Aksharathalukal

രണഭൂവിൽ നിന്നും.. (2)

"ഭാനൂ.. ടീ ഭാനൂ..."

അലറിക്കൊണ്ട് തന്നെ വിളിക്കുന്ന ശബ്ദം കേട്ട് കറിയിളക്കിക്കൊണ്ടിരുന്ന ഭാനു തവി പാത്രത്തിലേക്കിട്ട് വലം കൈപ്പത്തി കൊണ്ട് നെറ്റിയിലടിച്ചു...
"ആ.. തുടങ്ങിയല്ലോ വിളി... ഇനിയും വരാനുണ്ട്.. ഒക്കെത്തിനും കൂടി ഒന്നിച്ച് വിളി കേൾക്കാം..."
ആത്മഗതം പറഞ്ഞിട്ട് അവൾ കറിയിളക്കി പാത്രം അടുപ്പിൽ നിന്നുമിറക്കി വച്ചു... പിന്നെയൊരു ചീനച്ചട്ടി അടുപ്പിലേക്ക് വച്ച് ചൂടാക്കി വെളിച്ചെണ്ണയിൽ കടുക് വറുത്തെടുത്ത് കറിയിലേക്ക് ഒഴിക്കാൻ തുടങ്ങി...

"ടീ.. ഭാനൂ..."
തൊട്ട് പിറകിൽ നിന്നും ഉച്ചത്തിലുള്ള ആ വിളി കേട്ട് ഭാനുവിന്റെ കയ്യിൽ നിന്നും ചീനച്ചട്ടി അല്പം വഴുതിപ്പോയി.. എണ്ണ തുളുമ്പി അവളുടെ ഇടത്‌ കയ്യിലേക്ക് വീണു പൊള്ളി..
"ശ്ശ്.. ആ "
ചീനച്ചട്ടി തിടുക്കത്തിൽ സ്ലാബിലേക്കിട്ടവൾ കൈ വലിച്ച് കുടഞ്ഞ് കൊണ്ട് വേദനയാൽ പിടഞ്ഞു...

പെട്ടെന്ന് തന്നെ ടാപ്പ് തുറന്നവൾ പൊള്ളിയ ഭാഗം നന്നായി നനച്ചു.. അവൾക്കല്പം ആശ്വാസം തോന്നി....
"ഓ.. പിന്നെ.. ഒരിത്തിരി എണ്ണ തെറിച്ചേനാ.. ഇതൊക്കെ നിന്റെ നാടകമാണെന്നെനിക്കറിയാം...പണിയെടുക്കാതിരിക്കാനുള്ള സൂത്രം..."
വേദനയിൽ കൈ വിങ്ങുമ്പോഴും കേൾക്കുന്ന കുത്തുവാക്കുകളിൽ എത്ര കടിച്ചു പിടിച്ചിട്ടും ഭാനുവിന്റെ കണ്ണുകൾ നനഞ്ഞു....

അപ്പോഴേക്കും അവളുടെ ശബ്ദം കേട്ട് ഭവാനിയും രമണിയും അവിടേക്കെത്തി...
"എന്താ പറ്റിയേ മോളെ?"
ഭവാനി പരിഭ്രമത്തോടെ ചോദിച്ചു...
"എന്ത് പറ്റാൻ.. പതിവുള്ളത് തന്നെ.. ഓരോ നാടകങ്ങൾ..."
പുച്ഛത്തോടെ പറയുന്ന അംബികയെ കേട്ട് ടാപ്പ് ഓഫ് ചെയ്ത് ഭാനു തിരിഞ്ഞു നിന്നു..

"വല്യമ്മയ്ക്കിപ്പോ എന്താ വേണ്ടേ...?"
അവൾ അസഹിഷ്ണുതയോടെ ചോദിച്ചു...
"നിന്നോട് ഞാനിന്നലെ പറഞ്ഞതല്ലേ എന്റെ പട്ടുസാരി തേച്ച് വയ്ക്കണമെന്ന്.. എന്താ ചെയ്യാതിരുന്നത്..? "
ദേഷ്യത്തിൽ അംബിക ചോദിച്ചു...

"എനിക്കിന്നലെ ഒരുപാട് പഠിക്കാനുണ്ടായിരുന്നു... സമയം കിട്ടിയില്ല... ഞായറാഴ്ച്ചത്തെ കല്യാണത്തിനല്ലേ സാരി ..നാളെ സ്കൂൾ വിട്ട് വന്നിട്ട് ഞാൻ തേച്ച് വയ്ക്കാം..."
സ്വരമിടറാതെ ഉറച്ച വാക്കുകളിൽ ഭാനു പറഞ്ഞു നിർത്തി....

