Aksharathalukal

നിനക്കായ് ഈ പ്രണയം (47)

ലോഹിമാഷും മിലിയും കൂടി നടക്കാൻ ഇറങ്ങിയിട്ട് കുറെ നേരം ആയി. അവളായിട്ട് ഒന്നും പറയില്ല എന്ന് തോന്നിയപ്പോൾ ലോഹിമാഷ് തന്നെ സംസാരിക്കാൻ തുടങ്ങി.

"രഘു എന്നെ കാണാൻ വന്നിരുന്നു. കീ എന്നെ ഏൽപ്പിക്കാൻ. കല്യാണത്തിന്റെ വിവരം അവൻ പറഞ്ഞു ആണ് അറിഞ്ഞത്.." ലോഹിമാഷ് മിലിയെ നോക്കികൊണ്ട് പറഞ്ഞു.

അവൾ മുഖം ഉയർത്തി നോക്കിയില്ല.. എന്നാലും രഘു എന്താണ് അദ്ദേഹത്തോട് പറഞ്ഞത് എന്ന് അറിയാൻ അവൾക്കു താല്പര്യം തോന്നി.

"എന്തിനാ പെട്ടന്ന് മാറുന്നത് എന്ന ചോദ്യത്തിന് വിശാലും ആയി നടന്ന പ്രശ്നത്തിന്റെ കാര്യം പറഞ്ഞു അവൻ.. അവൻ കാരണം ഇവിടുത്തെ പെൺപിള്ളേർക്ക് ഒരു ചീത്തപ്പേര് വരരുത് - അത് കൊണ്ടു ആണ് പോകാൻ തീരുമാനിച്ചത് എന്നും പറഞ്ഞു."

"ഉം.."മിലി മുഖം ഉയർത്താതെ ഒന്ന് മൂളുക മാത്രം ആണ് ചെയ്തത്.

"മിലി.. അവനായിട്ട് ഒന്നും പറഞ്ഞില്ല.. പക്ഷെ അവന്റെ സംസാരത്തിൽ നിന്നും.. ദേ ഇപ്പൊ നിന്റെ ഈ മൗനം കൂടി കണ്ടു ഞാൻ ചോദിക്കുവാണ്.. നിങ്ങൾ തമ്മിൽ.." അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ ലോഹിമഷിനോട് ആ സത്യം പറഞ്ഞു.

ലോഹിമാഷ് നടപ്പ് നിർത്തി അവളെ തന്നെ നോക്കി. "പിന്നെ എന്തിനാ നീ മോളെ ഇഷ്ടം ഇല്ലാത്ത ഒരു വിവാഹത്തിന് തയ്യാറാകുന്നത്?"

മാഷിന്റെ ചോദ്യം കേട്ട് മിലിക്ക് അവളെ നിയന്ത്രിക്കാൻ ആയില്ല. അവൾ പറയുകയായിരുന്നു. എല്ലാം. മാഷിനോട് ഒരു കുമ്പസാരം പോലെ. കൃതിയെ കുറിച്ചു.. സുമിത്ര പറഞ്ഞ വാക്കുകൾ എല്ലാം.. അതെല്ലാം കേട്ട് അവളോട് മാഷിന് സഹതാപം തോന്നി എങ്കിലും അവളെ എങ്ങനെ സഹായിക്കണം എന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു.

********************

"ആകാശ്.. ഇന്ന് മുതൽ ആകാശ് രഘുവിനെ നേരിട്ട് അസ്സിസ്റ്റ്‌ ചെയ്യണം. അവൻ ഇവിടെ ഫുൾ ടൈം കാണും." ദർശൻ പറഞ്ഞത് കേട്ട് ആകാശ് മുഖം ഉയർത്തി രഘുവിനെ നോക്കി.

