ഈ നാട്ടുകാർ എന്നെ ഒരിക്കലും അംഗീകരിക്കില്ല... എത്രയൊക്കെ നന്നാവാൻ ശ്രമിച്ചാലും അതൊന്നും ആർക്കും ഉൾക്കൊള്ളാൻ സാധിക്കില്ല... എന്നെ ആരും വിശ്വസിച്ചില്ലെങ്കിലും വേണ്ട ... പക്ഷേ അമ്മായിയും ഇവളും എന്നെ ശപിക്കല്ലേ എന്നേയുള്ളൂ.... ആ ശാപം ഞാൻ എവിടെ പോയാലും എന്നെ പിൻതുടർന്നുകൊണ്ടേയിരിക്കും...
നീ പറഞ്ഞത് നിന്റെ ഉള്ളിൽ നിന്ന് ആത്മാർത്ഥതയോടെയാണെങ്കിൽ ഇപ്പോൾ നീ ഇവിടെ നിന്നും പോവുകയല്ല വേണ്ടത്... ഒരു മകനായിട്ടും ഒരേട്ടനായിട്ടും ഇവരെ സംരക്ഷിക്കുകയാണ് വേണ്ടത്... നിനക്ക് അപകടം പറ്റിയ അന്ന് ആർക്കു വേണ്ടിയാണോ നീ അവിടെ പ്രശ്നത്തിന് വന്നത് അവർ തന്നെയാണ് ഇന്നിവളുടെ പ്രധാന പ്രശ്നം... ആ പ്രശ്നം എടുത്തു മാറ്റുകയാണ് വേണ്ടത്... അല്ലാതെ ചെറിയൊരു മാപ്പ് പറഞ്ഞ് നാടുവിട്ട് പോവുകയല്ല വേണ്ടത്... എന്നു കരുതി നീ പോകുന്നതിന് ഞങ്ങൾ എതിരല്ല.. അത് നിന്റെ ഇഷ്ടം... അതൊന്നും തടയാൻ ഞങ്ങളാളല്ല.... "
എന്നാൽ സതീശൻ ഒന്നും മിണ്ടിയില്ല അവൻ സുനിതയേയും മക്കളേയും കൂട്ടി അവിടെനിന്നും ഇറങ്ങി...
"എവിടെ... ഇവനൊന്നും ഈ ജന്മത്തിൽ നന്നാവില്ല... വെറുതെ മറ്റുള്ളവരുടെ വായിലെ വെള്ളം വറ്റിയത് മിച്ചം... "
"അതല്ല ശിവേട്ടാ... സതീശേട്ടന് എന്തോ മാറ്റം വന്നിട്ടുണ്ട്... എന്റെ ജീവിതത്തിൽ ഇന്നേവരെ സതീശേട്ടന്റെ മുഖത്ത് ഒരു കുറ്റബോധംപോലും വന്നതായി കണ്ടിട്ടില്ല... എന്നാൽ ഇപ്പോൾ കുറ്റബോധത്തോടെ ആ കണ്ണ് നിറയുന്നത് ഞാൻ കണ്ടു... സംസാരത്തിലുള്ള ഇടർച്ച ഞാൻ അറിഞ്ഞു... "
"ആ നന്നായാൽ അവനു കൊള്ളാം... "
ശിവൻ പുറത്തേക്കിറങ്ങി തന്റെ കാറിൽ കയറി ഓഫീസിലേക്ക് പോയി...
ആരായുന്നുമോളെ വന്നത്...
അകത്തേക്ക് ചെന്നപ്പോൾ ശ്യാമള ചോദിച്ചു
"അത്... അത് സതീഷേട്ടനാണ്..."
അവൾ മടിച്ചുമടിച്ചുകൊണ്ട് പറഞ്ഞു...
