Aksharathalukal

നൂപുരധ്വനി 🎼🎼 (1)

തുറന്നു കിടക്കുന്ന ആ വലിയ ഗേറ്റിന് മുൻപിലവൾ ഒരു നിമിഷം സ്ഥബ്ധയായി നിന്നു...ഗുൽമോഹർ മരങ്ങളാൽ ഇരു വശത്ത് നിന്നുമൊരു കവാടം ആ ഗേറ്റിനു മുകളിലേക്ക് ഉയർന്നു നിന്നിരുന്നു...നടന്നു നീങ്ങുന്ന ഓരോ വിദ്യാർഥിയിലുമെന്ന പോലെ ചുവന്ന പുഷ്പങ്ങൾ വർഷിച്ചു കൊണ്ടാ വൃക്ഷങ്ങൾ ഉത്സവപ്പറമ്പിൽ തലയെടുപ്പോടെ നിന്നാടുന്ന ഗജവീരന്മാരെപ്പോലെ പ്രൗഢിയോടെ ശിരസുയർത്തി നിന്നുലഞ്ഞു...


മുന്നോട്ട് മുന്നോട്ട് കണ്ണുകൾ നീണ്ടു പോകുമ്പോൾ ആ കലാലയത്തിന്റെ വിസ്തൃതമായ ക്യാമ്പസിന്റെ മനോഹര ദൃശ്യം പരവതാനി കണക്കെ വീണു കിടക്കുന്ന ശോണരേണുക്കൾ തീർക്കുന്ന ഡെലോണിക്സ് പുഷ്പങ്ങളാൽ അലങ്കൃതമായി തീർന്നിരുന്നു....

അവളെ കടന്നുപോയ ഒരുപാട് പേർ പലയിടങ്ങളിലേക്ക് സ്ഥാനമേറി കഴിഞ്ഞിരുന്നു... ക്ലാസ്സുകളിലേക്ക്... ഗുൽമോഹർ വൃക്ഷങ്ങളുടെ തണലിലേക്ക്.... കാന്റീനിലേക്ക്... ലൈബ്രറിയിലേക്ക്... എല്ലാം കണ്ടു കൊണ്ടവൾ അവിടെ തറഞ്ഞു നിന്നു... എന്നാൽ കണ്ണുകൾ കൊണ്ട് മാത്രം... മനസ്സപ്പോഴും വർഷങ്ങൾക്ക് മുൻപാ ക്യാമ്പസ്സിലൂടെ പാറി നടന്നിരുന്ന രണ്ട് പെൺകുട്ടികളിൽ മാത്രമൊതുങ്ങി നിന്നു...

തിരിച്ചു വരവാണിത്... എല്ലാമുപേക്ഷിച്ചു പോയിടത്തേക്കൊരു മടങ്ങി വരവ്.. പക്ഷേ ഈ വരവിലാ രണ്ട് പെൺകുട്ടികളില്ല.. ഒരാൾ മാത്രം..ഏകാകിയായ താൻ മാത്രം....
എന്തിനെന്നറിയാതെ അവളുടെ കണ്ണുകൾ ഒഴുകിക്കൊണ്ടേയിരുന്നു.... ആഗ്രഹിക്കാത്തിടത്തേക്ക്... വീണ്ടും.. വേണ്ടിയിരുന്നില്ല.... പക്ഷേ നിസ്സഹായയാണ് താൻ.. എന്നത്തേയും പോലെ... നിസ്സഹായതയാണ് താൻ ജീവിതത്തിലിന്നോളമെടുത്ത തീരുമാനങ്ങൾക്കൊക്കെ പിന്നിലെ ഒരേയൊരു ഹേതു....

