❤️ ഈ ഇടനെഞ്ചിൽ ❤️
✍️ Jazyaan 🔥 അഗ്നി 🔥
ഭാഗം : 5
ആ നീട്ടിയ കൈകളെ മറികടന്നു വണ്ടി നീങ്ങിയതും അവന്റെ കാലുകൾ ബ്രേക്കിൽ അമർന്നു. വണ്ടി പതിയെ സൈഡിലേക്ക് ആക്കി അവൻ തലപുറത്തേക്കിട്ട് തിരിഞ്ഞു നോക്കി.
ദൃതിയിൽ ഓട്ടോയ്ക്ക് അടുത്തേക്ക് നടന്നു വരുന്നവളെ കാണെ അവന്റെ ഹൃദയമിടിപ്പ് പോലും വർധിച്ചുകൊണ്ടേയിരുന്നു...
" സിറ്റി ഹോസ്പിറ്റൽ... " ഓട്ടോയ്ക്ക് അരികിൽ നിന്ന് കൊണ്ടവൾ പറഞ്ഞു.
" കയറിക്കോ..." ഹൃദയം അത്രമേൽ മിടിക്കുമ്പോൾ ആ ശബ്ദം അവളുടെ കാതുകളിൽ പതിയുമോ എന്നൊരു ഭയം അവനിൽ നിറഞ്ഞിരുന്നു.
" ഒന്ന് വേഗത്തിൽ പോണേ..." വണ്ടി മുന്നോട്ടു ചലിച്ചു തുടങ്ങും മുന്നേ അവൾ പറഞ്ഞു.
മറുപടി പറയാതെ അവൻ തലചെരിച്ചു അവളെ നോക്കി. പിന്നെ അതിവേഗത്തിൽ തങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ വണ്ടിയുമായി ആളുകൾ പായുന്ന റോഡിലേക്കും.
" അത്... അതിന്ന് അല്പം വൈകി... പോരാത്തതിന് ഹാഫ് ഡേ ലീവും പറഞ്ഞിട്ടുണ്ട് ടൈം നു റിപ്പോർട്ട് ചെയ്‌തില്ലേൽ ഇന്ന് ഫുൾ ഡേ ലീവ് ആയിപ്പോകും..." അവളുടെ ദൃതിക്ക് പിന്നിലുള്ള കാരണം അവൾ വ്യക്തമാക്കി.
" ഹ്മ്മ്...." ഒന്ന് മൂളിക്കൊണ്ടവൻ വണ്ടി മുന്നോട്ടെടുത്തു. എന്തോ അവളെ എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിക്കണം എന്ന് തോന്നി. ആ ചിന്തയിൽ വണ്ടിക്ക് എത്ര സ്പീഡ് കൂട്ടിയാലും മതിയാകാതെ വരുമോയെന്ന് തോന്നി.
" ചേട്ടനെ ഞാൻ എവിടെയോ കണ്ടത് പോലെ... " ഓർമ്മിക്കാൻ ശ്രമിക്കുന്ന രീതിയിൽ അവൾ പറഞ്ഞു.
" ആഹാ സിസ്റ്റർക്ക് നല്ല ഓർമ ശക്തി ആണല്ലോ... ഇന്നലെ ഒരു കുട്ടിയുമായി ക്യാഷുവാലിറ്റിയിൽ വന്നിരുന്നു ഞാൻ... "
" ഹാ... ഇപ്പോ ഓർക്കുന്നു. ദിവസേന ഒരുപാട് മുഖങ്ങൾ കാണുന്നതല്ലേ... പെട്ടന്ന് ഓർമ കിട്ടിയില്ല... എന്നിട്ട് കുട്ടിക്ക് ഇപ്പൊ എങ്ങനെ ഉണ്ട്.."
" ഇന്നലത്തെ അത്ര വേദനയൊന്നുമില്ലെന്നാ പറഞ്ഞത്..."
