Aksharathalukal

ശിവമയൂഖം : 05

 
 
"അതുകൊണ്ടാണ് നിങ്ങളോട് പറഞ്ഞതും... എപ്പോൾ ഞങ്ങൾ തമ്മിലുള്ള വിവാഹം നടത്താം അതുമാത്രം അറിഞ്ഞാൽ മതി എനിക്ക്... "
 
"സതീശാ നീയിപ്പോൾ പോ... കാര്യങ്ങൾ സംസാരിക്കാൻ പറ്റിയ നിലയിലല്ല  നീ... "
ശ്യാമള പറഞ്ഞു... 
 
"ഇല്ല... എനിക്കിപ്പോൾ തീരുമാനമറിയണം... "
 
"എന്തു തീരുമാനമാണ് അറിയേണ്ടത്.... മൂക്കറ്റം മദ്യപിച്ച് തല്ലു കൂടി നടക്കുന്ന നിനക്ക് എന്റെ മോളെ വിവാഹം ചെയ്തുതരേണമെന്നോ... പണ്ട് നിങ്ങളുടെ ചെറുപ്പത്തിൽ മുതിർന്നവർ വല്ലതും പറഞ്ഞുവെന്നുകരുതി എന്റെ മോളെ ഒരു താന്തോന്നിക്ക് കെട്ടിച്ചുകൊടുക്കാൻ എനിക്കു സമ്മതമല്ല... ആദ്യം നീ നന്നാവാൻ നോക്ക്... എന്നിട്ടു വാ... അപ്പോൾ നമുക്ക് തീരുമാനിക്കാം... "
ഉണ്ണികൃഷ്ണമേനോൻ പറഞ്ഞു... 
 
"ഓഹോ... അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ... ഇത് നിങ്ങളുടെ ഉറച്ച തീരുമാനമാണോ.... "
 
"അതെ... എനിക്ക് ആണുംപെണ്ണുമായിട്ട് ഒന്നേയുള്ളൂ.... അതിന്റെ ജീവിതം തകർക്കാൻ എനിക്ക് കഴിയില്ല... ഇനി ഇതും പറഞ്ഞ് ഇവിടേക്ക് വരണമെന്നില്ല... "
 
അതു ശരി... അപ്പോൾ മോളെ വേറെയൊരുത്തനെക്കൊണ്ട് കെട്ടിക്കാനല്ലേ തീരുമാനം.... എന്നാൽ കേട്ടോ.. ഈ സതീശൻ ജീവിച്ചിരിക്കുന്ന കാലത്തോളം ആ മോഹം നടക്കാൻ പോകുന്നില്ല... ഈ ഞാൻ നടത്തില്ല... നിങ്ങളുടെ മകൾക്ക് ഒരു ജീവിതമുണ്ടെങ്കിൽ അത് എന്നോടൊപ്പമായിരിക്കും... അത് മനസ്സിൽ വച്ചോണ്ടൂ..."
 
"എന്റെ മോൾ വിവാഹം കഴിക്കാതെ ഇവിടെ നിന്നാലും... ഒരു ആഭാസന് കെട്ടിച്ചു കൊടുക്കില്ല... നീയിപ്പോൾ പോ... "
 
"എന്നാൽ ശരി... ഞാൻ പോകുന്നു... പക്ഷേ ഒന്നോർത്തോ... നിങ്ങൾ വരും എന്റെ കാലു പിടിക്കാൻ... എന്റെ മോളെ കെട്ടണമെന്ന് പറഞ്ഞ് യാചിക്കും നിങ്ങൾ... സതീശനാണ് പറയുന്നത്... "
സതീശൻ അവിടെ നിന്നും ധൃതിയിൽ നടന്നു... 
 
"അവൻ എന്തെങ്കിലും ചെയ്യുമോ എന്നാണ് എനിക്കു പേടി... നമ്മുടെ മോളുടെ ഭാവിയോർത്ത് എനിക്ക് പേടിയാകുന്നു... "
ശ്യാമള ആദിയോടെ പറഞ്ഞു... 
 
