"അതൊക്കെ നടക്കുമോ... "
"നടക്കും... നീ വേണ്ടാത്തതൊന്നും ചിന്തിക്കേണ്ട ആവശ്യമില്ല... പിന്നെ ഈ കാര്യം നമ്മളല്ലാതെ മറ്റാരുമറിയേണ്ട... പ്രത്യേകിച്ച് നമ്മുടെ വാലാത്തന്മാർ... "
"പറയുംപോലെ അവരവിടെ... "
"രാജീവന്റെ പുറകെയുണ്ട് നീ വാ.. "
അവർ ഓഡിറ്റോറിയത്തിനുള്ളിലേക്ക് നടന്നു...
✨✨✨✨✨✨✨✨✨
"നിഖിലിന്റെ ആത്മവിശ്വാസത്തോടെ യുള്ള വാക്കുകൾ കേട്ടപ്പോൾ എന്റെ മനസ്സിലും നിമിഷയോടുള്ള പ്രണയം മുട്ടിട്ടു... അന്ന് വിവാഹത്തിനു പങ്കെടുക്കുമ്പോൾ എന്റെ ശ്രദ്ധ മുഴുവൻ അവളിലായിരുന്നു... യഥാർത്ഥത്തിൽ അപ്പോഴാണ് അവളെ കൂടുതൽ ശ്രദ്ധിക്കുന്നതു തന്നെ... വിവാഹം കഴിഞ്ഞ് ഭക്ഷണം കഴിക്കുന്ന സമയത്ത് അപ്രതീക്ഷിതമായി അവൾ എന്റെ അടുത്തു വന്നിരുന്നു... "
✨✨✨✨✨✨✨✨✨
"ഞാൻ ഇവിടെയിരിക്കുന്നുണ്ടേ... ഇനി അതിന്റെ പേരിൽ എന്നോട് തട്ടിക്കയറല്ലേ... "
"ഞാനെന്തിന് തട്ടിക്കയറണം... ഇവിടെ ഇരിക്കരുതെന്ന് പറയാൻ ഞാനാരാണ്... "
"ഹാവൂ അപ്പോൾ കുഴപ്പമില്ലല്ലേ... സമാധാനമായി... പിന്നെ അമ്മയും വല്ല്യമ്മയുമുൾപ്പെടെ കുറച്ചു പേര് പെട്ടന്ന് വീട്ടിലേക്ക് പോകുന്നുണ്ട്... ചെക്കനേയും പെണ്ണിനേയും സ്വീകരിക്കാനുള്ള തയ്യാറെടുപ്പുനടത്താൻ...അവർ കാറിലാണ് പോകുന്നത് എല്ലാവർക്കും കൂടി അതിൽ പോകാൻ കഴിയില്ല... വിരോധമില്ലെങ്കിൽ ഇയാളെന്നെ ബൈക്കിൽ വീട്ടിലെത്തിച്ചുതരുമോ... "
"അവരല്ലേ സ്വീകരിക്കാൻ നിൽക്കുന്നത്.. അതിന് നീയെന്തിനാണ് പോകുന്നത്... "
"ഞാനുമുണ്ട് ആ കൂട്ടത്തിൽ... "
"ശരി ആദ്യം ഭക്ഷണം കഴിക്ക്... എന്നിട്ടല്ലേ പോകുന്നത്..."
"ഈശ്വരാ രക്ഷപ്പെട്ടു... ഞാൻ കരുതി ഇതു പറഞ്ഞാൽ ഇയാൾ സമ്മതിക്കുകയില്ലെന്ന്... "
"ഞാനെന്തിന് സമ്മതം മൂളാതിരിക്കണം... ഒരു നല്ലകാര്യത്തിനല്ലേ... പിന്നെ എനിക്ക് ഒരു പേരുണ്ട് രഘുത്തമൻ.... അല്ലാതെ ഇയാൾ എന്നല്ല..."
"രഘുത്തമൻ.. നല്ലപേരാണല്ലോ... പക്ഷേ വിളിക്കാൻ കുറച്ചു പ്രയാസമാണ്... രഘു.. രഘുവേട്ടൻ അത് കുഴപ്പമില്ല... വിളിക്കാനുമൊരു സുഖമുണ്ട്... അപ്പോൾ രഘുവേട്ടൻ പെട്ടന്ന് ഭക്ഷണം കഴിച്ചേ... "
അവർ ഭക്ഷണം കഴിക്കാൻ തുടങ്ങി... ഇതെല്ലാം കേട്ട് രഘുത്തമന്റെ അടുത്തിരിക്കുന്ന നിഖിലിന് ചിരിയടക്കാൻ കഴിഞ്ഞില്ല... ഭക്ഷണം കഴിച്ചു കഴിഞ്ഞ് നിഖിലിനോട് താൻ രാജീവിന്റെ വീട്ടിലുണ്ടാകുമെന്ന് പറഞ്ഞ് നിമിഷയേയുംകൂട്ടി രഘുത്തമൻ വീട്ടിലേക്ക് പോന്നു...
