"എന്താ പാർവതി ഒരു മൈന്റ് ഇല്ലാതെ പോവുന്നേ " രാത്രി ഭക്ഷണം കഴിക്കാൻ വർണയെ വിളിക്കാൻ മുകളിലേക്ക് വന്നതാണ് പാർവതി.
ദത്തൻ വർണയുടെ മുറിയിലേക്ക് പോകുന്നത് പാർത്ഥി കണ്ടിരുന്നതിനാൽ അവൻ വർണക്ക് തലവേദനയാണെന്നും ആരും ശല്യം ചെയ്യണ്ടാ എന്നും പറഞ്ഞിരുന്നു.
അഭിജിത്തിന്റെ ശബ്ദം കേട്ട് പാർവതി ഒന്ന് നിന്നു.
"എന്താ നിന്റെ ഉദ്ദേശം. നീ എന്തിനാ ഇവിടേക്ക് വന്നത് " പാർവതി ചോദിക്കുന്നത് കേട്ട് അഭിജിത്ത് ഒന്ന് ചിരിച്ചു.
"എന്റെ ഉദ്ദേശം എന്താണെങ്കിലും അത് പാർവതിയെ ബാധിക്കുന്ന കാര്യമല്ലാ "
" നീ എന്റെ വീട്ടിലാണ് നിൽക്കുന്നത്. അതുകൊണ്ട് നീ ചെയ്യുന്ന കാര്യങ്ങൾ എന്നേയും എനിക്ക് വേണ്ടപ്പെട്ടവരേയും ബാധിക്കും. നിന്റെ ഉദ്ദേശങ്ങൾ ഒന്നും ഞാൻ ഇവിടെ ഉള്ളപ്പോൾ നടക്കില്ലാ അഭിജിത്തേ"
"അങ്ങനെ എന്നേ പേടിപ്പിക്കാതെ എന്റെ പാർവതി. എന്നാ നീ ഒരു കാര്യം കേട്ടോ ഈ കുടുംബത്തിൽ നിന്റെ വാക്കിന് ഇനി ആരും വില കൊടുക്കില്ല. പിന്നെ എന്റെ ആവശ്യങ്ങൾ ഞാൻ നേടിയെടുത്തിരിക്കും. അതും നിന്റെ മുൻപിൽ വച്ച്. നിനക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ലാ " അത് പറഞ്ഞ് അഭിജിത്ത് താഴേക്ക് പോയി.
അവന്റെ വാക്കുകൾ പാർവതിയിൽ ഒരു ഭയം സൃഷ്ടിച്ചിരുന്നു . അവൾ നേരെ വർണയുടെ റൂമിലേക്ക് നടന്നു. അവൾ നല്ല ഉറക്കത്തിലാണ് എന്ന് കണ്ടതും പാർവതി അവളുടെ അരികിൽ ഇരുന്നു.
" വർണാ എണീക്ക് " അവൾ തട്ടി വിളിച്ചതും വർണ പതിയെ കണ്ണ് തുറന്നു. അവളുടെ നോട്ടം ആദ്യം പോയത് ദത്തൻ കിടന്ന സ്ഥലത്തേക്കാണ്. അവൻ എപ്പോഴോ എണീറ്റ് പോയിരുന്നു.
" എന്ത് ഉറക്കമാ ഇത് . ഭക്ഷണം കഴിക്കാറായി. എണീറ്റ് ഫ്രഷാവ് " പാർവതി അവളെ ബെഡിൽ നിന്നും എണീപ്പിച്ചു.
എന്തുകൊണ്ടോ വർണയുടെ മനസിന് ഒരു സുഖം തോന്നുന്നുണ്ടായിരുന്നില്ല. അവൾ ബാത്ത് റൂമിൽ പോയി ഫ്രഷായി പാർവതിയുടെ കൂടെ താഴേക്ക് വന്നു.
"ദേ അവരും വന്നു. ഇനി ചന്ദ്രശേഖരൻ കാര്യം പറയു. എന്തോ പറയാനുണ്ട് എന്ന് പറഞ്ഞില്ലേ." വർണയും പാർവതിയും വന്ന് ഇരുന്നതും മുത്തശി പറഞ്ഞു.
എല്ലാവരും ഡെയ്നിങ്ങ് ടേബിളിനു ചുറ്റും ഉണ്ട്. ചന്ദ്രശേഖരന്റെ മുഖ ഭാവത്തിൽ നിന്ന് തന്നെ എന്തോ പ്രധാനപ്പെട്ട വിഷയമാണെന്ന് എല്ലാവർക്കും മനസിലായി.
" അഭിജിത്ത് ഈ വീട്ടിലേക്ക് വന്നിട്ട് രണ്ടാഴ്ച്ച ആവാറായി. എല്ലാവർക്കും അഭിയെ ഇഷ്ടപ്പെട്ട സ്ഥിതിക്ക് നമ്മുക്ക് എൻഗേജ്മെന്റ് നടത്തിയാലോ എന്ന ഒരു തോന്നൽ എന്താ നിങ്ങളുടെ അഭിപ്രായം. "
ചന്ദ്രശേഖരൻ അത് പറഞ്ഞതും നിമ്മിയുടെ മുഖത്ത് ഒരു നാണം മിന്നി മറഞ്ഞു. ശ്രീയുടെ മുഖത്ത് നിരാശയും.
" ഞാൻ സമ്മതിക്കില്ലാ " അത് കേട്ടതും പാർവതി ഉറക്കെ പറഞ്ഞു.
"എന്തു കൊണ്ട് " ചന്ദ്രശേഖരൻ .
" അഭിജിത്തിന്റെ ഈ രണ്ടാഴ്ച്ചത്തെ പരിചയം മാത്രമല്ലേ ഉള്ളൂ. കാര്യങ്ങൾ എല്ലാം നന്നായി ഒന്ന് അന്വേഷിച്ചറിഞ്ഞ ശേഷം മതി എൻഗേജ്മെന്റും കല്യാണവുമൊക്കെ " പാർവതി അഭിജിത്തിനെ നോക്കി വെറുപ്പോടെയാണ് അത് പറഞ്ഞത്.
"എന്താ ചേച്ചി ഇങ്ങനെയൊക്കെ പറയുന്നേ. ഞാനും അഭിജിത്തും ഒരുമിച്ച് വർക്ക് ചെയ്യുന്നവരല്ലേ . എനിക്ക് അറിഞ്ഞൂടെ ജിത്തുവിനെ .."
"നിനക്ക് മാത്രം അത് അറിഞ്ഞാൽ പോരാ. മറ്റുള്ളവർക്ക് കൂടി അത് ബോധ്യപ്പെടണം"
"പാർവതിക്ക് എന്നേ കുറിച്ച് എന്താണ് അറിയേണ്ടത് " അഭിജിത്ത് അവളെ നോക്കി നിഷ്കളങ്ക ഭാവത്തിൽ ചോദിച്ചു.
"ഞങ്ങൾ കുടുംബക്കാർ സംസാരിക്കുമ്പോൾ അത് ഇടപ്പെടാൻ നിനക്ക് എന്താ അവകാശം "
" ചേച്ചീ... മാന്യമായി സംസാരിക്കണം " നിമ്മി.
"മാന്യത എന്നോട് അല്ലാ ഇവനോട് കാണിക്കാൻ പറ "
"പാർവതി നിർത്ത് " അവളുടെ അമ്മയുടെ ശബ്ദം ഉയർന്നു.
