Aksharathalukal

നൂപുരധ്വനി 🎼🎼(6)

ഉദയകിരണങ്ങൾ ആ ഗ്രാമപ്രദേശത്തെ മുഴുവൻ വിഴുങ്ങിയ അന്ധകാരത്തെ വകഞ്ഞു മാറ്റിക്കൊണ്ട് അവിടമാകെ വെളിച്ചം പരത്തി.....തനത് പാലക്കാടൻ ഗ്രാമമാണിത്... കൊല്ലങ്കോടിനടുത്തുള്ള രാമപുരം...കുന്നുകൾ അതിർത്തി തീർക്കുന്നതിനും കീഴെ പരന്നു വിളഞ്ഞു കിടക്കുന്ന ഹരിതാഭമായ നെൽപ്പാടങ്ങൾക്ക് നടുവിലുള്ള ഗ്രാമം...

നേരം പുലർന്നതോടെ എങ്ങും കിളികളുടെ  കളകളാരവങ്ങളുണർന്നു... ക്ഷേത്രത്തിൽ നിന്നും കീർത്തനങ്ങളുയർന്നു... മണിയടികളുയർന്നു... കറവക്കാർ പാലുമായി സൈക്കിളിൽ വീടുകളിലേക്ക് യാത്ര തുടങ്ങി... ഗ്രാമവീഥികൾ സജീവമായി തുടങ്ങി...വീടുകൾ ഉണർന്നു... അടുക്കള മേളങ്ങൾ തുടങ്ങി...

ആ കൂട്ടത്തിൽ നമ്മൾ കാണുന്ന ആ ഓട് മേഞ്ഞ വീടാണ്  
ദേവരാഗം... ക്ഷയിച്ചു പോയ പഴയൊരു തറവാടിന്റെ ബാക്കിപത്രം... അച്ഛനമ്മമാരായ കേശവൻ നായരുടെയും ദമയന്തിയുടെയും കാലശേഷം മൂത്ത മകനായ മാധവൻ നായർക്കാണ് ഭാഗത്തിലാ തറവാട് കിട്ടിയത്....അടുത്തുള്ള പോസ്‌റ്റോഫീസിലെ പോസ്റ്റ്‌മാഷാണ് അദ്ദേഹം... ഭാര്യ ദേവകി പാവമൊരു വീട്ടമ്മയും...ഈശ്വരൻ ഒരു കുഞ്ഞിനെ കൊടുത്തില്ല അവർക്ക്...

മാധവന് താഴെ രണ്ട് പേരാണ്... മധുവും മാലിനിയും...

 ആ നാട്ടിലെ നല്ല ഒന്നാന്തരം തല്ല്കൊള്ളിയായത് കൊണ്ട് കേശവന് അവനെന്നും പുകഞ്ഞ കൊള്ളിയായിരുന്നു...ഭാവിയിൽ മാധവന് മധുവൊരു തലവേദനയാകുമെന്ന് അന്നേ മനസ്സിലാക്കിയിരുന്നു കേശവൻ... അത്‌ കൊണ്ടാണ് കുറച്ചകലെ തന്നെ കുറച്ച് സ്ഥലം വാങ്ങി ഒരു ചെറിയ വീടും തട്ടിക്കൂട്ടി അവനെയും ഭാര്യ കല്യാണിയെയും മകൻ സതീഷിനെയും അദ്ദേഹം വളരെ നേരത്തേ അവിടേക്ക് മാറ്റി താമസിപ്പിച്ചത്....


