\"തീർത്ഥ...?\"
അവൻ പതുക്കെ അവനോട് ചോദിച്ചു... അതെയെന്ന് അവൻ തലയാട്ടി... അഭി വീണ്ടും അവളെനോക്കി... എന്നാൽ ഇതെല്ലാം തീർത്ഥ ശ്രദ്ധിക്കുന്നുണ്ടായിരുന്നു... തന്നെ പറ്റി എന്തോ മോശമായി പറയുകയാണെന്നവൾ കരുതി... അവൾക്കു ദേഷ്യംവന്നു... അവളെന്തോ പറയാൻ തുടങ്ങിയതും വേണിയവളുടെ കയ്യിൽ പിടിച്ചുകൊണ്ടു അരുതെന്ന് പറഞ്ഞു...
ഭക്ഷണം കഴിച്ചുകഴിഞ്ഞ് മുറ്റത്തെ കാറിനടുത്ത് നിൽക്കുകയായിരുന്നു നിവിൻ... പെട്ടന്ന് തന്റെ പുറകിൽ ആരോ നടന്നുവരുന്നതറിഞ്ഞ് അവൻ തിരിഞ്ഞു നോക്കി..
വേണിയായിരുന്നത്....
\"ഇവിടേക്ക് വരുന്നത് ഒന്നു പറഞ്ഞുകൂടായിരുന്നോ നിനക്ക്... നിന്നെ ഇവിടെ കണ്ടപ്പോൾ ഞാൻ എന്തുമാത്രം പേടിച്ചെന്നറിയോ... \"
അതിനു ഞാനറിയുമോ ഇതു നിന്റെ വീടാണെന്ന്... ആ അഭിയാണ് ആരെയോ കാണാനാണെന്ന് പറഞ്ഞ് എന്നെ ഇവിടേക്ക് കൊണ്ടുവന്നത്... എല്ലാം നിന്റെ ഏട്ടന്റെ പ്ലാനായിരുന്നു... നിന്നെ ഇവിടെവച്ച് കണ്ടപ്പോൾ എനിക്കുണ്ടായ ടെൻഷൻ ഞാനാരോട് പറയും... ഏതായാലും തന്റെ ഏട്ടൻ വല്ലാത്തൊരു പണിയാണ് ചെയ്തത്...
\"അതുകൊണ്ട് നമുക്കുതന്നെയല്ലേ ലാഭം... ഇനി ആരേയും പേടിക്കണ്ടല്ലോ.....\"
\"എന്നാരു പറഞ്ഞു... \"
അവളുടെ പുറകിൽ നിന്ന് അഭിയത് പറഞ്ഞപ്പോൾ അവരവനെ നോക്കി...
പൊന്നുമക്കളേ.. രുദ്രന്റെ സ്വഭാവം വെച്ച് നോക്കുകയാണെങ്കിൽ ഇനി നിങ്ങൾ പഴയപോലെ പ്രേമിച്ചു നടക്കും.. അവനൊരു കാട്ടുപോത്താണ് മക്കളേ... കണ്ടും അറിഞ്ഞും നടന്നാൽ നിങ്ങൾക്കു നന്ന്..
\"അപ്പോൾ വിവാഹം കഴിയുന്നതുവരെ അവളോട് മിണ്ടുകയും കൂടെ നടക്കുകയും ചെയ്യരുതെന്നാണോ.... \"
നിവിൻ അഭിയെ നോക്കി ചോദിച്ചു...
എന്നല്ല പറഞ്ഞത്.. എല്ലാറ്റിനുമൊരു ലിമിറ്റ് വേണമെന്ന്... അതല്ലെങ്കിൽ ഭാവി അളിയന്റെ കൈക്കരുത്ത് അറിയേണ്ടതിന്നു വരും... \"
എന്റെ ഈശ്വരാ... ഇത് വല്ലാത്തൊരു ചതിയായിപ്പോയി... ആ അനുഭവിക്കാതെ നിവർത്തിയില്ലല്ലോ... ഇഷ്ടപ്പെട്ട പെണ്ണിനെ സ്വന്തമാക്കാനല്ലേ.. അങ്ങനെ ആശ്വസിക്കാം...