"നിന്നെ പോലെ എന്റെ മക്കളും കല്യാണം കഴിക്കാതെ ഈ വീട്ടിൽ നിൽക്കട്ടെ എന്ന് ആണോ . നീ കാരണം ആണ് എന്റെ മൂത്ത മോൻ ഇപ്പോഴും വിവാഹം വേണ്ടാ എന്ന് പറഞ്ഞ് നടക്കുന്നത്. ഇപ്പോ ദാ ഇളയ മോളുടെ കല്യാണ കാര്യം വന്നപ്പോൾ അതും മുടക്കാൻ ശ്രമിക്കുന്നു. "
"അമ്മേ ഞാൻ .. "
"എനിക്ക് ഒന്നും കേൾക്കണ്ടാ. നിമ്മിക്ക് അഭിയെ ഇഷ്ടമാണ്. അഭിക്ക് നിമ്മിയേയും . ഈ തറവാട്ടിലെ മുതിർന്ന കാരണവൻമാർക്ക് ഇതിന് സമ്മതമാണെങ്കിൽ ഞങ്ങൾ ഇത് നടത്തും. " അമ്മ തറപ്പിച്ച് പറഞ്ഞു.
"മുത്തശിയും ഇതിനൊക്കെ കൂട്ടു നിൽക്കാണോ " പാർവതി മുത്തശിയോട് ചോദിച്ചതും മുത്തശി മറുപടിയൊന്നും പറഞ്ഞില്ല.
അതു കൂടി കണ്ടതും പാർവതി ആകെ തളർന്നിരുന്നു. അവൾ ധ്രുവിയുടെ മുഖത്തേക്ക് നോക്കിയതും അവൻ ഒന്നുമില്ലാ എന്ന രീതിയിൽ ഒന്നു കണ്ണു ചിമ്മി കാണിച്ചു. അവന്റെ മുഖത്തെ പുഞ്ചിരി പതിയെ അവളിലേക്ക് വ്യാപിച്ചു.
" മറ്റാർക്കും എതിർപ്പ് ഇല്ലെങ്കിൽ നാളെ തന്നെ ആ ജോത്സ്യനെ കണ്ട് ഒരു നല്ല ദിവസം ചടങ്ങ് നടത്താം . എന്തു പറയുന്നു " മുത്തശി ചെറിയ മുത്തശിയെ നോക്കി ചോദിച്ചു.
"എന്താന്നു വച്ചാ ഉച്ചിതം പോലെ ചെയ്യു " ചെറിയ മുത്തശി അത് പറഞ്ഞ് ഭക്ഷണം കഴിച്ച് എണീറ്റ് പോയി.
കാര്യങ്ങൾ തങ്ങൾ ഉദ്ദേശിച്ച രീതിയിൽ മുന്നോട്ട് പോകുന്ന സന്തോഷത്തിൽ അഭിജിത്തും ചന്ദ്രനും ഊറി ചിരിച്ചു.
***
ചന്ദ്രശേഖറിന്റെ ഓഫീസ് റൂമിൽ നിന്നും ആ ഫയൽ എടുക്കാൻ ശ്രമിക്കുകയാണ് അഭിജിത്ത്. എന്തോക്കെ ചെയ്തിട്ടും ആ റൂമിൽ കയറാൻ സാധിക്കുന്നില്ല.
അവൻ മനസിൽ എന്തോക്കെയോ ഉറപ്പിച്ച് ചന്ദ്രശേഖറിന്റെ അരികിലേക്ക് പോകുമ്പോഴാണ് മുകളിലെ നീളൻ വരാന്തയിൽ നിൽക്കുന്ന ധ്രുവിയേയും പാർവതിയേയും കണ്ടത്.
"അപ്പോ ഇവിടെ ഇങ്ങനെ ചില കാര്യങ്ങൾ നടക്കുന്നുണ്ടല്ലേ. ശരിയാക്കി തരാം " അത് പറഞ്ഞ് അവൻ നേരെ ചന്ദ്രന്റെ റൂമിലേക്ക് നടന്നു.
***
" എനിക്ക് പേടിയാകുന്നുണ്ട് ധ്രുവി . നിമ്മി..അവൾ ഒരു പാവമാ. അഭിജിത്ത് അവളുടെ ജീവിതം തകർക്കുമോ എന്ന പേടി എനിക്ക് ഉണ്ട്. ഞാൻ പറഞ്ഞത് അവർ ആരും വിശ്വസിക്കുന്നില്ല.
"താൻ ഇങ്ങനെ വിഷമിക്കാതെ. നാളെ തന്നെ അവരുടെ കല്യാണം നടത്തില്ലല്ലോ. നമ്മുക്ക് എന്തെങ്കിലും വഴി നോക്കാം "
" ഇനി നമ്മൾ എന്തോക്കെ പറഞ്ഞാലും ചെയ്താലും ആരും വിശ്വസിക്കില്ല. അവരുടേയെല്ലാം മുന്നിൽ ഞാൻ ഇപ്പോ ഏട്ടന്റെ കല്യാണം മുടക്കിയ, അനിയത്തിയുടെ കല്യാണം മുടക്കാൻ ശ്രമിക്കുന്ന സ്വാർത്ഥയല്ലേ . അഭിജിത്ത് നമ്മൾ വിചാരിക്കുന്ന പോലെ ഒരാൾ അല്ല.. അവൻ എന്തൊക്കെയോ കണക്കുകൂട്ടിയാണ് ഇവിടേക്ക് വന്നത്. "
" പക്ഷേ നിന്റെ അച്ഛൻ അഭിജിത്തിനെ കുറിച്ച് നന്നായി അന്വോഷിച്ചിട്ടാണ് ഈ കല്യാണം ഉറപ്പിക്കുന്നത് എന്നല്ലേ പറഞ്ഞത്. "
"അതാ എനിക്കും മനസിലാവാത്തത്. എല്ലാം അറിഞ്ഞിട്ടും അച്ഛൻ മനപൂർവം ഇങ്ങനെയൊക്കെ ചെയ്യുന്നതാണെങ്കിലോ "
" എയ് സ്വന്തം മോളോട് എതെങ്കിലും ഒരച്ഛൻ ഇങ്ങനെയൊക്കെ ചെയ്യുമോ "
" ഇല്ലായിരിക്കാം. പക്ഷേ എന്റെ അച്ഛൻ ചെയ്യും. അത് മറ്റാരാെക്കാളും അനുഭവം എനിക്ക് ഉണ്ടല്ലോ. സ്വന്തം മക്കളുടെ ജീവിതം നശിപ്പിച്ചാണെങ്കിലും സ്വത്തും പണവും ഉണ്ടാക്കണം എന്ന് കരുതുന്ന അച്ഛൻ " അവൾ വെറുപ്പോടെ പറഞ്ഞു.
"താൻ സങ്കടപ്പെടാതെ. ഞങ്ങളാെക്കെ ഇല്ലേ കൂടെ " ധ്രുവി അവളുടെ തോളിൽ കൈ വച്ച് പറഞ്ഞു. അവൾ പുഞ്ചിരിയോടെ അവന്റെ തോളിലേക്ക് തല വച്ച് നിന്നു.
***
"നിങ്ങൾ ഇവിടെ ഫയലും നോക്കി ഇരുന്നോ . അവിടെ മകളുടെ ലീലാവിലാസങ്ങൾ ഒന്നും അറിയണ്ടാ. ഈ റൂമിനകത്ത് വാതിലും അടച്ച് ഇങ്ങനെ ഇരുന്നാ മതിയല്ലോ "
ഓഫീസ് റൂമിലേക്ക് കയറി വന്ന അഭിജിത്ത് പറയുന്നത് കേട്ട് ചന്ദ്രശേഖർ സംശയത്തോടെ ഫയലിൽ നിന്നും തല ഉയർത്തി നോക്കി.
"നീ ആരുടെ കാര്യമാ പറയുന്നേ "
" വേറെ ആര് . നിങ്ങളുടെ മകൾ തന്നെ. അവിടെ ചെന്ന് നോക്ക്. ഞാൻ അന്ന് പൂർണിയോട് കുറച്ച് ക്ലോസ് ആയി നിന്നതിന് താൻ എന്തൊക്കെ പറഞ്ഞു. എന്നിട്ട് ഇപ്പോ നിങ്ങളുടെ മൂത്തമോള് കാണിച്ചു കൂട്ടുന്നത് "
" നീ പാർവതിയുടെ കാര്യമാണോ പറയുന്നേ "
"എന്നെ നിന്ന് ചോദ്യം ചെയ്യാതെ സാറ് ചെന്ന് നോക്ക്" അത് പറഞ്ഞത് അഭി ചന്ദ്രനെ പുറത്തേക്ക് പറഞ്ഞയച്ചു.
