Aksharathalukal

ശിവമയൂഖം : 14

 
 
"നിന്റെ അമ്മയും അച്ഛനും ഈ നിമിഷംവരെ അറിയില്ല ആ കുഞ്ഞ് ഇന്ന് മറ്റൊരാളുടെ മകളായി ജീവിച്ചിരിപ്പുണ്ടെന്ന കാര്യം... കുഞ്ഞിനെ ഏതോ അനാഥാലയത്തിലാക്കിയെന്നാണ് അവരും വിശ്വസിച്ചിരിക്കുന്നത്.... "
 
എല്ലാം കേട്ട് അന്തം വിട്ട് നിൽക്കുകയായിരുന്നു ആദി... 
 
"അതെ അവർ ചതിക്കപ്പെട്ടിട്ടുണ്ടായിരുന്നു പ്രസവത്തിൽ മരിച്ചെന്നാണ് ഞാനും എപ്പോഴോ അവർ പറയുന്നത് കേട്ടത്... പക്ഷേ ഇപ്പോൾ മയൂഖ... ഇത്രയും നാൾ അവൾഎന്റെ അനിയത്തിയാണെന്ന് ഒരു നിമിഷമെങ്കിലും എനിക്ക് അറിയാൻ പറ്റിയില്ലല്ലോ... അവൾക്കറിയുമോ ഈ കാര്യം അവൾ ആ ഉണ്ണികൃഷ്ണ മേനോന്റെ മകളല്ല എന്നകാര്യം.... "
 
"അറിയാം... പക്ഷേ അവൾ ഇവിടുത്തെ കുട്ടിയാണെന്ന് അവൾക്കറിയില്ല... ചിലപ്പോൾ ആ കാരണം കൊണ്ടായിരിക്കാം അവൾ ആ കള്ളുകുടിയനുമായുള്ള വിവാഹത്തിന് സമ്മതം നൽകിയതു തന്നെ... പിന്നെ ഈ കാര്യം ഒരിക്കലും കീർത്തിയും ലക്ഷ്മിയുമറിയരുത് അവർ അറിയാനുള്ള സമയമാകുമ്പോൾ അവരത് അറിഞ്ഞോളും... പെണ്ണുങ്ങളാണ്... ചിലപ്പോൾ അറിയാതെ നാവിൽ നിന്ന് ആ കുട്ടിയറിഞ്ഞാൽ.... അത് വേണ്ട... "
 
അപ്പോൾ പഞ്ചമിമേമയെ ചതിച്ച ആ വഞ്ചകൻ ഇപ്പോൾ എവിടെയാണ്.... അയാളെ നിങ്ങളൊന്നും ചെയ്തില്ലേ.... "
ആദി ചോദിച്ചു
 
"ഞങ്ങൾ ഒന്നും ചെയ്യേണ്ടി വന്നില്ല... അതിനുമുമ്പേ ദൈവം അവനുള്ള ശിക്ഷ കൊടുത്തു.... അവൻ വഞ്ചിച്ച പെണ്ണുങ്ങളുടെ ശാപമായിരിക്കാം ഒരു ബൈക്കാക്സിഡന്റിൽ തട്ടെല്ലിനു ക്ഷതമേറ്റ് ഒരുപാട് കാലം കിടക്കപ്പായയിൽനിന്ന് എഴുന്നേൽക്കാൻ പറ്റാതെ കിടന്നു... പിന്നെ അറിഞ്ഞു... എന്തോ വിഷം അകത്ത് ചെന്ന് അവൻ മരിച്ചെന്ന്.... കിടക്കപ്പായയിൽനിന്ന് എഴുന്നേൽക്കാൻ പറ്റാത്ത അവനെങ്ങനെ സ്വയം വിഷം കഴിക്കാനാണ്... മറ്റാരെങ്കിലും ഭക്ഷണത്തിലുടെ കൊടുത്തതാണെന്നാണ് പൊതുവെയുണ്ടായിരുന്ന അഭിപ്രായം... എന്തായാലും അതന്വേഷിച്ചവർക്ക് അതിനുള്ള ഉത്തരം ഇതുവരെ കിട്ടിയിട്ടില്ല... "
 
അമ്മാവാ, ശിവാ... ഞാനൊരുകാര്യം തീരുമാനിച്ചു.... കുറച്ചുനേരം എന്തോ ആലോചിച്ചതിനുശേഷം ആദി പറഞ്ഞു... 
 
