Aksharathalukal

നൂപുരധ്വനി 🎼🎼(2)

\"ഹൈ ഞാൻ അനുപമ.. തന്റെ പേരെന്താ? \"
\"രുദ്രവേണി \"
ക്ലാസ്സിൽ വലത് വശത്തെ മൂന്നാമത്തെ ബെഞ്ചിൽ താനിരുന്നതിന്റെ തൊട്ടടുത്ത് വന്നിരുന്ന പെൺകുട്ടി പരിചയപ്പെടാനായി കൈ നീട്ടുമ്പോൾ ആ കയ്യിൽ കൈ ചേർത്ത് അവൾ തന്റെ പേര് പറഞ്ഞു...
\"wow... വലിയ പേരാണല്ലോ.. and it\'s unique too \"
ആളൊരു സംസാരപ്രിയയാണെന്ന് തോന്നി രുദ്രയ്ക്ക് ..

\"ഇങ്ങനെ നീട്ടി വിളിക്കാൻ ബുദ്ധിമുട്ടാ... I will call you Rudra... നീയെന്നെ അനുവെന്ന് വിളിച്ചോ \"
രുദ്രയുടെ മിഴികളൊന്ന് പിടഞ്ഞു...
\"രുദ്ര \"
ഒരുവന്റെ ശബ്ദത്തിൽ മാത്രം കേട്ടിരുന്ന പേര്...
\"അനു.. താനെന്നെ വേണിയെന്ന് വിളിച്ചോ.. എനിക്കതാ ഇഷ്ടം \"
\"ഓക്കേ.. അങ്ങനെയെങ്കിൽ അങ്ങനെ...\"
തന്റെ വീടെവിടെയാ വേണി? \"
\"പാലക്കാട്‌ കൊല്ലങ്കോട്..\"
\"അപ്പൊ ഹോസ്റ്റലിലാണോ?\"
\"അതേ..തന്റെയോ? \"
\"ഇവിടെ അടുത്ത് തന്നെയാ..വീട്ടിലാരൊക്കെയുണ്ട്?\"
\"അമ്മാവനും അമ്മായിയും \"
\"അപ്പൊ പാരെന്റസ്.. സിബ്ലിങ്ങ്സ് ?\"
അനുവിന്റെ ശബ്ദത്തിൽ സംശയം നിറഞ്ഞു...
\"ഇല്ല \"
രുദ്രയുടെ മുഖം താണു.. കണ്ണുകൾ കലങ്ങി..
ചോദിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി അനുവിന്...

രുദ്രയുടെ ആ അവസ്ഥയിൽ എന്ത് പറയണമെന്നറിയാത്തത് കൊണ്ട് അനു ചറപറാ വർത്തമാനം തുടങ്ങി.. വീട്ടുകാരെക്കുറിച്ചും നാട്ടുകാരെക്കുറിച്ചും എന്തിന് പള്ളിയിലെ പുതിയ വികാരിയെ കുറിച്ചു വരെ അവൾ വാതോരാതെ പറഞ്ഞു കൊണ്ടിരുന്നു.... ഒന്ന് മാത്രം മനസ്സിലായി രുദ്രയ്ക്ക്.. ഒരുപാട് അംഗങ്ങളുള്ള ഒരു ക്രിസ്ത്യൻ തറവാട്ടിലെ ചെല്ലക്കുട്ടിയാണ് അവളെന്ന്..പെൺകുട്ടികൾ പറ്റുന്നത്ര പഠിക്കണമെന്ന അവരുടെ നിർബന്ധത്തിന് വഴങ്ങി മാത്രമാണ് അവൾ ഈ ക്ലാസ്സിലിപ്പോൾ ഇരിക്കുന്നതെന്ന്...

രുദ്ര കണ്ണെടുക്കാതെ അവളെ നോക്കിയിരുന്നു.. ഇത് പോലെ നിർത്താതെ ചിലയ്ക്കുന്ന മറ്റൊരു പെൺകുട്ടി അവളിൽ നിറഞ്ഞു നിന്നു... ചുണ്ടിലെ ചിരിക്കൊപ്പം കൺകോണിലൊരു നീർക്കണവും തങ്ങി നിന്നു...

