രാത്രി അത്താഴം കഴിഞ്ഞ് ചില ഫയലുകൾ നോക്കുകയാണ് രമേശൻ...
അദ്ദേഹത്തിനുള്ള മരുന്നുമായി അംബിക മുറിയിലേക്ക് കയറി വന്നു...
"രമേശേട്ടാ.."
"മ്മ് "
ഫയലിൽ നിന്നും മുഖമുയർത്താതെ തന്നെ അദ്ദേഹം മൂളി..
"ഗുളിക "
രമേശൻ മുഖമുയർത്തി അംബികയ്ക്ക് നേരെ കൈ നീട്ടി... അംബിക കൊടുത്ത ഗുളിക കഴിച്ചിട്ട് അദ്ദേഹം പിന്നെയും ഫയലിലേക്ക് കണ്ണ് നട്ടു....
ഗ്ലാസ്സ് മാറ്റി വച്ചിട്ട് അംബിക നിന്ന് പരുങ്ങുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു....
"തനിക്കെന്തെങ്കിലും പറയാനുണ്ടോ?"
മുഖമുയർത്താതെ തന്നെ അദ്ദേഹം ചോദിച്ചു...
"ഉവ്വ്... ഭാനുവിന്റെ കാര്യാ "
അതിവിനയത്തോടെ അംബിക പറഞ്ഞു...
ഭാനുവിന്റെ പേര് കേട്ടതും ഫയലടച്ച് പുരികം ചുളിച്ചു കൊണ്ട് രമേശൻ ഭാര്യയെ നോക്കി....
"അത്... അവൾക്ക് പതിനെട്ടു വയസ്സ് തികഞ്ഞു ല്ലോ..സന്ധ്യേടെ വിവാഹയോഗം എന്നാണെന്നറിയാൻ പോയപ്പോ ഞാനാ ജോത്സ്യരെക്കൊണ്ട് അവളുടെ ജാതകവുമൊന്ന് നോക്കിച്ചു...സന്ധ്യക്കിനിയും ഒരു വർഷം കഴിഞ്ഞിട്ടാണ് മംഗല്യയോഗം...അവളുടെ ജാതകത്തിൽ ദോഷങ്ങളൊന്നുമില്ലെന്ന് പറഞ്ഞു അദ്ദേഹം ...
പക്ഷേ ഭാനുവിന്റെ ജാതകത്തിൽ....ഒരുപാടുണ്ട് ദോഷങ്ങൾ...ആ ദോഷങ്ങൾ കൊണ്ടാണത്രെ ഒന്നിന് പുറകേ ഒന്നായി അവളുടെ രക്തബന്ധത്തിലുള്ളവർക്ക് മരണം സംഭവിച്ചത്...അവൾളുടെ കൂടെയുള്ള രക്തബന്ധത്തിലുള്ളവർക്ക് ഇനിയും അപകടങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന്...അവളുടെ വിവാഹത്തോടെയേ ആ ദോഷം മാറുള്ളൂന്നാ അദ്ദേഹം പറയണത്..."
സങ്കടം ഭാവിച്ച് അംബിക പറഞ്ഞു....
"താനെന്താ പറഞ്ഞു വരണേ?"
മുഖം ചുരുക്കിക്കൊണ്ട് രമേശൻ ചോദിച്ചു...
"അത്.. അത് പിന്നെ... വിവാഹം.. ഭാനുവിന്റെ വിവാഹം ഉടനെ തന്നെ... നടത്തിയാൽ..."
പേടിച്ചു പേടിച്ചാണ് അംബിക അത്രയും പറഞ്ഞത്... അവർക്കീ ഭൂമിയിൽ ആരോടെങ്കിലും ഭയമുണ്ടെങ്കിൽ അത് ഭർത്താവിനോട് മാത്രമാണെന്ന് വേണം പറയാൻ...
ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച് ഭർത്താവിന്റെ മുഖത്തേക്ക് ഭയത്തോടെ നോക്കിയ അംബിക പക്ഷെ കണ്ടത് തന്നെ നോക്കി പുച്ഛത്തോടെ ചിരിക്കുന്ന അദ്ദേഹത്തെയാണ്...ഇത്തവണ മുഖം ചുളിഞ്ഞത് അംബികയുടെയാണ്....
"താനെന്താ ഈ രാത്രി തമാശ പറയാണോ...?"
ഭാവഭേദമന്യേ രമേശൻ ചോദിക്കുമ്പോൾ പരിഹസിക്കപ്പെട്ടതിന്റെ അമർഷം അംബികയ്ക്കുള്ളിൽ നിറഞ്ഞു...
"അത്.. ഞാൻ... ഏട്ടനെന്താ അങ്ങനെ പറഞ്ഞത്.? "
അംബിക സങ്കടം ഭാവിച്ച് ചോദിച്ചു...
രമേശൻ ഗൗരവത്തോടെ ഒന്ന് നിവർന്ന് ചാരിയിരുന്നു ..
"പിന്നെ... ഈ സ്കൂളിൽ പഠിക്കണ ഇത്തിരിപ്പോന്ന കൊച്ചിനെയാണോ നീ കെട്ടിച്ച് വിടണംന്ന് പറയണേ... അതും പഠിക്കാൻ ഒരുപാട് ഇഷ്ടമുള്ള ഇത്തവണത്തെ റാങ്ക് പ്രതീക്ഷയായ ഒരുവളെ..."
അംബികയുടെ മുഖം കുനിഞ്ഞു പോയി... മനസ്സിലവർ തന്റെ പദ്ധതി വിജയിക്കാനായി ഇനിയെന്ത് പറയണമെന്ന് ആലോചിക്കുകയായിരുന്നു....
"ജാതകവും ജ്യോതിഷവുമൊന്നും വിശ്വസിക്കരുതെന്ന് ഞാൻ പറയില്ല..കാരണം അച്ഛനും അമ്മയുമൊക്കെ ജ്യോതിഷത്തിൽ വിശ്വസിച്ചിരുന്നവരാണ്... നമ്മുടെ വിവാഹം പോലും ജാതകപ്പൊരുത്തം നോക്കി തന്നെയാണ് നടത്തിയത്...
പക്ഷേ അത് ഗണിക്കുന്ന ജോത്സ്യന് തെറ്റിയെന്ന് വരാം.. അതിനൊരു ഉദാഹരണം നമ്മുടെ മുൻപിലില്ലേ..."
രമേശൻ പറയുമ്പോൾ അംബിക സംശയത്തോടെ മുഖമുയർത്തി...
"രമണി.. അവളുടെ ജാതകം നോക്കിയ പണിക്കര് പറഞ്ഞത് പത്തിൽ ഒൻപത് പൊരുത്തമാണ്... ഭർത്താവിനും മക്കൾക്കുമൊപ്പമുള്ള സ്വപ്നതുല്യമായ ജീവിതമാണ് അവളുടെ ജാതകത്തിൽ ഉള്ളത്....എന്നിട്ടോ ഒരു വർഷം തികച്ചോ അവളാ വീട്ടിൽ... തെറ്റ് ആരുടെ ഭാഗത്താണെങ്കിലും ആ ബന്ധം അറ്റ് പോയില്ലേ... ജാതകപ്പൊരുത്തം മാത്രം പോരാ... മനപ്പൊരുത്തം കൂടി വേണം... പിന്നെ പരസ്പരം മനസ്സിലാക്കാനുള്ള നല്ലൊരു മനസ്സും... എനിക്കുറപ്പാണ് രമണിയുടെ സ്വഭാവം അവളുടെ ഭർത്താവിനും വീട്ടുകാർക്കും അഡ്ജസ്റ്റ് ചെയ്യാൻ പറ്റിക്കാണില്ല..."
