Aksharathalukal

രണഭൂവിൽ നിന്നും... (14)

പിറ്റേന്ന് ജിത്തു പോയിക്കഴിഞ്ഞപ്പോൾ ഭാനുവിന്റെ ജീവിതം വീണ്ടും പഴയ ദിനചര്യയിലായി... ദിവസങ്ങൾ പോകെ മുത്തശ്ശിയുടെ പെരുമാറ്റത്തിലും വിളിയിലുമൊക്കെയൊരു മയം വന്നിട്ടുണ്ട്...\" പെണ്ണേ \"ന്നുള്ള വിളി മാറി \"ഭാനൂ \"ന്നായിട്ടുണ്ട്... അവളുടെ ഭാഗത്ത്‌ നിന്നും തെറ്റുകൾ വളരെ അപൂർവമായപ്പോൾ മുത്തശ്ശിക്ക് വഴക്ക് പറയാനുള്ള അവസരങ്ങളും അപൂർവമായി... അനുവിനും വലിയ മാറ്റങ്ങളൊന്നുമുണ്ടായില്ല...

ശനിയാഴ്ചയാകാൻ അവൾ കാത്തിരുന്നു...അമ്മയെ കാണാൻ...
പക്ഷേ അവളെ നിരാശയിലാഴ്ത്തി ജിത്തു വന്നില്ല... അഞ്ജലി പതിവ് പോലെ വന്ന് അനുവിനെ പരിശോധിച്ചിട്ട് പോയി.... ഭാനുവിന് ഒരുപാട് സങ്കടം തോന്നി... നിരാശയിൽ നിന്നുമുണ്ടായ സങ്കടം...പക്ഷെ സങ്കടപ്പെടാനല്ലാതെ ആരോടും ഒന്നും ചോദിക്കാനും പറയാനുമുള്ള അവകാശം തനിക്കില്ലെന്ന് അറിയുന്ന ഭാനു എല്ലാം ഉള്ളിലൊതുക്കി ആ വീടിനുള്ളിൽ ഒതുങ്ങിക്കൂടി....എങ്കിൽക്കൂടി അമ്മ സുരക്ഷിതമായൊരിടത്താണ് ഉള്ളതെന്ന ചിന്തയിൽ അവൾ ആശ്വാസം കണ്ടെത്തി...

രണ്ട് നാൾ കഴിയുമ്പോൾ മുത്തശ്ശിക്ക് എന്തോ സങ്കടമുള്ളത് പോലെ തോന്നിയവൾക്ക്... ഭക്ഷണം കഴിക്കുന്നത് വളരെ കുറഞ്ഞു... എപ്പോഴും കിടപ്പാണ്... വയ്യാഞ്ഞിട്ടാകുമോ എന്ന് കരുതി അന്വേഷിക്കാൻ ചെന്നാൽ ചിലപ്പോൾ ഭാനുവിനെ ശകാരിച്ചു പറഞ്ഞു വിടും മുത്തശ്ശി... അതുമല്ലെങ്കിൽ ഒന്നും മിണ്ടാതെ തിരിഞ്ഞു കിടക്കും.. മനസ്സാകെ കലങ്ങി മറിഞ്ഞൊരവസ്ഥയിൽ ഭാനു പിന്നെയും ആഴ്ചകൾ തള്ളി നീക്കി... ശനിയാഴ്ചയാകുമ്പോൾ അവൾ പിന്നെയും പ്രതീക്ഷയോടെ ജിത്തുവിനെ കാത്തിരുന്നു... പക്ഷെ അവൻ വന്നില്ല...