✨✨✨✨✨✨✨✨✨
"അങ്ങനെ രാജീവന്റെ വിവാഹം ഞങ്ങളെല്ലാവരും കൂടി മനോഹരമാക്കി... എല്ലാം കഴിഞ്ഞ് ഞങ്ങൾകൂട്ടുകാരെല്ലാം അവരവരുടെവീട്ടിലേക്ക് പോന്നു... പോരുമ്പോൾ നിമിഷയോട് യാത്രപറയാനും മറന്നില്ല... ദിവസങ്ങൾ കടന്നുപോയി... നിമിഷയെ കാണാൻ മോഹമുണ്ടായിരുന്നു എനിക്ക്... എന്നാൽ എന്തു പറഞ്ഞ് അവിടേക്ക് പോകുമെന്ന സംശയത്തിൽ ആ മോഹം മനസ്സിൽ ഒതുക്കി..."
"ഒരു ദിവസം പ്രതീക്ഷിക്കാതെ രാജീവൻ എന്നെ വിളിച്ചു... മുമ്പ് പറഞ്ഞ ബിസിനസ്സിൽ പാട്ണറാകാൻ വിളിച്ചതാണ്... ഞങ്ങളുടെ കൂടെ മറ്റൊരു പാട്ണറായിട്ട് നിഖിലുമുണ്ടാകുമെന്ന് അവൻ പറഞ്ഞു... എന്റെ മനസ്സിൽ പുതിയ ബിസിനസ് പാട്ണറായതിനേക്കാളും കൂടുതൽ സന്തോഷം തോന്നിയത് നിമിഷയെ ഇനി ഇടക്കിടക്ക് കാണാമല്ലോ എന്നതിലായിരുന്നു... ഇനി എപ്പോൾ വേണമെങ്കിലും രാജീവിന്റെ വീട്ടിലേക്ക് ചെല്ലാം... അതായിരുന്നു എന്റെ മനസ്സിൽ അങ്ങനെ എന്നിലെ പ്രണയത്തിന് കൂടുതൽ ശക്തികൂടി... അവളല്ലാതെ എന്റെ ജീവിതത്തിൽ മറ്റൊരു പെണ്ണില്ല എന്ന അവസ്ഥയായിരുന്നു എനിക്ക്.. ആ സമയത്താണ് ഞാൻ കോവിലകത്തിനു പിറകിലുള്ള സ്ഥലം വാങ്ങിച്ചു അവിടെ ആ വീട് പണിതത്... അച്ഛനും ഏട്ടനും ഈ വിവാഹത്തിന് സമ്മതം മൂളുന്ന കാര്യം സംശയത്തിലാണെന്ന് എനിക്കറിയാമായിരുന്നു... അവർ എതിർത്താൽ ആ നിമിഷം അവളേയും കൂട്ടി പുതിയ വീട്ടിലേക്ക് താമസം മാറ്റണമെന്നും കരുതി... എന്നാൽ പുതിയ വീടു പണിത കാര്യമൊന്നും അവളോട് പറഞ്ഞിരുന്നില്ല... അവൾക്കൊരു സർപ്രൈസാകട്ടേയെന്ന് കരുതി... പക്ഷേ എല്ലാ മോഹങ്ങളും അസ്ഥാനത്തായത് പെട്ടെന്നായിരുന്നു... ഒരു ദിവസം വൈകീട്ട് നിഖിൽ തന്നെ വിളിച്ച് പെട്ടന്ന് ബീച്ചിലേക്ക് വരണമെന്നു പറഞ്ഞു... സമയം കളയാതെ ഞാൻ അവിടേക്ക് ചെന്നു... നിഖിലിന്റെയടുത്തെത്തിയപ്പോൾ അവന്റെ മുഖം ദേഷ്യംകൊണ്ട് ചുവന്നിരിക്കുന്നു... എന്തോ ഒരു കുറ്റബോധവും അവനിൽ കണ്ടു...
✨✨✨✨✨✨✨✨✨
"എന്താടാ പ്രശ്നം... എന്താണ് നിനക്കു പറ്റിയത്... "
രഘുത്തമൻ ചോദിച്ചു...
