Aksharathalukal

രണഭൂവിൽ നിന്നും... (20)

\"വീട്ടിലെത്തിയ ജിത്തുവിന് ഒരുപാട് മാറ്റങ്ങൾ വന്നിരുന്നു.. അവന്റെ വീടിന് ഒരു മതിൽക്കപ്പുറം മാത്രമുള്ള ലോകിയുടെ വീട്ടിലേക്ക് പോകാനുള്ള ധൈര്യം പോലും അവന് നഷ്ടമായിരുന്നു...മകളുടെ ദൈന്യമായ അവസ്ഥയ്ക്കൊപ്പം മനസ്സ് തകർന്ന് പോയ മകനേക്കൂടി കണ്ടപ്പോൾ ആ അച്ഛനമ്മമാരുടെ അവസ്ഥയെങ്ങിനെയായിരുന്നിരിക്കുമെന്ന് എനിക്ക് ഊഹിക്കാനേ കഴിയുന്നില്ല ഭാനു.....

അവൻ ലോകിയുടെ വീട്ടിലേക്ക് പോയില്ലെങ്കിലും ലോകിയുടെ അച്ഛനും അമ്മയും അവനെ കാണാനെത്തി... ലോകിയെപ്പോലെ അവനെ സ്നേഹിച്ചിരുന്ന അവർ കരഞ്ഞില്ല.. പകരം അവരെ കെട്ടിപ്പിടിച്ചു കരഞ്ഞത് ജിത്തുവായിരുന്നെന്ന് പിന്നീടൊരിക്കൽ അവൻ തന്നെ പറഞ്ഞാണ് ഞാനറിഞ്ഞത്...

നല്ല കരളുറപ്പുണ്ടെന്ന് തങ്ങളൊക്കെ കരുതിയ...കോടതിയിൽ ന്യായങ്ങൾ നിരത്തി എതിർകക്ഷിയെ നിർത്തി പൊരിക്കുന്ന അഡ്വക്കേറ്റ് വിശ്വജിത്ത് നമ്പ്യാർ അത്രയും തകർന്ന് പോയത് അവരെയൊക്കെ അതിശയിപ്പിച്ചിരിക്കാം... പിന്നീട് അതിനുള്ള ഉത്തരവും അവർക്ക് കിട്ടിക്കാണും... അവനെ തകർത്തു കളഞ്ഞത് ജീവിതത്തിലുടനീളം ഇടവും വലവും കൂടെ നടന്നിരുന്ന...ജീവന്റെ ജീവനായ രണ്ട് പേർക്കുണ്ടായ വേദനയും ദുരിതവുമാണെന്ന് അവർക്ക് മനസ്സിലായിക്കാണും....

കുറച്ച് ദിവസങ്ങൾ അവനെ അവർ പിടിച്ചു നിർത്തി... അമ്മയുടെ മടിയിൽ തല ചായ്ച്ചു കിടന്നവൻ ഉറങ്ങാൻ ശ്രമിച്ചു.. പക്ഷേ അവനുറങ്ങാനായില്ല... ചിന്തകളിൽ.. വേദനകളിൽ... നെഞ്ചിനെ ചുട്ടെരിക്കുന്ന കനലിൽ അവന് അവനെ നഷ്ടപ്പെട്ട് തുടങ്ങിയിരുന്നു... അവന്റെ അമ്മയ്ക്ക് അവന്റെ മനോനില മനസ്സിലായി...അവന്റെ മനസ്സിനെ അവന് കൈപ്പിടിയിൽ ഒതുക്കണമെങ്കിൽ അവനിലേക്ക് അഡ്വക്കേറ്റ് വിശ്വജിത്ത് നമ്പ്യാർ മടങ്ങിയെത്തണമെന്ന് അമ്മയ്ക്ക് മനസ്സിലായി...

