Aksharathalukal

നൂപുരധ്വനി 🎼🎼(3)

തൊട്ടരികിലുള്ള അവന്റെ ഗന്ധം അവളെ പൊതിഞ്ഞ് കഴിഞ്ഞിരുന്നു...ഇറുക്കിയടച്ച കണ്ണുകൾക്കിടയിലൂടെ നീർതുള്ളികൾ ഒഴുകിയിറങ്ങുന്നത് അവളറിഞ്ഞു... കഴുത്തിൽ അവന്റെ വിരൽ സ്പർശമറിഞ്ഞതും അവളുടെ കണ്ണുകളയഞ്ഞു... അവൾ ഞെട്ടി കണ്ണ് തുറന്നതും അവൻ ചൂണ്ടുവിരലിനാൽ അവളുടെ കഴുത്തിലെ നിറം മങ്ങിയ കറുത്ത ചരടിനെ വലിച്ചു പുറത്തേക്കെടുത്തതും ഒന്നിച്ചായിരുന്നു...

കണ്ണുകൾ തുറന്ന അവൾ കണ്ടത് അവൻ വലതു ചൂണ്ടുവിരലിനാൽ വലിച്ചു പിടിച്ചിരിക്കുന്ന ആ ചരടും അതിനറ്റത്തെ ഹൃദയാകൃതിയിലുള്ള പകുതിയടർന്നു പോയ പെൻഡന്റുമാണ്.... അതിനുള്ളിൽ മുന്നിൽ നിൽക്കുന്നവന്റെ തന്നെ ചിത്രമാണുള്ളതെന്ന ഓർമ്മയിൽ അവളുടെ ഉള്ളൊന്ന് പിടഞ്ഞു...അവന്റെ മുഖത്തേക്ക് ഭയത്തോടെയാണ് അവൾ നോക്കിയത്.. പക്ഷേ അവിടെ നിറഞ്ഞൊരു ചിരിയുണ്ട്.. ഒരു വിജയച്ചിരി...

തൊട്ടടുത്ത നിമിഷം അവളെ വീണ്ടും ഞെട്ടലിൽ ആഴ്ത്തിക്കൊണ്ട് അവൻ ഇടം കൈ പാന്റ്സിന്റെ പോക്കറ്റിലേക്കിട്ട് മറ്റെന്തോ എടുത്ത് ഉള്ളം കയ്യിൽ തുറന്നു പിടിച്ചു...
അതേ... ആ പെൻഡന്റിന്റെ ബാക്കി പകുതി.. അതിനുള്ളിലെ ചിത്രമോ അത്‌ തന്റേതും...

എവിടെപ്പോയെന്നറിയാതെ ഒരുപാട് തേടിയലഞ്ഞ ഒന്നാണ് അവന്റെ കൈവെള്ളയിൽ ഇരിക്കുന്നത്..രുദ്രയുടെ കണ്ണുകൾ ഇടതടവില്ലാതെ ഒഴുകിക്കൊണ്ടിരുന്നു.. ആ കണ്ണുനീർ തന്റെ നെഞ്ചിൽ കൊളുത്തി വലിക്കുന്നത് അവനറിഞ്ഞിരുന്നു..

\"എ.. എന്നെ.. എന്നെ ഓർമ്മയുണ്ടോ? \"
പ്രതീക്ഷയേതുമില്ലാതെ ഉത്തരം അറിയാവുന്നൊരു ചോദ്യം വന്നു അവളിൽ നിന്നും..
\"ഇല്ല \"
അവന്റെ ഉത്തരം ഉറച്ചതായിരുന്നു..
അവൾ കണ്ണുകളൊന്ന് ഇറുക്കെ അടച്ചു .. ഒരു നിമിഷത്തേക്കെങ്കിലും താൻ എന്തെങ്കിലും പ്രതീക്ഷിച്ചുവോ... അവൾക്ക് സംശയം തോന്നി...