"എന്തായാലും അവൾ ഇവന്റെ മുറപ്പെണ്ണാണ്... ഇനി ഇവന്റെ പെണ്ണാണ് അവൾ.... ആരൊക്കെ എന്തൊക്കെ പറഞ്ഞാലും.. എങ്ങനെയൊക്കെ എതിർത്താലും ഇവനെ അവൾക്ക് ഇഷ്ടമാണെങ്കിൽ ഇവരെ ഒന്നിപ്പിച്ചിട്ടേ ഇനിയെനിക്ക് വിശ്രമമുള്ളൂ... ഇത് വെറും വാക്കല്ല... എന്റെ തീരുമാനമാണ്... അവൾ ഈ ആദിയുടെ സഹോദരിയാണ്... ആ അധികാരം മതിയെനിക്ക്... ശിവാ നീ പെട്ടന്ന് ഫ്രഷായി വാ... ഇന്നുതന്നെ അവളുടെ വീട്ടിൽ പോകണം... "
 
ആദീ നീ എന്താണ് പറയുന്നത്... അവളുടെ വീട്ടിലേക്ക് പോകാനോ.. എന്നിട്ട് എന്തു ചെയ്യാനാണ്... എല്ലാ കാര്യവും അവളോട് പറയാനോ.... നിനക്കെന്താണ് ഭ്രാന്തുണ്ടോ...  
ശിവ ചോദിച്ചു.... 
 
"എന്താണ് പറഞ്ഞാൽ... അവൾ എന്നായാലും അറിയേണ്ടതല്ലേ ഇതെല്ലാം... "
 
"അറിയേണ്ടതുതന്നെയാണ് പക്ഷേ ഇപ്പോൾ അവളറിഞ്ഞാൽ... ഇതുവരെ അവളുടെ അച്ഛനുമമ്മയുടേയും ജീവനെക്കുറിച്ചോർത്താണ് അവൾ ആ സതീശനെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്.... ഇതുകൂടിയറിഞ്ഞാൽപ്പിന്നെ നമ്മുടെ ജീവനെ ക്കുറിച്ചും അവൾക്ക് ഭയമുണ്ടാകും.... അത്രക്കും ക്രൂരനാണല്ലോ സതീശൻ... അന്നേരം അവൾ പിന്നീട് വരുന്ന പ്രശ്നമോർത്ത് ആ വിവാഹത്തിന് കൂടുതൽ താൽപര്യം കാണിക്കുകയാണ് ചെയ്യുക.... നമ്മളിതുവരെ അവളെ പറഞ്ഞു മാറ്റിയെടുക്കാൻ ശ്രമിച്ചതെല്ലാം ഇതുമൂലം വെറുതെയാകും.... "
 
അവനെ അങ്ങനെ പേടിക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകാത്തത്... അവൾ അവനെതിരെ നല്ലൊരു പരാതിയുമായി പോലീസ് സ്റ്റേഷനിൽ ചെന്നാൽ ബാക്കി അവർ നോക്കിക്കോളും... "
 
എന്നിട്ടോ... ഏറിയാൽ രണ്ടോ മൂന്നോ ദിവസം അതുകഴിഞ്ഞാൽ അവൻ പുറത്തുവരില്ലേ.... അവനാണെങ്കിൽ വലിയ പിടിപാടുണ്ട് വലിയ നേതാക്കന്മാരുമായി... അവരുടെയൊക്കെ ഏത് വൃത്തികേടിനുംകൂട്ടുനിൽക്കുന്നവനാണല്ലോ സതീശൻ... അവനകത്തായാൽ അതിനുള്ള ക്ഷീണം മുഴുവൻഅവർക്കാണല്ലോ.... അവർ പുറത്തിറക്കും... പുറത്തിറങ്ങിയാൽ പിന്നെ എന്താണ് നടക്കാൻ പോകുന്നതെന്ന് പറയാൻ പറ്റില്ല.... "
 
"അത്രക്ക് പിടിപാടുണ്ടായിട്ടാണോ അവനന്ന് അകത്തായപ്പോൾ അവന്റെ അമ്മ എല്ലാവരുടേയും കയ്യും കാലും പിടിച്ചത്.... "
 
