Aksharathalukal

കോവിലകം. ഭാഗം : 08

പക്ഷേ... അവളുടെ തീരുമാനമെന്താണെന്ന് അറിയില്ല അവളുടെ വീട്ടുകാരുടെയും തീരുമാനം എന്തായിരിക്കുമെന്ന് അറിയില്ല... പക്ഷേ അവൾ ഈ നാട്ടിലുള്ളതാണ്"
 
ആരാണ് നാണുവേട്ടാ അങ്ങനെയൊരു പെൺകുട്ടി ഈ നാട്ടിൽ... 
നളിനി ചോദിച്ചു... 
 
"നിനക്കറിയാം അവളെ... നിനക്ക് മാത്രമല്ല... ഇപ്പോൾ ഇവിടെയുള്ള എല്ലാവർക്കുമറിയാം അവൾ ആരാണെന്ന്... നിന്റെ ഈ മകൾ തന്നെ.. നന്ദന... എന്താ നളിനി നിനക്ക് എന്തെങ്കിലും എതിർപ്പുണ്ടോ... അല്ലെങ്കിൽ അവളുടെ വിവാഹം മുമ്പേ ആരെങ്കിലുമായി തീരുമാനിച്ചിട്ടുണ്ടോ... "
 
"നാണുവേട്ടൻ എന്താണ് പറഞ്ഞത്... എന്റെ മോളെ ഹരിയെക്കൊണ്ട്.... അതിനുള്ള യോഗ്യത ഞങ്ങൾക്കുണ്ടോ... വേണ്ട നാണുവേട്ടാ... അവന് എന്റെ മോളെക്കാളും പണവും സൌന്ദര്യവുമുള്ള മറ്റൊരു നല്ല പെൺകുട്ടിയെ കിട്ടും... ഒരു കാലത്ത് ഞങ്ങൾക്കെല്ലാമുണ്ടായിരുന്നു... പണവും പ്രതാപവും എല്ലാം.... എന്നാൽ ഇന്ന് ഇങ്ങേർക്ക് എപ്പോഴെങ്കിലും കിട്ടുന്നതും പിന്നെ പശുവിന്റെ പാല് വിറ്റുകിട്ടുന്നതുമാണ് ഞങ്ങളുടെ ഏക മാർഗ്ഗം... ഇപ്പോൾ ഇവൾക്ക് പിജി ക്ക് ചേരണമെന്ന് പറയുന്നു... അത് എങ്ങനെ നടക്കുമെന്ന് അറിയില്ല... ആകെയുള്ളത് അങ്ങേരുടെ പേരിൽ അവിടെയുള്ള കുറച്ച് സ്ഥലമാണ്... പിന്നെ ഞങ്ങൾ നിൽക്കുന്ന വീടും ആ കാണുന്ന സ്ഥലവും... ഇവളുടെ വിവാഹത്തിനു വേണ്ടി വിൽക്കാതെ സൂക്ഷിച്ചുവച്ചതാണ് അരവിന്ദേട്ടന്റെ സ്ഥലം... "
 
"നിന്റെ സ്വത്ത് കണ്ടല്ല ഇവളെ എന്റെ മോന് ആലോചിച്ചത്... നാലഞ്ച് തലമുറക്ക് കഴിയാനുള്ളത് ഞാൻ ഉണ്ടാക്കിവച്ചിട്ടുണ്ട്... പിന്നെ യോഗ്യത... പാലക്കൽ കോവിലകത്തെ ഇളംതലമുറക്കാരിക്ക് ഇനി എന്ത് യോഗ്യതയാണ് വേണ്ടത്... നിനക്ക് ഇവളെ എന്റെ മകന് കൊടുക്കാൻ താൽപര്യമാണോ എന്നേ എനിക്കറിയേണ്ടൂ... "
 
"അത് ഞാൻ എന്താണ് നാണുവേട്ടാ പറയേണ്ടത്... എന്റെ നാണുവേട്ടന്റെ മകന് എന്റെ മകളെ കൊടുക്കാൻ എനിക്ക് സമ്മതമേയുള്ളൂ... എന്നാലും ഇവളുടെ അഭിപ്രായംകൂടി ഏട്ടൻ അറിയണം... ഇവളാണ് അവന്റെ കൂടെ ജീവിക്കേണ്ടത്.... അപ്പോൾ ഇവളാണ് തീരുമാനം എടുക്കേണ്ടത്... "
നാരായണൻ നന്ദനയുടെ അടുത്തേക്ക് ചെന്നു... 
 
