൃത്യുഞ്ജയ മന്ത്രമായിരുന്നു.



                       ജയരാമനും കൂട്ടരും ഹിമാലയത്തോട് വിടചൊല്ലി അവരുടെ നാട്ടിലേക്കുള്ള മടക്കയാത്രയിലെ അവസാന സന്ദർശനസ്ഥലമായ വാരാണസിയിലെത്തി. ഹിമാലയത്തോട് വിടപറഞ്ഞപ്പോൾ തന്നെ ജയരാമൻറെ കൂട്ടുകാർക്ക് വലിയൊരു ആശ്വാസമായിരുന്നു. ജയരാമൻ ഗംഗാസ്നാനത്തിനായി പോയ സമയത്ത് കൂട്ടുകാർ അവൻറെ ടാബ് പരിശോധിച്ചു. യാത്രയിലുട നീളം അവനതിൽ കുത്തിക്കുറിക്കുന്നത് അവർ കണ്ടിരുന്നു. അതെന്തന്നറിയാനുള്ള ആകാംക്ഷ അവർക്ക് അടക്കി വെക്കാനായില്ല. അവരുടെ ഊഹം ശരിയായിരുന്നു. ജയരാമൻ തൻറെ പുതിയ കഥ എഴുതിത്തുടങ്ങിയിരുന്നു. വിറയാർന്ന കരങ്ങളിൽ നിന്ന് ടാബ് വഴുതിപ്പോകുമെന്ന് പിള്ളേച്ചന് തോന്നി. അതയാൾ മേശപ്പുറത്ത് വച്ചു. അവർ അതിലെ വലിയ അക്ഷരത്തിലെഴുതിയ കഥയുടെ പേര് വായിച്ചു.


             "രക്താംഗിതൻ"


"അവൻ സുദിർഘമായ തൻറെ നിദ്രയിൽ നിന്നുമുണർന്നു. അവൻറെ നാവ് രക്തത്തിനായി ദാഹിച്ചു. നൂറ്റാണ്ടുകൾ നീണ്ടു നിന്ന് നിദ്ര വെടിഞ്ഞ് അവൻ വരികയാണ്, മരണത്തിൻറെ വിത്ത് ഈ ലോകത്ത് വിതച്ച് വിളവെടുക്കാനായി..............നിങ്ങൾക്കവനെ കാണാനാകില്ല.... നിങ്ങൾക്കരികലെവിടെയും അവനുണ്ടാകാം... കരുതിയിരിക്കുക........"


ഇത്രമാത്രമാണ് അതിലെഴുതിയിരുന്നത്. അപ്പോൾ ജയരാമൻ എഴുതിത്തുടങ്ങിയിരിക്കുന്നു, മരണത്തിൻറെ കഥ. ആവർ മുഖാമുഖം നോക്കി.


