"ആരായാലും എനിക്കെന്താ... അവന്റെ പതനം എന്റെ കൈകൊണ്ടാകുമെന്ന് ഞാൻ ഉറപ്പിച്ചതാണ്... "
അതും പറഞ്ഞ് രഘുത്തമൻ അകത്തേക്ക് നടന്നു... അവനു വഴിയേ നീലിമയും
"ചെറിയേട്ടാ... ആരാണ് ഈ മഹേഷ്... കുറച്ചു ദിവസമായി കേൾക്കുന്നു അയാളെപ്പറ്റി... അയാൾക്ക് ഈ വീടോ കോവിലകമോ ആയിട്ട് എന്തെങ്കിലും ബന്ധമുണ്ടോ... "
"ഈവീടുമായി ആകെയുള്ള ബന്ധം ഏട്ടനുമായിട്ടുള്ള സൌഹൃദം മാത്രമാണ്... പക്ഷേ കോവിലകവുമായി ബന്ധമെന്നുപറയാൻ നന്ദനയുടെ വലിയച്ഛന്റെ മകനാണ്... ചുരുക്കിപറഞ്ഞാൽ അവളുടെ സഹോദരൻ... പക്ഷേ നന്ദനക്കോ വീട്ടുകാർക്കോ അയാളുമായോ അയാളുടെ വീട്ടുകാരുമായോ ഒരുപാട് കാലമായിട്ട് ഒരു ബന്ധവുമില്ല... അവളുടെ അപ്പച്ചിയുടെ മരണത്തിന് കാരണക്കാരൻ ഇയാളാണ്... കൂടെ നമ്മുടെ ഏട്ടനും... "
"അത്രക്ക് ദുഷ്ടനാണോ അയാൾ... എങ്ങനെയാണ് അയാളുമായി വല്യേട്ടൻ ചങ്ങാത്തം കൂടിയത്... "
"അവരൊന്നിച്ച് പഠിച്ചതാണ്... അന്നുമുതൽ ഇന്നുവരെ അയാളുടെ ചൊൽപ്പടിയിലാണ് ഏട്ടൻ... ആ ബന്ധമാണ് ആദ്യം ഇല്ലാതാക്കേണ്ടത്... അയാളുടെ വാക്കുകേട്ടാവണം ഏട്ടൻ ഇന്നിവിടെ വന്നതും പ്രമാണം കൈക്കലാക്കിയ തും കമ്പനിയും സ്ഥലവും വിൽക്കാൻ ശ്രമിക്കുന്നതും... "
"അയാൾ വിവാഹം കഴിച്ചതല്ലേ അതിൽ കുട്ടികൾ ഉള്ളതുമല്ലേ... ഇയാൾ ഇങ്ങനെ നടക്കുന്നത് അവർക്കൊക്കെയും മാനക്കേടല്ലേ... "
"മാനക്കേട് ഹും... മാനമുള്ളവർക്കല്ലേ മാനക്കേടുണ്ടാവൂ.... അയാൾ വിവാഹം കഴിച്ചിട്ടുണ്ട് കുട്ടികളുണ്ടോ എന്നറിയില്ല... പക്ഷേ വിവാഹം അതൊരു സാധാരണ വിവാഹമായിരുന്നില്ല... നാട്ടുകാർ കാണാൻ പറ്റാത്തരീതിയിൽ കണ്ടപ്പോൾ രണ്ടിനേയും പിടിച്ച് കെട്ടിച്ചതാണ്... "
"അതു ശരി അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ... അയാളെ ഒന്നു പരിചയപ്പെട്ടാൽ കൊള്ളാമെന്നുണ്ട്... "
"എന്തിന്..? "
"അല്ല ഇതുപോലൊരുത്തനെ കാണുമ്പോൾ ആ വഴി പോകാതിരിക്കാൻ വേണ്ടിയാണ്... അയാളുടെ ഒരു ഫോട്ടോയെങ്കിലും കണ്ടാൽ മതിയായിരുന്നു.. "
"അവനെപ്പോലെ ഒരുത്തനെ ഈ ജന്മത്തിനിടക്ക് കാണാൻ പറ്റരുതെന്ന് ദൈവത്തോട് പ്രാർത്ഥിക്കാൻ നോക്ക്... പിന്നെ ഇനിമുതൽ എന്റെ കൂടെ കോലോത്തേക്ക് വരേണ്ട... ഒരു വണ്ടി വാങ്ങിച്ചു തന്നില്ലേ അതുമായി പോയാൽ മതി... "
"ആ കാര്യം ഞാനങ്ങോട്ട് പറയാൻ നിൽക്കുകയായിരുന്നു... എനിക്കിപ്പോൾ അവിടെ കൂട്ടിന് ദേവികയും നന്ദനയുമുണ്ടല്ലോ... ഇനി ഞാൻ ഒറ്റക്ക് പൊയ്ക്കോളാം... "
"പോകുന്നതെല്ലാം കൊള്ളാം ഇത് നിന്റെ ബാംഗ്ലൂരല്ല... സൂക്ഷിച്ച് വണ്ടിയോടിക്കണം... കേട്ടല്ലോ... "
"ഉത്തരവ് കാർന്നോരേ..."
