Aksharathalukal

❤️ ഈ ഇടനെഞ്ചിൽ ❤️ - 10

❤️ ഈ ഇടനെഞ്ചിൽ ❤️

✍️ Jazyaan 🔥 അഗ്നി 🔥

ഭാഗം : 10

അതിനിടയിലും ഒരുപാട് തിരഞ്ഞു ഞാൻ ആ മുഖം... പക്ഷെ കണ്ടില്ല...  എങ്കിലും ഒരുനാൾ വിധി എനിക്ക് മുന്നിൽ എന്റെ കവിയെ എത്തിക്കുമെന്ന് തന്നെ ഞാൻ വിശ്വസിച്ചു... പക്ഷെ വിധി അവിടെയും എന്നെ തോൽപ്പിച്ചു..  അവളെ അവസാനമായൊന്ന് കാണാൻ കൂടി കഴിഞ്ഞില്ല..."

     ജയന്റെ ഉളിലെ സങ്കടങ്ങൾ ഓരോന്നായി അയ്യാൾ കൃഷ്ണന് മുന്നിൽ തുറന്നു.

    " ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ മാത്രം ബാക്കി..."

  " ദൈവം അങ്ങനെയാണ്... പരീക്ഷിച്ചു കൊണ്ടേയിരിക്കും... കവിയെ കുറിച്ചുള്ള ഓർമകളിൽ ജീവിതം തള്ളിനീക്കി ഞാൻ...  ഒരു ദിവസം ലോഡ് ഇറക്കി കൊണ്ടിരിക്കെ കരഞ്ഞുകൊണ്ട് ഓടിവരുന്ന അമ്മയെ കണ്ടു... മോനെ നളിനി നമ്മുടെ കുട്ടി...  അത്രേ അമ്മ പറഞ്ഞുള്ളു... വീട്ടിലേക്ക് ഓടുകയായിരുന്നു... രക്തത്തിൽ കുളിച്ചു കിടക്കുന്ന നളിനി... ആ മുഖം ഈ നിമിഷവും കണ്ണിൽ തെളിഞ്ഞു കാണുന്നു... അവളെ വാരിയെടുത്ത് ആശുപത്രിയിലേക്ക് പായുമ്പോൾ വീണ്ടും തോൽപ്പിച്ചു കളഞ്ഞല്ലോ ഭഗവാനേന്ന് മനസ്സ് ചോദിച്ചു. അടുത്ത് ഉള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെ നിന്ന് മെഡിക്കൽ കോളേജിലേക്ക് പറഞ്ഞു വിട്ടു... "

   ജയന്റെ വാക്കുകൾ ഓരോന്നും ഇത്തവണ തളർത്തി കൊണ്ടിരുന്നത് കൃഷ്ണനെയായിരുന്നു. അയ്യാളുടെ കണ്ണുകൾ നിറഞ്ഞു... തന്റെ കുഞ്ഞ്... ആ ഓർമയിൽ ആ പിതൃഹൃദയം തേങ്ങി...

  "എന്റെ കുഞ്ഞ്... " ചുണ്ടുകൾ മന്ത്രിച്ചു.

" സമയം മുന്നോട്ടു നീങ്ങാത്തത് പോലെ തോന്നി... നളിനിയുടെ വിവരം അറിയാൻ ആ വാതിൽക്കൽ കാത്ത് നിൽക്കുമ്പോൾ, അത്രമേൽ എന്നിൽ ഭയം മൂടിയ ഒരു ദിനം വേറെയുണ്ടോ എന്ന് പോലും ചിന്തിച്ചു പോകുന്നു... " ജയൻ വീണ്ടും പറഞ്ഞു തുടങ്ങി അന്നത്തെ ആ ദിനം.