നിഖിലൊന്നും മിണ്ടാതെ രഘുത്തമന്റെ മുഖത്തേക്ക് നോക്കി... പിന്നെ തിരിഞ്ഞ് മറ്റൊരു ദിശയിലേക്ക് കണ്ണോടിച്ചു... അവൻ നോക്കിയ ഭാഗത്തേക്ക് നോക്കിയ രഘുത്തമൻ ഞെട്ടിത്തരിച്ചുനിന്നു... അവിടെ ഒരു ചെറുപ്പക്കാരനും കൂടെയൊരു പെൺകുട്ടിയും തിരകൾക്കനുസരിച്ച് മതിമന്ന് ഉല്ലസിക്കുന്നു... സൂക്ഷിച്ചു നോക്കിയപ്പോൾ പെൺകുട്ടി നിമിഷയാണെന്ന് മനസ്സിലായി...
"നമുക്ക് തെറ്റു പറ്റി രഘൂ... ഇവൾ ഇത്തരക്കാരിയാണെന്ന് നമ്മളറിഞ്ഞില്ലല്ലോ... ഇവളെപ്പോലെയുള്ളവർക്ക് സ്നേഹമെന്നത് ഒരുതരം കുട്ടിക്കളിയാണ്... നാളെ അവളുടെ കൂടെയുള്ളവന്റേയും അവസ്ഥ ഇതു തന്നെയാകും... നീ ഈ കാര്യം മറന്നേക്ക്..."
നിഖിൽ പറഞ്ഞു...
"ഇല്ല നിഖിലേ... എന്നെ ചതിച്ച ഇവളെ വെറുതെ വിടില്ല... കൊല്ലും ഞാൻ ആ പന്നിയുടെ മകളെ... "
രഘുത്തമൻ ദേഷ്യത്തോടെ നിമിഷയുടെ അടുത്തേക്ക് നടന്നു... എന്നാൽ നിഖിലവനെ പിടിച്ചു നിർത്തി...
"വേണ്ട രഘൂ... ഇത് സ്ഥലം മാറിയിട്ടാണ്.. മാത്രമല്ല അവൾ പെണ്ണും... എന്തുചെയ്താലും നമ്മൾ ആണുങ്ങളാണ് കുടുങ്ങുക... "
"അല്ലാതെ ഞാനെന്താണ് ചെയ്യേണ്ടത്... അവൾ ചെയ്യുന്ന അഴിഞ്ഞാട്ടത്തിന് കുട പിടിക്കണോ... എനിക്ക് അവളോട് ഒന്നേ ചോദിക്കാനുള്ളൂ... എന്തിനാണ് ഇത്രയും ആശതന്ന് എന്നെ ചതിച്ചതെന്ന്.. "
"നമുക്കു ചോദിക്കാം... സമയമുണ്ടല്ലോ... നാളെ അവൾ കോളേജിൽ പോകുമ്പോൾ വഴിയിൽ വച്ച് നമുക്ക് ചോദിക്കാം... നീയിപ്പോൾ വാ...
നിഖിൽ രഘുത്തമനെ നിർബന്ധിച്ച് അവിടെനിന്നും കൂട്ടിക്കൊണ്ടുപോയി... അടുത്തദിവസം രാവിലെ രഘുത്തമനും നിഖിലും നിമിഷ കോളേജിലേക്ക് പോകുന്ന വഴിയിൽ അവളെ കാത്തുനിന്നു... ദൂരെനിന്ന് അവൾ നടന്നുവരുന്നതവർ കണ്ടു...
"എടാ രഘൂ... നീയൊന്നും ഇപ്പോൾ അവളോട് സംസാരിക്കേണ്ട... ആദ്യം ഞാനൊന്ന് സംസാരിക്കട്ടെ... ഞാനണല്ലോ നിന്റെ മനസ്സിൽ ഇവളെന്ന വിത്ത് പാകിയിട്ടത്... അന്നേരം എനിക്കുമറിയണമല്ലോ അവൾ ഇങ്ങനെയൊരു ചതി ചെയ്തതിന്റെ രഹസ്യം... "
നിഖിൽ നിമിഷയുടെയടുത്തേക്ക് നടന്നു...
"നിമിഷ നിഖിൽ തന്റെ നേരെ വരുന്നത് കണ്ടു... "
"ഹായ് നിഖിലേട്ടാ.. എന്താണ് ഈ വഴി... ആരെ കാണാനാണ്... "
"ഞാൻ നിന്നെത്തന്നെ കാണാൻ വന്നതാണ്... എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്... "
നിഖിൽ അതു പറയുമ്പോഴാണ് പുറകിലായി രഘുത്തമൻ നിൽക്കുന്നത് കണ്ടത്...
