"പക്ഷേ എന്തെങ്കിലും കാരണത്താൽ അവനവിടെനിന്നിറങ്ങിയാൽ എല്ലാം കണ്ട് വിഷമിക്കാൻ മാത്രം അറിയുന്ന ഒരു പാവം സ്ത്രീയുണ്ട് അവിടെ... രഘുവിന്റെ ഏട്ടന്റെ ഭാര്യ... കുട്ടികളില്ലാത്ത ദുഃഖം ഒരുവശത്ത്... ഭർത്താവിന്റേയും അയാളുടെ അച്ഛന്റെയും ക്രൂരതകൾ മറുവശത്ത്... എല്ലാംകൂടി സഹിക്കാൻ വയ്യാതെ ആ പാവം എന്തെങ്കിലും ചെയ്യുമോ എന്നാണ് രഘുവിന്റെ പേടി... അത്രക്ക് ഇഷ്ടമാണ് അവന് അവരെ... ഒരമ്മയുടെ സ്ഥാനമാണവർക്ക് അവൻ നൽകുന്നത്... "
"അയാൾ രഘുവേട്ടനെ എന്തെങ്കിലും ചെയ്യുമോ എന്നാണെന്റെ പേടി... "
"അത് എന്റെ മനസ്സിലുമുള്ള കാര്യമാണ്... അയാൾ അതിനും മടിക്കില്ല... സ്വന്തം അപ്പച്ചിയേയും ഭർത്താവിനേയും ഇല്ലാതാക്കിയ അയാൾക്ക് എന്ത് മകൻ... ഏതായാലും അവനോട് സൂക്ഷിക്കാൻ പറഞ്ഞിട്ടുണ്ട്... ഒരു കാരണവശാലും ഞാനുമായിട്ടുള്ള ബന്ധം അയാളോ അവന്റെ ചേട്ടൻ രാജേന്ദ്രനോ അറിയരുതെന്നു പറഞ്ഞിട്ടുണ്ട്..."
ഹരി പറഞ്ഞുനിറുത്തിയതും അവന്റെ ഫോൺ റിംഗ് ചെയ്തു... അവൻ ഫോണെടുത്തുനോക്കി...
"നൂറായുസ്സാണ് രഘുവിന്... അവനാണ് വിളിക്കുന്നത്... "
ഹരി കോളെടുത്തു... അങ്ങേതലക്കൽനിന്ന് കേട്ട വാർത്ത അവനെ ഞെട്ടിച്ചു... അവന്റെ മുഖം വലിഞ്ഞു മുറുകി... കണ്ണുകൾ ചുവന്നു...
അതുകണ്ട് നന്ദനയും ഭയന്നു...
"എന്നാണ് ഹരിയേട്ടാ പ്രശ്നം.. "
അവൾ ഭയത്തോടെ ചോദിച്ചു... "
"ഒന്നുമില്ല... നീ വീട്ടിലേക്കു ചെല്ല്... നേരം ഒരുപാടായി... ഹരി കോവിലകത്തേക്ക് നടന്നു... രഘുവേട്ടൻ എന്താണ് ഹരിയേട്ടനോട് പറഞ്ഞത്.. എന്തോ പ്രശ്നമുണ്ട്... അല്ലാതെ ഹരിയേട്ടന് ദേഷ്യം വരില്ല... നന്ദന തിരിഞ്ഞ് നടന്നു..
ഹരി ചെല്ലുമ്പോൾ നാരായണനും വിഷ്ണുവും പ്രസാദവും എന്തോ പറഞ്ഞ് ചിരിക്കുകയായിരുന്നു...
"അതാ ഹരി വന്നല്ലോ എവിടെയായിരുന്നു... പെട്ടന്നൊരു പോക്ക് പോയതാണല്ലോ നീ... "
എന്നാൽ അവന്റെ മുഖഭാവം കണ്ട നാരായണൻ ഒന്നു പകച്ചു...
"എന്താടാ മോനെ പ്രശ്നം... എന്താ നിന്റെ മുഖത്തൊരു ദേഷ്യം... "
"നമ്മുടെ നാശം കാണാൻ അയാൾ വന്നിരിക്കുന്നു... ആ മാർത്താണ്ഡൻ... "
ഹരി പറഞ്ഞതുകേട്ട് അവർ ഞെട്ടി...
