Aksharathalukal

കോവിലകം. ഭാഗം : 36

 


"അതിന് നന്ദനയുടെ വീട്ടിലേക്ക് പോയാൽപ്പോരേ..."

അതുശരിയാണല്ലോ... വന്നിട്ട് അവളുടെ വീട്ടിലേക്കിതുവരെ പോയിട്ടില്ല... എന്നാൽ ഞാൻ പോയി വരാം... 

അതാണ് നല്ലത്... പിന്നെ ആര്യ വൈകീട്ട് വരുന്നുണ്ട്... അവൾ തനിച്ചാണ് വരുന്നത്... വൈകീട്ട് അവളെ കൂട്ടാൻ റെയിൽവേ സ്റ്റേഷനിൽ പോകണം... "

"സത്യമായിട്ടും... അതോ എന്നെ പറ്റിക്കാൻ പറയുന്നതാണോ..."

"നിന്നെയെന്തിന് പറ്റിക്കണം... വിശ്വാസമില്ലെങ്കിൽ അവളെ വിളിച്ചു നോക്ക്..."

"അതിന്റെ ആവിശ്യമില്ല... എനിക്ക് ഹരിയേട്ടനെ വിശ്വാസമാണ്... "

"എന്നാൽ നീ പോയിട്ടു വാ.. "
ദേവിക നന്ദനയുടെ വീട്ടിലേക്ക് നടന്നു... 

"രണ്ടുമൂന്ന് ദിവസമായിട്ടല്ലേയുള്ളൂ ഇവൾ വന്നിട്ട്... അപ്പോഴേക്കും ഇവളുടെ സ്വഭാവത്തിന് നല്ലമാറ്റമുണ്ടല്ലോ... നന്ദനയുടേയും നീലിമയുടേയും കൂടെകൂടിയതുകൊണ്ടാകും... "
അവൾ പോകുന്നതും നോക്കി വിഷ്ണു പറഞ്ഞു...

"അതെയതെ നല്ല മാറ്റമുണ്ട്... ഇപ്പോൾ നല്ലപയ്യമ്മാരെ വശത്താക്കാൻ തുടങ്ങിയോ എന്നൊരു സംശയമുണ്ട്... "
പ്രസാദ് പറഞ്ഞതുകേട്ട് ഹരി സംശയത്തോടെ അവനെ നോക്കി... 

"നിന്നോടാരുപറഞ്ഞു അങ്ങനെയൊന്ന്... "

"അതൊക്കെ ഞാനറിഞ്ഞു... രഘുത്തമനെയാണവൾ നോട്ടമിട്ടിരിക്കുന്നത്... "

"എന്നാൽ നടന്നതു തന്നെ... "വിഷ്ണു പറഞ്ഞു... 

"നടക്കണം... നടന്നേ പറ്റൂ... അവൾക്ക് രഘുവിനോട് എന്തോ ഒരിഷ്ടമുണ്ട്... അതിന്നു എന്നോട് പറഞ്ഞു.. അവന്റെ കാര്യങ്ങൾ ഞാനവളോട് പറഞ്ഞു... പക്ഷേ അവൾ അവനെ വശത്താക്കിയേ അടങ്ങൂ എന്ന വാശിയിലാണവൾ... "
ഹരി പറഞ്ഞു... 

"അപ്പോൾ ഞാൻ കേട്ടത് സത്യമാണല്ലേ... എന്നോട് നീലിമ ഈ കാര്യം പറഞ്ഞു... നന്ദനയാണ് ഇത് ആദ്യം കണ്ടുപിടിച്ചത്... അവളാണ് നീലിമയോട് പറഞ്ഞത്... "