അവൾ കണ്ണുകൾ ഇറുകെയടച്ചു... ആ അന്ധകാരത്തിൽ അവൾക്കിപ്പോഴും ഒരു മുഖം മാത്രമേ തെളിയൂ.. ഒരിക്കലുമൊരിക്കലുമതിനൊരു മാറ്റമുണ്ടാകില്ല... പെയ്യാൻ വെമ്പി നിന്ന രണ്ട് തുള്ളി കൂടി പെയ്തിറങ്ങിയതും അവളത് വാശിയോടെ തുടച്ചു നീക്കി.... ഒന്ന് ദീർഘമായി ശ്വാസം വലിച്ചു വിട്ട് മുന്നോട്ട് നാലടി നടന്നതും കണ്ടു ഇടത്‌ വശത്ത് കുറേ ആൺകുട്ടികൾ ചേർന്ന് വലിച്ചു കെട്ടുന്ന ഫ്ലക്സ്...

\"നവാഗതർക്ക് സ്വാഗതം \"

ആ അക്ഷരങ്ങൾക്കും നിറം ചെഞ്ചുവപ്പു തന്നെ....ചുവപ്പണിഞ്ഞ ഡെലോണിക്സ് മരത്തിൽ വലിച്ചു കെട്ടിയിരിക്കുന്നു അത്‌... ആ അക്ഷരങ്ങൾക്ക് പോലും അവളിൽ ഉണർത്താനുണ്ടായിരുന്നത് വേദനയും സന്തോഷവും ഒരുപോലെ നിറഞ്ഞ ഓർമ്മകൾ മാത്രമായിരുന്നു...

ഓർമ്മകളിലേക്കിറങ്ങാനുള്ള അവസരമല്ലാത്തത് കൊണ്ട് അവൾ കാലുകൾ വലിച്ചു വച്ച് വേഗത്തിൽ മുന്നിലേക്ക് നടന്നു... ഓഫീസ് മുറിയാണ് ലക്ഷ്യം... പോകുന്ന വഴിയിലെ പരിചിതമായ പല കാഴ്ചകളും അവൾ കണ്ടില്ലെന്ന് നടിച്ചു... ഓർമ്മയിലെ ഇതളുകളെ ആ കാഴ്ചകളോരോന്നും നുള്ളിയുണർത്തുമെന്ന് അറിയുന്നത് കൊണ്ടു തന്നെ... നടക്കാനുള്ള കാഴ്ചക്കായി മാത്രം കണ്ണുകൾ തുറന്നു പിടിച്ചിരുന്നു അവൾ...

ഓഫീസ് മുറിയിലേക്ക് കടന്നതും കണ്ടു രണ്ട് മൂന്ന് വരികളിലായി നിൽക്കുന്ന കുട്ടികളെ.. പുതിയതായി ചേർന്ന കുട്ടികളാകും.. തന്നെപ്പോലെ... ഒഴിഞ്ഞ് കിടക്കുന്ന കസേരകളിലേക്ക് വേഗത്തിൽ കയറിയിരിക്കുന്ന ജീവനക്കാരെ കണ്ട് അവളൊന്ന് പുഞ്ചിരിച്ചു ... വൈകിയവർ ഓടിയാണ് അകത്തേക്ക് കയറുന്നത്... അവളൊരു ചിരിയോടെ ഇടം കയ്യിലെ വാച്ചിലേക്ക് നോക്കി.. സമയം 8:58.. അവളൊന്ന് പുഞ്ചിരിച്ചു.. ഒരു മാറ്റവുമില്ല... കൃത്യനിഷ്ഠ ഇപ്പോഴും നിർബന്ധിതമായി പാലിക്കപ്പെടുന്നുണ്ട് ആ കലാലയത്തിൽ...ക്ലാസ്സുകൾ തുടങ്ങുന്നത് ഒൻപതരയ്ക്കാണെങ്കിലും ഓഫീസ് ഒൻപതിനു തന്നെ തുടങ്ങും...