എടാ അതാണ് രാഷ്ട്രീയം...  അവനെ പുറത്തിറക്കാൻ അവർ സ്വയം മുന്നോട്ട് വരില്ല... ഇതുപോലെ കരഞ്ഞും കാലു പിടിച്ചും ആരെങ്കിലും വന്നാലേ അവർ മുൻകയ്യെടുക്കൂ... അവിടെയാണ് അവർ കളിക്കുന്നത്.... "
 
അതെന്തെങ്കിമാകട്ടെ ഇപ്പോൾ എനിക്കറിയേണ്ടത് നിന്റെ തീരുമാനമാണ്... അവളെ നീ സ്വീകരിക്കുമെന്നത് ഉറപ്പല്ലേ... അപ്പോൾ നമുക്ക് ഇതിനെ കുറിച്ച് ആലോചിക്കാം... ഇപ്പോൾ നീ പെട്ടന്ന് ഫ്രഷായി വാ... 
 
"എന്താലോചിക്കാൻ... അവൾ പറഞ്ഞതെല്ലാം നിനക്കറിയുന്നതല്ലേ... "
 
"അവൾ പറഞ്ഞത് അവളുടെ മുറച്ചെറുക്കനുമായിട്ടുള്ള വിവാഹത്തിന് ഒരുക്കമെന്നല്ലേ.... അന്നേരം അവളുടെ മുറച്ചെറുക്കൻ ആരാണ്... നീയല്ലേ... അല്ലാതെ സതീശനല്ലല്ലോ.... "
 
"നീയെന്തൊക്കെ വിഢിത്തമാണ് പറയുന്നത്.... "
ശിവൻ സംശയത്തോടെ ആദിയോട് ചോദിച്ചു.... 
 
"നടക്കാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി പറയണ്ടല്ലോ... അപ്പോൾ മനസ്സിലാക്കാം ഞാൻ പറഞ്ഞത് വിഢിത്തമാണോ നല്ലകാര്യമാണോ എന്ന്... ഇപ്പോൾ ഞാൻ പറഞ്ഞത് കേൾക്ക്... "
ആദി ശിവനെ കുളിക്കാൻ തള്ളിപറഞ്ഞയച്ചു... 
 
"ആദി നീയെന്താണ് ഉദ്ദേശിക്കുന്നത്.... വെറുതെ പ്രശ്നങ്ങൾക്കൊന്നും പോകേണ്ട.... ഞാനും ഉണ്ണികൃഷ്ണനും തമ്മിലുള്ള ബന്ധം നിനക്കറിയുന്നതല്ലേ... ഇതുമൂലം ആ ബന്ധം ഇല്ലാതാക്കരുത്.... "
വിശ്വനാഥമേനോൻ പറഞ്ഞു
 
അമ്മാവൻ ഒന്നുകൊണ്ടും പേടിക്കേണ്ട... ഇനി എനിക്കറിയാം എന്താണ് ചെയ്യേണ്ടതെന്ന്... ഇതുമൂലം നിങ്ങളുടെ ബന്ധത്തിന് ഒരു പ്രശ്നവുമുണ്ടാവില്ല... മാത്രമല്ല ആ ബന്ധം കൂടുതൽ വളരുകയേയുള്ളൂ... ഇത് അമ്മാവന് ഞാൻ തരുന്ന വാക്കാണ്..." 
അതും പറഞ്ഞ് ആദി അകത്തേക്ക് നടന്നു... 
 
"ഈശ്വരാ എന്തൊക്കെയാണ് ഇവൻ ചെയ്യാൻ പോകുന്നതെന്ന് ആർക്കറിയാം... ഇതുമുലമുണ്ടാകുന്നത് എന്താണെന്ന് ഈശ്വരനുമാത്രമറിയാം... "
വിശ്വനാഥമേനോൻ ഒന്ന് നെടുവീർപ്പിട്ടു.... 
 
▪️▪️▪️▪️▪️▪️▪️▪️▪️▪️
 
ലക്ഷ്മിയും കീർത്തിയും അമ്പലത്തിലെത്തിയപ്പോൾ മീനാക്ഷിയും വാസുദേവ നും അമ്പലത്തിലുണ്ടായിരുന്നു... 
 