"എന്തിനാണ് വന്നത്... ഇനി ആരെ കൊല്ലാനാണവന്റെ നീക്കം... "
"അതൊന്നുമല്ലമ്മേ... സതീഷേട്ടൻ വന്നത് എന്നോടും അമ്മയോടും മാപ്പു പറയാനാണ്... "
"എന്തിന്... അവൻ മാപ്പു പറഞ്ഞാൽ പോയവർ തിരിച്ചു വരുമോ... മാപ്പു പോലും... അത് പറയാനുള്ള അർഹത എന്താണവന്... "
"അമ്മ കരുതുന്നതുപോലെയല്ല... സതീഷേട്ടന് എന്തൊക്കെയോ മാറ്റമുണ്ട്... അന്നത്തെ പ്രശ്നത്തിനു ശേഷം മദ്യപാനം വരെ നിർത്തിയെന്നാണ് പറഞ്ഞത്... ഇപ്പോൾ സതീഷേട്ടൻ മുമ്പ് വിവാഹം കഴിച്ച സ്ത്രീയും കുട്ടുകളുമായാണ് വന്നത്... അവർ ഇവിടെനിന്നും പോവുകയാണത്രേ... "
അതാണ് നല്ലത്... സന്തോഷം... അവനെയിനി കാണേണ്ടല്ലോ... അവന്റെ ഉപദ്രവം ഇനിയുണ്ടാവില്ലല്ലോ... ആ ഇന്ദിരയും എല്ലാറ്റിനും കൂട്ടാണ്... "
അവിടെയാണ് അമ്മക്ക് തെറ്റിയത്... അച്ഛന്റെ മരണത്തോടെ അപ്പച്ചി സതീഷേട്ടനോട് ഇതുവരെ സംസാരിച്ചിട്ടില്ല... ഒന്ന് സ്നേഹത്തോടെ പെരുമാറിയിട്ടില്ല... ഇവിടെനിന്ന് പോകുമ്പോൾ അപ്പച്ചിയേയും കൂട്ടിയാണ് പോകുന്നതെന്ന് പറഞ്ഞു... എന്നാൽ അവർ കൂടെ പോരില്ലേ എന്നാണ് സതീഷേട്ടന്റെ പേടി... ഇത്രയും കാലം ഞാൻ കണ്ട സതീഷേട്ടനല്ല ഇന്നിവിടെ വന്നത്... ആ മുഖത്തെ കുറ്റബോധവും പറയുമ്പോൾ വാക്കുകൾ ഇടറുന്നതും മറ്റൊരു മനുഷ്യനായിട്ടാണ് എനിക്ക് തോന്നിയത്... "
അവൻ ചിലപ്പോൾ മാറിയിട്ടുണ്ടാകാം... എന്നാൽ എന്റെ മനസ്സിൽ അവനോടുള്ള പക ഈ ജന്മം അടങ്ങില്ല... അവന്റെ നാശം കണ്ടാലേ എനിക്ക് സമാധാനമാകൂ... "
അങ്ങനെ ശപിക്കല്ലേ ശ്യാമളേ... എത്ര ദുഷ്ടനായാലും അവൻ ഉണ്ണിയേട്ടന്റെ ചോരയാണ്... ഉണ്ണിയേട്ടന് ദൈവം അത്രയേ ആയുസ്സു നൽകിയിട്ടുള്ളൂ... അതിന് അവനൊരു നിമിത്തമായി എന്നേയുള്ളൂ... അവൻ ഒരിക്കലും ഉണ്ണിയേട്ടനെതിരെ നിന്നിട്ടില്ല ഇവൾ നഷ്ടപ്പെട്ടു എന്നു മനസ്സിലാക്കിയപ്പോൾ അവന്റെയുള്ളിലെ മദ്യമാണ് അന്നതൊക്കെ ചെയ്യിച്ചത്... ഇന്നവന് അതിൽ പശ്ചാത്താപമുണ്ടെങ്കിൽ അതു തന്നെയല്ലേ ഉണ്ണിയേട്ടന്റെ ആത്മാവും ആഗ്രഹിച്ചിട്ടുണ്ടാവുക... "
എല്ലാം കേട്ടു വന്ന ലക്ഷ്മി പറഞ്ഞു...