അംബികയ്ക്ക് എന്ത് പറയണമെന്ന് മനസ്സിലായില്ല..
"അത് കൊണ്ട് ഈ വിഷയം നമുക്ക് ഇവിടെ നിർത്താം... എനിക്ക് കുറച്ച് ജോലിയുണ്ട്..."
രമേശൻ ഫയൽ കയ്യിലെടുത്തു...
ദേഷ്യം വന്നെങ്കിലും തോറ്റു പിന്മാറാൻ അംബിക ഒരുക്കമായിരുന്നില്ല....
"എനിക്ക്.. മറ്റൊരു കാര്യം... പറയാനുണ്ട്..."
വിറയലുണ്ടായിരുന്നു അംബികയുടെ സ്വരത്തിൽ...
രമേശൻ തെല്ല് ദേഷ്യത്തോടെ മുഖമുയർത്തി നോക്കി....
അംബിക ആ മുഖത്തേക്ക് നോക്കിയതേയില്ല....
"എന്താണെങ്കിലും വേഗം പറയ് "
അസഹിഷ്ണുത നിറഞ്ഞ സ്വരത്തിൽ രമേശൻ പറഞ്ഞു...
"ഭാനുവിനെ ഒരു പയ്യന്റെ കൂടെ ദാമു കണ്ടിരുന്നു.. എന്നോട് പറഞ്ഞു... ഞാനാദ്യം കാര്യാക്കിയില്ല.. പിന്നെ.. രണ്ട് മൂന്ന് വട്ടം ഞാനും കണ്ടു...."
"അത് കൂടെ പഠിക്കണ വല്ല കുട്ടിയുമാകും... അതൊന്നും കാര്യാക്കണ്ട... ഭാനു നല്ല വകതിരിവുള്ള കുട്ടിയാ...അവളങ്ങനുള്ള അബദ്ധമൊന്നും കാട്ടില്ല..."
പറയുമ്പോൾ രമേശന്റെ ശബ്ദത്തിൽ നിറഞ്ഞ വാത്സല്യവും വിശ്വാസവും അംബികയുടെ ഉള്ളിലെ കനലിനെ ആളിക്കത്തിച്ചു....
പല്ല് കടിച്ച് സ്വയം നിയന്ത്രിച്ചു കൊണ്ട് അംബിക ആവനാഴിയിലെ അവസാനത്തെ ആയുധവും പുറത്തെടുത്തു...മേശപ്പുറത്തിരുന്ന മൊബൈലെടുത്ത് അവർ ഒരു ഫോട്ടോ എടുത്ത് രമേശന് നേരെ നീട്ടി...
"ഒരു ചെറുപ്പക്കാരനോട് ചിരിയോടെ സംസാരിച്ച് നിൽക്കുന്ന ഭാനു.."
"ഇതെന്താ?"
"പറഞ്ഞാൽ വിശ്വസിക്കില്ലാന്ന് അറിയണോണ്ട് കണ്ടപ്പോ ഞാനെടുത്ത് വച്ചതാ..."
അംബിക പറഞ്ഞപ്പോൾ ഒരു നെടുവീർപ്പോടെ രമേശൻ വലം കയ്യിലെ ചൂണ്ടു വിരലും തള്ളവിരലും കണ്ണുകളിലമർത്തി പിടിച്ചു...
"താനിതേത് ലോകത്താ അംബികേ ജീവിക്കണേ... ഒരു പെൺകുട്ടി പരിചയമുള്ളൊരു പയ്യന്റെ അടുത്ത് സംസാരിച്ച് നിന്നാൽ അതിനർത്ഥം അവർക്കിടയിൽ പ്രേമമുണ്ടെന്നാണോ... കഷ്ടം... തന്റെ മനസ്സിത്ര ചെറുതായിപ്പോയല്ലോ..."
ഭർത്താവിന്റെ പരിഹാസത്തിൽ അംബിക ഉള്ളിൽ നീറിപ്പുകഞ്ഞു കൊണ്ടിരുന്നു....
