അറിഞ്ഞോ അറിയാതെയോ.. - ചെറുകഥ
ജീവിതം ചിലപ്പോൾ തിരിച്ചടികൾ നിറഞ്ഞതായിരിക്കാം.
ആശിച്ചതിന് പിറകെ പായുന്നു .... അവസാനം നഷ്ടങ്ങളുടെ ലോകത്തിലൂടെ സഞ്ചരിക്കേണ്ടി വരുന്നു...
അവിടം മുതൽ തിരിച്ചറിവിന്റെ കാലമായിരുന്നു.
സമ്പന്നതയുടെ നടുവിൽ വളർന്ന്, സ്നേഹിച്ച പുരുഷനെ സ്വന്തമാക്കാൻ, സ്നേഹനിധിയായ അച്ഛനെയും അമ്മയെയും ഉപേക്ഷിക്കേണ്ടി വന്നപ്പോൾ താൻ ചെയ്തത് തന്നെയാണ് ശരിയെന്ന് തോന്നിയ കാലം......
പക്ഷേ കാലം പഠിപ്പിച്ചു.... എല്ലാം ഒരു ചീട്ടു കൊട്ടാരം ആയിരുന്നു.
വാടകവീട്ടിൽ കണ്ണീരോടെ കഴിഞ്ഞുകൂടേണ്ടി വന്ന സമയം...
സ്വന്തം ലോകത്തിലൂടെ പറന്നു നടന്ന, ഭർത്താവിനു മുന്നിൽ, അയാളുടെ കാൽക്കീഴിലുള്ള പെൺകുട്ടികളിൽ ഒരാളു മാത്രമാണെന്ന് താൻ എന്നറിഞ്ഞപ്പോൾ തകർന്നുപോയി....
ഇതിനിടെ തന്റെ അടിവയറ്റിൽ, ഒരു ജീവന്റെ ചലനം അവൾ അറിയുന്നുണ്ടായിരുന്നു....
ആ ചലനമാണ് പിന്നീട് അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്....
ഒരിക്കൽ മറ്റൊരു സ്ത്രീയുമായി വാടക വീട്ടിലേക്ക് കടന്നുവന്ന ഭർത്താവിനു മുന്നിൽ, അവൾ വെട്ടുകത്തി എടുത്ത് നീട്ടി.
" ഇവളെയും കൊണ്ട് ഈ പടി കടന്നാൽ, ഈ സുമ ആരാണെന്ന് നീ മനസ്സിലാക്കും"
അവളുടെ കണ്ണുകളിലെ അഗ്നി ജ്വാല അയാൾ കാണുന്നുണ്ടായിരുന്നു.
തന്റെ കൂടെ വന്ന പെൺകുട്ടിയെയും കൊണ്ട് തിരിച്ചു നടക്കാനിറങ്ങിയ അയാളെ സുമ തിരിച്ചു വിളിച്ചു.
അവൾ അയാൾക്ക് അരികിൽ നടന്നെത്തിയിട്ട് കൂടെയുണ്ടായിരുന്ന പെൺകുട്ടിയുടെ മുഖമടച്ച് ഒരു അടി കൊടുത്തു.
" ഇനി ഇയാളെ നീ എടുത്തോ.... "
സുമയുടെ ആ അടിയിൽ, അവൾ കുഴഞ്ഞ് അയാളുടെ ചുമലിലേക്ക് വീണു.
ദേഷ്യത്തോടെ സുമയ്ക്കു നേരെ കയ്യോങ്ങിയ അയാളുടെ നേരെ അവൾ, വെട്ടുകത്തി നീട്ടി.
അയാൾ അവിടെനിന്ന് നടന്നകലുമ്പോൾ സുമ മനസ്സിൽ ഒരു തീരുമാനമെടുത്തിരുന്നു.
നല്ലൊരു വക്കീലിനെ കണ്ട് സുമ വിവാഹമോചനത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തി.
