ലക്ഷ്മി വെള്ളത്തിനായി അടുക്കളയിലേക്ക് നടന്നു... എന്നാൽ അവിടെ പറഞ്ഞതെല്ലാം കേട്ട് വാതിലിനു മറവിൽ നിൽപ്പുണ്ടായിരുന്നു ശിവൻ.... അവന്റെ മനസ്സിൽ സന്തോഷവും ഒപ്പം സങ്കടവും മാറിമറിയുന്നുണ്ടായിരുന്നു..
"മയൂഖക്ക് എന്നെ ഇഷ്ടമാണ് എന്നാൽ അവളുടെ അച്ഛന്റെയും അമ്മയുടേയും കാര്യമോർത്തിട്ടാണവൾ ആ വിവാഹത്തിന് തയ്യാറാകുന്നത്... ഇല്ല ഒരിക്കലുമത് അനുവദിച്ചുകൂടാ.... എന്നോടവൾക്ക് ഒരുതരിയെങ്കിലും ഇഷ്ടമുണ്ടെങ്കിൽ അവൾ എന്റേതുമാത്രമായിതീരും... അതിന് തടയിടാൻ ആരുവന്നാലും എനിക്കത് പ്രശ്നമല്ല.... അതെല്ലാം തരണം ചെയ്ത് അവളെ ഞാൻ സ്വന്തമാക്കും... "
ശിവൻ തന്റെ മുറിയിലേക്കുതന്നെ തിരിഞ്ഞു നടന്നു ആദിയെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു...
"എടാ അപ്പോൾ തമ്മളിന്നലെ കോർത്തത് അവളുടെ മുറച്ചെറുക്കനുമായാണല്ലേ... നീ പറഞ്ഞിട്ട് അവർ കൊടുത്ത പരാതിയിന്മേലല്ലേ അയാളെ അറസ്റ്റുചെയ്തത്... "
"അതെ പക്ഷേ നമുക്കറിയാമായിരുന്നില്ലല്ലോ അയാൾ അവളുടെ മുറച്ചെറുക്കനാണെന്ന്... ഒരു കണക്കിന് അത് എനിക്കനുകൂലമാണ്.... അവനെ പെട്ടന്ന് വിടുമെന്ന് എനിക്ക് തോന്നുന്നില്ല... അതുവരെ നമുക്ക് ഭയപ്പെടേണ്ടതില്ല... ആ സമയത്തിനുള്ളിൽ അവളുടെ മനസ്സറിയണം.... എന്താണ് അവളുടെ നിലപാട് എന്നും മനസ്സിലാക്കണം... "
അതുനിപ്പോൾ എന്താണ് നിന്റെ മനസ്സിലുള്ളത്... അവളെ നേരിട്ട് കാണുവാനാണോ നിന്റെ ഉദ്ദേശം... "
"അതെ... അവളെ കാണണം... പറ്റുമെങ്കിൽ നാളെത്തന്നെ കാണണം... "
"എവിടെ വച്ച്.... ? അവളുടെ വീട്ടിൽ വച്ചോ... അതു വേണോ.. ? "
അവളുടെ വീട്ടിൽ വച്ചല്ല... അവൾ കോളേജ് വിട്ട് വരുമ്പോൾ ബസ്സിറങ്ങുന്ന സ്ഥലത്ത് ഞാൻ കാത്തു നിൽക്കും... എന്നോട് അവൾക്ക് ഒരുതരിയെങ്കിലും ഇഷ്ടമുണ്ട് എന്ന് അവളുടെ നാവിൽ നിന്ന് കേട്ടാൽ പിന്നെയെനിക്ക് മുന്നോട്ടുള്ള കാര്യങ്ങൾ നോക്കാമല്ലോ.... "
"അതിനവൾ പറയുമോ.... നീ പറഞ്ഞല്ലോ അവളുടെ അച്ഛന്റേയും അമ്മയുടേയും മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചോർത്താണ് ആ വിവാഹത്തിന് സമ്മതിച്ചതെന്ന്... ആ തീരുമാനമാണ് നിന്നോട് പറയുന്നതെങ്കിലോ... ? "
അങ്ങനെയൊന്നും ഉണ്ടാവില്ല... അവൾക്ക് എന്നെ ഇഷ്ടമുണ്ടെങ്കിൽ എന്റെ മുഖത്തുനോക്കി അങ്ങനെ പറയാൻ അവൾക്കാവില്ല... "
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ... ഏതായാലും നീ അവളോട് സംസാരിക്ക്... എല്ലാറ്റിനും എന്റെ പിന്തുണ നിനക്ക് പ്രതീക്ഷിക്കാം... ഞാൻ വരണോ നാളെ നിന്റെ കൂടെ... "
"അതു വേണ്ട... നമ്മൾ രണ്ടുപേരും ഒരുമിച്ച് നേരത്തേ ഓഫീസിൽനിന്നിറങ്ങിയാൽ അച്ഛന് സംശയമാകും... എല്ലാം നല്ലരീതിയിൽ കലാശിച്ചാൽ മാത്രം അച്ഛൻ അറിഞ്ഞാൽ മതി... അതുവരെ ഇത് നമ്മൾ രണ്ടുപേരും മാത്രം അറിഞ്ഞാൽ മതി... "
"അതുശരിയാണ്... ഏതായാലും നീ പോയിട്ടു വാ... "
ആദി ഫോൺ കട്ട്ചെയ്തു... അവൻ ശിവൻ പറഞ്ഞതിനെ കുറിച്ച് ആലോചിച്ചു...
