Aksharathalukal

ഇനിയൊരു ജന്മമുണ്ടെങ്കിൽ....





സായുഷി ആദ്യമായി കോളേജിലേക്ക് പോകുകയാണ്..... ഡിഗ്രി ഒന്നാം വർഷം...... Bsc ഫിസിക്സ്‌...... കോളേജ് കവാടത്തിൽ നവാഗതർക്ക് സ്വാഗതം എന്ന് കണ്ടപ്പോഴും അവളുടെ മനസ്സിൽ നിർവികാരത തളംകെട്ടി നിൽക്കുകയായിരുന്നു......അവൾ പതിയെ ഗേറ്റ് കടന്ന് അകത്തേക്കു നടന്നു...... അലസമായ മനസ്സോടെ ചുറ്റിനും കണ്ണോടിച്ചപ്പോഴാണ് അടുത്തായുള്ള വാകമരച്ചുവട്ടിൽ ഒരു കൂട്ടം സീനിയർസ് നിൽക്കുന്നത് കണ്ടത്...... അവരുടെ നോട്ടം തന്നിലാണെന്ന് അറിഞ്ഞതും അവളുടെ ഉള്ളൊന്ന് കിടുങ്ങി......ഞെട്ടലിൽ നിന്ന് മുക്തമാവാൻ കുറച്ചു സമയമെടുത്തു.....അതിലൊരാൾ അപ്പോഴേക്കും അവളെ കൈകാട്ടി വിളിച്ചിരുന്നു..... എന്തെങ്കിലും ഒരു പണി  ഉറപ്പാണ്...... അവൾ പതിയെ അവർക്കടുത്തേക്ക് നടന്നു......

ചുവപ്പ് ചുരിദാർ ആയിരുന്നു അവളുടെ വേഷം..... മുടി കുളിപ്പിന്നൽ പിന്നിയിട്ടേക്കുന്നു..... അത് നിതംബം വരെ നീണ്ടുനിവർന്നു കിടക്കുന്നു......മുന്തിരി കണ്ണുകൾ..... ചുണ്ടുകൾക്ക് ഇളം റോസ് നിറമാണ്..... ആ നിറം കവിളിലേക്ക് പടർന്നിട്ടുണ്ട്......നെറ്റിയിൽ ഒരു സിന്ദൂരകുറി മാത്രം...... കഴുത്തിൽ ഒരു നേർത്ത മാല...... അറ്റത്ത് കുഞ്ഞു ചുവന്ന ഹൃദയം...... കാതിൽ ഒരു സ്റ്റഡ് ഇട്ടിട്ടുണ്ട്.....ഇടത്തെ കയ്യിൽ ഒരു വാച്ച്......മറ്റേ കയ്യിൽ ബാഗുമുണ്ട്.....ഒരു കൊച്ചു സുന്ദരി..... പക്ഷെ ഒരിക്കൽ നോക്കുന്നയാൾ വീണ്ടും നോക്കാൻ ശ്രമിക്കും......കണ്ണിന് ആസ്വാദ്യ കരമായ ആ രൂപം വെറുതെ എങ്കിലും നോക്കികൊണ്ടിരിക്കാൻ തോന്നും.......

അവൾ നടന്നടുക്കുതോറും ആ കൂട്ടത്തിലെ സകലരുടെയും കണ്ണ് അവളിൽ തറഞ്ഞു നിന്നു.......

ആ കൂട്ടത്തിലെ ഗിരിരാജകോഴി ഒരു മാലാഖയെ കണ്ടപോലെ കണ്ണിൽ നക്ഷത്രം തെളിയിച്ചു ഇളിച്ചു നിൽപ്പുണ്ട്...... എല്ലാവരും സ്വബോധം വീണ്ടെടുത്തെങ്കിലും ഗിരിരാജന് അല്പം കൂടി സമയവും അടുത്തുള്ളവന്റെ ചവിട്ടും അധികം വേണ്ടി വന്നു ഇല്ലാത്ത ബോധമണ്ഡലത്തിലെത്താൻ......
(ഇപ്പൊ കൊച്ചിന്റെ സൗന്ദര്യം മനസിലായികാണുമല്ലോ ലെ )

"എന്താടി നിന്റെ പേര്???" ഞെട്ടണ്ട കൂട്ടത്തിലെ സ്വയമേ സുന്ദരിയായി വിശേഷിപ്പിച്ചു നടക്കുന്നവളുടെ ആയിരുന്നു ചോദ്യം...... കാര്യം മനസിലായില്ലേ..... അസൂയ രോഗമാണ്......

"സായുഷി " ഒരല്പം ഭയം അവളുടെ വാക്കുകളിൽ തങ്ങി നിൽപ്പുണ്ടായിരുന്നു......

"അയ്യോ.... മോളെന്തിനാ ഞങ്ങളെ പേടിക്കുന്നെ.... ഞങ്ങൾ ഒന്നും ചെയ്യില്ല....." ഗിരിരാജൻ ഒരു ഇളി പാസാക്കി കൊണ്ട് പറഞ്ഞു...... അവൾ വെറുതെ കേട്ടുനിന്നു എന്നല്ലാതെ യാതൊരു ഭാവവ്യത്യാസവും അവളുടെ മുഖത്ത് ഉണ്ടായിരുന്നില്ല......

"ഡാ ഡാ മതി നിന്റെ ഓഞ്ഞ ഇളി ഒന്ന് നിർത്തുവോ..... കഷ്ടം.....
അഹ് കൊച്ചേ..... നീ ഏത് ഡിപ്പാർട്മെന്റ് ആണ്???" കൂട്ടത്തിലെ വേറൊരുത്തൻ ആദ്യം ഗിരിരാജനെ പുച്ഛിച്ചു.... പിന്നെ സായുഷിയോടായി ചോദിച്ചു.....

"ഞാൻ.... ഫിസിക്സ്‌ ആണ്...." അവൾ നിർത്തി നിർത്തി മറുപടി നൽകി...... ഫിസിക്സ്‌ എന്ന് കേട്ടതും എല്ലാവരും പരസ്പരം ഒന്ന് നോക്കി.....

"ഇവള് ബുജ്ജി ടീം ആണല്ലേ....." ഗിരിരാജൻ അല്പം ഇഷ്ടക്കേടോടെ അടുത്തുള്ളവന്റെ ചെവിയിലായി ചോദിച്ചു..... അവനും പാവം ഗിരിയെ പുച്ഛിച്ചു.....

"ഓഹ്..... റോയൽ ഫിസിക്സ്‌ ലെ.....
ഹ്മ്മ്..... സീനിയർസ് ജൂനിയർസ് റിലേഷനും അവർക്കിടയിലെ നിയമങ്ങളും മറ്റുമൊക്കെ അറിയാമായിരിക്കുമല്ലോ..... തരുന്ന ടാസ്ക് അപ്പടിയങ് ചെയ്യണം.... അത്രേ ഉള്ളു......
ഞങ്ങൾ മോൾക്കൊരു പണി തരാം...... നൈസ് ന് അതങ്ങ് ചെയ്താൽ നോ മോർ ഇഷ്യൂസ്......"
കൂട്ടത്തിൽ തള്ളച്ചി ലുക്ക്‌ ഉള്ളൊരുത്തി..... ഗാങ് ന്റെ ലീഡർ എന്നൊക്കെ പറയാൻ പറ്റുന്ന ടൈപ്പിൽ ഒരെണ്ണം സായുഷിയെ മൊത്തത്തിൽ ഒരു നോട്ടം നോക്കി പറഞ്ഞു......