അയാൾ പോയി എന്ന് മനസിലായതും അഭിവേഗം ചന്ദ്രൻ കീ എടുത്ത് വച്ചിരിക്കുന്ന സ്ഥലത്തേക്ക് നടന്നു.
കീ എടുത്ത് അയാളുടെ കബാേഡിൽ നിന്നും ആവശ്യമായ ഫയൽ എടുത്ത് അവൻ അത് പോലെ ലോക്ക് ചെയ്ത് പുറത്തേക്ക് നടന്നു.
ആരും കണ്ടില്ലാ എന്ന് ഉറപ്പു വരുത്തിയ ശേഷം അവൻ തന്റെ റൂമിൽ കയറി വാതിൽ അടച്ചു. എന്നാൽ ഇതെല്ലാം മാറി നിന്ന് കണ്ട പാർത്ഥിയുടെ മുഖത്ത് ഒരു വിജയ ചിരി ചിരിച്ചു.
***
"പാർവതി " പിന്നിൽ നിന്നുള്ള വിളി കേട്ട് പാർവതി ധ്രുവി യുടെ തോളിൽ നിന്നും തല ഉയർത്തി തിരിഞ്ഞ് നോക്കി.
"എന്താ ഇതൊക്കെ ... ഇവൻ എന്താ ഈ രാത്രി നിന്റെ കൂടെ "
" ധ്രുവി എന്റെ കൂടെ ഇവിടെ നിന്നാ ഇപ്പോ എന്താ "
"എന്താ എന്നോ . കല്യാണ പ്രായമായ പെൺകുട്ടിയാ നീ . ഇതൊന്നും ശരിയല്ലാ "
" അപ്പോ അച്ഛൻ ചെയ്യുന്നതൊക്കെ ശരിയാണോ . " അവൾ അത് ചോദിച്ചതും ചന്ദ്രശേഖർ ഒന്ന് പതറി
" ഞാ..ഞാൻ അതിന് എന്ത് തെറ്റാ ചെയ്തേ "
" ഇല്ലേ .. അച്ഛൻ ഒരു തെറ്റും ചെയ്തിട്ടില്ലേ. എനിക്ക് ഒന്നും മനസിലാവുന്നില്ലാ എന്ന് അച്ഛൻ കരുതരുന്നത്. എല്ലാം അറിഞ്ഞിട്ടും ഞാൻ കണ്ണടച്ച് നിൽക്കുന്നത് അച്ഛനാണ് എന്ന പരിഗണന വച്ച് മാത്രമാണ് "
പാർവതിയുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയാത്തതിനാൽ ചന്ദ്രൻ ദേഷ്യത്തിൽ ധ്രുവിക്ക് നേരെ തിരിഞ്ഞു.
"നിങ്ങൾ തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടെങ്കിൽ അതെല്ലാം ഇന്നത്തോടെ നിർത്തിയേക്കണം. നിന്നെ പോലെ ഒരുത്തന് തരാനല്ലാ ഞാൻ എന്റെ മോളേ വളർത്തി വലുതാക്കിയത്. ഇനി എന്റെ ഭാഗത്ത് നിന്നും ഒരു സംസാരം ഉണ്ടാകില്ലാ. പ്രവ്യത്തിയെ കാണു. "
അയാൾ അത്രയൊക്കെ പറഞ്ഞിട്ടും ധ്രുവി കൈകൾ കെട്ടി പുഞ്ചിരിയോടെ നോക്കി നിൽക്കുകയാണ് ചെയ്തത്.
"പാർവതി .. താൻ പോയി കിടന്നോ. സമയം കുറേ ആയി. ഗുഡ് നെറ്റ് . " ധ്രുവി അവളുടെ മുഖം കൈകളിൽ എടുത്ത് നെറുകയിൽ ഉമ്മ വച്ചു.
"എനിക്കും സംസാരിച്ച് അല്ലാ പ്രവൃത്തിച്ച് തന്നെയാണ് ശീലം ... " ചന്ദ്രശേഖറിനെ നോക്കി പറഞ്ഞ് ധ്രുവി റൂമിലേക്ക് നടന്നു. പിന്നാലെ പാർവതിയും.
***
" ദേവാ അവൻ നമ്മുടെ വലയിൽ വീണു. അപ്പോ ബാക്കി നമ്മൾ പ്ലാൻ ചെയ്ത പോലെ അല്ലേ "
"എന്ത് പ്ലാനിന്റെ കാര്യമാണാവോ പറയുന്നേ. ഞങ്ങളോട് കൂടി ഒന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായേനേ " റൂമിലേക്ക് വന്ന ധ്രുവിയും ശ്രീയും ചിരിയോടെ ചോദിച്ചു.
"വേറൊന്നുമല്ലാ. നാളെ ഒരു ട്രിപ്പ് പോയാലോ എന്ന ഒരു പ്ലാൻ " ബെഡിൽ എണീറ്റ് ഇരുന്നു കൊണ്ട് ദത്തൻ പറഞ്ഞു.
" അത് പൊളിക്കും. എങ്ങോട്ടാ ദേവാ " ധ്രുവി
" അതൊക്കെ സർപ്രെയ്സ് . നമ്മൾ നാളെ നാല് പേരു കൂടി രാവിലെ ഇവിടെ നിന്നും ഇറങ്ങുന്നു. എന്റെ പൊന്നു മക്കൾ ഇപ്പോ ഇത്ര അറിഞ്ഞാ മതി. " ദത്തൻ
" നാളെ തന്നെ വേണോ. മറ്റൊരു ദിവസം പോരെ " ശ്രീ ചോദിച്ചു.
"അതെന്തിനാ മറ്റൊരു ദിവസം. നാളെ പോകണം . " ധ്രുവി അത് പറഞ്ഞ് ബെഡിലേക്ക് കിടന്നു.
"നീയെന്താ ഇന്ന് ഇവിടെയാണോ കിടക്കുന്നേ " പാർത്ഥി ധ്രുവിയോട് . ചോദിച്ചു.
" അവൻ മാത്രമല്ലാ ഞങ്ങളും " ദത്തനും ശ്രീയും കൂടെ കിടന്നതും പാർത്ഥി ചെന്ന് വാതിലടച്ച് ലൈറ്റ് ഓഫ് ചെയ്ത് അവരോടൊപ്പം കിടന്നു.
***
രാത്രി ധ്രുവിക്ക് ഹോസ്പിറ്റലിൽ നിന്നും ഒരു കോൾ വന്നതും അവൻ പോയി. പിറ്റേന്ന് അവന് വരാൻ കഴിയാത്തതിനാൽ ട്രിപ്പ് മാറ്റി വക്കാം എന്ന് പറഞ്ഞെങ്കിലും ധ്രുവി അതിന് സമ്മതിച്ചില്ല.
മാത്രമല്ലാ മറ്റൊരു കാര്യം കൂടി ഉള്ളതിനാൽ ദത്തനും പാർത്ഥിയും പോകാൻ തന്നെ ഉറപ്പിച്ചിരുന്നു. ശ്രീ വരുന്നില്ലാ എന്ന് പറഞ്ഞെങ്കിലും അവർ അതിന് സമ്മതിക്കാതെ കൂടെ കൊണ്ടുപോയി.
വെളുപ്പിന് തന്നെ മൂന്നുപേരും ഇറങ്ങി. അവർ വീട്ടിൽ നിന്നും പോയി എന്ന് അറിഞ്ഞ അഭി ചില കുടില തന്ത്രങ്ങൾ പ്ലാൻ ചെയ്തിരുന്നു.