ഒരു നാൾ മുത്തശ്ശി ഹാളിലിരുന്ന് മൊബൈലിൽ  ആരോടോ സംസാരിക്കുന്നത് അടുക്കളയിൽ ജോലി ചെയ്തു കൊണ്ടിരുന്ന ഭാനു കേട്ടു....
\"മോനെ... എന്തിനാടാ.. ഒന്നും വേണ്ട..  ഒക്കെ മതിയാക്ക് കുഞ്ഞേ...നീയല്ലാതെ ആരാ ഞങ്ങൾക്ക്?\"
\"കരയല്ലേ മുത്തശ്ശി.. എനിക്കൊന്നും വരില്ല... എന്റെ അമ്മയുണ്ടെന്റെ കൂടെ... അമ്മയ്ക്ക് കൊടുത്ത വാക്കെനിക്ക് പാലിച്ചേ തീരൂ... മുത്തശ്ശി സങ്കടപ്പെടരുത്.. അധികം വൈകാതെ ഞാനങ്ങെത്തും....\"

കണ്ടില്ലെങ്കിലും ആ ശബ്ദം ജിത്തുവിന്റേതാണെന്ന് ഭാനു തിരിച്ചറിഞ്ഞു... ആ മുത്തശ്ശി കരയുന്നത് ഭാനുവിന് കേൾക്കാമായിരുന്നു... ഒന്നുമൊന്നും മനസ്സിലാവാതെ ഭാനു തന്റെ ജോലി തുടർന്നു... എവിടെയോ ഇരുന്നുകൊണ്ട് മൊബൈൽ സ്‌ക്രീനിൽ കാണുന്ന മുത്തശ്ശിയുടെ പിറകിലേക്ക് ആരെയോ തേടുന്നത് പോലെയവന്റെ കണ്ണുകൾ നീളുന്നത് മുത്തശ്ശിക്കും മനസ്സിലായില്ല...മുത്തശ്ശി ഫോൺ കട്ട്‌ ചെയ്തിട്ടും അവർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് കരുതി ഭാനു അവർക്കടുത്തേക്ക് പോയില്ല....

ദിവസങ്ങൾ പിന്നെയും കടന്നു പോയി... മെല്ലെ മെല്ലെ പ്രതീക്ഷയേതുമില്ലാതെ അവൾ ജീവിക്കാൻ പഠിച്ചു.... വെള്ളിയും ശനിയും അവൾക്കൊരുപോലെയായി... ജോലികളെല്ലാം കഴിഞ്ഞുള്ള ഒഴിവ് സമയങ്ങളിൽ കവിതകൾ കുത്തിക്കുറിച്ചും മുറ്റത്ത് ഇരു വശത്തും പൂച്ചെടികൾ നട്ടു പിടിപ്പിച്ചും... അടുക്കളത്തോട്ടമുണ്ടാക്കിയുമൊക്കെ അവൾ സമയം ചിലവഴിച്ചു...

ആ മാസമവസാനിച്ചൊരുനാൾ മുത്തശ്ശി അവൾക്ക് നേരെ നീട്ടിയ അഞ്ഞൂറിന്റെ നോട്ടുകൾ കണ്ട് അവളുടെ ഉള്ളൊന്നുലഞ്ഞു പോയി.... സന്തോഷമാണോ സങ്കടമാണോ തോന്നുന്നതെന്ന് അറിയാത്തൊരവസ്ഥ...എങ്കിലും തന്റെ ആദ്യത്തെ വരുമാനം ഉള്ളിൽ ഈശ്വരനെ നിനച്ച് കൊണ്ട് രണ്ട് കയ്യും നീട്ടി അഭിമാനത്തോടെയവൾ സ്വീകരിച്ചു....