അത് കേൾക്കേണ്ട പാട്.... ഉള്ളിൽ തീ ആളിപടരുന്നത് സായുഷി ഞെട്ടലോടെ മനസ്സിലാക്കി...... ശരീരമാകെ വിയർക്കാൻ തുടങ്ങി..... കാലുകൾ നിലത്തുറക്കാത്ത പോലെ...... കൈക്കുള്ളിൽ കെർചീഫ് ഇരുന്നു ഞെരിഞ്ഞമങ്ങി...... എന്തായിരിക്കും ടാസ്ക് എന്നുകൂടി ഓർക്കേ അവളുടെ ഉള്ളിലെ ഭയം ഇരട്ടിച്ചു....... അവൾ ദയനീയമായി എല്ലാവരെയും നോക്കി.......

പക്ഷെ അവരുടെ ഉള്ളിൽ ഫിസിക്സ്‌ ഡിപ്പാർട്മെന്റ്നോടുള്ള ദേഷ്യം നിറഞ്ഞുതുളുമ്പിയിരുന്നു...... ഫിസിക്സ്‌ ലെ ഒരാളെ വേട്ടയാടാൻ കിട്ടിയ അവസരമായിരുന്നു അവർക്കത്...... എന്തിനും ഏതിനും തങ്ങളെ കവച്ചുവെയ്ക്കുന്ന ഫിസിക്സ്‌ ടീമിനോടുള്ള പക ആളിക്കത്തി.......

"ഹാ..... അപ്പോഴേ..... പൊളിറ്റിക്‌സിൽ പിജി പഠിക്കുന്ന..... സഖാവ് അഭി...... നിനക്ക് അറിയില്ല...... ഇവിടെ ഉള്ള ആരോട് ചോദിച്ചാലും കാണിച്ചു തരും ട്ടൊ..... ആ പുള്ളിയോട് പോയി ഐ ലവ് യു എന്നൊന്ന് പറഞ്ഞ മതി...... പ്രോബ്ലം സോൾവ്ഡ്......" അവൾ പറഞ്ഞു നിർത്തിയതും പ്രതീക്ഷിച്ച പണി തന്നെ കിട്ടി എന്നോർത്ത് അവൾ തലക്ക് കൈ വെച്ചു.....

ലവ്....!
തന്റെ ജീവിതത്തിൽ ഒരു സ്ഥാനവുമില്ലാത്ത വാക്ക്...... അവളുടെ മനസ്സിലേക്ക് കഴിഞ്ഞു പോയ കാലം കടന്ന് വന്നു.....

തനിക്ക് 12 വയസ്സുള്ളപ്പോഴാണ് അച്ഛനും അമ്മയും പിരിയുന്നത്.....അച്ഛൻ ഒരു വാക്ക് പോലും പറയാതെ തന്നിൽ നിന്നകന്നു..... ഒരു മകളെ ഒറ്റക്ക് നോക്കാൻ പാടാണെന്ന് പറഞ്ഞ് അമ്മ പിന്നീട് വേറെ വിവാഹം കഴിച്ചു...... അതിൽ രണ്ട് കുട്ടികളുമായി......തന്റെ ജീവിതം നശിപ്പിച്ച ആദ്യ ഭർത്താവിനോടുള്ള ദേഷ്യം അയാളുടെ മകളായ തന്നോട് തീർക്കാൻ തുടങ്ങി അമ്മ....... തീർത്തും നരകതുല്യമായ ജീവിതമാക്കി മാറ്റി തന്റേത്...... പ്ലസ് ടു കഴിഞ്ഞു പഠിപ്പിക്കില്ലെന്ന് പറഞ്ഞു...... തന്റെ ഉറ്റക്കൂട്ടുകാരി ശിവന്യ യുടെ വീട്ടുകാരുടെ ഇടപെടൽ കൊണ്ട് താൻ ഇന്ന് ഇവിടെ ഇങ്ങനെ നിൽക്കുന്നു...... ശിവന്യയുടെ വീട്ടിലാണ് ഇപ്പോൾ താമസവും.......
ഇടക്കൊരിക്കൽ അച്ഛൻ തന്നെ കാണാൻ വന്നിരുന്നു...... അമ്മയുടെ സ്വഭാവം അറിയാവുന്നതുകൊണ്ടാണ് തന്നെ കാണാൻ ഇതുവരെ വരാതിരുന്നതെന്ന്...... ഒരു മകൾക്ക് അമ്മയുടെ പരിചരണം ആവശ്യം ഉണ്ട് എന്നതിനാലാണ് തന്നെ അമ്മയോടൊപ്പം അയച്ചതെന്നും പറഞ്ഞു....... ഇനി മുന്പോട്ട് അച്ഛൻ താങ്ങായി ഉണ്ടാവുമെന്നും അച്ഛനൊപ്പം വരണമെന്നും ആവശ്യപ്പെട്ടു....... സ്നേഹപൂർവ്വം അവയൊക്കെ നിരസിച്ചു...... ഇത്ര കാലം ഇല്ലാതിരുന്നത് ഇനിയും വേണ്ട....... ആർക്കും ഒരു ബുദ്ധിമുട്ടവേണ്ട......പക്ഷെ അന്ന് ആ അച്ഛന്റെ കണ്ണുകൾ പശ്ചാത്താപത്തിന്റെ കണ്ണീർ കടൽ തീർത്തപ്പോഴും ഒപ്പം നിന്ന് കണ്ണീരൊപ്പി എന്നല്ലാതെ കൂടെ പോവാൻ തോന്നിയില്ല.......

പ്രണയം...... തന്റെ മുൻപിൽ തകർന്നു വീണ അച്ഛന്റെയും അമ്മയുടെയും വിവാഹബന്ധവും ഒരു കാലഘട്ടത്തെ പ്രകമ്പനം കൊള്ളിച്ച അതിതീവ്ര പ്രണയബന്ധം കൂടി ആയിരുന്നു...... ഓർമ വെച്ച കാലം മുതൽ അച്ഛനും അമ്മയും അടി ഇടുന്നതെ കണ്ടിട്ടുള്ളു....... കലാലയ ജീവിതത്തിലെ തന്റെ പ്രണയിനി ആയിരുന്നില്ല വിവാഹ ശേഷം അമ്മ എന്നായിരുന്നു അച്ഛൻ പറഞ്ഞത്...... തീർത്തും ക്രൂരയായിരുന്നു...... എന്തിനും ഏതിനും വഴക്കും തർക്കവും..... പോരാത്തതിന് സംശയരോഗവും....... ഒരു കുടുംബജീവിതത്തിൽ ഒരിക്കലും പാടില്ലാത്തത്.......
ഇതൊക്കെ കൊണ്ടുതന്നെ തന്റെ ജീവിതത്തിൽ ഒരു അർത്ഥവുമില്ലാത്ത വാക്കായി പ്രണയം മാറിയിരുന്നു......