രാവിലെ പാർവതിക്ക് വയ്യാത്ത കാരണം ഓഫീസിൽ പോവാൻ റെഡിയായെങ്കിലും പോയില്ലാ. പിരീഡ്‌സ് ആയാൽ അവൾക്ക് കടുത്ത വയറു വേദന ഉണ്ടാകാറുണ്ട്.
ഭദ്രയും ശിലുവും ദർശനയും രാവിലെ ക്ലാസിൽ പോയി . രാഗും, ദത്തന്റെ പപ്പയും ഓഫീസിൽ പോയി.
ഉച്ചവരെ വർണ അമ്മയുടേയും ചെറിയമ്മയുടെയും പിന്നാലെ ആയിരുന്നു. ഇടക്ക് അഭി ഓരോന്ന് പറഞ്ഞ് വർണയെ ഭീഷണി പെടുത്താൻ ശ്രമിച്ചു എങ്കിലും അവൾ കേട്ട ഭാവം നടിച്ചില്ലാ.
അമ്മ വർണയോട് നല്ല സ്നേഹം കാണിക്കുന്നതിൽ മാലതിക്ക് ചെറിയ ദേഷ്യം ഉണ്ടായിരുന്നു.
പാർവതിക്ക് വയ്യാത്തതു കൊണ്ട് വർണ ഇടക്കിടക്ക് അവളുടെ റൂമിലേക്ക് പോയി നോക്കുമായിരുന്നു.
ഉച്ചക്ക് ശേഷം മുത്തശിയും , ചെറിയമ്മയും , അമ്മയും , മാലതിയും ചന്ദ്രശേഖരനും കൂടെ എൻഗേജ്മെന്റ് ഡേറ്റ് ഫിക്സ് ചെയ്യാനായി ജോത്സ്യനേ കാണാൻ പോകുകയാണ്.
അവർ പോയി കഴിഞ്ഞതിനു പിന്നാലെ ചെറിയ മുത്തശിയെ വീട്ടിലാക്കാനായി അഭിയും നിമ്മിയും ഇറങ്ങി.
അവർ പോയതും വർണ പാർവതിയുടെ റൂമിലേക്ക് നടന്നു. അവൾ ഉറക്കത്തിലാണ് എന്ന് മനസിലായതും വർണ താഴേ വന്ന് ടി വി ക്ക് മുന്നിൽ ഇരുന്നു.
ദത്തനെ രണ്ട് തവണ വിളിച്ചു എങ്കിലും ഫോൺ എടുക്കുന്നില്ല. മുത്തശ്ശിയും മറ്റുള്ളവരും ജോത്സ്യന്റെ അരികിലേക്ക് പോകാൻ പെട്ടെനാണ് തീരുമാനിച്ചത്. അതുകൊണ്ട് ദത്തൻ അറിഞ്ഞിരുന്നില്ല.
വർണയും അവരുടെ കൂടെ പോകാൻ നിന്നതാണ്. പക്ഷേ പാർവതി ഒറ്റക്കാവും എന്നത് കൊണ്ടാണ് പോവാതെ ഇരുന്നത്.
അവൾക്ക് നന്നായി ബോറടിക്കാൻ തുടങ്ങിയിരുന്നു.
അടുക്കളയിൽ പോയി ഒരു ലെയ്സ് പാക്കറ്റും എടുത്ത് കൊണ്ട് വന്ന് ടിവിക്ക് മുന്നിലായി ഇരുന്നു.
***
വയറിൽ കൊളുത്തി പിടിക്കുന്ന വേദന തോന്നിയതും പാർവതി ഉറക്കത്തിൽ നിന്നും എണീറ്റു. അമ്മായി പോകുന്നതിനു മുൻപ് വയറു വേദന വരുകയാണെങ്കിൽ കുടിക്കാൻ വെള്ളം തിളപ്പിച്ച് വച്ചിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു.
പക്ഷേ അത് അടുക്കളയിൽ ആണ്. പാർവതി ഫോൺ എടുത്ത് വർണയെ വിളിച്ചു എങ്കിലും ഫോൺ എടുക്കുന്നില്ല. അവൾ എങ്ങനെയൊക്കെയോ ബെഡിൽ നിന്നും എണീറ്റ് താഴേക്ക് നടന്നു.
ഹാളിൽ അവളെ കാണാനില്ല. ഉമ്മറത്തെ മെയിൻ ഡോർ ലോക്കാണ്. അതുകൊണ്ട് വർണ റൂമിലായിരിക്കും എന്ന് കരുതി പാർവതി അടുക്കളയിലേക്ക് നടന്നു.
തിളപ്പിച്ച് വച്ചിരിക്കുന്ന വെള്ളം കുടിച്ചതും വയറു വേദനക്ക് ഒരു ആശ്വാസം തോന്നി. അവൾ സ്റ്റയർ കയറി വർണ യുടെ റൂമിലേക്ക് നടന്നു.
" വർണാ .. വർണാ." പാർവതി ഡോറിൽ തട്ടി വിളിച്ചു എങ്കിലും മറുപടിയൊന്നും ഇല്ല.
വീണ്ടും വിളിച്ചിട്ടും കേൾക്കാത്തത് കൊണ്ട് അവൾ ഉറങ്ങുകയാകും എന്ന് കരുതി പാർവതി തന്റെ റൂമിലേക്ക് തിരിച്ചു നടന്നു.
"ഇവൾ ഡോർ ലോക്ക് ചെയ്ത് കിടന്നുറങ്ങാറില്ലാലോ. ഇനി ഉറങ്ങുകയാണെങ്കിൽ തന്നെ അടുത്ത് കുട്ടിയെ പോലെ ഫോണും ഉണ്ടാകും. ഞാൻ വിളിച്ചാൽ അപ്പോൾ ഉണരേണ്ടത് ആണല്ലോ "
റൂമിലേക്ക് വന്ന പാർവതി തിരികെ വർണയുടെ റൂമിനടുത്തേക്ക് നടന്നതും അവിടെ നിന്നും വർണയുടെ വിളി കേട്ടതും ഒരുമിച്ചാണ്.
" ചേച്ചീ.. " തന്റെ വായിൽ അമർത്തി പിടിച്ചിരിക്കുന്ന അഭിജിത്തിന്റെ കൈകൾ എങ്ങനേയോ വലിച്ച് മാറ്റി വർണ ഉറക്കെ വിളിച്ചു.
" വർണാ .. വാതിൽ തുറക്ക് . എന്താ മോളേ പറ്റിയത് " പാർവതി ഡോറിൽ തട്ടി വിളിച്ചു. അവൾക്ക് വല്ലാതെ പേടി തോന്നി.
" ചേച്ചി . ഇയാൾ.... ദത്തനെ വിളിക്ക് ...." വർണ ഉറക്കെ അലറി പറഞ്ഞതും പാർവതി തന്റെ റൂമിലേക്ക് ഓടി.
എത്ര തിരഞ്ഞിട്ടും ഫോൺ കാണാനില്ല. ഫോൺ ബെഡിൽ വച്ചിട്ടാണ് താഴേക്ക് പോയത് പക്ഷേ ഇപ്പോ അത് കാണാനില്ല.
നിറഞ്ഞൊഴുകിയ കണ്ണീർ തുടച്ചു കൊണ്ട് അവൾ വർണയുടെ അരികിലേക്ക് ഓടി.
"എന്താ പാർവതി ഫോൺ കിട്ടിയില്ലേ. എങ്ങനെ കിട്ടാനാ. അത് എന്റെ കൈയ്യിൽ അല്ലേ " റൂമിൽ നിന്നും അഭിജിത്തിന്റെ ശബ്ദം കേട്ടതും പാർവതിയുടെ നെഞ്ചിടിപ്പ് വർദ്ധിച്ചു.