ഒരു ദിവസം മുറിയിൽ ഒതുങ്ങിക്കൂടിയ ജിത്തുവിന് ശിവരാജ്‌ അങ്കിളൊരു ഫയൽ നൽകി... കൊലപാതകവും റേപ്പും ചേർത്ത്  രജിസ്റ്റർ ചെയ്ത് ബാംഗ്ലൂർ പോലീസ് അന്വേഷണം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തെളിവില്ലെന്ന കാരണം നിരത്തി പൂട്ടിക്കെട്ടിയ കേസിന്റെ ഡീറ്റെയിൽസ് അടങ്ങുന്ന ഫയൽ... അതിനൊപ്പം ശിവരാജ് അങ്കിളിന്റെ സ്പെഷ്യൽ റിക്വസ്റ്റിൽ കേരള പോലീസ് തുടരന്വേഷണത്തിന് ഉത്തരവിട്ട ഓർഡറിന്റെ കോപ്പിയും...

അത്രയും ദിവസം നിർജീവമായിരുന്ന ജിത്തുവിന്റെ കണ്ണുകൾ ഉണരുന്നതും മെല്ലെയതിൽ തീ നിറയുന്നതും അന്ന് ആ ദൃശ്യത്തിന്റെ സാക്ഷിയായ കിച്ചു കണ്ടു.... അതായിരുന്നു അവന്റെ അമ്മയും അച്ഛനും ആഗ്രഹിച്ചതും..

പിന്നെയങ്ങോട്ട് അവൻ പൂർണമായും അവനായി മാറുകയായിരുന്നു... കൂർമ്മ ബുദ്ധിയുള്ള... ശത്രുവിനെ തറ പറ്റിക്കാൻ ഏതറ്റം വരെയും പോകുന്ന അഡ്വക്കേറ്റ് വിശ്വജിത്ത് നമ്പ്യാർ...  പൊലീസന്വേഷണത്തിന് പാരലലായി ജിത്തു അവന്റേതായ രീതിയിൽ അന്വേഷിച്ചു... അവന് വേണ്ടി ബാംഗ്ലൂർക്ക് ഞാനും കേരളത്തിലെ പലയിടങ്ങളിലേക്ക് കിച്ചുവും ദൗത്യങ്ങളുമായി പോയി വന്നു....

അന്വേഷണത്തിൽ ഞങ്ങൾക്ക് മനസ്സിലായി... അന്ന് മൂന്ന് പേർ ചേർന്നാണ് ഞങ്ങളുടെ ലോകിയെയും അനുവിനെയും ഉപദ്രവിച്ചതെന്ന്... മൂന്ന് ചെറുപ്പക്കാർ... അതിലൊരാൾ കർണാടക ഫോറെസ്റ്റ് മിനിസ്റ്റർ ദാനവേന്ദ്ര റെഡ്ഢിയുടെ അനിയന്റെ മകൻ ബാലചന്ദ്ര റെഡ്ഢി... മറ്റൊരാൾ ബാംഗ്ലൂർ അസിസ്റ്റന്റ് കമ്മീഷണർ ബൊമ്മയ്യ ഹെഗ്‌ഡെയുടെ പേരക്കുട്ടി രവികിഷൻ ഹെഗ്‌ഡെ ... അന്വേഷണം നിന്നു പോയതിൽ ഒരദ്‌ഭുതവും തോന്നിയില്ല... മൂന്നാമൻ ഒരു മലയാളിയായിരുന്നു...
തിരുവനന്തപുരത്തെ വളരെ പ്രസിദ്ധനായ... അല്ല... കുപ്രസിദ്ധനായ ക്രിമിനൽ ലോയർ അഡ്വക്കേറ്റ് ജയപ്രകാശിന്റെ മകൻ അരുൺ കുമാർ...

ഉള്ളിലൊരു അഗ്നിപർവതം എരിയുന്നുണ്ടെങ്കിലും ഓർമ്മ വച്ച കാലം മുതൽ അവന്റെയച്ഛൻ പഠിപ്പിച്ചു കൊടുത്ത ആദർശവും നിയമവ്യവസ്ഥയോടുള്ള പ്രതിബദ്ധതയും  നിയമപരമായി തന്നെ ആ അധമന്മാരെ നേരിടാനായി ജിത്തുവിനെ നിർബന്ധിതനാക്കി...