ഇന്നാദ്യമായി താൻ ഒരാളോട്...... എതിർക്കാൻ കഴിയുകയില്ല...... ആരാണെന്നോ എന്താണെന്നോ അറിയില്ല......

അവൾ മനസിൽ ഓരോന്ന് ആലോചിച്ചു കൂട്ടികൊണ്ട് മുന്പോട്ട് നടന്നു....... അപ്പോഴാണ് കാന്റീനിന്റെ മുൻപിൽ കുറച്ചു വണ്ടികളിലായി മൂന്നു നാലുപേർ കൂട്ടം കൂടി ഇരിക്കുന്നത് കണ്ടത്..... അവൾ വേഗം അങ്ങോട്ടേക്ക് നടന്നു.......

"എസ്ക്യൂസ്‌ മീ..... ഈ സഖാവ് അഭി ആരാ.....??" ഉള്ളിലെ ഭയത്തെ പുറത്ത് വരാതെ അടക്കിപിടിക്കാൻ അവൾ നന്നേ പാട് പെട്ടു......

"ഏഹ്ഹ്.... നീ ആരാ.....???" താടിയൊക്കെ നീട്ടിവളർത്തിയ ഒരുത്തൻ ചോദിച്ചു......

"ആരായാലെന്താ..... മിത്രയോട് ചോദിച്ചു നോക്കിയാൽ ആളെ കിട്ടും......
ഇത് മറ്റേവന്മാർ പണി കൊടുത്തത ഈ കൊച്ചിന്..... അവിടെ നിക്കുന്നത് ഞാൻ കണ്ടായിരുന്നു....."

സായുഷി മറുപടി പറയും മുൻപ് വേറൊരുത്തൻ അവളോടും പിന്നീട് മുടി വളർത്തിയവനൊടുമായി പറഞ്ഞു......

"ദേ അപ്പുറത്തിരിപ്പുണ്ട് മിത്ര..... അവളോട് ചോയ്ക്ക്....." അവൻ തന്നെ വഴി കാണിച്ചു കൊടുത്തു..... അവൾ പതിയെ അപ്പുറത്തായി ഇരിക്കുന്ന പെൺക്കൂട്ടത്തിനടുത്തേക്ക് നടന്നു...... അവൻ കൈചൂണ്ടിയത് ഒരു വെളുത്തു മെലിഞ്ഞൊരു പെൺകുട്ടിക്ക് നേരെ ആയിരുന്നു..... സായുഷി വേഗം അവളുടെ അടുത്തേക്ക് ചെന്ന്.....

"ചേച്ചി..... മിത്ര ചേച്ചി.....?"

"ഓഹ്...... മിത്ര..... ദാണ്ടേ..... ആരോ...." ആ പെൺകുട്ടി പറഞ്ഞു മുഴുവിപ്പിക്കും മുൻപ് അവിടെ ഒരു ആരവം മുഴങ്ങി കേട്ടു......
എല്ലാവരും ആ ശബ്ദം കെട്ടിടത്തേക്ക് ഓടി...... സായുഷി സങ്കടത്തോടെ തന്റെ ക്ലാസ്സ്‌ അന്വേഷിച്ചു കണ്ടെത്തി അവിടേക്ക് നടന്നു..... എന്താണ് ബഹളംഎന്നൊന്നും അന്വേഷിക്കാൻ അവളുടെ മനസ്സനുവദിച്ചില്ല.......

അന്നത്തെ ദിവസം പിന്നെ ആരുടേയും ശല്യമില്ലാതെ കടന്നുപോയി...... ക്ലാസ്സിലെ പലരും മിണ്ടാൻ വന്നപ്പോഴും ഒഴിഞ്ഞുമാറി..... ആരോടും കൂടുതൽ അടുത്തില്ല...... കോളേജ് വിട്ടാൽ ഉടനെ ശിവന്യയുടെ വീട്ടിലേക്ക് പോകും..... അന്നന്നു നടന്നതൊക്കെയും ശിവന്യയോട് പറയാതെ സായുശിക്ക് ഒരു സമാധാനം കിട്ടില്ലായിരുന്നു...... സത്യത്തിൽ അവർ സുഹൃത്തുക്കൾ മാത്രം അല്ലായിരുന്നു..... നല്ല സഹോദരങ്ങൾ കൂടി ആയിരുന്നു......


രണ്ട് ദിവസം കഴിഞ്ഞു കാന്റീനിലൂടെ നടക്കുമ്പോഴാണ് ഏതോ കുട്ടികൾ സംസാരിക്കുന്നത് സായുഷി കേട്ടത്..... സഖാവ് അഭി കഴിഞ്ഞ ദിവസം നടന്ന ബഹളത്തിൽ ഉണ്ടായിരുന്നെന്നും എന്തോ അടിപിടി ആണെന്നും..... അതിൽ ആരെയോ സഖാവ് കുത്തിയെന്നും അവനിപ്പോൾ ഹോസ്പിറ്റലിൽ ക്രിട്ടിക്കൽ സ്റ്റേജ് ഇൽ ആണെന്നും.....സഖാവിപ്പോൾ ഒളിവിൽ ആണെന്നും അവരിൽ നിന്ന് അവൾ അറിഞ്ഞു...... പക്ഷെ സഖാവ് ഒരിക്കലും ആരുടെയും ജീവനെടുക്കാനൊന്നും നോക്കില്ലെന്നും അവർ പറയുന്നുണ്ടായിരുന്നു.....ആകെ ഒരു ഞെട്ടലായിരുന്നു......

അന്ന് വൈകിട്ട് ക്ലാസ്സ്‌ കഴിഞ്ഞു ഗേറ്റ് ന്റെ അടുത്തേക്ക് നടക്കുമ്പോഴാണ് ഒരു പെൺകുട്ടി ഓടി വന്നു സായുഷിയുടെ മുൻപിൽ കയറി നിന്നത്.......

"നീ അല്ലെ സായൂഷി..... നീ എന്തിനാ എന്റെ മനുവിന്റെ പുറകെ നടക്കുന്നത്...... അവനെ മറന്നേക്ക് അവൻ എന്റെയാ...... അവനെപ്പറ്റി അന്വേഷിക്കണ്ട......ഇനിയും അവനെ മനസ്സിൽ വെച്ച് നടന്നാൽ..... നി വിവരമറിയും...... നിനക്കെന്നെ അറിയില്ല...... ഞാൻ മഹാമോശമാ......" അവൾ പറയുന്നത് കേട്ട് ആദ്യം സായുഷി ഒന്ന് ഞെട്ടിയെങ്കിലും.....

"ആരുടെ കാര്യമാ പറയുന്നത്..... ഞാൻ ആരുടേയും പുറകെ നടക്കുന്നില്ല...... നിങ്ങൾ കരുതുംപോലൊരു പെൺകുട്ടി അല്ല ഞാൻ......." അവൾ അത്രയും പറഞ്ഞു മുന്പോട്ട് പോകാൻ തുടങ്ങവേ ആ പെൺകുട്ടി വീണ്ടും മുൻപിൽ കയറി നിന്നു......