"ഡാ .. വാതിൽ തുറക്ക് .. തുറക്കാൻ " പാർവതി വീണ്ടും വാതിലിൽ തട്ടി വിളിച്ചു. ശേഷം താഴേക്ക് ഓടി.
മെയിൽ ഡോർ തുറക്കാൻ പല തവണ ശ്രമിച്ചു എങ്കിലും കഴിയുന്നില്ല. ഡോറിന്റെ കീ സാധാരണ ഡോർ ഹാന്റിലിൽ തന്നെ യാണ് വക്കാറുള്ളത്. അത് ഇപ്പോ കാണാത്ത സ്ഥിതിക്ക് അദിജിത്ത് എടുത്ത് മാറ്റിയതാണ്.
ബാക്ക് ഡോറും ലോക്കാണ്. എന്ത് ചെയ്യണം എന്നറിയാതെ അവൾ വീണ്ടും വർണയുടെ അടുത്തേക്ക് ഓടി.
" അഭിജിത്തേ അവളെ വിട്ടേക്ക് പ്ലീസ് ഞാൻ നിന്റെ കാല് പിടിക്കാം. "
" അതിന് വേണ്ടി അല്ലാല്ലോ ഞാൻ ഇത്രയും കാലം കാത്തിരുന്നത് " തന്റെ കൈയ്യിൽ കിടന്ന് കുതറുന്ന വർണയുടെ മേലുളള പിടി മുറുക്കി കൊണ്ട് അഭിജിത്ത് പറഞ്ഞു.
വർണ അവന്റെ കാലിൽ ആഞ്ഞ് ചവിട്ടിയതും പെട്ടെന്നായതു കൊണ്ട് അവൻ പിന്നിലേക്ക് വേച്ചു പോയി. ആ സമയം അഭിജിത്തിന്റെ കയ്യിലെ പിടി വിട്ട് വർണ ഡോറിനടുത്തേക്ക് ഓടി.
ഡോറിന്റെ ലോക്ക് തുറക്കുന്നതിനു മുന്നേ അഭിജിത്ത് പിന്നിൽ നിന്നും അവളുടെ വയറിലൂടെ ചുറ്റി പിടിച്ച് തന്നിലേക്ക് ചേർത്തിരുന്നു.
"വിടേണ്ടാ പട്ടി എന്നേ . ഇതെങ്ങാനും ദത്തൻ അറിഞ്ഞാ നിന്നെ കൊന്നു തള്ളും" വർണ ചീറി. അതെ സമയം അഭിജിത്ത് ഉറക്കെ ചിരിച്ചു
" അവൻ ഒരു ചുക്കും ചെയ്യില്ല. കാരണം അവന് ഇപ്പോ നിന്നെ വേണ്ടാ. അവൻ ഈ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്നത് തന്നെ നിന്നേയോ ..."
"അത് നിന്റെ വ്യാമോഹമാ അഭിജിത്തേ. ദത്തന് ഈ വർണ കഴിഞ്ഞേ ഈ ലോകത്ത് മറ്റാരും ഉള്ളൂ. ആ എനിക്ക് എന്തെങ്കിലും സംഭവിച്ചാ പിന്നെ നീ ജീവിച്ചിരുന്നിട്ട് കാര്യമില്ലാ "
അത് കേട്ട് അഭിജിത്ത് വീണ്ടും ഉറക്കെ ഉറക്കെ ചിരിച്ചു.
" നീ വെറുതെ ചിരിച്ച് തള്ളണ്ടാ അഭിജിത്തേ. ഇപ്പോ ദേവേട്ടനും വർണയും തമ്മിൽ ചെറിയ പിണക്കത്തിൽ ആണെങ്കിലും ദേവേട്ടന്റെ ജീവനാ വർണാ . ചെറിയ കുട്ടിയെ പോലെയാ എട്ടൻ അവളെ കൊണ്ടു നടക്കുന്നത്. ആ അവളെ നീ ഉപദ്രവിച്ചാൽ നിന്റെ അന്ത്യം ദേവേട്ടന്റ കൈ കൊണ്ട് ആയിരിക്കും.
പാർവതി പറഞ്ഞത് കേട്ടതും അഭിജിത്തിന്റെ ഉള്ളിലെ പക ആളി കത്തി.
"അങ്ങനെയാണോ എന്നാ ദത്തന്റെ ഈ കുഞ്ഞിനെ ഞാൻ ഒന്ന് താലോലിച്ച് നോക്കട്ടെ " അത് പറഞ്ഞ് അഭിജിത്ത് അവളുടെ കഴുത്തിലേക്ക് മുഖo ചേർത്തു.
അഭിജിത്തിന്റെ കൈയ്യിൽ നിന്നും കുതറി മാറാൻ വർണ ശ്രമിച്ചെങ്കിലും അവൻ അവളുടെ ഇടുപ്പിലൂടെ കൈ ചേർത്ത് തന്നിലേക്ക് അടുപ്പിച്ചു.
അവന്റെ മുഖം വർണയുടെ കഴുത്തിലൂടെ അലഞ്ഞ് നടന്നതും വർണ കുതറി കൊണ്ട് പിന്നിലേക്ക് നീങ്ങി. അവൾ ഡ്രെസ്സിങ് ടേബിളിൽ തട്ടി നിന്നു.
ഒപ്പം അഭിജിത്തിന്റെ കൈകൾ അവളുടെ ഇടുപ്പിൽ മുറുകി കൊണ്ടിരുന്നു. വർണയുടെ കൈകൾ ഡ്രസ്സിങ്ങ് ടേബിളിൽ പരതി. ഒരു പെർഫ്യൂം ബോട്ടിലാണ് അവളുടെ കൈയ്യിൽ കിട്ടിയത്.
" വിടണ്ടാ പട്ടി " വർണ അവനെ പിന്നിലേക്ക് തള്ളി അവന്റെ കണ്ണിലേക്ക് ആ സ്പ്രെ എടുത്ത് അടിച്ചു.
ലിക്വിഡ് കണ്ണിൽ ആയതും അഭിജിത്ത് അവളുടെ മേലുള്ള പിടി വിട്ടു. ആ സമയം കൊണ്ട് വർണ ഡോറിന്റെ ലോക്ക് തുറന്ന് പുറത്തേക്ക് കടന്നു.
ഡോറിനു പുറത്തു നിൽക്കുന്ന പാർവതിയെ ഓടി ചെന്ന് വർണ കെട്ടി പിടിച്ചു. പാർവതി കരഞ്ഞു കൊണ്ട് അവളെ ചേർത്ത് പിടിച്ചു. അവർ ഇരുവരും വല്ലാതെ പേടിച്ചിരുന്നു.
അഭിജിത്ത് റൂമിൽ നിന്നും പുറത്തേക്ക് വന്നതും അവന്റെ മുഖത്തെ ദേഷ്യഭാവം കണ്ട് പാർവതിയും വർണയും ഞെട്ടി വിറച്ചു.
" വർണാ വാ " പാർവതി അവളുടെ കൈ പിടിച്ച് താഴേക്ക് ഓടി. താഴേയുള്ള റൂമിലേക്ക് അവർ ഓടി കയറാനാണ് നോക്കിയത് എങ്കിലും അതെല്ലാം ലോക്കാണ്.
"വെറുതെ രണ്ടു പേരും ഓടി തളരണ്ടാ. എന്റെ അനുവാദം ഇല്ലാതെ നിങ്ങൾക്ക് ഈ വീട് വിട്ട് പുറത്ത് പോവാൻ പറ്റില്ല. റൂമുകൾ അടക്കം എല്ലാം ലോക്കാണ്. " കൈയ്യിലെ താക്കോൽ കൂട്ടം വിരലിൽ കറക്കി കൊണ്ട് അഭിജിത്ത് സ്റ്റയർ ഇറങ്ങി വന്നു.