\"രുദ്രാ..\"
അവന്റെ വിളിയിൽ കണ്ണുകൾ തുറക്കുമ്പോൾ അവൾക്ക് പിന്നെയും അദ്‌ഭുതം... അവൻ ചരടിലെ പിടിയയച്ചു... അവളിലേക്ക് കുറച്ച് കൂടി അടുത്ത് നിന്നു..
അവളുടെ ഇമകൾ പിടഞ്ഞു...

\"എനിക്കറിയില്ല നീയാരാണെന്ന്...ഇവിടെ വച്ചാണ് ഞാൻ നിന്നെ ആദ്യമായി കാണുന്നത്...പക്ഷേ എനിക്കോർമ്മയില്ലാത്ത എന്റെ ഭൂതകാലത്തിൽ നമുക്കിടയിലെന്തോ ഉണ്ടായിരുന്നു.. അതെനിക്കുറപ്പുണ്ട്..\"

അവൻ പറയുമ്പോൾ അതെങ്ങനെയെന്ന സംശയത്തോടെ അവളവനെ നോക്കി..
അവനത് മനസ്സിലായത് പോലെ പറയാൻ തുടങ്ങി...
\"മൂന്ന് വർഷം മുൻപ് ഞാൻ ഉറക്കമെഴുന്നേറ്റത് ഒരു ഹോസ്പിറ്റൽ മുറിയിലാണ്.. എന്റെ ബുദ്ധിയും മനസ്സുമൊരു വെള്ളക്കടലാസ് പോലെയായിരുന്നു.. ശൂന്യം... സ്വയമറിയില്ല... ചുറ്റുമുള്ള ആരെയും അറിയില്ല.. പഠിച്ചതെന്തെന്ന് അറിയില്ല.. എന്തൊക്കെ കഴിവുകളുണ്ടെന്ന് അറിയില്ല.. സ്വന്തം ഇഷ്ടങ്ങളെന്തെന്ന് അറിയില്ല...

പിന്നെ എനിക്കൊരു ഓപ്ഷനെ ഉണ്ടായിരുന്നുള്ളൂ.. എന്റെ ചുറ്റുമുള്ളവർ പറയുന്നത് വിശ്വസിക്കുക..ഒരു ആക്‌സിഡന്റിലാണ് എനിക്ക് ഓർമ്മ നഷ്ടമായതെന്ന് ഡോക്ടർ പറഞ്ഞു...അച്ഛനമ്മമാരെന്ന് പറഞ്ഞ് രണ്ട് പേരെ കാട്ടിത്തന്നു...അങ്ങനെ എനിക്ക് അച്ഛനമ്മമാരുണ്ടായി.. കുടുംബമുണ്ടായി.. സുഹൃത്തുക്കളുണ്ടായില്ല ആരും..അവരൊക്കെ പഴയ ഫോട്ടോസ് കാട്ടിത്തന്നു.. അതിലൂടെ ഞാനെന്റെ വളർച്ച കണ്ടു.. പക്ഷേ ഡിഗ്രി മുതലുള്ളതൊന്നുമില്ല..ഫോണും ലാപ്ടോപ്പും ഒക്കെ പുതിയത്.. ചോദിച്ചപ്പോൾ ആക്‌സിഡന്റിൽ നഷ്ടപ്പെട്ടെന്ന്.. ഡ്രൈവിങ് ഒന്ന് കൂടി പഠിക്കേണ്ടി വന്നു..

മുറിയോട് ചേർന്നുള്ള കുഞ്ഞ് ലൈബ്രറി എന്റെ വായനാശീലം കാട്ടിത്തന്നു..ആ പുസ്തകങ്ങളൊക്കെയും ഞാൻ വീണ്ടും ആർത്തിയോടെ വായിച്ചു തീർത്തു..ഞാൻ നന്നായി പാടുമായിരുന്നെന്ന് പറഞ്ഞു എല്ലാവരും.. വീണ്ടും പാടാൻ ശ്രമിച്ചു.. ആദ്യമൊന്നും സാധിച്ചില്ല.. വീണ്ടും വീണ്ടും ശ്രമിച്ചു... ഒരുതരം വാശിയായിരുന്നു..എന്നെ തന്നെ തിരിച്ചു പിടിക്കാൻ..പതിയെ പതിയെ ആ വാശി ജയിച്ചു..ഞാൻ പാടാൻ തുടങ്ങി.. ചില പാട്ടുകളോട് വല്ലാത്തൊരു ഇഷ്ടം തോന്നി.. എന്തോ ഒന്ന് അതിലേക്ക് വലിച്ചടുപ്പിക്കും പോലെ...