"അവൾ ഇഷ്ടമാണെന്ന് അവനോട് പറയുമോ... ഈശ്വരാ എല്ലാം ഭംഗിയായി തീരേണ... "
ആദിയൊന്ന് വിശ്വസിച്ചു
എന്നാൽ നാളെ മയൂഖയെ കണ്ടിട്ട് അവളുടെ മറുപടി എന്താകുമെന്നു ആലോചിച്ചിരിക്കുകയായിരുന്നു ശിവൻ... അവൾ അനുകൂലമായ മറുപടി തരുമോ... അതോ അച്ഛനോട് പറഞ്ഞ അതേ മറുപടിയാകുമോ വീണ്ടും ആവർത്തിക്കുക... ഓരോന്നാലോചിച്ച് തന്റെ കട്ടിലിൽ കിടക്കുമ്പോഴാണ് കീർത്തി അവിടേക്ക് വന്നത്..
എന്താണ് മോനേ എന്നുമില്ലാത്തൊരു ആലോചനയുമായി എന്റെ മോൻ കിടക്കുന്നത്... അല്ലെങ്കിൽ വന്നവഴിയേ പുറത്തേക്ക് പോകുന്നതാണല്ലോ... ആദിയേട്ടൻ പറഞ്ഞതുപോലെ മയൂഖ മനസ്സിനെ വല്ലാതങ്ങ് കീഴടക്കിയോ... "
ഒന്നുമില്ല... ഞാൻ വെറുതേ ഓരോന്നാലോചിച്ച് കിടക്കുകയായിരുന്നു... ഇന്ന് പുറത്തേക്ക് ഇറങ്ങാനുള്ള മൂട് തോന്നിയില്ല... "
അതാണ് ചോദിച്ചത്... എന്താണ് പ്രശ്നമെന്ന്... എന്നെക്കൊണ്ട് പരിഹരിക്കാൻ പറ്റിയ വല്ല പ്രശ്നവുമാണെങ്കിൽ നമുക്ക് ശ്രമിച്ചു നോക്കാം... "
ഇത് നിന്നെക്കൊണ്ട് പരിഹരിക്കാൻ പറ്റിയ പ്രശ്നമല്ല... ഇത് പരിഹരിക്കാൻ ഇന്ന് ഈ ഭൂമിയിൽ ഒരാൾക്ക് സാധിക്കൂ... അത് ചിലപ്പോൾ നാളെ ശെരിയാകുമായിരിക്കും... അതിനുശേഷം പറയാം എല്ലാ കാര്യങ്ങളും... "
"അതെന്താപ്പാ.. അങ്ങനെയൊരു കാര്യം... എന്തായാലും ഏട്ടന് എന്നോട് പറഞ്ഞൂടേ... ഇത്ര രഹസ്യമാക്കിവക്കാൻ വല്ല ആഭ്യന്തര കാര്യം മറ്റുമാണോ... "
"ആ അങ്ങനെയും കരുതാം... ഏതായാലും അതിനെപ്പറ്റി കൂടുതൽ ആലോചിച്ച് എന്റെ പെങ്ങൾ തലപുണ്ണാക്കാതെ പോവാൻ നോക്ക്... "
"ഞാൻ പോയേക്കാം... പിന്നെ ഏട്ടന്റെ മനസ്സിൽ ഇപ്പോൾ അലയടിക്കുന്നത് എന്താണെന്ന് എനിക്കറിയാം... അത് നല്ലരീതിയിലായി തീരട്ടെ എന്നാണ് എന്റേയും ആഗ്രഹം... അവൾ ഒരു പാവമാണ്... ഒരു ജീവിതത്തിൽ അനുഭവിക്കേണ്ടതിലും കൂടുതൽ അവൾ അനുഭവിച്ചിട്ടുണ്ട്... ഇനിയുമത് വേദനിക്കരുതെന്നാണ് എന്റെ ആഗ്രഹം... ഏട്ടനവൾക്ക് ഒരു ജീവിതം കൊടുത്താൽ അതിലും വലിയ പുണ്യം വേറെയൊന്നുമില്ല... "
അതുപറഞ്ഞവൾ പുറത്തേക്ക് പോയി... അവൾ പോകുന്നതും നോക്കി അവൻ നിന്നു...