ആ നോട്ടുകൾ തന്റെ സ്കൂൾ ബാഗിനുള്ളിൽ വച്ചവളത് അടച്ചു വച്ചു....അമ്മയ്ക്ക് വേണ്ടിയെന്തെങ്കിലും ഒരു നാൾ വാങ്ങിക്കൊടുക്കണമെന്ന് അവൾ മനസ്സിലൊരു ആഗ്രഹം നെയ്തു കൂട്ടി....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

പിന്നെയും രണ്ടാഴ്ചയോളം കടന്നു പോയി...ഒരു ദിവസം ഉച്ചയ്ക്ക് തന്റെ കുഞ്ഞ് മുറിയിലിരുന്ന് പഴയൊരു നോട്ട് ബുക്കിൽ എന്തോ കുത്തിക്കുറിക്കുകയാണ് ഭാനു..ഉച്ചയൂണു കഴിഞ്ഞ് മയക്കത്തിലാണ് മുത്തശ്ശി... റോഡിൽ ഒരു വാഹനം വന്നു നിന്ന ശബ്ദം കേട്ടാണ് ഭാനു എഴുന്നേറ്റ് ചെന്ന് മുൻവശത്തെ ജനലിലൂടെ കർട്ടൻ ചെറുതായി നീക്കി നോക്കിയത്...

ഒരു വലിയ കാർ നിൽപ്പുണ്ട് ഗേറ്റിന് പുറത്ത്... അതിൽ നിന്നും ഒരാളിറങ്ങി ചുറ്റും നോക്കി... അയാൾ അടുത്തുള്ളൊരു വീട്ടിലേക്ക് ചെന്ന് കോളിങ് ബെല്ലടിച്ചു... വീടിനുള്ളിൽ നിന്നുമൊരു സ്ത്രീ വാതിൽ തുറന്നു... അയാളവരോട് എന്തോ ചോദിക്കുന്നുണ്ടായിരുന്നു... അവരെന്തോ പറഞ്ഞതും അയാൾ ആ വീടിന്റെ ഗേറ്റ് കടന്ന് പുറത്തേക്ക് നടന്നു...

പുറത്തിറങ്ങിയ അയാളുടെ നോട്ടം താൻ കഴിയുന്ന വീടിന് നേരെയാണെന്ന് ഭാനു മനസ്സിലാക്കി... അയാളുടെ മുഖം അപ്പോഴാണവൾ വ്യക്തമായി കണ്ടത്...
പരിക്കേറ്റ പാടുകളുണ്ട് അയാളുടെ മുഖത്ത്... ആജാനബാഹുവായ അയാൾക്ക് ശരിക്കുമൊരു ഗുണ്ടയുടെ രൂപമാണ്.. ഭാനുവിന് പേടി തോന്നി...

അയാളുടെ മൊബൈൽ റിങ്ങായതും അയാളതെടുത്തു ചെവിയിൽ വച്ചു....
\"------\"
\"സർ... സർ ഞാനാ പ്രദേശത്തുണ്ട്... പക്ഷേ വീടൊരു പിടി കിട്ടുന്നില്ല... കുറേ വീട്ടിൽ കയറി ചോദിച്ചു..ഒരു തുമ്പും കിട്ടിയില്ല ... ഇവിടെ വേറൊരു വീട് കൂടിയുണ്ട്.. ചോദിച്ച് നോക്കാം.. അല്ലെങ്കിൽ അടുത്തൊരു ലെയിൻ കൂടിയുണ്ട് അവിടെപ്പോയി അന്വേഷിക്കാം...\"
\"--------\"
\"ഇല്ല.. ഇന്നാ കിളവിയും അനങ്ങാൻ വയ്യാതെ കിടക്കുന്ന പെങ്കൊച്ചും രക്ഷപ്പെടില്ല...അവനുള്ള സമ്മാനം അവരുടെ ശവമായിട്ട് നമുക്ക് അയച്ചു കൊടുക്കാം...\"

അയാൾ സംസാരിക്കുന്നത് ഭാനു വ്യക്തമായി കേട്ടു...അയാൾ പറയുന്നത് മുത്തശ്ശിയെയും അനുവിനെയും കുറിച്ചാണെന്ന് ഭാനു മനസ്സിലാക്കി... അവളുടെ കണ്ണുകൾ ഭയം കൊണ്ട് തുറിച്ചു വന്നു..പാന്റിന്റെ പിറകിൽ നിന്നുമൊരു തോക്കെടുത്തയാൾ ലോഡ് ചെയ്യുന്നത് കൂടി കണ്ടതോടെ അവളുടെ ഭയം പൂർത്തിയായി...

