"ഓർക്കണം... ഇതവനോടായതുകൊണ്ട് പ്രശ്നമുണ്ടാകില്ലെന്ന് കരുതാം... ഇനിയെങ്കിലും ശ്രദ്ധിച്ചു സംസാരിക്കുന്നത് നല്ലതാണ്... പിന്നെ അവൻ വന്നാൽ രണ്ടു ദിവസം ഇവിടെ പിടിച്ചു നിർത്തണം... അവനെ നമ്മുടെ വക്കീലുമായൊന്ന് പരിചയപ്പെടുത്തി കൊടുക്കണം... എന്തുവേണമെന്ന് അയാൾ പറയട്ടെ... അതനുസരിച്ച് നമുക്ക് നീങ്ങാം... ഞാനയാളുമായൊന്ന് സംസാരിക്കട്ടെ... "
ഭരതൻ ഫോണെടുക്കാനായി അകത്തേക്ക് നടന്നു...
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
രാത്രി ഉറങ്ങാൻ നേരത്താണ് മയൂഖ ശിവന്റെ ഡയറി കയ്യിലെടുത്തത്.... അവൾ അതിന്റെ പേജുകൾ മറച്ചു
***** "ഇന്ന് അച്ഛനും അമ്മയും അമ്പലത്തിൽ നിന്നും വന്നപ്പോൾ എന്നോട് കീർത്തിയേയും കൂട്ടി വേണുമാമയുടെ മകളുടെ വിവാഹത്തിന് പോകാൻ പറഞ്ഞു... പോകുമ്പോൾ ആദിയേയും കൂട്ടാൻ പറഞ്ഞു... ഞങ്ങൾ വിവാഹവീട്ടിലെത്തിയപ്പോൾ പരിചയമുള്ള ആരേയും അവിടെ കണ്ടിരുന്നില്ല... പെട്ടന്ന് ഫോണൊന്നു തരുമോ എന്നു ചോദിച്ച് ഒരു പെൺകുട്ടിയുടെ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയപ്പോൾ മുന്നിൽ നിൽക്കുന്ന മയൂഖയെ കണ്ടപ്പോൾ എനിക്ക് സ്വർഗ്ഗം കിട്ടിയ സന്തോഷമായിരുന്നു... അപ്പോഴായിരുന്നു അവളെ ആദ്യമായി ഇത്ര അടുത്തുവച്ച് കാണുന്നത്... അവളുടെ ആ കിളിമൊഴികൾ ആദ്യമായി കേൾക്കുന്നത്... അവളുമായി ആദ്യമായി സംസാരിച്ചത്.... എന്നെ അവൾ കാണുന്നതും ആദ്യമായിട്ടാണ്... കീർത്തി എന്റെ മനസ്സറിഞ്ഞിട്ടാണോ എന്തോ അറിയില്ല അവൾ നടത്തിയ ഒരു നാടകമായിരുന്നു അത്... അവൾ എന്റെ അടുത്തുനിന്നും പോയ പ്പോഴും അവൾ പോകുന്നതും നോക്കി ഞാൻ നിന്നു... അതുകണ്ട് ആദി എന്നെ ഒരുപാട് കളിയാക്കി... അതുവരെ മറ്റൊരു പെണ്ണിനേയും കൂടുതൽ ശ്രദ്ധിക്കാതിരുന്ന ഞാൻ അവളെ നോക്കിനിൽക്കുന്നതുകണ്ട് ആദി എന്നെ കളിയാക്കിയതിൽ അവനെ കുറ്റം പറയാൻ പറ്റില്ല... അവിടെനിന്നും തിരിച്ചു വരുമ്പോൾ കീർത്തിയോട് ആദി കാര്യങ്ങൾ പറഞ്ഞു... അപ്പോഴവൾ പറഞ്ഞ കാര്യം എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു... അവളുടെ മുറച്ചെറുക്കനുമായി അവളുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണെന്നറിഞ്ഞപ്പോൾ അവരാരേയും അറിയിക്കാതെ ഞാനെന്റെ മനസ്സിനെ സമാധാനിപ്പിച്ചു... ആ മുറച്ചെറുക്കൻ ഒരു ക്രിമിനലും മദ്യപാനിയുമാണെന്നറിഞ്ഞപ്പോൾ അവളെ അതിൽനിന്നും എങ്ങനേയും പിൻതിരിപ്പിക്കണമെന്ന് ഞാൻ മനസ്സിൽ കരുതി..." ****
മയൂഖ വീണ്ടും ഓരോ പേജുകളും വായിച്ചു കൊണ്ടിരുന്നു... ഇന്നലെ വരെ നടന്ന അവൾക്കറിയുന്നതും അറിയാത്തതുമായ പല കാര്യങ്ങളും അതിലുണ്ടായിരുന്നു... അവസാനത്തെ പേജിൽ താനറിയാതെ എപ്പോഴോ എടുത്ത ഒരു ഫോട്ടോ അതിൽ ശിവേട്ടന്റെ ഫോട്ടോയും കൂടി ചേർത്ത് മനോഹരമായി എഡിറ്റ് ചെയ്തു വച്ചിരിക്കുന്നു... അവൾ ആ ഫോട്ടോയിലേക്ക് ഇമവെട്ടാതെ കുറച്ചുനേരം നോക്കിനിന്നു... സമയം ഒരുമണിയടിക്കുന്ന ശബ്ദം കേട്ടാണ് അവൾ ഞെട്ടി... അപ്പോഴാണ് ഡയറിയിൽനിന്നും അവൾ കണ്ണ് മാറ്റിയത്...