"നീയെങ്ങനെ അറിഞ്ഞു അയാൾ വന്നകാര്യം..."
വിഷ്ണു ചോദിച്ചു...
"രഘു വിളിച്ചിരുന്നു... ആ നീലകണ്ഠന്റെ അടുത്തേക്കാണ് അയാൾ പോയത്.. അവരൊന്നിച്ച് നമുക്കെതിരെ നീങ്ങാൻ പുതിയ തന്ത്രവുമായാണ് വന്നത്... "
"നീലകണ്ഠനെ കൂട്ടു പിടിക്ക്യേ... അതുണ്ടാവാൻ പാടില്ല... അവരൊന്നിച്ചാൽ അത് നമുക്കാപത്താണ്... നമ്മൾ ഇത്രയും കാലം കഷ്ടപ്പെട്ടത് വെറുതെയാകും... അവർ ഒന്നിക്കരുത്..."
"ആ മാർത്താണ്ഡന് കിട്ടിയത് പോരെന്നുണ്ടോ... വീണ്ടും അയാൾ ഒന്നിനായിട്ട് ഇറങ്ങിയിരിക്കുകയാണോ...
"അങ്ങനെ അടങ്ങിയിരിക്കുന്നവനല്ല ആ മാർത്താണ്ഡൻ... അയാൾ ആഗ്രഹിച്ചത് കിട്ടാതെ അയാൾ അടങ്ങിയിരിക്കില്ല... പക്ഷേ ഇപ്പോൾ നമുക്കാവശ്യം ആ നീലകണ്ഠൻ അയാളുമായി ഒന്നിക്കാതിരിക്കുന്നതാണ്... അതിന് എന്താണ് വേണ്ടതെന്ന് ആലോചിക്കണം... "
നാരായണൻ പറഞ്ഞു...
"ആലോചിക്കാനൊന്നുമില്ല... ഇനി അതുതന്നെ ആശ്രയം... ആ നീലകണ്ഠനെ തളർത്തണം... അതിനുള്ള മരുന്ന് നമ്മുടെ കയ്യിലുണ്ട്... അത് പ്രയോഗിക്കുകതന്നെ.. "
"ഹരീ.. നീയപ്പോൾ അത് തീരുമാനിച്ചോ... "
വിഷ്ണു ചോദിച്ചു...
"ഇതുവരെ തീരുമാനിച്ചിട്ടില്ല ആദ്യം അവരുടെ നീക്കം എന്താണെന്ന് അറിയട്ടെ... എന്നിട്ടു മതി എല്ലാം...
ഹരി പറഞ്ഞു...
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
നീലകണ്ഠൻ മാർത്താണ്ഡന്റെ വരവും അയാൾ പറഞ്ഞ കാര്യവും ആലോചിച്ച് ഉമ്മറത്തിരിക്കുകയായിരുന്നു...
"ആ നാരായണനുമായി അയാൾക്കെന്താണ് ബന്ധം... എന്താണ് അയാളുടെ ലക്ഷ്യം... എന്നെ കൂട്ടുപിടിച്ച് അയാൾക്കെന്താണ് നേടാനുള്ളത്... "
മുറ്റത്ത് വന്നുനിന്ന ഒരു ഓട്ടോയുടെ ശബ്ദമാണ് അയാളെ ചിന്തയിൽനിന്നുയർത്തിയത്... കസേരയിൽ ചാരിക്കിടക്കുകയായിരുന്ന നീലകണ്ഠൻ തലയുയർത്തി നോക്കി... ഓട്ടോയിൽ നിന്നിറങ്ങിയ തന്റെ മകൾ നീലിമയെ കണ്ട് അയാൾ നിവർന്നിരുന്നു..
