Aksharathalukal

അക്കരെയക്കരെ ഭാഗം 01

മാങ്ങയും നാരങ്ങയും ഇഞ്ചിയും കരിമീനും  അച്ചാറിട്ടു. തേങ്ങ വറുത്തരച്ചു . ചമ്മന്തിപ്പൊടി ഉണ്ടാക്കി. കായ വറുത്തു. ചീനിയും ചക്കയും ഒക്കെ വറുത്തു കോരി വച്ചു.
ഇനിയും എന്തൊക്കെയോ ചെയ്യാനുള്ള പോലെ. മറന്നോ എന്തെങ്കിലും ? 
എല്ലാം  അടുക്കി പെറുക്കി വച്ചു.  ഒന്നു കൂടി മനസ്സിൽ എല്ലാം ഓർത്തു നോക്കി. പാക്കിംഗ് ഒക്കെ രാവിലെ രതീഷേട്ടൻ തന്നെ ചെയ്തോളും. 

\" കഴിഞ്ഞില്ലേ വിജീ? എന്തെടുക്കുവാ  ഇനി?\"  

എല്ലാം തൊട്ടു തലോടി നിന്നപ്പോഴേക്കും രതീഷേട്ടൻ അടുക്കള വാതിൽക്കൽ എത്തി.

\" ഇതൊന്നു നോക്കിക്കേ. ഇനിയെന്തെങ്കിലും വേണോ ? ഞാനിപ്പോ ഉണ്ടാക്കാം.\"

പുള്ളി ചിരിയോടെ  എന്റെ അടുത്ത് വന്ന് സ്ലാബിൽ ചാരി നിന്നു. കൈകൾ തമ്മിൽ മുട്ടിയുരുമ്മുന്നു.

\" ഇനിയൊന്നും വേണ്ടെ ടീ . ഇതു തന്നെ കൂടുതലാകുമോന്നാ സംശയം. പാക്ക് ചെയ്തിട്ട് നോക്കാം. രാവിലെ മോളെ വിട്ട് പടീറ്റേന്ന് ആ വെയിംഗ് മെഷീൻ ഒന്ന് വാങ്ങിപ്പിച്ചേക്കണേ . വെയിറ്റ് നോക്കീട്ട് പോകാം. അല്ലെങ്കിൽ എയർപോർട്ടിൽ വച്ച് എടുത്തു മാറ്റേണ്ടി വരും.\"

\" ഉം. \"

കുറേ നേരം അങ്ങനെ തന്നെ നിന്നു. പറയാൻ ഏറെ ബാക്കിയുണ്ട്. എങ്കിലും ഈ വീടു നിറയെ മൗനം തിങ്ങിനിൽക്കുന്നു. പുറത്തെ ചീവിടുകളുടെ ശബ്ദം മാത്രം കേൾക്കാം.

\" വാ . കിടക്കാം. \" 

പറഞ്ഞിട്ട് മുറിയിലേക്ക് നടന്നു. അടുക്കളയിലെ ലൈറ്റും ഓഫ് ചെയ്ത് ഞാൻ പുറകിന് ചെന്നപ്പോ മക്കളുടെ മുറിവാതിൽക്കൽ നിൽപ്പുണ്ടായിരുന്നു ആള്. 

...........................................

\" നിന്നോട് എല്ലാ തവണയും ഞാൻ പറയുന്നതല്ലേ ഈ കരച്ചിൽ കണ്ടിട്ട് പോകാൻ വയ്യെന്ന് . പിന്നേം എന്തിനാ ഇങ്ങനെ ......?\"

നെഞ്ച് നനയുന്നത് അറിഞ്ഞിട്ടുണ്ടാവും. 
എന്നെ വഴക്കു പറയുന്നെങ്കിലും ആ നെഞ്ചിടിപ്പ് ഉയരുന്നത് എനിക്കും കേൾക്കാം. 