നിവിൻ പറഞ്ഞതുകേട്ട് അഭിയും വേണിയും ചിരിച്ചു...
അപ്പോൾ വേണീ ഞങ്ങൾ ഇറങ്ങുകയാണ്... പിന്നെ ഞങ്ങളുടെ കൂടെ നന്ദനയും ദേവികയും വരുന്നുണ്ട് പോകുന്ന വഴിയിൽ അവരെ ഡ്രോപ്പ് ചെയ്യാലോ... \"
അഭി പറഞ്ഞു...
അതു നന്നായി... തീർത്ഥയെ ഏട്ടനോട് പറഞ്ഞ് വീട്ടിലെത്തിച്ചോളാം... \"
അവർ അവിടെനിന്ന് യാത്രയായി.... വേണിയുടെ നിർബന്ധപ്രകാരം തീർത്ഥയെ കൊണ്ടുവിടാൻ രുദ്രൻ സമ്മതിച്ചു...
അവൻ അവളേയും കൊണ്ട് തന്റെ ബൈക്കിൽ അവളുടെ വീട്ടിലേക്കു പുറപ്പെട്ടു... ഒരു അന്യ പുരുഷന്റെ കൂടെ ബൈക്കിൽ പോകുന്നത് എന്നോർത്തപ്പോൾ അവൾക്കൊരു ഭയമുണ്ടായിരുന്നു... അവന്റെ ദേഹത്ത് തട്ടാതെ പരമാവധി അകന്നായിരുന്നു അവളിരുന്നത്... അതവൻ മനസ്സിലാക്കിയിരുന്നു... ഇടക്കവൻ
സഡൻബ്രേക്ക് ഇടുകയും റോഡിലുള്ള കുഴിയിലെല്ലാം ചാടിച്ചു കൊണ്ടുമാണ് അവൻ വണ്ടിയോടിച്ചത്...
\"ഈ കാലമാടൻ എന്നെ കൊല്ലാൻ കൊണ്ടുപോവുകയാണോ... \"
അവൾ പതുക്കെയാണ് പറഞ്ഞതെങ്കിലും അവനത് കേട്ടു... അവൻ വണ്ടി നിറുത്തി...
\"താനെന്താ പറഞ്ഞത്... എന്റെ വണ്ടിയിൽ പോവുകയാണെങ്കിൽ ഇതെല്ലാം സഹിക്കേണ്ടി വരും... സുഖിച്ചു പോണെങ്കിൽ വല്ല ടാക്സിയും വിളിച്ച് പോകാൻ നോക്ക്... \"
\"അതുതന്നെയാണ് നല്ലത്.. \"
അവൾ ബൈക്കിൽനിന്നിറങ്ങി റോഡിനു സൈഡിലേക്ക് നിന്നു... അവൻ ബൈക്ക് കുറച്ചു മുന്നോട്ടെടുത്ത് റോഡ്സൈഡിൽ നിറുത്തി അവളേയും നോക്കി നിന്നു... അവൾ അതിലെ വരുന്ന പല വണ്ടിയ്ക്കും കൈ കാണിച്ചു.. എന്നാൽ ഒരു വണ്ടിയും നിർത്തിയില്ല... സമയം വൈകുംതോറും അവൾ ഭയപ്പെട്ടുകൊണ്ടിരുന്നു.. ഒരാവേശത്തിന് അയാളുടെ വണ്ടിയിൽനിന്നിറങ്ങിയതാണ്... അവളവനെ നോക്കി... അവൾ നോക്കുന്നതു കണ്ട് അവൻ തലതിരിച്ച് മറ്റൊരു ഭാഗത്തേക്കി നോക്കിനിന്നു... കുറച്ചു സമയം അങ്ങനെ നിന്നു.. പിന്നെ ബൈക്കെടുത്ത് അവളുടെ നിന്നിൽ വന്നു നിറുത്തി... എന്തേ മഹാറാണിക്ക് വണ്ടിയൊന്നും കിട്ടിയില്ലേ... അതോ ഇവിടെയങ്ങ് കൂടാൻ തീരുമാനിച്ചോ... ഞാനേതായാലും പോവുകയാണ്... എനിക്ക് പോയിട്ട് വേറെ പണിയുണ്ട്..... അവൻ വണ്ടി മുന്നോട്ടെടുക്കാൻ തുനിഞ്ഞതും അവളവനെ ദയനീയമായി നോക്കി... അവളുടെ കണ്ണുകൾ നിറയുന്നതവൻ കണ്ടു...