കോടതി വിവാഹമോചനം അനുവദിക്കുമ്പോൾ, പിന്നീടുള്ള കാലം തന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനുവേണ്ടി ജീവിക്കണമെന്ന മോഹം അവളിൽ നാമ്പെടുത്തു തുടങ്ങിയിരുന്നു.
ഇതിനിടെ അച്ഛനും അമ്മയും ആരൊക്കെയോ വഴി തന്നെ ബംഗ്ലാവിലേക്ക് ക്ഷണിച്ചെങ്കിലും, തിരിച്ചുപോകാൻ താൻ തയ്യാറായില്ല.... ഒറ്റ മകളായ തന്നെ ലാളിച്ചാണ് അവർ വളർത്തിയത്.... അതിനുള്ള പ്രതിഫലം വേദനയായി താൻ അവർക്ക് കൊടുത്തു കഴിഞ്ഞു.....
നല്ല രീതിയിൽ തന്നെ അവർ തന്നെ പഠിപ്പിച്ചു.... ഇനി നല്ലൊരു ജോലി നേടണം... സ്ത്രീയാണെന്ന് കരുതി തന്നെ ചവിട്ടി അരയ്ക്കാൻ വന്നവരുടെ മുന്നിലൂടെ തല ഉയർത്തി നടക്കണം....
അച്ഛന്റെ വാശി, സ്നേഹമാണെന്ന് പിന്നീട് തനിക്ക് മനസ്സിലായി.... പക്ഷേ തന്റെ വാശി ആരോടൊക്കെയുള്ള പകയായിരുന്നു....
സ്നേഹിച്ച പുരുഷന്റെ തണലാണ് ഏതു സ്ത്രീയും ആഗ്രഹിക്കുക.... അവിടെയാണ് അവളുടെ അഭയ കേന്ദ്രവും.... പക്ഷേ ആ സ്വപ്നങ്ങളെല്ലാം ഞൊടിയിടയിൽ തകർന്നു വീഴുന്നത് താൻ അറിഞ്ഞു...
ആരുടെയും ആശ്രയം ഇല്ലാതെ ജീവിതം മുന്നോട്ടു കൊണ്ടുപോവുക..... അതായിരുന്നു തന്റെ വാശി.... ഒപ്പം തന്നെ, തന്റെ വയറ്റിൽ വളരുന്ന കുഞ്ഞെന്ന സ്വപ്നവും തന്റെ മോഹങ്ങൾക്ക് ചിറകു വിരിച്ചു പറക്കാൻ കാരണമായി...
നല്ലൊരു ഓഫീസിൽ തന്നെ ജോലി ശരിയായി....
കിട്ടുന്ന പണത്തിൽ നിന്ന്, കുറച്ചു പണം മിച്ചം വെച്ചു.....
ഇതിനിടെ തനിക്ക് ഒരു പെൺകുഞ്ഞ് പിറന്നു.
ആ മിച്ചം വെച്ച പണം അവൾക്ക് വേണ്ടി ഉള്ളതായിരുന്നു....
താൻ വളർന്നതുപോലെ എല്ലാ സൗഭാഗ്യങ്ങളോടും കൂടി അവളും വളരണം...
അവൾക്ക് തിരിച്ചറിവിന്റെ പ്രായം ആകുമ്പോഴേക്കും, ഈ വാടകവീട്ടിൽ നിന്ന് സ്വന്തമായൊരു വീട്ടിലേക്ക് മാറണം....
സ്വപ്നങ്ങളെയും കൊണ്ട് മുന്നോട്ടു പായാൻ ഒരു മനസ്സുള്ളപ്പോൾ, അത് പെട്ടെന്ന് തന്നെ ലക്ഷ്യസ്ഥാനത്ത് എത്തും.... അതാണ് ഇപ്പോൾ ജീവിതം തന്നെ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്....
