"എന്നാൽ ആ വാക്ക് പാലിക്കാൻ ഇവിടെനിന്ന് രണ്ട് കാലിൽ പോകണമെങ്കിൽ എന്റെ മോൻ പെട്ടന്ന് വിടാൻ നോക്ക്... ഇത് സ്ഥലം വേറെയാണ്... ഈ ഹരിയും... അതുകൊണ്ട് വല്ലാതെ ചിലക്കാണ്ടെ പോകാൻ നോക്ക്... "
ഹരി പറഞ്ഞു... മഹേഷ് ഹരിയെ ഒന്നു നോക്കി പുച്ഛത്തോടെ ചിരിച്ചു... പിന്നെ തന്റെ ബുള്ളറ്റുമെടുത്തുപോയി...
"മോനേ അവനെ സൂക്ഷിക്കണം... അവനൊന്ന് മനസ്സിൽ തീരുമാനിച്ചാൽ അത് നിറവേറ്റാൻ ഏതു വഴിയും തിരഞ്ഞെടുക്കും... അറിയുന്നതു കൊണ്ടാണ് പറയുന്നത്... മോൻ സൂക്ഷിക്കണം... എന്നെ എന്തു വേണമെങ്കിലും ചെയ്തോട്ടെ... പക്ഷേ നിന്നെയും എന്റെ മോളേയും നളിനിയേയും അവൻ എന്തെങ്കിലും ചെയ്താൽ... അതാണെനിക്ക് പേടി... "
"അങ്കിൾ പേടിക്കാതെ... ഇവനെപ്പോലുള്ളവരെ പേടിച്ച് ജീവിക്കുന്നതാണ് ഏറ്റവും വലിയ ഭീരുത്വം... തിരിച്ച് പ്രതികരിക്കണം... പിന്നീട് അവന് ഇതുപോലെ ചെയ്യാനുള്ള ആഗ്രഹമുണ്ടാകരുത്... "
"ഇല്ല മോനെ... നീ ഈ പറഞ്ഞത് അവനെ ശരിക്കും അറിയാഞ്ഞിട്ടാണ്... നമ്മൾ കരുതുന്നതിനെക്കാളും വലുതാണ് അവന്റെ കൂട്ടുകെട്ട്... നമ്മളൊന്നും വിചാരിച്ചാൽ അവനേയോ അവന്റെ കൂട്ടുകാരേയോ ഒന്നു തൊടാൻ പോലും പറ്റില്ല... ഇപ്പോൾ അവൻ എല്ലാം ക്ഷമിച്ചു പോയത് എന്തോ വലിയ പദ്ധതി മനസ്സിൽ കണ്ടാണ്... അത് നമ്മളെക്കൊണ്ട് താങ്ങാൻ പറ്റില്ല... "
"നിങ്ങൾ അവനെ ഇത്രയേറെ പേടിക്കുന്നതെന്തിനാണെന്നാണ് എനിക്കറിയാത്തത്... നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം ഇവനും ഇവന്റെ അച്ഛനുമാണെന്ന് നിങ്ങൾ പറഞ്ഞിരുന്നല്ലോ... എന്നിട്ടും ഒന്നിനും പ്രതികരിക്കാതെ സ്വന്തം വീട്ടിൽ നിന്നും ഇവിടേക്ക് പോന്നു... എന്തിനാണ് അവനെ ഇത്രയധികം പേടി ക്കുന്നത്... "
"ശരിയാണ്... ഞങ്ങൾ ഇവനെ പേടിച്ചാണ് അവിടെനിന്നും പോന്നത്... അത് എന്തിനാണെന്നല്ലേ... എന്റെ ഭാര്യയുടേയും മകളുടെയും മാനം രക്ഷിക്കാൻ വേണ്ടി... "
അരവിന്ദൻ അതുപറഞ്ഞപ്പോൾ അയാളുടെ കണ്ണുകളിൾ അഗ്നി ജ്വലിച്ചു... ചുണ്ടുകൾ വിറച്ചു...