രഘുത്തമൻ ചിരിച്ചുകൊണ്ട് തന്റെ മുറിയിലേക്ക് നടന്നു... "
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
"അന്ന് രാത്രി ഹരി മുറ്റത്തുനിന്ന് ആരുമായോ ഫോണിൽ സംസാരിക്കുകയായിരുന്നു.. ആ സമയത്താണ് ദേവിക അവന്റെയടുത്തേക്ക് വന്നത്... കോൾ കട്ടുചെയ്ത് തിരിഞ്ഞപ്പോൾ തന്നേയും നോക്കി നിൽക്കുന്ന ദേവികയെ അവൻ കണ്ടു...
"എന്താടീ.. ആദ്യമായി കാണുന്നതുപോലെ നോക്കുന്നത്... "
ഒന്നുമില്ലേ... നാട്ടിൽ കഴിഞ്ഞപ്പോഴുള്ള ഹരിയേട്ടനല്ല ഇവിടെയെത്തിയപ്പോൾ... എന്തൊരു മാന്യത... എന്തൊരു വിനയം... വല്ല നാടകത്തിലോ സിനിമയിലോ അഭിനയിച്ചാൽ നാഷണൽ അവാർഡ് ഉറപ്പാണ്..."
"അതെന്താടി നാട്ടിലും ഇവിടേയും തമ്മിൽ എനിക്കുള്ള മാറ്റങ്ങൾ... "
അതല്ലേയുള്ളൂ... നാട്ടിൽ ഭൂലോക കൂതറയല്ലേ ഹരിയേട്ടൻ... പെൺകുട്ടികളെ കാണുന്നതേ കലിപ്പല്ലേ... ഇവിടെ വന്നപ്പോൾ എന്തൊരു എളിമ... ഇങ്ങോട്ട് വന്നുമുട്ടിയാലും ആട്ടിയോടിക്കുന്ന ഹരിയേട്ടൻ ഇവിടെ വന്നയുടനെ ഒരു പെണ്ണിന്റെ വലയിൽ വീണു... ആരോടും വല്ലാതെ ദേഷ്യപ്പെടുന്നതും കാണുന്നില്ല... എങ്ങനെ ഇതൊക്കെ സാധിക്കുന്നു... "
"അതാണോ കാര്യം... എടീ ഈ നാട്ടിൽ വന്നാൽ എന്താണെന്നറിയില്ല വല്ലാത്തൊരു അനുഭൂതിയാണ്.. നമ്മൾ അറിയാതെ സ്വയം മാറിപ്പോകും... "
"അത് സത്യമാണ്... എനിക്കും എന്തോ ഈ നാടിനോട് വല്ലാത്തൊരിഷ്ടം തോന്നുകയാണ്... നാടു മാത്രമല്ല നാട്ടുകാരേയും... ഇന്നലെ നന്ദനയോട് ഇതിനെപ്പറ്റി പറയുകയുണ്ടായി.. നാട്ടിലെ വീടും സ്ഥലവും വിറ്റ് ഇവിടെയെവിടെയെങ്കിലും സ്ഥിരതാമസമാക്കിയാലോ എന്നാണ് കരുതുന്നത്... പക്ഷേ അതിന് വീട്ടുകാര് സമ്മതിക്കില്ലല്ലോ... അല്ലെങ്ങിൽ അവളോട് പറഞ്ഞപോലെ ഏതെങ്കിലുമൊരുത്തനെ ഇവിടെ കണ്ടുപിടിക്കണം...
"അത് നല്ല കാര്യമാണ്... നീ രണ്ടാമത് പറഞ്ഞത് നോക്ക്... പക്ഷേ നിന്നെ സഹിക്കാൻ പറ്റിയ ആരാണിവിടെയുള്ളത്...