"എന്താ മോളെ നിന്റെ അഭിപ്രായം... നിനക്ക് ഹരിയുടെ കൂടെ ജീവിക്കാൻ വിരോധമുണ്ടോ... "
നന്ദനയുടെ ഉള്ളിൽ സന്തോഷമുണ്ടെങ്കിലും നാരായണന്റെ ചോദ്യത്തിനു മുന്നിൽ അവളൊന്ന് പതറി... 
 
"അങ്കിൾ ഞാൻ...."
 അവൾ ഹരിയെ നോക്കി... 
 
"അവനെ നോക്കേണ്ട... അവന്റെ മനസ്സ്  വിഷ്ണു പറഞ്ഞ് ഞാനറിഞ്ഞു... ഇനി നിന്റെ മനസ്സാണ് എനിക്കറിയേണ്ടത്... ഇന്നലെ നീ സുമംഗലയോട് പറഞ്ഞതെല്ലാം അറിഞ്ഞു.... അച്ഛനും അമ്മയും തീരുമാനിക്കുന്ന വിവാഹത്തിന് നീയൊരുക്കാമാണെന്ന കാര്യം... എന്നാൽ അവരുടെ തീരുമാനമല്ല കൂടെ ജീവിക്കുന്ന നിന്റെ തീരുമാനമാണ് അറിയേണ്ടത്... "
 
"എനിക്ക് താൽപര്യക്കുറവൊന്നുമില്ല... പക്ഷേ എനിക്ക് തുടർന്ന് പഠിക്കണമെന്നാണ് ആഗ്രഹം... പഠിച്ച് സ്വന്തം കാലിൽനിന്നതിനുശേഷമേ ഒരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുകയുള്ളൂ... "
 
"അത് നല്ല തീരുമാനമാണ്... പക്ഷേ അപ്പോഴേക്കും  സമയം ഒരുപാടാകും... നിന്റെ ആഗ്രഹം അത് വിവാഹം കഴിഞ്ഞാലും തുടരാമല്ലോ... അതിന് ആരും തടസം നിൽക്കില്ല... നീ ഇവനുമായിയുള്ള വിവാഹത്തിന് താൽപര്യക്കുറവില്ലാത്തതിനാൽ ബാക്കി കൈകാര്യം ഞാൻ നോക്കുകയാണ്... പെട്ടന്ന് വേണമെന്ന് പറയുന്നില്ല എന്നാലും എല്ലാമൊന്ന് തീരുമാനിച്ച് ഉറപ്പിക്കണം... എന്താ നളിനിയുടേയും അരവിന്ദന്റേയും തീരുമാനം... "
 
"നാരായണേട്ടൻ പറയുന്നതിലപ്പുറമൊന്നുമില്ല... പക്ഷേ ഞങ്ങൾക്കും കുറച്ച് താമസം വേണം... "
അരവിന്ദൻ പറഞ്ഞു... 
 
"എന്തിന് ആകെയുള്ളത് വിറ്റ് ഇവളുടെ കയ്യിലും കഴുത്തിലും ആഭരണമിട്ട് മൂടാനോ... അതേതായാലും വേണ്ട... പണ്ട് ഞാൻ നാടുവിട്ട് പോകുമ്പോൾ ആ നീലകണ്ഠനും അവന്റെ അച്ഛനും കൈക്കലാക്കാതെ മുറുകെ പിടിച്ച നമ്മുടെ പൂർവ്വികർ കൈമാറ്റം ചെയ്തു വന്നിരുന്ന ആഭരണങ്ങൾ എന്റെ കൈവശമുണ്ട്... അത് ചുരുങ്ങിയത് നാന്നൂറ് പവനെങ്കിലും കാണും... തലമുറയായി കൈമാറി വന്ന ആ ആഭരണം മതി നമുക്ക് ഇവരുടെ രണ്ടുപേരുടേയും വിവാഹം നടത്താൻ... പണ്ട് പിൻതുടർന്നുവന്ന ആ ആഭരണംതന്നെ വേണം ഇന്നും പിൻതുടരാൻ... "
 
"അപ്പോൾ അന്ന് അതെല്ലാം നീലകണ്ഠേട്ടനും വല്ല്യച്ഛനും എടുത്തുകൊണ്ട് പോയിട്ടില്ലേ.... "
നളിനി ചോദിച്ചു... 
 