"നീയെന്തിനാണ് പേടിക്കുന്നത്... ഇവിടെ പോലീസും നിയമമൊന്നുമില്ലേ.... കൂടുതൽ ഉപദ്രവിച്ചാൽ അവൻ എന്റെ അനന്തരവനാണെന്ന് നോക്കില്ല... വേണ്ടത് എന്താണെന്നു വച്ചാൽ ചെയ്യും ഞാൻ... പിന്നെ നമ്മുടെ മോളുടെ കാര്യം... അവൾക്ക് വേണ്ടി ഒരു രാജകുമാരൻ തന്നെ വരും.. എനിക്കതുറപ്പാണ്... അങ്ങനെയൊന്നും എന്റെ മോളെ ദൈവം വേദനിപ്പിക്കില്ല... "
ഉണ്ണികൃഷ്ണമേനോൻ മയൂഖയുടെ കലയിൽ തലേയോടിക്കൊണ്ട് പറഞ്ഞു.... 
 
▪️▪️▪️▪️▪️▪️▪️▪️▪️
 
കീർത്തി എതോ പുസ്തകം വായിച്ച് തന്റെ മുറിയിലെ കട്ടിലിൽ ഇരിക്കുകയായിരുന്നു... അപ്പോഴാണ് ലക്ഷ്മി അവിടേക്ക് വന്നത്.... 
 
"ഈ ഓരോ പുസ്തകം വായിച്ച് സമയം കളയുന്ന നേരത്ത് പഠിക്കാനുള്ള ത് വല്ലതും പഠിച്ചൂടേ.... അതല്ലെങ്കിൽ അടുക്കളയിൽ വന്ന് എന്നെയൊന്ന് സഹായിച്ചൂടേ പെണ്ണെ നിനക്ക്... പഠിക്കാനുള്ളതൊന്നുമല്ലല്ലോ ഇത്ര കാര്യമായിട്ട് വായിക്കാൻ..."
ലക്ഷ്മി ചോദിച്ചു
 
"ഓ... എന്റെമ്മേ ഞാനിപ്പോൾ വായിക്കാൻ തുടങ്ങിയതല്ലേയുള്ളൂ... "
 
"ഇതു വായിച്ചാൽ വയറ്റിനുള്ളിലേക്ക് വല്ലതും പോകുമോ... ഇനി എന്നാണ് നിനക്കൊക്കെ കാര്യപ്രാപ്തി വരുന്നത്... ഒരു കാര്യം പറയാം... നാളെ മുതൽ അടുക്കളയിലേക്ക് എന്നെ സഹായിക്കാൻ വന്നില്ലെങ്കിൽ കുറ്റിച്ചൂലെടുക്കും ഞാൻ... പറഞ്ഞേക്കാം.... "
 
"അമ്മേ നമുക്കൊരാളെ അടുക്കളയിലേക്കായി നിർത്താമെന്ന് എത്ര നാളായി പറയുന്നു... എല്ലാം അമ്മയൊറ്റക്ക് ചെയ്യണോ... ഓരോ വീട്ടിൽ നോക്കിക്കേ... അടുക്കളയിലേക്ക് ഒരാൾ... പുറം പണിക്ക് മറ്റൊരാൾ.... പറമ്പിലെ കാര്യങ്ങൾ നോക്കാൻ വേറെയൊരാൾ.... അതുപോലെ നമുക്കും ഓരോരുത്തരെ നിർത്താലോ..."
 
"ആഹാ... അങ്ങനെ മേലങ്ങാലെ എന്റെ കുട്ടി ജീവിക്കേണ്ട... ഇവിടെയുള്ളവർക്ക് വച്ചുവിളമ്പാനും മറ്റും ഇവിടെയുള്ളവർതന്നെ മതി... അല്ലാതെ വല്ലെടുത്തും നടക്കുന്നത് മനസ്സിൽ കണ്ട് എന്റെ കുട്ടി തുള്ളേണ്ടാ... "
 
"നല്ലത് പറഞ്ഞാൽ ഇവിടെ ആർക്കും പറ്റില്ലല്ലോ..... ഞാനൊരു കാര്യം പറയാം... എനിക്കാർക്കും വച്ചുവിളമ്പാൻ പറ്റില്ല... "
 
അതെനിക്കറിയാം... ഇത് നീ ഇപ്പോഴല്ല അറിയുക... മേലേപ്പാട്ട് എത്തിയാൽ ഇതിനൊക്കെ നീ പഠിക്കും... അപ്പോൾ അമ്മ പറയുന്നത് എന്തിനാണെന്ന് മനസ്സിലാകും.... 
 