\" ഇനി ഒത്തിരി നാളൊന്നും ഇല്ലെടീ. ഒരു  നാല് വർഷം കൂടി നിന്നാൽ മതി. നമുക്ക് ഒരു വീടു വെക്കണ്ടേ ? മക്കളെ പഠിപ്പിക്കണ്ടേ? അതിനൊക്കെയായിട്ട് ഒരു പൊടിക്ക് സമ്പാദ്യം ഒക്കെ ആകുമ്പോ ഞാനിങ്ങു വരില്ലേ ... പിന്നൊരു ജൻമം മുഴുവൻ നമ്മൾ ഒന്നിച്ചല്ലേ ....  \"

പറയുന്നതിനൊപ്പം ആ കൈകൾ എന്നിൽ മുറുകുന്നുമുണ്ട്.  വിരലുകൾ എന്റെ കഴുത്തിൽ കിടക്കുന്ന കരിമണിമാലയിലൂടെ ഒഴുകുന്നു.
നെഞ്ചിലേക്ക് മുഖം പൂഴ്ത്തി വച്ചു ഞാനും. 

ഈ ഒരു രാത്രി കൂടിയേ ഉള്ളൂ ഇങ്ങനെ കിടക്കാൻ .

\" നമുക്കൊരു കുഞ്ഞു വീട് മതി. രണ്ട് മുറിയും അടുക്കളയും ഒരു കുഞ്ഞ് തിണ്ണയും ഒക്കെയായിട്ട് .... ഒരുപാടൊന്നും വേണ്ട. അതിനു വേണ്ടി ഓവർടൈമും ഒത്തിരി റിസ്ക് എടുത്തും ഒന്നും ചെയ്യണ്ട. \"

\" നിന്റെ പേടി ഇതുവരെ മാറിയില്ലിയോ? എടീ ഞാൻ പറഞ്ഞില്ലേ , എല്ലാ സേഫ്റ്റിയും എടുത്തിട്ടാ ഉയരത്തിലൊക്കെ കേറുന്നത്. അല്ലാതെ വെറുതെയൊന്നുമല്ല.  ഇലക്ട്രീഷ്യൻ ആയിട്ട് ജോലിക്ക് കയറിയിട്ട് മുകളിലത്തെ നിലയൊന്നും ഞാൻ ചെയ്യത്തില്ലെന്ന് പറയാൻ പറ്റുവോ? ജോലി പോകും കുഞ്ഞേ . \"

ലീവിന് വന്നതിന്റെ പിറ്റേന്നാ അച്ഛൻ ജോലി ചെയ്യുന്ന സ്ഥലമാണെന്നും പറഞ്ഞ് കണ്ണൻ ഫോണിലൊരു ഫോട്ടോ കൊണ്ടുവന്ന് കാണിച്ചത്. 
എത്ര നില ഉണ്ടെന്ന് കൂടി എണ്ണാൻ പറ്റുന്നില്ല. അതിന്റെ ഒത്ത മുകളിൽ നിൽക്കുന്നു. പേടിച്ചിട്ട് ഞാൻ എന്തൊക്കെയോ പറഞ്ഞു കരഞ്ഞു. അന്നുതൊട്ട് അച്ഛനും മക്കളും കൂടി എന്നെ കളിയാക്കും. എന്റെ വെപ്രാളം എനിക്കേ അറിയൂ.

\" അതേ , ഈ രാത്രി മുഴുവൻ ഇങ്ങനെ കരഞ്ഞു തീർക്കാനാണോ നിന്റെ പ്ലാൻ? ഇനിയൊന്ന് കാണണമെങ്കിൽ രണ്ട് വർഷം കാത്തിരിക്കണം പെണ്ണേ ..\"

കുറുമ്പോടെ എന്റെ കഴുത്തിലേക്ക് മുഖം ചേർത്ത് പറഞ്ഞു തീരും മുന്നേ തിരികെ ഞാനും ഇറുകെ പുണർന്നു. ഈ രാത്രി നഷ്ടപ്പെടുത്താൻ എനിക്കും കഴിയില്ല.  എത്ര നാളായാലും കാത്തിരിക്കാൻ ഈ ഗന്ധവും ചൂടും മാത്രേയുള്ളൂ. 
അറുപതു ദിവസത്തെ ഓർമ്മകളെ വീണ്ടും വീണ്ടും ഓർത്ത് അറുന്നൂറു ദിവസം കാക്കണം.