"പേരുകേട്ട കണ്ടംവള്ളി തറവാട്ടിലെ അയ്യപ്പൻനായർക്കും ശാരദതമ്പുരാട്ടിക്കും മൂന്നുമക്കളായിരുന്നു... മൂത്തത് ഗോവിന്ദൻ... എന്റെ ഏട്ടൻ... ഗോവിന്ദന് പതിനാറ് വയസ്സുള്ളപ്പോഴാണ് ഞാൻ ജനിച്ചത്... ഏറ്റവും ഇളയത് ഗായത്രി... എന്നേക്കാൾ പത്തു വയസ്സ് ഇളയത്... എന്റെ കുഞ്ഞനുജത്തി... എനിക്ക് ഇരുപത്തഞ്ച് വയസ്സായപ്പോൾ അച്ഛൻ മരിച്ചു... അച്ഛന്റെ അപ്രതീക്ഷിതമായ മരണം അമ്മയെ തളർത്തി ഏകദേശം ഒരുവർഷം കഴിയുമ്പോഴേക്കും അമ്മയും പോയി... ഏട്ടൻ വയനാട്ടിൽ ജോലിക്ക് പോയ സമയത്ത് അവിടുത്തെ ഏതോ വലിയ പണിക്കാരന്റെ മകളുമായി ഇഷ്ടത്തിലായി ഏടത്തിയമ്മയുടെ വീട്ടുകാർ അതെതിർത്തു... എന്നാൽ ഏട്ടൻ അവരെ ദിക്കരിച്ച് ഏടത്തിയമ്മയെ ആ വീട്ടിൽ നിന്നും ഇറക്കിക്കൊണ്ടു വന്നു... അന്നുമുതലാണ് ഞങ്ങളുടെ വീട്ടിൽ പ്രശ്നങ്ങൾ ഉടലെടുക്കാൻ തുടങ്ങിയത്... നഗരത്തിൽ വലിയവീട്ടിൽ ജനിച്ച അവർക്ക് നാട്ടിൻ പുറത്തുകാരായ ഞങ്ങളെ പുച്ഛമായിരുന്നു.... ഞങ്ങളുടെ വീട്ടിൽ ഞങ്ങൾ ചെയ്യുന്നതിനെല്ലാം കുറ്റം മാത്രമേ അവർ കണ്ടിരുന്നുള്ളൂ... എന്തിന് എന്റെ അമ്മയേയും അച്ഛനേയും വരെ അവർ പലതും പറഞ്ഞ് ദ്രോഹിച്ചു..... എല്ലാം അറിഞ്ഞിട്ടും ഒന്നുംമിണ്ടാതെ ഒരു പെൺകോന്തനെപ്പോലെ ഏട്ടൻ അവരുടെ താളത്തിനൊപ്പം തുള്ളി... അവർക്കൊരു മകൻ ജനിച്ചു... നേരത്തെ കണ്ട മഹേഷ്... ഈ മഹേഷ് എന്റെ അനിയത്തിയും തമ്മിൽ മൂന്നു വയസ്സിന്റെ പ്രായവിത്യാസമേയുണ്ടായിരുന്നുള്ളൂ.... എന്റെ കൂട്ടുകാരന്റെ അച്ഛന്റെ കാരുണ്യത്തിൽ എനിക്ക് ദുബായിൽ ഒരു ഒരു ജോലി ശരിയായി... അങ്ങനെ അവിടെ ജോലിചെയ്യുമ്പോഴാണ് എന്നെ അവിടേക്ക് കൊണ്ടുപോയ ആ നല്ലമനുഷ്യൻ ഒരു ജീവിതം വച്ചുനീട്ടിയത് അയാളുടെ അനിയത്തിയുടെ മകളെ തനിക്ക് വിവാഹം കഴിക്കാൻ താല്പര്യമുണ്ടോ എന്നു ചോദിച്ചു... അതും പേരുകേട്ട പാലക്കൽ തറവാട്ടിലെ കാർത്ത്യായനി തമ്പുരാട്ടിയുടേയും അപ്പുണ്ണിനായരുടേയും മകൻ ശേഖരന്റെ മകൾ നളിനി... എനിക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത തറവാട്ടിലെ പെൺതരി... എന്നാൽ നീലകണ്ഠന്റേയും അയാളുടെ അച്ഛന്റേയും ദുർനടപ്പുകാരണം എല്ലാം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു തറവാട്ടിലെ പെൺകുട്ടി എനിക്ക് രണ്ടാമതൊന്നും ആലോചിക്കാനില്ലായിരുന്നു... അവളെ ഞാൻ വിവാഹം കഴിക്കാൻ തീരുമാനിച്ചു... "
അരവിന്ദൻ പറഞ്ഞുനിർത്തി...