"ആരെങ്കിലുമുണ്ടാകും... ഏതായാലും ഞാനൊന്ന് അന്വേഷിച്ചു നോക്കട്ടെ... "
"എടി ഭയയങ്കരീ... അപ്പോൾ അതാണല്ലേ നിന്റെ മനസ്സിലിരിപ്പ്... എന്നാൽ ആ പൂതി എന്റെ മോൾ ഉപേക്ഷിച്ചേക്ക്... "
"അതെന്താ എനിക്ക് ഈ നാട്ടിൽനിന്ന് പറ്റിയൊരു ചുള്ളനെ തെരഞ്ഞെടുക്കാൻ പറ്റില്ലേ... നിങ്ങളുടെ ഒരു കൂട്ടുകാരനുണ്ടല്ലോ.. എന്റെ ഏട്ടന്റെ ഭാവി അളിയൻ... എന്തൊരു ചുറുചുറുക്കാണ്... അതുപോലത്തെ ഒരുത്തനെ കിട്ടിയാൽ മതി... "
"അതെന്തിനാ അതുപോലത്തെ ഒരുത്തൻ... അവനെതന്നെ ഏറ്റെടുത്തോ... അതാകുമ്പോൾ അങ്ങോട്ടുമിങ്ങോട്ടുമാകുമല്ലോ... "
"ഏയ്... എന്നെപ്പോലെ ഒരുത്തിയെ അയാൾക്ക് പിടിക്കില്ല.... എന്തിനാണ് വെറുതേ നാറുന്നത്... "
അതെന്താ നിന്നെ അവന് പിടിക്കാതിരിക്കാൻ കാരണം... ഞാൻ വേണമെങ്കിൽ അവനുമായി സംസാരിക്കാം... "
"വേണ്ട ഹരിയേട്ടാ... അഥവാ അയാൾക്ക് എന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞാൽ ഹരിയേട്ടനത് വിഷമമാവും... "
"എനിക്കെന്തിന് വിഷമമാകണം... നിനക്ക് വിഷമമാകുമെന്ന് പറ... "
"അതും ശരിയാണ്... ഞാനൊരു കാര്യം പറഞ്ഞാൽ ഹരിയേട്ടൻ എന്റെ ചെവി പൊന്നാക്കോ... ഇവിടെ അല്പം സ്വാതന്ത്ര്യത്തോടെ എല്ലാം പറയാൻ പറ്റിയ ആൾ ഹരിയേട്ടനാണ്... ഇഷ്ടമില്ലാത്തതുകണ്ടാൽ ചെവി പിടിച്ച് തിരിക്കുമെന്നേയുള്ളൂ... പ്രസാദേട്ടനോടും വിഷ്ണുവേട്ടനോടും പറഞ്ഞാൽ എന്നെ ഓടിച്ചിട്ട് തല്ലും..."
"ആദ്യം കേൾക്കട്ടെ... എന്നിട്ടു തീരുമാനിക്കാം പൊന്നാക്കണോ വെള്ളിയാക്കണോ എന്ന്... "
"എന്നാൽ വേണ്ട... എന്തിനാണ് വെറുതേ എന്റെ ചെവി കേടാക്കുന്നത്... "
"നീ കാര്യം പറയ് ദേവികേ... ഞാൻ ഒന്നും ചെയ്യില്ല..."
"സത്യമാണോ... അതോ എല്ലാം കേട്ടുകഴിഞ്ഞാൽ സ്വഭാവം മാറുമോ... "
"ഇല്ല മാറില്ല... "
"എന്നാൽ ഞാൻ നിങ്ങളുടെ കൂട്ടുകാരനെ പ്രമിച്ച് എന്റെ വശത്താക്കട്ടെ... "
ദേവിക പറഞ്ഞതു കേട്ട് ഹരി അമ്പരന്നു...