"അവൾക്ക് രഘുവിനെ കിട്ടിയാൽ അവളുടെ ഭാഗ്യമാണ്... എന്തുകൊണ്ടും അവൾക്ക് ചേർന്നവനാണ് രഘു.. അവരുടെ കാര്യത്തിൽ നമ്മൾ ഇടപെടേണ്ട... അവൾ തന്നെ അവനെ അവളിലേക്കടുപ്പിക്കും... ഇതൊന്നും ആരോടും പറയരുതെന്ന് എന്നെക്കൊണ്ട് സത്യം ചെയ്യിച്ചതാണ്... പക്ഷേ നമ്മളിൽ അങ്ങനെയൊരു രഹസ്യവും ഉണ്ടായിട്ടില്ലല്ലോ... അവളുടെ ചില നേരത്തെ കളികൾ കാണുമ്പോൾ എന്റെ പൊന്നുവിനേയാണ് ഓർമ്മ വരുന്നത്... അവളുണ്ടായിരുന്നെങ്കിലെന്ന് പലയാവർത്തി മനസ്സിൽ ആഗ്രഹിച്ചതാണ്... എന്നാൽ ദൈവം അവളെ നേരത്തേ വിളിച്ചില്ലേ... "
അവസാനമായപ്പോഴേക്കും ഹരിയുടെ സ്വരമിടറി... 

"അങ്ങനെ ദൈവം വിളിച്ചതല്ലല്ലോ... അവളെ പറഞ്ഞയച്ചതല്ലേ ആ മാർത്താണ്ഡൻ..."

"ശരിയാണ് അവളെ പറഞ്ഞയച്ചതാണ്... അതോർക്കുമ്പോൾ ഇന്നും മാർത്താണ്ഡനോട് അടങ്ങാത്ത പകയുണ്ടെനിക്ക്... എട്ടുവർഷമായി അവൾ പോയിട്ട്... എന്നെക്കാളും അവർക്ക് നിങ്ങളോടായിരുന്നു കൂടുതൽ ഇഷ്ടം... എന്റെ അമ്മയും അച്ഛനും എല്ലാവരുടെ മുന്നിലും ചിരിച്ചുകളിച്ചു നടക്കുന്നുണ്ടെങ്കിലും അവരുടെ ഉള്ളിൽ ഇപ്പോഴും ഒരു നോവാണ് അവൾ.... എത്ര രാത്രികളിൽ അമ്മ ഈ കാര്യമോർത്ത് കരഞ്ഞിട്ടുണ്ടെന്നറിയോ..." 

"എല്ലാം ഞങ്ങൾക്കറിയാവുന്നതല്ലേ... എല്ലാം കഴിഞ്ഞിട്ട് വർഷങ്ങളായില്ലേ... അവൾക്ക് ദൈവം അത്രയേ ആയുസ്സ് നൽകിയിട്ടുള്ളു എന്നു കരുതിയാൽ മതി... "

"അതുപറഞ്ഞ് മനസ്സിനെ വിശ്വസിപ്പിക്കുകയാണിപ്പോൾ... എന്നാൽ ഇനിയും ആ മാർത്താണ്ഡൻ പുതിയ നീക്കവുമായി വന്നാൽ അതോടെ അയാളുടെ അവസാനം എന്റെ കൈകൊണ്ടായിരിക്കും... "

"വേണ്ട ഹരി... അയാൾ വരുമ്പോഴല്ലേ... അയാൾ കഴിഞ്ഞതൊന്നും മറന്നുകാണില്ല... ശ്രീധരൻ ഗുരുക്കളുടെ കാരുണ്യത്തിലാണ് അയാളിപ്പോൾ എഴുന്നേറ്റ് നടക്കുന്നത്... ഇനിയും നീ പറഞ്ഞതുപോലെ അയാൾ വന്നാൽ പിന്നീടൊരിക്കലും എഴുന്നേൽക്കാൻ പോയിട്ട് ഒന്നനങ്ങാൻപോലും ശേഷിയില്ലാത്തവനാക്കും ഞങ്ങൾ... "
പ്രസാദ് പറഞ്ഞു... 

കഴിഞ്ഞതെല്ലാം കഴിഞ്ഞു ഇനി അതോർത്ത് വിഷമിച്ചിട്ട് കാര്യമില്ല... ഇപ്പോൾ നമുക്കറിയേണ്ടത് നീ നീലിമയെ കണ്ടിട്ട് എന്തായി... എന്താണ് അവളുടെ തീരുമാനം... "
വിഷ്ണു ചോദിച്ചു.. 

