Aksharathalukal

രണഭൂവിൽ നിന്നും... (16)

നന്നേ വെളുപ്പിനാണ് ആംബുലൻസ് എവിടെയോ ഒരിടത്ത് നിന്നത്.. ഡ്രൈവറും സഹായിയും ഇറങ്ങി ഒന്ന് മൂരി നിവർന്നു.... അടുത്തൊരു ചായക്കടയുണ്ട്... അവിടെ നിന്നും ഓരോ ചായ കുടിച്ചിട്ട് ഭാനുവിനും മുത്തശ്ശിക്കുമുള്ളത് അവർ വാങ്ങി കൊണ്ട് കൊടുത്തു... ചാരിയിരുന്നു മയങ്ങിപ്പോയ മുത്തശ്ശിയെ വിളിച്ചുണർത്തി ഭാനു ചായ കൊടുത്തു.... അവളൊരു പോള കണ്ണടച്ചിരുന്നില്ല...എങ്ങോട്ടെന്നറിയാതെ ആരെന്നറിയാത്തവർക്കൊപ്പമുള്ള ആ യാത്രയിൽ സ്വസ്ഥമായി ഇരിക്കാൻ കൂടി അവൾക്ക് കഴിഞ്ഞിരുന്നില്ല....

വീണ്ടും യാത്ര തുടർന്ന ആ ആംബുലൻസ് പിന്നെയെത്തി നിന്നത് ഒരു വീടിന്റെ മുൻപിലാണ്... പുറകിലെ വാതിൽ തുറന്നതും ഡ്രൈവർ സ്ഥലമെത്തിയെന്ന് ഭാനുവിനെ അറിയിച്ചു... അവളാണ് ആദ്യമിറങ്ങിയത്.. പിന്നെ മുത്തശ്ശിയെയും പതിയെ പിടിച്ചിറക്കി...

താഴെ മണ്ണിൽ കാൽ കുത്തി നിന്നതും മുന്നിലെ ആ വീട് കണ്ട് മുത്തശ്ശിയുടെയും ഭാനുവിന്റെയും കണ്ണുകൾ ഒരുപോലെ വിടർന്നു...
അതുപോലൊരു കിടിലൻ വീടായിരുന്നു അത്‌... ശരിക്കും കേരളത്തിലെ നാലുകെട്ട് പോലൊരു വീട്...

\"ഏ... മാംഗ്ലൂർക്ക്‌ വരുന്നൂന്നല്ലേ അങ്ങേര് പറഞ്ഞത്... ഇതിപ്പോ?\"
അവൾ അവിടെ നിന്ന് ആലോചിച്ചു..
അപ്പോഴേക്കും വാഹനത്തിന്റെ ശബ്ദം കേട്ട് അകത്ത് നിന്നും ഒരു സ്ത്രീ ഇറങ്ങി വന്നു... അമ്പതോളം വയസ്സ് പ്രായം തോന്നുന്ന ഒരു സ്ത്രീ... വ്യത്യസ്തമായ രീതിയിലാണ് അവർ സാരിയുടുത്തിരുന്നത്... മൂക്കുത്തിയും കരിമണി മാലയും വലിയ ചുവന്ന വട്ടപ്പൊട്ടും സിന്ദൂരവുമൊക്കെയായി ഒരു പ്രത്യേക ഭംഗിയായിരുന്നു അവരെ കാണാൻ...

അവർ ചിരിയോടെ അവർക്ക് നേരെ നടന്നു വന്നു..
\"ബന്നി.. ബന്നി...\"
അവർ ചിരിയോടെ പറയുന്നത് കേട്ട് മുത്തശ്ശിയുടെയും ഭാനുവിന്റെയും കണ്ണ് മിഴിഞ്ഞു...
\"പന്നിയോ \"
ഭാനു മനസ്സിൽ വിചാരിച്ചു...
\"അമ്മ.. അവരിഗെ കന്നഡ ബറുവുദില്ല..നാനു അവര ജോട്ടെ മതനദുട്ടെനെ \"
ആ വീട്ടിൽ നിന്നുമിറങ്ങി വന്നൊരു ചെറുപ്പക്കാരൻ ആ സ്ത്രീയോട് എന്തോ പറഞ്ഞു...ഭാനു പിന്നെയും വാ പൊളിച്ചു...

