Aksharathalukal

നൂപുരധ്വനി 🎼🎼(4)

രാത്രി ഹോസ്റ്റൽ മുറിയിലെ ജനാലയിലൂടെ കടന്നു വരുന്ന നിലാവിനെ നോക്കി കിടക്കുകയാണ് രുദ്ര...മനസ്സാകെ കലുഷിതമാണ്... കോളേജിൽ തന്നെയും അവനെയും അറിയുന്ന ആരുമില്ല ഇപ്പോൾ.. അത്‌ കൊണ്ട് തന്നെ അവന് ആ വഴി കാര്യങ്ങൾ അറിയാനാകില്ല... സുഹൃത്തുക്കളെയൊന്നും അവന് ഓർമ്മയുമില്ല.. അങ്ങനെയുള്ളപ്പോൾ ഇനിയൊരിക്കൽ കൂടി അവന് മുൻപിൽ ഒറ്റയ്ക്ക് ചെന്നു പെട്ടാൽ ഒക്കെ പറയേണ്ടി വരും.. അതിന് സാധിക്കില്ല തനിക്ക്.. ഇനിയിപ്പോൾ ഒരു വഴിയേ ഉള്ളൂ.. അവനെ പരമാവധി ഒഴിവാക്കുക.. ഒറ്റയ്ക്കെവിടെയും പോകാതിരിക്കുക..എപ്പോഴും അനു കൂടെയുണ്ടെങ്കിൽ അവന് തന്നോടൊന്നും ചോദിക്കാനാകില്ല.. അതേ.. അത്‌ തന്നെ വഴി..

അങ്ങനെ പലതും കൂട്ടിക്കിഴിച്ച് രുദ്ര കണ്ണുകളടച്ചു.. ഉറങ്ങുമെന്നൊരു ഉറപ്പുമില്ലാതെ..

മറ്റൊരിടത്ത് അവൻ മറ്റൊരു സ്വപ്നത്തിലായിരുന്നു..ആ സ്വപ്നത്തിൽ അവൻ തനിക്കൊപ്പം കാണുന്ന പെൺകുട്ടിക്ക് രുദ്രയുടെ മുഖമാണെന്നവൻ ഇത്തവണ വ്യക്തമായിത്തന്നെ കണ്ടു... കുപ്പിവള കിലുങ്ങും പോലെ പൊട്ടിച്ചിരിച്ചു കൊണ്ട് ഓടുന്ന അവൾക്ക് പിന്നാലെ ഓടുന്ന താൻ.. ഓടിയോടി അവൾ ചെന്നെത്തിയതൊരു കുന്നിൻ മുനമ്പിലേക്കാണെന്നവൻ മനസ്സിലാക്കുമ്പോഴേക്കും അഗാധമായ കൊക്കയിലേക്കവൾ പോയി വീണു കഴിഞ്ഞിരുന്നു...


ചക്കീഈൗൗൗൗൗൗ!!!!!!


വലിയൊരു നിലവിളിയോടെ അവൻ ഉറക്കത്തിൽ നിന്നും ചാടിയെഴുന്നേറ്റു... അവൻ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു... കണ്ടതൊരു സ്വപ്നമായിരുന്നുവെന്ന് അവന് ബോധ്യപ്പെടാൻ ഒരുപാട് സമയമെടുത്തു....
\"ചക്കി \"
 ആ പേര് ഇതിന് മുൻപ് കേട്ടിട്ടില്ല... കണ്ടത് രുദ്രയെ ആണെങ്കിലും വിളിച്ചതീ പേരാണ്.... അവന്റെ കണ്ണുകൾ കലങ്ങി നിറഞ്ഞൊഴുകി... ദേഹമാകെ വിയർത്തു കുളിച്ചിരിക്കുന്നു... തൊണ്ട വറ്റി വരണ്ടു പോയിരിക്കുന്നു... തലയാകെ വെട്ടിപ്പൊളിയുന്നത് പോലെ വേദനിക്കുന്നു.... അവൻ രണ്ട് കൈകൾ കൊണ്ടും തലയമർത്തി പിടിച്ചു... പിന്നെ കയ്യെത്തിച്ച് ലൈറ്റിട്ടു...