മാലിനിയെ വിവാഹം കഴിച്ചത് വയനാട് നിന്നും രാമപുരത്ത് കൃഷി ഓഫീസറായി എത്തിയ കൃഷ്ണകുമാർ ആയിരുന്നു... മാലിനിയെ കണ്ടിഷ്ടപ്പെട്ട് വീട്ടിൽ ആലോചനയുമായെത്തിയ കൃഷ്ണകുമാറിനെ നിരസിക്കാൻ കേശവനും ദമയന്തിക്കും കാരണമേതുമുണ്ടായില്ല... വിവാഹശേഷം കുറേ നാൾ മാലിനിയും കൃഷ്ണകുമാറും തറവാടിനടുത്തുള്ളൊരു വാടകവീട്ടിലാണ് താമസിച്ചിരുന്നത്.. പിന്നീട് നാട്ടിലേക്ക് ട്രാൻസ്ഫർ വാങ്ങി അവർ വയനാട്ടിലേക്ക് പോയി... അവിടെ വച്ചാണ് മാലിനി ഗർഭിണിയാവുന്നത്.. ആദ്യം മുതലേ ആരോഗ്യപ്രശ്നങ്ങൾ ഒരുപാടുണ്ടായിരുന്നു മാലിനിക്ക്... പിന്നീടാണ് അറിയുന്നത് അവരുടെ ഗർഭപാത്രത്തിലുള്ളത് ഇരട്ട കുട്ടികളാണെന്ന്.... എന്നാൽ രണ്ട് കുഞ്ഞുങ്ങളെ ഒന്നിച്ചു പ്രസവിക്കാനുള്ള കരുത്ത് മാലിനിക്കില്ലെന്ന് കണ്ട് കുഞ്ഞുങ്ങളെ വേണ്ടെന്ന് വയ്ക്കാൻ തീരുമാനിച്ചെങ്കിലും സമയം വൈകിപ്പോയിരുന്നു... തനിക്കെന്ത് സംഭവിച്ചാലും തന്റെ മക്കൾ ആരോഗ്യത്തോടെ പുറത്തെത്തണമെന്ന വാശിയായിരുന്നു മാലിനിക്ക്...

ഒടുവിൽ അത്‌ തന്നെ സംഭവിച്ചു... ആദ്യമേ നിശ്ചയിച്ചുറപ്പിച്ച പ്രകാരം ശസ്ത്രക്രിയ നടത്തി ആദ്യത്തെ കുഞ്ഞിനെ വിജയകരമായി പുറത്തെടുത്തു... ഒരു പെൺകുഞ്ഞ്.... രണ്ടാമത്തെ കുഞ്ഞിനെ പുറത്തെടുക്കുന്നതിനിടയിൽ പെട്ടെന്ന് മാലിനിയുടെ ബിപി താഴാൻ തുടങ്ങി... പെട്ടെന്ന് തന്നെ കുഞ്ഞിനെ പുറത്തെടുത്തു.. മറ്റൊരു പെൺകുഞ്ഞ്... പക്ഷേ അപ്പോഴേക്കും മാലിനി മരണത്തിലേക്ക് പോയിക്കഴിഞ്ഞിരുന്നു....


മാലിനിയുടെ കർമ്മങ്ങൾക്ക് ശേഷം കൃഷ്ണകുമാർ ഒരുപാട് ബുദ്ധിമുട്ടി...വിശപ്പ് മാറാതെ ഒരേ സമയത്ത് കരയുന്ന രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ നോക്കാൻ  കൃഷ്ണകുമാറിന്റെ പ്രായമേറെയുള്ള അമ്മയ്ക്ക് സാധിക്കാതെ വന്നു.. അങ്ങനെയാണ് മാധവന്റെ നിർദേശപ്രകാരം വീണ്ടും കൊല്ലങ്കോടേക്ക് തന്നെ ട്രാൻസ്ഫർ വാങ്ങി കൃഷ്ണകുമാർ മക്കളെയും കൊണ്ട് തറവാട്ടിൽ താമസമായത് ..ഇടയ്ക്ക് അദ്ദേഹം വീട്ടിലും പോയി വന്നു...വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ അമ്മയും മരിച്ചതോടെ അദ്ദേഹം തറവാട് വിട്ട് എവിടേക്കും പോകാതെയായി..... ദേവകിയുടെയും മാധവന്റെയും സഹായത്തോടെ അമ്മയില്ലാത്ത രണ്ട് മക്കളെയും മാറോടടക്കി പിടിച്ച് ആ അച്ഛൻ ജീവിച്ചു...