ഞാൻ M. A മലയാളം പാസ്സ് ഔട്ട്‌ ആണെന്നും എനിക്ക് അധ്യാപകനാകാനായിരുന്നു ഇഷ്ടമെന്നും അറിഞ്ഞു... വാശിപ്പുറത്താണ് നെറ്റ് കോച്ചിംഗിന് പോയത്..നന്നായി പഠിച്ചു.... സെക്കന്റ്‌ അറ്റെംപ്റ്റിൽ പത്തിനുള്ളിൽ റാങ്ക് കിട്ടി....ഈ കോളേജിന്റെ അപ്പോയ്ന്റ്മെന്റ് ലെറ്റർ കയ്യിൽ കിട്ടിയപ്പോൾ അമ്പരന്നു.. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കോളേജ് ആണിതെന്നും ഞാൻ ഇവിടെ നിന്നാണ് ഡിഗ്രിയും പി. ജി യും പഠിച്ചിറങ്ങിയതെന്നും അപ്പോഴാണ് അച്ഛൻ പറഞ്ഞത്...

ജോയിൻ ചെയ്യുന്നതിന് മുൻപ് വിവാഹം കഴിക്കണമെന്ന് അച്ഛൻ ആവശ്യപ്പെട്ടു...
ഒരു പെൺകുട്ടിയെ വീട്ടുകാർ എനിക്ക് വേണ്ടി ആലോചിച്ചു..കണ്ടപ്പോൾ ഇഷ്ടമോ ഇഷ്ടക്കേടോ തോന്നിയില്ല...മനസ്സപ്പോഴും മറ്റെവിടെയോ ആയിരുന്നു..അവളോട് സംസാരിക്കുമ്പോഴും മനസ്സിലൊരു മരവിപ്പേ ഉണ്ടായിരുന്നുള്ളൂ..അഭിപ്രായം ചോദിച്ചപ്പോഴും കാരണമറിയാത്തൊരു മരവിപ്പ്... എന്റെ മൗനം അച്ഛനും അമ്മയും സമ്മതമായി കരുതി... വിവാഹത്തീയതിയും നിശ്ചയിച്ചു...\"


വിടർന്ന കണ്ണുകളോടെ തന്നെ കേട്ടു കൊണ്ടിരിക്കുന്ന ആ പെണ്ണിന്റെ കണ്ണുകളിൽ അവൻ തന്നെത്തന്നെ കാണുന്നുണ്ടായിരുന്നു...ആ മനസ്സിലും താനേ ഉള്ളുവെന്ന് തോന്നും പോലെ.... അവളുടെ ശ്വാസതാളം തനിക്ക് പരിചയമുള്ള പോലെ.... ആ ഗന്ധം നാസികയ്ക്ക് പരിചിതമായത് പോലെ...തന്റെ വിവാഹത്തേക്കുറിച്ച് താൻ പറയുമ്പോൾ പിടഞ്ഞൊരാ കണ്ണുകൾ അവനെ അതിശയിപ്പിച്ചിരുന്നു...

\"എൻ.. എന്റെ പേര്.. എല്ലാരും വേണീന്നാ വിളിക്യാ...\"
അവൾ പറയുന്നതിൽ കലർന്ന നൊമ്പരം അവനറിഞ്ഞു...
\"അറിയാം.. പക്ഷേ എനിക്കെന്തോ.. പറ്റുന്നില്ല... രുദ്ര.. അതാണിഷ്ടമെന്ന് തോന്നുന്നു..\"
രുദ്രയുടെ കണ്ണുകൾ അറിയാതൊന്ന് അടഞ്ഞു തുറന്നു... ഒരു നിശ്വാസം തൊണ്ടയിൽ വന്നു കുരുങ്ങി നിന്നു....