" മോൻ... മൂന്നു വയസ്സായെന്നല്ലേ പറഞ്ഞത്... അവന്റെ അമ്മ എന്തെ... അല്ല ഇന്നലെ കൂടെ കണ്ടില്ല അത് കൊണ്ട് ചോദിച്ചതാ... "
" അമ്മ.. അമ്മ മരിച്ചു പോയെടോ... "
" സോറി ഞാൻ... ഞാൻ അറിയാതെ ചോദിച്ചതാ... " എന്തോ ആദ്യ പരിചയത്തിൽ ഇത്രയും കടന്നു ചോദിക്കേണ്ടിയിരുന്നില്ലെന്ന് അവൾക്ക് തോന്നി.
" അതിനെന്തിനാ സോറി... അമ്മേടെ ലേറ്റ് പ്രെഗ്നൻസി ആയിരുന്നു... എനിക്ക് അന്ന് 25 വയസ്സ്... ആ പ്രായത്തിലും അമ്മ ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ സന്തോഷം ആയിരുന്നു... മിഥുനം സിനിമയിലെ പോലെ ഞാനും ഒരു ചേട്ടച്ഛൻ ആകുമെന്ന് വീമ്പും പറയും... ലേറ്റ് പ്രെഗ്നൻസി കോംപ്ലിക്കേഷൻ കാണുമെന്നു മുന്നറിയിപ്പ് തന്നിട്ടും അമ്മ അതൊന്നും കാര്യമാക്കിയില്ല... അവസാനം രണ്ടു കുഞ്ഞിമണികളെ തന്നിട്ട് അമ്മ യാത്രയായി... " എന്തോ തന്നെക്കുറിച്ചവൾ കൂടുതൽ അറിയണമെന്ന ചിന്തയിൽ അവൻ ധന്യയോട് കാര്യങ്ങൾ ചുരുക്കി പറഞ്ഞു.
"അത്.. ഞാൻ വിചാരിച്ചു ആ കുഞ്ഞിന്റെ അച്ഛൻ നിങ്ങൾ ആണെന്ന്..." ഒരു പരുങ്ങലോടെ അവൾ മറുപടി പറഞ്ഞു.
" ആ വിചാരിച്ചതിൽ തെറ്റില്ലാട്ടോ...അവർ ഇരുവരും എനിക്ക് സ്വന്തം മക്കൾ തന്നെയാണ്..." പുഞ്ചിരിയോടെ അവളെ തലചെരിച്ചു നോക്കി അവൻ പറഞ്ഞു.
അവളും മറുപടിയായൊന്ന് പുഞ്ചിരിച്ചു.
എന്തെ വൈകിയതെന്ന ചോദ്യം പലയാവർത്തി നാവിൽ വന്നെങ്കിലും എന്തുകൊണ്ടോ അവൻ ചോദിച്ചില്ല...
" ദാ ഇവിടെ നിർത്തിക്കോളൂ... " ഹോസ്പിറ്റൽ ബസ്റ്റോപ്പിന് സമീപമുള്ള പെട്ടിക്കട കാട്ടി അവൾ പറഞ്ഞു.
" ഇവിടെയോ... " സംശയത്തോടെ അവൻ ചോദിച്ചു.
" ഹ ഇവിടെ മതി... " അവൾ പറഞ്ഞു പൂർത്തീകരിക്കും മുന്നേ അവൻ വണ്ടി ഓരം ചേർത്ത് നിർത്തി.
" എത്രയായി..."
" അത്... ഒരു 30 തന്നേക്ക്... " ഒന്ന് ഊഹിച്ചു അവൻ പറഞ്ഞു.
" മുപ്പതോ... " അമ്പരപ്പോടെ അവൾ ചോദിച്ചു.
" ഹ.. " ചോദിച്ചത് കൂടിപ്പോയോ എന്നവൻ സംശയിച്ചു. എങ്കിലും 30 ഇൽ തന്നെ ഉറച്ചു.
" ഇവിടം വരെ സാധാരണ 60 രൂപയാണ്.. അറിയാത്ത പണി ആണല്ലേ... " അറുപതു രൂപ നീട്ടികൊണ്ട് അവൾ പറഞ്ഞു.
" എന്ത്... " അവൾ പറഞ്ഞത് മനസ്സിലാവാതെ അവൻ ചോദിച്ചു.
" അല്ല കണ്ടിട്ട് ഒരു ഓട്ടോക്കാരൻ ആണെന്ന് തോന്നുന്നില്ല.. അത് പറഞ്ഞെന്നെ ഉള്ളു... "
" ഓഹോ ഓട്ടോക്കാർക്ക് പ്രത്യേക ലക്ഷണങ്ങൾ ഒക്കെ ഉണ്ടോ... "
" ഹാ... ഉണ്ടെന്ന് കൂട്ടിക്കോ... ഈ പൈസ വാങ്ങിയിരുന്നേൽ എനിക്ക് പോകാമായിരുന്നു." നീട്ടി പിടിച്ച പൈസ കണ്ണുകൊണ്ടു കാണിച്ചവൾ പറഞ്ഞു.
" ഓട്ടോക്കാരൻ അല്ലെന്ന് മനസ്സിലായില്ലേ... അപ്പൊ പിന്നെ ഓട്ടോ കാശും വേണ്ട... ഒരു പരിചയക്കാൻ ലിഫ്റ്റ് തന്നതായി കണ്ടാൽമതി... " അവൻ ചിരിയോടെ പറഞ്ഞു.
" അത് വേ... " അവൾ പറഞ്ഞു പൂർത്തിയാക്കും മുന്നേ അവൻ വണ്ടിയുമായി മുന്നോട്ട് പോയിരുന്നു...
" ഷോ... കഷ്ട്ടായിപ്പോയല്ലോ..." അവൾ സ്വയം പരിതപിച്ചു. പിന്നെ സ്ഥിരമായി ആ കടയിൽ നിന്ന് വാങ്ങാറുള്ള മിട്ടായിയുമായി ഹോസ്പിറ്റലിലേക്ക് നടന്നു.
അവളുടെ പ്രവർത്തികൾ ഓരോന്നും അവൾ അറിയാതെ മിററിൽ കൂടി അജു കാണുന്നുണ്ടായിരുന്നു. അവൾ ഹോസ്പിറ്റൽ കോമ്പൗണ്ടിലേക്ക് കടന്നതും അവൻ വണ്ടി തിരിച്ചു തനിക്ക് പോകേണ്ടിടത്തേക്ക് യാത്ര തിരിച്ചു.
❤️❤️ ❤️❤️❤️❤️❤️❤️❤️
ധന്യ വരുന്നത് നോക്കി സിനി സിസ്റ്റർ അവൾക്കായി കാത്തുനിന്നു.
" എന്താ ധന്യ വൈകിയത്... "
" ഉണരാൻ അല്പം വൈകി പോയി സിനിചേച്ചി... " ലളിതമായി അവൾ മറുപടി നൽകി.
" അല്ല ചേച്ചിക്ക് ഇന്ന് ലേബർ റൂം ഡ്യൂട്ടി അല്ലെ പിന്നെ ഇവിടെ..." അവൾ സിനിക്ക് നേരെ തിരിഞ്ഞു നിന്ന് ചോദിച്ചു.
" ഞാൻ നിന്നെ കാണാൻ കാത്തിരുന്നതാ... "
" എന്നെയോ... എന്തിനാ... "
" അത് എനിക്ക് ഹംസത്തിന്റെ ഡ്യൂട്ടി കൂടി കിട്ടി." ഒരു കളിയാക്കി ചിരിയോടെ സിനി പറഞ്ഞു.
" ഹംസത്തിന്റെ ഡ്യൂട്ടിയൊ... എന്താണേലും ഒന്ന് തെളിച്ചു പറ ചേച്ചി... " ധന്യ സിനി പറഞ്ഞത് മനസ്സിലാകാതെ ചോദിച്ചു.
" നിന്നെ ശ്രീജിത്ത് ഡോക്ടർ അന്വേഷിച്ചു. വന്നാൽ ഉടനെ ചെന്നു കാണാനും പറഞ്ഞേൽപ്പിച്ചു. ഇപ്പൊ മനസ്സിലായോ ഹംസത്തിന്റെ ജോലി. "
" ഡോക്ടർ... എന്തിനാണാവോ തിരക്കിയത്..." ആലോചനയോടെ ധന്യ സ്വയം ചോദിച്ചു.
