❤️ ഈ ഇടനെഞ്ചിൽ ❤️
✍️ Jazyaan 🔥 അഗ്നി 🔥
ഭാഗം : 14
അജു മോനെ ആ കല്യാണാലോചന എന്താ നിന്റെ അഭിപ്രായം... "
" എനിക്ക് എതിർപ്പില്ലെന്ന് ഞാൻ പറഞ്ഞതല്ലേ അച്ഛാ... ബാക്കി അവർ പറയട്ടെ... " അത്രയും പറഞ്ഞു അവൻ മുറിയിലേക്ക് പോയി. മനസ്സ് മുഴുവൻ ധനുവിനൊപ്പമുള്ള ഇന്നത്തെ യാത്രയായിരുന്നു.
"" അവളെ എനിക്ക് തന്നെ തന്നേക്കണേ ഭഗവാനെ... "" അവനുള്ളിന്നുള്ളിൽ പ്രാർത്ഥിച്ചു.
❤️❤️❤️❤️❤️❤️❤️❤️❤️❤️
" ധന്യാ... " അകത്തേക്ക് കയറും വഴി നന്ദൻ ഉറക്കെ വിളിച്ചു.
" എന്താ നന്ദാ... " നളിനി അവനോടു ചോദിച്ചു.
" അവളെവിടെ... "
" ധനു തലവേദന ആയി കിടക്കുവാ.. അവൾ കിടന്നോട്ടെ.. "
" അവളുടെ തലവേദന... എന്താ അവളുടെ തീരുമാനം. ഇന്ന് ആരുടെ കൂടെയാ അവൾ ഇവിടെ വന്നു കയറിയത്... കണ്ണിൽ കണ്ടവന്മാരുടെ കൂടെ കറങ്ങി നടക്കാനാണോ മോളെ... "
" മതിയാക്ക് നന്ദാ നിന്റെ സംസാരം അതിരു കടക്കുന്നു... എന്റെ മകൾ എന്താണെന്നും എങ്ങനാണെന്നും എനിക്ക് അറിയാം... അത് നീ പറഞ്ഞു ബോധ്യപ്പെടുത്തേണ്ട... പിന്നെ അവൾ നിന്റെ ഭാര്യ ആയിട്ടില്ല... അങ്ങനെ ആയശേഷം മതി ഈ ഭരണം ഒക്കെ... "
" അമ്മായി ഞാൻ...." നന്ദൻ തന്റെ ഭാഗം ന്യായികരിക്കാൻ ശ്രമം നടത്തി.
" വേണ്ട... ഇനി കൂടുതൽ ഒന്നും പറയണ്ട.. മറ്റെന്തെങ്കിലും പറയാനുണ്ടോ... എനിക്ക് അടുക്കളയിൽ നൂറുകൂട്ടം പണിയുണ്ട്.. വേറെ ഒന്നുമില്ലെങ്കിൽ നീ ചെല്ലാൻ നോക്ക്... "
" ധനുവിനെ കണ്ടിട്ട്... "
" അവൾ ഉറങ്ങിക്കാണും... ഇല്ലെങ്കിൽ ഈ ബഹളം കേട്ട് ഇറങ്ങി വരേണ്ട സമയം കഴിഞ്ഞു. "
ഇനിയും അവിടെ നിന്നിട്ട് കാര്യമില്ലെന്ന് ബോധ്യമായതും നന്ദൻ തിരികെ മടങ്ങി. മടങ്ങും വഴി എത്രയും വേഗത്തിൽ തന്റെയും ധനുവിന്റെയും കല്യാണം ഉടനെ നടത്തണം അതായിരുന്നു ആ നിമിഷം അവന്റെ ചിന്ത.
❤️❤️❤️❤️❤️❤️❤️❤️❤️❤️
" എന്താ ഇത്ര ആലോചന... " ശാരദ നന്ദന്റെ പാത്രത്തിലേക്ക് ഭക്ഷണം വിളമ്പിക്കൊണ്ട് ചോദിച്ചു.