\"അന്നീ പേര് കേട്ടാണ് ഞാൻ നിന്നെ ശ്രദ്ധിച്ചത്...പ്രിൻസിപ്പലിനെ കാണാനായി വന്ന ഞാൻ അവിടെ തന്നെ നിന്നത്.. നിന്റെ മുഖമൊന്ന് കാണാൻ ഉള്ള് തുടിക്കും പോലെ തോന്നിയെനിക്ക്... വീണ്ടുമൊരു വാശി പോലെ... നീ തിരിയും വരെ നോക്കി നിന്നു...
തിരിഞ്ഞപ്പോ!!!\"

താഴ്ന്നിരുന്ന രുദ്രയുടെ മുഖം ഉയർന്നു.. സ്വയമറിയാതെ...ആ കണ്ണുകളിലൊരു തിളക്കമവൻ കണ്ടു..ചുണ്ടിന്റെ കോണിലൊരു ചിരി വിരിഞ്ഞതവൻ ഒളിപ്പിച്ചു വച്ചു.. അവന്റെ കൈകൾ രുദ്രയ്ക്കിരുവശവും ഊന്നി നിന്നു... അതോടെ അവനവളിലേക്ക് ഒന്ന് കൂടി അടുത്തു.. ആ നേരം വല്ലാതെ ഉയർന്നു പോയ അവളുടെ ഹൃദയമിടിപ്പ് അവന്റെ കാതിലെത്തി.. അവനും ഒന്ന് കണ്ണുകളടച്ചത് ശ്രദ്ധിച്ചു.. തനിക്ക് പരിചിതമാണവളുടെ ഹൃദയധ്വനികളും... അവൻ കണ്ണുകൾ തുറന്നവളെ നോക്കി.. അവളുടെ കൺ ഗോളങ്ങൾ പരക്കം പായുന്നുണ്ട്.. നെറ്റിയിലാകെ വിയർപ്പ് പൊടിഞ്ഞിട്ടുണ്ട്... അവളുടെ നെറ്റിയിലെ വിയർപ്പിൽ കുതിർന്ന കുങ്കുമക്കുറി ഹൃദയത്തെ കൊളുത്തി വലിക്കുന്നതവനറിഞ്ഞു..

\"നിന്നെ കണ്ട അന്ന് മുതൽ ഞാനെന്തൊക്കെയോ സ്വപ്‌നങ്ങൾ കാണുന്നു രുദ്രാ.. അവ്യക്തമായ പല സ്വപ്‌നങ്ങൾ.. പക്ഷേ ഉണരുമ്പോൾ അതൊന്നും സ്വപ്നമല്ല..എന്നോ നടന്നതാണെന്ന് തോന്നുമെനിക്ക്... അതൊക്കെ എന്താണെന്ന് നിനക്കറിയാം.. നിനക്കെ അറിയൂ.. എന്താ ശരിയല്ലേ? \"

തന്റെ മുഖത്തിന് തൊട്ട് മുൻപിൽ നിന്നവൻ 
പറയുമ്പോൾ അവന്റെ ശ്വാസം അവളെ പൊള്ളിക്കുന്നുണ്ടായിരുന്നു.. പരിഭ്രമത്താൽ അവളുടെ ഉടൽ ചെറുതായി വിറച്ചു തുടങ്ങി.. സഹിക്കാനാകാതെ അവൾ കണ്ണുകൾ ഇറുക്കെ പൂട്ടി... എന്ത് പറയുമെന്നറിയാതെ വെപ്രാളപ്പെട്ട അവളുടെ അടഞ്ഞ കണ്ണുകളിൽ ആ നേരം നിറഞ്ഞത് തന്റെ മുൻപിൽ കൈകൂപ്പി നിന്ന് കരയുന്നൊരു അമ്മയുടെ മുഖമായിരുന്നു...