കാലങ്ങൾ കടന്നു പോയി...മൂത്ത കുഞ്ഞിന് ചാരുവേണി എന്ന് പേരിട്ടു.. ചക്കിയെന്ന് വിളിച്ചു... ഇളയവൾ രുദ്രവേണിയെ ചിന്നുവെന്ന് വിളിച്ചു...ആ രണ്ട് കുഞ്ഞുങ്ങളും വളർന്നു വലുതായി...സുന്ദരിക്കുട്ടികളായി...കാഴ്ചയിൽ ഒരേ രൂപമായിരുന്നു രണ്ട് പേർക്കും...പുറത്തുള്ളൊരാൾക്ക് അവരെ വേർതിരിച്ചറിയാനേ കഴിയില്ലായിരുന്നു...എന്നാൽ സ്വഭാവത്തിൽ രണ്ടാളും നേരെ എതിരായിരുന്നു...

ചക്കി ഒരു കിലുക്കാംപെട്ടിയായിരുന്നു... ഏത് സമയവും കലപില കൂട്ടി തുള്ളിച്ചാടി അയല്പക്കത്തെ കുട്ടികളുമായി കാടും മേടും കയറിയിറങ്ങി നടക്കുന്നവൾ...കുളിക്കാനും പഠിക്കാനും ഭക്ഷണം കഴിക്കാനുമൊക്കെ ദേവകി പുറകേ നിൽക്കണം...തീരെ പറ്റാതെ വരുമ്പോൾ അച്ഛന്റെ ഒറ്റ വിളിയിൽ അനുസരണയോടെ എല്ലാം വേഗം ചെയ്യുന്നവൾ.......കഴിക്കാനല്ലാതെ അടുക്കളയിൽ കയറില്ല അവൾ... ജോലി ചെയ്യാൻ പെരും മടിച്ചി...

ചിന്നുവാകട്ടെ ഒരു പാവം മിണ്ടാപ്പൂച്ചയായിരുന്നു...വീടായിരുന്നു അവളുടെ ലോകം..ദേവകിയുടെ വലം കയ്യായിരുന്നു അവൾ..പുസ്തകങ്ങളായിരുന്നു അവളുടെ കൂട്ടുകാർ.. മലയാളഭാഷയെ ഒരുപാട് സ്നേഹിച്ച അവൾ കൊല്ലങ്കോട്ടെ പബ്ലിക് ലൈബ്രറിയിലെ സ്ഥിരം സന്ദർശകയായിരുന്നു.... അവൾ വായിക്കാത്ത പുസ്തകങ്ങളില്ലായിരുന്നു.. അതും കൂടാതെ നന്നായി ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തിരുന്നു അവൾ..

ഇങ്ങനെയൊക്കെയാണെങ്കിലും ചക്കിക്ക് ചിന്നുവും ചിന്നുവിന് ചക്കിയും ജീവനായിരുന്നു... ഒരാൾക്കൊന്ന് നൊന്താൽ കൂടി സഹിക്കാൻ കഴിയാത്തത്ര ദൃഢമായ സാഹോദര്യമായിരുന്നു അവർക്കിടയിൽ ഉണ്ടായിരുന്നത്... പൊതുവായി അവർക്കിടയിൽ ഒന്ന് കൂടി ഉണ്ടായിരുന്നു...
നൃത്തം..ശാസ്ത്രീയമായി നൃത്തം അഭ്യസിച്ച അസ്സൽ നർത്തകികളായിരുന്നു ഇരുവരും... ക്ഷേത്ര ഉത്സവത്തിലെ സ്ഥിരം ഇനമായി അവരുടെ നൃത്തം ഉണ്ടാകും...

സന്തോഷത്തോടെ വളർന്നുവരുന്ന തന്റെ മക്കളെ പൊതിഞ്ഞ് പിടിച്ചു ജീവിച്ച കൃഷ്ണകുമാറിന്റെ നെഞ്ചിടിപ്പേറ്റാൻ കരിനിഴൽ പോലൊരുവൻ വളർന്നു വരുന്നുണ്ടായിരുന്നു... സതീഷ്.. അച്ഛന്റെ തനിപ്പകർപ്പായി വളർന്നു വന്നവൻ.. പെറ്റമ്മയെ പോലും വില വയ്ക്കാത്തവൻ.. കൗമാരത്തിലെ കൂട്ടുകാർ അവനിലേക്ക് കുത്തിവച്ചതാണ് ചക്കിയും ചിന്നുവും അവന്റെ മുറപ്പെണ്ണുങ്ങളാണെന്നുള്ള തിരിച്ചറിവ്... പക്ഷേ അതിലാരെന്നതായിരുന്നു ചോദ്യം..