അത്‌ കണ്ട് ആ ചെറുപ്പക്കാരൻ ഒന്ന് ചിരിച്ചു...
\"സോറി... അമ്മയ്ക്ക് മലയാളം കേട്ടാലറിയും.. സംസാരിക്കാൻ അത്ര അറിയില്ല... കന്നഡയെ അറിയൂ...\"
\"ആ.. കന്നഡ.. അപ്പൊ ഇത് മാംഗ്ലൂർ തന്നെ..\"
ഭാനു ആത്മഗതിച്ചു...

പിന്നെയും സംശയിച്ചു നിൽക്കുകയായിരുന്നു മുത്തശ്ശിയും ഭാനുവും..
\"മുത്തശ്ശീ.. എന്നെ മനസ്സിലായില്ലേ.. ഞാൻ ചിരാഗ്.. കൊല്ലത്തെ വീട്ടിൽ വന്നിട്ടുണ്ട് ഞാൻ ജിത്തൂന്റെയും ലോകേഷിന്റെയും കിരണിന്റെയും കൂടെ..\"
ലോകേഷ് എന്ന് കേട്ടപ്പോൾ മുത്തശ്ശിയുടെ മുഖം മങ്ങിയത് അവൻ കണ്ടിരുന്നു...

\"ഒരു തവണയല്ലേ വന്നിട്ടുള്ളൂ.. അതാകും മുത്തശ്ശിക്ക് ഓർമ്മയില്ലാത്തത്.. ഇത് എന്റെ വീടാണ് മുത്തശ്ശി...മാംഗ്ലൂരാണ് ഇത്...ജിത്തു വിളിച്ചിരുന്നു.. അഞ്ചുവും... കാര്യമൊക്കെ പറഞ്ഞു... ഇവിടെ കഴിയാം.. ആരും നിങ്ങളെ തേടിയിവിടെ വരില്ല... അകത്തേക്ക് വരൂ... \"

\"മ്മ്.. മോനെ.. അനു.. അനുമോള്..\"
ചിരാഗിനെ നോക്കി മുത്തശ്ശി പതറിക്കൊണ്ട് പറഞ്ഞു..
അവന്റെ കണ്ണുകളും ഒന്ന് പിടഞ്ഞു...
\"താഴത്തെ മുറി ശരിയാക്കി ഇട്ടിട്ടുണ്ട് മുത്തശ്ശി.. ഞാൻ കൊണ്ട് വരാം...\"
അവന്റെ സ്വരവും പതറുന്നുണ്ടായിരുന്നു...

\"മ്മ്... പെണ്ണേ.. ആ ബാഗുകളൊക്കെ ഇങ്ങെടുത്തോ..\"
മുത്തശ്ശി ഭാനുവിനോട് പറഞ്ഞു..
\"മ്മ് \"
തല കുലുക്കിയിട്ട് അവൾ ആംബുലൻസിനടുത്തേക്ക് നടന്നു...
\"ബന്നി.. \"
മുത്തശ്ശിയുടെ കയ്യിൽ പിടിച്ച് ചിരാഗിന്റെ അമ്മ പറഞ്ഞു...മുത്തശ്ശി നോക്കുന്നത് കണ്ട് അവർ മലയാളം പറയാൻ ശ്രമിച്ചു...
\"വറൂ \"

മുത്തശ്ശി അവർക്കൊപ്പം പതിയെ നടന്ന് അകത്തേക്ക് പോയി...
ഒരു ചിരിയോടെ ചിരാഗും ആംബുലൻസിനടുത്തേക്ക് പോയി...
ഭാനു ബാഗുകൾ എടുത്ത് പുറത്തേക്ക് വയ്ക്കുന്നുണ്ടായിരുന്നു...ചിരാഗ് അത്‌ വാങ്ങി താഴെ വച്ചു...
\"ഇയാള് ഭാനുപ്രിയ.. അല്ലേ \"
അവൻ ചോദിച്ചു..
\"മ്മ് \"
അവൾ തല കുലുക്കി...

