Aksharathalukal

രണഭൂവിൽ നിന്നും... (12)

പിറ്റേന്ന് രാവിലെ മുത്തശ്ശിക്കൊപ്പം ഒരു മുറിക്കുള്ളിലേക്ക് നടക്കുകയാണ് ഭാനു...
അത്‌ അനുവിന്റെ മുറിയാകുമെന്ന് അവളൂഹിച്ചു... അകത്തെത്തുമ്പോൾ മൂക്കിലാദ്യം അനുഭവപ്പെട്ടത് ഡെറ്റോളിന്റെ മണമാണ്... ആശുപത്രിയുടെ മനം മടുപ്പിക്കുന്ന മണം...

ജനലരികിൽ കട്ടിലിലൊരു പെൺകുട്ടി കിടപ്പുണ്ട്.. സുന്ദരിയായൊരു പെൺകുട്ടി.. അവൾക്കാ മുത്തശ്ശിയുടെ ഛായയാണെന്ന് തോന്നി ഭാനുവിന്...മൂക്കിൽ ഒരു ട്യൂബിട്ടിട്ടുണ്ട്..കട്ടിലിനരികിലെ ഒരു സ്റ്റാൻഡിൽ തൂക്കിയിരിക്കുന്ന ഒരു ദ്രാവകം നിറച്ച ബോട്ടിലിലേക്ക് ആ ട്യൂബിന്റെ മറ്റേ അറ്റം ഘടിപ്പിച്ചിട്ടുണ്ട്...കണ്ണടച്ചു കിടക്കുകയായിരുന്ന അവൾ അരികിലേക്ക് ചെല്ലുന്ന കാൽപെരുമാറ്റം കേട്ടിട്ടാകണം കണ്ണുകൾ മെല്ലെ തുറന്നു..
മനോഹരമായിരുന്നു അവളുടെ കണ്ണുകൾ.. ഭാനുവിന് പെട്ടെന്നോർമ്മ വന്നത് ജിത്തുവിന്റെ തീ പാറുന്ന നീളൻ കണ്ണുകളാണ്..

\"പെണ്ണേ.. ഇതാണ് ഞങ്ങളുടെ അനുമോള്....എന്നും രാവിലെ ഈ നേരത്ത് ഈ പുതപ്പും മോളുടെ ഉടുപ്പുമൊക്കെ മാറ്റി ദാ ഈ മരുന്ന് ചെറിയ ചൂടുള്ള വെള്ളത്തിലൊഴിച്ചിട്ട് മേലാകെ തുടപ്പിക്കണം... ഡയപ്പർ ഇട്ടു കൊടുക്കാറാണ് പതിവ്..അത്‌ മാറ്റി വൃത്തിയാക്കണം..റാഷസ് ഉണ്ടെങ്കിൽ ദാ ഈ മരുന്നിട്ടു കൊടുത്തിട്ടേ ഡയപ്പർ ഉടുപ്പിക്കാവൂ...നിറയെ മുടിയുള്ള കുട്ടിയാ.. അത്‌ നന്നായി കഴുകി വൃത്തിയാക്കി ഹെയർ ഡ്രയർ കൊണ്ട് ഉണക്കിയെടുക്കണം... ഇതൊക്കെ ചെയ്യുമ്പോൾ മാത്രമേ മൂക്കിലെ ഈ ട്യൂബ് ദാ ഇങ്ങനെ എടുത്ത് മാറ്റാവൂ... പിന്നെയീ ട്യൂബ് കണക്ട് ചെയ്ത ബോട്ടിൽ കഴിയുമ്പോൾ ഇവിടെ വച്ചിരിക്കുന്നതിൽ നിന്നൊരെണ്ണം കണക്ട് ചെയ്യണം.. ദാ ഇങ്ങനെ... എല്ലാം കഴിഞ്ഞീ ട്യൂബ് മൂക്കിലേക്ക് വയ്ക്കാൻ മറന്നു പോകരുത്...മോളുടെ തുണികളൊക്കെ നല്ല പോലെ അലക്കി ഉണക്കി എടുക്കണം.. ഈ മുറിയും എപ്പോഴും വൃത്തിയാക്കി വയ്ക്കണം...പിന്നെ ആഴ്ചയിലൊരിക്കൽ ഒരു ഡോക്ടർ വരും.. സഹായത്തിന് നീയുണ്ടാകണം..മോള് വാട്ടർ ബെഡ്‌ഡിലാണ് കിടക്കുന്നത്..മോളെ പതിയെ ചെരിച്ച് കിടത്തി ബെഡ്‌ഡിലെ കോട്ടൺ തുണി മാറ്റി പുതിയത് ദിവസവും വിരിക്കണം... ജിത്തുവുള്ളപ്പോൾ ബെഡ്ഡ് വൃത്തിയാക്കാൻ സഹായിക്കും...\"