"നീ ഒഴിഞ്ഞു പോവില്ല ലെ...... നീ എന്റെ കയ്യിന്നു കൊണ്ടേ പോകുള്ളൂ....." അവൾ അതും പറഞ്ഞ് സായുഷിയുടെ തോളിൽ കൈ വെച്ചതും സായുഷി അവളുടെ കൈ തട്ടി മാറ്റി......

"ദേ ആദ്യം നിങ്ങൾ ഈ മനു ആരാണെന്ന് എനിക്ക് കാണിച്ചു താ...... ചുമ്മ എന്റെ മെക്കിട്ട് കേറാൻ വരരുത്..... നിങ്ങൾക്ക് എന്നെയും വലിയ പിടി ഇല്ലല്ലോ..... നമ്മൾ തമ്മിൽ മുൻപൊരു പരിചയവുമില്ല...... ഇനിയൊട്ട് ഉണ്ടാവാനും പോകുന്നില്ല..... പിന്നെന്തിനാ നമ്മൾക്കിടയിൽ ഒരു വഴക്...... ഇനി എന്റെ വഴിയിൽ തടസമാവരുത്......." അവളുടെ വാക്കുകൾക്ക് നല്ല മൂർച്ച ഉണ്ടായിരുന്നു...... അവൾ വേഗം പുറത്തേക്ക് നടന്നു....... ആ പെൺകുട്ടി കൈ കൊട്ടി ചിരിച്ചുകൊണ്ട് കോളേജിന്റെ പുറകിലേക്ക് ഓടി......

"ഡാ മനു..... നിന്റ പെണ്ണ് ആള് കൊള്ളാലോ......നിന്നെപ്പറ്റി അവൾ അന്വേഷിച്ചപ്പോഴേ ഞാൻ ഉറപ്പിച്ചു അവൾ നിനക്കുള്ളതാണെന്ന്......"കോളേജിന് പുറകിലുള്ള ഒരു മരച്ചുവട്ടിൽ ഇരിക്കുകയായിരുന്നു മനുവും റിഥിക്കും......

"അഹ് നീ വന്നോ..... മിത്ര പറ അവൾ എന്ത  പറഞ്ഞെ......." മനു കാര്യം അറിയാൻ തിടുക്കം കൂട്ടി...... മിത്ര വള്ളിപുള്ളി വിടാതെ എല്ലാം പറഞ്ഞു...... അവൾ പറയുന്നത് കേൾക്കെ മനുവിന്റെ കണ്ണുകളിൽ സായുഷിയോടുള്ള പ്രണയം നിറഞ്ഞുതൂവി......

"അവൾ കണ്ടാൽ പാവമാണെങ്കിലും ഉള്ളിലൊരു അഗ്നിഗോളമുള്ള പോലെ...... കൊള്ളാം..... നിനക്ക് നന്നായി ചേരും.....
പക്ഷെ അവളൊരു ഇൻട്രോവെർട്ട് ടൈപ് ആണല്ലോ....." മിത്ര മനുവിന്റെ തോളിൽ തട്ടി പറഞ്ഞു...... അവൻ പുഞ്ചിരിക്കുക മാത്രം ചെയ്തു.....

"ഒരുപാട് അനുഭവിച്ചതാണ്...... ജീവിതത്തിൽ ഇതുവരെ സന്തോഷം എന്തെന്നവൾ അറിഞ്ഞിട്ടില്ല......പിന്നെ നീ പറഞ്ഞപോലെ..... അവൾ ഒരു ഇൻട്രോവെർട്ട് ആയിരിക്കാം...... ജീവിതസാഹചര്യങ്ങൾ അവളെ അങ്ങനെ ആക്കി മാറ്റി..... പക്ഷെ അവളിലുമുണ്ട് അവളുടേതായ സന്തോഷം..... അവളുടേതായ വർണങ്ങൾ...... അവളിലുമുണ്ട് ഉയരങ്ങളിലേക്ക് ചിറക് വിരിച്ചു പറക്കാൻ കൊതിക്കുന്നൊരു പെൺപക്ഷി....... ആ പെൺപക്ഷിക്ക് താങ്ങായി തണലായി മരുന്നൊരു ആൺപക്ഷി ആവണം എനിക്കും......"മനു പറഞ്ഞത് കേട്ടപ്പോൾ അവരുടെ മുഖത്തു വല്ലാത്തൊരു പ്രതീക്ഷയും വിശ്വാസവും അഭിമാനവും തെളിഞ്ഞു വന്നു...... 

"സ്വന്തം അമ്മയിൽ നിന്നാണ് അവൾ കൂടുതൽ യാതനകൾ അനുഭവിച്ചത്...... പിന്നിപ്പോൾ കൂടെ പഠിച്ച സുഹൃത്തിന്റെ വീട്ടിൽ...... ഇന്നത്തെ കാലത്ത് ആരെയും വിശ്വസിക്കാൻ പറ്റില്ല...... എങ്കിലും അവർ നല്ല വീട്ടുകാരാണ്......" അവൻ പറയുന്നത് കേട്ട് മിത്ര സംശയത്തോടെ അവനെ ഉറ്റുനോക്കി......

"ഡീ.... നീ ഇങ്ങനെ നോക്കണ്ട..... അവൻ അവളെപ്പറ്റി സകലതും അന്വേഷിച്ചു സെറ്റ് ആക്കിയിട്ടുണ്ട്....." റിഥി പറയുന്നത് കേട്ട് മനു മിത്രയേ നോക്കി ഇളിച്ചു..... മിത്ര അറിയാതെ തലക്ക് കൈ വെച്ചുപോയി......

"തീട്ടം കൊണ്ട് ആറാട്ടെന്ന് പറയുംപോലെ ആയല്ലോ..... പ്രേമിക്കാതിരുന്നു പ്രേമിച്ചപ്പോൾ...... നീ വേറെ ലെവൽ ആഹ്ടാ....." മിത്ര ആദ്യം അവനെ കളിയാക്കിയും പിന്നെ പ്രശംസിച്ചും തോളിൽ തട്ടി ഒടുവിൽ ആഞ്ഞൊരടിയിൽ അവസാനിച്ചു...... മനു വേദനയോടെ പുറകിലായി കാണുന്ന പഴയ ബിൽഡിംങിലേക്ക് ഓടി പോയി..... മിത്ര അത് നോക്കി ചിരിച്ചു..... പതിയെ അവളുടെ ചിരിയിൽ വേദന നിറഞ്ഞു...... അവന്റെ അവസ്ഥ ഓർത്തപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു......


സായുഷി എല്ലാം കൊണ്ടും നന്നേ തളർന്നിരുന്നു...... തളരുമ്പോഴേല്ലാം അവൾക്ക് താങ്ങായി ശിവന്യയുമുണ്ടായിരുന്നു......