" പണ്ട് പറഞ്ഞ അതേ പ്രൊപോസൽ ഒന്നുകൂടി പറഞ്ഞുറപ്പിക്കാനായിരിക്കും... "
" അതൊക്കെ അന്നേ പറഞ്ഞു അവസാനിപ്പിച്ചതാണ്... എന്താണെങ്കിലും ഞാൻ പോയി നോക്കട്ടെ... " സിനിയോട് പറഞ്ഞു ഡോക്ടറുടെ റൂമിലേക്ക് നടക്കുമ്പോഴും അവളുടെ മനസ്സിൽ തന്നെ ഡോക്ടർ എന്തിന് വിളിപ്പിച്ചു എന്ന ചിന്തയായിരുന്നു.
❤️❤️❤️❤️❤️❤️❤️❤️❤️
" നന്ദാ..."
" ദാ വരുന്നമ്മാ... " അതും പറഞ്ഞവൻ ഡൈനിങ് റൂമിലേക്ക് വന്നിരുന്നു.
തനിക്കായി കാത്തിരിക്കുന്ന അച്ഛനെ കണ്ടതും നന്ദൻ എന്തോ പന്തികേട് തോന്നി.
" നിനക്ക് ഇന്ന് ഉച്ചക്ക് ശേഷം എന്താ പരിപാടി..." പൊതുവെ ഗൗരവം നിറഞ്ഞ ശബ്ദത്തിൽ അയ്യാൾ ചോദിച്ചു.
" അത്... അത് അച്ഛാ എനിക്കിന്ന് ഒരു സുഹൃത്തിനെ കാണാൻ ഉണ്ടായിരുന്നു." അല്പം ഭയത്തോടെ ആണെങ്കിലും അവൻ പറഞ്ഞു.
" ഏത് സുഹൃത്ത് ... " ഇത്തവണ ചോദ്യം ആദ്യത്തേതിലും കടുപ്പത്തിലായിരുന്നു.
" അവന്റെ സുഹൃത്തുക്കളിൽ ആരെയൊക്കെ നിങ്ങൾക്കറിയാം... "നന്ദന്റെ രക്ഷക്കായി അമ്മ ശാരദ അടുക്കളയിൽ നിന്നെത്തി.
" ചോദ്യം മകനോടാണ്... നിന്നോടുള്ളത് പിന്നെ ഞാൻ ചോദിക്കുന്നുണ്ട്."
" അച്ഛാ.. അത് വിനോദാണ്... അവൻ ഗൾഫിൽ പോകുവല്ലേ... അതിന്റെ ഒരു ചെറിയ പാർട്ടി."
" ഹ്മ്മ്... തല്ക്കാലം ഞാൻ വിശ്വസിക്കുന്നു. പിന്നെ നിന്നോടും നിന്റെ അമ്മയോടും ഞാൻ പറഞ്ഞതാണ് ഇനി ഒരിക്കലും ധന്യ യുടെ പിന്നാലെ പോകരുതെന്ന്... നിങ്ങളുടെ കല്യാണം നടക്കില്ലെന്നും..."
" കുട്ടികളുടെ കല്യാണം നേരത്തെ..." ജയന്റെ നോട്ടത്തിൽ പതറി ശാരദ പറയാൻ വന്നത് പൂർത്തിയാക്കിയില്ല.
" നിന്റെയും മോന്റെയും മനസ്സിലെ വിഷ ചിന്തകൾക്ക് എന്റെ കുട്ടിയെ വിട്ടു തരാൻ എനിക്ക് സൗകര്യമില്ല... അതുകൊണ്ട് ധന്യയെ മറന്നേക്ക്..."
" അവൾ സ്വന്തം ചോരയാണല്ലോ... കണ്ട &@%##&ച്ചികൾക്ക് നിങ്ങളുടെ ചോരയിൽ ഉണ്ടായത്... ആ *#&& മോളേ എന്റെ മോന്റെ ഭാര്യയായി ഞാൻ ഇവിടെ എന്റെ കാൽച്ചോട്ടിൽ കൊണ്ടുവരും... നിങ്ങളുടെ കണ്മുന്നിൽ ഇട്ട് അവളെ നരകിപ്പിക്കും ഞാൻ..." ശാരദ വാശിയോടെ അയാൾക്ക് നേരെ ചീറി.