   " കുറെയേറെ നിമിഷങ്ങൾക്ക് ശേഷം  എന്നെ ആ റൂമിനകത്തേക്ക് വിളിക്കുമ്പോൾ അരുതാത്ത വാർത്തയൊന്നും കേൾക്കല്ലേ എന്ന് പ്രാർത്ഥന മാത്രമായിരുന്നു മനം നിറയെ... പക്ഷെ ദൈവത്തിന് ഞാൻ ആഗ്രഹിക്കുന്നതൊക്കെയും എന്നിൽ നിന്ന് അകറ്റി മാത്രമാണ് ശീലം... ജീവനില്ലാത്ത ഒരു പിഞ്ച് ശരീരം... എനിക്ക് കാട്ടി തരുമ്പോൾ ആദ്യം മനസ്സിൽ നിറഞ്ഞത്... എട്ടാന്ന് വിളിച്ചു വരുന്ന നളിനിയുടെ മുഖമായിരുന്നു...  എന്ത് പറഞ്ഞു ഞാൻ എന്റെ കുട്ടിയെ ആശവസിപ്പിക്കും..  തകർന്ന് പോയി... ഇനി ഒന്നും കാണാൻ ഇടവരുത്താതെ ഈ ജീവൻ അങ്ങ് എടുത്തുടെ ദൈവമേന്ന് പോലും ചിന്തിച്ചു... "

  " ഒന്ന് കാണാൻ കൂടി.... " കൃഷ്ണന് തന്റെ വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ പോയി... കണ്ണുകൾ അനുസരണയില്ലാതെ പെയ്ത്തുകൊണ്ടിരുന്നു ഇരുവരുടെയും.

   "  കുഞ്ഞു നഷ്ട്ടപെട്ട വിവരം കൃഷ്ണനെ അറിയിക്കാൻ ഒരുപാട് ശ്രമിച്ചിരുന്നു ആ സമയത്തതൊക്കെയും.. പക്ഷെ മുംബൈ ആക്രമണം നടക്കുന്ന സമയമായതിനാൽ  ശ്രമങ്ങൾ ഒക്കെ പരാജയപ്പെട്ടു. കവിതയുടെ ജീവിതം ഇങ്ങനെ ആയതിൽ തന്റെ വിവാഹമാണ് കാരണമെന്നും അതുകൊണ്ട് ആ കുഞ്ഞു നഷ്ട്ടമായതെന്നും സ്വയം പഴിച്ചു ജീവിക്കുന്ന സഹോദരിയെ ആശ്വസിപ്പിക്കാൻ കഴിയാത്ത അവസ്ഥ..  അതൊക്കെ അനുഭവിച്ചു തന്നെ അറിയണം...

ദൂരം അധികമായതിനാൽ നാട്ടിലുള്ള ആർക്കും വിവരങ്ങൾ ഒന്നും അറിയില്ല, സന്തോഷകരമായ വാർത്ത ഒന്നും പറയാനുമില്ലായിരുന്നു...
   മൂന്നാം നാൾ ഹോസ്പിറ്റലിൽ ഒരു സന്ദർശകൻ വന്നു... മുന്നിൽ നിൽക്കുന്ന പവിത്രനെ കണ്ടതും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ... കവി.. ദിവസങ്ങൾക്ക് ശേഷം വീണ്ടും അന്നായിരുന്നു ആ മുഖം മനസ്സിലേക്ക് ഓടിയെത്തുന്നത്..."

          ❤️❤️❤️❤️❤️❤️❤️❤️

  ആ ഹോസ്പിറ്റൽ മുറിയിലേക്ക് വീണ്ടും ജയന്റെ ഓർമ്മകൾ സഞ്ചരിച്ചു.

  " അകത്തേക്ക് കയറാമോ... " ആ പരുക്കൻ ശബ്ദം കേട്ട ഞെട്ടലിലാണ് പവിത്രനെ കണ്ട ഷോക്കിൽ നിന്നും ജയൻ ഉണർന്നത്.

  " ഹാ... വരൂ... "

  " കുഞ്ഞു പോയല്ലേ... " അല്പം പോലും ദയയില്ലാതെ പവിത്രന്റെ ചോദ്യം വീണ്ടും നളിനിയുടെ കണ്ണുകൾ നിറക്കുന്നത് കണ്ടപ്പോൾ ജയനിൽ ദേഷ്യം തോന്നി... അടുത്ത നിമിഷം തന്റെ  പ്രവർത്തികൾ കൊണ്ട് വേദനിക്കുന്ന ഒരു സഹോദരി പവിത്രനുമുണ്ടെന്ന ഓർമയിൽ ജയനിൽ വേദന നിറഞ്ഞു.

   അവളുടെ കണ്ണുകൾ നിറഞ്ഞത് കൊണ്ട് ആയിരിക്കാം പിന്നീട് കുഞ്ഞിനെ കുറിച്ച് പവിത്രൻ സംസാരിച്ചതേയില്ല.