എന്തായാലും ആകാശിന് അത് ഒരു അത്ഭുതം ആയി തോന്നിയില്ല. കുറച്ചു ദിവസങ്ങൾ ആയി രഘുവിനെ സ്ഥിരമായി ഓഫീസിൽ കണ്ടിരുന്നതുകൊണ്ട് ഇങ്ങനെ ഒരു അധികാര കൈമാറ്റം അവൻ പ്രതീക്ഷിച്ചിരുന്നതാണ്.

പക്ഷെ രഘുവിന്റെ മുഖഭാവം അവനെ അത്ഭുതപ്പെടുത്തി. നേരത്തെ പലതവണ മിലിയോടൊപ്പം കണ്ടപ്പോളും ഓഫീസിൽ വന്നപ്പോളും ഒക്കെ ഒരു കുറുമ്പ് ഉണ്ടായിരുന്നു അവന്റെ മുഖത്ത്. മിലിയോടൊപ്പം നിൽക്കുമ്പോൾ അവന്റെ മുഖത്തെ സന്തോഷം കാണുമ്പോൾ അവർ തമ്മിൽ എന്തെങ്കിലും ഉണ്ടോ എന്ന് പോലും സംശയം തോന്നിയിരുന്നു. പക്ഷെ.. ഇപ്പോൾ.. അവന്റെ കണ്ണിൽ ഒരു തിളക്കക്കുറവ് ഉണ്ട്. വല്ലാത്തൊരു ഗൗരവം മുഖത്തും.

"ഓക്കേ സർ.." ആകാശ് തലകുലുക്കി സമ്മതിച്ചു ദർശൻ വച്ചു നീട്ടിയ ഫയലും കയ്യിലെടുത്തു തന്റെ റൂമിലേക്ക്‌ നടന്നു.

"രഘു.. അപ്പൊ ഞാൻ എന്റെ കാബിനിൽ കാണും. നിനക്കു എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ ആകാശിനോട് ചോദിച്ചാൽ മതി.. ഓക്കേ?" ദർശൻ പറഞ്ഞത് കേട്ട് രഘു തലയാട്ടി.

പോകാൻ ആയി ഇറങ്ങിയ ദർശൻ ഒന്ന് നിന്നു. പിന്നെ തിരികെ രഘുവിനു അടുത്തേക്ക് വന്നു.

"എന്തെങ്കിലും പ്രോബ്ലം ഉണ്ടോ നിനക്കു?" ദർശന്റെ ചോദ്യത്തിന് മറുപടി എന്നവണ്ണം രഘു ഒന്ന് ചിരിച്ചു.

"ഇല്ല.. എന്താ അങ്ങനെ ചോദിച്ചത്?"

"അല്ല. പെട്ടന്ന് ഉള്ള നിന്റെ തിരിച്ചു വരവും.. പുതിയ കേസുകൾ എടുക്കുന്നില്ല പകരം കമ്പനിയിൽ ജോയിൻ ചെയ്യുന്ന തീരുമാനവും.. എന്തോ.. നീ, നീ അല്ലാതെ ആയി മാറിയ പോലെ.." ദർശൻ പറഞ്ഞു.

"അച്ഛൻ അല്ലേ പറഞ്ഞത് ഈ വെൻചൂർ എനിക്കു വേണ്ടി ആണ് തുടങ്ങിയത് എന്ന്.."

"അതെ.. നീ ജോയിൻ ചെയ്തതിൽ ഞാൻ ഹാപ്പി ആണ്.. പക്ഷെ.. നിനക്കു എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ എപ്പോളും എന്നോട് പറയാം.. അത് എപ്പോളും ഓർമയിൽ ഇരിക്കട്ടെ.. ഓക്കേ?"

ദർശൻ പറഞ്ഞത് കേട്ട് രഘു ചെറുതായി ഒന്ന് തലകുലുക്കി.