" $&*#&മോളേ... " വിളിയോടൊപ്പം ജയന്റെ ബലിഷ്ട്ടമായ കൈകൾ ശാരദയിൽ പ്രഹരമേല്പിച്ചു.
" മതി... നിർത്ത് ഇനി എന്റെ അമ്മയ്ക്ക് നേരെ നിങ്ങളുടെ കൈ ഉയർത്തി പോകരുത്... അമ്മ പറഞ്ഞതിൽ എന്താ തെറ്റ്... എന്റെ മുറപ്പെണ്ണ് അല്ലെ ധന്യ... എന്റെ അച്ഛന്റെ പെങ്ങളെ മകൾ... " നന്ദന്റെ പറച്ചലിൽ തന്നെ ഒരു പരിഹാസം നിറഞ്ഞു നിന്നിരുന്നു.
" ഇതിനുള്ള മറുപടി നിന്റെ അമ്മയോടു ചോദിച്ചുനോക്ക്..." തനിക്ക് അരികിൽ നിൽക്കുന്ന ശാരദയെ പുച്ഛത്തോടെ നോക്കി അയ്യാൾ മുന്നോട്ടു നടന്നു.
" പിന്നെ അമ്മയും മകനും കൂടി എന്റെ കുട്ടിയ്ക്ക് നേരെ എന്തൊക്കെ ദ്രോഹങ്ങൾ ചെയ്യാൻ മുതിർന്നാലും അതിലെല്ലാം അവൾക്ക് സംരക്ഷണ പാളി തീർത്തു അവളുടെ അച്ഛൻ കൂടെ ഉണ്ടാകും..." അവസാന താക്കിത് പോലെ അയ്യാൾ പറഞ്ഞു.
ജയന്റെ വാക്കുകൾ ഓരോന്നും നന്ദനിലും ശരദയിലും അവരുടെ പകയും വിദ്വേഷവും വർധിപ്പിക്കുകായാണുണ്ടായത്.
❤️❤️❤️❤️❤️❤️❤️❤️❤️❤️
തനിക്കായി ഒരുങ്ങുന്ന കുരുക്കുകൾ അറിയാതെ ധന്യ ശ്രീജിത്ത് ഡോക്ടറെ കാണാനായി കാത്തിരിക്കുകയായിരുന്നു.
ദൂരെ നിന്നും തന്റെ ക്യാബിൻ മുന്നിൽ നിൽക്കുന്ന ധന്യയെ കണ്ടു ശ്രീ തന്റെ നടത്തത്തിന്റെ വേഗത വർധിപ്പിച്ചു.
" ഗുഡ് മോർണിംഗ് ഡോക്ടർ.."
" ഗുഡ് മോർണിംഗ് ധന്യ... "
"ഡോക്ടർ വിളിച്ചെന്നു പറഞ്ഞു."
" ഹാ... താൻ വാടോ അകത്തിരുന്നു സംസാരിക്കാം... " അതും പറഞ്ഞു ശ്രീ തന്റെ ക്യാബിൻ അൺലോക്ക് ചെയ്തു അകത്തേക്ക് കയറി.
കൂടെ കയറണോ വേണ്ടയോ എന്നറിയാതെ അവൾ ഡോറിനരികിൽ തന്നെ നിന്നു.
" കയറി വാടോ... " ശ്രീ ഒന്നൂടെ അവളെ അകത്തേക്ക് ക്ഷണിച്ചു.
അകത്തേക്ക് കയറിയതും അവൾക്ക് ചുറ്റും റോസാപ്പൂവിന്റെ ഗന്ധം നിറഞ്ഞു... ടേബിളിൽ ഇരിക്കുന്ന വെള്ളറോസാപൂക്കളുടെ ബൊക്ക അവളുടെ കണ്ണിൽ പതിഞ്ഞു.അതിന്റെ ഭംഗി ആസ്വദിക്കും മുന്നേ മേശമേൽ പാക്ക് ചെയ്ത ഒരു ബോക്സ് കൂടി കണ്ടു... അവളുടെ കണ്ണുകൾ അതിവേഗം ആ റൂമിന് ചുറ്റും പാഞ്ഞു... ഡോക്ടറുടേത് എന്ന് പറയാനായി ഒന്നും തന്നെ ആ റൂമിൽ അവശേഷിക്കുന്നില്ലെന്ന് അവൾക്ക് ബോധ്യമായി.