മുത്തശ്ശി ചെയ്യേണ്ടുന്നതെല്ലാം വിവരിച്ചു പറഞ്ഞിട്ട് ചിലത് ചെയ്തും കാണിച്ചു കൊടുത്തു... ഭാനു എല്ലാം ശ്രദ്ധിച്ച് കേട്ടും കണ്ടും നിന്നു.. പിന്നെ ശരിയെന്ന് തലയാട്ടി...
\"എന്നാ വൈകിക്കണ്ട..ജോലി നോക്കാ...എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിച്ചിട്ട് ചെയ്യാ...അത് കഴിഞ്ഞിട്ട് മതി എനിക്ക് പ്രാതൽ \"
പറഞ്ഞു കൊണ്ട് മുത്തശ്ശി അനുവിനെ ഒന്ന് നോക്കി അവളുടെ നെറുകിൽ മെല്ലെ തലോടി... പിന്നെയൊരു നെടുവീർപ്പോടെ പതിയെ നടന്ന് പുറത്തേക്കിറങ്ങി...

ഭാനു അനുവിനടുത്തേക്ക് നീങ്ങി നിന്നു.. ആ പെൺകുട്ടിയോട് വല്ലാത്തൊരിഷ്ടം തോന്നി ഭാനുവിന്... അവൾ മെല്ലെ മുട്ട് കുത്തി നിലത്തിരുന്നു... അനുവിന്റെ വലം കൈ മെല്ലെയെടുത്തു തന്റെ കൈകൾക്കുള്ളിൽ അവൾ പൊതിഞ്ഞ് പിടിച്ചു...

\"എന്റെ പേര് ഭാനുപ്രിയ...ഞാൻ ചേച്ചീന്നേ വിളിക്കൂ ട്ടോ.... ചേച്ചിയേ നല്ല സുന്ദരിക്കുട്ടിയാ... എനിക്ക് നല്ല ഇഷ്ടായി... ചേച്ചിയെ ഞാൻ കുളിപ്പിക്കാൻ പോവാ.. എന്തെങ്കിലും ചെയ്യുമ്പോ തെറ്റ് പറ്റിയാൽ കണ്ണൊന്നു ചിമ്മിക്കാണിക്കണേ.. അപ്പൊ എനിക്ക് കുറച്ചൂടെ ശ്രദ്ധിക്കാലോ...മ്മ് \"
നിറഞ്ഞ ചിരിയോടെ അനുവിനെ നോക്കി താടിയിൽ പിടിച്ചൊന്ന് കൊഞ്ചിച്ചിട്ട് ഭാനു മുത്തശ്ശി പറഞ്ഞു കൊടുത്തത് പോലോരോന്ന് ചെയ്യാൻ തുടങ്ങി....

അനുവിന്റെ പിടയ്ക്കുന്ന മിഴികൾ ഒഴുകിയിറങ്ങി തലയിണയെ നനച്ച് അപ്രത്യക്ഷമായി....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഒരാഴ്ച അങ്ങനെ കടന്നു പോയി... ഭാനുവിന് ആദ്യമാദ്യമൊക്കെ ഓരോന്ന് ചെയ്യുന്നതിൽ ചെറിയ ചെറിയ പിഴവുകളൊക്കെ വന്നു . അതിനൊക്കെ മുത്തശ്ശിയുടെ വായിൽ നിന്ന് കണക്കിന് കിട്ടുകയും ചെയ്തു.....ഭാനു പറഞ്ഞത് പോലെ എന്തെങ്കിലും ചെയ്യുമ്പോൾ വേദനിക്കുകയോ മറ്റോ ചെയ്താൽ അനു കണ്ണ് മുറുകിയടച്ചു തുറന്നു കാണിക്കുമായിരുന്നു.. അത്‌ കണ്ട് മുത്തശ്ശി ഭാനുവിനെ ശകാരിക്കുമെങ്കിലും അനു ആദ്യമായി എന്തെങ്കിലും കാര്യത്തിന് പ്രതികരിക്കുന്നുവെന്നത് അവരിൽ അതിശയം ജനിപ്പിച്ചു...