ശ്രീകാർത്തിക തിരുനാൾ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ്, എറണാകുളം

പേര് പോലെ തന്നെ പ്രൗഢമാണ് ഈ കലാലയത്തിന്റെ ചരിത്രവും....പഴയ കൊച്ചിരാജ്യം ഭരിച്ചിരുന്ന രാജവംശത്തിലെ അവസാന രാജാവ് സ്ഥാപിച്ചതാണീ കോളേജ്.. അദ്ദേഹത്തിന്റെ തിരുനാൾ ചേർത്താണതിനിങ്ങനെ പേര് വന്നതും... അദ്ദേഹം നാട് നീങ്ങിയെങ്കിലും പിന്നീട് ജനാധിപത്യം വന്നെങ്കിലും രാജകുടുംബം വഴിപിരിഞ്ഞ് പലയിടങ്ങളിലേക്ക് കുടിയേറിയെങ്കിലും ഒരു ശാഖ മാത്രം ഈ മണ്ണിൽ നില നിന്നു... ബിസിനസ് മേഖലയിൽ ചുവടുറപ്പിച്ചു കൊണ്ട്...ഈ കലാലയത്തിന്റെ സാരഥ്യം ഏറ്റെടുത്തുകൊണ്ട്...

ഓർത്തു കൊണ്ട് നിൽക്കവേ അവൾക്ക്‌ മുൻപിൽ നിൽക്കുന്ന പെൺകുട്ടി നീങ്ങി...
അവൾ വേഗം തന്റെ കയ്യിലിരിക്കുന്നൊരു പേപ്പർ കൊടുത്തു...

\"രുദ്രവേണി. കെ \"
സ്റ്റാഫ് വിളിച്ചു..
\"അതേ മാം \"
അവർ മുഖമുയർത്തി അവളെ നോക്കി.. അവരുടെ പുരികമൊന്ന് ചുരുങ്ങി.. കണ്ണിലെ കണ്ണട ഒന്ന് നേരെ വച്ച് അവരവളെ സൂക്ഷിച്ചു നോക്കി എവിടെയോ കണ്ട് മറന്നത് പോലെ.. അവൾക്കുമൊരു പരിഭ്രമം തോന്നി.. തന്നെ അറിയുന്നവർ.. അല്ല തന്നെയും തന്റെ ചക്കിയെയും പരിചയമുള്ള ചിലരെ താൻ പ്രതീക്ഷിച്ചതാണ്.. എങ്കിലും...

\"താൻ പി.ജി ആണല്ലേ?\"
അവരുടെ ചോദ്യം വന്നു..
\"അതേ \"
\"ഫോം ഞാൻ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.. വൺ വീക്ക്‌ കഴിഞ്ഞിട്ടൊന്ന് വരൂ.. ഐ. ഡി കാർഡും ഹോസ്റ്റൽ കാർഡും റെഡി ആക്കി വച്ചേക്കാം..\"
\"ഓക്കേ മാം.. താങ്ക് യൂ \"
ഒരു ചിരിയോടെ പറഞ്ഞു കൊണ്ട് തല കുലുക്കി അവൾ പതിയെ തിരിഞ്ഞു നടന്നു....

\"ഹാ.. ഇതാര് ബാലുവോ .. ഇന്നാണോ ജോയിൻ ചെയ്യുന്നത്...? \"
\"യെസ് സർ \"
ആ ശബ്ദം...തനിക്കേറ്റവും  പ്രിയമാർന്ന ശബ്ദം...നടന്നു നീങ്ങിയ അവളുടെ കാലുകൾ നിശ്ചലമായി... കണ്ണുകൾ മിഴിഞ്ഞു.. നീരുറവ പൊട്ടിയൊഴുകി... അവൾ ബാഗിൽ മുറുക്കി പിടിച്ച് മാറോട് ചേർത്തു... ഉച്ചത്തിൽ മിടിച്ചു തുടങ്ങിയ ഹൃദയം അവൾക്ക് വരുതിയിലായില്ല...