അപ്പോൾ ശിവേട്ടൻ എന്നെ സ്വന്തമാക്കാൻ ഒരുപാട് പ്രയത്നിച്ചിട്ടുണ്ടല്ലേ... അവൾ ഡയറി അടച്ചു വച്ച് തന്റെ മാറോട് ചേർത്തുപിടിച്ച് കിടന്നു... ഓരോന്നാലോചിച്ച് എപ്പോഴോ ഉറങ്ങി....
രാവിലെ ശ്യാമള വന്ന് വിളിച്ചപ്പോഴാണ് ഞെട്ടിയുണർന്നത്...
"എന്താടി ഇന്ന് എണിക്കുകയൊന്നും വേണ്ടേ... സമയം എത്രയാണെന്ന് വിചാരിച്ചിരിക്കുന്നത്... കോളേജില്ലെന്നുകരുതി ഉച്ചവരെ കിടന്നുറങ്ങുകയാണോ...പെട്ടന്ന് എഴുന്നേൽക്കാൻ നോക്ക്... ഇന്നത്തെ പ്രത്യേകത എന്താണെന്നറിയുമോ നിനക്ക്.... "
"എന്താണമ്മേ... ഇന്നെന്താ പ്രത്യേകത... "
ഇന്ന് നിന്റെ പിറന്നാളല്ലേ... അതൊന്നും നിനക്കോർമ്മയില്ലേ... അച്ഛനുണ്ടായിരുന്നെങ്കിൽ രണ്ടു ദിവസംമുന്നേ ഇതും പറഞ്ഞ് എങ്ങനെ, ആഘോഷിക്കണമെന്നുള്ള വിചാരമായിരുന്നു... ഇനിയതുണ്ടാവില്ലല്ലോ
"അമ്മേ ഇന്ന് എനിക്ക് നമ്മുടെയവിടെയുള്ള അമ്പലത്തിലൊന്ന് പോകണമെന്നുണ്ട്... കൂടെ നമ്മുടെ വീട്ടിലുമൊന്ന് പോകണം"
"അതിന് ഇങ്ങനെ കിടന്നാൽ പോകാൻ പറ്റുമോ.... കീർത്തിയേയും കൂട്ടി പോയി വാ... "
"വേണ്ടമ്മേ... ഞാൻ ശിവേട്ടനുമായി പോയിവരാം... "
"അതിനവന് ഓഫീസിൽ പോകേണ്ടേ... നിന്റെ കുട്ടിക്കളിക്ക് അവനെ കിട്ടുമോ.... "
അമ്പലത്തിൽ പോകുന്നത് കുട്ടിക്കളിയാണോ... ഞാനൊന്ന് ശിവേട്ടനോട് ചോദിച്ചു നോക്കട്ടെ... ബസ്സിലൊക്കെ പോയി അവിടെയെത്തുമ്പോഴേക്കും സമയം ഒരുപാടാകും... മാത്രമല്ല ഇന്ന് എന്റെ പിറന്നാളാണെന്ന് അവൾക്കറിയില്ലല്ലോ... ഒഴിവു ദിവസമായതുകൊണ്ട് കുറച്ചധികംനേരം കിടന്നുറങ്ങുന്നുണ്ടാകും...
ആര് കീർത്തിയോ... അവളെപ്പോഴോ എഴുന്നേറ്റിട്ടുണ്ട്... പിന്നെ ഇന്ന് നിന്റെ പിറന്നാളാണെന്ന് ഇവിടെയുള്ള ആരോടും പറയേണ്ട... അച്ഛനില്ലാത്ത ആഘോഷം നമുക്കെന്തിനാണ്... "
ആഘോഷം വേണമെന്ന് ഞാൻ പറഞ്ഞിട്ടില്ലല്ലോ... അമ്പലത്തിലൊന്നു പോകണമെന്ന് ഞാൻ വിചാരിച്ചിട്ടുള്ളൂ... ഞാനൊന്ന് ഫ്രഷായി വരാം... എന്നിട്ട് ശിവേട്ടനോടൊന്ന് ചോദിക്കട്ടെ...