അങ്ങനെ വഴക്ക് കണക്കിന് കിട്ടിക്കിട്ടി അവൾ എല്ലാ കാര്യങ്ങളും തെറ്റുകൾ കൂടാതെ ചെയ്തു തുടങ്ങി....ശനിയാഴ്ചയായതും രാവിലെ ഒരു പെൺകുട്ടി അവിടെയെത്തി... അഞ്ജലി... പത്തിരുപത്തഞ്ചു വയസ്സുള്ള അവളായിരുന്നു ഡോക്ടർ... അവൾ
അനുവിനെ പരിശോധിക്കുന്നത് ഭാനു നോക്കി നിന്നു..

\"ഇതാണല്ലേ പുതിയ ആള്? \"
കേസ് ഷീറ്റിൽ എന്തോ എഴുതിക്കൊണ്ട് അഞ്ജലി ചോദിച്ചു...
\"അതേ കുഞ്ഞേ..\"
മുത്തശ്ശി മറുപടിയും പറഞ്ഞു...
\"എന്താ ഇയാൾടെ പേര്? \"
സ്റ്റേതെസ്കോപ് കഴുത്തിലൂടെ ഇട്ടു കൊണ്ട് ഭാനുവിനെ നോക്കിയൊരു ചിരിയോടെ അഞ്ജലി ചോദിച്ചു..
\"ഭാനുപ്രിയ \"
\"Nice name...\"
\"Thank you \"
ഭാനു ചിരിച്ചു...

\"ഇയാള് കൊള്ളാം കേട്ടോ മുത്തശ്ശി... അനു ഓക്കേ ആണ്... മുൻപത്തേതിലും ബെറ്റർ ആണെന്ന് വേണം പറയാൻ...അനുവിന്റെ മുഖത്ത് ഒരു തെളിച്ചം വന്നിട്ടുണ്ട്..ഈ മുറിയിലും.. കേറിവരുമ്പോഴുള്ള ഹോസ്പിറ്റൽ മണവുമില്ല.. വേറെ എന്തോ നല്ല റിഫ്രഷിങ് ആയ സ്മെൽ ...\"
ഭാനു ചെറുതായൊന്ന് പുഞ്ചിരിച്ചു...

\"ആ.. അതീ പെണ്ണ് എന്തൊക്കെയോ ഇട്ട് തിളപ്പിച്ച്‌ അതൊഴിച്ചാ ഇവിടെയൊക്കെ തുടയ്ക്കണേ.. അതാകും.. മറ്റേ പെണ്ണ് ഈ ജനലൊന്നും തുറക്കില്ല.. ഇവളതൊക്കെ തുടച്ച് വൃത്തിയാക്കി എന്നും തുറന്നിടും.. പിന്നെ അനുവിന്റെ മുടിയിലും എന്തൊക്കെയോ പുകയ്ക്കണ കാണാം...\"
\"ആഹാ.. ആണോ ഡോ..അടിപൊളി.. എന്തായാലും സംഭവം ഉഷാറായിട്ടുണ്ട്.. Just continue like this...\"
\"Ok \"
അഞ്ജലി പറയുമ്പോൾ ഭാനു ഒരു പുഞ്ചിരിയോടെ മറുപടി നൽകി...