" അത് ധനുവിനെ കുറിച്ച്.. "
" നീ അത് തന്നെ ആലോചിച്ചു കൂട്ടണ്ട... നിന്റെം ധനുവിന്റെയും കല്യാണം നടക്കും.. അതിനു എന്ത് ചെയ്യണമെന്ന് എനിക്ക് നല്ലതുപോലെ അറിയാം... ഇന്ന് കാട്ടിയത് പോലെ ദേഷ്യം കാണിച്ചു എല്ലാരുടെയും വെറുപ്പ് സമ്പാദിക്കാതിരുന്നാൽ മതി. "
" ഞാൻ മനഃപൂർവം അങ്ങനെ... "
" അത് വിട്ടേക്ക് മോനെ... നീ സമാധാനമായിരിക്കു എല്ലാം നമ്മൾ വിചാരിക്കുന്നത് പോലെ മാത്രമേ കാര്യങ്ങൾ നടക്കു.. അമ്മയല്ലേ പറയുന്നത്.. "
" ഹ്മ്മ്... "
" ഇനി നീ എടുത്തു ചാടി വേറെ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാൻ നിൽക്കരുത്... "
" ഹ.. ഞാനായിട്ട് ഒരു പ്രശ്നം ഉണ്ടാക്കൂല."
" അത് മതി... " നന്ദനോട് പറഞ്ഞു തിരികെ അടുക്കളയിലേക്ക് നടക്കുമ്പോൾ എത്രയും വേഗം പ്രവിത്രനെ കണ്ടു കാര്യങ്ങൾക്ക് ഒരു തീരുമാനം ആകണമെന്നായിരുന്നു അവരുടെ മനസ്സിൽ.
❤️❤️❤️❤️❤️❤️❤️❤️❤️❤️
ദിവസങ്ങൾ പിന്നെയും കടന്നുപോയി. ധനു തന്റെ ജോലിയിൽ മാത്രം ശ്രദ്ധകൊടുത്ത് ജീവിച്ചു. അച്ഛനും അമ്മയും കല്യാണക്കാര്യം സൂചിപ്പിക്കുമ്പോഴെല്ലാം അവൾ ആ ചർച്ചകളിൽ നിന്ന് ഒഴിഞ്ഞുമാറി. നന്ദേട്ടനെ ഇനി ജീവിതത്തിൽ വേണ്ടെന്ന് തീരുമാനമെടുത്തെങ്കിലും അവനെ അത്രവേഗം മറന്നു മറ്റൊരാളെ ആ സ്ഥാനത്ത് പ്രതിഷ്ഠിക്കുക എളുപ്പമായിരുന്നില്ല.
അവളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി കൃഷ്ണനും നളിനിയും അവളോട് വിവാഹക്കാര്യത്തെക്കുറിച്ച് സംസാരിക്കുന്നത് താത്കാലികമായി നിർത്തി.
ശാരദ നൽകിയ ഉറപ്പിന്മേൽ നന്ദനും പിന്നെ അവളുടെ പിന്നാലെ പോയില്ല.
നന്ദൻ അവളെ തേടിയെത്താത് ധനുവിന് വല്ലാത്ത ആശ്വാസമായിരുന്നു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
" എന്താ അളിയാ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്. " തനിക്ക് അരികിൽ ഇരിക്കുന്ന ജയനോട് കൃഷ്ണൻ ചോദിച്ചു.
" ധനുമോളുടെ കല്യാണക്കാര്യം ഉടനെ തീരുമാനിക്കണം... "
" അത്... അവളിപ്പോൾ കല്യാണത്തിന് താല്പര്യമില്ലെന്ന പറയുന്നേ.. പിന്നെ ഇപ്പൊ അവളെ നിർബന്ധിക്കാനും പറ്റില്ലല്ലോ.. "
" അങ്ങനെ പറഞ്ഞു ഒഴിയാൻ കഴിയില്ല കൃഷ്ണ... ശാരദ എന്തോക്കെയോ തീരുമാനിച്ചു ഉറപ്പിച്ചപോലെയാണ്.. അവൾ ഉറപ്പായും കാര്യങ്ങൾ പവിത്രനെ അറിയിക്കും... അവന്റെ ചതി.... അത് എന്നെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്.."
" അവളോട് എന്ത് പറയും..." കൃഷ്ണൻ ആശയക്കുഴപ്പത്തിലായി.