"ആ സമയത്താണ് എനിക്ക് നളിനിയുടെ അമ്മാവൻ ഒരു സൂപ്പർ മാർക്കറ്റ് ഇട്ടു തന്നത്... അധികം വൈകാതെ അദ്ദേഹം അവിടെ നടന്ന ഒരാക്സിഡന്റിൽ മരണപ്പെട്ടു... ഈ സമയത്ത് എന്റെ ഏട്ടൻ ഉണ്ടായിരുന്ന ഓരോ ജോലിയിലും വിജയം കാണാതെ കുത്തുപാളയെടുക്കാൻ തുടങ്ങി... അതിനുകാരണം ഏടത്തിയമ്മയുടെ പരിഷ്കാരവും ദുർനടപ്പുമായിരുന്നു... അവസാനം എനിക്കെന്തോ മനസ്സലിവു തോന്നി ഏട്ടനെ ഞാൻ ദുബായിലേക്ക് കൊണ്ടുപോയി... അതായിരുന്നു എനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റ്... എന്നെ എല്ലാതരത്തിലും ഇല്ലായ്മചെയ്യാൻ നിയോഗിച്ചതായിരുന്നു ഏട്ടനെ... അതിന്റെ പുറകിൽ ഏട്ടത്തിയമ്മയുടെ ബുദ്ധിയാണെന്ന് ഒരുപാട് വൈകിയാണ് ഞാനറിഞ്ഞത്... എനിക്കെതിരെ ഏട്ടൻ അവിടെ കളിച്ചു... അവസാനം ലക്ഷങ്ങൾ കടക്കാരനായ ഞാൻ ആ സൂപ്പർ മാർക്കറ്റ് വിൽക്കേണ്ടിവന്നു... മാത്രമല്ല അത്രയും കാലം ഞാൻ സമ്പാദിച്ചതുമുഴുവൻ ഉപയോഗിച്ചാണ് അവിടെ നിന്നും രക്ഷപ്പെട്ടത്... ഇല്ലെങ്കിൽ വഞ്ചനാകുറ്റത്തിന്റെ പേരിൽ അവിടെ ഞാൻ അഴിയെണ്ണേണ്ടിവന്നേനെ... അതുമാത്രമല്ല അവിടുത്തെ ശിക്ഷാവിധിയനുസരിച്ചുള്ള ശിക്ഷ അനുഭവിക്കേണ്ടി വന്നേനെ... ഇതിനിടക്ക് എന്റേയും നളിനിയുടേയും വിവാഹം നടന്നു... എനിക്ക് നന്ദനമോൾ ജനിച്ചു... ഉടുതുണിക്ക് മറുതുണിയില്ലാതെയാണ് ഞാൻ നാട്ടിലെത്തിയത്... വന്നപ്പോൾ കണ്ട കാഴ്ച... എന്നെ ചതിച്ച് ഏട്ടൻ സ്വന്തമാക്കിയതുകൊണ്ട് ഒരു കൊട്ടാരം തന്നെ പണിതു വച്ചിരുന്നു... അതും തറവാടിന് മുന്നിൽ തന്നെ... ഞാൻ അവരോട് കയർക്കാനോ ദേഷ്യപ്പെടാനൊന്നും പോയില്ല... എന്റെ അശ്രദ്ധമൂലം സംഭവിച്ചിതല്ലേ... പിന്നെ പറഞ്ഞിട്ടെന്തുകാര്യം... അവസാനം നാട്ടിൽ കൂലിപ്പണിക്കുപോയാണ് ഞാൻ നളിനിയേയും മകളേയും എന്റെ അനിയത്തിയേയും നോക്കിയത്... ആയിടക്കാണറിയുന്നത് എന്റെ അനിയത്തിക്ക് ആരോടെ പ്രണയമുണ്ടെന്ന കാര്യം... ആദ്യമൊക്കെ ഞാൻ അവളെ പറഞ്ഞുമനസ്സിലാക്കാൻ തുനിഞ്ഞെങ്കിലും അവളുടെ ഇഷ്ടം അത്രക്ക് വലുതാണെന്നറിഞ്ഞപ്പോൾ അവളുടെ ഇഷ്ടത്തിന് ഞാൻ വഴങ്ങി... എന്നാലത് വലിയൊരു ചതിയാണെന്ന് മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല... എന്റെ ഏട്ടന്റെ മകൻ മഹേഷ് പലതവണ സ്വന്തം അപ്പച്ചിയായ എന്റെ അനിയത്തിയെ മറ്റൊരു കണ്ണിലൂടെ കണ്ട് അവളെ ദ്രോഹിക്കാൻ നോക്കിയിരുന്നു... പേടികൊണ്ട് അവളതൊന്നും ആരോടും പറഞ്ഞില്ല... അവസാനം മഹേഷിന്റെ പദ്ധതി നടക്കില്ലെന്ന് കണ്ടപ്പോൾ അവന്റെ കൂട്ടുകാരൻ അതായത് നീലകണ്ഠന്റെ മൂത്തമകൻ രാജേന്ദ്രനെ ഉപയോഗിച്ച് അവൻ കളിച്ചു... രാജേന്ദ്രനെ അവൾ ജീവനു തുല്യം സ്നേഹിച്ചു... എന്നാൽ ഒരുദിവസം നളിനി അവളുടെ അമ്മക്ക് സുഖമില്ലെന്നറിഞ്ഞ മോളേയും കൂട്ടി ഇവിടേക്ക് വന്ന ദിവസം... പണി കഴിഞ്ഞ് കൂട്ടുകാരന്റെ വിവാഹത്തിന് തലേദിവസം പോയി രാത്രി ഒരുപാട് വൈകിയാണ് ഞാൻ വന്നത്.... അപ്പോൾ കണ്ട കാഴ്ച.. എന്റെ അനിയത്തിയെ രാജേന്ദ്രനും മഹേഷുംകൂടി.... എന്നെ കണ്ട് അവർ അടുക്കള വാതിലും കടന്ന് ഓടി രക്ഷപ്പെട്ടു... എല്ലാം നഷ്ടപ്പെട്ട എന്റെ അനിയത്തിയെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കുമെന്ന് എനിക്കറിയില്ലായിരുന്നു.... ഞാൻ നേരെ ഏട്ടന്റെ അടുത്തേക്ക് ചെന്നു... എന്റെ നിയന്ത്രണം വിട്ട് ഞാൻ ഏട്ടനോട് ഒരുപാട് ദേഷ്യപ്പെട്ടു... അന്ന് അയാളുടെ ഭാര്യ... എന്റെ ഏടത്തിയമ്മ എന്നോട് പറഞ്ഞത്... എന്റെ അനിയത്തി മഹേഷിനേയും രാജേന്ദ്രനേയും കണ്ണും കയ്യും കാണിച്ച് വശത്താക്കിയതാണെന്നായിരുന്നു... നാളെ എന്റെ ഭാര്യയുടേയും മകളുടെയും അവസ്ഥ അതാകുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു... അവിടെ വച്ച് ഞാനൊരു തീരുമാനമെടുത്തു അനിയത്തിയേയും കൂട്ടി നളിനിയുടെ വീട്ടിലേക്ക് താമസം മാറുക... എന്നാൽ എന്റെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു എന്റെ അനിയത്തി... ഞാൻ തിരിച്ച് വീട്ടിൻ വന്നപ്പോൾ ഒരുമുഴം കയറിൽ എന്റെ അനിയത്തി... "
അത്രയും പറഞ്ഞപ്പോഴേക്കും അയാളുടെ തൊണ്ടയിടറി... കണ്ണുനിനഞ്ഞു...
