Aksharathalukal

കോവിലകം. ഭാഗം : 13

 
 
"അതുഞാൻ നേരത്തേ നോക്കിയതാണ്... അവർതമ്മിൽ നല്ലപൊരുത്തവുമാണ്... പക്ഷേ എന്തോ നാഗദോഷം കാണുന്നുണ്ട് അതിനുള്ള പരിഹാരം ചെയ്യണമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു... അതുംകൂടി നോക്കണം... "
അപ്പോഴാണ് അരവിന്ദൻ വരുന്നത് കണ്ടത്... 
 
"അവിടുത്തെ കാര്യം ഇപ്പോൾ പറഞ്ഞതേയുള്ളു... കുട്ടികളുടെ ജാതകമൊന്ന്  ഒത്തുനോക്കേണ്ടേ... ആ കാര്യം പറയുകയായിരുന്നു... "
അരവിന്ദനോട് നാരായണൻ പറഞ്ഞു... 
 
"ഞാൻ അതുപറയാൻതന്നെയാണ് വന്നത്.... നമ്മൾ ആശിച്ചുനടന്നിട്ട് കാര്യമില്ലല്ലോ.. കുട്ടികളുടെ കാര്യത്തിൽ  ഈശ്വരൻ എന്താണ് കണ്ടുവച്ചതെന്ന് നമുക്കറിയില്ലല്ലോ... ഏതായാലും ഇവരുടെ പൊരുത്തമൊന്ന് നോക്കണം... അവളുടെ ജാതകം ഞാൻ കൊണ്ടുവന്നിട്ടുണ്ട്... നിങ്ങൾക്ക് എപ്പോഴാണ് സൌകര്യപ്പെടുകയെങ്കിൽ നമുക്കൊന്ന് ജ്യോത്സനെ കാണാൻ പോകുമായിരുന്നു... "
അരവിന്ദൻ പറഞ്ഞുനിർത്തിയപ്പോഴാണ് അയാൾ രഘുത്തമനെ കണ്ടത്... 
 
"ഇത് നീലകണ്ഠന്റെ മകനല്ലേ... "
 
"അതെ.. നീലകണ്ഠനും മൂത്തമകനും ഇല്ലാത്ത ഒരു മനുഷ്യപറ്റും നന്മയുമുള്ള മകൻ... ഇവനാണ്  ഈ കോവിലകം ഞങ്ങൾക്ക് തിരിച്ചുകിട്ടാൻ കൂടുതൽ പരിശ്രമിച്ചത്... മാത്രവുമല്ല ഹരിയുടെ കൂടെ അമേരിക്കയിൽ ഒന്നിച്ച് ജോലിചെയ്തവരുമാണ്... അവന്റെ കൂട്ടുകാരനുമാണ്"
 
അറിയാം... ഇവന്റെ അനിയത്തി കുറേ മുമ്പ് വീട്ടിൽ വന്നിരുന്നു... മോളുടെ പഴയ കൂട്ടുകാരിയായിരുന്നു... ഇപ്പോൾ കണ്ടിട്ട് ഒരുപാടായി... "
 
"അവളും വന്നിട്ടുണ്ട്.. എന്റെമോൾ ആര്യയുടെകൂടെ വീടെല്ലാം കാണുകയാണ്.. "
സാവിത്രി പറഞ്ഞു... 
 