" അത് മാത്രമല്ല... അടുത്ത രണ്ടാഴ്ചത്തേക്ക് നന്ദൻ ജോലി സംബന്ധമായി പുറത്തേക്ക് പോകുവാണ്.. ആ സമയം നമുക്ക് കല്യാണം തീരുമാനിക്കുകയാണെങ്കിൽ ധനുവിന് മാനസികമായി അത് വലിയൊരു സപ്പോർട്ട് ആയിരിക്കും."
" പക്ഷെ... "
" ഇനി ഇതിൽ ഒരു മുടക്കം വെയ്ക്കണ്ട കൃഷ്ണ... ചെക്കൻ വീട്ടുകാർക്ക് കാര്യങ്ങൾ ഒക്കെ അറിയാം... എങ്കിലും നന്ദൻ ഇവിടെ ഇല്ലാത്ത സമയം കാര്യങ്ങൾ തീരുമാനിക്കുന്നതാണ് നല്ലത്... "
" ഞാൻ... ഞാൻ ധനുവിനോട് സംസാരിക്കാം... "
" ഹ്മ്മ്... ഞാൻ അവരോടു കാര്യങ്ങൾ ഒന്നുകൂടി സൂചിപ്പിക്കാം..."
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
" നളിനി നീ മോളേ വിളിച്ചേ... "
" ധനുവിനെയാണോ കൃഷേണേട്ടാ... "
" ഹ്മ്മ്... മറ്റവർ കിടന്നില്ലേ... " മറ്റുമക്കളെ കുറിച്ചും അയ്യാൾ തിരക്കി.
" ഹ... അവർ കിടന്നു, ധനു അടുക്കളയിലാണ് ഞാൻ ഇപ്പൊ വിളിക്കാം..."
നളിനി അടുക്കളയിലേക്ക് നടന്നു.
ധനുവിനെ വിളിക്കാൻ പറഞ്ഞെങ്കിലും കല്യാണക്കാര്യം എങ്ങനെ അവൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്ന് കൃഷ്ണൻ യാതൊരു ഊഹവുമില്ലായിരുന്നു.
" അച്ഛൻ വിളിച്ചെന്ന് പറഞ്ഞു... " നനഞ്ഞ കൈ ഷാളിൽ തുടച്ചുകൊണ്ടവൾ ചോദിച്ചു.
" ഇവിടിരിക്ക്... " തനിക്കരികിൽ കൈതട്ടി അയ്യാൾ പറഞ്ഞു.
അവൾ മറുത്തൊന്നും പറയാതെ അച്ഛനരികിലായി ഇരുന്നു. അപ്പോഴേക്കും നളിനിയും അവർക്കരികിലായി അല്പം നീങ്ങി സ്ഥാനം പിടിച്ചു.
" എന്താ അച്ഛാ... " അല്പനേരമായിട്ടും ആരും സംസാരത്തിന് ആരംഭിക്കാത്തത് കൊണ്ടവൾ ചോദിച്ചു.
" മോൾക്ക് നല്ലൊരു കല്യാണാലോചന വന്നിട്ടുണ്ട്... "
" അച്ഛാ ഇപ്പൊ കല്യാണം വേണ്ടെന്നു..... "
" മോൾ അച്ഛൻ പറയുന്നത് കേൾക്ക് ... "
" കേട്ടിടത്തോളം നമുക്ക് പറ്റിയ നല്ല ആലോചനയാണ്... എന്നാണേലും കല്യാണം വേണം.. ഇങ്ങനൊക്കെ സംഭവിച്ചു എന്ന് വെച്ച് എന്റെ കുട്ടി ജീവിതത്തിൽ ഒരു കല്യാണമേ വേണ്ടെന്നുള്ള തീരുമാനം ഒന്നും എടുക്കില്ലെന്ന് അച്ഛനറിയാം... അങ്ങനെ ഉള്ളപ്പോൾ മകളുടെ നല്ല ഭാവിയെ പറ്റിയല്ലേ ഒരച്ഛൻ എന്ന നിലയിൽ എനിക്ക് ചിന്തിക്കാൻ കഴിയൂ... അവർ വരട്ടെ, വന്നു കണ്ടിട്ട് മോൾക്ക് പറ്റിയാൽ മാത്രം അടുത്ത സ്റ്റെപ് നോക്കിയാൽ മതിയല്ലോ... " കൃഷ്ണൻ മകളുടെ ഇരുകൈകളും തന്റെ കൈകൾക്കുള്ളിലാക്കി അവളോട് പറഞ്ഞു.