അവൾ ഞെട്ടി വായ പൊത്തി നിലത്തിരുന്നു പോയി...അവളുടെ മനസ്സിലൂടെ ഒരുപാട് ചിന്തകൾ കടന്നു പോയി..ബുദ്ധി പ്രയോഗിക്കേണ്ടുന്ന സമയമാണ് അതെന്ന് അവൾക്കറിയാമായിരുന്നു.... എന്താണ് ചെയ്യേണ്ടതെന്നവൾ ആലോചിച്ചു.... അവളുടെ തലയിൽ പെട്ടെന്നൊരു ബുദ്ധിയുദിച്ചു...അങ്ങിനെയിരുന്നു കൊണ്ടു തന്നെ അവൾ മുൻവാതിലിലേക്ക് നോക്കി അത്‌ ഭദ്രമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തി...

പതിയെ എഴുന്നേറ്റവൾ മുത്തശ്ശിയുടെയും അനുവിന്റെയും മുറികളുടെ വാതിൽ ശബ്ദമുണ്ടാക്കാതെ പുറത്ത് നിന്നും അടച്ചു കുറ്റിയിട്ടു... മുഖമൊന്ന് നന്നായി തുടച്ചവൾ മുറിയിലേക്കോടി... അവൾ തന്റെ കയ്യിൽ ആകെയുള്ളൊരു നല്ല ജോഡി ചുരിദാർ  പെട്ടെന്നെടുത്തിട്ടിട്ട് മുടി നന്നായി ഒതുക്കി വച്ചു....

അപ്പോഴേക്കും കോളിങ്ങ് ബെൽ രണ്ട് തവണ മുഴങ്ങിക്കഴിഞ്ഞിരുന്നു...ഉള്ളം ഭയത്താൽ വിറങ്ങലിക്കുമ്പോഴും അത്‌ പുറത്തറിയാതെ സൂക്ഷിച്ചു കൊണ്ടവൾ വിറയ്ക്കുന്ന കൈകളാൽ വാതിൽ തുറന്നു.... തന്നെ തുറിച്ചു നോക്കുന്ന മുന്നിലെ രൂപം അടുത്ത് കണ്ടതും ഉള്ളം കാലിൽ നിന്നും ഭയം ഉച്ചിയിലേക്ക് മിന്നൽ കണക്കെ തരിച്ചു കയറി ഭാനുവിന്..

\"ആരാ?\"
ഭയം പുറത്ത് കാട്ടാതെ സ്വാഭാവികമായി അവൾ ചോദിച്ചു....
\"ഞാനൊരു സർവ്വേയ്ക്ക് വന്നതാണ്...പഞ്ചായത്തിൽ നിന്ന്.. ഇവിടെ എത്ര പേരാണ് താമസം?\"
അയാൾ പോക്കറ്റിൽ നിന്നും ഒരു പേപ്പറും പേനയുമെടുത്ത് എഴുതാൻ ഭാവിക്കുന്നത് പോലെ ചോദിച്ചു...
\"മൂന്ന് പേർ \"
അവൾ മറുപടി നൽകി...
പെട്ടെന്ന് മുഖമുയർത്തിയ അയാളുടെ കണ്ണുകൾ വിടർന്നിരുന്നു...
\"ആരൊക്കെയാണ്?\"
\"അച്ഛനും അമ്മയും ഞാനും...\"
അത് കേട്ട് അയാളുടെ മുഖം മങ്ങി...
\"അച്ഛൻ ഐ.പി. എസ്‌ ഓഫീസറാ ... അമ്മ ടീച്ചറും...\"
അവൾ കൂസലന്യേ പറഞ്ഞു...