അതേയോ നന്നായി... ഇവരെങ്കിലും പഴയബന്ധം ഓർക്കുന്നുണ്ടല്ലോ... സ്വത്തിനുവേണ്ടി പഴയതെല്ലാം മറന്ന് എന്തും ചെയ്യാൻ മടിക്കാത്ത നീലകണ്ഠന് ഇങ്ങനെ രണ്ട് മക്കളുണ്ടെന്ന് വിശ്വസിക്കാൻ വയ്യ... ഇവർ ഇവിടെ വരുന്നത് അയാൾ അറിഞ്ഞാൽ പ്രശ്നമാകില്ലേ... "
 
എന്തു പ്രശ്നം... ഇനി അഥവാ പ്രശ്നമുണ്ടായി... അന്യരുടെ വീട്ടിലൊന്നുമല്ലല്ലോ ഞങ്ങൾ വരുന്നത്... അതിന് അയാൾ ചൊറിഞ്ഞാലും എനിക്കത് പ്രശ്നമല്ല... അയാളുടെ കാരുണ്യത്തിലല്ല ഇന്ന് ഞാനും ഇവളും ജീവിക്കുന്നത്... ഇവളുടെ പഠനചിലവുപോലും അയാൾ നോക്കുന്നില്ല... പിന്നെന്തിന് അയാൾ പേടിക്കണം... ആകെയുള്ളത് ആ വീട്ടിൽ ഞങ്ങൾ ജീവിക്കുന്നു എന്നതാണ്... എന്നാലത് അയാൾ ഉണ്ടാക്കിയതുമല്ല... കുടുംബസ്വത്താണ്... അതും മരിച്ചുപോയ എന്റെ അമ്മയുടെ... അല്ലാതെ പാലക്കൽ നീലകണ്ഠൻ ഇല്ലിക്കൽ നീലകണ്ഠനായത് അയാളുടെ മിടുക്കുകൊണ്ടൊന്നുമല്ല... "
 
അറിയാം... എന്നാലും മക്കൾ സൂക്ഷിക്കണം... നിങ്ങളുടെ അമ്മയുള്ളപ്പോൾ അയാൾക്ക് അവിടെ ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു... ഇപ്പോൾ അയാൾക്ക് എന്തും ചെയ്യാം... കാരണം ഭാര്യയുടെ സ്വത്ത് ഭർത്താവിന് അവകാശപ്പെട്ടതാണ്... അത് നിഷേധിക്കാൻ നമുക്ക് പറ്റില്ല..."
 
"അറിയാം... എന്നാലും അയാൾക്ക് ഞങ്ങളെ അവിടെനിന്ന് ഇറക്കി വിടാൻ പറ്റില്ല... അല്ലെങ്കിൽ ഞങ്ങളെ ഇല്ലാതാക്കേണ്ടിവരും... അതേതായാലും നടക്കില്ല..."
 
"എന്തായാലും മക്കൾ സൂക്ഷിക്കണം... പണ്ട് എനിക്കു വന്ന അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ്... കൂടെ നിന്ന് ചതിക്കപ്പെടരുത്... "
 
"വന്ന ദിവസംമുതൽ ചോദിക്കണമെന്ന് കരുതിയതാണ്...  അരവിന്ദന് ബന്ധുക്കളായിആരുമില്ലേ... "
നാരായണൻ ചോദിച്ചു... 
 
"ഹും ബന്ധുക്കൾ... എന്നെ ഈ അവസിഥയിലാക്കിയത് അവരാണ്... എന്റെ ഏട്ടനെന്നുപറയുന്ന ആ കാലൻ... കൂടെ അയാളുടെ മകനും... എന്റെ അനിയത്തിയെ എനിക്ക് നഷ്ടമാക്കിയതും അവന്റെ മകനാണ്... ഇന്നവർ വലിയ പ്രമാണിമാരാണ്... എന്നാൽ  എന്റെ കണ്ണീരിന്റെ ഫലമായി ഇന്നവർക്ക് മനസമാധാനം എന്നത് ഇല്ല... "
 
"ഞാൻ അരവിന്ദനെ വിഷമിക്കാൻ ചോദിച്ചതല്ല...  അങ്ങനെ ബന്ധുക്കളെപ്പറ്റി പറയുന്നതൊന്നും കേട്ടില്ല അതുകൊണ്ട് ചോദിച്ചതാണ്... "
 