"ഈ ജന്മത്തിനിടക്ക് അവൻമൂലം ഒരുപാട് സഹിച്ചിട്ടുണ്ട് അദ്ദേഹം.... അവസാനം മരണംവരെ അവൻമൂലമാണുണ്ടായത്.. ഇത്രയൊക്കെയ്യിട്ടും എങ്ങനെയാണ് ഞാൻ... "
ശ്യാമള പറഞ്ഞുമുഴുമിക്കുംമുന്നേ പൊട്ടിക്കരഞ്ഞൂ...
മയൂഖയും ലക്ഷ്മിയും അവരെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു...
▪️▪️▪️▪️▪️▪️▪️▪️▪️▪️
സുനിതെ നീ വീട്ടിലേക്ക് പൊയ്ക്കൊ... നമ്മൾ ഇപ്പോൾ ഇവിടെ നിന്നും എവിടേക്കും പോകുന്നില്ല... അമ്മയോട് പറഞ്ഞേക്ക്...
അതെന്താ സതീശേട്ടാ ഇപ്പോഴൊരു മാറ്റം... സതീശേട്ടൻ എവിടേക്കാണ് പോകുന്നത്...
ഒരുമാറ്റം ആവിശ്യമാണ് സുനിതേ... ഇത്രയും കാലം മറ്റുള്ളവരുടെ വേദന എനിക്ക് ഒരു ലഹരിയായിരുന്നു... ഞാൻമൂലം മറ്റുള്ളവർ വേദനിക്കുമ്പോൾ അതെന്റെ വിജയമായി ഞാൻ കണ്ടു... എന്നാൽ യഥാർത്ഥ വേദന എന്താണെന്ന് എനിക്ക് മനസ്സിലായി... ഒരുപാട് ദ്രോഹിച്ചിട്ടും എന്നോട് ഒരുതരിപോലും ദേഷ്യവും വെറുപ്പും സൂക്ഷിക്കാതെ നിൽക്കുന്ന ചിലരുണ്ട് ഇവിടെ... അവർക്ക് ഒരു പ്രശ്നം വന്നാൽ അവരെ സഹായിച്ചിട്ടില്ലെങ്കിൽ... അതിന്റെ ശാപം എനിക്കോ നിനക്കോ അല്ല വരുന്നത്... വളർന്നുവരുന്ന നമ്മുടെ പിള്ളേർക്കാണ്... ഇനിയുള്ള എന്റെ ജീവിതം അവർക്കു മാത്രമാണ്... അതുകഴിഞ്ഞേ നീപോലുമുള്ളൂ... "
"ഇനിയും പ്രശ്നങ്ങൾ ഓരോന്നുണ്ടാക്കാനാണോ സതീശേട്ടന്റെ തീരുമാനം... ഇത്രയൊക്കെ അനുഭവിച്ചിട്ടും മതിയായില്ലേ... അവസാനം എന്റെ കുട്ടികൾക്ക് അച്ഛനില്ലാതാവരുത്... "
"എനിക്കൊന്നും സംഭവിക്കില്ല... അഥവാ എന്തെങ്കിലും സംഭവിച്ചാൽ ഒരു നല്ലകാര്യത്തിനാണെന്ന നിർവൃതിയോടെ എനിക്ക് പോകാം... എന്റെ ജീവൻ കൊടുത്തിട്ടായാലും അവളെ.. മയൂഖയെ ഞാൻ രക്ഷിക്കും... നീയിപ്പോൾ വീട്ടിലേക്ക് പോകാൻ നോക്ക്... അമ്മ അവിടെ തനിച്ചല്ലേ... ഇത്രയും കാലം അവരുടെ കാര്യം എന്താണോ ഏതാണോ എന്നുപോലും ഞാൻ അന്വേഷിച്ചിട്ടില്ല... ഇനിയത് പറ്റില്ല... നീ വേണം അമ്മയുടെ എല്ലാ കാര്യവും നോക്കി നടത്താൻ... ഇന്ന് എന്നേക്കാളും ഇഷ്ടം അമ്മക്ക് നിന്നോടും നമ്മുടെ മക്കളോടുമാണ്... അത് നീ കണ്ടില്ലെന്ന് നടിക്കരുത്... "
സതീശൻ നേരെ കവലയിലേക്ക് നടന്നു... അവൻ പോകുന്നതും നോക്കി സുനിത ആദിയോടെ നിന്നു...