ഒന്നിന് രണ്ട് തിരിച്ചു പറയുന്ന...വേണമെങ്കിൽ ഒന്ന് പൊട്ടിക്കാൻ ഉശിരുള്ള ചക്കിയേക്കാൾ എന്ത് കൊണ്ടും തനിക്ക് നല്ലത് പൂച്ചക്കുഞ്ഞായ ചിന്നുവാണെന്ന് അവന് മനസ്സിലായി.. അന്ന് മുതൽ അവൾക്കൊരു ശല്യമായി അവൻ പുറകെയുണ്ട്.. അതിന്റെ പേരിൽ പല തവണ ചക്കി അവനുമായി കൊമ്പ് കോർത്തിട്ടുമുണ്ട്... പോകെപ്പോകെ അവന്റെ ശല്യം കൂടിയതെ ഉള്ളൂ.... ചക്കിയും ചിന്നുവും പ്ലസ് ടുവിന് പഠിക്കുമ്പോൾ അവൻ അച്ഛനെയും കൂട്ടി തറവാട്ടിൽ ചെന്ന് ചിന്നുവിനെ ചോദിക്കുകയും ചെയ്തു... ആ സമയത്തവൻ ഒരു ഗ്യാരേജിൽ മെക്കാനിക്കാണ്..

പറ്റില്ലെന്ന് മാധവനും കൃഷ്ണകുമാറും തീർത്തു പറഞ്ഞെങ്കിലും അതൊന്നും കേട്ടതായി പോലുമവൻ ഭാവിച്ചില്ല.. പോരാതെ നാട്ടിൽ മുഴുവനും ചിന്നു അവന്റെ പെണ്ണാണെന്ന രീതിയിൽ പറഞ്ഞു നടക്കുകയും ചെയ്തു....ശല്യം രൂക്ഷമായതോടെ ചിന്നു വീടിന് പുറത്തേക്കേ ഇറങ്ങാതെയായി... കൃഷ്ണകുമാർ പോലീസിൽ പരാതി കൊടുത്തു.. സതീഷിനെ അറസ്റ്റ് ചെയ്തു.. പക്ഷേ അതൊരു ശാശ്വതമായ പരിഹാരമല്ലെന്ന് കൃഷ്ണകുമാറിനും മാധവനും അറിയാമായിരുന്നു... കുട്ടികളെ സുരക്ഷിതമായ ഒരിടത്തേക്ക് മാറ്റി താമസിപ്പിക്കണമെന്ന് ആലോചിക്കുമ്പോഴാണ് അവർ പ്ലസ് ടു പാസ്സാവുന്നത്...

അങ്ങനെയെങ്കിൽ ദൂരെയെവിടെയെങ്കിലും ഡിഗ്രിക്ക് ചേർക്കാമെന്ന് അവർ തീരുമാനിച്ചു.. അന്വേഷിച്ചപ്പോഴാണ് എറണാകുളം ശ്രീകാർത്തിക തിരുനാൾ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് നല്ല കോളേജാണെന്ന് അറിവ് കിട്ടിയത്..ക്യാമ്പസ്‌ രാഷ്ട്രീയമോ അക്രമങ്ങളോ ഇല്ലാത്ത തികച്ചും ശാന്തമായ കലാലയം... രാജകുടുംബത്തിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ളതായത് കൊണ്ട് മികച്ച പഠനനിലവാരവും അച്ചടക്കവും ഉള്ള കോളേജ്....