ആദ്യത്തെ അവർ വന്നത് മലയാളം ഡിപ്പാർട്മെന്റ് എച്. ഓ. ഡി ആയിരുന്നു...അദ്ദേഹം കുറെ കാര്യങ്ങളൊക്കെ പറഞ്ഞതിന് ശേഷം ക്ലാസ്സിൽ നിന്നും പോയി...ആകെ പതിനാറ് കുട്ടികളെ ഉള്ളൂ ക്ലാസ്സിൽ.. പതിമൂന്ന് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും...ഓരോ ബെഞ്ചിലും രണ്ട് കുട്ടികൾ വീതമേ ഉള്ളൂ...അനു ഉൾപ്പെടെയുള്ള പെൺകുട്ടികളൊക്കെ പരസ്പരം പരിചയപ്പെടുന്നുണ്ട്.. ഒതുങ്ങിക്കൂടി മൂലയ്ക്കിരിക്കുന്ന ആൺകുട്ടികളെയും അനു വെറുതെ വിടുന്നില്ല...അതൊക്കെ കണ്ടൊരു ചിരിയോടെ രുദ്രയും ഇരിപ്പുണ്ട്...

അപ്പോഴും ഉള്ളിലൊരു ചോദ്യം ബാക്കിയായി..
\"താൻ ആരിൽ നിന്നും ഒളിച്ചോടിയോ അയാളുടെ മുൻപിൽ തന്നെ വന്നു പെട്ടിരിക്കുന്നു... ഏത് തസ്തികയിലാവും അവനിവിടെ ജോലി ചെയ്യുന്നത്... അറിഞ്ഞിരുന്നെങ്കിൽ കൂടിക്കാഴ്ചകൾ കഴിവതും ഒഴിവാക്കാമായിരുന്നു.. ഇനിയതല്ല അധ്യാപകനാണെങ്കിൽ... ആണെങ്കിലത് തന്റെയീ ഡിപ്പാർട്മെന്റിൽ തന്നെയാകും...അവന് താൻ അപരിചിതയാണ്.. പക്ഷെ തനിക്കങ്ങനെയല്ലല്ലോ... തന്റെ ഉയിരേ അവനല്ലേ...അവനെ നോക്കാതെ.. അവന്റെ കണ്ണിൽ പെടാതെ എങ്ങനെ താനീ രണ്ട് വർഷം തള്ളി നീക്കും... അറിയുന്നില്ലല്ലോ എന്റെ ഭാഗവാനേ.. ഇനിയും പരീക്ഷണങ്ങൾ തീർന്നിട്ടില്ലേ... \"
അവൾ ഉള്ളാലെ എരിഞ്ഞു കൊണ്ടിരുന്നു...


ചുറ്റുമുള്ള കലപിലയ്ക്കിടയിലും രുദ്രയ്ക്ക് തളർച്ച തോന്നി.. മനസ്സിന്റെ തളർച്ച ശരീരത്തെ ബാധിച്ചത് പോലെ.. അവൾ ഡെസ്കിലേക്ക് തല ചായ്ച്ചു കിടന്ന് കണ്ണുകളടച്ചു..നിമിഷങ്ങളോളം..
പെട്ടെന്നാണ് ചുറ്റും നിശ്ശബ്ദമായത്.. തനിക്ക് ഇടത് വശത്തെ ബെഞ്ചുകളിൽ കൂടിയിരുന്നവരൊക്കെ വലതു ഭാഗത്തേക്ക്‌ ഓടുന്നത് പോലെ അവൾക്ക് തോന്നി... കണ്ണീരിനാൽ ഒട്ടിയ ഇമകൾ അവൾ തുറക്കാൻ ശ്രമിക്കുമ്പോഴേക്കും  അവളുടെ തലച്ചോറിലേക്ക് രക്‌തമിരച്ചു കയറ്റിക്കൊണ്ട് ആ ശബ്ദം അവളെ തേടിയെത്തി...