സതീശൻ നേരെ പോയത് മുമ്പ് ഇരുന്നിരുന്ന കവലയിലെ ആ പോസ്റ്റിനടുത്തേക്കാണ്... അവൻ കുറച്ചുനേരം അവിടെയൊന്ന് കണ്ണോടിച്ചു... ഒഴിഞ്ഞ കുപ്പികളും ഗ്ലാസുകളും അങ്ങിങ്ങായി കിടക്കുന്നതും കണ്ടു... മുമ്പ് താൻ കുടിച്ച് ഒഴിവാക്കിയതാണെല്ലാം അവൻ ആ പോസ്റ്റിന്മേലിരുന്നു... ഇരു കയ്യും മുഖത്തമർത്തി തലയുംതാഴ്ത്തിയവനിരുന്നു...
"സതീശാ... "
ആരോ വിളിക്കുന്നത് കേട്ട് പതുക്കെയവൻ തലയുയർത്തി നോക്കി... തന്റെ മുന്നിൽ ചിരിച്ചുകൊണ്ട് നിൽക്കുന്ന സജിവനെയവൻ കണ്ടു... ആ ചിരിയിൽ പരിഹാരമാണോ അതോ സിംപതിയാണോ എന്നൊന്നും അവന് മനസ്സിലായില്ല...
സതീശാ... എല്ലാ കാര്യവും ഞാനറിഞ്ഞു... നിനക്ക് പറ്റിയതറിഞ്ഞ് ഞാൻ ഹോസ്പിറ്റലിൽ വന്നിരുന്നു... എന്നാൽ അന്ന് നിനക്കെന്നെ തിരിച്ചറിയാൻ പറ്റിയില്ല... നീ മദ്യപാനം നിർത്തിയെന്നും ഞാനറിഞ്ഞു... നന്നായെടാ... ഞാനുമത് നിർത്തി... അന്ന് നമ്മൾ ഷാപ്പിൽവച്ച് പിണങ്ങി പിരിഞ്ഞില്ലേ.. അന്നുമുതൽ ഇന്നുവരെ ഞാനും ഒരു തുള്ളിപോലും തൊട്ടിട്ടില്ല... ഈ മദ്യപാനമാണ് നമ്മുടെ മനസ്സിൽ പല വേണ്ടാത്ത ചിന്തകളെ ഉണർത്തുന്നത്... അതു പോട്ടെ നീയെന്താണ് ഒറ്റക്ക് ഇവിടെ ഇരിക്കുന്നത്... "
"ഒന്നുമില്ല... ഞാൻ പഴയ കാര്യങ്ങൾ പലതും ഓർത്തിരിക്കുകയാണ്... ഞാൻ കാരണം എത്രപേരാണ് കണ്ണീര് കുടിച്ചത്... എത്ര പേരുടെ ജീവനാണ് ഇല്ലാതായത്.... എത്ര പേരുടെ ശത്രുതയാണ് വാങ്ങിച്ചു കൂട്ടിയത്... നിന്നെപ്പോലും എന്റെ ശത്രുവാക്കി മാറ്റിയില്ലേ ഞാൻ... ഇനി വയ്യ... എനിക്ക് ജീവിക്കണം... ഒരു നല്ല മനുഷ്യനായി... ഒരു നല്ല മകനായി.. ഒരു നല്ല ഭർത്താവായി എനിക്ക് ജീവിക്കണം... അതിനുമുമ്പ്... ഞാൻ മൂലം വേദന തിന്നവരെ സഹായിക്കണം... ആദ്യം വർഷ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നത്തിന് പരിഹാരമുണ്ടാക്കണം... അവൾക്ക് അവകാശപ്പെട്ട