Aksharathalukal

പ്രിയപ്പെട്ട പരേതാവ്"

"ആളൊഴിഞ്ഞു അരങ്ങൊഴിഞ്ഞു..
മാവിൻ കഷ്ണമാണോ റബ്ബർ കഷ്ണമാണോന്ന് അറിയില്ല നല്ല ആളികത്തുന്നുണ്ട്.എന്തായാലെന്താ..
ചന്ദനമുട്ടിയിൽ മാത്രമേ എരിയാവൂ എന്ന വാശിയോന്നും ഇല്ലായിരുന്നല്ലോ..
എല്ലാവരും കഷ്ടപ്പെട്ടു വരുത്തിയ കണ്ണുനീർ തുടച്ച് പതിവ് തിരക്കുകളിലേക്ക് നടന്നു നീങ്ങുന്നു.
 
ഇനി ഇവിടെ നിന്നിട്ട് എന്തുകാര്യം..

 
ഞാനും പോകുന്നു... !

 
"എന്ന് പ്രിയപ്പെട്ട പരേതാവ്"
 
ജീവിതം, ജന്മം, ഒരായുസ്സ്...
ജീവിച്ചു തീർക്കാൻ ഒരുപാട് ദിനങ്ങൾ..
 
എല്ലാം അവസാനിക്കുന്ന ആ ദിനം...
 
സ്വകാര്യ ആശുപത്രിയിലെ ഡോ്ടർമാരുടെ പതിനെട്ടാമത്തെ അടവ് പരീക്ഷിക്കുന്ന ആ തണുപ്പ് നിറഞ്ഞ മുറിയിൽ ഒറ്റക്കായിരുന്നു...എങ്കിലും തണുപ്പൊന്നും എനിക്ക് തട്ടുന്നില്ല. ശരീരം മാത്രമേ കിടക്കുന്നുള്ളു  മനസ്സ് പൂർണ ആരോഗ്യവാനായി എണീറ്റിരിപ്പുണ്ട്,
 
കടം വാങ്ങിയതൊ ശേഷിച്ച ഉരുപ്പടി പണയം വെക്കുകയോ ചെയ്തായിരിക്കാം
ഇ ഭാരിച്ച ചിലവുകൾ അ പാവം വഹിക്കുന്നത്
 
പക്ഷേ ഒന്ന് മാത്രമായിരുന്നു മനസ്സിൽ.
മന്ത്രിച്ചിരുന്നത്..
പോകുന്ന നേരത്ത് യാത്രയാക്കാൻ അവള് കൂടെ വേണം.
 
ഒറ്റ മോളെ കൈപിടിച്ചെല്പിച്ച നിമിഷം മുതൽ നിനക്ക് ഞാനും എനിക്ക് നീയും മാത്രമായി മാറി.
 
അധികം സമയമില്ല, കൊണ്ടുപോകാൻ ആളുവന്നു നിൽപ്പുണ്ട്..കണ്മുൻപിൽ എന്തോ ഒന്ന് ഒഴുകി ഒഴുകി നില്കുന്നു, എനിക്കത് വെക്തമായി കാണാം..പക്ഷേ കൊമ്പൻമീശയും കയറും പോത്തും ഒന്നും കാണാത്തതിൽ സംശയമുണ്ട്. 
 
പറയത്തക്ക ജോലിയോ സമ്പാദ്യമൊ ഒന്നും ഇല്ലാതെ അവൻ അവൻ്റെ ജീവിതം ഒറ്റക്ക് അസ്വതിച്ച് അങ്ങൂപോയി..അവൾക്കിനി ആരാ തുണ. മുന്നോട്ടുള്ള ജീവിതം എങ്ങനെ തള്ളിനീക്കും. ഒരു മോൾ ഉള്ളതാണെക്കിൽ ദൂരെയും ജോലിയുടെ തിരക്കിലും, സ്വന്തമെന്നു പറയാനുള്ളവർ ആഘോഷങ്ങൾക്കും മരിപ്പിനും മറ്റുചടങ്ങുകൾക്കും മാത്രം വന്നുപോകും.
 
അവസാനമായി കാണാൻ വന്ന അടുത്ത സുഹൃത്ത് എന്നെ പഠിച്ചുകൊണ്ടിരിക്കുന്ന ഡോക്ടറോട് ഇത് പറഞ്ഞപ്പോൾ മനസ്സിൽ വല്ലാത്തൊരു വിങ്ങൽ. 
 