   " കവിത... " ജയൻ അവളെ കുറിച്ച് ചോദിക്കുമ്പോൾ അയ്യാളുടെ ശിരസ്സ് കുനിഞ്ഞിരുന്നു.

   " പുറത്തേക്കിറങ്ങാം അല്പം സംസാരിക്കാനുണ്ട്... " പവിത്രൻ  അതും പറഞ്ഞു അമ്മയെയും നളിനിയെയും നോക്കി പുറത്തേക്കിറങ്ങി.

    "ഏട്ടാ... " ജയൻ പുറത്തേക്കിറങ്ങാൻ ഒരുങ്ങിയതും നളിനി വിളിച്ചു.

   " ഏട്ടൻ പോയി വരാം... "

            ഇത്ര നാൾ ഒന്ന് തിരിഞ്ഞു നോക്കാതിരുന്നയാൾ പെട്ടന്ന് വന്നു സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞു കൂട്ടിപോകുന്നത് എന്തിനു വേണ്ടിയായിരിക്കുമെന്നായിരുന്നു മൂവരുടെയും ചിന്ത.

   
           ❤️❤️❤️❤️❤️❤️❤️❤️

  ആളൊഴിഞ്ഞ മൂലയിൽ നിന്ന് കയ്യിൽ കരുതിയ ബീഡി പുകച്ചു നിൽക്കുന്ന പവിത്രൻ അരികിലായി ജയനും സ്ഥാനമുറപ്പിച്ചു.

  " വേണോ... " ബീഡി പാക്കറ്റ് ജയൻ മുന്നിലേക്ക് നീട്ടിക്കൊണ്ട് പവിത്രൻ ചോദിച്ചു.

  " വേണ്ട.... "

" ഹ്മ്മ്... കവിത പ്രസവിച്ചു... " പറഞ്ഞു നിർത്തി പവിത്രൻ ജയൻ നേരെ തിരിഞ്ഞു.

  " കുഞ്ഞ്... കവി... " ചോദ്യം അയ്യാൾക്കുള്ളിൽ തന്നെ കുരുങ്ങി കിടന്നു. സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞു.

   " പെൺകുഞ്ഞാണ്... ഗർഭിണിയാണെന്ന് അറിഞ്ഞ നിമിഷം മുതൽ കവി നിന്നെ അവിടെ പ്രതീക്ഷിച്ചിരുന്നു... ഒരുപാട് അവൾ ആഗ്രഹിച്ചിരുന്നു. "

  " ഞാൻ ഒരുപാട് തേടി അലഞ്ഞു കണ്ടെത്താൻ കഴിഞ്ഞില്ല... അവർ സുഖായിരിക്കുന്നോ... "

   " കവി... കവി പ്രസവത്തോടെ മരിച്ചു..."

  " ക...  കവി.. മരിച്ചെന്നോ... ക... കള്ളം പറയരുത്... "

  " സ്വന്തം പെങ്ങളുടെ മരണത്തേ കുറിച്ച് ഞാൻ കള്ളം പറയില്ല... ഇപ്പോൾ ഞാൻ വന്നത് ആ കുഞ്ഞിനെ തരാൻ വേണ്ടിയാണ്..  ഇത്ര നാളും അവൾ കാരണം ഒരുപാട് നാണക്കേട് സഹിക്കേണ്ടി വന്നിട്ടുണ്ട്... ഇനി ഈ കുഞ്ഞിനെ കൂടി എനിക്ക് കഴിയില്ല... "

   " ഞാൻ... ഞാൻ നോക്കിക്കോളാം എന്റെ മകളെ... എനിക്ക് അവൾ ഒരു ബാധ്യതയോ നാണക്കേടോ അല്ല... "