\"എന്നാടോ കല്യാണം?\"
അവൾ വലം കയ്യാൽ അറിയാതെ തന്നെ വായ പൊത്തിപ്പോയി...കണ്ണുകൾ ഒന്നുകൂടി മിഴിഞ്ഞു..
\"രണ്ട് മാസം കഴിഞ്ഞിട്ടാണ് .. അച്ഛനങ്ങോട്ട് വരുന്നുണ്ട് ക്ഷണിക്കാൻ \"
അവൾ കണ്ണുകൾ ഇറുക്കിയടച്ചു... ഒഴുകിയിറങ്ങിയ കണ്ണുനീരത്രയും അവളുടെ ബാഗിനെ നനച്ചു കുതിർത്തു...
അവൾ ബാഗ് ഒന്ന് കൂടി നെഞ്ചിലേക്ക് അമർത്തി വച്ചു... നെഞ്ച് വേദനിക്കുന്നു.. അലറിക്കരയാൻ തോന്നുന്നു.. ശ്വാസം മുട്ടുന്നു....ഹൃദയത്തോട് ചേർന്നു കിടക്കുന്ന ഒരു ലോഹത്തകിട് ആത്മാവിനെപ്പോലും പൊള്ളിയടർത്തുന്നു...

\"ശരി സർ..  ഞാൻ പ്രിൻസിപ്പാലിനെ കാണാൻ വന്നതാണ്.. ക്ലാസ്സ് തുടങ്ങാറായല്ലോ...നടക്കട്ടെ...\"
\"ഓക്കേ ഡോ.. ഓൾ ദി ബെസ്റ്റ്.. അച്ഛന്റെ കൂടെ അങ്ങോട്ടിറങ്ങ്..\"
\"ശരി സർ \"
കുറച്ച് നിമിഷങ്ങൾ അവന്റെ സ്വരം കേട്ടില്ല... പോയിക്കാണും.. അവൾ മെല്ലെ കണ്ണുകൾ തുറന്നു അമർത്തി തുടച്ചിട്ട് നീങ്ങിയതും ആരോ വന്ന് കയ്യിലിടിച്ചതും ഒന്നിച്ചായിരുന്നു... അവളൊന്ന് വേച്ചു വീഴാൻ പോയി... കയ്യിലിരുന്ന ബാഗ് താഴെ വീണു ...

\"Sorry.. Am really sorry...\"
വീണ്ടുമാ ശബ്ദം...
അവൾക്ക് മുന്നിലേക്ക് നോക്കാൻ പേടി തോന്നി...
മുന്നിലേക്ക് ആ ബാഗ് നീണ്ടു വന്നു... അവൾ മുഖമുയർത്തിയില്ല... ആ മുഖത്തേക്ക് നോക്കാൻ തനിക്കാവില്ല... കൈ നീട്ടി ബാഗ് വാങ്ങി അവൾ തിരിഞ്ഞ് നടന്നു..
\"Are you ok?\"
ആ കരുതൽ.. അതിന് മാറ്റമില്ല...
ഒന്ന് നിന്ന് തിരിഞ്ഞ് നോക്കാതെ തന്നെ അതേ എന്നവൾ തലയനക്കി... പിന്നെ നടന്നു നീങ്ങി... പിറകിലുള്ളവന്റെ കണ്ണുകൾ തനിക്ക് നേരെയാണെന്നവൾ അറിഞ്ഞില്ലാ നേരം....

കൈകൾ നെഞ്ചിൽ പിണച്ചു കെട്ടി നിൽക്കുന്ന അവന്റെയാ കണ്ണുകളിലെ ഭാവമെന്തെന്നത് അവ്യക്തം....

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵


പുറത്ത് തനിക്കായി കാത്തുനിൽക്കുന്നൊരു വൃദ്ധനടുത്തേക്ക് അവൾ നടന്നടുത്തു... മുഖത്തെ പതർച്ചയോ കലങ്ങിച്ചുവന്ന കണ്ണുകളോ അദ്ദേഹം കാണാതിരിക്കാൻ അവൾ പാട് പെട്ടു...