*****************

റബർ തോട്ടങ്ങൾക്കിടയിലൂടെ ഡ്രൈവ് ചെയ്തപ്പോൾ ഒരു വല്ലാത്ത ഉണർവ് തോന്നി മിലിക്ക്. കൂട്ടുകാരെ കല്യാണം വിളിക്കാൻ എന്ന് പറഞ്ഞു ഇറങ്ങിയത് ആണ് അവൾ. ഒറ്റയ്ക്ക് വീടിനു പുറത്ത് പോകാൻ ഒരു കാരണം. അത്രയേ ചിന്തിച്ചിരുന്നുള്ളു.

കൊട്ടാരം പോലുള്ള വീടിന്റെ മുറ്റത്തു അവൾ വണ്ടി നിർത്തി. അവൾ വണ്ടിയിൽ നിന്നു ഇറങ്ങുന്നതിനു മുൻപേ കതകു തുറന്നു ഓടി എത്തി. ഹണി.

"എടി.. മിലി.. ഡാ.. എത്ര കാലം ആയിടാ കണ്ടിട്ട്.. വാ.. കയറി വാ.." ഹണി അവളെ സ്നേഹത്തോടെ വിളിച്ചു അകത്തേക്ക് കയറ്റി.

"അലോഷിചായാ.. ദേ.. മിലി എത്തി.." അവൾ അകത്തേക്ക് വിളിച്ചു പറഞ്ഞു.

അവരുടെ ഇരട്ടക്കുട്ടികളെ രണ്ടു ഒക്കത്തും ഇരുത്തി അലോഷി ഇറങ്ങി വന്നപ്പോൾ മിലിയുടെ കണ്ണുകൾ വിടർന്നു. കോളേജിലെ ഹണിയുടെ ഏറ്റവും വെറുക്കപ്പെട്ട മാഷ്.. ലൈബ്രെറിയൻ.. ഇങ്ങേർ അവളെ ചീത്ത പറഞ്ഞു നടന്നത് ഇങ്ങനെ ഒരു ഇഷ്ട്ടം മനസ്സിൽ വച്ചിട്ട് ആണെന്ന് ആരറിഞ്ഞു.

"നിന്റെ കല്യാണക്കതു കിട്ടിയപ്പോൾ അത്ഭുതം ആയിരുന്നു. അലോഷി സാറിന്റെ പേര് കണ്ടപ്പോൾ.. " മിലി ചിരിച്ചുകൊണ്ട് പറഞ്ഞു.

"എന്നിട്ടും നീ വന്നില്ലല്ലോ.. എല്ലാ ഭാവുകങ്ങളും എന്ന് പറഞ്ഞു ഒരു ഗിഫ്റ്റ് അയച്ചേക്കുന്നു.. ഇനി മിണ്ടില്ലെന്നു വിചാരിച്ചത് ആണ്.. പിന്നെ നിന്റെ കല്യാണം ആണെന്ന് കേട്ടപ്പോൾ.. "

"അതിന്റെ പ്രതികാരത്തിനു ആണോ നിങ്ങൾ വരുന്നില്ല എന്ന് പറഞ്ഞത്..?" മിലി ചുണ്ട് കൂർപ്പിച്ചു ചോദിച്ചു.

"ഏയ്‌.. അതൊന്നും അല്ല മിലി.. എനിക്കു പെട്ടന്ന് തിരിച്ചു പോയെ മതിയാകു.. അല്ലെങ്കിൽ വിസ പ്രശ്നം ആകും. ഞാൻ പറഞ്ഞതാ ഇവളോട്.. വേണേൽ ഇവളും കുഞ്ഞുങ്ങളും പിന്നെ വന്നാൽ മതീന്ന്." അലോഷി പറഞ്ഞു.

"അങ്ങനെ ഇപ്പൊ എന്നെ ഇവിടെ ആക്കീട്ട് നിങ്ങൾ രക്ഷപെടണ്ട.. എന്നെക്കൊണ്ട് ആവില്ല ഇതുങ്ങളെ ഒറ്റയ്ക്ക് നോക്കാൻ.. രണ്ടും കുറുമ്പന്മാർ ആണേ മിലി.. " ഹണി പരിഭവിച്ചു.