"എനിക്ക് ബന്ധുക്കളായി ഇന്ന് നളിനിയും എന്റെ മോളും മാത്രമേയുള്ളു... അനുമതി... ഇപ്പോൾ നിങ്ങളൊക്കെയില്ലേ... അതുതന്നെ ധാരാളം... ഞങ്ങൾ ഇപ്പോൾ താമസിക്കുന്ന വീട്ടിലേക്ക് താമസമാക്കിയിട്ട് പതിനെട്ട് വർഷമായി... ഇന്നുവരെ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അവരാരാരും അന്വേഷിച്ചിട്ടുപോലുമില്ല... ഒരു കണക്കിന് അത് നല്ലതുമാണ്... മനസമാധാനത്തോടെ ജീവിക്കാമല്ലോ... "
 
"അരവിന്ദന്റെ അനിയത്തിക്ക് എന്തു പറ്റിയതാണ്... ഞങ്ങളോട് പറയാൻ വിഷമമില്ലെങ്കിൽ പറഞ്ഞു കൂടെ... "
 
"നിങ്ങളോട് പറയാൻ എനിക്ക് വിഷമമൊന്നുമില്ല... പക്ഷേ അതുപറയാനാണെങ്കിൽ ഒരുപാടുണ്ട്.... എല്ലാം ഞാൻ പിന്നീട് പറയാം.... ഇപ്പോൾ നമ്മൾ നമ്മുടെ കുട്ടികളുടെ കാര്യമാണ് ചിന്തിക്കേണ്ടത്... "
 
"എന്നാൽ നമുക്ക് ഇപ്പോൾത്തന്നെ പോകാം... രാമചന്ദ്രനും സാവിത്രിയും കൂടെ പോന്നോട്ടെ.... ആര്യയുടേയും വിഷ്ണുവിന്റേയും ജാതകത്തിലെ പൊരുത്തംകൂടി നോക്കാലോ..."
നാരായണനും സാവിത്രിയും രാമചന്ദ്രനും ഡ്രസ്സ് മാറ്റാൻ അകത്തേക്ക് നടന്നു... "
 
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
 
ജ്യോത്സ്യൻ ആദ്യം ആര്യയുടേയും വിഷ്ണുവിന്റേയും ജാതകങ്ങൾ ഒത്തുനോക്കി... 
 
"ഈ ജാതകക്കാർ തമ്മിൽ പത്തിൽ എട്ട് പൊരുത്തമുണ്ട്... പക്ഷേ ഇതിലെ ജാതകക്കാരിക്ക് നാഗദോഷം കാണുന്നുണ്ടല്ലോ... എന്താ താമസിക്കുന്ന വീട്ടിലോ തറവാട്ടിലോ നാഗക്കാവ് വല്ലതുമുണ്ടോ... "
ജ്യോത്സ്യൻ ചോദിച്ചു... 
 
ഉണ്ട്... തറവാട്ടിൽ നാഗക്കാവുണ്ട്... അവിടെ ദിവസവും രാവിലേയും വൈകീട്ടും വിളക്ക് തെളിയിക്കുന്നുണ്ട്... 
സാവിത്രി പറഞ്ഞു
 
"ഉം.. അതിന്റെ ഗുണം കാണുന്നുണ്ട് പക്ഷേ എന്തോ ചെറിയൊരു പ്രശ്നം കാണുന്നുണ്ട്... ഏതായാലും കാവിൽ നാഗപ്പാട്ടും സർപ്പബലിയും നടത്തണം... പിന്നെ നാഗത്തിന് നൂറും പാലും  നേദിക്കണം... "
 
"എല്ലാം ചെയ്യാം... "
 
എന്നാൽ ഒന്നും പേടിക്കാനില്ല... പക്ഷേ പെൺകുട്ടിക്ക് ഇരുപത്തിരണ്ട് വയസ്സിനുള്ളിൽ വിവാഹം നടന്നിരിക്കണം... ഇല്ലെങ്കിൽ മുപ്പത്താറ് വയസ്സ് കഴിഞ്ഞാലേ യോഗം കാണുന്നുള്ളൂ... 
 