പാർവതി വർണയുടെ കൈ പിടിച്ച് മെയിൻ ഡോറിനരികിലേക്ക് ഓടി. പല തവണ ഡോറിൽ പിടിച്ച് തുറക്കാൻ നോക്കിയെങ്കിലും പറ്റുന്നില്ലാ.
"ഞാൻ പറഞ്ഞില്ലേ പാർവതി. പിന്നെ എന്തിനാ വെറുതെ എനർജി കളയുന്നേ " അഭിജിത്ത് അവരുടെ അടുത്തേക്ക് നടന്ന് അടുത്തു.
"നിനക്ക് എന്താ വേണ്ടത് അഭിജിത്ത്. ഇങ്ങനെയൊക്കെ ചെയ്യുന്നത് കൊണ്ട് നിനക്ക് എന്ത് പ്രയോജനമാ ഉള്ളത് " പാർവതി ചോദിച്ചു.
" അത് നിനക്ക് ഇനിയും മനസിലായില്ലേ പാർവതി. എനിക്ക് വേണ്ടത് ഇവളേയാ .... വർണയെ ... കുറേ കാലം ഞാൻ മോഹിച്ചു നടന്നതിനെ പെട്ടെന്ന് ഒരു ദിവസം വേറെ ഒരുത്തൻ വന്ന് സ്വന്തമാക്കിയാൽ എനിക്ക് അതങ്ങ് സമ്മതിച്ച് കൊടുക്കാൻ പറ്റുമോ ...."
"വേണ്ടാ അഭിജിത്തേ. താൻ വെറുതെ ഓരോ ഭ്രാന്ത് പറയാതെ. ഇതെല്ലാം ഇപ്പോ ഇവിടെ വച്ച് അവസാനിപ്പിച്ചേക്ക് . ഞങ്ങളായി ഇതൊന്നും ആരോടും പറയില്ല. "
വർണയെ തന്റെ പിന്നിലേക്ക് നിർത്തി കൊണ്ട് പാർവതി പറഞ്ഞു.
" അവസാനിപ്പിക്കുകയാേ. അതിനാണോ ഞാൻ ഇത്ര കഷ്ടപ്പെട്ടത്. വർണ നിനക്ക് ഞാൻ ഒരു ചാൻസ് കൂടെ തരാം. നീ എന്റെ കൂടെ വാ. നിന്നെ ഞാൻ രാജകുമാരിയെ പോലെ നോക്കും. അതിനുള്ള പണം ദാ ഇവളുടെ അച്ഛനായി തന്നെ തരും. വാ വർണാ .. എന്റെ കൂടാ വാ നീ " അഭിജിത്ത് കൈ നീട്ടി വർണയുടെ അരികിലേക്ക് വന്നു.
വർണ പേടിച്ച് പാർവതിയെ കെട്ടിപ്പിടിച്ച് കണ്ണുകൾ അടച്ച് നിന്നു . അഭിജിത്ത് അരികിലേക്ക് വരുന്നതിനനുസരിച്ച് പാർവതി വർണയേയും ചേർത്ത് പിടിച്ച് പിന്നിലേക്ക് നടന്നു. അവസാനം അവർ ഡോറിൽ തട്ടി നിന്നു.
"വേണ്ടാ അഭിജിത്ത് ... പ്ലീസ് ..ഞാൻ കാലു പിടിക്കാം " പാർവതി പേടിയോടെ താഴേക്ക് ഊർന്നിരുന്നു പോയി. അപ്പോഴും അവളുടെ കൈകൾ വർണയെ ചേർത്ത് പിടിച്ചിരുന്നു.
പെട്ടെന്ന് കോണിങ്ങ് ബെല്ലിന്റെ ശബ്ദം കേട്ടതും മൂന്നു പേരും ഞെട്ടി.
" ഇനി നീ എന്ത് ചെയ്യുമെട . നിന്റെ തനി നിറം ഇന്ന് പുറത്ത് വരും" പാർവതി അഹങ്കാരത്തോടെ പറഞ്ഞു.
" ഇവിടെ എന്താ ആരും ഇല്ലേ . വാതിൽ തുറക്ക് " ശിലുവിന്റെ ശബ്ദം കേട്ടതും അഭിയുടെ മുഖത്ത് ക്രൂരമായ ചിരി തെളിഞ്ഞു.
" നിങ്ങളുടെ അനിയത്തി കുട്ടികളാ. പാവങ്ങൾ അറിയാതെ എന്റെ കയ്യിൽ വന്ന് പെട്ടു. നിങ്ങളുടെ മുന്നിൽ വച്ച് അവരെ ഉപദ്രവിക്കുക എന്നൊക്കെ പറയുമ്പോൾ ... " അഭിജിത്ത് പറഞ്ഞതും പാർവതിയുടെ മുഖം മാറി
" അതെ .. ശിലുവും ഭദ്രയും വിചരിച്ചാൽ ഒന്നും ചെയ്യാൻ സാധിക്കില്ലാ എന്ന് മാത്രമല്ലാ അവർ കൂടി ഇതിനിടയിലേക്ക് വന്നാൽ അഭിജിത്ത് എന്തും ചെയ്യാൻ മടിക്കില്ല. "പാർവതി മനസിൽ കരുതി.
എന്നാൽ പുറത്ത് കാറുകൾ വന്നു നിൽക്കുന്ന ശബ്ദം കേട്ടതും അഭിജിത്തിന്റെ മുഖത്തെ ചിരി മാഞ്ഞു.
അവൻ കൈയ്യിലുള്ള മെയിൻ ഡോറിന്റെ കീ അടങ്ങുന്ന താക്കോൽ അവരുടെ മുന്നിലേക്ക് ഇട്ടു. ശേഷം കയ്യിലുള്ള ബാക്ക് ഡോറിന്റെ കീയും ആയി അടുക്കളയിലേക്ക് നടന്നു.
കിച്ചൺ ഡോർ തുറന്ന് പുറത്തിറങ്ങിയ അഭിജിത്ത് പറമ്പ് വഴി റോഡിലേക്ക് കയറി. ഒരു ഇടവഴിയിലായി ഒതുക്കി ഇട്ടിരുന്ന കാർ എടുത്ത് അവൻ ഗേറ്റ് വഴി തറവാട്ട് മുറ്റത്ത് എത്തി.
കാർ ലോക്ക് ചെയ്ത് അവൻ ഒന്നും സംഭവിക്കാത്ത മട്ടിൽ അകത്തേക്ക് കയറി വന്നു. ഹാളിന്റെ ഒരു ഭാഗത്തായി പേടിച്ചിരിക്കുന്ന വർണയും അവളെ ചേർത്ത് പിടിച്ചിരുന്ന് കരയുന്ന പാർവതിയും.
"എന്താ എന്താ ഉണ്ടായത്. " അഭിജിത്ത് ഒന്നും അറിയാത്ത പോലെ അവരുടെ അടുത്തേക്ക് നടന്നു.
" അറിയില്ലാ അഭിയേട്ടാ . ഞങ്ങൾ ക്ലാസ് കഴിഞ്ഞ് വന്ന് കുറേ നേരം ഡോറിൽ തട്ടി വിളിച്ചിട്ടും ആരും വാതിൽ തുറക്കുന്നില്ല. ശേഷം ഇവർ വന്നു .കുറേ വിളിച്ചപ്പോഴാണ് പാർവതി ചേച്ചി വന്ന് വാതിൽ തുറന്നത്. അപ്പോൾ തുടങ്ങിയ കരച്ചിൽ ആണ്. എന്താ എന്ന് ചോദിച്ചിട്ട് ഒന്നും മിണ്ടുന്നില്ല " ഭദ്ര പറഞ്ഞു.
" അല്ലാ നിമ്മി എവിടെ " മാലതി ചോദിച്ചു.