ഏതാണ്ട് ഒരു വർഷത്തിന് മുൻപുണ്ടായ ഈ കേസ് അന്ന് ഒരുപാട് ജനശ്രദ്ധ പിടിച്ചു പറ്റി... കേരള പോലീസിനെ സംബന്ധിച്ചിടത്തോളം വളരെ പ്രെസ്റ്റീജിയസ് ആയ ഒരു കേസ്..ആ കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ ശിവരാജ് അങ്കിളിന്റെ സുഹൃത്തും വളരെ സീനിയറുമായ ഒരു അഡ്വക്കേറ്റ് ആയിരുന്നു... ആളെ പറഞ്ഞാൽ നീയറിയും ഭാനു.... നിനക്ക് വളരെ വേണ്ടപ്പെട്ടൊരാളാണ് ... \"

അത്രയും നേരം കഥയിൽ മുഴുകിയിരുന്ന ഭാനു പെട്ടെന്നൊന്ന് ഞെട്ടി...
\"ഏ.. എന്താ.. എനിക്കറിയാംന്നോ.. അതാരാ? \"
അവൾ ചോദിച്ചു പോയി...

ചിരാഗ് ഒന്ന് പുഞ്ചിരിച്ചു.. ആ പുഞ്ചിരിയിലും ഒരു നോവുണ്ടായിരുന്നു... കാരണം അവനറിയാമായിരുന്നു ഇത്രയും നേരം ജിത്തുവിന്റെ കഥയാണ് അവൾ തന്നിലൂടെ കേട്ടതെങ്കിൽ ഇനിയാ കഥയിൽ അവളും ഒരു കഥാപാത്രമായി മാറുകയാണെന്ന്... അവൾക്ക് അജ്ഞാതമായ അവളുടെ ജീവിതത്തിലെ പല രഹസ്യങ്ങളും അവളിലേക്ക് എത്താൻ തുടങ്ങുകയാണെന്ന്...

\"ആരാ.. ആരാത് ഏട്ടാ.. ടെൻഷനടിപ്പിക്കാണ്ട് പറയെന്നേ...\"

\"കോഴിക്കോട് ദേവമംഗലത്തെ അഡ്വക്കേറ്റ് രമേശൻ... നിന്റെ വല്യച്ഛൻ!!!!\"

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️



രണഭൂവിൽ നിന്നും... (21)

രണഭൂവിൽ നിന്നും... (21)

4.7
2499

ഞെട്ടിത്തരിച്ചിരിക്കുകയാണ് ഭാനു!!!\"വ.. വൽ... വല്ല്യച്ഛൻ.. വല്ല്യച്ഛനോ? \"അവൾക്ക് തൊണ്ട വരളുന്നത് പോലെ തോന്നി... വാക്കുകൾ മുറിഞ്ഞ് പോയി...\"അതേ ഭാനു.. നിന്റെ വല്ല്യച്ഛൻ തന്നെ... അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും ചലെഞ്ചിങ്ങ് ആയ കേസായിരുന്നു അത്‌...അദ്ദേഹവുമായി വളരെ രഹസ്യമായിട്ടാണ് ജിത്തുവും ശിവരാജ് അങ്കിളും സംസാരിച്ചിരുന്നത്...പോലീസ് ശേഖരിച്ച തെളിവുകൾ കൂടാതെ ജിത്തുവും ഞങ്ങളും ചേർന്ന് കളക്ട് ചെയ്ത തെളിവുകളും അവൻ അദ്ദേഹത്തിന് കൈമാറി...അന്വേഷണോദ്യോഗസ്ഥൻ ക്രൈം ബ്രാഞ്ചിന്റെ സ്പെഷ്യൽ ഓഫീസർ ബാബുരാജിന്റെ ശക്തമായ നീക്കങ്ങളിൽ അധികം വൈകാതെ പ്രതികൾ മൂന്ന് പ