എന്തുപറ്റി... കുറച്ചു മുമ്പ് ഉണ്ടായിരുന്ന നിന്റെ വീറുംവാശിയും കഴിഞ്ഞോ.. മര്യാദയ്ക്ക് മിണ്ടാതെ വണ്ടിയിലിരിക്കാമെങ്കിൽ വണ്ടിയിൽ കയറിക്കോ... \"
അവൾ പെട്ടന്ന് ബൈക്കിൽ കയറി... അവൻ വണ്ടി മുന്നോട്ടെടുത്തു... വീട്ടിലെത്തുന്നതുവരെ അവരൊന്നും സംസാരിച്ചില്ല...
പുത്തൻപുരക്കൽ വീടിന്റെ ഗെയ്റ്റിനുമുമ്പിൽ രുദ്രൻ ബൈക്ക് നിറുത്തി... അവൾ അതിൽ നിന്നുമിറങ്ങി...
\"വീട്ടിലൊന്ന് കയറി മുത്തശ്ശനേയും മുത്തശ്ശിയേയും കണ്ടിട്ടു പോകാം.... \"
അവൻ വണ്ടി മുന്നോട്ട് എടുക്കുന്നതുകണ്ട് അവൾ പറഞ്ഞു...
\"ഓ...നിന്റെ അനുവാദം വേണമായിരിക്കും എനിക്ക് അവരെക്കാണാൻ... \"
രുദ്രൻ ബൈക്ക് മുന്നോട്ടെടുത്ത് തിരിച്ചു പോയി...
\"ഇതെന്തൊരു ജന്മമാണീശ്വരാ... വല്ലാത്തൊരു കാലമാടൻ തന്നെ... \"
തീർത്ഥ മനസ്സിൽ പറഞ്ഞുകൊണ്ട് വീട്ടിലേക്കു നടന്നു... അവിടെ ഉമ്മറത്ത് തന്നേയും നോക്കി മുത്തശ്ശനും മുത്തശ്ശിയും നിൽക്കുന്നത് കണ്ടു... അവൾ ചിരിച്ചുകൊണ്ട് അവരുടെയടുത്തേക്ക് ചെന്നു...
എന്താണ് മോളേ ഇത്രയും നേരം വൈകിയത്... നേരം വൈകുമെങ്കിൽ ഒന്ന് വിളിച്ചു പറഞ്ഞൂടായിരുന്നോ... നിന്നെ കാണാതെ പേടിച്ചിരിക്കുകയായിരുന്നു... \"
പത്മാവതിയമ്മ പരിഭവത്തോടെ പറഞ്ഞു
ഒന്നുമില്ല മുത്തശ്ശി എല്ലാവരോടും സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല...
\"വേഗം പോയി മേലുകഴുകി വാ.. മുത്തശ്ശി ചായയെടുക്കാം... \"
ശരിയെന്റെ പത്മാവതിതമ്പുരാട്ടീ...
തീർത്ഥ പത്മാവതിയമ്മയുടെ ഇരു കവിളും പിടുച്ചുകൊണ്ട് പറഞ്ഞു.. പിന്നെ നേരെ മുറിയിലേക്കു നടന്നു...