ആരുടെയും മുന്നിൽ കൈ നീട്ടാതെ ഇതുവരെ താൻ ജീവിച്ചു....
മകൾ വളർന്നു..... അവൾ സ്കൂളിൽ പോകാൻ പ്രായമായപ്പോഴേക്കും, താൻ തന്റെ വാടകവീട് ഒഴിഞ്ഞിരുന്നു....
സമ്പാദിച്ചു വെച്ച പൈസയും, ഒരു ചെറിയൊരു ലോണും കൂടി എടുത്ത്, എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഒരു ഫ്ലാറ്റിലേക്ക് താമസം മാറ്റുമ്പോൾ മനസ്സിൽ തോന്നിയ ആനന്ദത്തിന് അതിരില്ലായിരുന്നു.
പട്ടണത്തിന്റെ തിരക്കുകളിൽ, മകളുടെ കയ്യും പിടിച്ച് നടന്നു നീങ്ങുമ്പോൾ, ഒരു കാറിനകത്തിരുന്ന് തന്നെ ശ്രദ്ധിക്കുന്ന ഒരു മുഖത്തേക്ക് അറിയാതെ സുമയുടെ കണ്ണുകൾ പാഞ്ഞു... അച്ഛനായിരുന്നു അത്.. ആ മനസ്സിലെ തേങ്ങൽ, ആ കണ്ണുകളിൽ അവൾ കാണുന്നുണ്ടായിരുന്നു.... അതിന് മുഖം കൊടുക്കാതെ അവൾ മുന്നോട്ടു നടന്നു..... തന്റെ കണ്ണുകൾ നിറഞ്ഞാൽ, ചിലപ്പോൾ ഈ ജീവിതമാകുന്ന മത്സരത്തിൽ താൻ തോറ്റുപോകും...... തന്റെ കൈകളിൽ മുറുകെ പിടിച്ചിരിക്കുന്ന മകളുടെ മുഖത്തേക്ക് സുമ നോക്കി... തന്റെ ജീവിതം ഇപ്പോൾ ഇവർക്ക് വേണ്ടിയുള്ളതാണ്...
മകൾക്കും അച്ഛനും നടുവിലാണ് ഇപ്പോൾ താൻ..... അച്ഛന്റെ കൈകളിലെ കരുതൽ താൻ ആവോളം അറിഞ്ഞിട്ടുണ്ട്..... ആ കരുതലിൽ നിന്ന് കിട്ടിയ ധൈര്യമാണ് ഇപ്പോൾ തന്നെ മുന്നോട്ടു നയിക്കുന്നത്.
ഒരിക്കൽ ഒരു സന്ധ്യാനേരത്ത്, മകളെ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടത്.
വാതിൽ തുറന്നു നോക്കുമ്പോൾ മുന്നിൽ അച്ഛൻ..... അച്ഛനു പിറകിലായി ആ തോളോട് ചേർന്ന് അമ്മയും....
" വാതിൽ അടയ്ക്കരുത് മോളെ... "
ആ വാക്കുകളുടെ ഇടർച്ച താൻ അറിഞ്ഞു.
പെറ്റ വയറും, താങ്ങി നിർത്തിയ കൈകളും മുന്നിൽ നിൽക്കുമ്പോൾ തനിക്ക് വാതിൽ അടയ്ക്കാൻ സാധിക്കുമോ....
എന്നെങ്കിലും ഇങ്ങനെ ഒരു രംഗം താൻ മനസ്സിൽ കണ്ടതാണ്..... അതു കുറച്ചു വൈകിപ്പോയെന്ന് മാത്രം.....
തനിക്കൊപ്പം ഫ്ലാറ്റിൽ താമസിക്കുന്ന മറ്റുള്ള വീട്ടുകാരിൽ നിന്ന് തന്റെ ജീവിതം അച്ഛൻ ചോദിച്ചറിയാറുണ്ടായിരുന്നുവെന്ന് താൻ മനസ്സിലാക്കിയിരുന്നു.