"അതുശരി അപ്പോൾ രഘുവേട്ടനും കൂടെയുണ്ടല്ലേ... അപ്പോൾ എന്തോ കാര്യമായിട്ടാണ്... എന്താണ് ചോദിക്കാനുണ്ടെന്ന് പറഞ്ഞത്... "
"ഇന്നലെ നിന്റെ കൂടെ ബീച്ചിൽ ഉണ്ടായിരുന്നതാരാണ്... "
"ഓ അതോ... അത് അരുണേട്ടനാണ്... എന്റെ അമ്മാവന്റെ മകൻ... ചുരുക്കിപ്പറഞ്ഞാൽ എന്നെ വിവാഹം കഴിക്കാൻ പോകുന്ന എന്റെ മുറച്ചെറുക്കൻ... ഇന്നലെ രാവിലെ പൂനയിൽ നിന്ന് വന്നതാണ്... "
"നിന്നെ വിവാഹം കഴിക്കാൻ പോകുന്നവനോ... അപ്പോൾ നീ രഘുവിനെ ചതിക്കുകയായിരുന്നല്ലേ... "
"എന്താണ് നിഖിലേട്ടാ പറഞ്ഞത്... ഞാൻ രഘുവേട്ടനെ ചതിച്ചെന്നോ... എനിക്ക് കാര്യം മനസ്സിലായില്ല... "
"മനസ്സിലാവാഞ്ഞിട്ടാണോ അതോ അവാത്തതുപോലെ പൊട്ടൻ കളിക്കുകയാണോ... എന്നിനുവേണ്ടിയാണ് അവന് ആശ കൊടുത്തത്... എന്ത് തെറ്റാണ് അവൻ നിന്നോട് ചെയ്തത്... "
"ദേ നിഖിലേട്ടാ അനാവശ്യ പറയരുത്... ഞാനെപ്പോഴാണ് രഘുവേട്ടന് ആശകൊടുത്തത്..." അവൾ നേരെ രഘുത്തമന്റെ അടുത്തേക്ക് നടന്നു...
"രഘുവേട്ടന് എപ്പോഴാണ് ഞാൻ ആശ തന്നത്... ഇയാളെ ഇഷ്ടമാണെന്ന് മറ്റോ എന്നെങ്കിലും ഞാൻ പറഞ്ഞിരുന്നോ... കുറച്ചു സ്വാതന്ത്ര്യത്തോടെ പെരുമാറിയിട്ടുണ്ട്... കൂടെ ബൈക്കിലും കയറിയിട്ടുണ്ട്... അത് ഗീതു കാണുന്നതുപോലെ ഒരേട്ടന്റെ സ്ഥാനത്തോടെ കാണുന്നതു കൊണ്ടാണ്... രാജീവേട്ടന്റെ അതേ സ്ഥാനമാണ് രഘുവേട്ടനും ഞാൻ തന്നിട്ടുള്ളത്... അത് മറ്റൊരർത്ഥത്തിൽ കണ്ടത് നിങ്ങളുടെ തെറ്റ്... "
"ഹും എത്ര മനോഹരമായ ഒഴിഞ്ഞുമാറൽ... തെറ്റ് ഞങ്ങളേതുതന്നെയാണ്... നിന്റെ കോപ്രായങ്ങൾകണ്ടപ്പോൾ അറിയാതെയാണെങ്കിലും ഞാനും വിശ്വസിച്ചു... അത് സത്യമാണെന്നു കരുതി ഇവനെ പ്രോത്സാഹിപ്പിച്ചു... പക്ഷേ ഇതുപോലൊരു അഭിനയമായിരുന്നെന്ന് അറിയില്ലായിരുന്നു... "
"ഞാൻ എപ്പോഴാണ് അഭിനയിച്ചത്... ഞാൻ പറഞ്ഞല്ലോ എന്റെ ഒരു സഹോദരന്റെ സ്ഥാനമാണ് ഞാൻ രഘുവേട്ടന് തന്നതെന്ന്... അത് ഇപ്പോഴും അങ്ങനെ ത്തന്നെയാണ്... നിങ്ങൾ എപ്പോഴെങ്കിലും എന്നെ ഇഷ്ടപ്പെടുന്ന കാര്യം പറഞ്ഞിരുന്നോ... ഇല്ലല്ലോ... അത് ഞാനറിഞ്ഞിരുന്നെങ്കിൽ എന്നോ നിങ്ങളെ പറഞ്ഞു പിൻതിരിപ്പിച്ചിരുന്നു... ഞാനും അരുണേട്ടനും തമ്മിലുള്ള ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല... കുട്ടിക്കാലം മുതൽ പറഞ്ഞുറപ്പിച്ചതാണ്... ആ ഞാൻ അരുണേട്ടനെ വിട്ട് മറ്റൊരാളെ തേടി പോകുമോ... ഇത് നിങ്ങൾ തെറ്റിദ്ധരിച്ചത് എന്റെ കുഴപ്പം കൊണ്ടല്ല... പിന്നെ ഇനി ഈ കാര്യവുമായി എന്റടുത്ത് വരരുത്... വന്നാൽ ഞാൻ വീട്ടുകാരോട് പറയും പിന്നെയത് പ്രശ്നമാകും... ഉറ്റ ചങ്ങാതിയായ രാജീവേട്ടനുമായുള്ള ഇപ്പോഴുള്ള ബന്ധം വരെ ഇല്ലാതാകും..."