........................................................................

\" രതീഷേട്ടാ , പാസ്സ് പോർട്ടും ടിക്കറ്റും ഒക്കെ എവിടാ വെച്ചെ?\"

\" അതൊക്കെ ബ്രീഫ്കേസിൽ ഉണ്ടെടി. അതാ എടുക്കാൻ എളുപ്പം.\"

\" ആ സർട്ടിഫിക്കറ്റ് ഒക്കെയിരുന്ന ഫയൽ എടുത്തോ?\"

\" ആഹ്. എടുത്തു.\"

നേരം വെളുത്തപ്പോ തുടങ്ങിയതാ വിജി. ഷർട്ട് തേക്കുന്നു. ഷൂ പോളിഷ് ചെയ്യുന്നു. അങ്ങനെ എന്തൊക്കെയോ ... എന്നെ നോക്കുന്നേയില്ല. 
വീടു നിറയെ ആളുകളാണ്. അയൽക്കാരും കൂട്ടുകാരും ബന്ധുക്കളും ഒക്കെയായിട്ട്. വിജിയുടെ അമ്മയും നാത്തൂനും ഒക്കെ ഉണ്ട്. അവരിവിടെ അടുത്ത് തന്നെയാ . ആ ഒരൊറ്റ ധൈര്യത്തിലാ അവളേം മക്കളേം  ഈ വാടകവീട്ടിൽ ഒറ്റയ്ക്കിട്ടിട്ട് ഞാൻ പോകുന്നത്. 

\" ടാ, രണ്ട് കിലോ കൂടി പറ്റും കേട്ടോ. നിന്റെ ശ്രീമതിയ്ക്ക് ഈ വെട്ടം കണക്ക് പിശകിയെന്നാ തോന്നുന്നെ.\" 

അനിയാണ്. എന്റെ വല്യച്ഛന്റെ മോൻ. ലഗേജ് തൂക്കി നോക്കിയിട്ട് എന്നെ കളിയാക്കുന്ന കണ്ടില്ലേ. 
ഗൾഫുകാരന്റേം അവന്റെ ഭാര്യേടേം ദണ്ണം പറഞ്ഞാൽ ഇവനൊന്നും ഒരു കാലത്തും മനസ്സിലാവില്ല. 

\" അത് അടക്കല്ലേ . ഞാനിപ്പോ വരാം.\"

വിജി ഓടിക്കിതച്ച് വാതിൽക്കലെത്തി. ഇതിപ്പോ എവിടുന്ന് പൊട്ടിമുളച്ചോ എന്തോ. ഇവൾക്ക് നാലു ചുറ്റും ചെവിയുണ്ടോ ദൈവമേ!!

കുറച്ച് കഴിഞ്ഞപ്പോൾ ഉണ്ട് ഒരു പ്ലാസ്റ്റിക് കവറിൽ എന്തൊക്കെയോ പൊതിഞ്ഞ് ഇട്ടിരുന്ന മാക്സി കൊണ്ട് തുടച്ചു കൊണ്ടു വരുന്നു. 

ഇതു കൂടി വയ്ക്കെന്നും പറഞ്ഞ് ആ പൊതി അനിയ്ക്ക് നേരെ നീട്ടി.
അവനാണേൽ ചിരി കടിച്ച് പിടിച്ച് തലയാട്ടുന്നു.
സംശയത്തോടെ അവളെ നോക്കിയപ്പോൾത്തന്നെ മറുപടിയും വന്നു.