"എന്താ നീ പറഞ്ഞത്... "
"ആ നീലിമയുടെ ഏട്ടനെ ഞാൻ പ്രേമിക്കട്ടേയെന്ന്... "
ഹരി ദേവികയെ തറപ്പിച്ചൊന്ന് നോക്കി... "
"ഹരിയേട്ടാ എന്നെ വേദയാക്കല്ലേ... ഞാൻ പറഞ്ഞത് ഇഷ്ടമായിട്ടില്ലെങ്കിൽ അത് മറന്നേക്ക്... ഞാനൊന്നും പറഞ്ഞിട്ടില്ല... ഹരിയേട്ടനൊന്നും കേട്ടിട്ടുമില്ല... "
പെട്ടന്ന് ഹരി പൊട്ടിച്ചിരിച്ചു... "
"ഇതിനുമാത്രം ഞാൻ തമാശയൊന്നും പറഞ്ഞില്ലല്ലോ ഇങ്ങനെ പൊട്ടിച്ചിരിക്കാൻ.. "
"എങ്ങനെ ചിരിക്കാതിരിക്കും... അതുപോലെയുള്ള കാര്യമല്ലേ നീ പറഞ്ഞത്... നീ രഘുത്തമനെപ്പറ്റി എന്താണ് കരുതിയത്... ഈ ജന്മത്തിൽ വിവാഹമേ വേണ്ടെന്ന് പറഞ്ഞ് നടക്കുന്നവനാണ് അവൻ... നിനക്ക് അവന്റെ കാര്യങ്ങളൊന്നും അറിയാൻ പാടില്ലാഞ്ഞിട്ടാണ്... ഒരുപാട് പ്രതീക്ഷയുമായി അവന്റെ വീട്ടിൽ കയറിവന്നതാണ് അവന്റെ ഏട്ടന്റെ ഭാര്യ... എന്നിട്ടോ... ഒരു ജന്മത്തിൽ അനിഭവിക്കാനുള്ളതിൽ കൂടുതൽ അനുഭവിച്ചു അവർ... ഇനി മറ്റൊരു പെണ്ണിന്റെ കണ്ണീരു കൂടി ആ വീട്ടിൽ വീഴരുതെന്ന് അവന് നിർബന്ധമുണ്ട്... ഞങ്ങൾ പലയാവർത്തി പറഞ്ഞതാണ് അവനോട് ഒരു വിവാഹം കഴിച്ച് അവൻ പണികഴിപ്പിച്ച പുതിയ വീട്ടിലേക്ക് കൊണ്ടുകൊണ്ടുവരാൻ... അവൻ സമ്മതിക്കുന്നില്ല...
ആ അവനെയാണോ നീ വശത്താക്കാൻ നോക്കുന്നത്... "
"സമ്മതിച്ചു... എനിക്കൊരു അവസരം താ... അയാളല്ല അതിലും വലിയവനെ ഞാൻ വശത്താക്കിയിരിക്കും... അതിനെന്നെ അനുവദിച്ചാൽ മതി... "
"ശരി... അനുവദിച്ചിരിക്കുന്നു... അവനെ നിനക്കു കിട്ടാൻ എന്തു സഹായവും എന്നിൽ നിന്നും പ്രതീക്ഷിക്കാം... പക്ഷേ ഇത് ഒരു നേരംപോക്കിനാണെങ്കിൽ അറിയാലോ മോളേ എന്നെ... "
"ഒരിക്കലുമില്ല... സത്യം പറയുകയാണെങ്കിൽ അയാളെ ആദ്യമായി കണ്ടപ്പോൾ തന്നെ എനിക്കെന്തോ ഒരു താൽപര്യം തോന്നി... ഇത്രയും കാലം എന്നെ കാണാൻ വന്ന കോന്തന്മാരെപ്പോലെയല്ല... ഇയാളൊരു ജന്റിൽമാനാണ്.... പിന്നെ ഒരുകാര്യം കൂടി... അയാൾ എന്റെ വലയിൽ വീഴുന്നതുവരെ ഈ കാര്യം ഒരു കുട്ടിപോലും അറിയരുത്... അതെനിക്ക് വാക്കു തരണം... ഏട്ടനറിഞ്ഞാൽ ആ നിമിഷം എന്നെ നാട്ടിലേക്ക് ഓടിക്കും... "
"ഇല്ല ആരുമറിയില്ല... നീ ദൈര്യമായി മുന്നോട്ടുപൊയ്ക്കോ... "
"എന്നാൽ നാളെ മുതൽ ഞാൻ അയാളെ കറക്കിവീഴ്ത്താൻ പോവുകയാണ്... എത്രദിവസമെടുക്കും എന്നറിയില്ല... എന്നാലും എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കും... "
"എന്നിട്ടും അവൻ വീണില്ലെങ്കിൽ... "
"ഓ.. ആ കരിനാക്കുകൊണ്ട് വേണ്ടാത്തത് പറയാതെ... എല്ലാം പോസറ്റീവായി ചിന്തിക്ക്... പരിശ്രമത്തിലൂടെ വിജയിക്കാൻ കഴിയാത്ത എന്താണുള്ളത്... ഇതും വിജയിക്കും... എന്റെ മനസ്സിൽ പൂർണ്ണ വിശ്വാസമുണ്ട്... "
"ആ നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ... പിന്നെ അവൻ നീലകണ്ഠന്റെ മകനാണ്... രണ്ടുദിവസമായിട്ട് നല്ലവരായി നടക്കുന്നുണ്ടെങ്കിലും അയാളുടെ മനസ്സിൽ എന്താണ് എന്ന് എനിക്കറിയില്ല... അതുംകൂടി ആലോചിച്ചിട്ട് മുന്നോട്ട് പോയാൽ മതി... "
തുടരും......
✍️ Rajesh Raju
➖➖➖➖➖➖➖➖➖➖➖