"ഇന്നെന്തുപറ്റീ... രണ്ടുപേരും വൈകിയോ... "
അവരെ കണ്ട് മീനാക്ഷി ചോദിച്ചു... 
 
"നേരത്തെ ഇറങ്ങിയതാണ്... അന്നേരമല്ലേ മഹാത്ഭുതത്തിൽ ഒന്ന് സംഭവിച്ചത്.... "
 
ആദിയുടെ കാര്യമാണല്ലേ ഉദ്ദേശിച്ചത്... എനിക്കു തോന്നി... കണ്ണുകാണാപകലേ അവൻ അവിടേക്ക് പോന്നതുകണ്ട് ഞാനും അന്തം വിട്ടു... എന്തോ പ്രശ്നമുണ്ട്.... അല്ലാതെ ഇത്ര നേരത്തേ അവൻ അവിടേക്ക് ഓടി വരില്ല.... ഏതായാലും ഇനി എന്നും ഇതുപോലെയായാൽ നന്നായിരുന്നു.... നിങ്ങൾ തൊഴുതു വാ... ഞങ്ങൾ പുറത്തു നിൽക്കാം... 
 
കീർത്തിയും മീനാക്ഷിയും അമ്പലത്തിലേക്ക് നടന്നു... അവർ തൊഴുത്  പുറത്തിറങ്ങിയപ്പോൾ വാസുദേവനും മീനാക്ഷിയും അവരേയും കാത്ത് കാറിനടുത്ത് നിൽപ്പുണ്ടായിരുന്നു... 
 
"ഏടത്തീ ഞാനൊരുകാര്യം ചോദിക്കണമെന്ന് കുറച്ചു നാളായി ആലോചിക്കുന്നു...  നേരിട്ടു കാണുമ്പോൾ ചോദിക്കാമെന്ന് കരുതി.... ശിവന് ഇപ്പോൾ വയസ്സ് എത്രയാണെന്ന് വല്ല ബോധവുമുണ്ടോ... ആദിയേക്കാൾ മൂന്നുമാസം മൂത്തതാണവൻ... ഇനിയും അവനെ ഇങ്ങനെ കയറൂരി വിടുകയാണോ... ഇവരുടെ കൂടെ അവനും ഒരു നല്ല ബന്ധം നോക്കിക്കൂടെ.... "
മീനാക്ഷി ചോദിച്ചു
 
ആ കാര്യം ഞങ്ങൾ ചർച്ച ചെയ്തതായിരുന്നു... നമ്മുടെ ഉണ്ണിയേട്ടന്റെ മോളെ അവന് ചോദിച്ചതുമാണ്... എന്നാൽ ആ കുട്ടിയുടെ വിവാഹം മുറച്ചെറുക്കനുമായി ഉറപ്പിച്ചിരിക്കുകയാണ്.... നല്ലൊരു കുട്ടിയാണത്... ഇവളുടെ കൂടെ പഠിക്കുന്നതുമാണ്... വീട്ടിൽ രണ്ടുമൂന്ന് തവണ വന്നിട്ടുമുണ്ട്... ഇനി മറ്റൊന്ന് നോക്കണം... "
ലക്ഷ്മി പറഞ്ഞു
 
അവനു വിധിച്ചത് ആരാണെന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ... എന്റെ പഞ്ചമിയുണ്ടായിരുന്നെങ്കിൽ... അവളുടെ മകളെ അവനുമായി ആലോചിക്കാമായിരുന്നു... അവളുടെ മകൾ ഇന്ന് എവിടെയാണോ എന്തോ... ആരെങ്കിലും ദത്തെടുത്ത് വളർത്തിയോ അതോ ഇപ്പോഴും ഏതെങ്കിലും അനാഥാലയത്തിൽ തന്നെയാണോ അവൾ എന്ന് അറിയാൻ പറ്റില്ലല്ലോ... "
 
"ഞാനത് ആലോചിച്ചു... പക്ഷേ ഈ കാര്യം എങ്ങനെയാണ് ഞാൻ അവിടെ അവതരിപ്പിക്കുക.... ഒരനാഥപ്പെണ്ണിനെ സ്വീകരിക്കാൻ അവൻ തയ്യാറാകുമോ എന്നൊരു പേടി... മാത്രമല്ല പിഴച്ചുപെറ്റ കുട്ടിയുമാണത്... ഏതായാലും എനിക്കത് അവിടെ അവതരിപ്പിക്കാൻ പേടിയാണ്.... ചിലപ്പോൾ വാസുവേട്ടൻ ഇതിനെപ്പറ്റി സംസാരിച്ചാൽ എന്താണ് അവരുടെ പ്രതികരണമെന്ന് മനസ്സിലാക്കാമായിരുന്നു... "
ലക്ഷ്മി പറഞ്ഞു
 