" നിമ്മി ചെറിയ മുത്തശിയുടെ വീട്ടിൽ ഉണ്ട്. ഞാൻ ഒരു ഇംപോട്ടന്റ് കോൾ വന്നപ്പോൾ പുറത്ത് പോവേണ്ട കാര്യം ഉണ്ടായിരുന്നു. ഞാൻ വരാൻ ലെറ്റാവും എന്ന് കരുതി പൂർണിയോട് ഒരു ഓട്ടോ വിളിച്ച് വരാൻ പറഞ്ഞിരുന്നു. അവൾ എത്തിയില്ലേ "
" ഇല്ല. ചിലപ്പോൾ മുത്തശി വിട്ടു കാണില്ലാ. അതായിരിക്കും. എന്നാലും ഇവർക്ക് ഇതെന്ത് പറ്റി " മാലതി ഒന്നും മനസിലാവാതെ ചോദിച്ചു.
"വലിയ വീട്ടിൽ ഇവർ രണ്ടു പേരും ഒറ്റക്ക് ആയിരുന്നില്ലേ . പേടിച്ചു കാണും അതാ . ആന്റി അവരെ കൊണ്ടുപോയി റൂമിൽ ആക്ക് " അഭി പറയുന്നത് കേട്ടതും പാർവതി കരച്ചിൽ നിർത്തി അവനെ മുഖമുയർത്തി നോക്കി.
"ആരെ കാണിക്കാനാടാ നിന്റെ ഈ അഭിനയം. നീ കാരണം അല്ലെ ഇങ്ങനെയൊക്കെ " പാർവതി കാറ്റു പോലെ പാഞ്ഞ് വന്ന് അഭിയുടെ കോളറിൽ പിടിച്ച് കുലുക്കി.
" എന്താ പാർവതി പറയുന്നേ. ഞാൻ എന്ത് ചെയ്തു എന്നാ . ഞാൻ ഇപ്പോ വന്നല്ലേ ഉള്ളൂ " പാർവതിയുടെ പിടി അഴിച്ചു കൊണ്ട് അഭി നിഷ്കളങ്കമായി ചോദിച്ചു.
"നീയല്ലേ ആരും ഇല്ലാത്ത സമയത്ത് ഇവിടേക്ക് കയറി വന്നതും വർണയെ ഉപദ്രവിക്കാൻ ശ്രമിച്ചതും. വർണ ഇങ്ങനെയാവാൻ കാരണം നീയാ " താഴേ തറയിൽ പേടിയോടെ ഇരിക്കുന്ന വർണയെ ചൂണ്ടി പാർവതി പറഞ്ഞു
"പാർവതി അനാവശ്യം പറയരുത്. തനിക്ക് എന്നോട് ആദ്യം മുതലെ ഒരു വിരോധം ഉണ്ടെന്ന് എനിക്ക് അറിയാം എന്ന് കരുതി ചെയ്യാത്ത കുറ്റത്തിന് വെറുതെ പഴി ചാരരുത് "
" കള്ളം പറയുന്നോ .എന്തിനാ നീ അഭിനയിക്കുന്നേ. നിന്റെ അഭിനയം ഇവിടെ ആരും വിശ്വാസിക്കില്ലാ "
"പാർവതി നിർത്ത്. ഞങ്ങള കണ്ടിട്ട് നിനക്ക് പൊട്ടൻമാരെ പോലെ തോന്നുന്നുണ്ടോ. ഇവിടെ അഭിനയിക്കുന്നത് നീയാ . സ്വന്തം കല്യാണം നടക്കാതെ അനിയത്തിയുടെ കല്യാണം നടത്തുന്നതിൽ ഉള്ള കോംപ്ലക്സ് . കഴിഞ്ഞ ആഴ്ച്ച നീ ശിലുവിനെ ഉപദ്രവിച്ചു. ഇപ്പോ ഇതാ പാവം അഭിയേയും കുറ്റപ്പെടുത്തുന്നു. "
ചന്ദ്രൻ ശേഖരൻ പറയുന്നത് കൂടി കേട്ടതും പാർവതിയുടെ സർവ്വ നിയന്ത്രണം വിട്ടിരുന്നു.
" തനിക്ക് നാണമില്ലേടോ. ഇവനെ പോലെ ഒരുവന്റെ കൂടെ നിന്ന് സ്വന്തം കുടുംബത്തെ ചതിക്കാൻ . പോയി ചത്തൂടെ നിങ്ങൾക്ക് "
"പാർവതി " മാലതി ദേഷ്യത്തിൽ അവളെ തല്ലാനായി കൈ ഉയർത്തിയതും മറ്റൊരു കൈ അതിനെ തടഞ്ഞു.
" ധ്രുവി" പാർവതി അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്ത് കരഞ്ഞു.
"എന്താ പാർവതി . എന്താ പറ്റിയത് " ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് ധ്രുവി എത്തുമ്പോഴാണ് നിമ്മി വീട്ടിലേക്ക് പോകാൻ ഇറങ്ങുന്നത്. അവളുടെ സംസാരത്തിൽ നിന്ന് പാർവതിക്ക് വയ്യാ എന്ന് അറിഞ്ഞു. അതുകൊണ്ട് അവളെ കൊണ്ടുപോയി ആക്കാം എന്ന രീതിയിൽ പാർവതിയെ കാണാം എന്ന് കരുതിയാണ് ധ്രുവി വന്നത്.
അപ്പോഴാണ് പാർവതി ചന്ദ്രശേഖരനോട് ചൂടാവുന്നതും മാലതി അടിക്കാൻ ഓങ്ങുന്നതും അവൻ കണ്ടത്.
" പറ പാർവതി . എന്താ ഇവിടെ ഉണ്ടായത് "
" ധ്രുവി.. ഇവൻ .. ഇവർ വർണയെ ഉപദ്രവിക്കാൻ ശ്രമിച്ചു. "
" ചേച്ചീ" നിമ്മിയുടെ ശബ്ദം അവിടമാകെ പ്രതിധ്വനിച്ചു.
" ജിത്തുവിനെ കുറിച്ച് ഒരു വാക്ക് തെറ്റായി മിണ്ടിപോവരുത് "
" ഇവൻ .. ഇവർ ചതിയനാ നിമ്മി. ഇവൻ നിന്നേയും ചതിക്കുയാ "
" നിർത്ത് പാർവതി . എന്തിനാ ഈ കള്ളം പറയുന്നേ. " അഭിജിത്ത്
" ഞാൻ പറയുന്നത് അല്ലേ ആരും വിശ്വസിക്കാത്തത്. വർണയോട് ചോദിച്ച് നോക്ക്... പറ വർണാ . നിന്നെ ആരാ ഉപദ്രവിക്കാൻ ശ്രമിച്ചത് " പാർവതിയും ഭ്രാന്തമായ ഒരു അവസ്ഥയിലേക്ക് എത്തിയിരുന്നു.
"ഇവനാ ... ഇവനാ എന്നേ .." അഭിക്ക് നേരെ കൈ ചൂണ്ടി വർണ പറഞ്ഞതും എല്ലാവരും ഞെട്ടി.
"ഇനിയും വിശ്വാസം ആയില്ലെങ്കിൽ ഇവന്റെ പോക്കറ്റിൽ എന്റെയും വർണയുടെയും ഫോൺ എങ്ങനെ വന്നു എന്ന് ചോദിക്ക് .... ഈ മുറികൾ എല്ലാം ആരാ ലോക്ക് ചെയ്ത് ഇട്ടത് എന്ന് ചോദിക്ക്, വർണയുടെ കൈ തണ്ടയിൽ ഇവന്റെ മോതിരത്തിന്റെ അടയാളം എങ്ങനെ വന്നു എന്ന് ചോദിക്ക് "
പാർവതിയുടെ ചോദ്യം ശരം കണക്കെ അഭിജിത്തിന് നേരെ വന്നു. അവനും ഒന്നു പതറി പോയി. പക്ഷേ തോറ്റുകൊടുക്കാൻ അവൻ തയ്യാറായിരുന്നില്ല.