"പിന്നെ നിന്റെ സ്വഭാവം അല്ലേ കിട്ടൂ.. "

കളിയും ചിരിയുമായി അന്നത്തെ ദിവസം കടന്നു പോയത് അറിഞ്ഞില്ല.

"നീ ബാക്കി എല്ലാവരെയും വിളിച്ചിരുന്നോ?" ഇറങ്ങാൻ തുടങ്ങുമ്പോൾ ഹണി ചോദിച്ചു.

"ഉം.. ശ്രീയും പറഞ്ഞത് നീ പറഞ്ഞത് തന്നെ ആണ്.. വിസ പ്രശ്നം.. ഫ്രണ്ട്സ് എല്ലാരും ദുബായ്ലു ആയ ഇതാ പ്രശ്നം.. " മിലി പറഞ്ഞു.

"ഷാജി എന്ത് പറഞ്ഞു?" ഹണി ചോദിച്ചു.

"അവനു നല്ല വിഷമം ഉണ്ട്.. അവൻ വരില്ല എന്ന് പറഞ്ഞു."

"ഉം.. ഭാര്യ മറ്റൊരാളുടെ കൂടെ ഒളിച്ചോടി പോയി എന്ന് പറഞ്ഞാൽ തന്നെ ആൾക്കാർക്ക് അത് സഹിക്കാൻ പറ്റില്ല.. ഇതിപ്പോ.. വേറൊരു പെണ്ണിന്റെ കൂടെ പോയി.. അവളോടൊപ്പം ജീവിക്കുന്നു എന്ന് പറയുമ്പോൾ.. എല്ലാം ഒന്ന് തണുക്കാൻ സമയം എടുക്കും.." ഒരു നെടുവീർപ്പിട്ടുകൊണ്ട് ഹണി പറഞ്ഞു.

"ലൈച്ചുന്റെ ഒരു വിവരവും നിനക്കു ഇല്ലേ? ഉറപ്പ് ആണോ?" മിലി ചോദിച്ചു.

"ഇല്ലടാ.. ഞങ്ങൾ ഒന്നിച്ചു ആണ് ക്യാമ്പാസ് പ്ലേസ്മെന്റിൽ ജോലിക്ക് കയറിയത്. പക്ഷെ വേറെ വേറെ പ്രൊജക്റ്റ്‌ ആയിരുന്നു. അവളുടെ പ്രൊജക്റ്റ്‌ യു കെ ക്ക് മാറ്റിയപ്പോ അവൾ അങ്ങോട്ട് പോയി. അത് വരെ ഞങ്ങൾ ഒരുമിച്ചു ആയിരുന്നു. പിന്നെ അവൾ അങ്ങനെ കോൺടാക്ട് ചെയ്യാണ്ട് ആയി. പെട്ടന്ന് ഒരു ദിവസം ജോലി റിസൈൻ ചെയ്തു. അതോടെ ആളുടെ ഒരു വിവരവും ഇല്ലാതെ ആയി. വാട്സ്ആപ്പ് ഇല്ല.. ഇൻസ്റ്റ ഇല്ല.. ഒന്നും ഇല്ല..

അലോഷിച്ചായൻ ആയുള്ള കല്യാണം ഉറപ്പിച്ചപ്പോൾ ഞാൻ പോയിരുന്നു. അവളുടെ വീട് വരെ. അവളുടെ അമ്മ മരിച്ചു. കുറച്ചു അകന്ന ബന്ധുക്കൾ മാത്രമേ ഇപ്പൊ അവിടെ ഒള്ളൂ.. അവൾ യു കെ തന്നെ ഉള്ള ആരെയോ വിവാഹം കഴിച്ചു.. അവിടെ സെറ്റിൽഡ് ആയി എന്നാ അവർ പറഞ്ഞത്. അവരും ആയും ഒരു കോൺടാക്ട് ഇല്ല. "

ഹണി പറഞ്ഞത് കേട്ട് മിലി ഒന്ന് നെടുവീർപ്പിട്ടു.