വന്നയാൾ ഞെട്ടിയെങ്കിലും പുറത്ത് കാണിച്ചില്ല....
\"കുട്ടിയെന്താ ചെയ്യുന്നേ?\"
\"ഞാൻ ഐ.എ. എസ്‌ ഇന്റർവ്യൂ കഴിഞ്ഞിരിക്കുകയാണ്...\"
ഇത്തവണ അയാൾ ശരിക്കും ഞെട്ടിയത് അവൾ കണ്ടു... അവളുടെ ഭയം കുറച്ച് കുറഞ്ഞു....അയാൾ അവളെയൊന്ന് സൂക്ഷിച്ചു നോക്കി.. ചെറിയൊരു പെൺകുട്ടി.. ഐ. എ. എസ്സോ??? അയാൾ ചിന്തിച്ച് കാണും...

\"എന്താ സർ \"
\"ഹേയ്.. ഒന്നുമില്ല...\"
ശരി... എന്നാൽ ഞാനിറങ്ങട്ടെ...\"
അയാൾ ധൃതിയിൽ പുറത്തേക്ക് നടന്നു...
\"അച്ഛൻ വരുമ്പോ ഞാൻ പറഞ്ഞേക്കാം സർവ്വേക്ക് ആള് വന്നിരുന്നൂന്ന്...\"
അവൾ വിളിച്ചു പറഞ്ഞു.. അത്‌ കേട്ട ഭാവം വയ്ക്കാതെ അയാൾ ധൃതിയിൽ കാറിൽ കയറിപ്പോയി..

ഭാനു പെട്ടെന്ന് വാതിലടച്ചു കുറ്റിയിട്ടിട്ട് മുഖം പൊത്തി നിലത്തിരുന്നു പോയി....
അവൾ കിടുകിടാ വിറയ്ക്കുകയായിരുന്നു...അത്രയും നേരം പിടിച്ചു വച്ച ഭയം അവളെ ആകെ തളർത്തിക്കളഞ്ഞിരുന്നു...തല വെട്ടിപ്പിളർക്കുന്നത് പോലെ തോന്നിയവൾ കൈകൾ കൊണ്ട് തലയമർത്തിപ്പിടിച്ചു...

മുത്തശ്ശി വാതിലിൽ തുരുതുരെ കൊട്ടുന്നത് കേട്ട് ഞെട്ടിപ്പിടഞ്ഞു കൊണ്ടവൾ പിന്നിലേക്കാഞ്ഞു പോയി...രണ്ട് നിമിഷം വേണ്ടി വന്നു അവൾക്കൊന്ന് എഴുന്നേറ്റ് നിൽക്കാൻ...
\"എന്താ ഭാനു മുഖമൊക്കെ വല്ലാതെ...വയ്യേ നിനക്ക്...? \"
വാതിൽ തുറന്ന ഭാനുവിന്റെ മുഖം കണ്ട് മുത്തശ്ശിയുടെ മുഖം ആവലാതി പൂണ്ടു...

\"അനുവേച്ചീടെ ഏട്ടനെന്നാ വരാ..? \"
താഴേക്ക് നോക്കി ഭാനു ചോദിച്ചു...
\"അതെന്തിനാ നീയറിയണേ? \"
മുത്തശ്ശിയുടെ മുഖമിരുണ്ടു.. വാക്കുകൾ കടുത്തു...

ഭാനു മെല്ലെ മുഖമുയർത്തി മുത്തശ്ശിയെ നോക്കി...
\"നിങ്ങളോട് ആർക്കെങ്കിലും ശത്രുതയുണ്ടോ മുത്തശ്ശീ?\"
അവൾ പെട്ടെന്ന് ചോദിച്ചു.. മുത്തശ്ശിയൊന്ന് ഞെട്ടി....
\"അ..അതെന്താ നീയങ്ങനെ. ചോദിച്ചത്?\"
അവരുടെ ശബ്ദത്തിൽ പരിഭ്രമം കലർന്നു...