"അത്‌ നീയാണോ തീരുമാനിക്ക്യാ... നീയും നിന്റമ്മയും ഇവിടിങ്ങനെ ഉണ്ടുറങ്ങി കഴിയണത് എന്റെ ഔദാര്യത്തിലാ.. എന്നിട്ട് എന്നോട് തറുതല പറയുന്നോ അസത്തെ... "
അംബികയുടെ ദേഷ്യം നിറഞ്ഞ ശബ്ദമുയർന്നു...

ഭാനുവിന്റെ ക്ഷമ നശിച്ചിരുന്നു... അവളുടെ ചുവന്ന് കയറുന്ന മുഖം കണ്ട് ഭവാനിയ്ക്ക് പേടി തോന്നി... ദേഷ്യം പരിധി വിട്ടാൽ അവളെങ്ങനെയാകും പെരുമാറുകയെന്ന് ആ അമ്മയ്ക്ക് നന്നായറിയാം.... ഭവാനി വേഗം അവളുടെ കയ്യിൽ പിടിച്ച് വേണ്ടെന്ന് തലയാട്ടി.... ഭാനു കണ്ണുകളിറുക്കെയടച്ച് സ്വയം നിയന്ത്രിച്ചു...

അമ്മയുടെ കൈയ്യെടുത്തു മാറ്റി അവൾ അംബികയുടെ അടുത്തേക്ക് നീങ്ങി നിന്നു... അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയും കണ്ണുകളിലെ കത്തുന്ന കനലും കണ്ട് അംബികയൊന്ന് പതറി...

"ആ പറഞ്ഞതിലൊരു തിരുത്തുണ്ടല്ലോ വല്യമ്മേ... ഞാനും എന്റമ്മയും ഇവിടെ താമസിക്കുന്നത് എന്റെ അച്ഛച്ഛന്റെ തീരുമാനമനുസരിച്ചാണ്... വലിഞ്ഞു കേറി വന്നവരല്ല ഞങ്ങൾ.. ക്ഷണിച്ചു കയറ്റിയതാണ്... അച്ഛച്ഛനും അച്ഛമ്മയും പോയെങ്കിലും.. ആ തീരുമാനത്തെ വല്യച്ഛൻ ബഹുമാനിക്കുന്നിടത്തോളം എതിർക്കാനുള്ള അവകാശം വല്യമ്മയ്ക്ക് പോലുമില്ല...നിങ്ങൾക്കുള്ളത് പോലെ തന്നെ അവകാശം ഞങ്ങൾക്കും ഈ വീട്ടിലുണ്ട്...

എന്നിട്ടും ഞങ്ങൾ നിങ്ങള് പറയുന്ന ജോലികളൊക്കെ ചെയ്യുന്നതും ഒതുങ്ങി കഴിയുന്നതും മൂന്ന് നേരം അന്നം തരുന്ന വല്യച്ഛനെയോർത്തും താമസിക്കുന്ന വീട്ടിലെ ജോലികൾ ചെയ്യുന്നതൊരു കുറച്ചിലായി തോന്നാത്തത് കൊണ്ടും മാത്രമാ.. വല്യച്ഛൻ തരുന്ന പണത്തിനോടുള്ള ബഹുമാനം കൊണ്ടാ... ഞാൻ പഠിക്കുന്നത് അദ്ദേഹം തരുന്ന കാശ് കൊണ്ട് ഫീസടച്ചിട്ടാ... അതേ വല്യച്ഛൻ തന്നെയാണ് എന്നോട് പഠിത്തത്തിൽ ഉഴപ്പരുതെന്ന് പറഞ്ഞിട്ടുള്ളത്... അത്‌ ഞാൻ അനുസരിക്കും.. ആകാശം ഇടിഞ്ഞു വീഴുമെന്ന് പറഞ്ഞാലും അതിനൊരു മാറ്റവുമില്ല....

അത്‌ കൊണ്ടിപ്പോ വല്യമ്മ ചെല്ല്.. എനിക്കിനിയും പണിയുണ്ട്... തീർത്തിട്ട് വേണം സ്കൂളിൽ പോകാൻ... ഒക്കെ കാലമാകുമ്പോ മേശപ്പുറത്തു വച്ചേക്കാം..."

ശക്തമായ വാക്കുകളിൽ പറഞ്ഞിട്ട് ഭാനു പണി തുടർന്നു... വീണ്ടും ചൂട് തട്ടുമ്പോൾ പൊള്ളിയയിടം നീറുന്നുണ്ടെങ്കിലും അവൾ ധൃതിയിൽ ജോലികൾ ചെയ്തു കൊണ്ടിരുന്നു... എന്നിട്ടും ഒരിറ്റു കണ്ണുനീർ അവളിൽ നിന്നുമുതിർന്നില്ല....