"മിലി.. നീ.. " ഹണി പറയാൻ തുടങ്ങി നിർത്തിയത് കേട്ടപ്പോൾ തന്നെ മിലിക്ക് കാര്യം പിടികിട്ടി.

"ഇല്ല.. ആകാശിനെ വിളിച്ചില്ല.. അവനെ ഫേസ് ചെയ്യാൻ ഉള്ള ശക്തി ഇപ്പോളും എനിക്കു ഉണ്ട് എന്ന് തോന്നുന്നില്ല. "

"അവൻ ഫേസ്ബുക്കിൽ ഉണ്ട്. പക്ഷെ ഒട്ടും ആക്റ്റീവ് അല്ല. വിവാഹം കഴിഞ്ഞതും കുഞ്ഞു ജനിച്ചതും എല്ലാം അതിൽനിന്നു ആണ് ഞാൻ അറിഞ്ഞത്. പോസ്റ്റ്‌ ഒന്നും ചെയ്യില്ല.. ഒന്ന് രണ്ടു പ്രാവശ്യം മെസ്സേജ് ചെയ്തു. കുഞ്ഞു ഉണ്ടായി എന്ന് പറഞ്ഞപ്പോൾ കുഞ്ഞിന്റെ ഒരു ഫോട്ടോ അയച്ചു തന്നിരുന്നു. ദേ.." ഫേസ്ബുക്കിൽ നിന്നു ഒന്നോ രണ്ടോ ദിവസം പ്രായം ഉള്ള ഒരു കുഞ്ഞിന്റെ ഫോട്ടോ കാണിച്ചു കൊണ്ട് അവൾ പറഞ്ഞു.

 മിലി ആ ഫോട്ടോയിലേക്ക് ഒന്ന് നോക്കി. നല്ല ഓമനത്തമുള്ള ഒരു പെൺകുഞ്ഞു. അതിന്റെ അമ്മയുടെ കയ്യിൽ ആണെന്ന് തോന്നുന്നു. പക്ഷെ അമ്മയുടെ മുഖം ഇല്ല.

"ആകാശിന്റെ ഭാര്യയുടെ ഫോട്ടോ ഉണ്ടോ?" മിലി ചോദിച്ചു.

"ഇല്ല... പുള്ളിക്കാരിയെക്കുറിച്ചു ഒരു ഡീറ്റെയിൽസും പറഞ്ഞില്ല.. ഞാൻ ചോദിച്ചും ഇല്ല.. നിന്റെ സ്ഥാനത്തു മറ്റൊരാളെ.. എന്തോ ഓർക്കാൻ വയ്യ.. ഹാ.. അത് പറഞ്ഞപ്പോൾ ആണ്.. നിരഞ്ജൻ ആളു എങ്ങനാ? സിനിമയിൽ ഒക്കെ ഭയങ്കര റൊമാന്റിക് ആണ്.. നിന്നോട് എങ്ങനാ?" വിഷയം മാറ്റാൻ എന്ന വണ്ണം ഹണി ചോദിച്ചു.

മിലി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു അതിന് മറുപടി എന്നവണം.

*************************

മായ ആകെ ടെൻഷനിൽ ആയിരുന്നു. ആദ്യം ഒരു ഷോക്ക് ആയിരുന്നു അവൾക്കു. പിന്നെ വല്ലാത്ത വിഷമവും. തലവേദന വയറുവേദന എന്നൊക്കെ പറഞ്ഞു മുറിയിൽ കുറച്ചു ദിവസം അടച്ചിരുന്നു. സാധാരണ ഇങ്ങനെ അവൾ മൂഡ് ഓഫ് ആയി ഇരിക്കുമ്പോൾ വന്നു തിരക്കിയിരുന്ന മിലി അവളുടെ മുറിയിലും അടച്ചിരുപ്പായിരുന്നല്ലോ.