ക്ലോക്കിൽ സമയം മൂന്ന്... അടുത്തിരുന്ന വെള്ളത്തിന്റെ കുപ്പിയെടുത്ത് അവൻ ആർത്തിയോടെ കുടിച്ചു തീർത്തു... അപ്പോഴും അവന്റെ ഉച്ചത്തിൽ മിടിക്കുന്ന ഹൃദയമിടിപ്പ് അടങ്ങിയില്ല... അവൻ കുപ്പി മാറ്റി വച്ച് മെല്ലെയെഴുന്നേറ്റ് ബാൽക്കണിയിലേക്കുള്ള സ്ലൈഡിങ് ഡോർ വലിച്ചു തുറന്നു... പുറത്ത് നിന്നും മഴയുടെ തണുപ്പിനെ ആവാഹിച്ച കാറ്റ് ദേഹത്തെ പൊതിയുമ്പോൾ അവനല്പം ആശ്വാസം തോന്നി...

പുതുമഴ പെയ്തു തോരുമ്പോഴുള്ള മണ്ണിന്റെ മണം അവനിൽ ഒരു സുഖം സമ്മാനിച്ചു.. കണ്ണുകളടച്ചു കൊണ്ടവൻ ബാൽക്കണിയിലെ കൈവരിയിൽ കൈകൾ താങ്ങി നിന്നു... കുറച്ച് നേരം.. സ്വപ്നത്തിൽ കണ്ടതൊക്കെയും എന്നോ ഒരിക്കൽ തന്റെ ജീവിതത്തിൽ നടന്നിട്ടുണ്ടെന്ന് അവന്റെ ഹൃദയം ആണയിട്ടു പറയുന്നുണ്ടായിരുന്നു...


കണ്ണുകൾ തുറക്കുമ്പോൾ അവന് ഒന്നുറപ്പായി കഴിഞ്ഞിരുന്നു.. രുദ്ര തനിക്ക് ആരോ അല്ല... ഹൃദയത്തോട് അത്രയും ചേർന്നു നിൽക്കുന്നവളാണ്... അവളുടെ ഹൃദയത്തിനോട് പറ്റിച്ചേർന്നു കിടക്കുന്ന തന്റെ മുഖമുള്ള പെൻഡന്റ്... തനിക്ക് പരിചിതമായി തോന്നുന്ന അവളുടെ ഹൃദയതാളം... ഗന്ധം.. ശ്വാസം... പിന്നെയാ ഫ്ലിപ് ബുക്ക്‌.. എല്ലാമതിനു തെളിവാണ്...

പക്ഷേ അതേക്കുറിച്ച് ചോദിക്കുമ്പോഴുള്ള അവളുടെ പ്രതികരണമാണ് തന്നെ കുഴപ്പിക്കുന്നത്...ഭയം.. പരിഭ്രമം.. വെപ്രാളം.. പിന്നെയാ കണ്ണുനീർ.. അത്‌.. അത് കണ്ടു നിൽക്കാൻ തനിക്കാവുന്നില്ല... കൂടെ പഠിച്ചിരുന്നവരിൽ ആരൊക്കെയാണ് തന്റെ സുഹൃത്തുക്കളെന്ന് അറിയില്ല... അധ്യാപകരെയൊന്നും ഓർമ്മയില്ല...അവരെ കണ്ടു പിടിച്ചാലും തനിക്കും രുദ്രയ്ക്കുമിടയിലുണ്ടായിരുന്നതൊന്നും അവർക്ക് പറഞ്ഞു തരാൻ കഴിയുകയുമില്ല....


തന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരം കേവലം രുദ്രയ്ക്ക് മാത്രമേ തരാൻ കഴിയൂ... പക്ഷേ നേരിട്ട് തന്നോടവൾ പറയില്ല... തന്നിലേക്ക് അടുക്കാൻ... തന്നോട് സത്യം തുറന്നു പറയാൻ അവളെ തടയുന്ന എന്തൊക്കെയോ ഉണ്ട്...എന്ത് ചെയ്യും??
ബാലു തല പുകഞ്ഞാലോചിച്ചു...