" ഡോ... ഡോക്ടർ ഇവിടുന്ന് പോവാണോ..." എന്തൊക്കെ അവളുടെ ശബ്ദം ചെറുതായി വിറച്ചുപോയി.
" ഹ്മ്മ്... " അവളുടെ ഭാവങ്ങൾ ഓരോന്നും ശ്രദ്ധിച്ചിരുന്ന ശ്രീ ആ ചോദ്യത്തിനു വെറുതെ ഒന്ന് മൂളി...
" ഞാൻ...ഞാൻ കാരണമാണോ ഡോക്ടർ പോകുന്നത്... "
" എന്ത്..." അങ്ങനെ ഒരു ചോദ്യം പ്രതീക്ഷിക്കാത്തതായിരുന്നത് കൊണ്ട് ശ്രീയിൽ അത് ഞെട്ടൽ ഉളവാക്കി.
" അല്ല... ഞാൻ.. അത് എന്റെ പ്രശ്നം കാരണം ആണോ ഡോക്ടർ പെട്ടന്ന് പോകുന്നത്."
" അതിനു നമ്മൾ തമ്മിൽ എന്ത് പ്രശ്നമാണെടോ..." തനിക്കായി അനുവദിച്ചിട്ടുള്ള കസേരയിലേക്ക് ഇരുന്നു കൊണ്ട് അവളോടായി ചോദിച്ചു.
മറുപടിയില്ലാതെ ധന്യ മൗനം പൂണ്ടു.
അവളുടെ മൗനം മനസ്സിലാക്കിയത് പോലെ ശ്രീ സംസാരം തുടർന്നു.
" എനിക്ക് തന്നോട് ഇഷ്ടം തോന്നിയെന്നത് കൊണ്ട് നമുക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് ചിന്തിച്ചു കൂട്ടണ്ട... ഉള്ളിൽ സ്വന്തമാക്കണമെന്ന് മോഹം തോന്നി, അത് തന്നോട് അവതരിപ്പിച്ചു... തന്റെ മറുപടി നെഗറ്റീവ് ആയിരുന്നു... അതിൽ സങ്കടം ഇല്ലെന്ന് പറയുന്നില്ല.. പക്ഷെ എനിക്ക് എന്റെ പ്രണയം കിട്ടിയില്ലെങ്കിലും തനിക്ക് തന്റെ പ്രണയം സാക്ഷാത്കരിക്കുമല്ലോ എന്ന ചെറുതല്ലാത്ത സന്തോഷവും ഉണ്ട്.. അതുപോരാതെ എന്റെ അമ്മ തന്നോട് പറഞ്ഞതും പ്രവർത്തിച്ചതും... സത്യം പറഞ്ഞാൽ തനിക്ക് മുന്നിൽ തല ഉയർത്തി നിൽക്കാൻ പോലും എനിക്ക് ലജ്ജ തോന്നുണ്ട്..."
" അയ്യോ സർ എനിക്ക് അങ്ങനെയൊന്നും..."
" അത് തന്റെ നല്ല മനസ്സ്... അമ്മയോട് പോലും വെറുപ്പ് തോന്നിയിട്ടില്ലെന്ന് പറഞ്ഞു... എങ്കിലും ഒരുവട്ടം കൂടി മാപ്പ് പറയണമെന്ന് തോന്നി... "
" അത് നമ്മൾ ഒരുവട്ടം പറഞ്ഞു തീർത്തതല്ലേ സർ... ഇനിയും വേണ്ടിയിരുന്നില്ല... പിന്നെ സർ പറഞ്ഞത് പോലെഅല്ല, ഞാൻ ആയിരുന്നിരിക്കില്ല സറിന്റെ പ്രണയം... അത് ഉറപ്പായും ഡോക്ടറിന് അരികിൽ വരും... നിങ്ങൾ ഒന്ന് ചേരും ഞാനും പ്രാർത്ഥിക്കും..." ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു.