\"തന്റെ ധൈര്യം സമ്മതിച്ചു കേട്ടോ...ജിത്തു നല്ല അഭിപ്രായം പറയണമെന്ന് വച്ചാൽ ആള് പുലിയാകുമല്ലോ.... Well done..\"
\"Thank you \"
പറഞ്ഞെങ്കിലും അവളുടെ മനസ്സിലാപ്പോഴത്തെ ചിന്ത
\"അയാള് എന്നെക്കുറിച്ച് നല്ലത് പറഞ്ഞെന്നോ?\"
എന്നായിരുന്നു....

\"സർ.. ഇതൊക്കെ ഞാനെടുത്ത്‌ വച്ചോളാം.. അനുച്ചേച്ചിയെ കിടത്താനുള്ള മുറി കാണിച്ചു തന്നാൽ മതി...\"
ഒരു ബാഗ് കയ്യിലെടുത്തു കൊണ്ട് അവൾ പറഞ്ഞു...
അവനൊന്ന് പുഞ്ചിരിച്ചു...
\"അതേ എന്നെ സർ എന്നൊന്നും വിളിക്കണ്ട ട്ടോ...പറ്റുമെങ്കിൽ ഏട്ടാന്ന് വിളിച്ചോ.. കുറച്ച് ദിവസം നമുക്കൊരു കുടുംബായിട്ട് കഴിയാന്നേ \"

ഭാനുവിന്റെ കണ്ണുകൾ നനഞ്ഞു..
\"ഏട്ടനോ.. ഏതേട്ടൻ.. വീട്ടുവേലക്കാരികളൊന്നും എന്നെയങ്ങനെ വിളിക്കണ്ട...!!!\"
ഒരിക്കൽ ഏട്ടനെന്ന് വിളിച്ചപ്പോൾ സന്ദീപ് അലറിയത് അവളോർത്തു പോയി..
അവളൊന്ന് നോവോടെ പുഞ്ചിരിക്കുക മാത്രം ചെയ്തു...

ഭാനുവിന്റെ കയ്യിൽ നിന്നും രണ്ട് ബാഗുകൾ വാങ്ങി പിടിച്ചിട്ട് ചിരാഗ് അനുവിനെ ഇറക്കാനായി ഡ്രൈവർക്ക് നിർദേശം നൽകി..സ്‌ട്രെച്ചറിൽ പുറത്തേക്കിറക്കിയ കണ്ണുകൾ തുറന്നു കിടക്കുന്ന അനുവിനെ കാൺകെ ആദ്യം ചിരാഗിന്റെ കണ്ണുകൾ മിഴിയുന്നതും പിന്നെ അതിൽ നീർമണികൾ ഉയരുന്നതും വിദഗ്ദമായി അവനത് തുടച്ചു മാറ്റുന്നതുമൊക്കെ പക്ഷേ ഭാനുവിന്റെ കണ്ണിൽ പെട്ടിരുന്നു...

ആ സ്‌ട്രെച്ചറിനു പിന്നാലെ ബാഗുകളുമായി ചിരാഗും ഭാനുവും അകത്തേക്ക് നടന്നു കയറി... വാട്ടർ ബെഡ്ഡ് തയ്യാറാക്കിയിട്ടിരുന്നു ചിരാഗ് ചൂണ്ടിക്കാട്ടിയ മുറിയിൽ... ആ ബെഡ്‌ഡിലേക്ക് അനുവിനെ രണ്ട് കൈകളിലും കോരിയെടുത്തു കിടത്തിയതും അവൻ തന്നെയായിരുന്നു... ബെഡ്‌ഡിനരികിലെ സ്റ്റാൻഡിലേക്ക് അനുവിന്റെ മരുന്നു ബോട്ടിൽ ഘടിപ്പിച്ച് അവളുടെ ട്യൂബ് കണക്ട് ചെയ്തതും അവൻ തന്നെ...