"ഈ പ്രസാദ് ഒരുകാര്യത്തിനിറങ്ങിയാൽ അത് വിജയിച്ച ചരിത്രമല്ലേയുള്ളു... "

ഉവ്വ്... ഞങ്ങളുടെ ബുദ്ധിയാണ് എല്ലാറ്റിനും പിന്നിലെന്ന് പറ... അല്ലെങ്കിൽ അവളുടെ മറുപടി കിട്ടാൻ ഇനിയും ദിവസങ്ങൾ എണ്ണി നീ തീർക്കും... ഇപ്പോൾ അവളുടെ തിരുമാനും അനുകൂലമായി വന്നു... ഇതിന്റെ ചിലവ് എന്തായാലും കിട്ടണം... "
വിഷ്ണു പറഞ്ഞു... 

"അതിന് ഞാനെപ്പോഴും റെഡിയാണ്... എപ്പോൾ വേണമെന്ന് പറഞ്ഞാൽ മതി..."

"പറയാം... ദേവികയുടേയും രഘുവിന്റേയും കാര്യം കൂടി അറിയട്ടെ... എന്നിട്ട് പറയാം... "

ഈ സമയം നന്ദന തന്റെ മുറിയിലെ ഓരോ സാധനങ്ങൾ അടക്കിയൊതുക്കി വക്കുകയായിരുന്നു... അന്നേരമാണ് നളിനി അവിടേക്ക് വന്നത്... 

"ആഹാ... ഇതെന്താണ് കാണാത്ത കാര്യങ്ങൾ കാണുന്നത്... ഇന്ന് ഇടിവെട്ടി മഴ പെയ്യും... "

പെയ്യട്ടെ... കുറച്ചു ദിവസമായി ഇവിടെ ഓരോരുത്തർ വലിയ ചൂടിലാണല്ലോ... അതൊന്ന് തണുക്കട്ടെ... "

"എന്തു ചൂട്... നീ എന്നെപ്പറ്റിയാണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലായി... "

"മനസ്സിലായല്ലോ... പിന്നെ എന്തിനാണ് ചോദിക്കുന്നത്... "

"അതിന് എന്താണ് നിന്നോട് ഞാൻ ചൂടായിക്കൊണ്ട് പറഞ്ഞത്... കോലോത്തേക്ക് എപ്പോഴും പോകേണ്ടെന്ന് പറഞ്ഞതോ..."

"അതു മാത്രമോ... ഏതുസമയത്തും ഒന്നില്ലെങ്കിൽ ഒന്നുമായി എന്റെ മെക്കിട്ട് കയറുകയല്ലേ... ചിലപ്പോൾ തോന്നും എന്നെ നിങ്ങൾ പ്രസവിച്ചതല്ലെന്ന്... മറ്റെവിടെനിന്നെങ്കിലും ദത്തെടുത്തതാണെന്ന്... "

എന്താടീ ഇതിനുമാത്രം നിന്നെ ഞാൻ ചെയ്തത്... തെറ്റുകണ്ടാൽ ഞാൻ പറയാറുണ്ട്... ചിലപ്പോൾ ദേഷ്യപ്പെടാറുമുണ്ട്... ഇനിയുമത് പറയും... അത് സ്വന്തം മക്കൾ നന്നാവണമെന്ന ആഗ്രഹമുണ്ടായിട്ടാണ്... "

"ഇതുപോലെ നന്നാക്കാൻ ശ്രമിച്ചാൽ എനിക്ക് പ്രാന്ത് പിടിക്കും... അച്ഛനമ്മമാർ മക്കളെ ഉപദേശിക്കാറുണ്ട് ... എന്നാൽ ഇതുപോലെയൊന്നും ഉപദേശിക്കരുത്.... "
അതും പറഞ്ഞ് നന്ദന തിരിഞ്ഞു നോക്കിയത്... നളിനിയുടെ പുറകിലായി നിൽക്കുന്ന ദേവികയുടെ മുഖത്തേക്കായിരുന്നു... ദേവിക ചിരിയോടെ അവളെത്തന്നെ നോക്കി നിൽക്കുകയായിരുന്നു.. 