\"Hi guys.. Am Balachandra Varma.. Your class deen.. Please sit down \"
കണ്ണുകൾ വലിച്ചു തുറക്കുമ്പോഴാണ് ചുറ്റും നിൽക്കുന്നവരെ അവൾ കാണുന്നത്.. അനു അവളെ തോണ്ടുന്നുണ്ട്.. അവൾ ചാടിയെഴുന്നേറ്റ് നിന്നു...മുന്നിലെ കുട്ടികളുടെ മറയുണ്ടെന്ന ആശ്വാസത്തിൽ.. പക്ഷേ അതേ സമയത്തായിരുന്നു അവരെല്ലാവരും ഇരുന്നതും...മുഖം താഴ്ത്താൻ അവൾക്കൊരു അവസരം കിട്ടുന്നതിന് മുൻപേ ആ മുഖം അവളുടെ കണ്ണിൽ പതിഞ്ഞു...

വർഷങ്ങൾക്ക് ശേഷമാ കണ്ണുകൾ അവളുടെ കണ്ണുകളിൽ നിറഞ്ഞു...ആഴമേറിയ കടുംകാപ്പി മിഴികൾ... വെട്ടിയൊതുക്കിയ മുടിയും താടിയും...വെളുത്ത കോലൻ മുഖത്ത് തികഞ്ഞ ഗൗരവമാണ്.. തികച്ചും പ്രൊഫഷണലായ രീതിയിൽ ടക്ക് ഇൻ ചെയ്ത ഇളം നീല ഷർട്ടും കറുപ്പ് പാന്റ്സുമാണ് വേഷം..പിറകിലെ മേശയിൽ ചാരി കൈകൾ മാറിൽ പിണച്ചു കെട്ടി നിൽക്കുന്നുണ്ട് അവൻ.. കുറച്ച് മെലിഞ്ഞുവോ? അവൾക്ക് സംശയം തോന്നി...

\"താനെന്താ ഇങ്ങനെ കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്നെ..ഇരിക്കെടോ..\"
പതിയെ അവന്റെ കണ്ണുകൾ ചിരിക്കുന്നത് പോലെ തോന്നിയവൾക്ക്.. അത്‌ ശരി വയ്ക്കും പോലെ അവന്റെ ചുണ്ടിലൊരു കുസൃതി വിരിഞ്ഞു..രുദ്രയുടെ കണ്ണുകൾ വിടർന്നു പോയി... ആ കുസൃതി നിറഞ്ഞ മുഖം.. എത്രയോ വട്ടം അവനറിയാതെ നോക്കി നിന്നിരിക്കുന്നു...

അവൻ ചിരിയോടെ നേരെ നിൽക്കുമ്പോഴേക്കും തറഞ്ഞു നിന്ന രുദ്രയെ അനു വലിച്ചു താഴ്ത്തി ഇരുത്തിയിരുന്നു...
\"ഇങ്ങനെയൊന്നും വായ്നോക്കല്ലേ എന്റെ വേണി.. ശേ.. പപ്പി ഷെയിം \"
അനു മൂക്കത്തു വിരൽ വച്ച് കളിയാക്കി... രുദ്ര ശരിക്കും ചൂളിപ്പോയി... പരിസരം മറന്നു താനവനെ നോക്കി നിന്നു പോയെന്നോ... അടക്കി വച്ച മനസ്സ് കൈവിട്ട് പോകുന്നുവോ... അവന്റെ കണ്ണുകൾ തന്നിലേക്ക് നീളുന്നുണ്ടെന്ന് മനസ്സ് പറയുന്നു... പക്ഷേ മുഖമുയർത്തി നോക്കാനാവുന്നില്ല.. കാരണം അവന് താൻ ഒരു വിദ്യാർത്ഥിനി മാത്രം... അഞ്ച് നിമിഷത്തെ പരിചയം പോലുമില്ലാത്തവൾ എന്ന് ബുദ്ധി പറയുന്നു...