അവൾ ഞെട്ടി കണ്ണുകൾ വലിച്ചു തുറന്നു.. പിന്നെ കണ്ണുകൾ രണ്ടും അമർത്തി തുടച്ചു...
അവളുടെ ഭാവമാറ്റത്തിൽ അവനൊന്ന് പകച്ചു..
\"ശരിയാണ്... സാറിന്റെ ഓർമ്മകളില്ലാത്ത ദിവസങ്ങളിൽ ഞാനുണ്ടായിട്ടുണ്ട് സാറിനൊപ്പം.. ഒരു സുഹൃത്തായിട്ട്.. വെറും ഒരു സീനിയർ ജൂനിയർ ഫ്രണ്ട്ഷിപ്പ്.. അതിനപ്പുറം ഒന്നുമില്ല... സാറെന്നെ പരിചയമില്ലാത്തത് പോലെ പെരുമാറിയത് കൊണ്ടാണ് ഞാനിത് വരെ പരിചയം പുതുക്കാൻ ശ്രമിക്കാതിരുന്നത്.. വേറൊന്നുമില്ല നമുക്കിടയിൽ.. ബെല്ലടിക്കാറായി ഞാൻ പോട്ടെ.... \"
അവന്റെ കൈകൾക്കടിയിലൂടെ മെല്ലെ നൂണ്ടിറങ്ങി അവൾ പുറത്തേക്ക് നടക്കാനാഞ്ഞു....

കയ്യിൽ വീണ പിടിയിൽ അവൾ സ്ഥബ്ധയായി നിന്നു പോയി...
തിരിഞ്ഞ് നോക്കാനവൾക്ക് വീണ്ടും ധൈര്യം നഷ്ടമായിരുന്നു...
\"നുണ... തെളിവ് എന്റെ കയ്യിലിരിക്കുമ്പോൾ ഇങ്ങനെ മുഖത്തു നോക്കി നുണ പറയല്ലേ രുദ്രാ...\"
അവൻ പറയുമ്പോഴാണ് ആ പെൻഡന്റിന്റെ കാര്യം അവൾ ഓർത്തത് തന്നെ... അവൾ കണ്ണുകൾ ഇറുക്കെ അടച്ച് പോയി.. ഇനിയെന്ത് പറയും.. അവൾ ധർമ്മസങ്കടത്തിലായി....

അവൻ പിറകിലേക്ക് വലിച്ചതും അവൾ അവന്റെ നെഞ്ചിൽ തന്നെ ഇടിച്ചു നിന്നു...
അവളുടെ കണ്ണുകൾ മിഴിഞ്ഞു പോയി...
അവനവളെ ചുറ്റിപ്പിടിച്ചിട്ടുണ്ട്... അവൾ കിടന്നു കുതറുകയാണ്...
\"സർ.. വിട്... എന്തായീ കാട്ടണേ.. വിടാൻ...\"
ദേഷ്യത്തോടെ പറയുമ്പോഴും പെണ്ണിന്റെ കണ്ണുകൾ ഇരു വശത്തേക്കും മുകളിലേക്കും കോണിലേക്കുമൊക്കെ പായുന്നുണ്ട്...
\"ഇവിടെ സി. സി. ടി. വി ഇല്ല.. ഇങ്ങനെ കിടന്ന് പെടയ്ക്കല്ലേ...\"
അവനിൽ ചെറിയൊരു കുസൃതി തെളിഞ്ഞു..
എന്നിട്ടുമവൾ അടങ്ങുന്നില്ല.. മുഖമൊക്കെ ദേഷ്യത്താൽ ചുവന്നു കയറിയിട്ടുണ്ട്...കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്...
അവന് പാവം തോന്നി...

അവനവളിൽ നിന്നും കൈകളയച്ചു മാറി നിന്നു...
\"ഓക്കേ.. ഓക്കേ.. സോറി.. Sorry for my misbehaviour...\"
കൈപ്പത്തികൾ ഉയർത്തി കാട്ടി ക്ഷമ പറയുന്നവനെ കണ്ട് കിതപ്പോടെ രുദ്ര കൈകൾ രണ്ടും മുഖത്തോട് ചേർത്ത് വച്ചു...അവൾക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നുന്നുണ്ടായിരുന്നു... ഒരു തളർച്ച പോലെ.. അവളൊരു താങ്ങിനായി അടുത്ത് കിടന്ന മേശയിൽ പിടിച്ചു നിന്നു...