പെട്ടെന്ന്.... പെട്ടെന്നൊരു മുഖം അവന്റെ മനസ്സിലേക്ക് ഓടിയെത്തി.. അവന്റെ മുഖമൊന്ന് തെളിഞ്ഞു..ആ പദ്ധതി നടപ്പിലായാൽ തേടുന്ന ഉത്തരങ്ങൾ തനിക്ക് ലഭിക്കും... താൻ മറന്നു പോയ തന്റെ ജീവിതം തനിക്ക് മുൻപിൽ തുറന്നു വയ്ക്കപ്പെടും...
അതേ!!അത് തന്നെ വഴി...
തീരുമാനിച്ചുറപ്പിച്ച് ബാലു ഡോർ അടച്ച് അകത്തേക്ക് നടന്നു... വീണ്ടും ബെഡ്‌ഡിലേക്ക് കിടക്കുമ്പോൾ ആ പദ്ധതി നടപ്പിലാക്കാനുള്ള കണക്ക് കൂട്ടലിലായിരുന്നു അവന്റെ മനസ്സ്...

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

പിറ്റേന്ന് കോളേജിലെത്തുമ്പോൾ മുതൽ രുദ്ര തികഞ്ഞ ശ്രദ്ധാലുവായിരുന്നു... ക്ലാസ്സിൽ അവനെത്തുമ്പോൾ മുഖം കൊടുത്തതേയില്ല അവൾ.. പക്ഷേ അവനറിയാതെ അവളവനെ നോക്കുന്നുണ്ടായിരുന്നു... അവളെ അമ്പരപ്പിച്ചു കൊണ്ട് അവനും അവളെ തീർത്തും അവഗണിച്ചു... ഒരു പ്രാവശ്യം പോലും അവന്റെ കണ്ണുകൾ തനിക്ക് നേരെ നീണ്ടില്ലെന്നത് അവളിൽ അവളറിയാതെയൊരു നൊമ്പരം കൊണ്ടു വന്നു....അവൾക്ക് തൊട്ടടുത്തിരിക്കുന്ന അനുവിനോട് വരെ അവനന്ന് ചോദ്യം ചോദിച്ചു.. പക്ഷേ അവളെയവനൊന്ന് നോക്കിയത് കൂടിയില്ല...അവൾക്കുള്ളിൽ സങ്കടം ഉറഞ്ഞു കൂടി...

ദേഷ്യമായി കാണുമോ തന്നോട്.. പിണങ്ങിക്കാണുമോ...
അവൾക്ക് നെഞ്ചിൽ വല്ലാത്ത ഭാരം തോന്നി.. 

ക്ലാസ്സ്‌ കഴിഞ്ഞ് ബാലു പോയി.. അന്ന് മുഴുവൻ രുദ്രയുടെ മുഖം മങ്ങിയിരുന്നു... അനു പലതും ചോദിക്കുന്നുണ്ട്.. ഒന്നിനും അവൾക്കുത്തരമുണ്ടായില്ല.. അവസാനം ദേഷ്യപ്പെട്ട്...ക്ലാസ്സ്‌ കഴിഞ്ഞതും യാത്ര പോലും പറയാതെ അനു ഇറങ്ങിപ്പോവുകയും ചെയ്തു.... അത്‌ പോലും രുദ്ര അറിഞ്ഞില്ല.. അവളാകെ മരവിപ്പിലായിരുന്നു... ഒന്നും മനസ്സിലാകാത്ത അവസ്ഥ....

രുദ്രയ്ക്ക് രാത്രി ഭക്ഷണം കഴിക്കാൻ തോന്നിയില്ല...
പഠിക്കാൻ തോന്നിയില്ല...
ഉറക്കം വന്നില്ല...
മനസ്സ് കൈവിട്ടു പോകുന്നു....