മികച്ച ശതമാനം മാർക്കുള്ളത് കൊണ്ട് ചിന്നുവിന് മെറിറ്റിലും മാർക്ക്‌ കുറവായത് കൊണ്ട് ചക്കിക്ക് മാനേജ്മെന്റ് സീറ്റിലുമാണ് അഡ്മിഷൻ കിട്ടിയത്.. ഡിഗ്രിക്ക് വിഷയം തിരഞ്ഞെടുക്കാൻ ചിന്നുവിന് രണ്ടാമതൊന്ന് ആലോചിക്കേണ്ട കാര്യമില്ലായിരുന്നു... ബി. എ മലയാളം അവൾ തിരഞ്ഞെടുത്തപ്പോൾ പ്രത്യേകിച്ചൊരു ഇഷ്ടവും ഇക്കാര്യത്തിലില്ലാത്തത് കൊണ്ട് ചക്കിയും കൂടെക്കൂടി...

എല്ലാ ഒരുക്കങ്ങളും തയ്യാറായിരിക്കുന്നു... നാളെ അവരുടെ  കോളേജ് ജീവിതത്തിലെ ആദ്യ ദിവസമാണ്.. അതിന് ഇന്ന് തന്നെ ഹോസ്റ്റലിൽ പോയി ജോയിൻ ചെയ്യണം...

ഇനി നമുക്ക് ദേവരാഗത്തിലെ കാഴ്ചകളിലേക്കൊന്ന് പോയി നോക്കാം...

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵


രാവിലെ തന്നെ മാധവൻ വീടിനോട് ചേർന്നുള്ള തൊടിയിൽ കൃഷിയിലാണ്... രാവിലത്തെ അദ്ദേഹത്തിന്റെ ദിനചര്യയാണത്.. വീട്ടിലേക്കുള്ള പച്ചക്കറികൾ മിക്കവാറുമൊക്കെ അദ്ദേഹത്തിന്റെ കൃഷിയിടത്തിൽ നിന്നാണ്...
മുറ്റമടിച്ചു തെളിച്ചു വൃത്തിയാക്കി ഇട്ടതിനു ശേഷം ദേവകി അടുക്കളപ്പണിയിലാണ്...
കൃഷ്ണകുമാർ ഉമ്മറത്തിരുന്ന് ചായ കുടിച്ചു കൊണ്ട് പത്രം വായിക്കുന്നുണ്ട്...

പ്രാതൽ തയ്യാറാക്കി വച്ചിട്ട് ദേവകി ക്ലോക്കിൽ നോക്കി.. സമയം ഏഴായിരിക്കുന്നു.. അവർ ചക്കിയും ചിന്നുവും കിടക്കുന്ന മുറിയിലേക്ക് നടന്നു... കടന്നതേ കണ്ടു ബെഡ്‌ഡിൽ പുതച്ച് മൂടി കിടക്കുന്നവളെ..സ്വർണത്തിന്റെ കൊലുസണിഞ്ഞ പാദങ്ങൾ മാത്രം പുതപ്പിന് പുറത്തുണ്ട്... ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്...ദേവകി ഒന്ന് പുഞ്ചിരിച്ചു..
ചിന്നു എഴുന്നേറ്റ് കുളിക്കുകയാണ്... പുതച്ച് മൂടി ഉറങ്ങുന്നത് ചക്കിയും... കാണാതെ തന്നെ ദേവകിക്ക് മനസ്സിലായി...

\"ചക്കീ... മോളെ എണീക്കെടീ... ഇന്ന് എറണാകുളത്ത് പോവണ്ടതല്ലേ...\"
ദേവകി പുതപ്പ് വലിച്ചു മാറ്റി ചക്കിയെ കുലുക്കി ഉണർത്താൻ നോക്കി... എവിടെ... സുഖ ഉറക്കമാണ്.. ഒന്നും അറിയുന്നില്ല... പിന്നെ അവസാനത്തെ അടവ് പ്രയോഗിച്ചു ദേവകി.. ഫാൻ ഓഫ് ചെയ്തു... ഫാനില്ലെങ്കിൽ പിന്നെയൊരു നിമിഷം അവൾ കിടക്കില്ല...