അടുത്ത ദിവസം കോളേജിലെത്തിയപ്പോൾ സേവനവാരം എന്നൊക്കെ പറഞ്ഞു എല്ലാവരെയും കോളേജ് കോമ്പൗണ്ട് വൃത്തിയാക്കാൻ ഏൽപ്പിച്ചു....... കോളേജിന് പുറകിലുള്ള സ്ഥലങ്ങൾ വൃത്തി ആക്കുകയായിരുന്നു സായുഷി......
പെട്ടെന്നാണ് തന്റെ അടുത്താരോ ഉണ്ടെന്ന് അവൾക്ക് തോന്നിയത്...... അവൾ ഞെട്ടി തിരിഞ്ഞു നോക്കിയതും അടുത്ത് നിക്കുന്ന വ്യക്തിയുടെ കണ്ണുകളിൽ അവളുടെ കണ്ണുകൾ ഉടക്കി....... ആ കണ്ണുകളുടെ ആഴങ്ങളിൽ പരതുന്നതിനിടയിൽ മറ്റേതോ ലോകത്തെന്നപോലെ അവൾ പരിസരം മറന്നുപോയി....... പതിയെ അവൾ ആ മുഖം മുഴുവൻ കണ്ണോടിച്ചു...... നെറ്റിയിലോട്ട് വീണു കിടക്കുന്ന മുടിയും കണ്ണുകളിലെ തിളക്കവും നീണ്ട മൂക്കും കട്ടി മീശയും അല്പം താടിയും....... കുറച്ചു കഴിഞ്ഞാണ്  അതൊരു ആൺകുട്ടി ആണെന്നും താനിപ്പോൾ അവന്റെ കൈക്കുള്ളിൽ ആണെന്നും സായുഷി മനസിലാക്കിയത്..... അവൾ പെട്ടെന്ന് പിടഞ്ഞെണീറ്റു.....


"ഹലോ..... ഞാൻ മനു......" അവൻ അവൾക്ക് നേരെ കൈ നീട്ടി..... പക്ഷെ അവൾ തിരിഞ്ഞു നിന്ന് തന്റെ പണിയിൽ മുഴുകി......അവളുടെ ഉള്ളിൽ ഒരു ഞെട്ടലും ഭയവും ഒപ്പം ദേഷ്യവും ഉടലെടുത്തിരുന്നു..... 

"ഏയ്യ്...... തനിക്കെന്നോട് വല്ല ദേഷ്യവുമുണ്ടോ...... മിത്ര പറഞ്ഞതിനാണെങ്കിൽ സോറി..... അതവൾ ചുമ്മ തന്നെ കളിപ്പിക്കാൻ പറഞ്ഞതാണ്......" അത് കേൾക്കേണ്ട താമസം  അവൾ തൂത്തുകൊണ്ടിരുന്ന ചൂളുവെച്ചു അവന്റെ കാലിൽ ഒരൊറ്റ കുത്ത് കൊടുത്തു...... അവൻ വേദന കൊണ്ട് പുളഞ്ഞു...... അവനെ അവൾ മൈൻഡ് ചെയ്യുന്നില്ല എന്ന് കണ്ടതും അവളുടെ കയ്യിൽ നിന്നവൻ ചൂൽ പിടിച്ചു വാങ്ങി...... അവൾ അവനെ രൂക്ഷമായി നോക്കി.......

"ഡോ..... ദേഷ്യമാണോ..... സോറി....." അവൻ കൊച്ചുകുട്ടികളെ പോലെ പറഞ്ഞു.....

"ആരാ എന്താ എന്നറിയാത്ത ഒരാളോട് ഞാൻ എന്തിന് ദേഷ്യപ്പെടണം..... പിന്നെ ഇന്നലത്തേതും ഇന്നത്തുമൊക്കെ..... എന്നോടിങ്ങനെ മോശമായി പെരുമാറുന്ന ആദ്യത്തെ ആളൊന്നുമല്ല ഇയാൾ...... എനിക്കിത് ശീലമാണ്......" അവൾ പറഞ്ഞു തീരുമ്പോഴേക്കും കൺകോണിൽ നീർതിളക്കം സൃഷ്ടിക്കപെട്ടിരുന്നു......അത് കാണെ അവന് ചങ്ക് പൊടിയും പോലെ തോന്നി.....

"ഞാൻ..... സോറി..... തന്നെ വേദനിപ്പിക്കാൻ വേണ്ടി ചെയ്തതല്ല......" അവൻ പശ്ചാത്തപതോടെ  തലതാഴ്ത്തി..... അവൾ ചൂലും വാങ്ങി തിരിഞ്ഞു നടക്കാൻ തുടങ്ങവേ അവൻ വീണ്ടും അവളെ തടഞ്ഞു......

"സായുഷി...... ഞാൻ..... എന്നെ ഏർപ്രിയപ്പെട്ടവർ മനു എന്ന് വിളിക്കും....... താനും അങ്ങനെ വിളിച്ചാൽ മതി....... എം എ പൊളിറ്റിക്സ് വിദ്യാർത്ഥി...... ഇവിടെ തന്നെയാണ് ബി എ ചെയ്തതും.....
ഇനി എന്നെ അറിയില്ലെന്ന് പറയരുത്......

പിന്നെ..... എനിക്ക് തന്നെ ഒത്തിരി ഇഷ്ടായി..... താൻ പഠിച്ചിറങ്ങി തന്റെ ലക്ഷ്യം സ്വന്തമാക്കി വരുന്നത് വരെ ഞാൻ കാത്തിരുന്നോളാം..... എവിടെ വേണേലും വന്നു ചോയ്ക്കാം...... പെട്ടന്ന് ഒന്നും പറയണ്ട.....ആലോചിച്ചു തീരുമാനിക്കണം..... കേട്ടോ....." പെട്ടെന്നുള്ള അവന്റെ സംസാരം കേട്ട് സായുഷി ആകെ അമ്പരന്നു പോയി...... അവൻ അവളുടെ തലയിൽ തടവിയതും പോയതുമൊന്നും അവൾ അറിഞ്ഞില്ല...... കുറച്ചേറെ സമയം വേണ്ടി വന്നു അവൾക്ക് കേട്ടതിന്റെ എഫക്ട് ന്ന് മുക്തമാകാൻ......അന്നത്തെ ദിവസം മുഴുവൻ അവളെങ്ങനെ തന്നെ ആയിരുന്നു...... വീടെത്തി ശിവന്യയോട് കാര്യം പറഞ്ഞപ്പോൾ അവൾ യെസ് പറ എന്ന് ശല്യം ചെയ്തുകൊണ്ടിരുന്നു...... എന്ത് ചെയ്യണമെന്നറിയാതെ സായുഷി ഉഴറി........

പിറ്റേ ദിവസം കോളേജിലേക്ക് പോകുമ്പോൾ മനുവിനോട് എന്ത് പറയുമെന്ന ചോദ്യം അവളെ വലച്ചുകൊണ്ടിരുന്നു....... തന്റെ ജീവിതത്തിൽ ആദ്യമായി ഒരാൾ തന്നോട് ഇഷ്ടമാണെന്ന് പറയുമ്പോൾ എന്താ എങ്ങനാ എന്നൊന്നും അറിയാതെ...... ഒരുപാട് ചോദ്യങ്ങൾ അവളുടെ മനസിൽ തളം കെട്ടി....... തന്റെ അച്ഛന്റയും അമ്മയുടെയും ജീവിതം ഓർക്കേ അവളിൽ ഭയവും വേദനയും നിറഞ്ഞു.......