"ഇല്ല അന്നത് ഞാൻ ഇവിടെ പറമ്പിൽ ആരും കാണാതെ ഒളിപ്പിച്ചുവച്ചതായിരുന്നു... പിന്നെയൊരിക്കൽ വന്ന് അതെടുത്തു ഇപ്പോഴത് ബാങ്കിൽ ലോക്കറിൽ സൂക്ഷിച്ചിട്ടുണ്ട്.... "
 
"അപ്പോൾ അത് നിലകണ്ഠനറിഞ്ഞാൽ പ്രശ്നമാകില്ലേ... അയാൾ അത് തട്ടിയെടുക്കാൻ നോക്കില്ലേ... "
അരവിന്ദൻ ചോദിച്ചു
 
"ഇത്രയും കാലം അയാൾ ഒന്നും അറിഞ്ഞില്ലല്ലോ.. ഇനി അറിയാനും പോകില്ല... "
 
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
 
ഈ സമയം നീലകണ്ഠൻ... പഴയ കാര്യങ്ങൾ ഓർത്തിരിക്കുകയായിരുന്നു.... 
"അന്ന് ആ നാരായണനും അവന്റെ അനിയത്തി സാവിത്രിയും എന്റെ ദയ കൊണ്ട് രക്ഷ പ്പെട്ടതാണ് എല്ലാറ്റിനും കാരണം... അന്ന് നാരായണൻ ഓടിയ വഴിയെ ഞാനും ഓടിയതാണ്... എന്നാൽ അവൻ അവൻ  ഒളിച്ചിരുന്ന സ്ഥലം കണ്ടിട്ടും വെറുതെ വിട്ചു... സാവിത്രിയെ അന്നവിടെ കണ്ടതുമില്ല... അവിടെയാണ് പിഴച്ചത്... അന്ന് നഷ്ടപ്പെട്ടത് ആ കോവിലകം മാത്രമല്ല... തലമുറയായി തറവാട്ടിൽ വിവാഹത്തിന് ഉപയോഗിച്ചു വന്ന ആഭരണങ്ങൾ കൂടിയാണ്... അമ്മയുടെ ആഭരണം തന്റെ അച്ഛന്റെ കയ്യിലായിരുന്നതുകൊണ്ട് അത് നഷ്ടപ്പെട്ടില്ല... നാരായണന്റെ കയ്യിൽ ആ ആഭരണപ്പെട്ടി കണ്ടതുമില്ല... പിന്നെ എവിടെ... ഇനി ശേഖരചെറിയച്ഛൻ മാറ്റിക്കാണുമോ... ഏയ് അങ്ങനെ വരാൻ വഴിയില്ല.. നളിനിയുടെ വിവാഹത്തിന് അന്ന് പുതിയ ആഭരണങ്ങളായിരുന്നല്ലോ അവൾ അണിഞ്ഞത്... പിന്നെ എവിടെപ്പോയി അത്... ഇനിയഥവാ ആ കോവിലകത്ത് തന്നെയുണ്ടാകുമോ... അന്ന് കണ്ണിൽപ്പെടാതെ പോയതാണോ... അങ്ങനെയാണെങ്കിൽ ആപത്താണത് അത് ആ നാരായണന്റേയും മകന്റെയും കയ്യിൽ കിട്ടിയാൽ അതാപത്താണ്... രത്നക്കല്ലുകൾ പതിച്ച ആഭരണമാണ്... ആ തറവാടിനേക്കാളും എത്രയോ പതിന്മടങ്ങ് വില വരും അതിന്... അത് നഷ്ടപ്പെട്ടുകൂടാ... അതിനത് എവിടെയാണെന്ന് കണ്ടെത്തണം... കണ്ടെത്തിയേ പറ്റൂ... "
അങ്ങനെ ഓരോന്നാലോചിച്ചിരിക്കുമ്പോഴാണ് പുറത്തുപോയ രഘുത്തമൻ തിരിച്ചു വന്നത്... 
 