എനിക്ക് നിങ്ങൾ രണ്ടുപേരോടും ഒരു കാര്യം ചോദിക്കാനുണ്ട്....
രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ തീർത്ഥ പറഞ്ഞു..
\"നമ്മുടെ അയൽപ്പക്കത്ത് പണ്ട് ഒരു പരമേശ്വരൻ താമസിച്ചിരുന്നോ... \"
അവൾ ചോദിച്ചതുകേട്ട് വാരിജാക്ഷൻനായരും പത്മാവതിയമ്മയും പരസ്പരം നോക്കി
\"ഉണ്ടായിരുന്നു.. നിന്റെ അച്ഛന്റെ കൂട്ടുകാരനായിരുന്നു പരമേശ്വരൻ... \"
വാരിജാക്ഷൻനായർ പറഞ്ഞു
\"എന്താ മോളെ ഇപ്പോഴിത് ചോദിക്കാൻ കാണണം... \"
പത്മാവതിയമ്മ ചോദിച്ചു
\"ഇന്ന് ഞാൻ പോയില്ലേ വേണിയുടെ വീട്ടിൽ... അവളുടെ അച്ഛനാണ് ഈ പറയുന്ന ആൾ... അവർക്കെന്നെ ഒറ്റനോട്ടത്തിൽ മനസ്സിലായി... \"
\"അവരുടെ വീട്ടിലേക്കായിരുന്നോ മോള് പോയിരുന്നത്... വേണ്ടിയിരുന്നു മോളേ... നമ്മളെക്കൊണ്ട് ഒരുപാട് അനുഭവിച്ചതാണവര് ഇനിയും നമ്മളവരോട് അടുപ്പം കാണിച്ചാൽ ചിലപ്പോൾ... അതു വേണ്ട മോളെ... പരമേശ്വരനും അംബികയും ഒരുപാട് നമ്മളെ സഹായിച്ചവരാണ്... അതിന് അവസാനം ലഭിച്ചതോ ഉണ്ടായിരുന്ന വീടും പറമ്പും വരെ നഷ്ടമായി... അവർക്കൊരു മകനുണ്ടായിരുന്നല്ലോ... കുട്ടിക്കാലത്ത് അവന് നിന്നെ ജീവനായിരുന്നു... അവനുണ്ടായിരുന്നില്ലേ അവിടെ... \"
\"ഉണ്ടായിരുന്നു... എന്നെ അയാൾക്ക് അറിയുകയും ചെയ്യാം... അയാളാണ് എന്നെ ഇവിടെ ആക്കിത്തന്നത്... \"
എന്നിട്ട് അവൻ ഇവിടേക്ക് കയറിയില്ലല്ലോ... എങ്ങനെ കയറും അവന്റെ മനസ്സിലും നമ്മേളോടുള്ള വെറുപ്പുണ്ടാകും.. അല്ലെങ്കിൽ ഒരിക്കലെങ്കിലും അവർ ഞങ്ങളെ കാണാൻ വരുമായിരുന്നില്ലേ... ഇതൊക്കെ കണ്ട് കണ്ണടക്കാനായിരിക്കും ഞങ്ങളുടെ വിധി... പരമേശ്വരൻ ഭക്ഷണം മതിയാക്കി എഴുന്നേറ്റ് കൈകഴുകി ഉമ്മറത്തേക്കു നടന്നു.. അയാൾ പോകുന്നതും നോക്കി പത്മാവതിയും തീർത്ഥയും നിറകണ്ണുകളോടെ ഇരുന്നു...
ഉമ്മറത്തെത്തിയ വാരിജാക്ഷൻനായർ അവിടെയുള്ള ചാരുകസേരയിൽ ചാരിയിരുന്നു... അയാളുടെ മനസ്സിൽ കഴിഞ്ഞ കാര്യങ്ങൾ ഇന്നലെ കഴിഞ്ഞതുപോലെ തെളിഞ്ഞുവന്നു...