"ഇങ്ങനെയാണെങ്കിൽ ഞാനും നീയും നമ്മുടെ മക്കളെ എങ്ങനെയൊക്കെ സംശയിക്കണം...കാണാത്ത ദൂരത്തുള്ള അവര് എന്തൊക്കെ ചെയ്ത് കൂട്ടുന്നുണ്ടെന്ന് നമുക്കറിയുമോ... അവരങ്ങനെയൊന്നും വഴി തെറ്റി പോകില്ലെന്നുള്ള വിശ്വാസത്തിലല്ലേ നീ ജീവിക്കുന്നത്....സത്യമെന്താണെന്ന് നിനക്കറിയാമോ..."
"ഇല്ല.. നമ്മുടെ മക്കള്.. അങ്ങനെയൊന്നും ചെയ്യില്ല.. എനിക്കുറപ്പുണ്ട്..."
രമേശന്റെ വാക്കുകളെ അംബികയിലെ അമ്മ ശക്തമായി എതിർത്തു.... രമേശനൊന്ന് ചിരിച്ചു....
"ഈ വീട്ടില് നടക്കുന്നതൊന്നും ഞാനറിയുന്നില്ലെന്ന് വിചാരിക്കണ്ട....കൂട്ടുകാരെന്നും പറഞ്ഞ് നമ്മുടെ സൽപുത്രന്റെ കൂടെ ഓരോരുത്തന്മാര് വന്നു താമസിക്കാറില്ലേ ഇവിടെ.. അതും ഞാൻ നാട്ടിലില്ലാത്ത നേരം നോക്കി... അപ്പോഴൊക്കെ അവന്റെ മുറിയിൽ എന്താ നടക്കുന്നതെന്നറിയാൻ എനിക്കൊറ്റ പ്രാവശ്യം ആ മുറിയിൽ കേറിയാൽ മതിയായിരുന്നു... ചെയ്ത് കൂട്ടിയ തോന്ന്യാസങ്ങൾക്കുള്ളത് കണക്കിന് കൊടുത്തിട്ടാ ഞാൻ കഴിഞ്ഞ പ്രാവശ്യം അവനെ യാത്രയാക്കിയത്... നന്നായാൽ അവന് കൊള്ളാം..."
അംബിക ഞെട്ടി ഭർത്താവിനെ നോക്കി....
"പക്ഷെ മോൾടെ കാര്യത്തിൽ പേടിക്കേണ്ടി വരില്ല... അവള് നിന്നെ വിളിച്ചില്ലെങ്കിലും എന്നെയെന്നും വിളിക്കാറുണ്ട്.. അവൾടെ കൂട്ടുകാരോടും ടീച്ചർമാരോടുമൊക്കെ ഞാൻ സംസാരിക്കാറുണ്ട്...അതിൽ നിന്നുമെനിക്ക് മനസ്സിലാകും അവളെങ്ങിനെയാണെന്ന്... നീയിങ്ങനെ ഭാനൂന്റെ പുറകേ നടക്കാണ്ട് പുന്നാരമോനെ കുറച്ച് കൂടി ശ്രദ്ധിക്കാൻ നോക്ക്..."
പുച്ഛത്തോടെ രമേശൻ പറയുമ്പോൾ അംബിക ദേഷ്യവും നിരാശയും കൊണ്ട് പുകഞ്ഞു നീറി....
വീണ്ടും ഫയൽ തുറന്ന് വായിക്കുന്ന ഭർത്താവിനെ നോക്കുന്ന അംബിക ഇനിയെന്തെന്ന ആലോചനയിലായിരുന്നു....പെട്ടെന്നെന്തോ ഓർത്തത് പോലെ അവരുടെ മുഖമൊന്ന് വിടർന്നു...
"ഏട്ടാ.."