        ഗംഗയിൽ മുങ്ങിക്കുളിച്ച് വല്ലാത്തൊരു ആത്മ സംത്യപ്തിയോടെ പടിക്കെട്ടുകൾ കയറി വന്ന ജയരാമൻറെ വഴി തടഞ്ഞുകൊണ്ട് ഒരാളിരിക്കുന്നുണ്ടായിരുന്നു. ശരീരം മുഴുവൻ ചുടലഭസ്മം പൂശിയ ജട നിറഞ്ഞ തലയിൽ നിറയേ രുദ്രാക്ഷ മാലകൾ ചുറ്റിയ, നീണ്ട താടി രോമങ്ങളുള്ള അഘോരി. മുഖം മുഴുവൻ ചുടല ഭസ്മം പൂശി നെറ്റിയുടെ മദ്ധ്യത്തിൽ വലിയ ചുവന്ന പൊട്ട് ചാർത്തി, കൈയ്യിൽ ചുടലഭസ്മം നിറച്ച തലയോട്ടിയുമായിരിക്കുന്ന ആ അഘോരിയുടെ രൂപം വല്ലാതെ ഭയം ജനിപ്പിക്കുന്നതായിരുന്നു. അയാൾ പരിചിത ഭാവത്തിൽ ജയരാമനെ നോക്കി ചിരിച്ചപ്പോൾ നാവിൽ ചോരച്ചുവപ്പായിരുന്നു. അയാൾ ഒരു ഹിന്ദി ദിനപ്പത്രം ജയരാമന് നേർക്ക് നീട്ടി. അതിലെ ചെറിയൊരു വാർത്ത ജയരാമൻറെ കണ്ണിലുടക്കി. സിംലയിലെ മലയിടിച്ചിലിനെക്കുറിച്ചുള്ള വാർത്തയായിരുന്നു അത്. തങ്ങൾ താമസിച്ചിരുന്ന ഹോട്ടലിന് തൊട്ടടുത്ത സ്ഥലത്തിൻറെ പേരായിരുന്ന ആ വാർത്തിയിലുണ്ടായിരുന്നത്. വാർത്തക്കൊപ്പമുള്ള ചിത്രത്തിലേക്ക് നോക്കിയ ജയരാമൻ ആ സ്ഥലം വേഗത്തിൽ തിരിച്ചറിഞ്ഞു. ആ നാഗസന്ന്യാസി താമസിച്ചിരുന്ന, തങ്ങൾ തിരികെപ്പോരും മുൻപ് അവസാനമായി സന്ദർശിച്ച ആ ചെങ്കുത്തായ മലയടിവാരത്തിലെ ഗുഹാമുഖം. അത് പാറക്കല്ലുകൾ വീണ് തകർന്ന് കിടക്കുന്നു. രക്ഷാ പ്രവർത്തനം പോലും അസാദ്ധ്യമാക്കും വിധം. ഉള്ളിലൊരു നടക്കമുണ്ടായി ജയരാമന്. എന്തിനായിരിക്കും ഈ അഘോരി ഈ പത്രം തൻറെ കയ്യിൽ കൊണ്ട് തന്നത്? അയാൾ തങ്ങളെ പിന്തുടർന്ന് വന്നതായിരിക്കുമോ? അതോ അതീന്ദ്രിയജ്ഞാനം വഴി അറിഞ്ഞതാവുമോ ഇതൊക്കെ? കുറേയധികം ചോദ്യങ്ങൾക്കുത്തരത്തിനായി  ആ അഘോരിയെ തിരഞ്ഞപ്പോഴാണ് അയാളവിടെയില്ലെന്ന് ജയരാമൻ തിരിച്ചറിഞ്ഞത്. ചുറ്റുപാടും തിരഞ്ഞ ജയരാമനെ കുറേയധികം അഘോരികളെ കാണാനായി പക്ഷേ അൽപം മുൻപ് തൻറെയരികിൽ വന്നയാൾ മാത്രമില്ല. ആ മുഖം ഒരിക്കൽ കൂടി ഓർത്തെടുക്കാൻ അയാൾ ശ്രമിച്ചു.

           ആ മുഖം..... ആ മുഖം തിരിച്ചറിഞ്ഞ നിമിഷം ജയരാമൻറെ ശരീരത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്ന പോലെ തോന്നി......... തലയിൽ വല്ലാത്തൊരു മുഴക്കം..... നെഞ്ചിൽ വല്ലാത്തൊരു വേദന... ഒരു നിമിഷം താൻ ഹിമാലയത്തിലെ ഗുഹക്ക് മുന്നിൽ ഒരു പറ്റം ചെന്നായ്ക്കൾക്ക് നടുവിൽ നിൽക്കുകയാണെന്ന് ജയരാമന് തോന്നി. ജയരാമൻറെ തലക്ക് മീതെ ഒരസ്ത്രം പാഞ്ഞുവന്ന് മുന്നിൽ പടിക്കെട്ടിന് സമീപം ഗംഗയിൽ പതിച്ചു. അടുത്ത നിമിഷം ജയരാമൻ കണ്ടു. ആ അമ്പിൻറെ മുനയിൽ പിടക്കുന്ന വലിയൊരു മത്സ്യം...
 
തുടരും...

അദ്ധ്യായം-7

അദ്ധ്യായം-7

4.5
815

      ആ അസ്ത്രം  വന്ന വഴിയിലേക്ക് തിരിഞ്ഞ് നോക്കിയ ജയരാമൻ കണ്ടു, ആ മുഖം. ആൾത്തിരക്കിൽ നിന്ന് ഒഴിഞ്ഞ് മാറി ഒരു കോണിൽ വന്യമായ ചിരിയോടെ തന്നെ നോക്കി നിൽക്കുന്ന അഘോരി. അതേ ഇതയാൾ തന്നെ, ഹിമാലയത്തിൽ വച്ച് തന്റെ ജീവനെടുക്കാൻ വന്ന ചെന്നായയിൽ നിന്നും രക്ഷിച്ച അതേ അഘോരി. തൊട്ടടുത്ത നിമിഷം തന്റെ പിന്നിൽ വലിയൊരു ചിറകടിയൊച്ച കേട്ട ജയരാമൻ തിരിഞ്ഞു നോക്കി. ഒരു നിമിഷം മുൻപ് അമ്പേറ്റ് പിടത്ത് പൊന്തിയ മത്സ്യത്തെ അമ്പ് സഹിതം റാഞ്ചിയെടുത്ത് പറക്കുന്ന വലിയൊരു പരുന്ത് . അത് ജയരാമന്റെ തലക്ക് മുകളിലൂടെ ചിറകടിച്ചു പറന്ന് പോയി. ദൃഷ്ടിയിൽ നിന്നും മറയുന്നത് വര