\"എന്തായി മോളെ?\"
\"കൊടുത്തിട്ടുണ്ട് അമ്മാമേ...ഇന്ന് ക്ലാസ്സുണ്ട്...ഇനീപ്പോ അമ്മാമ നിൽക്കണ്ട.. ഞാൻ പൊയ്ക്കോളാം..\"
നേരിയ ചിരിയോടെ അവൾ പറഞ്ഞു...
\"മോളെ... ഒന്നും പറഞ്ഞു തരേണ്ട കാര്യമില്ലെന്റെ കുഞ്ഞിന്.. എന്നാലും ന്റെ ആധിയോണ്ട് പറയാ.. ന്റെ മോള് സൂക്ഷിക്കണം.. മനോധൈര്യം പോവാണ്ടേ പഠിക്കണം.. അങ്ങട് വരേ വേണ്ടാട്ടോ.. എന്തെങ്കിലും ഇണ്ട്ച്ചാൽ ആ രേണൂനോടൊന്ന് പറയാ.. അമ്മാമ വന്നോളാം.. \"
അവളുടെ നെറുകിൽ തലോടി അദ്ദേഹം പറയുമ്പോൾ അവൾ വിതുമ്പലടക്കി നിന്നു..

\"ന്റെ കുട്ടി വിഷമിക്കാതെ.. ഒക്കെ മുകളിലൊരാൾ കാണണുണ്ട്.. ന്റെ കുഞ്ഞിന് നല്ലതേ വരൂ..\"
അവളുടെ നെറുകിൽ കൈവച്ചാ വൃദ്ധൻ നിറകണ്ണുകളാൽ പറഞ്ഞു... പിന്നെ ഷർട്ടിന്റെ കയ്യിൽ കണ്ണുകൾ തുടച്ച് തന്റെ കാലൻകുടയൂന്നി തിരിഞ്ഞ് നടന്നു...

സെക്കന്റ്‌ ബെല്ലിന്റെ മണിയൊച്ച അവൾക്ക് തന്റെ കണ്ണീരിനെ നിയന്ത്രിക്കാനുള്ള താക്കീത് കൂടിയായി... വേഗം കൂട്ടിയവൾ പിജി ബ്ലോക്കിലേക്ക് നടക്കുമ്പോൾ ആ കെട്ടിടത്തിന്റെ ഏറ്റവും മുകളിലെ ജനാലയിലൂടെ ആ കണ്ണുകൾ അവളെ തന്നെ നോക്കി നിന്നിരുന്നു....

🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼

നൂപുരധ്വനി 🎼🎼(2)

നൂപുരധ്വനി 🎼🎼(2)

4.6
12148

\"ഹൈ ഞാൻ അനുപമ.. തന്റെ പേരെന്താ? \"\"രുദ്രവേണി \"ക്ലാസ്സിൽ വലത് വശത്തെ മൂന്നാമത്തെ ബെഞ്ചിൽ താനിരുന്നതിന്റെ തൊട്ടടുത്ത് വന്നിരുന്ന പെൺകുട്ടി പരിചയപ്പെടാനായി കൈ നീട്ടുമ്പോൾ ആ കയ്യിൽ കൈ ചേർത്ത് അവൾ തന്റെ പേര് പറഞ്ഞു...\"wow... വലിയ പേരാണല്ലോ.. and it\'s unique too \"ആളൊരു സംസാരപ്രിയയാണെന്ന് തോന്നി രുദ്രയ്ക്ക് ..\"ഇങ്ങനെ നീട്ടി വിളിക്കാൻ ബുദ്ധിമുട്ടാ... I will call you Rudra... നീയെന്നെ അനുവെന്ന് വിളിച്ചോ \"രുദ്രയുടെ മിഴികളൊന്ന് പിടഞ്ഞു...\"രുദ്ര \"ഒരുവന്റെ ശബ്ദത്തിൽ മാത്രം കേട്ടിരുന്ന പേര്...\"അനു.. താനെന്നെ വേണിയെന്ന് വിളിച്ചോ.. എനിക്കതാ ഇഷ്ടം \"\"ഓക്കേ.. അങ്ങനെയെങ്കിൽ അങ്ങനെ...\"തന്റെ വീടെവിടെയാ വേണി? \"\"പ