"ഹായ്... എന്തു പറ്റീ... ഇന്ന് കൂട്ടിന് ആരേയുംകിട്ടിയില്ലേ.. "
നന്ദന തന്റെ പുറകിലേക്ക് നോക്കി ചോദിക്കുന്നതുകേട്ട് നളിനി തിരിഞ്ഞു നോക്കി... "

ഹായ് ആന്റീ... എന്നെ മനസ്സിലായോ... ഇന്നലെ പാലുമായി ആന്റി കാലത്ത് വന്നപ്പോൾ കാണാൻ പറ്റിയില്ല... ഞാൻ ദേവിക... "

അതേയോ... മോളെപ്പറ്റി നന്ദന പറഞ്ഞിരുന്നു... വന്നിട്ട് ഇതുവരേയുമൊന്ന് ഇവിടേക്ക് വരാൻ തോന്നിയില്ലല്ലോ... "
നളിനി പറഞ്ഞു... 

"അതിനല്ലേ ഞാൻ ഇപ്പോൾ വന്നത്... എന്താണ് അമ്മയും മോളും തമ്മിലൊരു കശപിശ... ഞാനും അമ്മയും സ്ഥിരമായി നടത്തുന്നത് നിങ്ങൾ ഏറ്റെടുത്തോ... "

"അതിവിടെ ഇടക്കിടക്കുണ്ടാവുന്നതാണ്... അതു പോട്ടെ നീയെന്താണ് ഇപ്പോൾ ഇതുവഴി... "

"അതെന്താ... ഇവിടേക്ക് വരാൻ പ്രത്യേകം അനുവാദം വാങ്ങിക്കണോ... എന്നാലത് വേണ്ട ആളോട് വാങ്ങിച്ചിട്ടാണ് വന്നത്... നിനക്ക് അവിടേക്ക് വരാനല്ലേ പറ്റാത്തത്... എന്നാൽ എനിക്കു വരാൻപറ്റും... നീലിമയും ഇന്ന് വന്നിട്ടില്ല... അവൾക്ക് പഠിക്കാനുണ്ടുപോലും... അവിടെ ഒറ്റക്കിരുന്നിട്ട് വല്ലാത്ത പൊറുതികേട്... നിന്നേയുംകൂട്ടി പുറത്തേക്കൊന്ന് പോകാമല്ലോ എന്നുകരുതി വന്നതാണ്... എന്താ ആന്റീ... ഞങ്ങളൊന്ന് പുറത്തുപോകട്ടെ... 

"പെൺകുട്ടികൾ ഇങ്ങനെ കറങ്ങിനടക്കുന്നത് നല്ലതല്ല... എന്നാലും ആദ്യമായിട്ട് മോള് ആന്റിയോട് ചൊദിച്ചതല്ലേ... പോയിട്ടു വാ... അധികം വൈകാതെ തിരിച്ചു വന്നേക്കണം... "

"അത് ഞങ്ങളേറ്റു... എന്നാൽ പോകാം നന്ദനേ... "

"നിൽക്ക്... ആദ്യമായി വന്നിട്ട് ഒന്നും കുടിക്കാതേയും കഴിക്കാതെയും പോവുകയാണോ..."

"അതിന് ആരുപറഞ്ഞു കഴിക്കില്ലെന്ന്... ഞങ്ങൾ പോയി വരുമ്പോഴേക്കും ആന്റി എന്തെങ്കിലും ഉണ്ടാക്കിവച്ചോ... വന്നിട്ട് കഴിച്ചിട്ടേ ഞാനിന്ന് പോകുന്നുള്ളൂ... "
ദേവിക നന്ദനയേയും കൂട്ടി പുറത്തേക്ക് നടന്നു... അവർ നേരെ വയലിലേക്കായിരുന്നു നടന്നത്... 

"എന്തു ഭംഗിയാണ് ഇവിടം മൊത്തം... എത്ര കണ്ടാലും മതിയാകില്ല ഇവിടം.. "
ദേവിക പറഞ്ഞു... 