അതും പറഞ്ഞ് നീലിമ അവരുടെയടുത്തുനിന്നും നടന്നു...
"ഹും അവളുടെ ദിക്കാരംകണ്ടില്ലേ.... എത്രപെട്ടന്നാണ് അവളുടെ സ്വഭാവം മാറിയത്... "
"അവൾ പറഞ്ഞതിലും കാര്യമുണ്ട് നിഖിലേ... ഞാനാണ് തെറ്റുകാരൻ... അവൾക്ക് എന്നോട് ഇഷ്ടമുണ്ടോ എന്ന് ഞാൻ ചോദിച്ചിരുന്നില്ല... എന്റെ ഇഷ്ടം അവളോട് പറഞ്ഞിട്ടുമില്ല... എല്ലാം എന്റെ മനസ്സിൽ തോന്നിയ പൊട്ടത്തരങ്ങളായിരുന്നു... "
"രഘൂ... നീയെന്നോട് ക്ഷമിക്ക്... അവൾ നിന്നോട് ഇത്ര സ്വാതന്ത്ര്യത്തോടുകൂടി സംസാരിക്കുന്നതും പെരുമാറുന്നതും കണ്ടപ്പോൾ ഞാൻ എന്തൊക്കെയോ മനസ്സിൽകരുതി നിന്നെ വെറുതേ ഈ ചതിക്കുഴിയിൽ ചാടിച്ചു... പോട്ടെടാ... ഇവൾ പോകുന്നെങ്കിൽ പോകട്ടെ... ഇവളെക്കാളും നല്ല കുട്ടിയെ നിനക്ക്കിട്ടും... അന്ന് ഇവളുടെ മുന്നിലൂടെ നീ തലയുയർത്തി നടക്കുന്നത് എനിക്ക് കാണണം... "
"എന്തിന്.. വേണ്ട നിഖിലേ... ഇനിയും ഇതുപോലൊരു കോമാളിയാകാൻ എനിക്ക് താൽപര്യമില്ല... ഞാനൊരു തീരുമാനം എടുത്തിട്ടുണ്ട്... ഒരിക്കൽ ഒരാൾക്കേ നമ്മൾ മനസ്സറിഞ്ഞ് നമ്മുടെ മനസ്സ് കൈമാറുകയുള്ളൂ... അതിൽവഞ്ചിക്കപ്പെട്ടാൽ പിന്നെയുള്ളത് വെറും ചടങ്ങുമാത്രമായിപ്പോകും... പിന്നെ ഞാൻ നമ്മുടെ ബിസിനസ്സിൽ നിന്നും പാട്ണർഷിപ്പ് ഒഴിയാൻ പോവുകയാണ്... ഇനി നിമിഷയുടെ മുന്നിലേക്ക് ഞാൻ വരില്ല... കാരണം മറ്റൊന്നുംകൊണ്ടല്ല... അവൾ മറ്റൊരാളുടേതാവുന്നത് കാണാൻ എനിക്ക് പറ്റില്ല... "
"നീ മാത്രമല്ല ഞാനും ഒഴിയുകയാണ്... അല്ലെങ്കിൽ അവൾ പറഞ്ഞതുപോലെ രാജീവുമായി നമ്മൾ എന്നെന്നേക്കുമായി പിണങ്ങേണ്ടിവരും... പക്ഷേ നീയെതിർത്താലും ഇതെല്ലാം ഞാൻ രാജീവനോട് പറയും... അവനറിയട്ടെ എല്ലാം... "
തുടരും..........
✍️ Rajesh Raju
➖➖➖➖➖➖➖➖➖➖➖