അവള് ഒറ്റക്കാണിപ്പോൾ..അല്ലെങ്കിലും അവളെന്നും ഒറ്റക്കായിരുന്നില്ലെ..? ഇപ്പൊൾ അതാ അവൾക്കിഷ്ടം. 
 
തനിച്ചായവരുംപ്രണയിക്കും...
ആരെയെന്നറിയാമോ?
 
"ഓർമ്മകളെയും ഇരുട്ടിനെയും"
 
 
ഡോക്ടർ എന്തൊക്കെയോ എന്നിൽ ചെയ്തു നോക്കുന്നുണ്ട്, പക്ഷേ മുഖഭാവം കണ്ടാലറിയാം ഒന്നും അങ്ങ്  മെനയാകുന്നില്ല...കൂടെ ഉണ്ടായിരുന്ന വെള്ളകുപ്പായകാരിയായ തൻ്റെ സീനിയർ നഴ്സിൻ്റെ മുഖത്ത് നോക്കി ഡോക്ടർ മൊഴിഞ്ഞു. 
 
"ഏറിയാൽ രണ്ടു മണിക്കൂർ"
 
അവള് പുറത്തെ കസേരയിൽ ചാരി ഇരിപ്പുണ്ട് കണ്ണുകൾ അടച്ച്.
 
കരയാൻ തക്കവണ്ണം കണ്ണുനീർ അവളുടെ കണ്ണുകൾ ഇപ്പൊൾ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ഒരു ജന്മം കരഞ്ഞു തീർക്കേണ്ട കണ്ണുനീരോക്കെ അവള് എന്നേ ഒഴുക്കികളഞ്ഞിരിക്കുന്നു. അതിൻ്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു. 
 
ഡോക്ടർ പുറത്തുപോയി എൻ്റെ എല്ലാമെല്ലാമായവളോട് അത് പറഞ്ഞു.ഞങ്ങളാൽ കഴിയുന്നതോക്കെ ചെയ്തു കഴിഞ്ഞു..കയറി കണ്ടോളാൻ.. 
 
തെല്ലും പതറാത്ത മുഖം ഞാൻ അവളിൽ കണ്ടു. അടുക്കൽ വന്നു ചലനമറ്റ കൈകളിൽ അമർത്തി.
കരയുന്നില്ലെക്കിലും അവളുടെ ചുണ്ടുകൾ വിറക്കുന്നുണ്ട്. 
 
 
അവളോർത്തു'  ബോധം നഷ്ടപ്പെടുന്നതിന് തൊട്ടുമുൻപ് ഒരു വെള്ള കടലാസ് നഴ്സ് അവളെ ഏൽപ്പിച്ചിരുന്നു...ഞാൻ പോയതിനു ശേഷം മാത്രം അത് വായിക്കണം, എന്നു നഴ്‌സിനോട് പറഞ്ഞെല്പിച്ചതാണ്. എന്തൊക്കെയോ അതിൽ കുത്തികുറിച്ചിട്ടുണ്ട്.. അപ്പോഴത്തെ മാനസികാവസ്ഥയിൽ അവള്ക്കത് എന്താണെന്ന് അറിയാനുള്ള ആകാംശയൊന്നും ഇല്ലായിരുന്നു. പക്ഷേ ഇപ്പൊൾ അവളത് വായിക്കുന്നുണ്ട്.
 