"നിനക്ക് നാട്ചുറ്റാൻ പോകുന്ന സമയത്ത് ആ രാജേന്ദ്രന്റെ കൂടെ നിന്നൂടേ... "
 
"എന്തിന് ഏട്ടന്റെ കൂടെ കൂടി മറ്റുള്ളവരുടെ ശാപം വാങ്ങിച്ചുകൂട്ടാനോ... "
 
"ഓ.. വലിയ സത്യശീലൻ... അമ്മയുടെ സ്വഭാവം തന്നെ... എനിക്ക് വേണ്ടിയല്ല ഞാനിതൊന്നും ചെയ്യുന്നത്... നിങ്ങൾക്ക് വേണ്ടിയാണ്... അതു മനസ്സിലാക്കുന്നത് നന്നാവും... "
 
"അങ്ങനെ മറ്റുള്ളവരെ ചതിച്ചുണ്ടാക്കിയത് എനിക്ക് വേണ്ട... ഞാനത് അനുഭവിക്കുകയില്ലതാനും... അല്ലാതെത്തന്നെ ഒരുപാടുണ്ടല്ലോ ഇവിടെ... "
 
"അതുകണ്ട് മോൻ തുള്ളേണ്ട... അവനവന് വേണ്ടത് അത് ചതിച്ചിട്ടായാലും കൊന്നിട്ടായാലും ഉണ്ടാക്കിയാൽ മതി... നീ രാജേന്ദ്രനെ കണ്ടുപഠിക്ക്... അല്ലാതെ ഹരിശ്ചന്ദ്രനായിട്ട് കാര്യമില്ല... നീ മാത്രമല്ല എനിക്ക് മക്കളായിട്ടുള്ളത്... രണ്ടെണ്ണം കൂടി എനിക്കുണ്ട്... രാജേന്ദ്രൻ നോക്കിനടത്തുന്നത് അവനു മാത്രമുള്ളതാണ്... പിന്നെ എന്റെ മോള് നീലിമ അവൾക്കുംകൂടിയുള്ളതാണ് ഇതെല്ലാം... "
 
"അതിന് ഈ സ്വത്ത് മോഹിച്ചിട്ടല്ല ഞാൻ നിൽക്കുന്നത്... പിന്നെ കുടുംബസ്വത്ത് എങ്ങനെ ആർക്കൊക്കെ നൽകണമെന്ന് ഞാനും കൂടി സമ്മതിച്ചിട്ടുവേണ്ടേ... "
 
"അതു ശരി അപ്പോൾ അതാണല്ലോ എന്റെ മോന്റെ മനസ്സിലിരിപ്പ്... മോനേ നിന്റെ ഒരു ഒപ്പ് അത് അതിനാത്രംവലിയ പ്രശ്നമുള്ളതല്ല... ഞാൻ പറയുന്നതനുസരിച്ച് നിന്നാൽ എന്റെ മോന് നല്ലപോലെ ജീവിക്കാം അല്ലെങ്കിൽ അറിയാതെ നീലകണ്ഠനെ... സ്വന്തം മകനാണെന്നുപോലും നോക്കില്ല... "
 