എങ്ങനെയൊക്കെയോ അവൾ നേരം വെളുപ്പിച്ചു... പിറ്റേന്ന് ശനി... ക്ലാസ്സില്ല... മനസ്സെവിടെയും ഉറച്ചു നിൽക്കുന്നില്ല.. ഒന്നിലും ശ്രദ്ധ കിട്ടുന്നില്ല... മനസ്സ് പിടച്ചു കൊണ്ടേ ഇരിക്കുന്നു.... പിറ്റേന്നും അവധിയാണെന്നത് അവളുടെ പിടപ്പേറ്റി...ഇനി ഒരു ദിവസം കൂടി കഴിഞ്ഞാലേ അവനെയൊന്ന് കാണാനാകൂ... ആ മുഖമൊന്ന് കണ്ടാലേ ശ്വാസമെടുക്കാനാകൂ എന്ന് വരെ തോന്നിപ്പോയി രുദ്രയ്ക്ക്...

തൊട്ടടുത്ത നിമിഷം അവൾ തലയ്ക്കു കൈ കൊടുത്തിരുന്നു പോയി....
എന്തൊക്കെയാണീ ചിന്തിച്ചു കൂട്ടുന്നത്... അഞ്ച് വർഷം മുൻപ് മനസ്സിനുള്ളിൽ താഴിട്ടു പൂട്ടിയതാണ് ബാലുവെന്ന അദ്ധ്യായം... അപ്പ്രതീക്ഷിതമായി ഇവിടെ വച്ച് കാണുമ്പോഴും ഒഴിവാക്കാനായിരുന്നു ശ്രമിച്ചത്... എന്നിട്ടും അവനൊന്ന് നോക്കാത്തതിന്.. തന്നെയൊന്ന് ശ്രദ്ധിക്കാത്തതിന് താനിങ്ങനെ വെപ്രാളപ്പെടുന്നതെന്തിനാണ്... അവനെയൊന്ന് കണ്ടേ തീരുവെന്ന് മനസ്സ് വാശി പിടിക്കുന്നതെന്തിനാണ്... താനിപ്പോൾ സന്തോഷിക്കുകയല്ലേ വേണ്ടത്...
ചോദ്യങ്ങൾ ഒരുപാടുണ്ട്.. പക്ഷേ ഒന്നിനും ഉത്തരമില്ല....

അനുവിനെ വെറുതെ ഒന്ന് വിളിച്ചു നോക്കി.. എടുത്തില്ല... അവളും പിണക്കത്തിലാകും....ഉള്ളിൽ ചുട്ടു നീറിക്കൊണ്ടിരുന്നു രുദ്രയ്ക്ക്... ആരുമില്ല തന്നെയൊന്ന് കേൾക്കാൻ.. ഒറ്റയ്ക്കാണ്...
രാത്രി വീണ്ടും നിലാവിനെ നോക്കി കിടന്നു...
ജീവിതത്തിലിന്നോളമുണ്ടായ നഷ്ടങ്ങൾ.. വേർപാടുകൾ... വിരഹം... ദുരന്തങ്ങൾ... എല്ലാമവളെ നോക്കി കൊഞ്ഞനം കുത്തി...തല വെട്ടിപ്പൊളിയുന്നു.. ഒന്നുറക്കെ കരയണമെന്നുണ്ട്..സാധിക്കുന്നില്ല... ഉള്ള് നീറിപ്പുകയുന്നു.. ശ്വാസം മുട്ടുന്നു... ഭ്രാന്ത്‌ പിടിക്കുന്നു...

രാത്രി വെളുക്കുവോളം അവളങ്ങനെ കിടന്നു.. രാവിലെ നിയ നിർബന്ധിച്ചത് കൊണ്ട് മാത്രം കുറച്ച് ഭക്ഷണം കഴിച്ചു.. വളരെ കുറച്ച്... ആ ദിവസം മുഴുവൻ പിന്നെ ഉറക്കമായിരുന്നു.. മരണം പോലെ ഗാഢമായ ഉറക്കം...നിയ വിളിച്ചത് പോലുമറിഞ്ഞില്ല... പേടിച്ചിട്ടാകണം അവൾ വാർഡനെ കൂട്ടി വന്നു...മുഖത്ത് വെള്ളം തളിച്ച് എഴുന്നേൽപ്പിക്കേണ്ടി വന്നു... ഉണർന്നപ്പോൾ കുഴപ്പമൊന്നുമില്ലെന്ന് കണ്ട് അവരൊക്കെ ആശ്വസിച്ചു... ശരീരത്തിനല്ല മനസ്സിനാണ് അസുഖമെന്ന് പറയാനാവില്ലല്ലോ....