അപ്പോഴാണ് പുറത്തൊരു ഓട്ടോ വന്നു നിന്ന ശബ്ദം അവർ മൂവരും കേട്ടത്...
\"ആ.. ജിത്തുമോൻ എത്തിയെന്ന് തോന്നുന്നു...\"
പറഞ്ഞിട്ട് ഉത്സാഹത്തോടെ മുത്തശ്ശി കഴിയുന്നത്ര വേഗത്തിൽ ഉമ്മറത്തേക്ക് നടന്നു... ജിത്തുവിന്റെ പേര് കേട്ട് അഞ്ജലിയുടെ മുഖമൊന്ന് വിടർന്നു...
\"Ok.. Then.. See you next week. എന്തെങ്കിലും എമർജൻസി ഉണ്ടെങ്കിൽ മുത്തശ്ശിക്ക് നമ്പർ അറിയാം.. വിളച്ചാൽ മതി.. Bye \"

അഞ്ജലിയെ നോക്കി തലയാട്ടിയെങ്കിലും പറഞ്ഞത് മുഴുവൻ അവൾ കേട്ടിരുന്നില്ല... ജിത്തുവിന്റെ സാന്നിധ്യം അവളിലേക്ക് വീണ്ടുമാ കാരണമറിയാത്ത പരിഭ്രമം കൊണ്ട് വന്നു കഴിഞ്ഞിരുന്നു.... ഹൃദയമിടിപ്പ് ഉയർന്നു കഴിഞ്ഞിരുന്നു... വെപ്രാളത്തോടെ അവൾ അടുക്കളപ്പുറത്തെ തന്റെ കിടപ്പ് മുറിയിലേക്ക് ഓടിയകന്നു....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

\"Hey.. അഞ്ചു.. How\'s Anu? \"
വന്നു കയറിയ പാടെ അഞ്ജലിയെ കണ്ട് ജിത്തു പരിഭ്രമത്തോടെ ചോദിച്ചു...
\"എന്റെ വക്കീൽ സാറേ.. ഇങ്ങനെ ബേജാറാവണ്ട.. She\'s perfectly alright...\"
ജിത്തുവിന്റെ മുഖത്ത് ആശ്വാസം നിറഞ്ഞു..

\"Infact പഴയ ഹോം നഴ്സ് പോയത് നന്നായി... പുതിയ കുട്ടി കൊള്ളാം..ഞാനത് മുത്തശ്ശിയോട് പറയായിരുന്നു...\"
അഞ്ജലിയുടെ വാക്കുകൾ കേട്ട് ജിത്തു മുത്തശ്ശിയെ നോക്കി.. അത്‌ ശരിയാണെന്ന അർത്ഥത്തിൽ മുത്തശ്ശി തലയാട്ടി കാണിച്ചു... ജിത്തു ആശ്വാസത്തോടെ കണ്ണടച്ചു തുറന്നു...

\" It\'s amazing that Anu started responding through her eyes... It\'s absolutely a good improvement.. നമുക്ക് നോക്കാടോ... അയ്യർ സർ പറഞ്ഞ ഒരു വർഷം ആകാൻ പോകുവല്ലേ..അന്ന് സർ പറഞ്ഞത് പ്രകാരമാണെങ്കിൽ ഒരു റിക്കവറി സ്റ്റേജിലേക്കാകാം അനു പോകുന്നത്... \"
\"അഞ്ചു.. അനുമോളെ ഹോസ്പിറ്റലിലേക്ക് കൊണ്ട് വന്നാലോ.. റിക്കവറി സ്പീഡ് അപ്പ്‌ ആയാലോ..\"
\"Don\'t rush Jithu.. അനുവിന് ഈ വീടാകും കംഫർട്ടബിൾ..ഇത്രയും കെയർ ആൻഡ് കംഫർട്ട് ഹോസ്പിറ്റലിൽ കിട്ടില്ല...കുറച്ച് കൂടി ഇങ്ങനെ പോട്ടെ...നമുക്ക് നോക്കാം.. നെക്സ്റ്റ് മന്ത്  അയ്യർ സർ എത്തും.. സാറിനോട് കൺസൾട്ട് ചെയ്തിട്ട് തീരുമാനിക്കാം...\"
\"Ok \"
ജിത്തു സമ്മതത്തോടെ തലയാട്ടി..