   " ഇപ്പൊ ഞാൻ ഇവിടെ വന്നത് കുഞ്ഞിനെ നിന്നെ ഏൽപ്പിക്കാൻ തന്നെയാണ്... പക്ഷെ നിന്റെ കുഞ്ഞായി വളർത്താനല്ല... കവിക്കും കുഞ്ഞിനും നിന്നെ ആവശ്യമുള്ള സമയങ്ങളിൽ ഒന്നും അവരെ തിരക്കി വന്നിട്ടില്ല... അതുകൊണ്ട് കുഞ്ഞു വളരുന്നത് നിന്റെ പെങ്ങളുടെ മകളായിട്ടായിരിക്കണം... അവളുടെ ജീവിതം സന്തോഷപൂർവം ആക്കാൻ വേണ്ടിയല്ലേ നീ കവിയെ സ്വീകരിക്കാൻ തയ്യാറാവാതിരുന്നത്.. അതുകൊണ്ട് എന്റെ തീരുമാനം ഇതാണ്... "

" ഇല്ല... അവൾ എന്റെ മകളാണ്... എന്റെ കുഞ്ഞായി തന്നെ അവൾ വളരണം.. "

  " ഞാൻ എന്റെ തീരുമാനം പറഞ്ഞു... നിന്റെ അനിയത്തിയോട് കൂടെ പറയാം അവൾ തീരുമാനിക്കട്ടെ... "

 
   " ഇല്ല... അത്  നടക്കില്ല... "

   " വരൂ... നളിനിയോട് കാര്യങ്ങൾ ഞാൻ പറയാം... " ജയൻ മറ്റൊരു സംസാരത്തിന് ഇടം കൊടുക്കാതെ പവിത്രൻ മുന്നോട്ടു നടന്നിരുന്നു. തന്റെ ലക്ഷ്യങ്ങൾ ഓരോന്നും മുൻകൂട്ടി കണ്ട് അയാൾ ഓരോ കരുക്കളും ചലിപ്പിച്ചു , എതിരാളിയ്ക്ക് അവരുടെ ചുവടുകൾ പിഴയ്ക്കുന്ന രീതിയിൽ...

    സ്വന്തം കുഞ്ഞു നഷ്ട്ടപെട്ടിരിക്കുന്നവളെ തന്റെ ആഗ്രങ്ങൾക്ക് അനുസരിച്ചു മനസ്സ് മാറ്റിയെടുക്കാൻ പവിത്രൻ അതിവേഗം കഴിഞ്ഞു..

   കവിതയോടും ആ കുഞ്ഞിനോടുള്ള നീതിയും ഓർത്തു നളിനി ആ കുഞ്ഞിനെ സ്വീകരിക്കാൻ തീരുമാനിച്ചു. മറ്റാരുടെയും അഭിപ്രായത്തിന് നളിനി വിലകൊടുത്തില്ല. ജയന്റെ വാക്കുകൾ പോലും അവൾ അംഗീകരിച്ചില്ല..  അവൾ ആ കുഞ്ഞിനെ സ്വന്തമാക്കാൻ ആഗ്രഹിച്ചു.

  " മോളേ കൃഷ്ണനോട്‌ ചെയ്യുന്ന ചതിയാണിത്... "

   " ഇല്ലമ്മേ... ഞങളുടെ കുഞ്ഞിന് പകരം ദൈവം തന്നതാണ് ഈ കുഞ്ഞിനെ.. പിന്നെ ഒരിക്കലും കൃഷ്ണേട്ടൻ ഇത് ഞങളുടെ കുഞ്ഞല്ലെന്ന് അറിയാൻ പോകുന്നില്ല.. പിന്നെ ആ കുഞ്ഞിനെ പോലും ഞാൻ അറിയിക്കില്ല... ഇനി എനിക്ക് എത്ര കുഞ്ഞുങ്ങൾ ഉണ്ടായാലും മോളോടുള്ള സ്നേഹം കുറയുകയുമില്ല.. ഞാൻ ഏട്ടനോട് സത്യം ചെയ്തു തരാം...  "

   " എന്നാലും മോളേ... മാസം തികയാതെ ജനിക്കുന്ന കുഞ്ഞും... മാസം തികഞ്ഞു ജനിച്ച കുഞ്ഞും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്.. അങ്ങനെ എങ്കിൽ നാം പറയുന്ന ഈ കള്ളം പെട്ടന്ന് പിടിക്കപ്പെടും... "

   " അങ്ങനെ ഒന്നും സംഭവിക്കില്ല... ഏട്ടൻ എന്നെ വിശ്വാസമില്ലേ.   കുഞ്ഞിനെ എന്റെ കയ്യിൽ ഏൽപ്പിക്കില്ലേ... " പ്രതീക്ഷയോടെ തന്നേ നോക്കുന്ന സഹോദരിയെ നിരാശപെടുത്താൻ ജയൻ കഴിഞ്ഞില്ല... അയാളും സമ്മതം മൂളി...