\"ഓ.. അപ്പൊ ഇങ്ങേരും ഡോക്ടറാണോ!!\"
ഭാനു അദ്‌ഭുതപ്പെട്ടു...
\"ഭാനു...ബാത്‌റൂമിൽ വാട്ടർ ഹീറ്ററുണ്ട്.. ഈ സ്വിച്ച് ഓൺ ചെയ്താൽ മതി..അനുവിനെ ഒന്ന് ക്ലീൻ ചെയ്യിച്ചിട്ട് താനുമൊന്ന് ഫ്രഷ് ആയിക്കോ.. ഇത് തന്നെയാ തന്റെയും മുറി...\"
ചിരാഗ് പറയുന്നത് കേട്ട് ഭാനു കണ്ണ് മിഴിച്ചു...
\"എന്ത്‌ പറ്റി? \"
അവളുടെ കുഞ്ഞിക്കണ്ണ് മിഴിഞ്ഞത് കണ്ട് ചിരാഗ് ചോദിച്ചു...

\"അത്‌.. അത്‌.. മുത്തശ്ശിക്ക് ഇഷ്ടാവില്ല...\"
ചിരാഗ് ഒന്ന് പുഞ്ചിരിച്ചു..
\"അതോർത്ത് പേടിക്കണ്ട കേട്ടോ.. ഇത് മുത്തശ്ശീടെ ജിത്തുമോന്റെ കല്പനയാ.. മുത്തശ്ശി ഒന്നും പറയില്ല...\"
ചിരിയോടെ ചിരാഗ് പറയുന്നത് കേട്ട് ഭാനുവിന്റെ കണ്ണ് ഒന്ന് കൂടി മിഴിയുകയാണ് ചെയ്തത്...
\"എന്റീശ്വരാ ഞാനിതെന്തൊക്കെയാ കേൾക്കണേ... അങ്ങേർക്കിനി വട്ടായിക്കാണോ?\"
അവൾ പിറുപിറുത്തു തുടങ്ങിയതേ ചിരാഗ് ഒരു ചിരിയോടെ പുറത്തേക്ക് പോയി....

അവൻ പോയതും ഭാനുവിന്റെ ബാഗിലിരുന്ന ഫോൺ ബെല്ലടിച്ചതും ഒന്നിച്ചായിരുന്നു...പരിചയമില്ലാഞ്ഞത് കൊണ്ട് ആദ്യമവൾ ഒന്നമ്പരന്നു... പിന്നെയാണ് അഞ്ജലി  തന്റെ കയ്യിൽ മൊബൈൽ ഏൽപ്പിച്ച കാര്യം ഭാനു ഓർക്കുന്നത്... അവൾ വേഗം തന്നെ ബാഗിൽ നിന്നും ഫോണെടുത്ത് ഓണാക്കി ചെവിയിൽ വച്ചു...

\"പ്രിയാ \"
പ്രതീക്ഷിച്ചത് പോലെ അവന്റെ ശബ്ദമെത്തി...
\"മ്മ് \"
പതിവ് പോലെ അവളുടെ മൂളലും...
\"അനു ഓക്കേ അല്ലേ...?\"
\"അതേ..\"
\"മുത്തശ്ശിയോ? \"
\"അതേ.. \"
\"നീ.. നീയോ?\"
അവന്റെ ശബ്ദം വല്ലാതെ നേർത്തു...
ആ ചോദ്യമവൾ പ്രതീക്ഷിച്ചില്ലെന്നത് മുഖഭാവത്തിൽ നിന്നും വ്യക്തം.
\"അ.. അതേ..\"
അവളുടെ ശബ്ദത്തിൽ പരിഭ്രമം കലർന്നു...
\"പിന്നെ? \"
\"എന്നോട്.. ഇവിടെ അനുവേച്ചീടെ മുറിയിൽ കിടന്നോളാൻ പറഞ്ഞു..\"
\"മ്മ്... അതിന്?\"
\"മു.. മുത്തശ്ശിക്ക്.. ഇഷ്ടാവില്ല..\"
\"സാരമില്ല... എനിക്കിഷ്ടമാണ് \"
ഭാനുവൊന്ന് ഞെട്ടി...
\"ഏ \"
\"അ.. അല്ല... കുഴപ്പമില്ലാന്ന്.. ഞാൻ പറഞ്ഞോളാം മുത്തശ്ശിയോട്...\"
\"മ്മ് \"
\"എന്നാ വച്ചോ.. എത്തിയല്ലേ ഉള്ളൂ.. പോയി വല്ലതും കഴിക്ക്... എന്താവശ്യമുണ്ടെങ്കിലും ചിരാഗിനോട് പറയണം... കേട്ടോ...\"
\"മ്മ് \"
ഫോൺ കട്ടായി...