\"എന്നാൽ ഞാനിറങ്ങുന്നു... മുത്തശ്ശീ പോട്ടെ...\"
പറഞ്ഞിട്ട് മുത്തശ്ശിയെ ഒന്ന് പുണർന്ന് അഞ്ജലി തന്റെ ടു വീലറിൽ കയറി ഓടിച്ചു പോയി... ജിത്തു അകത്തേക്ക് കയറിയിട്ടും മുത്തശ്ശി അവിടെ തന്നെ നിൽക്കുകയായിരുന്നു... അഞ്ജലി പോയ വഴിയേ നോക്കി... അപ്പോൾ അവരുടെ ചുണ്ടിലൊരു ചിരിയുണ്ടായിരുന്നു... ജിത്തുവിനായി മനസ്സിൽ ഉദിച്ചൊരു ആഗ്രഹത്തിന്റെ ചിരി....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ജിത്തു നേരെ പോയത് അനുവിന്റെ മുറിയിലേക്കാണ്... ഉള്ളിലേക്കു കടന്നതേ ജിത്തുവിന് മനസ്സിനെ കുളിർപ്പിക്കുന്നൊരു സുഗന്ധം മൂക്കിലേക്കടിച്ചു കയറി.. അവനാ മുറിയാകെയൊന്ന് നോക്കി... പതിവില്ലാതൊരു വെളിച്ചം വീണത് പോലെ.. ആകെയൊരു വെണ്മ നിറഞ്ഞത് പോലെ...ജനലുകളൊക്കെ തുറന്നു കിടക്കുന്നു.. പുറത്ത് നിന്നും കാറ്റ് വീശുന്നുണ്ട്...

സ്വയമറിയാതെ അവന്റെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു.... അവൻ പതിയെ നടന്ന് അനുവിനരികിലുള്ള കസേരയിൽ ചെന്നിരുന്നു.. അവൾ ഉറക്കമായിരുന്നു...അവളുടെ പുതപ്പും ചുറ്റുപാടും അവൻ ശ്രദ്ധയോടെ നോക്കി... എല്ലാം വൃത്തിയും സുഗന്ധപൂരിതവുമാണ്...

അവളുടെ അരികിലെ മരുന്ന് വയ്ക്കുന്ന പീഠത്തിൽ ഒരു പുസ്തകവും ഇരിപ്പുണ്ട്.. ഒരു കവിതസമാഹാരം..... അനുവിന് കവിതകൾ ഒരുപാടിഷ്ടമാണെന്ന് അവനോർത്തു... ജിത്തുവിന്റെ മുഖം തെളിഞ്ഞു...
ജിത്തു തന്റെ ഇടം കൈ അവളുടെ മുടിയിലൂടെ തലോടി.. പട്ടു പോലെ മൃദുലമായിരുന്നു അവളുടെ മുടിയിഴകൾ.. അവനാ മുടിയിഴകൾ കയ്യിലെടുത്തു നോക്കി...

എണ്ണയുടെ പശപ്പോ ദുർഗന്ധമോ ഇല്ല... മുടി ഒന്ന് കൂടി കറുത്തിരിക്കുന്നു... മുൻപുണ്ടായിരുന്ന ഹോം നഴ്സിനോട് എല്ലാ ആഴ്ചയും അനുവിന്റെ മുടി നോക്കാത്തതിന്റെ പേരിൽ വഴക്ക് കൂടിയിരുന്നത് അവനോർത്തു...ഓർമ്മകളിൽ തന്നെ ജിത്തു നേരെ നോക്കിയത് അനുവിന്റെ ഉണർന്ന മിഴികളിലേക്കായിരുന്നു...

\"ഏട്ടന്റെ അനുമോൾക്ക് സുഖാണോ?\"
അവൻ വാത്സല്യം നിറച്ച് കുശലം ചൊല്ലി...അനുവിന്റെ ചുണ്ടൊന്നനങ്ങി...അവൾ അവനെ നോക്കി കണ്ണ് ചിമ്മി... ജിത്തുവിന്റെ കണ്ണുകളും മുഖവും വിടർന്നു... അഞ്ജലിയുടെ വാക്കുകൾ അവനോർത്തു... സന്തോഷത്താൽ അവന്റെ കണ്ണുകൾ നിറഞ്ഞ് വന്നു.. അവനെഴുന്നേറ്റ് അനുവിന്റെ നെറ്റിയിൽ അമർത്തി ചുംബിച്ചു....