"മ്...എന്താ ക്ലാസെല്ലാം കഴിഞ്ഞോ.. "
"ഇല്ല സ്റ്റഡീലീവാണ്... "
"എന്നാൽ വരുന്നത് ഒന്ന് വിളിച്ച് പറഞ്ഞൂടായിരുന്നോ.. രാജേന്ദ്രനോ രഘുവോ സ്റ്റേഷനിലേക്ക് വരില്ലായിരുന്നോ... "
"അവരെ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി... സ്റ്റേഷനിൽ നിന്ന് അധികദൂരമില്ലല്ലോ ഇവിടേക്ക്.. "
അതും പറഞ്ഞ് നീലിമ അകത്തേക്ക് നടന്നു... "
"അല്ല, ആരിത്... നീയെന്താടി ഒരു മുന്നറിയിപ്പുമില്ലാതെ... "
പ്രമീള ചോദിച്ചു
"എന്റെ ഏട്ടത്തിയമ്മയെ കാണാനെനിക്ക് അതിയായ മോഹം.. സമയം കളഞ്ഞില്ല... അടുത്ത വണ്ടിക്കു തന്നെ പോന്നു... ഏതായാലും കുറച്ചുദിവസം ലീവാണ്... അന്നേരമത് എന്റെ ചെറിയേട്ടന്റേയും ഏടത്തിയമ്മയുടേയും കൂടെയാകാമെന്ന് കരുതി... "
"അതു നന്നായി... എത്ര മാസമായി നീ ഇവിടേക്ക് വന്നിട്ട്... ഞാൻ കരുതി രാജേട്ടനോടുള്ള ദേഷ്യം എന്നോടും കാണുമെന്ന്... "
"എന്റെ ഈ ചക്കരയോട് എനിക്കെന്തു ദേഷ്യം... എനിക്ക് ആരോടും ദേഷ്യമില്ല... മറിച്ച് അച്ഛന്റെയും ഏട്ടന്റേയും പ്രവർത്തിയെയാണ് ഞാൻ വെറുക്കുന്നത്.. എന്റെ വരവ് അച്ഛന് ഇഷ്ടമായിട്ടില്ലെന്ന് ആ മുഖം കണ്ടപ്പോൾ മനസ്സിലായി... അതു പോട്ടെ എന്താണ് ഇവിടുത്തെ പുതിയ വിശേഷം...
"എന്തു വിശേഷം എന്നും നേരം വെളുത്ത് രാത്രി കിടക്കും വരെ സ്വത്തിന്റേയും പൈസയുടേയും കണക്ക് കേൾക്കുന്നു... പിന്നെ പുതിയൊരു സംഭവമുണ്ടായി... നമ്മുടെ കോവിലകത്ത് അതിന്റെ യഥാർത്ഥ അവകാശികൾതന്നെ എത്തി... "
"യഥാർത്ഥ അവകാശികളോ...? "
"അതെ യഥാർത്ഥ അവകാശികൾ തന്നെ... നിന്റെ അച്ഛന്റെ അപ്പച്ചിയുടെ മകനും ഭാര്യയും.. പിന്നെ അവരുടെ മകനും.. നിന്റെ രഘുവേട്ടന്റെ കൂട്ടുകാരനാണ് അവരുടെ മകൻ... അവരൊന്നിച്ച് അമേരിക്കയിൽ ജോലിചെയ്തിരുന്നവരാണ്... "
"പണ്ട് മുത്തശ്ശനും അച്ഛനുംകൂടി ക്രൂരമായി ഇല്ലാതാക്കിയ അപ്പച്ചിയുടെ നാടുവിട്ടുപോയ മകനാണോ... "
"അതുതന്നെ... എന്താണ് ആ രഘുവേട്ടന്റെ കൂട്ടുകാരന്റെ പേര്... ഹരി നാരായണൻ എന്നാണോ... "
"അതെ... അത് നിനക്കെന്നെ അറിയാം... "
"ഏട്ടൻ പറഞ്ഞറിയാം... അവരെക്കുറിച്ച് പറയുമ്പോൾ ചെറിയേട്ടന് ആയിരം നാവാണ്.... നാളെ നേരംവെളുക്കട്ടെ എനിക്ക് കോലോത്ത് വരെ പോകണം... എല്ലാവരേയുമൊന്ന് കാണണം പരിചയപ്പെടണം.. പിന്നെ നന്ദനയേയും നളിനിയീന്റിയേയും കാണണം..."