അവനെന്തെല്ലാമോ പറയുന്നുണ്ട്... എല്ലാം കേൾക്കുന്നുണ്ടെങ്കിലും ഒന്നും മനസ്സിലാവാത്തത് പോലെ... അവന്റെ ശബ്ദം മാത്രമിങ്ങനെ മുഴങ്ങി കേൾക്കുന്നത് പോലെ.... പെട്ടെന്നാണ് അനു അവൾക്ക് കയ്യിൽ അസ്സലൊരു തട്ട് കൊടുത്തത്.. ഞെട്ടി അനുവിനെ നോക്കുമ്പോൾ ഒരിടത്തേക്ക് അനു കണ്ണ് കാണിച്ചു.. ആ ദിശയിലേക്ക് നോക്കുമ്പോഴാണ് മുൻപിൽ വല്ലാത്തൊരു ഭാവത്തോടെ തന്നെ നോക്കി നിൽക്കുന്ന അവനെ അവൾ കാണുന്നത്...
\"പേര് പറയ്‌ വേണീ \"
പല്ല് കടിച്ച് അനു രുദ്രയോട് പതിയെ പറഞ്ഞു..

പെട്ടെന്നു കാര്യം കത്തി രുദ്ര ചാടിയെഴുന്നേറ്റ് നിന്നു...
\"രു.. രുദ്രവേണി \"
മുഖം കുനിച്ച് പറയുമ്പോൾ അവളുടെ ശബ്ദം ചെറുതായി വിറച്ചിരുന്നു...
\"മ്മ്..\"
ഒന്നമർത്തി മൂളി അവൻ അടുത്ത ബെഞ്ചിലേക്ക് നോക്കി...
ആശ്വാസത്തോടെ നെടുവീർപ്പിട്ട് രുദ്ര ഇരുന്നു...

\"നിനക്കിതെന്താ പറ്റിയേ എന്റെ വേണി.. ആകെ കിളി പോയിരിക്കുവാണല്ലോ \"
അനു അവളെ കളിയാക്കി...രുദ്ര ഒന്ന് ചമ്മി ചിരിച്ചു.. ശരിയാണ്.. മനസ്സ് കൈപ്പിടിയിൽ നിൽക്കുന്നില്ല...

എല്ലാവരെയും പരിചയപ്പെട്ടു കഴിഞ്ഞ് തന്റെ വിഷയത്തെ കുറിച്ചും നിഷ്കർഷകളെ കുറിച്ചുമൊക്കെ അവൻ പറയുന്നുണ്ട്.. ഒരു കാര്യം എല്ലാവർക്കും മനസ്സിലായി... പഠനത്തിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന്...ഒക്കെ കേട്ടിരുന്നു. പക്ഷേ മുഖമുയർത്തിയില്ല.. ശ്രമിച്ചിട്ടും സാധിക്കുന്നില്ലെന്നതാണ് സത്യം... ബെല്ലടിച്ച് അവൻ പുറത്തേക്ക് പോയതും അവൾ നെടുവീർപ്പോടെ മുഖം അമർത്തി തുടച്ചു...

അന്നത്തെ ക്ലാസ്സുകളിൽ മുഴുവൻ ഒരു തരം മരവിപ്പോടെയാണ് രുദ്ര ഇരുന്നിരുന്നത്...കാര്യം അറിയില്ലെങ്കിലും രുദ്രയ്ക്കെന്തോ അസ്വസ്ഥത ഉണ്ടെന്ന് അനുവിന് തോന്നിയിരുന്നു.. സാവകാശം ചോദിച്ചു മനസ്സിലാക്കാമെന്ന് കരുതി അവളുമത് വിട്ടു കളഞ്ഞു... അന്നത്തെ ക്ലാസുകൾ അവസാനിച്ച് എല്ലാവരും യാത്ര പറഞ്ഞ് പലയിടങ്ങളിലേക്ക് പിരിഞ്ഞു...