"അതിന് നീ പറഞ്ഞതുപോലെ ഇവിടുത്തെ നല്ല ചുള്ളന്മാരെ പെട്ടന്ന് നോക്ക്... എന്നാൽ എപ്പോഴും ഈ സ്ഥലങ്ങളെല്ലാം കണ്ടുകൊണ്ടിരിക്കാമല്ലോ..."

"ആ.. ഒരു ചുള്ളനെ ഞാൻ കണ്ടുവച്ചിട്ടുണ്ട്.. അയാളെയൊന്ന് വശത്താക്കുന്ന കാര്യമാണ് എനിക്കറിയാത്തത്... നീ ഹരിയേട്ടനെ എങ്ങനെയാണ് വശത്താക്കിയത്... ഒന്നു പറഞ്ഞുതാടീ... "

"അതിന് ഞാനല്ലല്ലോ വശത്താക്കിയത്... ഹരിയേട്ടനല്ലേ... "

ഹരിയേട്ടൻ നിന്റെ വലയിൽ വീഴണമെങ്കിൽ അതിനൊരു കാരണം കാണാമല്ലോ അതെന്താണെന്ന് ചോദിച്ചത്... "

"അത് സ്വകാര്യമാണ്... അതെന്താണെന്ന് പറയണമെങ്കിൽ നീ കണ്ടുവച്ചിട്ടുള്ള ചുള്ളനാരാണെന്ന് പറയണം... "

അയ്യടീ... അങ്ങനെയിപ്പോൾ പറഞ്ഞുതരണില്ല... സമയമാകുമ്പോൾ നീയത് അറിയും... അതുവരെ ക്ഷമിക്ക്... "

ഞാനെന്തിന് ക്ഷമിക്കണം... എനിക്കറിയാം നീ ആരേയാണ് നോട്ടമിട്ടിരിക്കുന്നതെന്ന്.. ഞാൻ പറയട്ടെ... രഘുവേട്ടനല്ലേ നിന്റെ മനസ്സിലുള്ള ആൾ... "

"അതെങ്ങനെ നിനക്കറിയാം... "

അതൊക്കെയുണ്ട്... ഇന്നലെ നീലിമയോടൊപ്പം രഘുവേട്ടൻ വന്നപ്പോൾ നിന്റെ ഇളക്കം ഞാൻ ശ്രദ്ധിച്ചിരുന്നു..."


തുടരും...... 

✍️ Rajesh Raju

➖➖➖➖➖➖➖➖➖➖➖

 


കോവിലകം. ഭാഗം : 37

കോവിലകം. ഭാഗം : 37

4.2
5668

    "ഞാനെന്തിന് ക്ഷമിക്കണം... എനിക്കറിയാം നീ ആരേയാണ് നോട്ടമിട്ടിരിക്കുന്നതെന്ന്.. ഞാൻ പറയട്ടെ... രഘുവേട്ടനല്ലേ  നിന്റെ മനസ്സിലുള്ള ആൾ... "   "അതെങ്ങനെ നിനക്കറിയാം... "   അതൊക്കെയുണ്ട്... ഇന്നലെ നീലിമയോടൊപ്പം രഘുവേട്ടൻ വന്നപ്പോൾ നിന്റെ ഇളക്കം ഞാൻ ശ്രദ്ധിച്ചിരുന്നു..."   "സത്യം പറ... ആരാണ് നിന്നോടിത് പറഞ്ഞത് ഹരിയേട്ടനാണോ... "   "അപ്പോൾ ഹരിയേട്ടനും ഇതറിയുമോ... "   "അറിയാം... ഹരിയേട്ടനോട് മാത്രമേ ഞാനിത് പറഞ്ഞിട്ടുള്ളൂ... ആരോടും പറയരുതെന്ന് പ്രത്യേകം പറഞ്ഞതാണ്... എന്നിട്ടും ഹരിയേട്ടൻ നിന്നോട് പറഞ്ഞിട്ടുണ്ടല്ലേ... "   "എന്നോട് ആരും