അസ്വസ്ഥതയോടെ കണ്ണുകൾ തിരുമ്മി ഉറക്കച്ചടവോടെ അവൾ എഴുന്നേറ്റിരുന്നു... മുടിയൊക്കെ പാറിപ്പറന്ന് ഭൂതത്തെ പോലെയിരിക്കുന്നു... ഇട്ടിരിക്കുന്ന നൈറ്റ്‌ ഡ്രെസ്സ് കേറിയും ഇറങ്ങിയുമൊക്കെ കിടക്കുന്നുണ്ട്... തല ചൊറിഞ്ഞ് കണ്ണുകളടച്ചിരുന്ന് ഉറക്കം തൂങ്ങുകയാണ് പെണ്ണ്....

കുളി കഴിഞ്ഞ് ദാവണിയും ഉടുത്ത് മുടി തോർത്ത്‌ കൊണ്ട് ചുറ്റിക്കെട്ടി ബാത്‌റൂമിൽ നിന്നും പുറത്തിറങ്ങിയ ചിന്നു ആ കാഴ്ച കണ്ട് ദേവകിയെ നോക്കി... രണ്ട് പേരും ചിരിച്ചു പോയി...

\"ടീ പെണ്ണേ.. എണീറ്റ് പോയി കുളിക്ക്... എന്നിട്ടൊന്ന് അമ്പലത്തിൽ പോയിട്ട് വാ...\"
ചക്കിയുടെ കൈക്ക് നല്ലൊരു തട്ട് കൊടുത്തു കൊണ്ട് ദേവകി പറഞ്ഞു...

\"ശോ... കുറച്ച് നേരം കൂടി കിടക്കട്ടെ അമ്മായീ.. നിക്ക് ഉറക്കം മതിയായില്ല... ഇവള് പോവുമ്പോ നിക്കും കൂടി വേണ്ടി പ്രാർത്ഥിച്ചോളും.. ല്ലേ ചിന്നൂ...\"
ചക്കിയുടെ വർത്തമാനം കേട്ട് ചിന്നു കളിയോടെ ചിരിച്ച് കൊണ്ട് തലയാട്ടി...

\"ദേ.. പെണ്ണെ.. ഇനി നീ അടി വാങ്ങും.. നല്ലോരു ദിവസായിട്ട്.. രാത്രി മുഴുവൻ ആ ഫോണും കുത്തിയിരുന്നിട്ടാ ഉറക്കം മതിയാവാത്തെ... വേഗം എണീറ്റോ.. ഇല്ലെങ്കി ഞാൻ ചട്ടുകം എടുക്കും...അതോ അച്ഛനെ വിളിക്കണോ...\"
ദേവകി ഭീഷണി മുഴക്കി...

\"ഏയ്‌... അത്‌ വേണ്ട... ഞാൻ ദേ പോയി ദാ വന്നു....\"
ചാടിയെഴുന്നേറ്റ് ദേവകിക്ക് കവിളിലൊരു മുത്തം കൊടുത്ത് ചിന്നുവിന്റെ മുടിയിൽ നിന്നും തോർത്തും വലിച്ചൂരി ചക്കി ബാത്‌റൂമിലേക്കോടി...

\"ഇങ്ങനൊരു പെണ്ണ്..\"
ചിരിയോടെ പറഞ്ഞിട്ട് ദേവകി അടുക്കളയിലേക്ക് നടന്നു... ചിന്നു മെല്ലെ കണ്ണാടിക്ക് മുൻപിൽ നിന്ന് ഒരുങ്ങാൻ തുടങ്ങി.....

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

ഭഗവാന് മുൻപിൽ കൈകൾ കൂപ്പി നിൽക്കുമ്പോൾ പതിവ് പോലെ തനിക്ക് വേണ്ടിയൊന്നും പ്രാർത്ഥിക്കാനുണ്ടായിരുന്നില്ല ചിന്നുവിന്...
അവളുടെ പ്രാർത്ഥനകളെന്നും തന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടി മാത്രമായിരുന്നു...
ഈ സമയമത്രയും ചക്കിയുടെ കണ്ണുകൾ ക്ഷേത്രത്തിൽ വന്ന് പോകുന്ന ചെറുപ്പക്കാരിലായിരുന്നു...അത്യാവശ്യം കുറച്ച് കോഴിത്തരമുണ്ട് കുട്ടിക്ക്.. ഒരു ദർശനസുഖം..