അറിയാം... അച്ഛൻ എന്തും ചെയ്യാൻ മടിക്കില്ലെന്നറിയാം... അതുകൊണ്ടാണ്... കോവിലകത്തിന്റെ അടുത്തുള്ള സ്ഥലം വാങ്ങിച്ചതും അവിടെയൊരു വീട് വല്ലതും... ഏതുനിമിഷവും ഇവിടെനിന്ന് ഇറങ്ങേണ്ട വരുമെന്ന് എനിക്കറിയാം... പക്ഷേ എന്റെ അമ്മ മരിച്ചതിനുശേഷം അല്ല ഒരു കണക്കിന് മനസമാധാനം കൊടുക്കാതെ നിങ്ങൾ കൊന്നതു തന്നെയാണ്... അതിനുശേഷം ഒരമ്മയുടെ സ്നേഹംതന്ന എന്റെ ഏടത്തിയെ ഓർത്താണ് ഞാൻ ഇവിടെ നിൽക്കുന്നത്... എപ്പോൾ വേണമെന്ന് പറഞ്ഞാൽ മതി... ആ നിമിഷം ഇവിടെ നിന്നും ഞാനിറങ്ങും... ഞാൻ മാത്രമല്ല അച്ഛന്റെ ദുഷ്ടത കാണാൻ വയ്യാതെ ബാംഗ്ലൂരിൽപോയി പഠിക്കുന്ന എന്റെ അനിയത്തിയും എന്റെ കൂടെ വരും... അത് സംശയമില്ലാത്ത കാര്യമാണ്.... "
രഘുത്തമൻ അത് പറഞ്ഞപ്പോൾ നീലകണ്ഠനൊന്ന് പതറി... അവൻ പറഞ്ഞത് സത്യമാണ് ഇവൻ പോയാൽ വഴിയേ അവളും ഈ പടിയിറങ്ങും... തള്ളയുടെ സ്വഭാവമാണ് രണ്ടിനും കിട്ടിയത്... ഇവനെ പിറക്കുന്നത് നല്ലതല്ലെന്ന് അയാൾക്ക് മനസ്സിലായി... 
 
അപ്പോൾ നീ ഞാൻ പറയുന്നത് അനുസരിക്കില്ല അല്ലേ... വേണ്ട... പക്ഷേ ഇതിനൊക്കെ നീ അനുഭവിക്കും... ഇല്ലെങ്കിൽ ഞാൻ അനുഭവിപ്പിക്കും.... "
നീലകണ്ഠൻ എണീറ്റ് അകത്തേക്ക് നടന്നു... അപ്പോഴാണ് മുറ്റത്തൊരു ജീപ്പ് വന്നു നിന്നത്... നീലകണ്ഠൻ തിരിഞ്ഞുനിന്നു... ജീപ്പിന്റെ മുൻസീറ്റിൽനിന്നും കറുത്ത് തടിച്ച് അല്പം നീളംകൂടിയ ഒരാൾ ഇറങ്ങി... വഴിയേ മറ്റുരണ്ടുപേരും അവസാനം ഡ്രൈവിംഗ് സീറ്റിൽ നിന്നും ഒരു ചെറുപ്പക്കാരനുമിറങ്ങി.... നീലകണ്ഠൻ മുറ്റത്തേക്കിറങ്ങി... വായിലെ മുറുക്കാൻ മുറ്റത്തേക്ക് തുപ്പി... 
 
"അരാണ്... മനസ്സിലായില്ലല്ലോ... ഇതിനുമുമ്പ് ഈ നാട്ടിൽ കണ്ട പരിചയവുമില്ല... എവിടെ നിന്നാണ്... "
നീലകണ്ഠൻ ചോദിച്ചു... 
 
"ഞങ്ങൾ കുറച്ച് വടക്കുനിന്നാണ്... നീലകണ്ഠനല്ലേ"
അവരിൽ കറുത്തുതടിച്ച മനുഷ്യൻ ചോദിച്ചു.... 
 
"അതെ.. "
 
"ഞാൻ മാർത്താണ്ഡൻ... ഇതെന്റെ മകൻ മാണിക്യൻ... ഞങ്ങൾ നിങ്ങളെ കാണാൻ വന്നതാണ്"
അയാൾ പറഞ്ഞു... 
 
"എന്നെ കാണാനോ.. എന്തിന്... "
 