പിന്നെയും നിദ്രയില്ലാതെയൊരു രാവ് കൂടി... പിറ്റേന്ന് ക്ലാസ്സുണ്ടെന്ന ഓർമ്മ അവളിലൊരു നേരിയ പ്രതീക്ഷ വിടർത്തി... അവനെ ഒന്ന് കാണുകയെങ്കിലും ചെയ്യാമല്ലോ... ഒരു ആശ്വാസം തോന്നി... പിറ്റേന്ന് രാവിലെ നേരത്തേ എഴുന്നേറ്റ് കുളിച്ചു തയ്യാറായി... കോളേജെത്താനൊരു ധൃതിയായിരുന്നു അവൾക്ക്.. പതിവിലും വളരെ നേരത്തേ കോളേജിലെത്തി... തൂപ്പുകാർ പണി തുടങ്ങിയിട്ടേ ഉള്ളൂ... കുറച്ച് നേരം വാകച്ചുവട്ടിലിരുന്നു... സമയം ഇഴയുന്നത് പോലെ...

അക്ഷമയോടെ കാത്തിരുന്നു...ഓരോ കുട്ടികളായി വന്നു തുടങ്ങിയതും ഒരു സന്തോഷം തോന്നുന്നതറിഞ്ഞു.. മെല്ലെയെഴുന്നേറ്റ് ക്ലാസ്സിലേക്ക് നടന്നു....
തന്റെ സീറ്റിലിരുന്ന് ഡെസ്കിലേക്ക് തല ചായ്ച്ചു വച്ചു....കണ്ണുകൾ വാതിൽക്കലേക്ക് തന്നെ നീണ്ടു കിടന്നു... അനു അകത്തേക്ക് കയറുന്നതും തനിക്കരികിലേക്ക് വരുന്നതും കണ്ട് രുദ്ര അവൾക്കൊരു പുഞ്ചിരി നൽകി... പക്ഷേ അനു അവളെയൊന്ന് നോക്കിയത് കൂടിയില്ല....

ചങ്ക് പിടഞ്ഞു... നെഞ്ചിലെ ഭാരം കൂടുന്നതറിഞ്ഞു....ക്ലാസ്സ്‌ തുടങ്ങി...അധ്യാപകർ മാറി മാറി വന്നു... ബാലുവിന്റെ അവർ ആയതും ഉള്ളുലഞ്ഞു... വെപ്രാളം... പരവേശം... ഒന്ന് കാണാൻ ഉള്ളം കൊതിച്ചു... ഹൃദയമിടിപ്പേറി....

പക്ഷേ!!!
അവന് പകരം വന്നത് മറ്റൊരു അദ്ധ്യാപകൻ... നെഞ്ചിലെ ഭാരം കൂടി... കണ്ണുകൾ നീർ വറ്റിയത് പോലെ ചുട്ടു നീറി...
\"ബാലു സാറ് ലോങ്ങ്‌ ലീവിലാ...\"
ആരോ ആരോടോ പറയുന്നത് കേട്ടു....

നീറ്റലേറ്റിക്കൊണ്ട് കണ്ണുകൾ പെയ്യാൻ തുടങ്ങുമ്പോൾ അവളൊന്ന് അനുവിനെ നോക്കി... അവൾ തന്നെ നോക്കുന്നില്ല... അടുത്ത ബെഞ്ചിലിരിക്കുന്ന കുട്ടികളോട് സംസാരിക്കുകയാണ്... രുദ്ര പതിയെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു... എങ്ങോട്ടാണെന്നറിയുന്നില്ല... യാന്ത്രികമായിരുന്നു അവളുടെ ചലനം...
കാലുകൾക്ക് വഴിയറിയുന്നത് പോലെ ചെന്നെത്തി നിന്നത് ലൈബ്രറിയിൽ...

ഒറ്റയ്ക്ക് ഇനിയിവിടേക്ക് വരില്ലെന്ന് തീരുമാനിച്ചത് അവളുടെ ബുദ്ധി മറന്നെന്നു തോന്നുന്നു... വിജനമായി കിടക്കുന്നിടത്തേക്ക് കാലുകൾ ചലിച്ചു... ചോദ്യം ചെയ്യാൻ ലൈബ്രേറിയൻ പോലുമില്ലാത്തത് കൊണ്ട് തടയാനുമാരുമില്ല...