"അമ്മ ഇതു പറയാനാണോ ഇപ്പോൾ വന്നത്... ഞാൻ ഈ പുസ്തകം വായിക്കുന്നത് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാൻ വായിക്കുന്നില്ല... തീർന്നില്ലേ പ്രശ്നം... "
 
"എന്നെ പേടിച്ച് നീ വായനയൊന്നും നിർത്തേണ്ടാ... അവനവന് സ്വയം തോന്നുകയാണെങ്കിൽ ചെയ്താൽമതി.... വായന വേണ്ടെന്നും ഞാൻ പറയുന്നില്ല... വായിക്കുന്നത് നല്ലതുതന്നെയാണ്... പക്ഷേ അവരവരുടെ കാര്യങ്ങൾ ചെയ്തുതീർത്തിട്ടു വേണമെന്നേ പറഞ്ഞുള്ളൂ.... പിന്നെ ഞാനിപ്പോൾ വന്നത് നിന്നോട് ചില കാര്യങ്ങൾ ചോദിച്ചറിയാനാണ്..."
എന്താണെന്ന ഭാവത്തിൽ കീർത്തി ലക്ഷ്മിയെ നോക്കി... 
 
"നിന്റെ കൂടെ ഇടക്ക് ഒരു കൂട്ടുകാരി ഇവിടെ വന്നിരുന്നില്ലേ... മയൂരിയോ മയൂഖയോ... എന്താണ് അവളുടെ പേര്...." 
 
"മയൂഖ... എന്താണമ്മേ പ്രശ്നം... "
 
"ഒന്നുമില്ല... അവളുടെ വീട് എവിടെയാണ്... രണ്ടുമൂന്ന് തവണ വന്നിട്ടും അതുചോദിച്ചില്ല... അതിങ്ങെനെയാണ്... അവളുവന്നാൽ ഞങ്ങളുടെ അടുത്തുനിർത്താതെ അതിനേയും കൂട്ടി പറമ്പളക്കാനും കുളത്തിലെ ആഴമളക്കാനും റൂമിന്റെ വിസ്താരം നോക്കാനുമല്ലേ നിനക്കു പണി.... "
അതുകേട്ട് കീർത്തി ചിരിച്ചുപോയി... 
 
"ഇന്ന് ഞങ്ങൾ വേണുമാമയുടെ അവിടെ വിവാഹത്തിനുപോയില്ലേ... അവിടെയടുത്താണ് വീട്.... അവളുണ്ടായിരുന്നു വിവാഹത്തിന്... ഏട്ടനേയും ആദിയേട്ടനേയും അവൾ അവിടെവച്ച് പരിചയപ്പെട്ടിട്ടുണ്ട്... അച്ഛനും ഏട്ടനും അവളുടെ അച്ഛനെ അറിയുമെന്നാണ് അവിടെവച്ച് ഏട്ടൻ പറഞ്ഞത്.... അമ്മഇപ്പോളിത് ചോദിക്കാൻ കാരണം... "
 
"അവർക്ക് അറിയുമെന്നോ.... അപ്പോൾ ആ കുട്ടിയുടെ അച്ഛന്റെ പേര് എന്താണ്....? "
 
"ഒരു ഉണ്ണികൃഷ്ണമേനോൻ എന്നോ മറ്റുമാണ് പേര്.... കാവും പുറത്ത് എന്നാണ് അവളുടെ വീട്ടുപേര്... "
 
"കാവുംപുറത്തെ ഉണ്ണികൃഷ്ണമേനോൻ... ഈ പേര് കേട്ട നല്ല പരിചയമുണ്ടല്ലോ... ഇനി അച്ഛന്റെ കൂട്ടുകാരൻ ഉണ്ണിയേട്ടനായിരിക്കുമോ.... അവർക്ക് ഒരു മേലാണ് ഉള്ളത്....അച്ഛനോട് ചോദിച്ചാൽ ചിലപ്പോൾ അറിയാമായിരിക്കും... "
ലക്ഷ്മി കീർത്തിയുടെ അടുത്തുനിന്ന് പുറത്തേക്ക് പോകുവാനൊരുങ്ങി.... 
 