പക്ഷെ അന്ന് മനുവിനെ അവൾ കണ്ടതേയില്ല...... അവൾക്കത് തെല്ലൊരു ആശ്വാസം നൽകി...... വൈകിട്ട് ലൈബ്രറി വരെ പോയി ഒരു ബുക്ക്‌ എടുത്തു കുറച്ചു വായിച്ചു തിരിച്ചിറങ്ങുമ്പോഴേക്കും കോളേജ് ശൂന്യമായിരുന്നു...... എല്ലാവരും പോയി കഴിഞ്ഞിരുന്നു...... സായുഷി വേഗം പുറത്തേക്ക് നടക്കാനൊരുങ്ങവേ ആണ് തന്റെ മുൻപിൽ ആരോ നിൽക്കുന്നത് കണ്ടത്..... പെട്ടെന്ന് മുൻപിൽ മനുവിനെ കണ്ടതും അവൾ വേച്ചു പുറകോട്ടു പോയി..... പക്ഷെ അവന്റെ കൈകൾ അവൾക്ക് താങ്ങായി ഉണ്ടായിരുന്നു.......

"ഒരിക്കലും ഞാൻ ഒറ്റക്കാക്കില്ല..... നിനക്ക് വിശ്വസിക്കാം...... ഞാൻ വാക്ക് മാറ്റിപറയുന്ന ആളല്ല...... ഉറച്ച മനസ്സുള്ള...... ഒരു സഖാ........"

"ഡാ...... മനു..... കഴിഞ്ഞില്ലേ..... വേഗം വന്നേ....." മനു പറഞ്ഞു മുഴുവനാക്കും മുൻപ് റിഥി വിളിച്ചുകൂവിക്കൊണ്ട് അങ്ങോട്ടേക്ക് ഓടി വന്നു...... അവൻ വരുന്നത് കണ്ടതും മനു അവളെ വിട്ട് അകന്ന് നിന്നു......

"നീ നടന്നോ..... ഞാൻ ദാ വരുന്നു......" മനു റിഥിയോട് പറഞ്ഞതും അവൻ തലയാട്ടി പുറത്തേക്ക് നടന്നു......

"എനിക്ക്...... എനിക്ക് അങ്ങനെ ഒന്നും പറ്റില്ല...... പ്ലീസ്..... എന്നെ കമ്പൽ ചെയ്യരുത്...... എനിക്ക് പഠിക്കണം....." അവൻ അവളെ ഉറ്റുനോക്കുന്നത് കണ്ട് അവൾ പറഞ്ഞു......

"ഞാൻ പറഞ്ഞിരുന്നല്ലോ..... തന്നെ പറ്റിക്കാനോ..... കളിച്ചു നടക്കാനോ അല്ല...... ജീവിതാവസാനം വരെ ഈ നെഞ്ചോട് ചേർത്ത് പിടിക്കാനാണ്...... എന്റെ ജീവിതസഖിയായി നീ വേണമെന്ന് ഒത്തിരി ആഗ്രഹിച്ചു പോയി......
ഇനിയിപ്പോ തനിക്ക് അത്ര പെട്ടെന്നൊന്നും എന്നെ അങ്ങനെ കാണാൻ പറ്റില്ലെങ്കിൽ...... നമ്മുക്ക് നല്ല ഫ്രണ്ട്സ് ആയിട്ടിരിക്കാം...... തനിക്കിവിടെ ഫ്രണ്ട്സ് ഒന്നുമില്ലല്ലോ......" അവൻ പറഞ്ഞു നിർതിയിട്ട് അവളെ നോക്കി..... അവൾ ആകെ ശങ്കിച്ചു നിൽക്കുകയാണെന്ന് കണ്ടപ്പോൾ ഒരു യാജനപോലെ അവൻ അവളെ വളരെ ദയനീയമായി നോക്കി...... അത് കണ്ടതും അവൾ തലയാട്ടി സമ്മതിച്ചു....... അവളുടെ സമ്മതം ഒരു കുളിർമഴയായി അവന്റെ നെഞ്ചിൽ പെയ്തിറങ്ങുന്നതായി അവന് അനുഭവപ്പെട്ടു....... അവളിൽ നിന്ന് അകലുമ്പോഴും അവളുടെ തലയിൽ ഒന്ന് തലോടാൻ അവൻ മറന്നില്ല...... എന്തുകൊണ്ടോ അവന്റെ സ്പർശനം ഏൽക്കുമ്പോൾ മരുഭൂമിയിൽ മഴ പെയ്തൊരു അനുഭൂതി ആണ്.......

അന്നത്തെ ദിവസം മുഴുവൻ സായുഷിയുടെ മുഖത്തൊരു പുഞ്ചിരി ഉണ്ടായിരുന്നു...... ഇതൊക്കെ കാണെ ശിവന്യയുടെയും കുടുംബത്തിന്റെയും ഉള്ളിൽ സന്തോഷം നിറഞ്ഞു....... അവർക്ക് അറിയാമായിരുന്നു മനുവിനെ..... അവൻ അവരോടെല്ലാം അന്വേഷിച്ചിരുന്നു അവളെപ്പറ്റി...... അതിൽ നിന്ന് തന്നെ അവർക്ക് അവന്റെ സ്വഭാവം വ്യക്തമായിരുന്നു........

അടുത്ത ദിവസം കോളേജിലെത്തിയതും മിത്ര ഓടി വന്നു കോളേജിന്റെ പുറകിലേ വകമരച്ചുവട്ടിൽ ചെല്ലാൻ പറഞ്ഞു...... കേൾക്കേണ്ട താമസം...... സായുഷി അങ്ങോട്ടേക്ക് പാഞ്ഞു...... അറിയില്ല അതെന്തിനാണെന്ന്..... ആ മുഖം കാണാൻ ഒരു പൂതി..... 😊
ജീവിതത്തിൽ സ്നേഹം വിലക്കപ്പെട്ട കനിയായി മാറിയവർക്ക് എവിടെങ്കിലും ആരെങ്കിലും സ്നേഹിക്കാനുണ്ടെന്ന് അറിയുമ്പോൾ...... അയാളുടെ സ്നേഹത്തെ എങ്ങനെ അവഗണിക്കും...... അയാളെ കാണാനും അയാളോട് മിണ്ടാനും എങ്ങനെ തോന്നാതിരിക്കും....... അത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്.......

അവിടുത്തെ വാകമരച്ചുവട്  അവരുടെ കേന്ദ്രമായി മാറുകയായിരുന്നു...... മനുവിനോടൊപ്പം റിഥിയും സായുശിക്ക് ഒരു നല്ല സുഹൃത്ത് ആയിരുന്നു........ ആദ്യമൊക്കെ സായുഷി റിഥിയോടും മിത്രയോടും ഒന്നും മിണ്ടില്ലായിരുന്നു....... തന്നെ പോലെ തന്നെ സുഹൃത്തുക്കളാണ് അവരെന്ന് മനു അവളോട് ഒത്തിരി പറഞ്ഞിട്ടാണ് സായുഷി അവരോട് മിണ്ടാൻ തുടങ്ങിയത്......
മിത്ര പിന്നെ ഒന്ന് പറഞ്ഞു രണ്ടിന് അടി ഉണ്ടാക്കുന്ന ടൈപ് ആണ്....... പക്ഷെ സായുഷിക്ക് അവളും നല്ലൊരു സഹോദരിയെ പോലെ ആയിരുന്നു.......