   തന്റെ ഉദ്ദേശം പൂർത്തിയായ സന്തോഷമായിരുന്നു പവിത്രനിൽ... പവിത്രൻ  ഒരുക്കിയ കെണിയായിരുന്നു അതെന്ന് ആർക്കും മനസ്സിലായതുമില്ല. 

         ❤️❤️❤️❤️❤️❤️❤️❤️

  തന്റെ പെങ്ങളുടെ ജീവിതത്തിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരിക്കാൻ നളിനി സ്വന്തം താൽപര്യത്തിൽ കുട്ടിയെ സ്വീകരിച്ചതാണെന്ന് ജയൻ പറഞ്ഞില്ല... ജയന്റെ താല്പര്യ പ്രകാരം കുഞ്ഞിനെ നളിനി ഏറ്റെടുത്തതാണെന്ന് ജയൻ കൃഷ്ണനോട് പറഞ്ഞു.

          ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

   ധനു സ്വന്തം കുഞ്ഞല്ലന്ന തിരിച്ചറിവ് കൃഷ്ണൻ നേരത്തെ ബോധ്യപ്പെട്ടതായിരുന്നു... അതുകൊണ്ട് ആ വാർത്ത അയാളിൽ ഞെട്ടൽ ഉളവാക്കിയില്ല... പക്ഷെ ജയന്റെ ജീവിതവും, സ്വന്തം കുഞ്ഞിന്റെ മരണവും അയ്യാളെ തളർത്തിയിരുന്നു. 

       " പ്രശ്നങ്ങളുടെ തുടക്കം പിന്നീടായിരുന്നു.." ജയന്റെ സംസാരം കൃഷ്ണനെ തന്റെ ചിന്തകളിൽ നിന്ന് ഉണർത്തി.

  " തുടക്കമോ... "

" തുടക്കം.... പവിത്രൻ കുരുക്കിയ കുടുക്കിന്റെ തുടക്കം.... ശാരദ എന്റെ ജീവിതത്തിലേക്ക് വന്നത്... നളിനിയുടെ ജീവിതം മുന്നിൽ നിർത്തിയുള്ള വിലപേശലുകൾ ആയിരുന്നു.

   ഒരു ദിവസം അമ്മ സന്തോഷത്തോടെ വന്നൊരു കാര്യം ആവശ്യപ്പെട്ടു,അത് എന്റെ വിവാഹകാര്യമായിരുന്നു. കവിയല്ലാതെ മറ്റൊരു പെണ്ണിന് സ്ഥാനമില്ലാത്ത ഹൃദയത്തിൽ അമ്മ കണ്ടെത്തിയ മരുന്നാണ് ശാരദ. പവിത്രനെ പ്രണയിക്കുന്നവൾക്ക് ഞാനുമായി ഒരു വിവാഹത്തിന് താല്പര്യം കാണില്ല എന്നുള്ള ചിന്തയിൽ അമ്മ കല്യാണക്കാര്യം പറഞ്ഞു വന്നപ്പോൾ ശാരദയ്ക്ക് സമ്മതമെങ്കിൽ എനിക്കും സമ്മതമെന്ന് പറഞ്ഞു.

   ഒരിക്കലും ശാരദ സമ്മതിക്കില്ലെന്നുള്ള വിശ്വാസം തെറ്റിച്ചത്, അമ്മ നിശ്ചയത്തിനുള്ള ഡേറ്റ് കുറിച്ചെന്നു അറിഞ്ഞപ്പോഴാണ്. പിന്നെ നേരിൽ ചെന്നു ശാരദയെ കണ്ടു സംസാരിച്ചു." 

    " ശാരദ കല്യാണത്തിന് സമ്മതിച്ചെന്ന് അമ്മ നുണ പറഞ്ഞതായിക്കൂടെ... " കൃഷ്ണൻ സംശയ രൂപേണ പറഞ്ഞു.

   " അന്നേരം എനിക്കും ഒരു സംശയം ഉണ്ടായിരുന്നു, അത് മാറ്റുന്നതിനായി ഞാൻ അവളെ നേരിൽ കണ്ടു സംസാരിക്കാൻ തീരുമാനിച്ചത്." ജയൻ പറഞ്ഞു .