" അവർ വന്നു കാണട്ടെ... നല്ലതാണെന്നു മോൾക്ക് കൂടെ ബോധ്യപ്പെട്ടാൽ മാത്രം മതി കല്യാണചർച്ച. "
" അച്ഛന്റെയും അമ്മയുടെയും തീരുമാനം പോലെ... പക്ഷെ നന്ദേ.... " അല്പം ആലോചിച്ചിട്ട് ധനു മറുപടി നൽകി.
" വേണ്ട നന്ദൻ എന്നൊരു ചർച്ച നമുക്കിടയിൽ വേണ്ട, അവൻ ഒരു പ്രശ്നവും ഉണ്ടാക്കില്ല... അതോർത്തു മോൾക്ക് യാതൊരു ഭയവും വേണ്ട... "
അച്ഛന്റെ വാക്കുകൾ അവൾക്ക് ആശ്വാസം പകരാൻ കഴിയുന്നതായിരുന്നില്ല... അന്നത്തെ നന്ദന്റെ ഭാവം അവളുടെ ഓർമയിൽ തെളിഞ്ഞു.. അവന്റെ വെല്ലുവിളികൾ കാതിൽ മുഴങ്ങുന്നത് പോലെ തോന്നി. പിന്നീട് അവിടെ നിൽക്കാതെ അവൾ തന്റെ മുറിയിലേക്ക് നടന്നു.
" അവൾ പൂർണ്ണമനസ്സോടെ സമ്മതിച്ചല്ല കൃഷ്ണേട്ടാ... " നടന്നു നീങ്ങുന്ന ധനുവിനെ നോക്കി നളിനി സങ്കടപ്പെട്ടു.
" അത് താൻ പറഞ്ഞില്ലെങ്കിലും എനിക്ക് അറിയാമെടോ. പക്ഷെ ഇപ്പൊ ഇങ്ങനെ ഒരു മാർഗം മാത്രമേ നമുക്ക് മുന്നിലുള്ളൂ... "
" അവൾക്ക് കുറച്ചുകൂടി സമയം കൊടുക്കാമായിരുന്നു. "
" പക്ഷെ അളിയൻ പറഞ്ഞത് പോലെ പവിത്രൻ കളത്തിൽ ഇറങ്ങിയാൽ... " ബാക്കി പറയാതെ അയ്യാൾ നിർത്തി.
" അങ്ങനൊരു ഭയം എനിക്കുള്ളിൽ ഉള്ളത് കൊണ്ടാണ് എന്റെ കുഞ്ഞു വിഷമിക്കുമെന്നറിഞ്ഞിട്ടും ഈ കല്യാണത്തിന് ഞാൻ എതിർ പറയാത്തത്." നളിനി അയ്യാൾ പറഞ്ഞതിന്റെ ബാക്കിപത്രം പോലെ പറഞ്ഞു നിർത്തി.
അവരിരുവരും ഉടനെ തന്നെ ധനുവിന്റെ സമ്മതം ജയനെ വിളിച്ചറിയിച്ചു. ബാക്കി കാര്യങ്ങൾ ജയൻ തന്നെ നോക്കിക്കൊള്ളാം എന്ന് അവർക്ക് ഉറപ്പും നൽകി.
❤️❤️❤️❤️❤️❤️❤️❤️❤️
ഒരു കാരണവശാലും തങ്ങളുടെ തീരുമാനങ്ങൾക്ക് വിപരീതമായ രീതിയിൽ കാര്യങ്ങൾ ഒന്നും നടക്കരുത് എന്നുള്ളത് കൊണ്ട് ധനുവിന്റെ കല്യാണാലോചന അതീവ രഹസ്യമായി മുന്നോട്ടു നീങ്ങി. നന്ദന്റെ അഭാവത്തിൽ കാര്യങ്ങൾ വേഗത്തിലാക്കാൻ കൃഷ്ണനും ജയനും മുന്നിട്ടിറങ്ങി.