\"അല്ലെങ്കിൽ പിന്നെ ഒരാള് നിങ്ങളെ കൊല്ലാൻ വരണതെന്തിനാ? \"
ശാന്തമായ ഭാനുവിന്റെ വാക്കുകൾ കേട്ട് ഇത്തവണ മുത്തശ്ശി നടുങ്ങിപ്പോയിരുന്നു...
അവർ പുറകിലേക്ക് വേച്ചു വീഴാൻ പോയതും ഭാനു വേഗമവരെ താങ്ങിപ്പിടിച്ച് കസേരയിലിരുത്തി ...കുറച്ച് വെള്ളമെടുത്ത് ഗ്ലാസിലൊഴിച്ച് അവർക്ക് നേരെയവൾ നീട്ടി... മുത്തശ്ശിയത് വാങ്ങി കുറച്ച് കുടിച്ചിട്ട് തിരികെ നൽകി...

\"എന്താ ഉണ്ടായത്?\"
കുറച്ചു നിമിഷങ്ങൾ കഴിഞ്ഞവർ ചോദിച്ചു...ഭാനു ഉണ്ടായതെല്ലാം വിവരിച്ചു പറഞ്ഞു കൊടുത്തു... എല്ലാം കേട്ടു കഴിഞ്ഞ് മുഖമുയർത്തിയ മുത്തശ്ശിയുടെ കണ്ണുകളിൽ നീർക്കണങ്ങൾ നിറഞ്ഞിരുന്നു... അതിൽ അവളോടുള്ള നന്ദിയും നിറഞ്ഞ് വന്നു...

\"നിനക്കിത്ര ധൈര്യമുണ്ടെന്നു ഞാൻ വിചാരിച്ചില്ല പെണ്ണേ.. നീയെന്റെ മൊബൈലിങ്ങെടുക്ക്..\"
ചെറു ചിരിയോടെ പറഞ്ഞ മുത്തശ്ശിയുടെ വാക്കുകളിൽ അഭിനന്ദനവും നന്ദിയുമുണ്ടെന്ന്  ഭാനു മനസ്സിലാക്കി... അവൾ മുത്തശ്ശിയുടെ മൊബൈലെടുത്ത് കൊടുത്തു... ഭാനു മെല്ലെ ചെന്ന് അനുവിന്റെ മുറിയുടെ വാതിൽ തുറന്നു...അനു കണ്ണുകളടച്ചു കിടക്കുന്നുണ്ട്... ഒരു നെടുവീർപ്പോടെ ഭാനു തന്റെ മുറിയിലേക്ക് പോയി...

\"ടീ ഭാനു... ദാ ജിത്തുവിന് നിന്നോടെന്തോ പറയണമെന്ന്...\"
കുറച്ച് കഴിഞ്ഞ് ഹാളിൽ നിന്നും മുത്തശ്ശി ഭാനുവിനെ വിളിച്ചു.... ഭാനു വേഗം വന്ന് അവരുടെ കയ്യിൽ നിന്നും മൊബൈൽ വാങ്ങി ചെവിയോട് ചേർത്തു...
\"ഹ.. ഹലോ..\"
അവൾക്ക് പരിഭ്രമമായി...
മറുപുറത്തു നിന്നും ശബ്ദമൊന്നുമില്ല...
ഭാനുവിന്റെ പുരികം ചുളിഞ്ഞു..
\"ഹലോ..ഹലോ..\"
അവൾ വീണ്ടും പറഞ്ഞു....
\"പ്രിയാ..\"
അവന്റെ ശബ്ദം... ദിവസങ്ങൾക്കു ശേഷമവൾ കേട്ടു...
\"മ്മ് \"
അവളൊന്ന് മൂളിയതെ ഉള്ളൂ...
പിന്നെയും നിശ്ശബ്ദത മാത്രം... അവനും വാക്കുകൾക്ക് പഞ്ഞമോ?? അവൾക്ക് അദ്‌ഭുതം തോന്നി....