"എന്നെത്തന്നെ ഏൽപ്പിക്കണോ ഇതിന്... അളിയനാണെങ്കിൽ സ്നേഹിച്ചാൽ ഇത്രയും നല്ലൊരു മനുഷ്യനല്ല... പിണങ്ങിയാൽ പിന്നെ പറയണോ.... ഇതും പറഞ്ഞുകൊണ്ട് അവിടേക്ക് ചെന്നാൽ ചിലപ്പോൾ അതോടെ എന്റെ കാര്യത്തിലും തീരുമാനമാകും.... "
 
"അതൊന്നുമുണ്ടാകില്ല  നിങ്ങളൊന്ന് സംസാരിക്ക്... നിങ്ങളാകുമ്പോൾ ഏട്ടൻ എതിരൊന്നും പറയില്ല.... അവർക്ക് രണ്ടുപേർക്കും ഇഷ്ടമാണെങ്കിൽ നമുക്ക് അവളെ നമ്മളേൽപ്പിച്ച അനാഥാലയത്തിൽ ചെന്നന്വേഷിക്കാമല്ലോ... അഥവാ അവളെആരെങ്കിലും ദത്തെടുത്തിട്ടുണ്ടെങ്കിൽ അവരുടെ അഡ്രസ്  അവിടെനിന്നും കിട്ടുമായിരിക്കും.... "
മീനാക്ഷിയാണത് പറഞ്ഞത്... 
 
അതുണ്ടാകുമെന്ന് തോന്നുന്നില്ല... ഒരാനാഥാലയത്തിൽ അവിടെനിന്നും ദത്തെടുത്ത പോയ കുട്ടികളുടെ അഡ്രസ് അവർ പുറത്ത് പറയുമെന്ന് തോന്നുന്നുന്നില്ല... ഏതായാലും ഞാനൊന്ന് അളിയനുമായി ആദ്യം സംസാരിക്കട്ടെ...  ഏതായാലും നിങ്ങൾ കാറിൽ കയറ് ... നമുക്ക് അടയളിയനെ കണ്ടുനോക്കാം.... ഇപ്പോഴാണെങ്കിൽ ശിവനും ആദിയും അവിടെയുണ്ടല്ലോ.... "
അവർ മാണിശ്ശേരിയിലേക്ക് യാത്രയായി.. 
 
 
 
തുടരും.....

ശിവമയൂഖം : 15

ശിവമയൂഖം : 15

4.4
6567

    അതുണ്ടാകുമെന്ന് തോന്നുന്നില്ല... ഒരാനാഥാലയത്തിൽ അവിടെനിന്നും ദത്തെടുത്തു പോയ കുട്ടികളുടെ അഡ്രസ് അവർ പുറത്ത് പറയുമെന്ന് തോന്നുന്നുന്നില്ല... ഏതായാലും ഞാനൊന്ന് അളിയനുമായി ആദ്യം സംസാരിക്കട്ടെ...  ഏതായാലും നിങ്ങൾ കാറിൽ കയറ് ... നമുക്ക് അളിയനെ കണ്ടുനോക്കാം.... ഇപ്പോഴാണെങ്കിൽ ശിവനും ആദിയും അവിടെയുണ്ടല്ലോ.... " അവർ മാണിശ്ശേരിയിലേക്ക് യാത്രയായി..    ▪️▪️▪️▪️▪️▪️▪️▪️▪️▪️   കുളിച്ച് ഫ്രഷായി ഹാളിലേക്ക് വന്ന ശിവൻ കാണുന്നത് എന്തോ കാര്യമായി ആലോചിക്കുന്ന ആദിയെയാണ്... ശിവൻ അവന്റെയടുത്തേക്ക് വന്നു.... എന്നാൽ ശിവൻ വന്നതൊന്നുമറിയാതെ ആലോചനയിൽ തന്നെയായി