കണ്ണുകൾ തുടച്ച് അവൻ അവളെ നോക്കിയിരുന്നു കുറേ നേരം... പെട്ടെന്നാണ് അവന്റെ മനസ്സിലേക്ക് ഭാനുവിന്റെ മുഖമോടിയെത്തിയത്...
\"മോൾക്ക് പുതിയ കുട്ടിയെ ഇഷ്ടപ്പെട്ടോ?\"
വീണ്ടും അനുവിന്റെ ചുണ്ടനങ്ങുകയും അവൾ കണ്ണ് ചിമ്മിത്തുറക്കുകയും ചെയ്തു... അനുവിന്റെ മുഖമൊന്ന് തെളിഞ്ഞത് പോലെ തോന്നി ജിത്തുവിന്...എന്ത് കൊണ്ടോ ഒരുപാട് സന്തോഷം തോന്നിയവന്...

\"ജിത്തുമോനെ.. വന്നു ഭക്ഷണം കഴിക്ക്.. മണി രണ്ടായി...\"
മുത്തശ്ശി അവനെ ഉറക്കെ വിളിച്ചു.
\"ആ.. വരുന്നു.. \"
മുത്തശ്ശിയോട് ഉറക്കെ പറഞ്ഞ് അനുവിനെ നോക്കിയൊന്ന് പുഞ്ചിരിച്ച് അവളുടെ പുതപ്പ് നേരെയിട്ടു കൊടുത്തിട്ട് ജിത്തു എഴുന്നേറ്റ് പുറത്തേക്ക് നടന്നു...

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഡൈനിങ് റൂമിൽ മുത്തശ്ശി അവനെയും കാത്തിരിപ്പുണ്ട്.. അവൻ വേഗം ചെന്ന് കയ്യും മുഖവും കഴുകിത്തുടച്ച് മുത്തശ്ശിക്കരികിലെ കസേരയിൽ ചെന്നിരുന്നു...ടേബിളിൽ കമഴ്ത്തി വച്ചിരിക്കുന്ന പാത്രം നിവർത്തി വയ്ക്കുമ്പോൾ അവന്റെ കണ്ണുകൾ ചുറ്റും പരതുന്നുണ്ടായിരുന്നു....

\"എടി പെണ്ണേ.. ഇതൊക്കെയൊന്ന് വിളമ്പി തരാൻ ഇനി പ്രത്യേകം പറയണോ?\"
മുത്തശ്ശി അടുക്കളയിലേക്ക് നോക്കി കാറിക്കൂവി... അടുക്കളച്ചുമരിൽ ചാരി നിന്നിരുന്ന ഭാനു ഒന്ന് ഞെട്ടി നേരെ നിന്നു...

\"ശ്ശോ.. ദേ വിളിക്കുണു.. ഇനിയിപ്പോ പോകാതെയെങ്ങനെയാ.. ഈ മുത്തശ്ശിക്ക് കൈക്ക് കുഴപ്പോന്നൂല്ലല്ലോ.. അങ്ങ് വിളമ്പിക്കൊടുത്തൂടെ.. എല്ലാം എടുത്ത് വച്ചിട്ടുണ്ടല്ലോ.. \"
അവൻ എത്തിയതും പെണ്ണിന് ആത്മഗതം പിന്നെയും തുടങ്ങി....
\"ടീ.. നീയിതെവിടെപ്പോയി കിടക്കാ.. ഇങ്ങോട്ട് വരാൻ \"
മുത്തശ്ശി വിടുന്ന ലക്ഷണമില്ല ....

ഭാനു കണ്ണടച്ചു ദീർഘമായൊന്ന് ശ്വസിച്ചു... പിന്നെ രണ്ടും കൽപ്പിച്ച് ഡൈനിങ് റൂമിലേക്ക് നടന്നു.. അവന്റെ ആജ്ഞ ഓർമ്മയുള്ളത് കൊണ്ട് അറിയാതെ കുനിഞ്ഞു പോയ മുഖമവൾ ഉയർത്തിപ്പിടിച്ചു....