തൊഴുത് മടങ്ങുമ്പോൾ പലരുടെയും കണ്ണുകൾ ആ രണ്ട് പെൺകുട്ടികളുടെ രൂപസാദൃശ്യത്തിലും സൗന്ദര്യത്തിലും വിസ്മയിച്ചു പോയിരുന്നു...അതിലൊരാൾ സതീഷിന്റെ പെണ്ണാണെന്ന് അറിയുന്ന ചിലർക്ക് കണ്ണുയർത്തി അവരെ നോക്കാൻ പോലും പേടി തോന്നി... മറ്റ് ചിലർ നിറഞ്ഞ സന്തോഷത്തോടെ ആ പെൺകുട്ടികൾ നടന്നു പോകുന്നത് നോക്കി നിന്നു... മറ്റ് ചിലർ അസൂയയോടെയും....

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

വീട്ടിലെത്തി പ്രാതൽ കഴിക്കുമ്പോഴേക്കും കൃഷ്ണകുമാർ തയ്യാറായി കഴിഞ്ഞിരുന്നു... മുൻപേ തയ്യാറാക്കി വച്ചിരുന്ന ബാഗുകളുമായി ഇരുവരും ഹാളിലേക്ക് വന്നു... പൂജാമുറിയിലും മാലിനിയുടെ മാലയിട്ട ചിത്രത്തിന് മുൻപിലും നിന്നൊന്ന് തൊഴുത് മാധവന്റെയും ദേവകിയുടെയും കാൽ തൊട്ട് വണങ്ങി അനുഗ്രഹവും വാങ്ങി അവർ... മക്കളില്ലാത്ത തങ്ങളുടെ സങ്കടം മാറ്റാൻ ദൈവം കനിഞ്ഞനുഗ്രഹിച്ചു തന്ന ആ രണ്ട് മക്കളെയും നെഞ്ചോട് ചേർത്ത് പുൽകി യാത്രയയ്ക്കുമ്പോൾ മാധവന്റെയും ദേവകിയുടെ കണ്ണും മനസ്സും നിറഞ്ഞു തുളുമ്പിപ്പോയിരുന്നു.... മക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥനകളായിരുന്നു അവർക്കുള്ളിൽ നിറയെ...

അവർക്ക് കവിളിലോരോ മുത്തവും നൽകിയിട്ടാണ് ചക്കിയും ചിന്നുവും അച്ഛനോടൊപ്പം ഓട്ടോയിൽ കയറി പോയത്...

പുതിയ തുടക്കത്തിനായി... എറണാകുളത്തേക്ക്...

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

അവർ കോളേജിലെത്തുമ്പോൾ ഉച്ചയായിരുന്നു... ബസ്സിറങ്ങി ഊണ് കഴിച്ചിട്ട് ചെന്നത് കൊണ്ട് കോളേജിലെ ഓഫീസിൽ നിന്നും ഹോസ്റ്റലിലേക്ക് പൊയ്ക്കോളാനുള്ള അനുമതി വാങ്ങി അവർ നേരെ ഹോസ്റ്റലിലേക്ക് പോയി... നല്ല വൃത്തിയും വെടിപ്പുമുള്ള ഹോസ്റ്റലായിരുന്നു അത്‌..ഒരുപാട് കെട്ടിടങ്ങളുള്ള വളരെ വലിയൊരു ഹോസ്റ്റൽ...ഒരു മുറിയിൽ രണ്ട് പേരെ ഉള്ളൂ..  ചക്കിക്കും ചിന്നുവിനും ഒരു മുറി തന്നെ കിട്ടി...ഒന്നാമത്തെ നിലയിൽ വിസ്താരമുള്ള മുറിയായിരുന്നു അവരുടേത്...... അവർക്കത് നന്നേ ഇഷ്ടപ്പെടുകയും ചെയ്തു... ബാഗുകൾ വച്ചിട്ട് അവർ താഴെ ലോഞ്ചിൽ എത്തുമ്പോൾ കൃഷ്ണകുമാർ വാർഡനോട് സംസാരിക്കുകയാണ്...