" കല്യാണകാര്യത്തിൽ ശാരദയുടെ നിലപാട് എന്തായിരുന്നു."

    ജയൻ അന്ന് ശാരദയെ കണ്ട ദിവസത്തെ കാര്യങ്ങൾ കൃഷ്ണനോട് പറയാൻ തുടങ്ങി.

         ❤️❤️❤️❤️❤️❤️❤️❤️❤️❤️

    വൈകുന്നേരം അമ്പലകുളത്തിനരുകിൽ ഞാൻ ശാരദയ്ക്ക് വേണ്ടി കാത്ത് നിന്നു. അതികം വൈകാതെ അവളും വന്നു. എങ്ങനെ സംസാരിച്ചു തുടങ്ങുമെന്ന് നിശ്ചയമില്ലായിരുന്നു എനിക്ക്.

   " ഇത്ര വേഗത്തിൽ കവിയെ മറക്കാൻ കഴിഞ്ഞോ ജയേട്ടൻ... " ശാരദ തന്നെ സംസാരത്തിന് തുടക്കം കുറിച്ചു.

  " ഇതുപോലൊരു ചോദ്യം എനിക്കും ചോദിക്കാൻ അവസരമുണ്ട്. പവിത്രനെ മറന്നോ അതോ മടുത്തോ.. "

   " എന്റെ പ്രണയം അത് മടുക്കുകയോ മറക്കുകയോ ഇല്ല... "

  " പിന്നെന്തിന് ഈ വിവാഹത്തിന് സമ്മദം മൂളി... എനിക്ക് ഒരു കല്യാണമേ വേണ്ടെന്നുള്ള നിലപാടിലായിരുന്നു. കവിയെ മറക്കാൻ എനിക്ക് കഴിയില്ല.. ഇനി ഒരിക്കലും നേടിയെടുക്കാനും."

   " ജയേട്ടൻ പറഞ്ഞത് സത്യമാണ് നേടിയെടുക്കാൻ കഴിയില്ല... പവിത്രേട്ടനായുള്ള കാത്തിരിപ്പ് വെറുതെയാണ്... ആ മനുഷ്യൻ ഇന്ന് വിവാഹിതനാണ്. " ശാരദ ആ പറഞ്ഞ കാര്യം ജയനും പുതിയ ഒരറിവ് ആയിരുന്നു.

   " ഒരാളെ ഹൃദയം കൊണ്ട് സ്നേഹിച്ചാൽ അവിടെ മറ്റൊരാൾക്ക് സ്ഥാനം കൊടുക്കുക എളുപ്പമല്ല. ജയേട്ടൻ എന്നെ മനസ്സിലാകും . എങ്ങനെ ആയാലും വീട്ടിൽ എല്ലാരും കൂടി എന്നെ ഒരാളെ കൊണ്ട് കല്യാണം കഴിപ്പിക്കും, അങ്ങനെ ഉള്ളപ്പോൾ എല്ലാം അറിയുന്നൊരാളാണ് നല്ലതെന്ന് തോന്നി.അതാണ്‌... "

    " പക്ഷെ ശാരദേ നീ അറിയാത്ത കുറച്ചു കാര്യങ്ങൾ കൂടി ഉണ്ട്... "

   " മോളുടെ കാര്യമല്ലേ അതൊക്കെ എനിക്കറിയാം.. എല്ലാം നല്ലതിനാണെന്ന് വിശ്വസിക്കാം."

   അങ്ങനെ തമ്മിൽ സംസാരിച്ചു പിരിഞ്ഞു. പിന്നെ വലിയ ആഘോഷങ്ങൾ ഇല്ലാതെ ആ കല്യാണം നടന്നു. നഷ്ട്ടപെട്ടു പോയെന്ന് കരുതിയ സൗഹൃദം തിരികെ ലഭിച്ചതിൽ സന്തോഷമായിരുന്നു...പക്ഷെ ആ സന്തോഷത്തിനും മണിക്കൂർകളുടെ ആയുസ്സ് മാത്രമായിരുന്നു.