▪️▪️▪️▪️▪️▪️▪️▪️▪️
ഈ സമയത്ത് മയൂഖയും ശിവനെ കുറിച്ചാലോചിച്ച് പുസ്തകത്തിലേക്കും നോക്കിയിരിക്കുകയായിരുന്നു... ഈശ്വരാ എന്തൊരു വിധിയാണ് എന്റേത് ഒരുവശത്ത് എന്നേയും എന്റെ കുടുംബത്തേയും മരണത്തിൽ നിന്ന് രക്ഷിച്ച മാണിശ്ശേരി തറവാട്ടിലെ കാരണവർ തന്റെ മകനുവേണ്ടി എന്നെ ചോദിക്കുന്നു.. മറുവശത്ത് പണ്ടെങ്ങോ പറഞ്ഞുറപ്പിച്ചതാണെന്ന് പറഞ്ഞ് അച്ഛൻപെങ്ങളുടെ മകൻ എനിക്കായി നടക്കുന്നു... സതീശേട്ടനെ സ്വീകരിച്ചാൽ ഞങ്ങളെ അത്രയേറെ സഹായിച്ച ആ വലിയ മനുഷ്യനോടും ആ കുടുംബത്തോടുംചെയ്യുന്ന നന്ദികേടാകും... മറിച്ച് ശിവേട്ടനെ സ്വീകരിച്ചാൽ മുത്തശ്ശനും മുത്തശ്ശിയും കൊടുത്ത വാക്കിന് വിലയില്ലാതെ പോകും... മാത്രമല്ല പിന്നീടുള്ളകാലം അച്ഛനുമമ്മക്കും ഇവിടെ സ്വസ്ഥമായിട്ട് ജീവിക്കാൻ സതീശേട്ടൻ അനുവദിക്കുകയുമില്ല... ഇന്ന് അമ്മായി അങ്ങനെയൊക്കെ പറഞ്ഞാലും സതീശേട്ടൻ എന്നെ വേണ്ടെന്ന് വക്കുകയുമില്ല... ഇതിൽനിന്ന് രക്ഷപ്പെടാനുള്ള മാർഗ്ഗം കാണിച്ചുതരേണം എന്റെ ദേവീ... "
മയൂഖ ശിവനേയും സതീശനേയും മാറിമാറി സങ്കൽപ്പിച്ചു നോക്കി...
"ഏതൊരു പെണ്ണും കൊതിക്കുന്നൊരു സുന്ദരനാണ് ശിവേട്ടൻ... അന്ന് വിവാഹവീട്ടിൽവച്ച് കണ്ടപ്പോൾത്തന്നെ അല്പസമയത്തേക്കെങ്കിലും അയാളെ മനസ്സിൽ ഇഷ്ടപ്പെട്ടുപോയിരുന്നു... ആ ഇഷ്ടത്തിന്റെ ഒരു തരി ഇപ്പോഴും മനസ്സിലിങ്ങനെ തേട്ടിവരുന്നുണ്ട്... അത് അയാളുടെ പണമോ പദവിയോ പ്രതാപമോ അയാളുടെ അച്ഛൻ തങ്ങളെ സഹായിച്ച മനസ്സോ കണ്ടിട്ടല്ല... മറിച്ച് എന്തോ ഒന്ന് അയിളിൽനിന്ന് എന്നിലേക്ക് ആവാഹിച്ചിട്ടുണ്ട്.... സതീശ്ശേട്ടന്റെ കാര്യം നോക്കുകയാണെങ്കിൽ... ഏതു സമയവും മദ്യവും തല്ലുമായി നടക്കുന്നൊരാൾ..... എന്തൊക്കെ പ്രശ്നമുണ്ടാക്കിയാലും ഇതുവരേയും പോലീസ്സ്റ്റേഷനിൽ കയറിയിട്ടില്ല... അത് അയാളുടെ നന്മ കൊണ്ടല്ല... ആളുകൾക്ക് അയാളോടുള്ള പേടി കൊണ്ടായിരുന്നു എല്ലാവരും കേസിനൊന്നും പോകാതെ നിന്നത്... എന്നാൽ ഇന്ന് അതും