 
" ജീവിച്ചിരുന്നപ്പോൾ ഒരിറ്റു സന്തോഷം തരാത്ത ഞാൻ..ഇപ്പൊൾ നിന്നെ സ്നേഹിക്കുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല. എനിക്കറിയില്ല സ്നേഹിക്കാൻ.. അല്ല..സ്നേഹം പ്രകടിപ്പിക്കാൻ എന്ന് പറയുന്നതാവും ശരി..നിങ്ങൾക്ക്മുൻപിൽ ഒരായുസ്സ് മുഴുവൻ വെറുതെ കളഞ്ഞ ഒരുവനായിരിക്കാം ഞാൻ, പക്ഷേ ഞാൻ പോയികഴിയുമ്പോൾ അവർ നിന്നോട് ചോദിക്കും ഇനി മുന്പോട്ടുള്ള ജീവിതം എങ്ങനെയെന്ന്. അതിനുള്ള ഉത്തരമാണ് നീ ഇപ്പൊൾ വായിക്കുന്ന കടലാസ്.. ജീവിക്കാൻ വേണ്ടി ആരുടെയും മുൻപിൽ നിനക്ക് ഇരകേണ്ടി വരില്ല. ബാങ്കിൽ എൻ്റെ പേരിൽ ഒരു FD ഉണ്ട്.
അതിനി നിനക്കുള്ളതാണ്..
ഒരുപാടൊന്നും ഇല്ലെങ്കിലും നിനക്ക് ആയുഷ്കാലം ജീവിക്കാനുള്ളത് അതിലുണ്ടാവും.
ഓരോ മാസവും കിട്ടുന്നത് മതിമറന്ന് ചിലവാക്കുമ്പോഴും അതിൽ ഒരു തുക മാറ്റിവെക്കാൻ ഞാൻ മറന്നില്ല...എനിക്കറിയാമായിരുന്നു ഇങ്ങനെ ഒരു ദിവസം വരുമെന്ന്... അന്ന് നീ എന്നെ ശപിച്ചുകൊണ്ട് യാത്രയാക്കരുതെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു.
 
ഒരു കാര്യം ഞാൻ ഇപ്പോഴും പറയുന്നു..ജീവിതം ഒന്നുമാത്രം മനുഷ്യന്..
ആവോളം സന്തോഷം കണ്ടെത്തണം തന്നെത്താൻ..പോകുമ്പോൾ മനസ്സു പറയണം നീ ജീവിതം ആസ്വദിച്ചിട്ടാണ് പോകുന്നതെന്ന്. അത് എനിക്ക് കിട്ടി...പക്ഷേ നിനക്ക്.......?
 
 
മരവിച്ച മനസ്സോടെ, അവളെന്നോട് ചോദിച്ചു.. എന്തെങ്കിലും ആഗ്രഹം ബാക്കിയുണ്ടായിരുന്നോ? 
 
നീ അത് ചോദിച്ചലോ... എനിക്കത് അറിയില്ല...പക്ഷേ ഇപ്പൊ ഒരാഗ്രഹം മാത്രേ മനസ്സിലുള്ളു.
പോകുമ്പോൾ ഒരാൾക്കുപോലും എന്നോട് ദേഷ്യം ഉണ്ടാവാതിരിക്കണം.
അത് അവസാന ആഗ്രഹം മാത്രമായിരുന്നില്ല. ജീവിതത്തിൽ ഉണ്ടായിരുന്ന ഒരേയൊരു ലക്ഷ്യവും  അതുതന്നെയായിരുന്നു ..
നിർഭാഗ്യവശാൽ എനിക്കാ ലക്ഷ്യത്തിൽ എത്തുവാൻ സാധിച്ചില്ല. സാരമില്ല..
എനിക്കറിയാം ആരൊക്കെ വെറുത്താലും നിനക്ക് ഞാൻ പ്രിയപ്പെട്ടവൻ ആയിരുന്നെന്ന്...
 
തളരരുത്...
 
അല്ല ഞാൻ ഇ പറയുന്നതൊക്കെ ആരോടാ...?
 
എൻ്റെ ആത്മാവ് പുലമ്പുന്നത് നിനക്കെങ്ങനെ വായിച്ചെടുക്കുവാൻ കഴിയും? വളരെ വൈകിപ്പോയി...
പറഞ്ഞിട്ടു കാര്യമില്ല...
 
 
ഞാൻ പോകുന്നു.
ഇനിയൊരു തിരിച്ചുവരവില്ല.
 
പോകുമ്പോൾ ഒന്നും എടുക്കുവാൻ പറ്റിയില്ല...അല്ല...എടുക്കുവാൻ പറ്റുന്നില്ല".....
 
പകരം, എൻ്റെ പ്രിയപ്പെട്ടവൾക്ക് ' ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത എൻ്റെ നശിച്ച ഓർമകൾ മാത്രം തിരിച്ചു നൽകി ഞാൻ യാത്രയാകുന്നു...
 
 
 
സജിൻ ഹരിബാല
 
©️  Copyright protected
 
#Copyright notice: The copyright of the above literary work is owned by the author. and rights reserved under indian copyright act 1957. Any reproduction if this work in any form without permission will face legal consequences under copyright infringement.