പെട്ടന്ന് ചുമലിൽ ഒരു കൈ വന്നുനിന്നപ്പോൾ അയാൾ തിരിഞ്ഞുനോക്കി... നിറകണ്ണുകളോടെ തീർത്ഥ നിൽക്കുന്ന് കണ്ടു...
\"മുത്തശ്ശാ... ഞാൻ കാരണം മുത്തശ്ശന് വിഷമമുണ്ടായല്ലേ... \"
\"സാരമില്ല മോളെ... അവരുടെ കാര്യം പറഞ്ഞപ്പോൾ ഞാൻ പഴയ കാര്യങ്ങൾ ഓർത്തുപോയി... എങ്ങനെ കഴിഞ്ഞവരായിരുന്നു നമ്മളും അവരും തമ്മിൽ... ഒരു വിവാഹത്തിന്റെ പേരിൽ അതെല്ലാം മാറിമറഞ്ഞില്ലേ... അവരുടെ മുഖ്യ ശത്രുക്കളായി നമ്മൾ... \"
\"ഇല്ല മുത്തശ്ശാ... അവർക്ക് ഈ വീടുമായി ഒരു ശത്രുതയുമില്ല... മറിച്ച് വിഷമം മാത്രമേയുള്ളൂ... അവർ മുൻകൈയ്യെടുത്ത് നടത്തിയ വിവാഹമായുന്നല്ലോ അത് അതുകൊണ്ടാണവര് സേലത്തേക്ക് പോയതും അവിടെവച്ച് മരണപ്പെട്ടതും... അതുകാരണം നിങ്ങളുടെ മുഖത്തു നോക്കാനുള്ള മടികൊണ്ടാണവർ ഇവിടേക്ക് വരാതിരിക്കുന്നത്... എന്നാൽ മുത്തശ്ശനറിയാതെ അവർ നിങ്ങളെയൊക്കെ കാണുന്നുണ്ടായിരുന്നു.. മനസ്സിൽ പലതവണ മാപ്പപേക്ഷിച്ചിട്ടുമുണ്ട്\"
\"എന്നവർ പറഞ്ഞോ... \"
അയാൾ സംശയത്തോടെ അവളുടെ മുഖത്തേക്കുനോക്കി ചോദിച്ചു
പറഞ്ഞു... എല്ലാ കാര്യവും പറഞ്ഞു... എന്നെ കാണാൻ അമ്മയെപ്പോലെയാണെന്നും പറഞ്ഞു... ആ മുഖച്ഛായ കണ്ടിട്ടാണ് എന്നെ തിരിച്ചറിഞ്ഞതും... സത്യമാണോ മുത്തശ്ശാ.. ഞാൻ എന്റെ അമ്മയെപ്പോലെയാണോ... ?
എന്താണ് സംശയം... ഹേമ പുനർജനിച്ചതുപോലെയാണ് നീ... ആ മുഖവും സൌന്ദര്യവും നടപ്പും ആ മുടിയുമെല്ലാം ഹേമ തന്നെയാണ്... അവളെ വരച്ചുവെച്ചതുപോലെയുണ്ട് നീ...
എനിക്ക് അമ്മയെ കണ്ട ഓർമ്മയില്ല... അമ്മയുടെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ല... മുത്തശ്ശന്റെ മുറിയിലുള്ള അച്ഛന്റെ ഫോട്ടോ മാത്രമാണ് ഞാൻ കണ്ടിട്ടുള്ളത്... അവർ ഇപ്പോഴുണ്ടായിരുന്നെങ്കിലെന്ന് ആശിച്ചു പോവുകയാണ്... \"
അതു പറയുമ്പോൾ അവളുടെ കണ്ണിൽ നിന്ന് കണ്ണുനീർ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു...