സംഭവിച്ചിരിക്കുന്നു.... ഈ പലിശ ബിസിനസ്സുമായി നടന്ന് എത്രയെത്ര ആളുകളുടെ ശാപമാണ് അയാൾ വാങ്ങിച്ചു കൂട്ടിയത്... സ്വന്തം ഭാര്യയുടെ മാനത്തിനുവരെ വിലപറഞ്ഞതിനെ തുടർന്ന് മനസ്സു നൊന്ത് രണ്ടുമൂന്ന് പേര് ആത്മഹത്യവരെ ചെയ്തു... എന്നാൽ എനിക്കുവേണ്ടി അയാൾ എന്തും ചെയ്യും.. ഞാനൊരു വാക്ക് പറഞ്ഞാൽ മതി... അത്രക്കെന്നെ ഇഷ്ടമാണയാൾക്ക്... പക്ഷേ ആ ഇഷ്ടം ഏതുതരത്തിലുള്ളതാണെന്ന് മാത്രം അറിയില്ല... എന്നെ മനസ്സറിഞ്ഞു ഇഷ്ടപ്പെടുകയാണോ അതോ എന്റെ ശരീരത്തെ മാത്രമാണോ ഇഷ്ടപ്പെടുന്നത് എന്നുപോലും മനസ്സിലാക്കാൻ പറ്റുന്നില്ല...
മയൂഖ വീണ്ടും വീണ്ടും രണ്ടുപേരെയും മാറിമാറി സങ്കൽപ്പിച്ചുനോക്കി... ഒരുത്തരം കിട്ടാതെ അവൾ എന്തുവേണമെന്നറിയാതെ നിന്നു...
▪️▪️▪️▪️▪️▪️▪️▪️▪️
അടുത്ത ദിവസം ശിവ ഓഫീസിൽ നിന്ന് നേരത്തെ ഇറങ്ങി... എവിടെ പേകുവാണെന്ന് വിശ്വനാഥമേനോൻ ചോദിച്ചപ്പോൾ ഒരു കൂട്ടുകാരനെ കാണാൻ പോകുവാണെന്ന് കള്ളം പറഞ്ഞു... ശിവൻ നേരെ, ആദിയുടെ അടുത്തേക്ക് നടന്നു.... അവനോട് എന്തൊക്കെയോ സംസാരിച്ചതിനുശേഷം പുറത്തേക്ക് നടന്ന് തന്റെ കാറുമെടുത്ത് മയൂഖ ഇറങ്ങുന്ന ബസ്റ്റോപ്പ് ലക്ഷ്യമാക്കി കാറോടിച്ചു... എന്നാൽ ഇതെല്ലാം ശ്രദ്ധിച്ചുനിൽക്കുന്നുണ്ടായിരുന്നു വിശ്വനാഥമേനോൻ.... അയാൾ മെല്ലെ തലയാട്ടിക്കൊണ്ട് ചിരിച്ചു...
മയൂഖ വരുന്നതും പ്രതീക്ഷിച്ച് അവളിറങ്ങുന്ന ബസ്റ്റോപ്പിനു സമീപത്ത് കാർ നിറുത്തി കാറിൽ ത്തന്നെ ഇരിക്കുകയായിരുന്നു ശിവൻ... രണ്ടുമൂന്ന് ബസ്സുകൾ വന്നുപോയതിനു ശേഷമുള്ള ബസ്സിലായിരുന്നു അവൾ വന്നിറങ്ങിയത്... അവൾ ബസ്സിറങ്ങി റോഡ് ക്രോസ് ചെയ്ത് സൈഡിലേക്കുള്ള പൊക്കറ്റ് റോഡിലേക്ക് കയറിയതും ശിവൻ തന്റെ കാറെടുത്ത് അവൾ പോയ വഴിയെ വിട്ടു... അവൾ നടന്നു പോകുന്നതിനു മുന്നിലായി സൈഡിലേക്കൊതുക്കി അവൻ കാർ നിറുത്തി... ശിവൻ കാറിൽനിന്നിറങ്ങി... അവനെ കണ്ട് മയൂഖ ഒരു നിമിഷം അന്ധാളിച്ചുനിന്നു...
തുടരും..........
✍️ Rajesh Raju
➖➖➖➖➖➖➖➖➖➖