"നീ പോയി കിടക്കാൻ നോക്ക് അംബികേ.. എന്നെയിങ്ങനെ ശല്യം ചെയ്യാതെ... വളരെ ഇമ്പോർട്ടന്റായ കേസിന്റെ ഫയലാ ഇത്... കോംപ്ലിക്കേറ്റഡ് ആയ ഒന്ന്...ഇത് തോറ്റാൽ എനിക്കത് വലിയ അപമാനമാകും.. പേഴ്സണലായിട്ടും പ്രൊഫഷണലായിട്ടും... നിനക്കൊക്കെ ഇത് വല്ലതും അറിയണോ... എന്നെ ദേഷ്യം പിടിപ്പിക്കാതൊന്ന് പോകാമോ..."
രമേശന്റെ ദേഷ്യം നിറഞ്ഞ ശബ്ദമുയർന്നു...
അംബിക ഞെട്ടിപ്പോയി...പെട്ടെന്നവരുടെ കണ്ണ് നിറഞ്ഞു..
അത് കണ്ടതും രമേശന്റെ വലിഞ്ഞു മുറുകിയ മുഖമൊന്നയഞ്ഞു... അദ്ദേഹം കണ്ണുകളടച്ചു തുറന്ന് ദീർഘമായൊന്ന് ശ്വാസമെടുത്തു..കർക്കശക്കാരനെങ്കിലും കുടുംബത്തെ ജീവനേക്കാൾ സ്നേഹിക്കുന്നയാളാണ് രമേശൻ...പ്രത്യേകിച്ച് അംബികയെ... അവരുടെ കണ്ണ് നിറയുന്നത് അന്നും ഇന്നും അദ്ദേഹത്തിന് സഹിക്കാനാകില്ല... അതിനുള്ള അവസരം കഴിവതും അദ്ദേഹം ഒഴിവാക്കി വിടും.... അത് കൊണ്ട് തന്നെയാണ് കുറച്ചു കുശുമ്പും അസൂയയുമൊക്കെയുള്ള സ്വഭാവമാണ് അംബികയ്‌ക്കെന്ന് അറിയാമെങ്കിലും അവരുടെ പല തെറ്റുകളും അദ്ദേഹം കാര്യമാക്കാതെ വിടുന്നത്...എന്ത് ചെയ്താലും ഭാര്യ പരിധി വിട്ടു പോകില്ലെന്നുള്ള വിശ്വാസം....അത് കൊണ്ടാവാം ഭാനുവിന്റെയും ഭവാനിയുടെയും ജീവിതത്തിന്റെ ശരിയായ അവസ്ഥ അദ്ദേഹത്തിന് മനസ്സിലാകാതെ പോയത്...
"നീ... എന്താന്ന് വച്ചാ വേഗം പറയ് അംബികേ..."
സ്വരം മയപ്പെടുത്തി രമേശൻ പറഞ്ഞു...
അംബിക ഉള്ളിൽ ചിരിച്ചു...അവർ വേഗം സാരിത്തുമ്പ് കൊണ്ട് കണ്ണ് തുടച്ചു...
"ആ.. ആ പയ്യൻ.. വലിയ കോലോത്തെയാ "
രമേശൻ ഒന്ന് ഞെട്ടി അംബികയെ നോക്കി...
"ജയദേവൻ വക്കീലിന്റെ മൂത്ത മകൻ.. ശ്യാം... എറണാകുളത്ത് എൽ. എൽ. ബി.ക്ക് പഠിക്ക്യാ...അവന്റെ അനിയത്തി ശരണ്യ ഭാനൂന്റെ കൂടെയാ പഠിക്കണേ...