"കാര്യമെന്താണെന്ന് പറഞ്ഞിട്ടു പോ അമ്മേ... "
കീർത്തി പറഞ്ഞു
 
"ഒന്നുമില്ലെടീ... അവളെ നമ്മുടെ ശിവനു വേണ്ടി ഒന്നാലോചിച്ചാലോ എന്നൊരു ആഗ്രഹം.... അച്ഛനും ഇതിഷ്ടമാണ്.... ഇനി അവന്റെ സമ്മതംകൂടി കിട്ടിയാൽ മതി... "
 
അതു വേണ്ടമ്മേ.... എനിക്ക് അവളെ ഏട്ടൻ വിവാഹം കഴിക്കുന്നതിൽ സന്തോഷമേയുള്ളൂ... പക്ഷേ അവരുടെ സ്ഥിതി... വലിയ പ്രതാപമുള്ള തറവാടായിരുന്നു പണ്ട് പക്ഷേ ഇപ്പോൾ അവർ ഇത്തിരി കഷ്ടത്തിലാണ്... അവൾക്കൊരു ഏട്ടനുണ്ടായിരുന്നു... ചെറുപ്പത്തിലേ എന്തോ അസുഖംവന്ന് മരിച്ചു... ആ ഏട്ടന്റെ ചികിത്സ ക്കുവേണ്ടി എല്ലാം വിൽക്കേണ്ടി വന്നു... ഇപ്പോൾ അവർ താമസിക്കുന്ന വീടും വീടിനു ചുറ്റുമുള്ള സ്ഥലവും മാത്രമേയുള്ളൂ... അതും ഏതോ നന്മനിറഞ്ഞ മനുഷ്യന്റെ കാരുണ്യംകൊണ്ട് നില നിൽക്കുന്നതാണ്...."
 
അതിന് അവളുടെ വീട്ടിൽനിന്ന് കൊണ്ടുവന്നിട്ടുവേണോ ഇവിടെ ചിലവ് നടത്താൻ.... സ്വത്തും പദവിയും നോക്കിയല്ല അവളെ ശിവനു വേണ്ടി ആലോച്ചത്... അവനു ചേർന്നു പെൺകുട്ടി അതാണ് നോക്കുന്നത്... "
 
അതുമാത്രമല്ലമ്മേ.. അവളുടെ വിവാഹം ചെറുപ്പത്തിലേ പറഞ്ഞുറപ്പിച്ചതാണ്... അവളുടെ മുറച്ചെറുക്കനായിട്ട്.... എന്നാൽ ഇന്ന് അയാൾ ഒരു മദ്യപാനിയും തല്ലുകൊള്ളിയുമാണ്... അവൾക്ക് അയാളെ ഇഷ്ടമല്ല.... എന്നാലും ചെറുപ്പത്തിലേ പറഞ്ഞുറപ്പിച്ചതല്ലേ എന്നുകരുതി നിൽക്കുകയാണ്... അവളെ ആരെങ്കിലും നോക്കിയെന്നറിഞ്ഞാൽ അയാൾ വെറുതെയിരിക്കില്ല.... "
 
"അങ്ങനെയൊരു പ്രശ്നമുണ്ടോ.... എന്നാലും ഇതുപോലത്തെ ഒരുത്തനു മകളെ കൊടുക്കുമോ അവളുടെ അച്ഛനുമമ്മയും... ഏതായാലും നമുക്കൊന്ന് അന്വേഷിച്ചു നോക്കാം.... അവനോടും ഒന്നു ചോദിച്ചു നോക്കട്ടെ.... "
 
"ഏട്ടനോട് ചോദിക്കുകയൊന്നും വേണ്ട... ഇല്ലാതെ തന്നെ ഏട്ടന് അവളോട് ആദ്യമായി കണ്ടപ്പോൾത്തന്നെ ഒരിഷ്ടം മുളപൊട്ടിയിട്ടുണ്ടെന്നാണ് ആദിയേട്ടന്റെ സംസാരത്തിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്... "
 
"ആ ഏതായാലും അച്ഛനോട് ഇതൊന്ന് പറഞ്ഞു നോക്കട്ടെ... "
 
"എന്നാൽ ഞാനും വരാം... "
അവർ വിശ്വനാഥമേനോന്റെ അടുത്തേക്ക് നടന്നു.... 
 