വീണ്ടുമതേയിടം... അവിടുള്ള കസേരയിലിരുന്ന് മേശയിലേക്ക് തല കുമ്പിട്ടു കിടന്നു... കണ്ണുകൾ നിറഞ്ഞൊഴുകി മേശപ്പുറം നനയ്ക്കുന്നുണ്ടെങ്കിലും അവൾ കരയുകയാണെന്ന് പറയാനാവില്ല... മനസ്സ് മരവിച്ചിരിക്കുകയാണ്... ഉള്ളിലൊരു വിസ്ഫോടനത്തിന് തയ്യാറെടുക്കുന്ന അഗ്നിപർവതം പുകഞ്ഞു തുടങ്ങിയത് അവൾ പോലുമറിഞ്ഞിരുന്നില്ല... ഒരു ചെറിയ ചലനം കൊണ്ട് പോലും പൊട്ടിത്തെറിക്കാൻ പാകത്തിനാ ചുടുനീർ പുകഞ്ഞു പുറത്തേക്ക് വരുന്നത് അവളറിഞ്ഞില്ല...


തികഞ്ഞ നിശ്ശബ്ദത!!!!!


\"മൗനം സ്വരമായ്‌ എൻ പൊൻവീണയിൽ....
സ്വപ്നം മലരായ് ഈ കൈക്കുമ്പിളിൽ....
ഉണരും... സ്‌മൃതിയലയിൽ...
ആരോ... സാന്ത്വനമായ്...
മുരളികയൂതി... ദൂരെ....\"

വീണ്ടുമാ സ്വരം...ഇമ്പമുള്ള സംഗീതം....
തോന്നലാണോ... അല്ല... താൻ കേട്ടതാണ്... മുഖമുയർത്താൻ ഭയം തോന്നി.... ശ്വാസമടക്കിപ്പിടിച്ചിരുന്നു...
നിമിഷങ്ങളോളം....
അവന്റെ പദതാളം കേൾക്കുന്നുണ്ട്...
ശ്രദ്ധിച്ച് കേട്ടിരുന്നു...
അടുത്തേക്കല്ല അകലേക്കാണത് പോകുന്നത്...


ഞെട്ടിയെഴുന്നേറ്റവൾ തിരിഞ്ഞു നോക്കി...
കാണാൻ കൊതിച്ച മുഖം.... ഉള്ള് നൊന്ത് പിടഞ്ഞത് ആർക്ക് വേണ്ടിയോ അവൻ മുന്നിലുണ്ട്... പക്ഷേ തന്നെത്തന്നെ നോക്കി പുറകോട്ട് നടന്നിറങ്ങുന്നു അവൻ... മുഖത്ത് പരിഭവമുണ്ട്... ആ കണ്ണുകൾ കലങ്ങിയിട്ടുണ്ട്....ഉള്ള് വിങ്ങിപ്പൊടിയുന്നു...
തൊട്ടടുത്ത നിമിഷം തന്നിൽ നിന്നുമവൻ മുഖം തിരിച്ചു പോകാനൊരുങ്ങുന്നുവെന്ന് തോന്നിയ ആ നിമിഷം അവൾ സർവ്വതും വിസ്മരിച്ചു പോയി.... തന്നെത്തന്നെ മറന്നു പോയി....


കാറ്റ് പോലെ പാഞ്ഞെന്തോ തന്നിലേക്ക് വന്നു വീണതവനറിഞ്ഞു.... നില തെറ്റി പുറകിലെ മേശയിലേക്കവൻ ചാഞ്ഞു പോയി... തന്റെ നെഞ്ചിലൊരുവളുടെ കണ്ണുനീരിന്റെ നനവറിഞ്ഞപ്പോഴാണ് തന്റെ നെഞ്ചിലേക്ക് പൂഴ്ത്തി വച്ചിരിക്കുന്ന അവളുടെ മുഖവും.... തന്നെ ഇറുകെ പുണർന്നിരിക്കുന്ന അവളുടെ കൈകളും... ഒരു നൂലിഴ വ്യത്യാസമില്ലാതെ തന്നിൽ ചേർന്നു കിടക്കുന്ന അവളുടെ ശരീരവും അവൻ ശ്രദ്ധിച്ചത്...