    കൂട്ടുകാരിയുടെ ജീവിതം തകർത്തയാളോടുള്ള പ്രതികാരം... കൂട്ട് നിൽക്കാൻ കാമുകനും. എന്നെ വേദനിപ്പിക്കാൻ ഏറ്റവും എളുപ്പം ധനുവിനെ നോവിക്കുന്നതാണെന്ന് മനസ്സിലായതും അവർ നന്ദനും ധനുമോളും തമ്മിലുള്ള കല്യാണം നടത്താൻ തീരുമാനിക്കുന്നത്...

   " അപ്പൊ നന്ദൻ... " കൃഷ്ണൻ ചോദിച്ചു.

  " പവിത്രന്റെ മകൻ... അതും ഒരു തരം പകവീട്ടൽ. സ്വന്തം മകളുടെ അച്ഛനെന്നുള്ള വിളി കേൾക്കാൻ ഭാഗ്യമില്ലാത്ത എനിക്ക് മറ്റൊരുവന്റെ ചോരയെ സ്വന്തമെന്ന് ചേർത്ത് നിർത്തേണ്ട അവസ്ഥ... കവിയെ ചേർത്ത് നിർത്തേണ്ട സമയങ്ങളിൽ അകറ്റിയതിന് ദൈവം കാത്തുവെച്ച ശിക്ഷ... " ജയൻ നെടുവീർപ്പോടെ പറഞ്ഞു നിർത്തി.

   " നന്ദനും അപ്പൊ ധനുവിനോട് വെറുപ്പാണോ... " കൃഷ്ണൻ ചോദിച്ചു.

   " തീർച്ചയായും... എന്നെ വേദനിപ്പിക്കാൻ... അവന്റെ ഭാഗത്ത് ന്യായമുണ്ട്.. സ്വന്തം മകളെ സ്നേഹിക്കാൻ കഴിയാതെ പോയ വേദന ഞാൻ പ്രകടിപ്പിച്ചിരുന്നത് അവനെ എന്നിൽ നിന്നും അകറ്റി നിർത്തിക്കൊണ്ടായിരുന്നു . ആ മനോഭാവം തെറ്റാണെന്ന് മനസ്സിലാക്കി മനസ്സ് കൊണ്ട് അംഗീകരിച്ചു അവനെ മകനായി സ്നേഹിക്കാൻ തുടങ്ങിയപ്പോഴേക്കും അവനും സത്യങ്ങൾ എല്ലാം മനസ്സിലാക്കി, പിന്നെ അവനുള്ളിലും എനിക്ക് അച്ഛന്റെ സ്ഥാനമില്ലാതായി... എന്നോടുള്ള പ്രതികാരത്തിന് ധനുവിന്റെ ജീവിതം നരകതുല്യമാക്കാൻ ഞാൻ ആരെയും അനുവദിക്കില്ല... "

  " പക്ഷെ... ധനു അവൾക്കുള്ളിൽ നന്ദനോട് പ്രണയമാണ്... "

   " അതുകൊണ്ട് അവളുടെ ജീവിതം അവർക്ക് ചവിട്ടിയരക്കാൻ വിട്ടുകൊടുക്കണമെന്നാണോ കൃഷ്ണ... "

   " ഒരിക്കലുമല്ല... അവളെ എന്ത് പറഞ്ഞു മനസ്സിലാക്കും... " കൃഷ്ണൻ പറഞ്ഞു ..

  " തീർച്ചയായും അതിനൊരു വഴി കണ്ടെത്തണം. ഒരുപാട് താമസിക്കാതെ അവൾക്ക് കല്യാണം നോക്കണം..."

    " അളിയാ... അവൾക്ക് ഒരിക്കൽ അവളുടെ ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഡോക്ടറുടെ ആലോചന വന്നിരുന്നു...അങ്ങനെ എങ്കിൽ ധനുമോൾക്ക് ആ കാര്യം ഒന്ന് ആലോചിച്ചാലോ... "

  " ഞാനും അറിഞ്ഞിരുന്നു... പക്ഷെ ആ പയ്യൻ മാത്രമേ ഈ വിവാഹത്തിന് താൽപര്യം ഉള്ളു.. വീട്ടിൽ മറ്റാർക്കും താല്പര്യമില്ലാതെ ആ വിവാഹം നടന്നാൽ  ആ വീടും അവൾക്ക് നരകമായിരിക്കും."