"അതിനുള്ളിൽ നടത്താം... "
 
"എന്നാൽ നമുക്ക് അടുത്ത ജാതിക്കാരുടെ പൊരുത്തം നോക്കാം... "
ജ്യോത്സ്യൻ ഹരിയുടേയും നന്ദനയുടേയും നാളുകൾ തമ്മിൽ ഒത്തുനോക്കി... 
 
ഒരു നിമിഷം ജ്യോത്സ്യൻ നാരായണനും അരവിന്ദനേയും നോക്കി... 
 
"എന്താ ജ്യോത്സ്യരേ... എന്തെങ്കിലും കുഴപ്പം... "
 
"കുഴപ്പമോ... ഇത്രയും പൊരുത്തമുള്ള ജാതകം എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല... നാഗദേവതയും നാഗരാജാവുമാണ്... ഇവരെ പിരിക്കാൻ ഒരിക്കലും ആർക്കും കഴിയില്ല... അത്രക്ക് പൊരുത്തമാണ്... ഇവരുടെ രക്ഷതന്നെ നാഗങ്ങളാണ്..."
 
"അപ്പോൾ ഇവരുടെ വിവാഹം നടക്കുന്നതുകൊണ്ട്  പ്രശമൊന്നുമില്ലല്ലോ... നാരായണൻ ചോദിച്ചു... 
 
പ്രശ്നമോ... ഇവർ ജനിച്ചപ്പോൾത്തന്നെ ഇവർ ഒന്നാണ്.... അതുകൊണ്ടാണ് പറഞ്ഞത് ഇവരെ പിരിക്കാൻ ഒരുദുഷ്ടശക്തികൾക്കും കഴിയില്ല... എന്നാൽ അതിനുമുമ്പ് പല തടസങ്ങളും നേരിടും... അത് മുൻജന്മ ശാപംമൂലമുള്ളതാണ്... എന്നിരുന്നാലും ഇവർ ഒന്നിക്കും... ഇവർതമ്മിലേ  ഒന്നിക്കാൻ പാടുള്ളൂ.. "
 
ജ്യോത്സ്യന് ദക്ഷിണയും നല്കി അവർ അവിടെനിന്നും തിരിച്ചു... 
 
"എന്താണ് അവരുടെ ജീവിതത്തിൽ വരുന്ന തടസങ്ങൾ... "
സാവിത്രി ചോദിച്ചു... 
 
"ആർക്കറിയാം... എന്തായാലും നമ്മൾ ആശിച്ചതുപോലെ എല്ലാം നടന്നില്ലേ... അതുമതി... ജ്യോത്സ്യനെ കാണുന്നതുവരെ മനസ്സിൽ തീ ആയിരുന്നു... നമ്മൾ അവർക്കൊരു ആശ നൽകിയിട്ട് അവസാനമത് വെറുതെയാകുമോ എന്ന പേടിയായിരുന്നു... ഇനിയതില്ലല്ലോ... "
നാരായണൻ പറഞ്ഞു... 
 
ശരിയാണ്... എനിക്കുമുണ്ടായിരുന്നു പേടി... ഏതായാലും ഇപ്പോഴത് മാറി... എന്തായാലും എത്രയും പെട്ടന്ന് അവരുടെ മോതിരമാറ്റം നടത്തണം... ജ്യോത്സ്യൻ പറഞ്ഞത് കേട്ടില്ലേ ഒരുപാട് തടസങ്ങൾ ഉണ്ടാകുമെന്ന്... അവരുടെ വിവാഹം കഴിയുന്നതുവരെ എന്തോ ഉള്ളിലൊരു ഭയമാണ്... ഇതറിഞ്ഞാൽ ആ നീലകണ്ഠൻ എങ്ങനെ പ്രതികരിക്കുമെന്ന് പറയാൻ പറ്റില്ല... ഏതുവിധേനയും ഈ ബന്ധം തകർക്കാൻ നോക്കും... "
അരവിന്ദൻ പറഞ്ഞു
 