\"എല്ലാം വിധിയാണ് മോളേ... നമ്മളാശിച്ചതൊന്നും നടന്നെന്നു വരില്ല... ഇപ്പോൾ ഞങ്ങൾക്ക് ഒരാഗ്രഹം മാത്രമേയുള്ളൂ... കണ്ണടയുന്നതിനുമുമ്പ് നിന്നെ നല്ലൊരുത്തന്റെ കയ്യിലേൽപ്പിക്കണം... അതുകൂടി കഴിഞ്ഞിട്ടേ ദൈവം ഞങ്ങളെ വിളിക്കാവൂ എന്നൊരു പ്രാർത്ഥനയുള്ളൂ... \"
അയാൾ അവളുടെ കയ്യിൽ പിടിച്ചു...
\"ന്റെ കുട്ടി മുത്തശ്ശനൊരു കാര്യം പറഞ്ഞാൽ അനുസരിക്കുമോ... \"
എന്താണെന്നഭാവത്തിൽ അവൾ അയാളെ നോക്കി
\"ഞാൻ നമ്മുടെ ഗോപാലനോട് വരാൻ പറയട്ടെ... ഏതെങ്കിലും നല്ല ആലോചന അവന്റെ കയ്യിലുണ്ടോ എന്നന്വേഷിക്കട്ടെ... \"
അപ്പോൾ ഞാൻ പോയാൽ ന്റെ മുത്തശ്ശനും മുത്തശ്ശിക്കും ആരാണുണ്ടാവുക... വേണ്ട മുത്തശ്ശാ... എന്നെ നോക്കുന്നതു പോലെ നിങ്ങളേയും നോക്കാൻ പറ്റുന്ന ഒരാൾ വരുമ്പോൾ ഞാൻ പറയാം... അതുവരെ ഇതിനെപ്പറ്റിയൊന്നും ചിന്തിക്കണ്ടാ... സമയം ഒരുപാടായി.. മുത്തശ്ശൻ വന്ന് കിടക്കൂ.. നല്ല മഞ്ഞുണ്ട് പുറത്ത്... \"
അവൾ അയാളെയും കൂട്ടി അകത്തേക്കു നടന്നു...
▪️▪️▪️▪️▪️▪️▪️▪️▪️
അടുത്തദിവസം രാവിലെ മുറ്റമടിക്കാനായി ചൂലുമെടുത്ത് ഉമ്മറത്തേക്ക് വന്നതായിരുന്നു അംബിക..... അപ്പോഴവിടെ മുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും പതിയെ എന്തോ ആലോചിച്ച് നടക്കുകയായിരുന്നു പരമേശ്വരൻ.. അയാളെ കണ്ടതും അംബിക ചൂല് അവിടെവച്ച് അയാളുടെ അടുത്തേക്ക് ചെന്നു
\"എന്താണ് രാവിലെത്തന്നെ വലിയ ആലോചനയിൽ... ഇങ്ങനെ കണ്ടിട്ടില്ലല്ലോ ഇതുവരെ... എന്നോട് പറയാൻ പറ്റാത്ത വല്ലതുമാണോ... ?\"
അംബിക ചോദിച്ചു... അതുകേട്ടയാൾ നടത്തം നിറുത്തി അവരെ നോക്കി
\"നീയറിയാത്ത വല്ല രഹസ്യവും കഴിഞ്ഞ മുപ്പതുവർഷമായിട്ട് എന്റെ ജീവിതത്തിലുണ്ടായിട്ടുണ്ടോ.... \"
\"അതില്ല... എന്തു കാര്യമുണ്ടായാലും ഉടനെ എന്നോട് പറയാറുണ്ട്... പക്ഷേ ഇതുപോലെയൊരു ആലോചന ഇതുവരെ ഉണ്ടായിട്ടില്ല... ഇന്നലെ മാളുട്ടി വന്നു പോയതിനുശേഷമാണ് ഈ മാറ്റം കാണുന്നത്... \"