രുദ്ര ഹോസ്റ്റലിലേക്കും... രാവിലെ തന്നെ സാധനങ്ങൾ മുറിയിൽ കൊണ്ട് വച്ചിരുന്നു അവൾ.. റൂം നമ്പർ പന്ത്രണ്ട്... രുദ്ര ചെല്ലുമ്പോൾ അവിടെ ഒരു പെൺകുട്ടിയുണ്ട്... ഒരു പുഞ്ചിരി പരസ്പരം കൈമാറിക്കൊണ്ട് അവർ പരിചയപ്പെട്ടു...
നിയ.. കോട്ടയത്താണ് വീട്.. ആവശ്യത്തിന് മാത്രം സംസാരം.. അനുവിന്റെ നേരെ വിപരീത സ്വഭാവം.. ഒരു തരത്തിൽ രുദ്രയ്ക്ക് അതൊരു ആശ്വാസവുമായിരുന്നു...

ഭക്ഷണം കഴിഞ്ഞ് രേണുവിനെ ഒന്ന് ഫോൺ ചെയ്ത് വിശേഷങ്ങളൊക്കെ പറഞ്ഞു.. പ്രിയപ്പെട്ടവനെ കുറിച്ച് ഒന്നും പറഞ്ഞില്ല.. പറയാൻ തോന്നിയില്ലവൾക്ക്..ഉറങ്ങാൻ കിടക്കുമ്പോഴും അവൾക്കുറപ്പായിരുന്നു വർഷങ്ങളായി തന്നെ പിന്തുടരുന്ന നിദ്രാവിഹീനത ഇനിയും കൂടുകയേ ഉള്ളുവെന്ന്...എങ്കിലും നിദ്ര തേടിയവൾ കണ്ണുകളടച്ചു... വീണ്ടുമാ ഇരുട്ടിൽ അവന്റെ മുഖം മാത്രം തെളിഞ്ഞു നിന്നു...

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

ദിവസങ്ങൾ കടന്നു പോയി... പതിയെ പതിയെ അവൾ അവനെ മുഖമുയർത്തി നോക്കാനുള്ള ധൈര്യം നേടിയെടുത്തു...നല്ലൊരു അധ്യാപകനാണ് താനെന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ അവൻ തെളിയിച്ചു...
അവളും ക്ലാസ്സിൽ ശ്രദ്ധിക്കാൻ തുടങ്ങി...പഠിക്കാൻ തുടങ്ങി.. ഭൂതകാലത്തെ മാറ്റിനിർത്തി മുന്നോട്ട് പോകാൻ അവൾ സ്വയം സജ്ജമായി...

ക്ലാസ്സിൽ എല്ലാവർക്കുമൊരു പുഞ്ചിരി സമ്മാനിക്കുമെങ്കിലും ആരുമായും ഒരു പരിധിയിൽ കവിഞ്ഞ സൗഹൃദം അവൾ സൂക്ഷിച്ചില്ല.. അനു പക്ഷേ അവളെ വിടാതെ പിറകെ നടക്കുകയായിരുന്നു...അതൊക്കെ ആസ്വദിച്ചു കൊണ്ട് രുദ്രയും...

ക്ലാസ്സ്‌ തുടങ്ങിയിട്ട് രണ്ടാഴ്ച കഴിഞ്ഞു...ഒരു ഫ്രീ അവർ കിട്ടിയപ്പോൾ ലൈബ്രറിയിലേക്ക് ഇറങ്ങിയതാണ് രുദ്ര... അനു ആ വശത്തേക്കേ പോകാറില്ല... ക്ലാസ്സ്‌ സമയമായത് കൊണ്ട് തന്നെ അധികം ആരുമില്ല ലൈബ്രറിയിൽ...മലയാള സാഹിത്യത്തിന്റെ ഷെൽഫിൽ ബുക്കുകൾ തിരയുകയാണ് രുദ്ര... തികഞ്ഞ നിശ്ശബ്ദതയാണ് അവിടെ...