അവന്റെ ഹൃദയസ്വരം വല്ലാതെ ഉയരുന്നത് പോലെ തോന്നിയവൾക്ക്....
\"പേടിക്കണ്ട... ഞാൻ.. ഞാൻ ശ്രദ്ധിക്കാം...\"
അങ്ങനെ പറയാനാണ് അവൾക്ക് തോന്നിയത്... മറുപുറത്ത് അവന്റെ കണ്ണുകൾ ഒഴുകിയിറങ്ങിയത് അവൾക്ക് കാണാനാവില്ലല്ലോ....
ഫോൺ കട്ടായെന്നറിഞ്ഞപ്പോൾ അവൾ മൊബൈൽ മുത്തശ്ശിക്ക് തിരികെ നൽകി... മുറിയിലേക്ക് നടക്കുന്ന അവളെ മുത്തശ്ശി നോക്കിയിരിക്കുന്നുണ്ടായിരുന്നു... അവളുടെ മനസ്സാകട്ടെ ഒന്നുമൊരു എത്തും പിടിയും കിട്ടാത്ത അവസ്ഥയിലും...

\"ആരാകും വന്നയാൾ?? അയാളെന്തിനാണ് ആ പാവം മുത്തശ്ശിയെയും ചേച്ചിയെയും കൊല്ലുന്നത്?? എപ്പോഴും തന്നോട് ചാടിക്കടിക്കുന്ന ജിത്തുവെന്താണ് നിശ്ശബ്ദനായത്..?? അവൻ പേടിച്ചു കാണുമോ??താനെന്തിനാണ് അവനോട് അങ്ങനെ പറഞ്ഞത്?? അവന്റെ ഹൃദയമിടിപ്പ് ഇപ്പോഴും തന്നെ അസ്വസ്ഥയാക്കുന്നത് എന്ത് കൊണ്ടാണ്?? \"
ചോദ്യങ്ങളൊരുപാടായിരുന്നു അവൾക്കുള്ളിൽ.. ഉത്തരം കിട്ടുമോ എന്ന് പോലുമുറപ്പില്ലാത്ത അനേകം ചോദ്യങ്ങൾ...

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️



രണഭൂവിൽ നിന്നും... (15)

രണഭൂവിൽ നിന്നും... (15)

4.8
2671

അന്ന് രാത്രി ഒരു ഏഴു മണിയായിക്കാണും... അനുവിന്റെ കാര്യങ്ങളൊക്കെ ചെയ്തു കൊടുത്ത് രാത്രിക്കുള്ള ഭക്ഷണമുണ്ടാക്കാൻ ഒരുങ്ങുകയാണ് ഭാനു...അപ്പോഴാണ് മുത്തശ്ശി മൊബൈൽ അവൾക്ക് നേരെ നീട്ടുന്നത്... ഭാനു സംശയത്തോടെ മുഖമുയർത്തി നോക്കി....\"ജിത്തുവാ.. നിന്നോടെന്തോ പറയണമെന്ന് \"അനിഷ്ടത്തോടെ മുത്തശ്ശി അവളോട് പറഞ്ഞു...ഭാനുവിനാ അനിഷ്ടം മനസ്സിലാവുകയും ചെയ്തു...അവൾ കൈ നീട്ടി ആ ഫോൺ വാങ്ങി ചെവിയോട് ചേർത്തു... ഇത്തവണ മുൻപത്തെയത്ര പരിഭ്രമം അവൾക്ക് തോന്നിയില്ല....\"ഹലോ...\"അവൾ തുടക്കമിട്ടു..\"പ്രിയാ..\"അവന്റെ ശബ്ദത്തിൽ പതിവില്ലാത്ത നേർമത...\"മ്മ് \"അവൾ പതിവ് പോലെ മൂളി..\"ഞാൻ പറയുന്നത് ശ്രദ്ധിച