അവൾ ബാത്രൂമിലേക്ക് നടന്നു...
ജോഗിങ് കഴിഞ്ഞ് ഉമ്മറത്തിരുന്ന് വിശ്വനാഥ മേനോന്റെ കൂടെ പത്രം വായിക്കുകയായിരുന്നു ശിവൻ... അപ്പോഴാണ് മയൂഖ രണ്ടു ഗ്ലാസ് ചായയുമായി അവരുടെയടുത്തേക്ക് വന്നത്...
"ഹാപ്പി ബർത്ത് ഡേ മോളേ... "
"ഹാപ്പി ബർത്ത് ഡേ മയൂഖാ... "
വിശ്വനാഥമേനോനും ശിവനും പറഞ്ഞതുകേട്ടപ്പോൾ മയൂഖ അന്തംവിട്ടുനിന്നു...
"എന്താടോ അന്തം വിട്ടു നിൽക്കുന്നത്... "
ശിവൻ ചോദിച്ചു
"അല്ലാ... ഇന്നെന്റെ പിറന്നാളാണെന്ന് എങ്ങനെ അറിയാം... "
അതുകേട്ട് വിശ്വനാഥമേനോനും ശിവനും ഉറക്കെ ചിരിച്ചു...
"എടി പൊട്ടിക്കാളി നിന്നെ പ്രസവിച്ചിട്ട് എന്റെ കയ്യിലാണ് അന്ന് നിന്നെ ആദ്യമായി തന്നത്.... ആ എനിക്ക് നിന്റെ പിറന്നാളെന്നാണെന്ന് അറിയില്ലേ... "
"അപ്പോൾ എല്ലാവർക്കും അറിയാമല്ലേ... എന്നിട്ട് എന്നോടു മാത്രം പറഞ്ഞില്ല... കഴിഞ്ഞ തവണ വരെ അച്ഛൻ രണ്ടു ദിവസംമുന്നേ ഇതും പറഞ്ഞ് നടക്കുമായിരുന്നു... ഇത്തവണ കൂടാൻ അച്ഛനില്ലല്ലോ... "
"അവനവന്റെ പിറന്നാൾ മറ്റുള്ളവർ പറയുമ്പോഴല്ല അറിയേണ്ടത്.... അത് സ്വയം അറിഞ്ഞിരിക്കണം..."
"ഞാനതൊന്നും ഓർത്തുവക്കാറില്ല... "
"അതാണ് പ്രശ്നം... ഏതായാലും നീ പെട്ടന്ന് റെഡിയായിക്കോ നമുക്കൊരു സ്ഥലംവരെയും പോകണം... "
ശിവൻ പറഞ്ഞു....
"എവിക്കൊരാഗ്രഹമുണ്ട്..."
അവൾ പറയുന്നത് പൂർത്തിയാക്കും മുന്നേ ശിവൻ കൈകൊണ്ട് തടഞ്ഞു...
"വേണ്ട ഇപ്പോൾ ഒന്നുംതന്നെ പറയേണ്ട... ഞാൻ പറയുന്നത് കേട്ടാൽ മതി... പെട്ടന്ന് റെഡിയായി വാ..."
അവൾ അല്പം നിരാശയോടെ തിരിച്ചു നടന്നു... "
തിരിച്ചു നടക്കുമ്പോൾ വാതിൽക്കൽ ഒരു ചിരിയുമായി കീർത്തിയും ലക്ഷ്മിയും നിൽക്കുന്നുണ്ടായിരുന്നു...
"പിറന്നാളുകാരിയുടെ മുഖത്ത് എന്താ ഒരു നിരാശ... "
കീർത്തി ചോദിച്ചു...
അത്... ഇന്ന് ഞാൻ ഞങ്ങളുടെ വീടുവരെ ഒന്ന് പോകണമെന്ന് കരുതിയിരുന്നു.... അവിടെ അച്ഛനെ അടക്കം ചെയ്തേടത്തൊന്ന് പോയി അനുഗ്രഹം വാങ്ങിക്കണമെന്നുണ്ടായിരുന്നു... അത് പറയാൻ ശിവേട്ടൻ സമ്മതിച്ചില്ല...
ഇതാണോ ഇത്ര വലിയ പ്രശ്നം... അത് ശിവനാണ്... നിന്റെ മനസ്സ് അവനറിയില്ലെങ്കിൽ പിന്നെ ആരുടെ മനസ്സാണ് അവനറിയുക... ഏതായാലും പോകുന്ന വഴി അവനോട് പറയാലോ... ഇപ്പോൾ ഇതുമായി പോയി റെഡിയായിവാ... ശിവൻ വാങ്ങിച്ചതാണ്... "
ലക്ഷ്മി കയ്യിലുണ്ടായിരുന്ന കവർ അവളെ ഏൽപ്പിച്ചു... "അവൾ അത്ഭുതത്തോടെ ലക്ഷ്മിയെ നോക്കി...
