Aksharathalukal

രണഭൂവിൽ നിന്നും... (18)

\"എന്നിട്ട്?\"
കണ്ണുകൾ തുടച്ചിട്ട് ഭാനു ഒന്ന് കൂടി നിവർന്നിരുന്നു.. കഥ കേൾക്കാൻ....
ചിരാഗും കണ്ണ് തുടച്ചിട്ട് അവളുടെ തലയിൽ ഒന്ന് തട്ടി... അവൾ പുഞ്ചിരിച്ചു...

\" അഞ്ചുവിന് എം.ബി.ബി.എസ് എൻട്രൻസിന് നല്ല റാങ്കുണ്ടായത് കൊണ്ട് മെറിട്ടിലാണ് അലോട്മെന്റ് ആയത്...കണ്ണൂർ മെഡിക്കൽ കോളേജിൽ... എനിക്ക് റാങ്ക് കുറവായത് കൊണ്ട് മാനേജ്മെന്റ് സീറ്റേ പറ്റുള്ളായിരുന്നു... എവിടെ ചേരുമെന്ന് ആലോചിച്ചു കൊണ്ടിരുന്നപ്പോഴാണ് ഇവിടെ നിന്ന് അച്ഛന് മുത്തശ്ശന്റെ കോൾ വരുന്നത്.. പ്രായമേറിയപ്പോൾ മകളെ കാണണമെന്ന് തോന്നിക്കാണും... അമ്മയെ വിടണമെന്ന് പറഞ്ഞ് അപേക്ഷിച്ചപ്പോൾ അമ്മയെ അച്ഛനിങ്ങോട്ട് പറഞ്ഞയച്ചു.. ചേച്ചി ആ സമയത്ത് കൊല്ലത്തൊരു ആർട്സ് കോളേജിൽ ബി.കോമിനു പഠിക്കുകയാണ്... അത്‌ കൊണ്ട് അച്ഛനവിടെ നിന്നു.. എന്നെ അമ്മയ്‌ക്കൊപ്പം ഇവിടേക്കയച്ചു..

കുറച്ച് ദിവസം നിന്നിട്ട് പോകാനായി വന്ന എനിക്കായി മുത്തശ്ശൻ വച്ചു നീട്ടിയത് മാംഗ്ലൂർ മെഡിക്കൽ കോളേജിൽ എം.ബി. ബി.എസ്സിന് ഒരു മാനേജ്മെന്റ് സീറ്റാണ്...അച്ഛൻ കുറേ എതിർത്തു.. മകളെ ഇത്രയും കാലം മാറ്റി നിർത്തിയതിന് പ്രായശ്ചിത്തമായി കരുതി എന്നെ ഇവിടെ നിർത്തണമെന്ന്  പ്രായം ഏറെ ചെന്ന ആ മനുഷ്യൻ കാല് പിടിക്കും പോലെ അപേക്ഷിച്ചപ്പോൾ അച്ഛന് സമ്മതിക്കേണ്ടി വന്നു....അമ്മ തിരികെ കൊല്ലത്തേക്ക് പോയി... ഞാൻ ഇവിടെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ... സങ്കടമായിരുന്നു ആദ്യം ഞങ്ങളുടെ സ്വർഗം വിട്ട് പോന്നപ്പോൾ ഒറ്റപ്പെട്ടത് പോലെ തോന്നിയിരുന്നു ആദ്യം.. പിന്നെപ്പിന്നെ പഠിത്തവുമൊക്കെയായി അഡ്ജസ്റ്റ് ആയി...

ജിത്തുവും ലോകിയും കൊല്ലത്തു തന്നെ എൽ. എൽ. ബി ക്ക്‌ ചേർന്നു... കിച്ചു ഒരു പ്രൈവറ്റ് എഞ്ചിനീയറിങ് കോളേജിലും... പഠിത്തത്തിന്റെ തിരക്കിനിടയിലും ഞങ്ങളുടെ സൗഹൃദം മുറിഞ്ഞില്ല...ഞങ്ങൾക്കിടയിൽ ഒരു മാറ്റവും വന്നില്ല..ആഴ്ചയിൽ ഒരിക്കലെങ്കിലും ഗ്രൂപ്പ്‌ കാൾ ചെയ്യും.. ദിവസേനയെന്ന പോലെ ടെക്സ്റ്റ്‌ മെസ്സേജ് ചെയ്യും.. എല്ലാ വീടുകളിലെയും വിശേഷങ്ങൾ പങ്ക് വയ്ക്കും.... അഞ്ചു ഹോസ്റ്റലിലായത് കൊണ്ട്  പലപ്പോഴും അവൾക്ക് വിളിക്കാനൊക്കെ ബുദ്ധിമുട്ടുണ്ടായിരുന്നു... എന്നിട്ടും വാർഡന്റെ കണ്ണ് വെട്ടിച്ചവൾ വിളിക്കും.. സംസാരിക്കും....