കോപത്താൽ ജ്വലിച്ചു കൊണ്ട് കയ്യിൽ തടഞ്ഞൊരു സ്റ്റീൽ പാത്രമെടുത്ത് തറയിൽ ശക്തിയിൽ എറിഞ്ഞിട്ട് അംബിക അടുക്കളയിൽ നിന്നും പുറത്തേക്ക് പോയി.. പിറകെ വാല് പോലെ രമണിയും...
"ആ പെണ്ണിന് അഹങ്കാരം വല്ലാതെ മൂത്തിട്ടുണ്ട് ഏടത്തി..."
രമണി എരിതീയിൽ എണ്ണയൊഴിച്ചു....

"മ്മ്.. അവളുടെ അഹങ്കാരം അധികം നാള് ഉണ്ടാകില്ല രമണി... അവൾക്ക് പതിനെട്ടൊന്ന് തികഞ്ഞോട്ടെ.. ഒരു മുട്ടൻ പണി ഞാൻ കൊടുക്കുന്നുണ്ട്..."
പറഞ്ഞു കൊണ്ട് അംബിക മുറിയിലേക്ക് പോയി... പിറകെ സന്തോഷത്തോടെ രമണിയും വരാന്തയിലേക്ക് നടന്നു.. തന്റെ പകുതിക്ക് മുടങ്ങിയ വാരിക വായന പൂർത്തിയാക്കാൻ....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

"എന്തിനാ മോളെ ഏടത്തിയോട് അങ്ങനൊക്കെ പറയാൻ പോയത്... അല്ലെങ്കിലേ നമ്മളെ കണ്ടുകൂടാ.. ഇപ്പൊ നല്ല ദേഷ്യത്തിലാ പോയിരിക്കണത്.. ഇനി എന്തൊക്കെ ചെയ്യുവാവോ...?"
ഭാനുവിന്റെ ഇടത്‌ കയ്യിൽ വട്ടത്തിൽ പൊള്ളിയ പാടിൽ തേൻ പുരട്ടിക്കൊണ്ട് ഭവാനി പറഞ്ഞു...

ഭാനുവപ്പോഴും വലം കയ്യാൽ ദോശ ചുട്ടു കൊണ്ടിരുന്നു... അവൾക്ക് പാഴാക്കി കളയാൻ സമയം തീരേയുണ്ടായിരുന്നില്ല...
"എത്രയെന്നു വച്ചാ അമ്മേ ഒക്കെ സഹിക്ക്യാ... ഒരു പരിധി വരെ ക്ഷമിക്കാൻ പറ്റും.. അതും കഴിഞ്ഞാ പിന്നെ പ്രതികരിക്കണം.. അമ്മയോ ഒന്നും പറയില്ല.. ഞാനെങ്കിലും പറഞ്ഞില്ലെങ്കിൽ അവർക്ക് അഹമ്മതി കൂടുതലാവും... വല്യച്ഛൻ ഒരാളെയെ അവർക്ക് പേടിയുള്ളൂ.. അത്‌ കൊണ്ടാ നമ്മളിങ്ങനെയെങ്കിലും കഴിഞ്ഞ് പോണത്... അതൊന്ന് ഓർമ്മിപ്പിച്ചെന്നെ ഉള്ളൂ... എനിക്ക് പഠിക്കണമമ്മേ... അത്‌ മാത്രമേ നമുക്ക് രക്ഷപ്പെടാൻ ഒരു വഴിയുള്ളൂ..

മതി... ഇനിയിവിടത്തെ പുക കൊണ്ട് അമ്മയ്ക്ക് വലിവ് കൂട്ടണ്ട... അപ്പഴും ഓടാൻ ഞാനേ ഉള്ളൂ.. അമ്മ അപ്പുറത്തെങ്ങാനും പോയിരിക്ക്.. ഞാനിതൊന്ന് തീർക്കട്ടെ... ചെല്ല്..."
അമ്മയിൽ നിന്നും കൈ വലിച്ചെടുത്ത് പറഞ്ഞു കൊണ്ട് ഭാനു മറ്റ് ജോലികളിലേക്ക് തിരിഞ്ഞു... മകളെ നിസ്സഹായമായി നോക്കാൻ മാത്രമേ ആ അമ്മയ്ക്കായുള്ളൂ... അമ്മയുടെ നൊമ്പരം മനസ്സിലാകുന്നുണ്ടെങ്കിലും അവരുടെ മുഖത്തേക്ക് നോക്കിയാൽ താൻ തളർന്നു പോകുമെന്നുള്ളത് കൊണ്ട് അവൾ അമ്മയുടെ നേർക്ക് നോക്കിയതേയില്ല..