അവരെ കണ്ടതും വാർഡനോട് യാത്ര പറഞ്ഞിട്ട് അദ്ദേഹം അവർക്കടുത്തെത്തി... ആദ്യമായി വീടും തങ്ങളെയുമൊക്കെ വിട്ടു മാറിയതിന്റെ സങ്കടമുണ്ടെങ്കിലും തന്നെ സങ്കടപ്പെടുത്താതിരിക്കാൻ അവരത് ഉള്ളിലൊതുക്കുകയാണെന്ന് കൃഷ്ണകുമാറിന് മനസ്സിലായി...അദ്ദേഹം നിറഞ്ഞ വാത്സല്യത്തോടെ രണ്ട് പേരെയും ചേർത്തു പിടിച്ചു...

\"ഉപേക്ഷിച്ചു പോകുവാണെന്ന് എന്റെ കുട്ടികൾ കരുതരുത്.. അവിടെയാണെങ്കിലും എന്റെ മനസ്സ് നിങ്ങൾക്കൊപ്പം ഉണ്ടാകുമെപ്പോഴും... പുതിയ തുടക്കമാണ്...നന്നായി പഠിക്കണം..പുതിയ കാഴ്ചകളും.. പുതിയ സൗഹൃദങ്ങളും.. പുതിയ അനുഭവങ്ങളുമൊക്കെ ഉണ്ടാകും...അതെല്ലാം ആസ്വദിച്ചു വളരണം.. പക്ഷേ ഒരിക്കലും നില മറക്കരുത്... ലക്ഷ്യം മറക്കരുത്...നമ്മുടെ സംസ്കാരവും... മിന്നുന്നതെല്ലാം പൊന്നല്ലെന്ന് ഓർമ്മ വേണം... എടുത്ത് ചാടിയൊന്നും ചെയ്യാതിരിക്കുക...\"

ഇരുവർക്കും നെറുകിലോരോ മുത്തം നൽകി അവരെ നോക്കിയൊന്ന് പുഞ്ചിരി തൂകി ആ പിതാവ് നടന്നു നീങ്ങി.... പ്രതീക്ഷകളോടെ.....

🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼

നൂപുരധ്വനി🎼🎼(7)

നൂപുരധ്വനി🎼🎼(7)

4.5
8791

"ചക്കീ... എണീക്ക്... സമയം കുറെയായി... ഇപ്പോ പോയാലേ ബ്രേക്ക്‌ഫാസ്റ്റ് കിട്ടൂ... ചക്കീ... ടീ എണീക്കാൻ...\"രാവിലെ തന്നെ കുളിച്ചൊരുങ്ങി ചക്കിയെ വിളിച്ചുണർത്താൻ പെടാപ്പാട് പെടുകയാണ് ചിന്നു... ഒടുവിൽ ദേവകിയുടെ ട്രിക്ക് എടുത്തപ്പോഴാണ് പെണ്ണ് ചാടിയെഴുന്നേറ്റത്... അത്‌ കണ്ട് പൊട്ടിച്ചിരിക്കുന്ന ചിന്നുവിനെ കണ്ട് മുഖം വീർപ്പിച്ചിരുന്നു ചക്കി.. പിന്നെ കുറേ സോപ്പിട്ട് പതപ്പിക്കേണ്ടി വന്നു ചിന്നുവിന് അവളൊന്ന് ബെഡ്‌ഡിൽ നിന്ന് പൊങ്ങാൻ...ഒടുവിൽ ചക്കി കുളിച്ച് വന്ന് പ്രാതലും കഴിച്ച് കോളേജിലേക്ക് പോകാനിറങ്ങി രണ്ടാളും... ഇറങ്ങും മുൻപ് ചിന്നു ചക്കിയെ പിടിച്ചു നിർത്തി...\"ദേ. ചക്