ധനവുമായി സംബന്ധിച്ച വിവരങ്ങൾ അത്രയും അർജുനെയും കുടുംബത്തെയും അറിയിച്ചിരുന്നത് കൊണ്ട് അവരിൽ നിന്നും ഈ കല്യാണോലചന മറ്റാരും അറിഞ്ഞില്ല.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ധനു കല്യാണത്തിന് സമ്മതം നൽകിയെങ്കിലും ഇത്ര വേഗത്തിൽ കാര്യങ്ങൾക്ക് ഒരു നീക്കുപോക്ക് ഉണ്ടാകുമെന്ന് അവൾ കരുതിയില്ല. കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ വേർതിരിച്ചറിയാൻ കഴിയാത്തൊരു നോവ് അവൾക്കുള്ളിൽ നിറഞ്ഞു.
" എന്റെ പൊന്ന് ചേച്ചി ആ കണ്മഷി എടുത്തു ആ കണ്ണിൽ ഒന്ന് വരക്കുന്നേ. ഇത്തിരി കൂടി ചന്തം കൂടട്ടെ... " അനിയത്തി ദീപ സന്തോഷത്തോടെ അവളോട് പറഞ്ഞു. കാരണം നന്ദനുമായുള്ള വിവാഹം മുടങ്ങിയതിൽ അവൾ വളരെ സന്തോഷിച്ചിരുന്നു. തന്റെ ചേച്ചിക്ക് നന്ദനെ പോലൊരാൾ ചേരില്ലെന്ന് ആദ്യം തിരിച്ചറിഞ്ഞത് ദീപുവായിരുന്നു.
" ഇതൊക്കെ മതി ഒരുക്കം... " ധനു താല്പര്യമില്ലാതെ പറഞ്ഞു.
അതൊന്നും കാര്യമാക്കാതെ ദീപു ധനുവിനെ സുന്ദരിയാക്കി. അവളുടെ പെണ്ണ് കാണലിന് വേണ്ടി.
കാര്യങ്ങൾ എല്ലാം മുൻനിരയിൽ നിന്ന് നടത്താൻ ജയൻ ആഗ്രഹമുണ്ടെങ്കിലും ധനു അത് ആഗ്രഹിക്കുന്നില്ലെന്ന് അയാൾക്ക് പൂർണബോധ്യം ഉണ്ടായിരുന്നു. അതുകൊണ്ട് മറഞ്ഞുനിന്നയാൾ ഓരോന്നും അവൾക്കായി ചെയ്തു കൊടുത്തു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പുറമേക്ക് എത്ര തന്നെ പുഞ്ചിരിക്കാൻ ശ്രമിച്ചാലും എവിടെയൊക്കെയോ അവൾ പഴയ ധനുവായി മാറുന്നതവൾ തിരിച്ചറിഞ്ഞു. നന്ദേട്ടനെ മാത്രം സ്വപ്നം കണ്ടു നടന്ന അവന്റെ മാത്രം ധനു.
മനസ്സിൽ വല്ലാത്ത അസ്വസ്ഥത നിറഞ്ഞു. മറ്റൊരാൾക്ക് മുന്നിൽ ഒരു കാഴ്ചവസ്തുവിനെ പോലെ നിൽക്കുന്നത് അവളിൽ സങ്കടം ജനിപ്പിച്ചു. അതേ സമയം തനിക്ക് ചുറ്റുമുള്ള മുഖങ്ങളിലെ സന്തോഷം അവളിലെ നോവിനെ കുറയ്ക്കുന്നുമുണ്ടായിരുന്നു.
അച്ഛന്റെ നിർദ്ദേശ പ്രകാരം ചായയുമായി ഹാളിലേക്ക് നടക്കുമ്പോൾ അവളുടെ ഉള്ളം വിറകൊണ്ടു.
" ഇതാണ് പയ്യൻ... " എന്നുപറയുന്ന ശബ്ദം കാതിൽ കേൾക്കുമ്പോഴും തലയുയർത്തി നോക്കാൻ അവൾക്ക് മടി തോന്നി. കണ്ണുകൾ ഇറുക്കിയടച്ചു, ഒരു നിശ്വാസത്തോടെ അവൾ തനിക്ക് മുന്നിലിരിക്കുന്ന ചെറുപ്പക്കാരനിലേക്ക് മിഴികൾ ഉയർത്തി.
" അർജുൻ... " അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.
തുടരും....
ഇന്നലെ ചെറിയ തിരക്കിൽ ആയിപോയി അതാണ് സ്റ്റോറി പോസ്റ്റ് ചെയ്യാതിരുന്നത്. അഭിപ്രായം പറയണേ ❤️❤️😬