നിരഞ്ജനോട് സംസാരിച്ചപ്പോൾ മിലിയോട് സംസാരിക്കാൻ പറഞ്ഞു അവൻ കൈ മലർത്തി. പിന്നെ മിലിയെ ഒന്ന് ഒറ്റക്ക് കിട്ടാൻ ഉള്ള പെടാപാട് ആയിരുന്നു. പക്ഷെ അവളുടെ കഷ്ടകാലം എന്നവണ്ണം കല്യാണത്തിരക്കിൽ ബന്ധുക്കൾ ഒക്കെ വന്നു തുടങ്ങി.

ആദ്യം വീട്ടിൽ ചേക്കേറിയത് വിശാലും കുടുംബവും ആണ്. ഒരു രീതിയിലും മിലിയും ജാനകിയമ്മയും മറുത്തു ചിന്തിക്കാതിരിക്കാൻ ഭാര്യയെയും മക്കളെയും ഏർപ്പാട് ചെയ്തിട്ടാണ് വിശാൽ അവരെ കൊണ്ട് വന്നത്. അതുകൊണ്ട് അവർ ആരെങ്കിലും എപ്പോഴും മിലിയുടെയും ജാനകിയമ്മയുടെയും അരികിൽ കാണും.

ഇതിന് പുറമെ മിലിയുടെ അച്ഛന്റെ ചെറിയമ്മ എത്തിയിട്ടുണ്ട്. അവർ ബോംബെയിൽ ഉള്ള മക്കളുടെ കൂടെ ആണ് താമസം. കല്യാണവിശേഷം അരിഞ്ഞപ്പോൾ തന്നെ മക്കൾ അമ്മയെ പാക്ക് ചെയ്തു ഇങ്ങോട്ട് വിട്ടു. അതോടെ വീട്ടിലെ അംഗസംഖ്യ വല്ലാതെ കൂടി. ഇതിനിടയിൽ മിലിയെ ഒറ്റയ്ക്ക് കിട്ടി കാര്യങ്ങൾ പറഞ്ഞു ബോധിപ്പിക്കാൻ ഒരു അവസരവും കിട്ടാതെ മായ ടെൻഷൻ അടിച്ചു നടന്നു.

വൈകുന്നേരം ചായക്കപ്പും കൊണ്ട് മുറ്റത്തേക്ക് നടന്നപ്പോൾ ആണ് മുൻവശത്തെ മുറിയിലെ കൂട്ടം മായ ശ്രദ്ധിച്ചത്. ലില്ലിയും, ജാനകിയും, മയൂരിയും (വിശാലിന്റെ ഭാര്യ ) അവിടെ ഇരുന്നു മിലിയുടെ ആഭരണങ്ങൾ മുഴുവൻ കാണുകയായിരുന്നു. മിനിമോളും മയൂരിയുടെ മക്കളും മുറ്റത്തു മെടാസ് കളിക്കുന്നു. മായ ജാനകിയമ്മയുടെ അരികിലേക്ക് ചെന്നു.

"കേട്ടോ ലില്ലി.. ഇത് മുഴുവൻ മിലിടെ അമ്മേടെ ആണ്.. എന്തൊക്കെ കടം കേറീട്ടും ഇത് വിൽക്കാൻ മിലിടെ അച്ചൻ സമ്മതിച്ചില്ല.. അതിനു ഇപ്പൊ മായയ്ക്കും മിനിമോൾക്കും അവകാശം ഒന്നും ഇല്ലല്ലോ.. എല്ലാം മിലിക്ക് തന്നെ ഇരിക്കട്ടെ എന്ന് വച്ചു." ജാനകിയമ്മ പറഞ്ഞു.

"എന്നാലും മാറ്റി വാങ്ങാമായിരുന്നു. പഴയ ഫാഷൻ അല്ലേ.." ലില്ലി പറഞ്ഞു.