"പാലക്കൽ കോവിലകം... ചെറുപ്പംതൊട്ട് കൈപ്പിടിയിലൊതുക്കാൻ കച്ചകെട്ടിയിറങ്ങിയ പാലക്കൽ കോവിലകത്തെ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും മുതിർന്ന കാരണവർ ഇല്ലിക്കൽ നീലകണ്ഠൻ... എന്നാൽ കൈപ്പിടിയിലാകുമെന്ന് കണക്കുകൂട്ടിയ കോവിലകം അതിന്റെ യഥാർത്ഥ അവകാശിയുടെ കയ്യിൽത്തന്നെ എത്തിയപ്പോൾ ഇരിക്കപ്പൊറുതിയില്ലാതെ അവരെ തകർക്കാൻ കച്ചകെട്ടിയിറങ്ങിയവൻ.... അതെ നാരായണനും ഹരി നാരായണനും... നിങ്ങളുടെ ശത്രു എന്റേയും ശത്രുവാണ്... ശത്രുവിന്റെ ശത്രു മിത്രമെന്നല്ലേ... മനസ്സിലായില്ല അല്ലേ... നിങ്ങൾ മോഹിച്ചു നടക്കുന്ന കോവിലകം വാങ്ങിച്ച നാരായണനും അവന്റെ മകൻ ഹരി നാരായണനും എന്റെ ശത്രുവാണ്... അവരെ ഇല്ലാതാക്കാനാണ് ഞാൻ വന്നത്... അതിന് നിങ്ങളുടെ സഹായം എനിക്കു വേണം... "
നീലകണ്ഠന്റെ സംശയത്തോടെ അയാളെ നോക്കി.... മാർത്തണ്ഡനോടപ്പോൾ മനസ്സിൽ പുച്ഛകാര്യമായി തോന്നിയത്... എന്നാലത് പുറത്തു കാണിക്കാതെ നിന്നു... 
 
"നിങ്ങൾക്ക് അവരെ ഇല്ലാതാക്കണമെങ്കിൽ സ്വയം ചെയ്തൂടേ... എന്തിനാണ് എന്റെ സഹായം... "
നീലകണ്ഠൻ ചോദിച്ചതുകേട്ട് മാർത്താണ്ഡൻ ചിരിച്ചു... 
 
"അപ്പോൾ അവരെ പറ്റി ഒന്നും അറിയില്ല അല്ലേ... അങ്ങനെ ആർക്കും അവരെ തോൽപ്പിക്കാൻ പറ്റില്ല... കയ്യൂക്കുകൊണ്ടും ബുദ്ധികൊണ്ടും... അത് നിങ്ങൾക്കറിയാത്തതുകൊണ്ടാണ്... നമ്മൾ ഒന്നിച്ചു നിന്നാൽ അവരെ നേരിടാം... അതിനുള്ള വഴി എനിക്കറിയാം... "
 
"ഞാൻ നിങ്ങളുടെ കൂടെനിന്നാൽ എന്താണ് എനിക്കുള്ള ലാഭം.... "
മാർത്താണ്ഠന്റെ മനസ്സിലിരിപ്പറിയാൻ അയാൾ ചോദിച്ചു... 
 
നിങ്ങൾ ആഗ്രഹിച്ച ആ കോവിലകം നിങ്ങൾക്ക് സ്വന്തമാക്കാം... എന്തുപറയുന്നു... "
 
 
തുടരും...... 
 
✍️   Rajesh Raju
 
➖➖➖➖➖➖➖➖➖➖➖
കോവിലകം. ഭാഗം : 09

കോവിലകം. ഭാഗം : 09

4.4
6460

    "ഞാൻ നിങ്ങളുടെ കൂടെനിന്നാൽ എന്താണ് എനിക്കുള്ള ലാഭം.... "   "നിങ്ങൾ ആഗ്രഹിച്ച ആ കോവിലകം നിങ്ങൾക്ക് സ്വന്തമാക്കാം... എന്തുപറയുന്നു... "     "അതിന് നിങ്ങളുടെ സഹായം എനിക്കാവിശ്യമില്ല.... ഇല്ലാതെ തന്നെ അതെനിക്ക് സ്വന്തമാക്കാനറിയാം... "   "എങ്ങനെ പണ്ട് നിങ്ങളും അച്ഛനും കൂടി ചെയ്തതുപോലെ അവരെ കൊല്ലാനോ... വെറുതേ വിടുവായിത്തം പറയല്ലേ നീലകണ്ഠാ... അന്ന് നിങ്ങളുടെ കയ്യിൽനിന്നും നാരായണൻ രക്ഷപ്പെട്ടത് നിങ്ങളുടെ തലവര മായ്ച്ചുകൊണ്ടാണ്... അവരെ നിങ്ങൾക്ക് നേരിടാനാവില്ല... വെറുതേ അതിന് മെനക്കെടുന്നത് നല്ലതിനല്ല... " മാർത്താണ്ഡൻ ആദ്യം പറഞ്ഞതുകേട്ട്