അവരുടെ സൗഹൃദം കൂടുതൽ ദൃഢമാകുകയായിരുന്നു...... എന്നാൽ സായുഷിയുടെ ഹൃദയം പതിയെ പതിയെ മനുവിന് വേണ്ടി മിടിക്കാൻ തുടങ്ങിയിരുന്നു....... അത് സായുഷി മനസിലാക്കിയപോലെ തന്നെ മനുവും മനസ്സിലാക്കിയിരുന്നു....... മിത്ര അമിതമായി മനുവിനോട് സംസാരിക്കുകയോ പെരുമാറുകയോ ചെയ്യുമ്പോൾ അവളുടെ മുഖത്തുണ്ടാവുന്ന വ്യത്യാസങ്ങൾ മനുവിനെയും സായുഷിയെയും ഒരുപോലെ അത്ഭുതപ്പെടുത്തിയിരുന്നു....... പക്ഷെ അപ്പോഴും അവളുടെ ഉള്ളിൽ ഭയത്തിന്റ നാമ്പുകൾ അങ്ങിങ്ങായി വേരുറച്ചുകിടക്കുന്നു എന്ന സത്യവും അവനും അവളും തിരിച്ചറിയുന്നുണ്ടായിരുന്നു.......


അവർ ഒരുമിച്ചുള്ള ഒരാഴ്ച കടന്ന് പോയി....... എല്ലാത്തിനും സാക്ഷ്യം വഹിച്ചുകൊണ്ട് വാകമരവുമുണ്ടായിരുന്നു......

ഒരു ദിവസം രാവിലെ വാകമരച്ചുവട്ടിൽ സായുഷിയും മനുവും സംസാരിച്ചിരിക്കുമ്പോഴാണ് എന്തോ പറഞ്ഞു വരുന്ന കൂട്ടത്തിൽ മനു 'സായി ' എന്ന് അവളെ വിളിക്കുന്നത്.......

"ഏഹ്...... എന്നെ ആരും...... എല്ലാരും എന്നെ സായു എന്നല്ലെങ്കിൽ സായുഷി എന്നാണ് വിളിക്കാറ്...... ഇത്......" അവൾ ഞെട്ടിക്കൊണ്ട് പറഞ്ഞു......

"അതിന് എല്ലാവരെയും പോലെ അല്ലല്ലോ ഞാൻ......" അവൻ ഒന്ന് നിർത്തി...... അവളുടെ മുഖത്തേക്ക് നോക്കി..... അവിടെ മറ്റെന്തൊക്കെയോ വികാരങ്ങൾ മിന്നിമറയുന്നത് അവന് വ്യക്തമായിരുന്നു...... അതവന്റെ ചൊടിയിൽ പുഞ്ചിരി വിരിയിച്ചു......

"ഇപ്പൊ പറ..... ഞാൻ നിനക്ക് ആരാണ്...... വെറും സുഹൃത്ത് മാത്രമാണോ......." മനുവിന്റെ പെട്ടെന്നുള്ള ചോദ്യത്തിൽ അവൾ പതറി......
മറ്റെന്തെങ്കിലും പറയുന്നതിന് മുൻപ് എഴുന്നേറ്റോടാൻ ഒരുങ്ങവേ മനു അവളുടെ കയ്യിൽ പിടിച്ചു വലിച്ചു നെഞ്ചിലേക്കിട്ടു....... എന്തോ ഒരുൾപ്രേരണയിൽ അവൾ അവനെ കെട്ടിപിടിച്ചു....... അവനോട് ചേർന്ന് നിൽക്കുമ്പോൾ വല്ലാത്തൊരു സുരക്ഷിതത്വവും സമാധാനവും തന്നെ മൂടുന്നത് അവൾ അറിഞ്ഞു....... കുതറി മാറാൻ ശ്രമിക്കുക പോലും ചെയ്യാതെ തന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി നിൽക്കുന്ന സായുഷിയെ മനു കൈകൾ ഒന്നുകൂടി തന്നോട് ചേർത്ത് നിർത്തി....... രണ്ടുപേരുടെയും ചുണ്ടിൽ മനോഹരമായൊരു പുഞ്ചിരി തെളിഞ്ഞു നിന്നു.........

"ഐ ലവ് യു സായി......" മനു പതിയെ അവളുടെ ചെവിയോട് തന്റെ ചുണ്ടുകൾ ചേർത്ത് മൊഴിഞ്ഞതും അവളുടെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞു..... അവൾ വേഗം അവന്റെ നെഞ്ചിൽ ഒരു കടി കൊടുത്തുകൊണ്ട് അവനെ തള്ളിമാറ്റി കുതറി ഓടി......

"ഡീീ.... നിന്നെ....." മനുവും നെഞ്ചിൽ ഒന്ന് തടവിക്കൊണ്ട് അവളുടെ പുറകെ ഓടി.......
അവൾ ഓടുമ്പോഴും പ്രണയത്തിൽ ചാലിച്ച പുഞ്ചിരി ചുണ്ടിലുണ്ടായിരുന്നു....... അവൾ വേഗം ഓടി ക്ലാസ്സിൽ കയറി...... കുട്ടികളൊക്കെ പുറത്തായിരുന്നു......
അവൾ ക്ലാസ്സിലെ ഭിത്തിയിൽ ചാരി നിന്ന് കിതപ്പടക്കി......

"ഇഷ്ടമാണ്....... ഒരുപാട്...... ഒരുപാട്....... എന്റെ ജീവിതത്തിലെ വെളിച്ചം...... അത് നിങ്ങളാണ്...... കുറെ കാലങ്ങൾക്ക് ശേഷം ഞാൻ ഉള്ളു തുറന്നൊന്നു ചിരിക്കുന്നത് നിങ്ങളോടൊപ്പമാണ്....... ആ നിങ്ങളെ എങ്ങനെ സ്നേഹിക്കാതിരിക്കും...... വർണങ്ങൾ വറ്റി പ്രതീക്ഷകളറ്റ എന്റെ ജീവിതം വർണാഭമാക്കിയ മനുവേട്ടന് വേണ്ടിയാണ് ഇനിയുള്ള എന്റെ ജീവിതം........" അവൾ മനസ്സിൽ പറഞ്ഞു കൊണ്ട് പുറത്തേക്ക് നോക്കവേ കാണുന്നത് ഗ്രൗണ്ട് നിറയെ കുട്ടികൾ കൂടി നിൽക്കുന്നതാണ്.......

ഒരുനിമിഷം കൊണ്ട് തന്റെ ഹൃദയമിടിപ്പ് വർധിക്കുന്നതായി അവൾക്ക് തോന്നി......

ആ ആൾക്കൂട്ടത്തിനടുത്തേക്ക് അടുകുംതോറും അവളുടെ ഹൃദയമിടിപ്പ് ഏറി കൊണ്ടിരുന്നു......

""സഖാവ് അഭി അല്ലെ...... കഷ്ടം തന്നെ....!""