ഞാനും അഞ്ചുവും ഹൗസ് സർജൻസി കഴിയുമ്പോഴേക്കും ബി.എ പൊളിറ്റിക്സ് കഴിഞ്ഞ് ജിത്തുവും ലോകിയും എൽ.എൽ.ബി മൂന്നാം വർഷത്തിലേക്ക് കടന്നിരുന്നു...കിച്ചുവാണ് ആദ്യം പെട്ടത്.. എഞ്ചിനീയറിങ് കഴിഞ്ഞിറങ്ങി അടിച്ചു പൊളിച്ച് നടക്കാമെന്നും പറഞ്ഞിരുന്ന കിച്ചുവിനെ അവന്റെ അച്ഛൻ ഒരു ഫ്രണ്ടിന്റെ കൺസ്ട്രക്ഷൻ കമ്പനിയിൽ പിടിച്ചിട്ടു... പാവം... ഞായറാഴ്ച മാത്രം ലീവുള്ള നല്ല ഒന്നാന്തരം അടിമപ്പണി... ചെക്കൻ കുറേ കലിപ്പിച്ചൊക്കെ നോക്കിയിട്ടും നോ രക്ഷ... വീട്ടുകാര് വീണില്ല.. പിന്നെ അവൻ എന്തെങ്കിലുമാവട്ടേന്നും പറഞ്ഞ് അങ്ങ് നിന്ന് കൊടുത്തു...

എന്റെ ചേച്ചിയും ലിനീഷേട്ടനും തമ്മിൽ എട്ടാം ക്ലാസ്സ് മുതലേ ഇഷ്ടമായിരുന്നുവെന്ന് ഞാൻ ആയിടക്കാണ് അറിഞ്ഞത്... ഞാൻ തന്നെയാണ് അച്ഛനോടും അമ്മയോടും കാര്യം പറഞ്ഞതും... ലിനീഷേട്ടൻ ആ സമയത്ത് ഓസ്ട്രേലിയയിലാണ് ജോലി ചെയ്തിരുന്നത്... ചേച്ചി പോസ്റ്റ്‌ ഗ്രാജുവേഷൻ കഴിഞ്ഞ് ജോലി അന്വേഷിക്കുകയുമായിരുന്നു...വീട്ടുകാര് തമ്മിൽ നല്ലത് പോലെ അറിയുന്നത് കൊണ്ട് ആർക്കും എതിർപ്പുണ്ടായില്ല... അവരുടെ കല്യാണത്തിനാണ് ഞങ്ങൾ അഞ്ച് പേരും വർഷങ്ങൾക്ക് ശേഷം ഒന്നിച്ച് കൂടിയത്..

അതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ഇപ്പോഴും എനിക്ക് മനസ്സിങ്ങനെ കുതിച്ചു ചാടും ഭാനു... ജീവിതത്തിൽ ഞാൻ ഏറ്റവും സന്തോഷിച്ച നിമിഷങ്ങൾ അതായിരുന്നു.. വിശേഷങ്ങളും കളികളും ചിരികളുമൊക്കെയായി ഞങ്ങൾ വിവാഹവും റിസപ്ഷനും ഒക്കെ അടിച്ചു പൊളിച്ചു.. വർഷങ്ങൾക്ക് ശേഷം അനുവിനെ അന്നാണ് ഞാൻ കണ്ടത്..പ്ലസ് ടു കഴിഞ്ഞതേ ഉള്ളൂ അവളപ്പോൾ.... ദാവണിയൊക്കെയുടുത്ത്..\"
ഏതോ ഓർമ്മകളിൽ നിറഞ്ഞ് ചിരിക്കുന്ന ചിരാഗിന്റെ ആ ചിരിയല്ല... മറിച്ച് അവനാ ചിരി കൊണ്ടു മൂടി കൺകോണിലൊളിപ്പിച്ച ഒരു തുള്ളി നീർക്കണമാണ് ഭാനുവിന്റെ കണ്ണുകൾ ഒപ്പിയെടുത്തത്...

അടഞ്ഞു പോയ തൊണ്ടയൊന്ന് മുരടനക്കി ശരിയാക്കി ചിരാഗ് വീണ്ടും പറയാൻ തുടങ്ങി....
\"റിസപ്ഷൻ കഴിഞ്ഞ് ശിവരാജ് അങ്കിൾ ഒരു അനൗൺസ്‌മെന്റ് നടത്തി...
അനുവിന്റെയും ലോകിയുടെയും വിവാഹനിശ്ചയം....\"
അവിടെ ചിരാഗിന്റെ സ്വരമിടറിയത് ഭാനുവിന് കൃത്യമായി മനസ്സിലായിരുന്നു...
അത്‌ വരെ തോന്നിയ തന്റെയൊരു സംശയം ശരിയാണെന്ന് അവളുറപ്പിച്ച നിമിഷമായിരുന്നു അത്....