\"കാതോട് കാതോരം....
തേൻ ചോരുമാ മന്ത്രം...
ഈണത്തിൽ...
നീ ചൊല്ലി...
വിഷുപ്പക്ഷി പോലെ.....\"

തനിക്ക് തൊട്ടു പിറകിൽ നിന്നും ആ സ്വരം...
തന്റെ ബാലുവേട്ടന്റെ ഇമ്പമാർന്ന സ്വരം...
കണ്ണുകൾ മിഴിഞ്ഞു... നീർ കുമിഞ്ഞിറങ്ങി..
കയ്യിലിരുന്ന ബുക്ക്‌ താഴെ വീണു പോയി... ചുണ്ടുകൾ വിതുമ്പലോടെ വിറച്ചു.. അടുത്ത നിമിഷം ഞെട്ടിത്തരിച്ചവൾ തിരിഞ്ഞ് നോക്കി....

പിറകിലെ ഷെൽഫിൽ ചാരി കൈകൾ പാന്റ്സിന്റെ പോക്കറ്റിലേക്ക് തിരുകി നിൽക്കുന്നുണ്ടവൻ... ആ മുഖത്ത് പുഞ്ചിരിയുണ്ട്... കണ്ണുകളിൽ തിളക്കമുണ്ട്... പിന്നെ മറ്റെന്തോ... ഒരിക്കലെങ്കിലും തന്നെ നോക്കുന്ന അവന്റെ കണ്ണുകളിൽ താൻ കാണാൻ കൊതിച്ചത് പോലെന്തോ....

അവൻ നിവർന്നതും തനിക്ക് നേരേ നടന്നടുക്കുന്നതും കണ്ട് ഒരു നിമിഷം ശ്വാസം വിലങ്ങി നിന്നു പോയി രുദ്ര.... സ്വയമറിയാതെ പിറകിലേക്ക്‌ നീങ്ങുമ്പോൾ ഷെൽഫിലിടിച്ചു നിന്നു പോയത് അവളൊരു ഞെട്ടലോടെ തിരിച്ചറിഞ്ഞു... തൊട്ട് മുൻപിൽ അവൻ ചെന്നു നിൽക്കുമ്പോൾ അവൾക്ക്‌ ഉയർന്ന ഹൃദയമിടിപ്പിനാൽ ശിരസ്സ് വെട്ടിപ്പൊളിയുന്നത് പോലെ തോന്നി..
മെല്ലെ അവന്റെ വലം കൈ അവൾക്ക് നേരെ നീണ്ടു ചെന്നു...

ഭയത്താൽ കണ്ണുകളിറുക്കിയടച്ചു കളഞ്ഞു രുദ്ര!!!!

🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼



നൂപുരധ്വനി 🎼🎼(3)

നൂപുരധ്വനി 🎼🎼(3)

4.5
13019

തൊട്ടരികിലുള്ള അവന്റെ ഗന്ധം അവളെ പൊതിഞ്ഞ് കഴിഞ്ഞിരുന്നു...ഇറുക്കിയടച്ച കണ്ണുകൾക്കിടയിലൂടെ നീർതുള്ളികൾ ഒഴുകിയിറങ്ങുന്നത് അവളറിഞ്ഞു... കഴുത്തിൽ അവന്റെ വിരൽ സ്പർശമറിഞ്ഞതും അവളുടെ കണ്ണുകളയഞ്ഞു... അവൾ ഞെട്ടി കണ്ണ് തുറന്നതും അവൻ ചൂണ്ടുവിരലിനാൽ അവളുടെ കഴുത്തിലെ നിറം മങ്ങിയ കറുത്ത ചരടിനെ വലിച്ചു പുറത്തേക്കെടുത്തതും ഒന്നിച്ചായിരുന്നു...കണ്ണുകൾ തുറന്ന അവൾ കണ്ടത് അവൻ വലതു ചൂണ്ടുവിരലിനാൽ വലിച്ചു പിടിച്ചിരിക്കുന്ന ആ ചരടും അതിനറ്റത്തെ ഹൃദയാകൃതിയിലുള്ള പകുതിയടർന്നു പോയ പെൻഡന്റുമാണ്.... അതിനുള്ളിൽ മുന്നിൽ നിൽക്കുന്നവന്റെ തന്നെ ചിത്രമാണുള്ളതെന്ന ഓർമ്മയിൽ