"പോകുന്നതു കൊണ്ട് കുഴപ്പമില്ല... പക്ഷേ, അച്ഛനോ വല്യേട്ടനോ അറിഞ്ഞാലുള്ള പുകില് അറിയാമല്ലോ... "
"അതിന് ഞാൻ അവിടേക്കാണ് പോകുന്നതെന്ന് അവരെങ്ങനെ അറിയും... ഞാൻ ചെറിയേട്ടൻ പണി കഴിപ്പിച്ച വീട്ടിലേക്കാണെന്ന് പറഞ്ഞ് പോകും... കോവിലകത്തെ തെക്കേ പറമ്പിലൂടെ നടന്നല്ലേ അവിടേക്ക് നമ്മൾ പോയിരുന്നത്... "
"അതൊക്കെ ശരി തന്നെ പക്ഷേ എന്നാലും സൂക്ഷിക്കുന്നത് നല്ലതാണ്... നിന്റെ അച്ഛന് ഇന്ന് പുതിയൊരു കൂട്ട് കിട്ടിയിട്ടുണ്ട്... ഒരു മാർത്താണ്ഡൻ... കോവിലകത്തുള്ളവരെ തകർക്കാൻ അച്ഛനോട് കൂടെ നിൽക്കാനുള്ള സഹായമഭ്യർത്ഥിക്കാൻ വേണ്ടിയാണ് വന്നത്... നിന്റെ അച്ഛനല്ലേ ആ കോവിലകം അച്ഛന് സ്വന്തമാക്കിക്കൊടുക്കാമെന്ന് പറഞ്ഞപ്പോൾ കയറി യങ്ങ് സമ്മതിച്ചു... ആ മാർത്താണ്ഡന്റെ സഹായികൾ ആ കോവിലകത്തു ചുറ്റും എല്ലാം നിരീക്ഷിച്ചു നടക്കുന്നുണ്ട്... അവരുടെ മുന്നിൽപ്പെട്ടാൽ അച്ഛനും വല്ല്യട്ടനുമറിയും... പിന്നെയുണ്ടാകുന്നത് എന്താണെന്ന് പറയേണ്ടല്ലോ... "
"അതെനിക്ക് വിട്ടേക്ക്... ഇപ്പോൾ എനിക്ക് വിശന്നിട്ടു വയ്യ വല്ലതുമുണ്ടോ കഴിക്കാൻ... "
"ട്രെയിനിലൊക്കെ യാത്രചെയ്ത് വന്നതല്ലേ... ആദ്യംപോയി കുളിച്ചുവാ... അപ്പോഴേക്കും ഞാൻ എടുത്തുവക്കാം... "
"എന്നാൽ ഞാൻ പെട്ടന്ന് കുളിച്ചു വരാം..."
നീലിമ തന്റെ മുറിയിലേക്ക് നടന്നു...
അടുത്തദിവസം രാവിലെ നീലിമ കുളിച്ചൊരുങ്ങി പാലക്കലിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു... ആ സമയത്താണ് രാജേന്ദ്രൻ അവളുടെയടുത്തേക്ക് വന്നത്...
"നീയെവിടേക്കാണ് രാവിലെത്തന്നെ... "
രാജേന്ദ്രൻ ചോദിച്ചു...
"ഞാൻ ചെറിയേട്ടന്റെ വീട്ടിലേക്കാണ്... "
"മ് എന്തിനാ ഇപ്പോൾ അവിടെ പോകുന്നത്... അത് പൂട്ടിക്കിടക്കുകയല്ലേ... ഇനി ആ പേരും പറഞ്ഞ് നളിനി അപ്പച്ചിയുടെ വീട്ടിലേക്കീണോ..."