\"നിശ്ചയം നടത്തി വച്ചിട്ട് ലോകി പ്രാക്ടീസ് തുടങ്ങിയതിനു ശേഷം വിവാഹം നടത്താനായിരുന്നു തീരുമാനം... എല്ലാവരും ഒരുപാട് സന്തോഷത്തിലായിരുന്നു.. പ്രത്യേകിച്ച് ജിത്തുവും ലോകിയും അനുവും... അന്ന് അവിടെ നിന്നും പിരിയുമ്പോൾ ലോകിയുടെയും അനുവിന്റെയും വിവാഹത്തിന് വീണ്ടുമത് പോലെ കൂടണമെന്ന് പ്ലാൻ ചെയ്തു ഞങ്ങൾ...

ഞാൻ തിരിച്ച് ഇവിടെയെത്തി രണ്ട് മാസം കഴിഞ്ഞതും മുത്തശ്ശൻ കുഴഞ്ഞ് വീണു.. എനിക്കെന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപ് തന്നെ അദ്ദേഹം ഞങ്ങളെ വിട്ടു പോയി...അമ്മയും അച്ഛനുമെത്തി.. ചേച്ചി അപ്പോഴേക്കും ഓസ്ട്രേലിയയിലേക്ക് പോയിരുന്നു... അമ്മയുടെ സഹോദരന്മാരൊക്കെ വിദേശങ്ങളിൽ സെറ്റിലായവരായത് കൊണ്ട് അവർക്കാർക്കും മുത്തശ്ശിക്കൊപ്പം നിൽക്കാനാവുമായിരുന്നില്ല...

ഞാൻ പകലൊക്കെ ഹോസ്പിറ്റലിൽ പോകുന്നത് കൊണ്ട് വയ്യാത്ത മുത്തശ്ശിയെ നോക്കാൻ അമ്മ തന്നെ വരേണ്ടി വന്നു.. അച്ഛൻ കൊല്ലത്തു തന്നെ തുടർന്നു.. ഇടയ്ക്ക് വന്നു പോകും.. അത്ര മാത്രം... വർഷങ്ങൾ കടന്നു പോയപ്പോൾ ഞാൻ പഠിച്ചിറങ്ങിയ കോളേജിൽ തന്നെ എം. ഡി കഴിഞ്ഞ് ഇപ്പോൾ ജോലി ചെയ്യുന്ന ഹോസ്പിറ്റലിൽ ന്യൂറോളജിസ്റ്റായി ജോലിയിൽ കയറി.... അച്ഛൻ ഒറ്റയ്ക്ക് നിന്നു മതിയായപ്പോൾ അവിടെയുള്ളതെല്ലാം വിറ്റ് ഇവിടേക്ക് താമസം മാറ്റി... എന്റെ ഹോസ്പിറ്റൽ ഡീനാണ് അച്ഛനിപ്പോൾ... ഒരു കോൺഫറൻസിന് ഡൽഹിക്ക് പോയിരിക്കുകയാണ് ... നാളെ എത്തിയേക്കും... \"
\"മ്മ് \"

\"കഥ കേട്ട് ബോറടിച്ചോ?\"
ചിരാഗ് തമാശ പോലെ ചോദിച്ചു...
ഇല്ലെന്നവൾ ചിരിയോടെ തലയാട്ടി....
\"പിന്നെന്തുണ്ടായി? \"
അവൾക്ക് ആകാംക്ഷ ഏറിയെന്ന് തോന്നി ചിരാഗിന്....അവൻ പിന്നെയും പുഞ്ചിരിച്ചു...

\"ചേച്ചീടെ വിവാഹത്തിന് പ്ലാൻ ചെയ്തത് പോലെ ഗ്ലോറിയസ് ഫൈവ് പിന്നെ ഒത്തുകൂടിയത് അനുവിന്റെയും ലോകിയുടെയും വിവാഹത്തിനാണ്..മൂന്ന് വർഷങ്ങൾക്ക് ശേഷം...ലോകി ആ സമയത്ത് കുടുംബ കോടതിയിൽ അഡ്വക്കേറ്റ് ആയിരുന്നു ... അനു ഒരു പ്രൈവറ്റ് ഫേമിൽ അക്കൗണ്ടന്റും ...കിച്ചു അപ്പോഴേക്കും മൂന്ന് നാല് കമ്പനി മാറിക്കഴിഞ്ഞിരുന്നു... അഞ്ചു കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്നും ന്യൂറോ സർജറിയിൽ എം.ഡി കഴിഞ്ഞ് അവിടെ തന്നെ പ്രശസ്ത ന്യൂറോ സർജൻ രാഘവ് അയ്യരുടെ അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയായിരുന്നു....