""മ്മ്മ്..... പക്ഷെ സഖാവ് ഒരാളെ കുത്തിയെന്നൊക്കെ പറഞ്ഞത് നുണയ..... സഖാവ് വ്യക്തി വൈരാഗ്യം തീർക്കാൻ നോക്കുന്ന ഒരു ആളല്ല..... ശെരിക്കും കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു......ഈ കോളേജിനു വേണ്ടി എന്തെല്ലാം ചെയ്തതാ....""

""അതെ അതെ...... സഖാവ് അഭിമന്യു അങ്ങനെ ഒന്നും ചെയ്യില്ല...... ഈ നാടിനും നാട്ടാർക്കും അറിയാവുന്നതല്ലേ......
പക്ഷെ ഇതിപ്പോ സഖാവിനെന്തെങ്കിലും സംഭവിച്ചാലോ......""

""അതാ.... എല്ലാവരും നോക്കി നിൽക്കുന്നതല്ലാതെ പ്രതികരിക്കുന്നില്ലല്ലോ...... മിത്ര അറിഞ്ഞില്ലേ.......""

""ഒത്തിരി കുത്തി..... ആഴത്തിൽ ആണ്..... ഇനി രക്ഷപ്പെടുമോ.....??""

ചുറ്റുമുള്ളവരുടെ സംഭാഷണങ്ങൾ കേൾക്കെ സായുഷിക്ക് വല്ലാത്ത പരവേഷം തോന്നി...... അവൾ വേഗം ആ ആൾക്കൂട്ടത്തെ വകഞ്ഞുമാറ്റി അകത്തേക്ക് കടന്നു........

അവിടുത്തെ കാഴ്ച്ച കണ്ട് അവളുടെ ഹൃദയം നിലച്ചുവോ.....?
തന്റെ മുൻപിൽ ചോരയിൽ കുളിച്ചു കിടക്കുന്ന..... ശ്വാസമെടുക്കാനായി പിടയുന്ന മനുവിനെ കണ്ടതും അവൾ ശ്വാസം പോലും എടുക്കാൻ മറന്ന് നിന്നുപോയി......
"സഖാവ് അഭി "അവൾ ഞെട്ടലോടെ ഉള്ളിൽ ഉരുവിട്ട്...
കണ്ണിൽ ഇരുട്ട് പടരുന്നപോലെ...... തലയൊന്ന് കുടഞ്ഞു...... ചുറ്റുമുള്ളവരുടെ കണ്ണിലെ ഭയവും വേദനയും കൂടി ആയപ്പോൾ അവൾ ഓടി ചെന്ന് മനുവിന്റെ അടുത്തിരുന്നു...... തലപൊക്കി മടിയിൽ വെച്ചു......

"മനുവേട്ടാ..... എണീക്ക്..... ഇതെന്താ...... ന്താ പറ്റിയെ...... ആരാ..... ഇതൊക്കെ..... എനിക്ക് പ്രതീക്ഷ തന്നത് എന്നെ തനിച്ചാക്കാൻ ആയിരുന്നോ...... എണീക്ക്...... നമ്മുക്ക് ജീവിക്കണ്ടേ.....

എനിക്കൊത്തിരി ഇഷ്ടവാ.... ഒത്തിരി...... എന്നെ വിട്ടിട്ട് പോവല്ലേ..... എനിക്ക് വേറെ ആരുമില്ല...... അറിയാവുന്നതല്ലേ എല്ലാം......" അവൾ അവന്റെ തല മാറോടു ചേർത്ത് പൊട്ടികരഞ്ഞു...... അവൻ ചോരത്തുപ്പുന്നുണ്ട്...... വളരെ പ്രയാസപ്പെട്ടു കൈ ഉയർത്തി സായുഷിയുടെ കയ്യിൽ പിടിച്ചു..... അവൾക്ക് കയ്യിലെന്തോ തണുപ്പനുഭവപ്പെട്ടു...... അവന്റെ കയ്യ് നിറയെ ചോരയായിരുന്നു.....അവൻ വളരെ പ്രയാസപ്പെട്ടു ശ്വാസം എടുക്കുന്നുണ്ട്...... പക്ഷെ അപ്പോഴും അവന്റെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു......

"ഇ..... ഇനി.......ഇനിയൊരു ജന്മമുണ്ടെങ്കിൽ നിനക്കായ്‌ പിറന്നിടാം സഖീ...... നിന്റെ മാത്രമായി പിറന്നിടാം......." വളരെ ബുദ്ധിമുട്ടി അവൻ അത് പറഞ്ഞതും സായുഷി പൊട്ടികരഞ്ഞുകൊണ്ട് അവന്റെ നെറുകയിൽ മുത്തി...... അവൾ മുഖം ഉയർത്തിയതും മനുവിന്റെ കൈ അവളുടെ കൈയിൽ മുറുകി...... ഒട്ടൊരു നിമിഷത്തിനൊടുവിൽ അവന്റെ കൈ അവളുടെ കൈകളിൽ നിന്ന് ഊർന്നു താഴെ വീണു...... ഒരുനിമിഷം അവളുടെ കണ്ണുകൾ തന്റെ കൈകളിൽ ചോര പുരണ്ട വാകപ്പൂക്കളെ കണ്ടതും ഹൃദയം പൊട്ടുമ്പോലെ അവൾക്ക് തോന്നി......

"സഖാവേ കണ്ണ് തുറക്ക്...... കണ്ണടക്കല്ലേ..... എനിക്ക് വേറെയാരുമില്ലആആ......
സഖാവെ.... സഖാവെ..... ഐ ലവ് യു....... പ്ലീസ്.... സഖാവെ..... എന്നെ വിട്ട് പോവല്ലേ......"

അവന്റെ മുഖത്തേക്ക് നോക്കി വിതുമ്പുമ്പോഴും കയ്യിലെ വാകപ്പൂക്കൾ അവളുടെ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു...... കണ്ണിൽ ഇരുട്ട് പടർന്നു ബോധം മറയുമ്പോഴും തനിക്കേറെ പ്രിയപ്പെട്ടവന്റെ മുഖം ഒരിക്കലും മായില്ലെന്ന ഉറപ്പോടെ കൂടുതൽ ശോഭയോടെ അവളുടെ മുൻപിൽ തെളിഞ്ഞു നിന്നു...... ബോധം കെട്ട് വീഴും മുൻപ് മിത്ര അവളെ താങ്ങിയിരുന്നു...... അപ്പോഴും അവളുടെ സഖാവിന്റെ ശബ്ദം അവളുടെ കാതുകളിൽ മുഴങ്ങി കേട്ടു......

"നിനക്കൊരു താങ്ങായി തണലായി ഞാനുണ്ടാകും സഖീ......

ഇനിയൊരു ജന്മമുണ്ടെങ്കിൽ.......!"



"MKR"

എല്ലാവരും വായിക്കുക...... ഒരുപാട് വലുതായി പോയി...... ആരെയും വേദനിപ്പിക്കാൻ എഴുതിയതല്ല...... പല രക്തസാക്ഷികൾക്കും സംഭവിച്ചത് ഇതൊക്കെ തന്നെയല്ലേ......
ഇത് വായിച്ചിട്ട് കണ്ണ് നിറഞ്ഞവരുണ്ടെങ്കിൽ ഒരു ഹൃദയമെങ്കിലും റിവ്യൂ ആയി എനിക്കായി തരുക....... 💔