\"നീ പറഞ്ഞത് ശരിയാണ്... അവൾ വന്നുപോയതിനുശേഷമാണ് മനസ്സിന് വല്ലാത്തൊരു അശ്വസ്ഥത അനുഭവപ്പെടുന്നത്... നമ്മൾ ഇത്രയും കാലം ചെയ്തത് നന്ദികേടല്ലേ എന്നൊരു സംശയം... ആ പാവങ്ങളെ നമ്മൾ ഇതുവരെ ഒന്നുപോയി കാണുകകൂടി ചെയ്തിട്ടില്ല... അവർ നമുക്ക് ചെയ്തുതന്ന പല സഹായങ്ങൾക്കും അവഗണന മാത്രമേ നൽകിയിട്ടുള്ളൂ... അതോർക്കുമ്പോൾ മനസ്സിന്റെയുള്ളിലൊരു വേദനയനുഭവപ്പെടുന്നു.... നമുക്കിന്ന് എല്ലാവർക്കും കൂടി അവിടേക്കൊന്ന് പോയിവന്നാലോ... കുറച്ചു കഴിഞ്ഞ് പോയിട്ട് വൈകീട്ട് തിരിച്ചു വരാം.. നിന്റെ അഭിപ്രായമെന്താണ്... \"
നിങ്ങളെടുക്കുന്ന എന്തെങ്കിലും തീരുമാനത്തിന് ഞാനെതിരുപറഞ്ഞിട്ടുണ്ടോ... നമുക്കു പോകാം... ഇന്നാണെങ്കിൽ വേണിമോൾക്ക് ക്ലാസില്ല... രുദ്രനാണെങ്കിൽ രണ്ടു ദിവസം കഴിഞ്ഞേ ഓഫീസിൽ പോകുന്നുള്ളൂ എന്നാണ് പറഞ്ഞത്... അവിടെ അഭിയുണ്ടല്ലോ...
എന്നാൽ നീ അവനെ വിളിക്ക്... ഞാനൊന്ന് സംസാരിച്ചു നോക്കട്ടെ...
\"അതിനവൻ ജോഗിങ്ങിന് പോയതല്ലേ ഇപ്പോൾ വരും... നിങ്ങൾ ഉമ്മറത്തേക്ക് കയറിയിരിക്കൂ... ഞാൻ മുറ്റമൊന്നടിക്കട്ടെ... \"
അംബിക ചുലെടുത്ത് മുറ്റമടിച്ചു...
കുറച്ചു കഴിഞ്ഞപ്പോൾ രുദ്രനെത്തി.. അവൻ നേരെ വന്ന് ഉമ്മറത്തിരുന്ന് പത്രമെടുത്ത് നോക്കി... ഈ സമയം പരമേശ്വരൻ അവന്റെയടുത്തെത്തി...
\"മോനെ രുദ്രാ... അച്ഛനൊരു കാര്യം പറഞ്ഞാൽ നീയത് അനുസരിക്കുമോ... \"
അയാൾ അവന്റെയടുത്തിരുന്ന് ചോദിച്ചു
\"എന്താണ് ഇതുവരെയില്ലാത്ത ഒരു മുഖവുര... എന്തുകാര്യവും നേരിട്ടുപറയുന്നതല്ലേ അച്ഛന്റെ ശീലം... \"
അവൻ പത്രത്തിൽ നിന്ന് മുഖമുയർത്താതെ ചോദിച്ചു
അത് പിന്നെ... നമുക്കിന്ന് പുത്തൻപുരക്കൽ വരെ ഒന്നു പോയാലോ... ഇന്നലെ മാളുട്ടി വന്നുപോയതിൽപ്പിന്നെ മനസ്സിലൊരു കുറ്റബോധം... നിന്റെ അഭിപ്രായമെന്താണ്..... അതറിയാനാണ് ഞാൻ വന്നത്....
അവൻ പെട്ടന്ന് പത്രം മടക്കി അയാളെ ഒന്നു നോക്കി... അവന്റെ നോട്ടത്തിൽ ദേഷ്യമാണോ അതോ സഹതാപമാണോ എന്നു തിരിച്ചറിയാൻ അയാൾക്ക് കഴിഞ്ഞില്ല
തുടരും