അവരുടെ വിവാഹ റിസപ്ഷന് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു... \"
\"എന്താത്? \"
ഭാനു അറിയാതെ ചോദിച്ചു പോയി...

\"അത് ജിത്തുവിന്റെ സക്സസ്സ് പാർട്ടി കൂടിയായിരുന്നു.. ക്രിമിനൽ ലോയർ ആയ വിശ്വജിത്ത് നമ്പ്യാരുടെ ആദ്യത്തെ കേസ് വിജയിച്ചതിന്റെ സക്സസ്സ് പാർട്ടി... ആ ഒരു കാരണം മതിയായിരുന്നു ഞങ്ങളുടെ സന്തോഷം ഇരട്ടിയാകാൻ...വീണ്ടും ആഹ്ലാദത്തിൽ ആറാടി ഞങ്ങൾ ആ നിമിഷങ്ങൾ ആസ്വദിച്ചു... പിരിയുമ്പോൾ വീണ്ടും കാണാമെന്ന ഉറപ്പോടെ.. കാണണമെന്ന തീരുമാനത്തോടെ...

പക്ഷേ!!!!\".
ചിരാഗ് ഒന്ന് നിർത്തി മുഖം കുനിച്ചു...
ഭാനുവിന്റെ ഹൃദയമിടിപ്പുയർന്നു....
\"പക്ഷേ?\"
അവളുടെ ശബ്ദം വിറച്ചു...

\"പക്ഷെ.. ഇനിയൊരിക്കലും ഞങ്ങളങ്ങനെ സന്തോഷിക്കില്ലെന്ന് ഈശ്വരൻ തീരുമാനിച്ചിരുന്നു....ഇനിയൊരിക്കലും ഗ്ലോറിയസ് ഫൈവ് ഉണ്ടാകില്ലെന്ന്... ഇനിയൊരിക്കലും ഒക്കെ പഴയത് പോലെയാകില്ലെന്ന്... ഇനിയൊരിക്കലും ഞങ്ങൾക്ക് മനസ്സ് തുറന്നൊന്നു ചിരിക്കാനാകില്ലെന്ന് മുകളിൽ നിന്നും തീരുമാനം വന്നിരുന്നു...

തകർന്ന് പോയി സർവ്വതും...
അല്ല തകർത്തു കളഞ്ഞു!!!!
ഒരു കൂട്ടം നികൃഷ്ട ജീവികളെല്ലാം തകർത്തെറിഞ്ഞു!!!!
നിമിഷങ്ങൾ കൊണ്ട്!!!!

ചിരാഗിന്റെ കണ്ണുകൾ തീക്കനൽ പോലെ കത്തിജ്വലിക്കുന്നതും മുഖവും ചുണ്ടുകളും വിറയ്ക്കുന്നതും നടുങ്ങി വിറച്ച് ഭാനു നോക്കിയിരുന്നു.....

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️



രണഭൂവിൽ നിന്നും... (19)

രണഭൂവിൽ നിന്നും... (19)

4.8
2525

ഭാനുവിന്റെ ഇടം കൈ മെല്ലെ മെല്ലെയാണ് ഉയർന്നത്...അത്‌ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു...പൊതുവേ എപ്പോഴും ശാന്തനായി ഒരു ചിരിയോടെ കാണപ്പെടുന്ന ചിരാഗിന്റെ കോപത്താൽ ചുവന്നു വിറയ്ക്കുന്ന മുഖം അവൾക്കുള്ളിൽ വല്ലാത്ത ഭയം നിറച്ചിരുന്നു ....ഭാനുവിന്റെ തണുത്ത കൈത്തലം തോളിലമർന്നപ്പോഴാണ് താനെവിടെയാണെന്ന് പോലും ചിരാഗിന് ബോധം വന്നത്... അവനിരു കണ്ണുകളും മുറുക്കിയടച്ചു... അത്രയും നേരം കോപമായിരുന്നെങ്കിൽ ആ നിമിഷം അസഹ്യമായ ഹൃദയവേദനയിൽ അവന്റെ ചുണ്ടുകൾ വിതുമ്പുകയാണുണ്ടായത്... കണ്ണുകൾക്കിരുവശവും അവന്റെ കണ്ണുനീർ ഒഴുകിയിറങ്ങുമ്പോൾ ആ കാഴ്ചയിൽ ഭാനുവിന്റെ ഉള്ളവും പിടഞ