"അവിടെ ഇന്ന് പണിക്ക് ആരോ വരുന്നുണ്ടെന്നു ചെറിയേട്ടൻ പറഞ്ഞു... അപ്പോൾ ചെറിയേട്ടന്റെ കൂടെ അവിടേക്ക് പോകുമെന്ന് കരുതി... പിന്നെ നളിനി അപ്പച്ചിയുടെ വീട്ടിലും പോകണം.. "
"എന്തിന്... "
"ഇത് നല്ലകൂത്ത്... എനിക്ക് അപ്പച്ചിയുടെ അടുത്തേക്ക് പോകാൻ കാര്യമുണ്ടായിട്ടുവേണോ... "
"വേണം... അവിടെ വല്ലാതെ ഇനി കയറിയിറങ്ങേണ്ട... നമ്മുടെ ശത്രുതക്കളാണ് അതിനടുത്തുള്ള കോലോത്ത് താമസിക്കുന്നത്... "
"നമ്മുടെ ശത്രുക്കളോ... അവരെങ്ങനെ നമ്മുടെ ശത്രുക്കളാകും... വല്ല്യേട്ടന്റേയും അച്ഛന്റേയും ശത്രുക്കളാണെന്ന് പറ... എനിക്കവർ ഒരുകാലത്തും ശത്രുക്കളല്ല... ഞാനിന്നുവരെ അവരെ കണ്ടിട്ടുപോലുമില്ല... "
"നീയെന്താ ഒന്നുമറിയാത്തതുപോലെ...എന്നെ കളിയാക്കുകയാണോ... "
"വല്ല്യേട്ടന് അങ്ങനെയാണ് തോന്നുന്നതെങ്കിൽ അതിന് ഞാൻ കുറ്റക്കാരിയല്ല... "
"നിർത്തടി അധികപ്രസംഗം... വേണ്ട വേണ്ടെന്ന് വെക്കുമ്പോൾ നീ തലയിൽ കയറുന്നോ... ഞാൻ പറയുന്നത് അനുസിരിച്ചാൽ മതി... അധികമൊന്നും ഇങ്ങോട്ട് പറയേണ്ട..."
"വല്ല്യേട്ടൻ പറയുന്നത് ഒരുകാലത്ത് ഞാൻ അനുസരിച്ചിരുന്നു... ഇപ്പോഴും അനുസരിക്കും... പക്ഷേ അത് ന്യായമുള്ള കാര്യമാകണം... ഞാൻ പ്രായപൂർത്തിയായ ഒരു പെണ്ണാണ്... ഒറ്റക്കൊരു തീരുമാനം എടുക്കാൻ എനിക്ക് ആരുടേയും അനുവാദം വേണ്ട... "
"ഓഹോ അപ്പോൾ അങ്ങനെയാണല്ലേ... തന്നിഷ്ടത്തിൽ നടക്കണമെങ്കിൽ അത് ഈ വീട്ടിന്നു വെളിയിൽ അല്ലെങ്കിൽ ഞങ്ങളെ ദിക്കരിച്ച് നീ പഠിക്കാനെന്നപേരിൽ പോയില്ലേ ബാംഗ്ലൂരിൽ... അവിടെ മതി നിന്റെ തന്നിഷ്ടം... ഇവിടെ അത് പറ്റില്ല... "
"എന്തുകൊണ്ട്... വല്യേട്ടനുള്ള അതേ അവകാശം എനിക്കും വീട്ടിലുണ്ട്... അതു പറഞ്ഞ് എന്നെ ഭയപ്പെടുത്തേണ്ട... അങ്ങനെ ഭയപ്പെടുന്നവളല്ല ഈ നീലിമ... അത് നന്നായി അറിയാമല്ലോ വല്ല്യേട്ടന്... അതുകൊണ്ട് വല്ല്യേട്ടൻ പോവാൻ നോക്ക്... ഞാൻ ചിലപ്പോൾ കോലത്തുവരെ പോയെന്നിരിക്കും ചിലപ്പോൾ അവിടെ കുറച്ചു ദിവസം നിന്നെന്നുമിരിക്കും... അന്യരൊന്നുമല്ലല്ലോ അവർ മുത്തശ്ശന്റെ അനന്തിരവന്റെ മകന്റെ വീടല്ലേ... "
അതും പറഞ്ഞ് അവൾ പുറത്തേക്കിറങ്ങി...
നിൽക്കടി അവിടെ..."
രാജേന്ദ്രൻ പറഞ്ഞതുകേട്ട് നീലിമ നിന്നു...
"എന്നെയും അച്ഛനേയും നാണംകെടുത്തി നീ അവരുമായി കൂട്ടു കൂടാൻ പോകുമെന്നാണോ പറയുന്നത്... "
"അതിന് നാണമുള്ളവർക്കല്ലേ അവിടെ പോയാൽ പ്രശ്നമുണ്ടാവൂ... "
എന്തു പറഞ്ഞെടീ.. രാജേന്ദ്രൻ നീലിമയെ തല്ലാനായി അവളുടെയടുത്തേക്ക് പാഞ്ഞു വന്നു... എന്നാൽ പെട്ടന്ന് അവന്റെ മുന്നിൽ തടസമായി രഘുത്തമൻ നിന്നു...
തുടരും......
✍️ Rajesh Raju
➖➖➖➖➖➖➖➖➖➖➖