▪️▪️▪️▪️▪️▪️▪️▪️▪️▪️
 
ഈ സമയം പ്രസാദിന്റെ വീട്ടിൽനിന്ന് തിരിച്ചുപോരുകയായിരുന്നു  ശിവനും ആദിയും... ആദിയായിരുന്നു കാറോടിച്ചിരുന്നത്... പോരുന്ന സമയത്ത് ശിവ എന്തോ വലിയ ആലോചനയിലായിരുന്നു... ആദി അവനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.... 
 
"എന്താടാ... വലിയ എന്തോ മഹാസംഭവം ആലോചിച്ചിരിക്കുകയാണല്ലോ.... എന്താണ്... രാവിലെ കണ്ട പെണ്ണ് മനസ്സിൽ നിന്ന് പോയില്ലേ.... "
ശിവനൊന്ന് ചിരിച്ചു... 
 
"നീ പറഞ്ഞതിൽ കാര്യമില്ലാതില്ല.... അവളുടെ മുഖം മനസ്സിൽനിന്ന് പോകുന്നില്ല... നീ അന്നേരം ചോദിച്ചപ്പോൾ ഞാനെതിർത്തത് കീർത്തി അടുത്തുള്ളതുകൊണ്ടാണ്... എന്തോ എന്റെ മനസ്സ് പറയുന്നു അവൾ എനിക്കുവേണ്ടി ജനിച്ചവളാണെന്ന്... "
 
"എങ്ങനെ...? ഒരു തല്ലിന്റെ  കാര്യം ഓർത്തിട്ടു തന്നെ നിൽക്കപൊറുതിയില്ല... അതിനിടക്കാണ് മറ്റൊന്ന്... എടാ അവളെ ഏതോ ക്രിമിനൽ കെട്ടാൻ പോവുകയാണെന്നല്ലേ കീർത്തി പറഞ്ഞത്... അയാൾ ഇതറിഞ്ഞിട്ടുവേണം അടുത്ത തല്ലും വാങ്ങിച്ചുകൂട്ടാൻ... നാട്ടിൽ എത്ര പെൺകുട്ടികളുണ്ട്... അതൊന്നും പോരാഞ്ഞിട്ടാണോ ഇങ്ങനെയൊന്നിന്റെ പുറകെ പോകുന്നത്.... "
 
"അതെനിക്കറിയില്ല... എന്നാൽ അവൾ എനിക്കായി ജനിച്ചതാണെങ്കിൽ ഉറപ്പായിട്ടും അവളെ ഞാൻ സ്വന്തമാക്കിയിരിക്കും... "
 
തുടരും............. 
 
 
✍️ Rajesh Raju
 
➖➖➖➖➖➖➖➖➖➖➖

ശിവമയൂഖം : 06

ശിവമയൂഖം : 06

4.6
9275

    "അതെനിക്കറിയില്ല... എന്നാൽ അവൾ എനിക്കായി ജനിച്ചതാണെങ്കിൽ ഉറപ്പായിട്ടും അവളെ ഞാൻ സ്വന്തമാക്കിയിരിക്കും... " ആദി കാർ നിർത്തി ശിവനെ നോക്കി....    "എന്താ നീ വണ്ടി നിർത്തിയത്.... " ശിവൻ ചോദിച്ചു...    "എന്താണ് നിന്റെ ഉദ്ദേശ്യം... " ആദി ചോദിച്ചു   "എന്റെ ഉദ്ദേശ്യം പറഞ്ഞല്ലോ... അവൾ എനിക്കുള്ളതാണെങ്കിൽ അതിൽ എന്തു പ്രശ്നമുണ്ടായാലും അവളെ ഞാൻ എന്റേതാക്കിയിരിക്കും... "   "നീ സീരിയസായിട്ട് പറയുകയാണോ... അതോ എന്നെ ആക്കുകയാണോ... "   "എന്താ നിനക്കങ്ങനെ തോന്നുന്നുണ്ടോ... "   "അല്ലാ നിന്നെ പച്ചവെള്ളത്തിൽപോലും വിശ്വസിക്കാൻ പറ്റില്ല... കാര