"അയാളെന്തായാലും അറിയും... നമ്മളുടെ ഓരോ ചലനവും അയാൾ നിരീക്ഷിക്കുന്നുണ്ടാവും... നമ്മളെ തളർത്താൻ കിട്ടുന്ന വഴിയെല്ലാം അയാൾ നോക്കും... എങ്ങനെയെങ്കിലും ഞങ്ങൾ ഈ കോവിലകം ഉപേക്ഷിച്ചു പോകണം അതിനുവേണ്ടി ഏതു തന്ത്രവും അയാൾ ഉപയോഗിക്കും... ആരേയും കൂട്ടുപിടിക്കും... "
 
"നിങ്ങൾക്ക് ഇയാൾക്കെതിരെ പോലിസിലൊരു പെറ്റീഷൻ കൊടുത്തൂടേ... എന്നാൽപ്പിന്നെ ബാക്കി അവർ നോക്കിക്കോളും.. "
 
"അതിനെക്കൊണ്ടൊന്നും അയാളെ തകർക്കാൻ കഴിയില്ല... അയാളുടെ പിച്ചക്കാശ് വാങ്ങിക്കുന്നവരാണ് ഇവിടെയുള്ളത്... എന്തായാലും നോക്കാം... ഇനിയും അയാൾ കളിക്കുകയാണെങ്കിൽ എന്താണ് വേണ്ടതെന്ന് എനിക്കറിയാം... അയാൾ നമ്മളെ തളർത്തുകയാണെങ്കിൽ... അതിലും പതിൻമടങ്ങ് അയാളെ തളർത്താനുള്ള വഴി എന്റെ കയ്യിലുണ്ട്... രഘുവിനുപോലും അറിയാത്ത വഴി... എന്തായാലും അയാളുടെ അടുത്ത നീക്കമെന്താണെന്ന് നോക്കട്ടെ.. "
 
എന്നാൽ അവർ ജ്യോത്സ്യന്റെയടുത്ത് പോയതും തിരിച്ചുപോരുന്നതുമെല്ലാം രണ്ട് കണ്ണുകൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു... 
 
 
 
 
തുടരും...... 
 
✍️   Rajesh Raju
 
➖➖➖➖➖➖➖➖➖➖➖
കോവിലകം. ഭാഗം : 14

കോവിലകം. ഭാഗം : 14

4.3
5394

    "ഇനിയും അയാൾ കളിക്കുകയാണെങ്കിൽ എന്താണ് വേണ്ടതെന്ന് എനിക്കറിയാം... അയാൾ നമ്മളെ തളർത്തുകയാണെങ്കിൽ... അതിലും പതിൻമടങ്ങ് അയാളെ തളർത്താനുള്ള വഴി എന്റെ കയ്യിലുണ്ട്... രഘുവിനുപോലും അറിയാത്ത വഴി... എന്തായാലും അയാളുടെ അടുത്ത നീക്കമെന്താണെന്ന് നോക്കട്ടെ.. "   എന്നാൽ അവർ ജ്യോത്സ്യന്റെയടുത്ത് പോയതും തിരിച്ചുപോരുന്നതുമെല്ലാം രണ്ട് കണ്ണുകൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു...    ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️   "എന്താടാ നീ പറയുന്നത്... അവർ ജ്യോത്സ്യൻ കാണാൻ പോയത് വിവാഹപ്പൊരുത്തം നോക്കാനാണെന്ന് എന്താണ് ഉറപ്പ്... " നീലകണ്ഠൻ രാജേന്ദ്രനോട് ചോദിച്ചു   &qu