ജിത്തുവിന്റെ നോട്ടം അടുക്കളയിൽ നിന്നും തനിക്ക് നേരെ നടന്നു വരുന്നവളിലേക്ക് ആകാംക്ഷയോടെ നീണ്ടു... ഒരു നിമിഷം ആ കുഞ്ഞ് രൂപത്തിൽ അവന്റെ നോട്ടം തങ്ങി നിന്നു...മുഖമുയർത്തി പിടിച്ചിട്ടുണ്ടെങ്കിലും കണ്ണുകൾ താഴ്ന്നു തന്നെയാണ്...അടുത്ത നിമിഷം പൊട്ടി വന്ന ചിരിയവൻ കടിച്ചു പിടിച്ചു....

അവൾ കണ്ണുകളുയർത്താതെ തന്നെ അവന്റെയും മുത്തശ്ശിയുടെയും പാത്രത്തിലേക്ക് ചോറും കറികളും വിളമ്പിക്കൊടുത്തു...ഈ നേരമത്രയും ജിത്തുവിന്റെ കണ്ണുകൾ അവളുടെ മുഖത്ത് തന്നെ തങ്ങി നിന്നു.... വിളമ്പിക്കഴിഞ്ഞ് അവൾ മാറി നിന്നു.. പക്ഷേ എന്നിട്ടുമവൾ കണ്ണുകളുയർത്തിയില്ല...

അവളെ നോക്കിക്കൊണ്ട് തന്നെയവൻ ചോറുണ്ണാൻ തുടങ്ങി.. ആദ്യത്തെ ഉരുള വായിൽ വച്ചതും അവന്റെ കണ്ണുകൾ വിടർന്നു... നാവിലെ രസമുകുളങ്ങളുണർന്നു... ഭക്ഷണത്തിന്റെ പുതുരുചി അവന്റെ നാവിലും മനസ്സിലും ലയിച്ചു....നന്നായി ആസ്വദിച്ചാണ് അവനോരോ ഉരുളയും കഴിച്ചത്... അവൻ മുത്തശ്ശിയെ നോക്കി.. ഒരക്ഷരം മിണ്ടാതെ ചോറുണ്ണുന്ന മുത്തശ്ശിയെ കണ്ടവന് അദ്‌ഭുതം തോന്നി... ആര് വച്ചുണ്ടാക്കിയാലും.. അതിപ്പോ സ്വന്തം മക്കളാണെങ്കിലും കുറ്റം പറയാതെ മുത്തശ്ശി കഴിക്കുന്നത് ഇന്നേ വരെ അവൻ കണ്ടിട്ടില്ല... അവന്റെ ചുണ്ടിലപ്പോൾ വിടർന്ന ചിരിക്ക്‌ പല അർത്ഥങ്ങളായിരുന്നു....

അവന്റെ നോട്ടം വീണ്ടും ഭാനുവിലേക്കായി...
\"നീ കഴിച്ചോ?\"
പരുഷമായി തന്നെ അവൻ അവളോട് ചോദിച്ചു...
അവൾ മെല്ലെ കണ്ണുകളുയർത്തി ജിത്തുവിനെ നോക്കി.. അവന്റെ നോട്ടം തന്നിലേക്കാണെന്ന് കണ്ടതും വീണ്ടും കണ്ണുകൾ താണു...

\"ഇല്ല.. കഴിച്ചോളാം \"
\"മ്മ്.. ഫുഡ്‌ വല്യ കുഴപ്പമില്ല.. കുറച്ച് കൂടി നന്നാക്കാം...\"
നന്നായിട്ടുണ്ടെന്ന് പറയാൻ മനസ്സ് നിർബന്ധിച്ചെങ്കിലും അവന്റെ നാവിൽ വന്നതങ്ങനെയാണ്... മുത്തശ്ശി ചെറുതായൊന്ന് ഞെട്ടിയെങ്കിലും അവനെ തിരുത്താൻ നിന്നില്ല...ഭാനു തലയാട്ടി... എത്ര നന്നായി വച്ചുണ്ടാക്കിയാലും നല്ലൊരു വാക്ക് ഇത് വരെ കേട്ടിട്ടില്ലാത്ത അവൾക്ക് അതൊരു പുതുമയായിരുന്നില്ല.. എന്നിട്ടും ഉള്ളിലെവിടെയോ അവൾക്കൊരു നോവ് തോന്നി....