എന്നിട്ടും ഭാനുവിന് അവന്റെ ശബ്ദം ചെവിയിൽ മുഴങ്ങുന്നത് പോലെ തോന്നിക്കൊണ്ടിരുന്നു...
\"എനിക്കിഷ്ടമാണ്!!!\"
ഒരു വിറയൽ ശരീരത്തിലൂടെ കടന്നു പോകുന്നത് പോലെ തോന്നി അവൾക്ക്...
\"ഛെ.. ഞാനിതെന്തൊക്കെയാ ഈ ആലോചിച്ചു കൂട്ടണേ?\"
സ്വയം തലയ്ക്കടിച്ച് അവൾ മൊബൈൽ മാറ്റി വച്ചു... പിന്നെ അനുവിനടുത്തേക്ക് പോയി...
\"നമുക്ക് മേല് തുടയ്ക്കണ്ടേ ചേച്ചി... ഇന്നൊരുപാട് ദൂരം യാത്ര ചെയ്തിട്ടാ നമ്മളിവിടെ എത്തിയേ... കണ്ടിട്ട് നല്ല ആൾക്കാരാണെന്നാ നിക്ക് തോന്നണേ... ചേച്ചീടെ ഏട്ടനല്ലേ ഇങ്ങോട്ട് കൊണ്ട് വന്നത്.. അപ്പൊ മോശമാവില്ലല്ലോ.. മ്മ് \"

ചിരിയോടെ കുശലം ചൊല്ലി ഭാനു തന്റെ ജോലികൾ തുടങ്ങി... അനുവിന്റെ കാര്യങ്ങളൊക്കെ ചെയ്തു കൊടുത്തിട്ട് ഭാനു വേഗം ചെന്ന് കുളിച്ചു മാറി ഒരു ദാവണി ഉടുത്ത് വന്നു....നോക്കുമ്പോൾ അനു ഉറങ്ങിയിരുന്നു....

ഭാനു കുളിപ്പിന്നലെടുത്തു കെട്ടി മുടി വിരിച്ചിട്ടിട്ട് മുറിക്ക് പുറത്തേക്ക് നടന്നു.. പടിയിറങ്ങി നിന്നതും അവളുടെ കണ്ണുകൾ വിടർന്നു... നേരെ മുൻപിൽ കാണുന്നത് ഒരു നടുമുറ്റമാണ്.. ചില മലയാളം നോവലുകളിലും കവിതകളിലുമൊക്കെ നടുമുറ്റത്തേക്കുറിച്ച് വായിച്ചിട്ടുണ്ട്... ദേവമംഗലത്ത് എന്തോ കാര്യത്തിനായി ഹാളിൽ ചെല്ലുമ്പോൾ ടി. വിയിൽ കണ്ടിരുന്നു ഒരിക്കലൊരു നാലുകെട്ടും നടുമുറ്റവും...