\"രുദ്രാ.. നിന്നെ ബുദ്ധിമുട്ടിക്കണമെന്ന് എനിക്ക് ആഗ്രഹമില്ല.. പക്ഷെ എനിക്കറിയണം സത്യം.. നീയത് പറഞ്ഞേ തീരൂ...\"
അവനിൽ വാശി നിറഞ്ഞു....
\"നീയെന്റെ വെറുമൊരു ഫ്രണ്ട് മാത്രമാണെങ്കിൽ നിന്റെ കഴുത്തിൽ കിടക്കുന്ന പെൻഡന്റിനുള്ളിൽ എന്റെ മുഖമെങ്ങനെ വന്നു?ആ പെൻഡന്റിന്റെ ബാക്കി പകുതി എന്റെ മുറിയിലെ ഷെൽഫിനടിയിൽ നിന്നെങ്ങനെ കിട്ടി? ഈ തെളിവൊന്നും പോരെങ്കിൽ ഒന്ന് കൂടിയുണ്ട് അത്‌ കാണിക്കാം...\"

അവൻ പറഞ്ഞു നിർത്തി പോക്കറ്റിൽ നിന്നുമെന്തോ എടുക്കുന്നത് രുദ്ര കണ്ടു.. അവനത് ഉയർത്തി കാട്ടി..രുദ്ര നടുങ്ങി നിന്നു പോയി!!!!

താൻ വരച്ച ഫ്ലിപ് ബുക്ക്‌!!!!
താനും അവനും മാത്രമുള്ള ഫ്ലിപ് ബുക്ക്‌!!!

ഒരിക്കലൊരു രസത്തിനു വരച്ച് മാറ്റി വച്ചത്... പോരുമ്പോൾ എടുക്കാൻ മറന്നു പോയത്...
രുദ്ര തലയ്ക്കു കൈ കൊടുത്തു പോയി..
അവൻ തനിക്കടുത്തേക്ക് വരുന്നത് രുദ്രയറിഞ്ഞു... ഇനിയെന്താണ് താൻ ചെയ്യുക... അവളുടെ ഉള്ളം വിറച്ചു...

\"വേണീ... എവിടെയാ നീ...?\"
അനുവിന്റെ ശബ്ദമാണ് ആ നിശ്ശബ്ദത ഭേദിച്ചത്... ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ രുദ്രയും ബാലുവും തറഞ്ഞു നിന്നു.. അടുത്ത നിമിഷത്തിൽ ബാലു തന്റെ കയ്യിലുള്ളത് രണ്ടും പോക്കറ്റിലേക്ക് വച്ചു... രുദ്ര പെൻഡന്റ് ചുരിദാറിനുള്ളിലേക്ക് എടുത്തിട്ട് കണ്ണും മുഖവും ഷോൾ കൊണ്ട് അമർത്തി തുടച്ചു.. മുടിയും ഒതുക്കി വച്ചു തിരിഞ്ഞതും കണ്ടു തന്നെയും ബാലുവിനെയും പുരികം ചുളിച്ചു നോക്കി നിൽക്കുന്ന അനുവിനെ... ഒന്ന് പതറിയെങ്കിലും അവളെ നോക്കിയൊന്ന് പുഞ്ചിരിച്ചു രണ്ട് പേരും..

ചുവന്നു വീങ്ങിയിരിക്കുന്ന രുദ്രയുടെ മുഖം കണ്ട് സംശയത്തോടെ ബാലുവിനെ നോക്കി അനു അവൾക്കരികിൽ എത്തി...
\"വേണീ.. എന്താടാ.. നീ കരഞ്ഞോ.. എന്താ പറ്റിയേ..?\"
അവൾ ആവലാതിയോടെ രുദ്രയോട് ചോദിച്ചു... രുദ്രയ്ക്കൊന്നും പറയാനായില്ല...
അനുവിന്റെ മുഖമിരുണ്ടു... അവൾ ബാലുവിനെ നോക്കി.. അവനൊന്ന് പതറിപ്പോയി...