ആ സംരക്ഷണവലയം എന്നും തന്നോടൊപ്പം ഉണ്ടായിരുന്നുവെന്ന ധൈര്യം തനിക്ക് എപ്പോഴും മനസ്സിൽ ഉണ്ടായിരുന്നു..... അത് താൻ ഒരിക്കലും പുറത്ത് കാണിച്ചിരുന്നില്ല എന്നേയുള്ളൂ.....
അച്ഛന്റെ മുന്നിൽ തോൽക്കാൻ തനിക്ക് ഇഷ്ടമായിരുന്നു... പക്ഷേ എല്ലാം നശിപ്പിച്ചിട്ട് ആ മുന്നിൽ പോയി നിൽക്കുന്നതിനേക്കാൾ ഏറെ താൻ ഇഷ്ടപ്പെട്ടത് എന്തെങ്കിലും നേടിയിട്ട് ആ കാൽപാദങ്ങളിൽ തന്റെ കൈവിരലുകൾ സ്പർശിക്കാൻ ആയിരുന്നു....
ഇന്ന് അതെല്ലാം നേടിയോ എന്ന് തനിക്കറിയില്ല.....
എന്നാൽ ഇന്ന് തന്റെ മനസ്സ് ശാന്തമാണ്....
അമ്മ തന്നെ പിടിച്ച് വിതുമ്പി കരയുമ്പോൾ, തന്റെ കണ്ണുകളും അറിയാതെ നിറഞ്ഞുപോയി.
തന്റെ പതിനാലുകാരി മകൾ ആതിരയെ ചേർത്തുനിർത്തി അമ്മ താലോലിക്കുമ്പോൾ, അറിയാതെ തന്റെ കുട്ടിക്കാലം സുമയുടെ മനസ്സിലേക്ക് ഓടിവന്നു.
തന്നോട് ഒന്നും സംസാരിക്കാനാവാതെ ഇരുകൈകളും കൂപ്പി നിൽക്കുന്ന അച്ഛനെ സുമ കണ്ടു.
ആ കണ്ണുകളിലെ നനവ് സാവധാനം കണ്ണുനീർത്തുള്ളികൾ ആയി മാറുമ്പോൾ, സുമയുടെ കണ്ണുകളും നിറയാൻ തുടങ്ങിയിരുന്നു.
" നീ ചെയ്തതാണ് മോളെ ശരി...... നീ ജീവിതത്തോട് പടപൊരുതി..... മറ്റൊരു തണൽ നീ ആഗ്രഹിക്കാതെ, സ്വന്തം നിഴലിനോട് ചേർന്ന് നടന്നു...... അവിടെയാണ് നീ വിജയിച്ചത്.... അച്ഛന് ഒത്തിരി അഭിമാനമുണ്ട് നിന്നെ കുറിച്ച് ഓർക്കുമ്പോൾ..... "
അച്ഛന്റെ നെഞ്ചിൽ തലചായ്ച്ചു കരയുമ്പോൾ മനസ്സിൽ നിന്ന് വലിയൊരു ഭാരം ഇറങ്ങിപ്പോകുന്നത് പോലെ സുമയ്ക്ക് തോന്നി.
അച്ഛനെ ധിക്കരിച്ച് ഇറങ്ങിപ്പോന്നതിന്റെ വേദന തന്റെ ഹൃദയത്തിൽ നിന്നും ഇന്നും വിട്ടകന്നിട്ടില്ല..... സ്വന്തം പരിശ്രമം കൊണ്ട് ബിസിനസിലൂടെ വളർന്നുവന്ന മനുഷ്യൻ... എല്ലാം സമ്പാദിച്ചത് തനിക്ക് വേണ്ടിയായിരുന്നു.... ഒറ്റ മകൾ എന്ന ലാളനയോടെ തന്നെയാണ് അച്ഛൻ തന്നെ വളർത്തിയത്.....