\" രണ്ട് മൂന്ന് പാഷൻ ഫ്രൂട്ടാ. പിന്നെ കുറച്ച് മാങ്ങയും. അമ്മ രാവിലെ കൊണ്ടു വന്നതാ. വെയിറ്റ് കൂടുതലാരിക്കുമെന്ന് കരുതി ഞാൻ മാറ്റിവച്ചതാരുന്നു. \"

അപ്പോഴേക്കും അനി പൊട്ടിച്ചിരിച്ചു.

\" എന്റെ വിജീ, നീ രണ്ട് തേങ്ങ കൂടി പൊതിച്ച് അവന് കൊടുത്തുവിട്. ഇതൊന്നും അവിടെ കിട്ടാത്തതൊന്നുമല്ല. \"

കളിയാക്കല്ലേ അനിയണ്ണാന്നും പറഞ്ഞ് വെട്ടിത്തിരിഞ്ഞ് ഇറങ്ങിപ്പോയി. പോകുന്ന വഴി പുറംകൈ കൊണ്ട് കണ്ണ് തുടക്കുന്നത് ഞാൻ മാത്രം കണ്ടു.

ഇറങ്ങാൻ നേരം പേഴ്സെടുത്തോ മൊബൈലെടുത്തോ എന്നൊക്കെ തിരക്കി എനിക്കു പിന്തിരിഞ്ഞു നിൽക്കുന്നവളെ പിന്നിലൂടെ ചേർത്തു പിടിച്ചു. തിരിച്ചു നിർത്തി നെറുകയിൽ ചുണ്ടു ചേർക്കുമ്പോൾ ഏങ്ങലടിച്ച് ആ ദേഹം വിറയ്ക്കുന്നുണ്ടായിരുന്നു. 
ഏറ്റവും നിസ്സഹായനാകുന്നത് ഈ നിമിഷമാണ്. എല്ലാ വെട്ടവും ഇറങ്ങുന്നതിനു തൊട്ടു മുൻപ് ഇങ്ങനെ പിടിച്ചാൽ പിന്നെ വിജി നെഞ്ചിൽ നിന്ന് തലയുയർത്തില്ല. ഇട്ടിട്ട് പോയാലോ എന്ന പേടിയിൽ അച്ഛനെ കെട്ടിപ്പിടിച്ചു നിൽക്കുന്ന കുഞ്ഞിനെ പോലെ ..... 
അടർത്തി മാറ്റാൻ എനിക്കുമാവില്ല. 

ഒടുക്കം ബലമായിട്ട് തന്നെ മുഖം പിടിച്ചുയർത്തി. എത്ര ചുംബിച്ചിട്ടും മതിയാകാത്ത പോലെ.

മക്കളെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു. 

എല്ലാവരോടും യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ പുറകിൽ എന്നിൽ മാത്രം തങ്ങിനിൽക്കുന്ന രണ്ട് നിറഞ്ഞ മിഴികൾ ഉണ്ടാകുമെന്നറിയാം. പക്ഷേ, ഇനിയും തിരിഞ്ഞു നോക്കാനും മാത്രം മനക്കട്ടിയൊന്നുമില്ല. 
മുറ്റം കടന്ന് വണ്ടി ഇടത്തേക്ക് വളഞ്ഞപ്പോൾ ഗ്ലാസ് താഴ്ത്തി പുറത്തേക്ക് നോക്കാതെ തന്നെ കൈ  വീശി. 
അതും കാത്ത് പുറകിൽ ആളുണ്ടാവും. 