കോരിച്ചൊരിയുന്ന മഴ പെയ്തിറങ്ങുമ്പോൾ നടുമുറ്റത്തെ മുകളിലെ ചുറ്റുമുള്ള ഓടിൽ നിന്നും വെള്ളച്ചാട്ടം പോലെ കുത്തിയൊലിച്ചു താഴേക്ക് പതിക്കുന്ന വെള്ളം കാൺകെ ആ കാഴ്ചയൊന്ന് നേരിട്ട് കാണാൻ കൊതിച്ചു പോയിരുന്നു അന്ന്... എന്നാലിന്ന് തൊട്ടു മുൻപിലാ കാഴ്ചയാണവൾ കാണുന്നത്... അപ്പോഴാണ് മഴ പെയ്തു കൊണ്ടിരിക്കുകയാണെന്ന് അവളറിഞ്ഞതും...
\"ഞാനീ മുറിയിലേക്ക് നേരത്തേ വന്നത് ഈ വഴിയാണല്ലോ.. എന്നിട്ടും ഞാനിതൊന്നും കണ്ടില്ലല്ലോ \"
അവൾ ആശ്ചര്യപ്പെട്ടു....

വിടർന്ന കണ്ണുകളോടെ അവൾ മുന്നിലേക്ക് നടന്നു...നിറഞ്ഞ ചിരിയോടെ... മനസ്സ് നിറയെ സന്തോഷത്തോടെ.. നടുമുറ്റത്തിന് ചുറ്റുമുള്ള നിറയെ കൊത്തുപണികൾ ചെയ്ത തൂണുകളൊന്നിൽ ഇടം കൈ ചുറ്റി.. വലം കൈ മഴയിലേക്ക് നീട്ടി.. കണ്ണുകളടച്ചു കൊണ്ടവൾ മുന്നിലേക്കാഞ്ഞു നിന്നു.. വിടർന്നു ചിരിക്കുന്ന അവളുടെ മുഖത്തേക്ക് വീശിയടിക്കുന്ന കാറ്റിൽ തെന്നി നീങ്ങി വന്ന മഴത്തുള്ളികൾ തെറിച്ചു വീണു കൊണ്ടേയിരുന്നു....പാറിപ്പറന്ന മുടിയിഴകൾ മുഖത്തും കഴുത്തിലും പറ്റിച്ചേർന്നു കിടന്നു...

ആ നിമിഷം... എല്ലാം മറന്നവൾ ചിരിച്ച ആ നിമിഷം....

ചിരാഗിന്റെ മൊബൈലിലെ ഒരു ചിത്രമായി ഒരുവനിലേക്ക് എത്തിക്കഴിഞ്ഞിരുന്നു... കണ്ണിലൂടെയത് അവന്റെ മനസ്സിലേക്കും ആത്മാവിലേക്കും ആഴത്തിൽ വേരിറങ്ങി ചെന്നു... നിമിഷാർദ്ധത്തിൽ....

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️


   



രണഭൂവിൽ നിന്നും... (17)

രണഭൂവിൽ നിന്നും... (17)

4.7
2491

രണ്ട് മൂന്ന് ദിവസങ്ങൾ കടന്നു പോയി... ഭാഷയുടെ പ്രശ്നമുണ്ടെങ്കിൽ കൂടി ചിരാഗിന്റെ അമ്മ മോഹിനിയുമായി ഭാനു നല്ല കൂട്ടായി... മുത്തശ്ശി ഒരുപാട് വർത്തമാനങ്ങൾക്കൊന്നുമില്ലാതെ മിക്കവാറും മുറിയിൽ തന്നെ ഒതുങ്ങിക്കൂടി... ഭാനുവാകട്ടെ അനുവിന്റെ കാര്യങ്ങൾ ചെയ്തും അടുക്കളയിൽ മോഹിനിയെ സഹായിച്ചു കൊണ്ടുമൊക്കെ സമയം കളഞ്ഞു.. ഇടയ്ക്കിടയ്ക്ക് അമ്മയെ ഓർമ്മ വരുമ്പോൾ നടുമുറ്റത്തെ തുളസിച്ചെടികൾക്കിടയിലവൾ പോയിരിക്കും... സങ്കടങ്ങൾ ആത്മഗതങ്ങളായി അവൾ അവയോട് പറഞ്ഞു തീർക്കും... അതുമല്ലെങ്കിൽ തന്റെ നോട്ട് ബുക്കിലെന്തെങ്കിലും കുത്തിക്കുറിച്ചിരിക്കും... മോഹിനിയുടെ കൂടെക്കൂടി ചി