പക്ഷേ ഇടയ്ക്ക് എവിടെയോ തനിക്ക് കാലിടറി വീണു...
പ്രണയം ഒരു നോവായി മാറുന്നതും, അതുതന്നെ കണ്ണീർക്കടലിൽ തളച്ചിടും എന്ന് മനസ്സിലായപ്പോൾ, ആ ജീവിതത്തെ ഒറ്റയ്ക്ക് തിരിച്ചുപിടിക്കാൻ ഒരു ശ്രമം നടത്തി.......
അതിന് ആദ്യം വേണ്ടിയിരുന്നത് മനക്കരുത്തായിരുന്നു..... തന്റെ അച്ഛന്റെ സ്വത്തു കണ്ടു തന്നെ സ്നേഹിച്ച പുരുഷനെ, സ്വന്തം ജീവിതത്തിൽ നിന്ന് പടിയിറക്കുമ്പോൾ, അതൊരു തുടക്കമായി മാറുകയായിരുന്നു...... താലികെട്ടിയ പുരുഷന്റെ ഭീഷണിക്ക് മുന്നിൽ തളരാതെ, ആരുടെയും സഹായമില്ലാതെ ജീവിതത്തെ തിരിച്ചുപിടിക്കാൻ ശ്രമിച്ചു..... നീണ്ട പതിനഞ്ചു വർഷത്തെ പോരാട്ടം...
വിവാഹമോചനത്തിനുശേഷം, ആ മനുഷ്യനെക്കുറിച്ച് താന്നിതുവരെ അന്വേഷിച്ചിട്ട് പോലുമില്ല.... തന്റെ മകളുടെ ഭാവിക്ക് അയാൾ ഒരു ഭാരമായി തീരരുത് എന്ന പ്രാർത്ഥന മാത്രമേ തനിക്ക് എന്നും ഉണ്ടായിരുന്നുള്ളൂ... കാരണം അച്ഛൻ എന്ന പട്ടം ഒരു അലങ്കാര വസ്തുവായി എന്നും മകളുടെ തലയ്ക്കു മുകളിൽ നിൽക്കും......
എന്നാൽ അതിനും ദൈവം തന്നോട് കരുണ കാണിച്ചു...... ജീവിതം ആസ്വദിക്കുന്നതിനിടയിൽ ഒരു മാറാ രോഗിയായി, അവസാനം ചോര ഛർദ്ദിച്ച് വഴിയിൽ എവിടെയോ കിടന്നു മരിക്കേണ്ടിവന്നു......
താൻ ജീവിച്ചതു മുഴുവൻ തന്റെ മകൾക്ക് വേണ്ടിയായിരുന്നു...... പിന്നീട് എപ്പോഴൊക്കെയോ ഈ ചിന്ത ഒരു മറുചോദ്യമായി, താൻ തന്നോട് തന്നെ ചോദിക്കാൻ തുടങ്ങി...... തന്റെ അച്ഛൻ ജീവിച്ചതും തനിക്ക് വേണ്ടി ആയിരുന്നില്ലേ....
തന്റെ വാശികൊണ്ട് താൻ നേടിയത് സ്വന്തം ജീവിതമായിരുന്നുവെങ്കിൽ, ആ വാശികൊണ്ട് തന്റെ അച്ഛന് നഷ്ടപ്പെട്ടതും സ്വന്തം ജീവിതം ആയിരുന്നു.......
കാലം നൽകിയ ആ തിരിച്ചറിവിൽ താൻ അച്ഛനും അമ്മയുമായി പതുക്കെ പതുക്കെ അടുക്കാൻ തുടങ്ങി.......