"ഓഹ്.. അതിന്റെ ഒന്നും ആവശ്യം ഇല്ലന്നെ.. പണിക്കുറവ് പണിക്കൂലി എന്നൊക്കെ പറഞ്ഞു പിന്നേം കാശു കൊടുക്കേണ്ടി വരും. സ്വർണം കുറഞ്ഞാൽ പെണ്ണ് പറയില്ലേ എന്റെ അമ്മേടെ സ്വർണം നിങ്ങള് എടുത്തു എന്ന് " മയൂരിയുടെ സംസാരം ലില്ലിക്കു അത്ര പിടിച്ചില്ല.

മായ ഒന്ന് എത്തി വലിഞ്ഞു ജാനകിയമ്മയുടെ മുറിയിലേക്ക് നോക്കി. ചെറിയ മുത്തശ്ശി അവിടെ കട്ടിലിൽ കിടന്നു ഉറങ്ങുന്നു.

"അമ്മേ.. ചേച്ചി എന്തേ?" മായ ചോദിച്ചു.

"അവളു മുകളിലെ മുറിയിൽ ഉണ്ടായിരുന്നു. " ജാനകിയമ്മ പറഞ്ഞത് കേട്ട് മായ മുകളിലേക്കു നടന്നു.

മുറിയിൽ നോക്കി എങ്കിലും മിലിയെ അവിടെ എങ്ങും കണ്ടില്ല. ടെറസ്സിലേക്ക് ഉള്ള വാതിൽ തുറന്നു കിടക്കുന്നത് കണ്ടു മായ അങ്ങോട്ട് ചെന്നു. അവിടെ നിന്നു ലോഹിമാഷിന്റെ വീട്ടിലെ രഘുവിന്റെ മുറിയിലേക്ക് ഒരു നഷ്ടബോധത്തോടെ നോക്കി നിൽക്കുകയായിരുന്നു മിലി.

"ചേച്ചി.. " മായ വിളിച്ചു.

"ഉം? എന്താ മോളെ?" മിലി അവളെ തിരിഞ്ഞു നോക്കി ചോദിച്ചു.

"അത്.. ചേച്ചി.. എനിക്കു.." മായ എങ്ങനെ പറഞ്ഞു തുടങ്ങണം എന്ന് ഓർത്തെടുക്കാൻ നോക്കി

"അമ്മേ... അയ്യോ.. മോളെ.. മിലി... ഓടിവായോ..." താഴെനിന്നുള്ള ജാനകിയമ്മയുടെ അലർച്ച കേട്ട് മിലിയും പിന്നാലെ മായയും അങ്ങോട്ട് ഓടി.

(തുടരും..)

 


നിനക്കായ്‌ ഈ പ്രണയം (48)

നിനക്കായ്‌ ഈ പ്രണയം (48)

4.5
3449

ടെറസ്സിലേക്ക് ഉള്ള വാതിൽ തുറന്നു കിടക്കുന്നത് കണ്ടു മായ അങ്ങോട്ട് ചെന്നു. അവിടെ നിന്നു ലോഹിമാഷിന്റെ വീട്ടിലെ രഘുവിന്റെ മുറിയിലേക്ക് ഒരു നഷ്ടബോധത്തോടെ നോക്കി നിൽക്കുകയായിരുന്നു മിലി. "ചേച്ചി.. " മായ വിളിച്ചു. "ഉം? എന്താ മോളെ?" മിലി അവളെ തിരിഞ്ഞു നോക്കി ചോദിച്ചു. "അത്.. ചേച്ചി.. എനിക്കു.." മായ എങ്ങനെ പറഞ്ഞു തുടങ്ങണം എന്ന് ഓർത്തെടുക്കാൻ നോക്കി "അമ്മേ... അയ്യോ.. മോളെ.. മിലി... ഓടിവായോ..." താഴെനിന്നുള്ള ജാനകിയമ്മയുടെ അലർച്ച കേട്ട് മിലിയും പിന്നാലെ മായയും അങ്ങോട്ട് ഓടി. "എന്താ? എന്താ? " എന്ന് ചിരിച്ചുകൊണ്ട് മിലി എല്ലാവരെയും വകഞ്ഞു മാറ്റി ജാനകിയമ്മയ