"പേടിക്കേണ്ട... നിനക്കുള്ള പിറന്നാൾ സമ്മാനമാണ്... കൂടാതെ ഇതും എന്റെ ഏട്ടൻ നിനക്കുവേണ്ടി വാങ്ങിച്ചതാണ്... "
മറ്റൊരു കവർ കീർത്തി അവളെ ഏൽപ്പിച്ചു... "
"ഇതെന്താ.. "
"തുറന്നു നോക്ക്... "
മയൂഖ ആ കവറിൽനിന്നും ഒരു ബോക്സ് പകുത്തെടുത്തു... അതവൾ തുറന്നു... നല്ല കല്ലു പതിച്ച നെക്ലേസ്.... അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് ലക്ഷ്മിയുടെ മാറിലേക്ക് വീണു...
അയ്യേ... പിറന്നാളായിട്ട് ഇന്ന് കരയാൻ പാടേണ്ടോ... ഇത് നിനക്ക് അവകാശപ്പെട്ടവൻ തന്നെയല്ലേ വാങ്ങിച്ചു തന്നത്... ന്റെ കുട്ടി പെട്ടന്ന് റെഡിയായി വാ... കൂടുതൽ നേരം വൈകി ശിവനെ ദേഷ്യം പിടിപ്പിക്കേണ്ടാ... മയൂഖ പെട്ടന്ന് മുറിയിലേക്ക് നടന്നു...
ഇതെല്ലാം കണ്ട് കരച്ചിലടക്കി വാതിലുമറവിൽ നിൽപ്പുണ്ടായിരുന്നു ശ്യാമള...
"കുറച്ചു സമയത്തിനുശേഷം മയൂഖ റെഡിയായി പുറത്തേക്കു വന്നു... "
"ആഹാ... ന്റെ കുട്ടി സുന്ദരിയായിട്ടുണ്ടല്ലോ... "
ലക്ഷ്മി പറഞ്ഞു...
കണ്ണ് വക്കാതെന്റെ ലക്ഷ്മി... അല്ലെങ്കിലും എന്റെ മോള് സുന്ദരിയാണ്...
വിശ്വനാഥമേനോൻ പറഞ്ഞു...
"മരുമകളെ വല്ലാതെ പുകഴ്ത്തല്ലേ... മേലെപ്പോയി തലയിടിച്ച് താഴെ വീഴും... "
ശിവൻ പറഞ്ഞു...
ഒന്നു പോടാ... ഞാൻ പറഞ്ഞതിൽ തെറ്റെന്തെങ്കിലുമുണ്ടൊ... എന്റെ മോള് സുന്ദരിതന്നെയല്ലേ... അതിനുമുന്നിലല്ലേ നീ വീണതും... "
"അതു സത്യം... എന്നാലും നിങ്ങൾ പറയുന്നത്രയൊന്നുമില്ല... "
"എടാ അസൂയക്കും കുശുമ്പിനും മരുന്നില്ല... "
ആരും പറഞ്ഞു ഞാൻ അസൂയ പറഞ്ഞതാണെന്ന്... എനിക്കു തോന്നുന്നില്ല ഇവൾ അത്ര വലിയ സുന്ദരിയാണെന്ന്... കാഴ്ചയിൽ അല്പം കൊള്ളാം... അത്രതന്നെ... പക്ഷേ സ്വഭാവം... അത് പോര ട്ടോ... അച്ഛന്റെയല്ലേ മരുമകൾ... അപ്പോൾ ആ സ്വഭാവം കാണിക്കാതിരിക്കോ... "
"എടാ നിന്നെ ഞാൻ.... "
വിശ്വനാഥമേനോൻ ശിവനെ അടിക്കാനോങ്ങി... എന്നാലവൻ അയാളെ കെട്ടിപ്പിടിച്ചു...
"ചതിക്കരുത്.... ഇത്രയും പെണ്ണുങ്ങളുടെ മുന്നിലെന്നെ നാണം കെടുത്തരുത്... അല്ലെങ്കിൽ തന്നെ ഇവളുൾപ്പടെ എന്നെ ആർക്കും വിലയില്ലാതിരിക്കുകയാണ്... അതിനി കൂടുതലാക്കരുത്... "
ശിവന്റെ അപ്പോഴത്തെ അഭിനയം കണ്ട് എല്ലാവരും പൊട്ടിച്ചിരിച്ചു...
തുടരും............
✍️ Rajesh Raju
➖➖➖➖➖➖➖➖➖➖➖