അവളുടെ അച്ഛന്റെ സ്വത്ത് അവൾക്ക് വാങ്ങിച്ചു കൊടുക്കണം... ആ മോഹനനും അവന്റെ ഏട്ടനും എന്നെക്കൊണ്ട് അവൾക്കെതിരേ പലതും ചെയ്യിച്ചു... എന്നാൽ എനിക്കൊരപകടം പറ്റിയപ്പോൾ ഒന്ന് തിരിഞ്ഞു പോലും നോക്കിയല്ല ആ നായിന്റെ മക്കൾ... വിടില്ല ഞാനവരെ... നിനക്കറിയോ ഇപ്പോൾ ഞാനും സുനിത യും മക്കളും മാണിശ്ശേരിയിൽ പോയിരുന്നു... ഇത്രയൊക്കെ അവരോട് ചെയ്തുകൂട്ടിയിട്ടും ആ ശിവനാഥോ മയൂഖയോ എന്നെ ആട്ടിയിറക്കാതെ എനിക്ക് പറയാനുള്ളതു മുഴുവൻ കേട്ടു... അവസാനം ശിവനാഥ് പറഞ്ഞ വാക്കാണ് എന്നെ ഇവിടെ പിടിച്ചു നിർത്തിയത്... ഇല്ലെങ്കിൽ നാളെ കഴിഞ്ഞാൽ ഞാൻ ഇവിടെനിന്നും മറ്റൊരിടത്തേക്ക് പോയേനെ... "
"ശിവനെന്താണ് നിന്നോട് പറഞ്ഞത്... "
ഞാൻ അവളോടും അവനോടും മാപ്പുചോദിച്ച് ഈ നാട്ടിൽനിന്ന് പോവുകയാണെന്ന് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞതിൽ ആത്മാർത്ഥതയുണ്ടെങ്കിൽ ഇവിടെനിന്നും പോവുകയല്ല വേണ്ടതെന്നും അന്ന് എനിക്ക് അപകടം പറ്റിയപ്പോൾ ഞാൻ ആർക്കു വേണ്ടിയാണോ അവിടേക്ക് പോയത് അവരാണ് ഇന്ന് അവളുടെ പ്രശ്നമെന്ന്... ആ പ്രശ്നം തീർക്കുകയാണ് ആദ്യം വേണ്ടതെന്നും അവൻ പറഞ്ഞു... ആലോചിച്ചപ്പോൾ അതുതന്നെയാണ് വേണ്ടതെന്നും എനിക്ക് മനസ്സിലായി... അതോടെ ഇനി ഇതിനൊരു അന്ത്യം കണ്ടിട്ടേ എവിടേക്കും ഞാൻ പോവുകയുള്ളൂ എന്ന് തീരുമാനിച്ചു... "
സതീശാ... ഇപ്പോൾ നീ പറഞ്ഞത് ആത്മാർത്ഥതയോടെയാണെങ്കിൽ ഒന്നു നീ കരുതിക്കോ... നിന്റെ കൂടെ ഇതിനൊരു അവസാനം കാണുന്നതുവരെ ഞാനുമുണ്ടാകും... മാണിശ്ശേരിയിൽ തറവാട്ടിലെ പ്രശ്നം എന്റേതും കൂടിയാണ്... അവർക്ക് വേണ്ടി എന്റെ ജീവൻ വരെ കളയാനും ഞാനൊരുക്കമാണ്... ഏതായാലും നേരം ഒരുപാട് വൈകി.. ഞാൻ ജോലിക്ക് പോകുന്ന വഴിയാണ്... നമുക്ക് വൈകീട്ട് ഇവിടെവച്ച് കാണാം...
തുടരും............
✍️ Rajesh Raju
➖➖➖➖➖➖➖➖➖➖➖