"അവളുടെ എല്ലാ കർമ്മങ്ങളും കഴിഞ്ഞ് ചിത കെട്ടടുങ്ങുംമുന്നേ ആ വീട്ടിൽനിന്നും എന്നന്നേക്കുമായി ഞാനിറങ്ങി... ഇന്ന് ഇതുവരെ അവിടേക്ക് ഞാൻ പോയിട്ടില്ല... എന്റെ തറവാട് അവർ പൊളുച്ചുമാറ്റിയെന്നറിഞ്ഞു... എന്നാൽ ദൈവം എന്നൊരാൾ മുകളിലുണ്ടെന്ന് എനിക്കു മനസ്സിലായി... കള്ളും കഞ്ചാവുമായി നാട്ടിലെ ഏറ്റവും വലിയ ഗുണ്ടയായിമാറി മഹേഷ്... അവന്റെ ദുർനടപ്പിൽ എന്നെ ചതിച്ച് ഉണ്ടാക്കിയ വീട് വിൽക്കേണ്ടിവന്നു... ഇപ്പോഴവർ ഏടത്തിയമ്മ എന്ന പിശാചിന്റെ വീട്ടിലാണ്... അവിടെ ഒരു പട്ടിയുടെ വില പോലും ഏട്ടനില്ല... അവരുടെ ആട്ടുംതുപ്പും സഹിച്ച് ജീവിക്കുന്നു... അയാൾ അനുഭവിക്കണം... എന്റെ അച്ഛന്റെയും അമ്മയുടേയും ശാപം അയാൾക്കുണ്ടാകും... "
"അന്ന് നിങ്ങൾ ഈ കാര്യമൊന്നും പോലീസിൽ പരാതിപ്പെട്ടില്ലേ... "
ഹരി ചോദിച്ചു....
"നല്ല കഥ... അന്നത്തെ സംസ്ഥാനം ഭരിക്കുന്ന മനുഷ്യന്റെ അടുത്ത ആളാണ് ഏടത്തിയമ്മയുടെ സഹോദരൻ... അവർക്കിതൊക്കെ പുല്ലുപോലെ ഒതുക്കാൻ കഴിയും... മാത്രമല്ല വാദിയെ പ്രതിയാക്കാനും അവർ മടിക്കില്ല... "
"ഏതായാലും അന്ന് നിങ്ങൾ ഇവരേയും കൊണ്ട് ഇവിടേക്ക് വന്നത് നന്നായി... മനസ്സമാധാനത്തോടെ ജിവിക്കാനായല്ലോ... ഇപ്പോൾ ഈ മഹേഷ് വന്നതിനു കാരണം വ്യക്തമായി... ആ നീലകണ്ഠൻ ഒറ്റൊരുത്തനാണ് ഇതിന്റെ പുറകിൽ... അയാളെ ഇനി എങ്ങനെ നേരിടണമെന്ന് എനിക്കറിയാം... അതിന് വേണ്ടത് അയാളേയും മക്കളേയും തമ്മിൽ തെറ്റിക്കുക... പ്രത്യേകിച്ച് ആ രാജേന്ദ്രനുമായി... അവന്റെ ഒറ്റൊരുത്തന്റെ ബലത്തിലാണ് അയാൾ കളിക്കുന്നത്... ഇതിനെല്ലാമുള്ള വഴി എന്താണെന്ന് എനിക്കറിയാം... "
ഹരി പാലും വാങ്ങിച്ച് തിരിച്ചു നടന്നു...
തുടരും......
✍️ Rajesh Raju
➖➖➖➖➖➖➖➖➖➖➖