  ജയന്റെ ആ അഭിപ്രായത്തോട് കൃഷ്ണനും യോജിച്ചു.

   അല്പം ഒന്ന് ആലോചിച്ച ശേഷം ജയൻ തുടർന്നു.

    " എന്റെ സുഹൃത്തിന്റെ മകൻ ഒരാൾ ഉണ്ട് , ചെക്കൻ ഒരു വർക്ക്‌ഷോപ്പിൽ ആണ് . പേര് അജു അല്ല അർജുൻ അജുന്ന് വിളിക്കും . അത് ആലോചിച്ചാൽ കൊള്ളാമെന്ന് ഉണ്ട്."

  " ആദ്യം ധനുവിനെ ഈ കല്യാണത്തിൽ നിന്ന് പിന്തിരിപ്പിക്കണം.. എന്നിട്ടാകാം ബാക്കി ആലോചന . വാ വീട്ടിലേക് പോകാം.."

   " ഹ്മ്മ്... " ഇരുവരും വീട്ടിലേക്ക് മടങ്ങി.

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

" ധനു നീ നല്ലത് പോലെ ആലോചിച്ചു തീരുമാനിക്ക്..  ഇത് വേണോയെന്ന്... ഇന്ന് ഈ ഹോസ്പിറ്റലിൽ ആളുകൾക്ക് മുന്നിൽ നിർത്തി നന്ദേട്ടൻ നിന്നെ അപമാനിച്ചു. ജീവിതകാലം മുഴുവൻ  ഇത്പോലൊരു അയാളോടൊപ്പം വേണോയെന്ന്... " വീട്ടിലേക്കുള്ള മടക്കയാത്രയിൽ ധനുവിന്റെ മനസ്സ് നിറയെ നിമ്മി പറഞ്ഞ വാക്കുകളായിരുന്നു.

   ഇന്ന് തന്നിലും ചെറിയ പ്രായമുള്ള പയ്യനെ സുസ്രൂഷിക്കുന്നതിനിടയി തന്നെ ആ ഹോസ്പിറ്റലിൽ ഉള്ളവർക്ക് മുന്നിൽ വെച്ച് പരിഹസിച്ചു കുറ്റപെടുന്ന നന്ദന്റെ മുഖം ഓർമകളിലേക്ക് വന്നു. മനസ്സിൽ കൂട്ടുകാരിയുടെ ഉപദേശവും...

  
                       തുടരും...

തിരുത്തിയിട്ടില്ല തെറ്റ് ഉണ്ടേൽ തിരുത്തി വായിക്കണേ . അഭിപ്രായം പറയാൻ മറക്കല്ലേ ❤️❤️
      

 

 

  


 

 

 


❤️ ഈ ഇടനെഞ്ചിൽ ❤️ - 12

❤️ ഈ ഇടനെഞ്ചിൽ ❤️ - 12

4.8
3315

❤️ ഈ ഇടനെഞ്ചിൽ ❤️ ✍️ Jazyaan 🔥 അഗ്നി 🔥 ഭാഗം : 12      " നന്നായി ആലോചിക്കൂ... ഇന്നുകളിൽ ജീവിക്കു നാളകളെ കുറിച്ച് ആശങ്ക വേണ്ടെന്നു പറയാൻ എളുപ്പമാണ്... പക്ഷെ ഭാവി മുൻനിർത്തി തന്നെ നല്ലൊരു തീരുമാനം എടുക്കണം ... അച്ഛന്റെ കുട്ടിക്ക് നല്ല തീരുമാനം എടുക്കാൻ കഴിയണമെന്ന് അച്ഛൻ ആഗ്രഹിക്കുന്നു... ആലോചിക്കൂ... ശാന്തമായി ഉറങ്ങു. നല്ലത് വരട്ടെ... " അയ്യാൾ ധനുവിന്റെ നെറുകയിൽ മുത്തി തിരികെ നടന്നു.    വീണ്ടും അവൾ ആശയക്കുഴപ്പത്തിലായി. താൻ എന്ത് തീരുമാനമെടുത്താലും അച്ഛൻ തനിക്കൊപ്പം ഉണ്ടാകും. എടുക്കുന്ന തീരുമാനം അത് അവളെ തളർത്തികൊണ്ടിരുന്നു. നന്ദൻ അവളുടെ പ്രണയമാണ്... നഷ്ട