"മതി പാർവതി നിന്റെ അഭിനയം. നീ പറഞ്ഞിട്ടല്ലേ ഞാൻ ഇങ്ങനെയൊക്കെ ചെയ്തത്. അവസാനം പിടിക്കപ്പെടും എന്നായപ്പോൾ നീ എന്നേ മാത്രം കുറ്റക്കാരനാക്കാൻ ശ്രമിക്കുന്നോ . അതിന് ഞാൻ സമ്മതിക്കില്ല "
" വീണ്ടും കള്ളം പറയുന്നോടാ " പാർവതി അവന് നേരെ ചെന്നതും ധുവി അവളെ പിടിച്ച് നിർത്തി.
"ശിലു... വർണയെ നിങ്ങളുടെ റൂമിലേക്ക് കൊണ്ടുപോ" ധ്രുവി പറഞ്ഞതും ഭദ്രയും ശിലുവും അവളേയും കൊണ്ട് റൂമിലേക്ക് നടന്നു.
" ജിത്തു ... ഞാൻ കേട്ടതൊക്കെ സത്യമാണോ . നീ വർണയെ ... " നിമ്മി നിറ മിഴിയാലെ ചോദിച്ചു.
" ഇല്ലാ നിമ്മി. ഇതിനെല്ലാം കാരണം ഇവളാ. പാർവതി " അത് കേട്ടതും പാർവതി അവനെ ദേഷ്യത്തിൽ പിന്നിലേക്ക് തള്ളി.
അതേ സമയം മുറ്റത്ത് ഒരു കാർ വന്നു നിന്നു . തങ്ങൾ പോയ ലക്ഷ്യം നിറവേറിയ സന്തോഷത്തിൽ അകത്തേക്ക് വന്ന ദത്തൻ അവിടെ ഉള്ളവരുടെ മട്ടും ഭാവവും കണ്ട് ഒന്ന് സംശയിച്ചു.
പാർത്ഥിയുടേയും ശ്രീയുടേയും അവസ്ഥ ഏറേ കുറേ അത് തന്നെയായിരുന്നു. പാർവതിയുടെ പാറി പറന്ന മുടിയും , കരഞ്ഞു വീർത്ത കണ്ണുകളും അവിടെ കാര്യമായ എന്താേ ഉണ്ടായിട്ടുണ്ട് എന്ന് മൂന്നുപേർക്കും മനസിലായി.
അകത്തേക്ക് കയറിയ ദത്തന്റെ മിഴികൾ ആദ്യം തിരഞ്ഞത് വർണയെ ആണ് . അവിടെയൊന്നും വർണയില്ലാ എന്ന് മനസിലായതും ദത്തന്റെ നെഞ്ചിടിപ്പ് ഏറി.
" അ... അവൾ എ... എവിടെ " ദത്തൻ ചോദിച്ചതും ധ്രുവി കൈ കൊണ്ട് ശിലുവിന്റെ മുറിയിലേക്ക് ചൂണ്ടി.
അടുത്ത നിമിഷം ദത്തൻ അങ്ങോട്ട് ഓടിയിരുന്നു. ഭദ്രയുടെ മടിയിൽ തല വച്ച് കിടക്കുന്ന വർണ ദത്തനെ കണ്ടതും ബെഡിൽ നിന്നും ചാടി എണീറ്റു.
" ദത്താ" അവൾ അവനെ ഇറുക്കെ ചുറ്റി പിടിച്ചു. അവളുടെ ഉയർന്ന ഹ്യദയമിടിപ്പ് ദത്തനും മനസിലായിരുന്നു.
ശിലു വേഗം തന്നെ ഭദ്രയേയും വിളിച്ച് റൂമിന് പുറത്തേക്ക് ഇറങ്ങി.
" ദത്താ അവൻ എന്നേ " വർണ വിതുമ്പി കൊണ്ട് ദത്തന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു.
"ഒന്നൂല്ല.. ഒന്നുല്യ ട്ടോ " ദത്തൻ അവളുടെ പുറത്ത് തട്ടി ആശ്വസിപ്പിച്ച് ബെഡിലേക്ക് കിടത്തി.
"എനിക്ക് പേടിയാ ദത്താ. എന്നേ വിട്ട് എവിടേയും പോവല്ലേ . എനിക്ക് പേടിയാവാ " ദത്തന്റെ കൈയിൽ പിടിച്ച് വർണ കരഞ്ഞു. അവളുടെ നിറഞ്ഞ മിഴികൾ ദത്തന്റെ ഹ്യദയത്തെ ചുട്ടു പൊള്ളിച്ചു.
" ഇല്ലടാ . എന്റെ കുട്ടിയെ വിട്ട് ദത്തൻ എങ്ങാേട്ട് പോവാനാ. ഞാൻ കൂടെ തന്നെ ഉണ്ട് " ദത്തൻ അവളുടെ അരികിലായി കിടന്ന് അവളെ ചേർത്ത് പിടിച്ചു.
" അവൻ എന്നേ ...എന്റെ ഇവിടെ.." വർണ തന്റെ കഴുത്തിൽ തൊട്ട് പറഞ്ഞതും ദത്തന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞ് മുറുകി.
"എന്റെ കുഞ്ഞ് ഇങ്ങനെ കരയല്ലേ . ഞാൻ കൂടെയില്ലേ . ഒന്നു പേടിക്കണ്ടാ. ഉറങ്ങിക്കോ. ഉറങ്ങി എണീക്കുമ്പോഴേക്കും എല്ലാം മാറും " ദത്തൻ അവളുടെ നെറുകിൽ തലോടി കൊണ്ട് പറഞ്ഞു.
"വേണ്ടാ. എനിക്ക് പേടിയാ. അവൻ ഇനിയും വരും. എന്നേ ഉപദ്രവിക്കും "
" ഇല്ലാ. ഈ ദത്തൻ കൂടെ ഉള്ളപ്പോൾ എന്റെ കുഞ്ഞിനെ ആരും ഒന്നും ചെയ്യില്ലാ. ഉറങ്ങിക്കോ" വർണ അവന്റെ കഴുത്തിലേക്ക് മുഖം ചേർത്ത് അവനെ വിടാതെ ചുറ്റി പിടിച്ച് കിടന്നു.
തറവാട്ടിൽ എല്ലാവരും ഉണ്ടല്ലോ എന്ന വിശ്വാസത്തിലാണ് താൻ വർണയെ ഇവിടെയാക്കി പോയത്. പക്ഷേ എന്നിട്ടും എന്താ ഉണ്ടായത്. ദത്തന് ഒന്നും മനസിലാവുന്നില്ലായിരുന്നില്ല.
അവൻ വർണ ഉറങ്ങാനായി പതിയെ പുറത്ത് തട്ടി കൊടുത്തു. കുറച്ച് കഴിഞ്ഞതും അവൾ ഉറങ്ങി. തന്റെ മേൽ ബലമായി പിടിച്ചിരുന്ന കൈകൾ അവൻ എടുത്തു മാറ്റി. പുതപ്പ് കൊണ്ട് അവളെ പുതപ്പിച്ചു
" അവൻ എന്നേ ...എന്റെ ഇവിടെ.." വർണ തന്റെ കഴുത്തിൽ തൊട്ട് പറഞ്ഞത് ഓർക്കുന്തോറും ദത്തന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞ് മുറുകി.
അവൻ അവളുടെ കഴുത്തിൽ അവൾ തൊട്ടു കാണിച്ച സ്ഥലത്ത് പതിയെ ഒന്ന് തലോടി. ശേഷം അവിടെ ഉമ്മ വച്ച് അവൻ പുറത്തേക്ക് നടന്നു.
റൂമിനുള്ളിൽ നിന്നും ഇറങ്ങി വരുന്ന ദത്തന്റെ മുഖ ഭാവം കണ്ട് എല്ലാവരും ഒന്ന് ഭയന്ന് പോയിരുന്നു.
(തുടരും)
പ്രണയിനി.