" മോളെ വാശി കൊണ്ടാണ് നമ്മളെല്ലാവരും ഇവിടെ വരെ എത്തപ്പെട്ടത്..... ആ വാശി നമ്മൾ ഇവിടം കൊണ്ട് തീർത്തില്ലെങ്കിൽ, ഇനി നഷ്ടപ്പെടാൻ പോകുന്നത് നമ്മുടെ ജീവിതങ്ങളാണ്.... അച്ഛനും പ്രായമായി വരികയാണ്... ഒരു ബിസിനസ് ഉള്ളത് കൊണ്ടുനടക്കാൻ തന്നെ അച്ഛൻ ബുദ്ധിമുട്ടുകയാണ്.... അതിനി നോക്കി നടത്തേണ്ടത് നീയാണ്.... ഇനി വാശി കാണിക്കേണ്ടത് നമ്മളല്ല.... ഈ മോളാണ്.. വാശി ഉണ്ടെങ്കിലേ ജീവിതത്തിൽ വിജയിക്കാനാവു.... അതിന് ഏറ്റവും നല്ല ഉദാഹരണം നീ തന്നെയാണ്... "
ആതിരേയും തന്നെയും ചേർത്തുനിർത്തിക്കൊണ്ട് അച്ഛൻ പറഞ്ഞ വാക്കുകൾ ഇപ്പോഴും തന്റെ കാതുകളിൽ ഉണ്ട്.
" മാഡം.... ഓഫീസ് എത്തി.... "
ഡ്രൈവറുടെ വാക്കുകൾ ആണ് സുമയെ ഓർമ്മയിൽ നിന്നും ഉണർത്തിയത്.
അലച്ചിലുകൾക്കൊടുവിൽ, അവസാനം താൻ അച്ഛനും അമ്മയ്ക്കും അരികിൽ തന്നെ തിരിച്ചെത്തി... കൂടെ ആതിരയും.
തന്റെ വരവോടെ അച്ഛൻ, നടത്തിയിരുന്ന ബിസിനസ് തന്റെ ചുമലിലായി.... കാലം നൽകിയ കരുത്ത് അതിനും തനിക്ക് താങ്ങായി... എന്തിനേയും ധൈര്യത്തോടെ നേരിടാനുള്ള ചങ്കുറപ്പ് ജീവിതം തനിക്ക് സമ്മാനിച്ചിരുന്നു..
ഫ്ലാറ്റ് വിറ്റ് ബംഗ്ലാവിലേക്ക് തിരിച്ചെത്തുമ്പോൾ, കൈവിട്ടു പോയത് എന്തൊക്കെയോ തിരിച്ചു പിടിക്കുകയാണെന്ന് താൻ തിരിച്ചറിയാൻ തുടങ്ങി...
സ്കൂൾ വിട്ടുവരുന്ന ആതിരയെ നോക്കി, സ്കൂൾ ബസ്സും കാത്ത് ബംഗ്ലാവിന്റെ മുന്നിൽ നിൽക്കുന്ന അച്ഛന്റെയും അമ്മയുടെയും ചിത്രം, തന്നെ തന്റെ ബാല്യകാലത്തിലേക്ക് തിരിച്ചുകൊണ്ടുപോയി...
സുമ കാറിൽ നിന്നിറങ്ങി, ഓഫീസിനകത്തേക്ക് നടന്നു.
ഇതൊരു തിരിച്ചറിവാണ്.... അറിഞ്ഞോ അറിയാതെയോ ജീവിതം നൽകുന്ന തിരിച്ചറിവ്...
നഷ്ടപ്പെട്ട ബാല്യവും, കൗമാരവും, യൗവനവും, വാർദ്ധക്യവും അറിഞ്ഞോ അറിയാതെയോ കുറെ മനുഷ്യരിലൂടെ വീണ്ടും കടന്നു പോകുന്നു...
ഈ ഒത്തുചേരലിൽ അവശേഷിക്കുന്നത് ആകട്ടെ സ്നേഹം മാത്രം.
............................. ശുഭം...............................