\"സാറെന്താ ഇവിടെ? ഇവളെന്തിനാ കരഞ്ഞത്?\"
അനു ബാലുവിനോട് ദേഷ്യത്തിൽ ചോദിക്കുന്നത് കേട്ട് രുദ്ര ഞെട്ടി...
\"ഡാ.. എനിക്ക്.. എനിക്കൊരു തലവേദന.. തല ചുറ്റിയപ്പോ ഇവിടെ ഒന്ന് കിടന്നു.. അത്‌ കണ്ടിട്ട് വന്നതാ സാറ്.. എന്ത് പറ്റിയെന്നു ചോദിക്ക്യായിരുന്നു...\"
പെട്ടെന്ന് ചാടിക്കയറി രുദ്ര പറഞ്ഞു...

അതത്ര വിശ്വാസമായില്ലെങ്കിലും അനുവൊന്ന് മൂളി... പിന്നെ ബാലുവിനെ ഒന്ന് നോക്കി രുദ്രയെ ചേർത്ത് പിടിച്ചു...
\"നീ വാ.. ക്ലാസ്സിൽ പോവാം.. എന്റെ കയ്യിൽ ടാബ്‌ലെറ്റുണ്ട്.. വന്നു കഴിച്ചിട്ട് കുറച്ച് നേരം കിടക്ക്.. വാ.. \"
അനു രുദ്രയെ കൂട്ടി ക്ലാസ്സിലേക്ക് നടന്നു... അവർ പോകുന്നത് നോക്കി ബാലു അവിടെ തന്നെ നിന്നു...

\"ഇപ്പോ എനിക്ക് ബോധ്യമായി.. നീയെനിക്കാരോ ആയിരുന്നു... അല്ല.. ഇപ്പോഴുമാണ്... മറ്റാരോട് ചോദിച്ചാലും എനിക്കൊരു ഉത്തരം കിട്ടില്ല.. കാരണം അവരൊക്കെ നിന്നെ എന്നിൽ നിന്നുമിത്രയും നാൾ മറച്ചു പിടിച്ചിരുന്നുവെന്ന് എനിക്ക് മനസ്സിലായി... എന്തിന്? എത്ര ഒളിപ്പിക്കാൻ ശ്രമിച്ചാലും ഒരിക്കൽ നിനക്കെന്നോട് സത്യം പറയേണ്ടി വരും രുദ്രാ....

പറയേണ്ടി വരും....\"

അവൻ ഉറച്ചൊരു തീരുമാനത്തോടെ പുറത്തേക്ക് നടന്നു...

🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼










നൂപുരധ്വനി 🎼🎼(4)

നൂപുരധ്വനി 🎼🎼(4)

4.6
9383

രാത്രി ഹോസ്റ്റൽ മുറിയിലെ ജനാലയിലൂടെ കടന്നു വരുന്ന നിലാവിനെ നോക്കി കിടക്കുകയാണ് രുദ്ര...മനസ്സാകെ കലുഷിതമാണ്... കോളേജിൽ തന്നെയും അവനെയും അറിയുന്ന ആരുമില്ല ഇപ്പോൾ.. അത്‌ കൊണ്ട് തന്നെ അവന് ആ വഴി കാര്യങ്ങൾ അറിയാനാകില്ല... സുഹൃത്തുക്കളെയൊന്നും അവന് ഓർമ്മയുമില്ല.. അങ്ങനെയുള്ളപ്പോൾ ഇനിയൊരിക്കൽ കൂടി അവന് മുൻപിൽ ഒറ്റയ്ക്ക് ചെന്നു പെട്ടാൽ ഒക്കെ പറയേണ്ടി വരും.. അതിന് സാധിക്കില്ല തനിക്ക്.. ഇനിയിപ്പോൾ ഒരു വഴിയേ ഉള്ളൂ.. അവനെ പരമാവധി ഒഴിവാക്കുക.. ഒറ്റയ്ക്കെവിടെയും പോകാതിരിക്കുക..എപ്പോഴും അനു കൂടെയുണ്ടെങ്കിൽ അവന് തന്നോടൊന്നും ചോദിക്കാനാകില്ല.. അതേ.. അത്‌ തന്നെ വഴി..അങ്