പരിഭ്രമത്തോടെ അവളുടെ തോളിൽ കൈകൾ വച്ച് തള്ളി മാറ്റാൻ ശ്രമിക്കുമ്പോഴാ പെണ്ണ് അവനിലേക്ക് കൂടുതൽ കൂടുതൽ ഒട്ടിച്ചേർന്നു പൊയ്ക്കൊണ്ടിരുന്നു....അതിനൊപ്പം ഏങ്ങലടികളും ഏറി വന്നു....അതൊരു പൊട്ടിക്കരച്ചിലായി മാറാൻ അധികം സമയം വേണ്ടി വന്നില്ല....

പതിയെ... വളരെ പതിയെ....അവളെ തള്ളിമാറ്റാനുയർന്ന അവന്റെ കൈകളും അവളെ ചുറ്റി വരിഞ്ഞു... പരിഭ്രമം നിഴലിച്ച അവന്റെ മുഖത്ത് ഒരു നറുപുഞ്ചിരി വിരിഞ്ഞു.... അവനവളിലും... അവളവനിലും...അലിഞ്ഞു കിടന്നു...  അവളെ ചേർത്ത് പിടിച്ചവൻ നേരെ നിവർന്നു നിന്നു...അവന്റെ മുഖം ശാന്തമായി...അവന്റെ വലത് കരം അവളുടെ മുടിയിഴകളിൽ കരുതലോടെ തലോടാൻ തുടങ്ങി...

അവളിൽ ആശ്വാസം നിറഞ്ഞു...ഏങ്ങലടികൾ നേർത്തു പോയി...ആ നേരം അവൾ ഒറ്റപ്പെടൽ മറന്നു.. സങ്കടങ്ങൾ മറന്നു.. ഭൂതകാലം മറന്നു... ആ നിമിഷത്തിലവൾ ജീവിച്ചു.. ഉള്ള് നിറഞ്ഞു സന്തോഷിച്ചു....

വേണീ!!!!

അനുവിന്റെ അലർച്ചയിൽ ആ നിമിഷം വിറങ്ങലിച്ചു... ഞെട്ടിപ്പിടഞ്ഞു കൊണ്ട് അവനിൽ നിന്നുമവൾ അടർന്ന് മാറിപ്പോയി....

🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼







നൂപുരധ്വനി 🎼🎼(5)

നൂപുരധ്വനി 🎼🎼(5)

4.6
11379

ദേഷ്യം കൊണ്ട് ചുവന്നിരിക്കുന്ന അനുവിന്റെ മുഖം കണ്ട് കിടുങ്ങി നിൽക്കുകയാണ് രുദ്ര.. അനു തന്നെയും അവനെയും മാറി മാറി നോക്കുന്നുണ്ട്.. പിന്നെ പെട്ടെന്ന് മുഷ്ടി ചുരുട്ടിപ്പിടിച്ച് ഇരുണ്ട മുഖത്തോടെ വെട്ടിത്തിരിഞ്ഞു പുറത്തേക്ക് പോയി... രുദ്രയൊന്ന്ഏങ്ങിപ്പോയി...ബാലുവിനെയൊന്ന് നോക്കി നിറഞ്ഞ കണ്ണുകൾ വേഗത്തിൽ തുടച്ച് രുദ്രയും അനുവിന് പിന്നാലെ പുറത്തേക്ക് പാഞ്ഞു..അനു നേരെ പോയതൊരു ഗുൽമോഹറിന് നേരെയാണ്.. അതിന് ചുറ്റും കെട്ടിയിരിക്കുന്ന തറയിൽ കയറിയിരിക്കുന്നുണ്ട് അവൾ..പിറകെ വന്ന രുദ്ര കണ്ടതും അതാണ്...മുഖം കണ്ടാലറിയാം നല്ല ദേഷ്യത്തിലാണെന്ന്...രുദ്രയ്ക്ക് സങ്കടം