മറുപടിയായി അവനും ചിരിച്ചു... എങ്കിലും കണ്ണുകളിൽ അവളെന്ന നഷ്ടം നൽകുന്നൊരു വേദന നിറഞ്ഞു നിന്നിരുന്നു.
" എന്താ പെട്ടന്ന് തിരിച്ചു പോകുന്നെ..." വീണ്ടും അവൾ ചോദ്യം ആവർത്തിച്ചു.
" പെട്ടന്ന് ഒന്നുമല്ലന്നെ കുറെ ആയി അമ്മ തിരിച്ചു വിളിക്കുന്നു... ഇപ്പൊ സമയവും സന്ദർഭവും ഒത്തുവന്നു.. അതുകൊണ്ട് പോകുന്നു... ഇനി ഒരു യാത്ര പറച്ചിൽ ഇല്ല... വീണ്ടും കാണാം എന്ത് സഹായത്തിനും കൂടെ ഉണ്ടാകും. " അത്രയും പറഞ്ഞു ശ്രീ തന്റെ കാർഡ് അവൾക്ക് നൽകി.
" ഇത് തനിക്കായി വാങ്ങിയതാണ്... "
ശ്രീ പറഞ്ഞതും അവളുടെ കണ്ണുകൾ മേശമേൽ ഇരിക്കുന്ന ബോക്കയിൽ ചെന്നുനിന്നു. അവൾക്ക് അത് സ്വീകരിക്കാൻ അല്പം ബുദ്ധിമുട്ട് തോന്നി...
" ഹേയ്... അതല്ലടോ... ഇത്... " തന്റെ കയ്യിലിരിക്കുന്ന കുഞ്ഞു ഗിഫ്റ്റ് ബോക്സ് അവൾക്ക് നൽകി കൊണ്ട് അവൻ പറഞ്ഞു.
ആദ്യം ഒന്ന് മടിച്ചെങ്കിലും അവന്റെ സന്തോഷത്തിന് അവൾ അത് സ്വീകരിച്ചു.
പിന്നെ അവിടെ നിൽക്കാതെ അവളും യാത്ര പറഞ്ഞു തന്റെ ജോലിയിലേക്ക് തിരിഞ്ഞു.
❤️❤️❤️❤️❤️❤️❤️❤️❤️❤️
ചിലർ അങ്ങനെയാണ് യാതൊരു മുന്നറിയിപ്പും തരാതെ ജീവിതത്തിലേക്ക് കടന്നു വരും... വന്നത് പോലെ മടങ്ങുകയും ചെയ്യും... പക്ഷെ അവർ നൽകുന്ന ഓർമ്മകൾ അങ്ങനെ മനസ്സിൽ പതിപ്പിച്ചു തന്നിട്ടായിരിക്കും മടക്കമെന്ന് മാത്രം... അതിൽ സന്തോഷം ,സങ്കടം ,ദേഷ്യം ,വെറുപ്പ് അത്ഭുതം ഏതുമാകാം... അവർക്ക് നമുക്കുള്ളിൽ ഒരു സ്ഥാനം എങ്ങനെയും അവർ നേടിയെടുത്തിരിക്കും...
തുടരും...
അപ്പൊ ഇന്നത്തെ പാർട്ടിൽ കുറച്ചു രഹസ്യങ്ങൾ ഒക്കെ കുത്തി നിറച്ചിട്ടുണ്ട്.. അത് പോകെ പോകെ ചുരുളഴിച്ചെടുക്കാം 😍😍 ഇന്നലെ പോസ്റ്റ് ചെയ്യാത്തത് കൊണ്ട് ഇന്ന് നല്ല ലെങ്ങ്തിൽ ഇട്ടിട്ടുണ്ടെ ...
അപ്പൊ അടുത്ത part നാളെ പത്തുമണിക്ക് ❤️❤️❤️
അഭിപ്രായം പറയാൻ മറക്കല്ലേ