സങ്കടത്തോടെ ഭവാനി അടുക്കള വിട്ട് പൊയ്ക്കഴിഞ്ഞതും പക്ഷേ അവളുടെ കണ്ണുകൾ അവളെ ചതിച്ച് ഒഴുകിയിറങ്ങിയിരുന്നു... അവയെ വാശിയിൽ തുടച്ചു നീക്കി അവൾ ജോലികൾ അതിവേഗത്തിൽ ചെയ്തു തീർത്തു....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

സ്കൂളിലേക്ക് പോകാൻ യൂണിഫോമിട്ട് തയ്യാറായി അടുക്കളത്തിണ്ണയിലിരുന്ന് രണ്ട് വെറും ദോശ ധൃതിയിൽ കഴിക്കുമ്പോഴാണ് അവളെ ചൊറിയാനായി വീണ്ടും അംബികയുടെ വരവ്...

"മ്മ്.. മ്മ്.. കഴിക്ക് കഴിക്ക്...എന്നാലല്ലേ എന്നോട് തട്ടിക്കയറാൻ ആരോഗ്യം കിട്ടൂ..."
പുച്ഛത്തോടെ പറഞ്ഞിട്ട് അംബിക അടുക്കളയിൽ നിന്നുമൊരു ഗ്ലാസ്സ് വെള്ളമെടുത്ത് കുടിച്ചു...  അംബികയുടെ അടുത്ത് തന്നെ അവരുടെ വാലും ഉണ്ടായിരുന്നു....എല്ലാം കണ്ടും കേട്ടും രസിച്ചും ഓരോന്ന് അംബികയെ പിരി കേറ്റി കൊടുത്തും അങ്ങനൊരു ജന്മം...

അംബികയുടെ ഡയലോഗ് കഴിയുമ്പോഴേക്കും കഴിച്ച പാത്രം കഴുകി വച്ച് ഭാനു കയ്യും വായും കഴുകിക്കഴിഞ്ഞിരുന്നു.. അഴയിലെ തോർത്തിൽ കയ്യും വായും തുടച്ചിട്ടവൾ അവിടെ വച്ചിരുന്ന ബാഗെടുത്തു തോളത്തിട്ടു...

അവൾ തനിക്ക് നേരെ വരുന്നത് കണ്ടിട്ടാണ് വെള്ളം കുടിച്ച ഗ്ലാസ്സ് അംബിക മാറ്റി വച്ചത്... അംബികയുടെ പുരികം ചുളിഞ്ഞു... ഇനിയെന്താകും അവൾ പറയുകയെന്ന് രമണിയും ഉറ്റു നോക്കി നിന്നു...

"ഞാൻ വേണമെങ്കിൽ പട്ടിണി കിടക്കാം വല്യമ്മേ.. പക്ഷേ ഞാനെങ്ങാനും വഴിയിൽ തലകറങ്ങി വീണാ വല്യമ്മയ്ക്ക് തന്നെയാ നഷ്ടം... ഹോസ്പിറ്റൽ ചിലവിനെക്കാൾ കുറവാണ് വല്യമ്മേ രണ്ട് വെറും ദോശക്ക് ചിലവാകുന്ന കാശ്... വല്യമ്മ ലാഭം കൂട്ടിക്കിഴിച്ചിവിടെയിരിക്ക് കേട്ടോ.. എനിക്ക് പോകാൻ സമയായി...."

കൂസലന്യേ പറഞ്ഞിട്ട് ഭാനു പൂജാമുറിയിലേക്ക് നോക്കിയൊന്ന് തൊഴുതിട്ട് വീടിന് പുറത്തേക്ക് നടന്നു...
പൊട്ടി വന്ന ചിരി അടക്കിപ്പിടിച്ച് രമണി അംബികയെ ഇടം കണ്ണിട്ട് നോക്കി... കൈചുരുട്ടി പിടിച്ച് അംബിക പല്ല് കടിച്ചു... പിന്നെ വെട്ടിത്തിരിഞ്ഞ് പുറത്തേക്ക് പോയി.. രമണി ചുറ്റും നോക്കിയിട്ട് പലഹാരപ്പാത്രം തുറന്ന് ലഡ്ഡുവെടുത്തു കഴിക്കാൻ തുടങ്ങി...