\"നിന്റെ വീടെവിടെയാന്നാ പറഞ്ഞത്? \"
അവൻ കടുപ്പത്തിൽ ചോദിച്ചു...
\"കോഴിക്കോട്..\"
\"അവിടെ എവിടെയാ?\"
\"സിറ്റി തന്നെയാ..\"
\"വീട്ടുപേര്? \"
\"ദേവമംഗലം \"
ജിത്തു കഴിക്കുന്നത് നിർത്തി അവളെ നോക്കി...
\"ദേവമംഗലം \"
അവൻ പതിയെ പറഞ്ഞ് നോക്കി.. എവിടെയോ കേട്ടൊരു പേര് അവനോർത്തെടുക്കാൻ ശ്രമിച്ചു.. അവന്റെ പുരികം ചുളുങ്ങി.. പെട്ടെന്നവന്റെ മുഖം ഞെട്ടലോടെ ഭാനുവിനെ നോക്കി...

\"നീ... നീ അഡ്വക്കേറ്റ് രമേശന്റെ?\'\"
അവന്റെ ചോദ്യം കേട്ട് വിടർന്ന കണ്ണുകളുയർത്തി ഭാനു ജിത്തുവിനെ നോക്കി...
\"അദ്ദേഹമെന്റെ വല്യച്ഛനാ.. അച്ഛന്റെ ഏട്ടൻ.. സാറിന് വല്യച്ഛനെ അറിയോ?\"
അവൾ ആകാംക്ഷയോടെ ചോദിച്ചു...

ജിത്തു മുഖം കുനിച്ചു...കുറച്ച് നിമിഷങ്ങൾ അവൻ മൗനമായിരുന്നു..
\"ഇല്ല!!!\"
പരുഷമായി പറഞ്ഞിട്ട് അവൻ എഴുന്നേറ്റ് കൈ കഴുകി പുറത്തേക്ക് പോയി... ഒന്നും മനസ്സിലാവാതെ മുത്തശ്ശിയും ഭാനുവും അവൻ പോകുന്നത് നോക്കി നിന്നു....

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️



രണഭൂവിൽ നിന്നും... (13)

രണഭൂവിൽ നിന്നും... (13)

4.6
2337

ഊണ് കഴിക്കുമ്പോഴൊക്കെ ഭാനുവിന്റെ ചിന്ത ജിത്തു തന്റെ വല്യച്ഛനെ കുറിച്ച് ചോദിച്ചതിനെ കുറിച്ചായിരുന്നു...\"വല്യച്ഛനെ അറിയാതെയെങ്ങനെയാ അദ്ദേഹത്തെപ്പറ്റി അയാൾ ചോദിച്ചത്? എന്നിട്ട് ചോദിച്ചപ്പോ വല്യച്ഛനെ അറിയില്ലാന്നൊരു മറുപടിയും... അതങ്ങ് മാച്ചാകുന്നില്ലല്ലോ...\"ആത്മഗതത്തിനിടയിൽ പെട്ടെന്ന് ഭാനുവൊന്ന് ഞെട്ടി.. കയ്യിലിരുന്ന ഉരുള പാത്രത്തിലേക്ക് തന്നെ വീണു പോയി...\"ഇനി ദേവമംഗലത്തുകാരെ ദ്രോഹിക്കാൻ ശ്രമിക്കുന്നവരുമായി ഇയാൾക്ക് വല്ല ബന്ധവുമുണ്ടാകുമോ... അല്ലെങ്കിൽ വല്യച്ഛനുമായി മറ്റെന്തെങ്കിലും ശത്രുതയുള്ള ആളാകുമോ.. അതോ വെറും പരിചയക്കാരനോ..ചിലപ്പോ വല്യമ്മ