അത് മാത്രല്ല ഭാനൂന്റെ സ്കൂളിലെ സീനിയറായിരുന്നു ശ്യാം... അവൻ പ്ലസ് ടു കഴിഞ്ഞ് പോയിട്ടും ഇടയ്ക്കിടയ്ക്ക് സ്കൂളിലും പുറത്തുമൊക്കെ വച്ച് ഭാനുവിനെ കാണാറുണ്ട്....ഇതിന്റെയൊക്കെ അർത്ഥമെന്താ ഏട്ടാ... ദാമു പറഞ്ഞപ്പഴും ഞാനാദ്യം കാര്യാക്കിയില്ല... പക്ഷേ കണ്ണിന്റെ മുൻപിൽ കാണുമ്പോ എങ്ങനെയാ സംശയം തോന്നാതിരിക്ക്യാ... അതോണ്ടാ കാര്യായിട്ടൊന്ന് അന്വേഷിച്ചേ...അവളെനിക്ക് മോളെപ്പോലെയല്ലേ ഏട്ടാ.. അവൾക്കൊരു ദോഷം വരണ കാര്യം ഞാൻ ചെയ്യോ.."
കണ്ണുനീർ തുടച്ച് അതിഗംഭീരമായി അംബിക അഭിനയിച്ചു.... ഭർത്താവിന്റെ മുഖഭാവത്തിൽ നിന്നും തന്റെ വാക്കുകൾ കൊള്ളേണ്ടിടത്ത് കൊണ്ടിട്ടുണ്ടെന്ന് അംബികയ്ക്ക് ബോധ്യമായി... ഉള്ളിലൂറി ചിരിച്ചു കൊണ്ട് അംബിക ഭർത്താവിനെ ഉറ്റു നോക്കി നിന്നു...
രമേശന്റെ മനസ്സ് അംബിക പറഞ്ഞ ഒരു പേരിൽ തന്നെ തങ്ങി നിൽക്കുകയായിരുന്നു...
ബാല്യം മുതൽ കൗമാരവും യൗവ്വനവും കടന്ന് മനസ്സിലെ ഓർമ്മകൾ തെന്നി നീങ്ങുമ്പോൾ അതിലെല്ലാം നിറഞ്ഞത് തന്റെ ആത്മസുഹൃത്തായിരുന്ന ആ പേരിനുടമയായിരുന്നു... ഒടുവിൽ കുനിഞ്ഞ ശിരസ്സോടെ അപമാനിതനായി ഒരു കോടതി വരാന്തയിലൂടെ നടന്നു നീങ്ങിയ തന്റെ ചിത്രം മനസ്സിൽ തെളിഞ്ഞു വന്നതും രമേശൻ കണ്ണുകളിറുക്കിയടച്ചു... ഭർത്താവിനെ നോക്കി നിന്ന അംബികയുടെ മനസ്സിൽ അദ്ദേഹത്തിന്റെ മനോവിചാരങ്ങൾ എങ്ങനെയാകുമെന്നൊരു രൂപമുണ്ടായിരുന്നു...
അദ്ദേഹത്തെ ആശ്വസിപ്പിക്കണമെന്നുണ്ടെങ്കിലും ആ നേരം അവർക്ക് തന്റെ ലക്ഷ്യം തന്നെയായിരുന്നു മുഖ്യം....എന്തിനെന്നറിയാതെ നിഷ്കളങ്കയായൊരു പാവം പെൺകുട്ടിയോട് തോന്നിയ വെറുപ്പായിരുന്നു അവരെ ഭരിച്ചത്....
അവളുടെ ജീവിതം നരകമാക്കാനുള്ള ആഗ്രഹമായിരുന്നു അവരുടെ ഉള്ള് നിറയെ....
ആ രാവ് കടന്ന് പോകുമ്പോൾ രമേശന്റെ മനസ്സിലൊരു കനൽ വീണിരുന്നു...അദ്ദേഹത്തെ ദൈവമായി കണ്ടു ജീവിക്കുന്നൊരു പെൺകുട്ടിയുടെ ജീവിതം ചുട്ടെരിക്കാനുള്ള തീയായി അത് ആളിപ്പടരാൻ ഒരു ചെറു കാറ്റേ വേണ്ടുമായിരുന്നുള്ളൂ....
✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️