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

"ഭാനൂ.."
ബസ് സ്റ്റോപ്പിലേക്ക് ഓടുന്നതിനിടയിലാണ് പിറകിൽ നിന്നും പരിചിതമായ ശബ്ദത്തിലൊരു വിളി ഭാനു കേട്ടത്...തിരിഞ്ഞു നോക്കിയ ഭാനുവിന്റെ മുഖമൊന്ന് തെളിഞ്ഞു.. ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു...

"ആരിത് ശ്യാമേട്ടനോ.. എപ്പോ എത്തി... എൽ. എൽ. ബി പഠിത്തമൊക്കെ എങ്ങനെ പോണു...?"
അവിടെ നിന്നിരുന്ന ഇരുപത് വയസ്സോളം പ്രായമുള്ള ചെറുപ്പക്കാരൻ അവളെ നോക്കി ചിരിച്ചു... അവളെ നോക്കുന്ന അവന്റെ കണ്ണുകളിലൊരു തിളക്കമുണ്ടായിരുന്നു....

"ഒന്ന് നിർത്തി നിർത്തി ചോദിക്കെന്റെ ഭാനുവേ..."
അവൻ കളി പറഞ്ഞു...
അവളുമൊന്ന് ചിരിച്ചു..
"ഞാനിന്നലെ രാത്രിയെത്തി.. സെമെസ്റ്റർ ബ്രേക്കാണ്... അടുത്താഴ്ച പോകും..."
"മ്മ് "
അവൾ ചിരിയോടെ തലയാട്ടി...

അപ്പോഴേക്കും പാടത്തിന്റെ വളവ് തിരിഞ്ഞു വരുന്ന ബസ്സിന്റെ ഹോണടി അവൾ കേട്ടു...
"ബസ് വരണുണ്ട്..ഞാൻ പോണു ട്ടോ ശ്യാമേട്ടാ... പിന്നെ കാണാം.."
അവനോട് പുഞ്ചിരിയോടെ പറഞ്ഞിട്ടവൾ ബസ് സ്റ്റോപ്പിലേക്ക് ഓടി...

അവൾ പോകുന്നത് ഒരു ചിരിയോടെ നോക്കി നിന്നിട്ട് അവനും ബൈക്കിൽ കയറി എതിർദിശയിലേക്ക് ഓടിച്ച് പോയി....

കുറച്ച് ദൂരെ ഈ കാഴ്ച കണ്ടു കൊണ്ടൊരാൾ നിന്നിരുന്നു...
അംബികയുടെ വിശ്വസ്തനായ കാര്യസ്ഥൻ ദാമു... കണ്ട കാഴ്ച വിവരിക്കാനായി അയാൾ അംബികയുടെ അടുത്തേക്കോടി...

ഭാനുവിന്റെ ജീവിതം ഉഴുതു മറിക്കാനുള്ള ശേഷിയുണ്ടായിരുന്നു അയാൾ അംബികയോട് പറയാൻ പോകുന്ന വാക്കുകൾക്ക്.....

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️

 


രണഭൂവിൽ നിന്നും... (3)

രണഭൂവിൽ നിന്നും... (3)

4.6
2511

"താനീ പറയുന്നതൊക്കെ സത്യമാണോ ഡോ...?" കേട്ട വാർത്ത നൽകിയ സന്തോഷത്തിൽ വിടർന്ന മുഖത്തോടെ അംബിക ദാമുവിനോട് ചോദിച്ചു... "സത്യമാ മാഡം ... ഞാൻ കണ്ടതാ... ഭാനുക്കുഞ്ഞ് ആ ചെറുക്കനോട് സംസാരിക്കുന്നത്... ചിരിച്ചും കളിച്ചുമൊക്കെയായിരുന്നു രണ്ടിന്റേം നിൽപ്പ്..." "മ്മ്.. അവനെവിടുത്തെയാണെന്നാ പറഞ്ഞേ?" "അതാ വല്യകോലോത്തെയാ... ആ ജയദേവൻ വക്കീലിന്റെ മൂത്തത്.. പുറത്തെവിടെങ്ങാണ്ടാ പഠിക്കണത്... ഇവിടുത്തെ സാറിന്റെ വല്യ ചങ്ങായിയാരുന്നു ആ ജയദേവൻ വക്കീല്.. പിന്നെപ്പൊഴോ എന്തോ കേസിന്റെ കാര്യത്തില് രണ്ടാളും ഒടക്കീന്നാ ഞാൻ കേട്ടിട്ടുള്ളത്.. " അത്‌ കൂടി കേട്ടതോടെ അംബികയുടെ മു