ഒൻപത് വർഷമായി കടൽ കടന്നിട്ട്. മോളുടെ ഒന്നര വയസ്സിൽ പോയതാണ്. രണ്ടു രണ്ടര വർഷത്തിലൊരിക്കൽ രണ്ടു മാസം കിട്ടും അവധി. മോൻ ജനിച്ച് അവന്റെ രണ്ട് വയസ്സിലാണ് ഞാനവനെ കാണുന്നത് പോലും.  ഇതിനിടയിൽ അനിയത്തിയുടെ കല്യാണം നടത്തി, അതിന്റെ കടം വീട്ടി, വീട് പുതുക്കി പണിതു ... അങ്ങനെയങ്ങനെ..... 
പക്ഷേ പ്രത്യേകിച്ച് കാര്യമൊന്നുമില്ല. കഴിഞ്ഞ ലീവ് കഴിഞ്ഞ് ഞാൻ പോയതിന്റെ മൂന്നിന്റന്ന് അവളും കുഞ്ഞുങ്ങളും വീടിന് പുറത്തായി. ആ വീടും സ്ഥലവും പെങ്ങൾക്കും അളിയനും വേണം. കൂട്ടിന് എന്റെ അച്ഛനും അമ്മയും കൂടി ആയപ്പോൾ ഞാൻ തന്നാണ് അവളോട് വാടകവീട് നോക്കാൻ പറഞ്ഞത്. ഇനിയും ആ വീട്ടിൽ നിർത്തുന്നത് അവളോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാകുമെന്ന് തോന്നി. അത്രത്തോളം അവൾ അനുഭവിച്ചു . 
ഇതിപ്പോ രണ്ടാമത്തെ വാടകവീടാണ്. ആകെയുള്ള സമ്പാദ്യം ഈ വരവിന് വാങ്ങിയ പത്തു സെന്റ് ഭൂമിയാണ്. വിജിയുടെ താലിമാല വരെ വിറ്റു. എന്നാലും സാരമില്ല. മുമ്പൊരിക്കൽ എന്റെ അമ്മ അവളോട് പറഞ്ഞതു പോലെ മരിച്ചാൽ കുഴിച്ചിടാൻ പോലും ആറടി മണ്ണില്ലെന്ന് പറയേണ്ടിവരില്ലല്ലോ. 

അടുത്ത വരവിന് ഒരു ചെറിയ വീടു വെക്കണം. ഒരു ദിവസമെങ്കിൽ ഒരു ദിവസം സ്വസ്ഥമായിട്ട് എന്റെ വിജിയേം മക്കളേം ചേർത്ത് പിടിച്ച് ആ വീട്ടിൽ കിടന്നുറങ്ങണം. അത്രയൊക്കെ ആഗ്രഹങ്ങളെ ഉള്ളൂ......

തുടരും

// സാരംഗി//
© copyright protected



അക്കരെയക്കരെ ഭാഗം 02

അക്കരെയക്കരെ ഭാഗം 02

4
1205

കഴിഞ്ഞ രണ്ടു മാസം കളിയും ചിരിയും മാത്രം നിറഞ്ഞു നിന്ന വീട്ടിൽ ഇന്ന് ശൂന്യത മാത്രം നിറഞ്ഞു നിൽക്കുന്നു. ചുറ്റും ആരൊക്കെയോ ഉണ്ടെങ്കിലും ആരുമില്ലാത്തതു പോലെ . ഒരാളുടെ അഭാവം സൃഷ്ടിച്ച ഗർത്തം അത്രത്തോളമുണ്ട്. ഒന്നിലും മനസ്സുറക്കുന്നില്ല.അമ്മയും നാത്തൂനും മോളുമുണ്ട്. മക്കൾ രണ്ടും ട്യൂഷനു പോയി. മഞ്ജു രാവിലെ ഉപ്പുമാവ് ഉണ്ടാക്കി കൊടുത്തു അവർക്ക്. ഇതിപ്പോ നേരം ഒരുപാടായി. പന്ത്രണ്ട് മണിയോടുക്കുന്നു. അങ്ങ് എത്തേണ്ട നേരം കഴിഞ്ഞു. എയർപോർട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ഒന്ന് വിളിക്കുന്നതാണ് സാധാരണ . ഇന്ന് ഇതുവരെ വിളിച്ചിട്ടില്ല. അങ്ങോട്ട് വിളിച്ചിട്ട് കിട്ടുന്