Aksharathalukal

നൂപുരധ്വനി 🎼🎼 (10)

കോളേജിൽ നിന്നും വീട്ടിലെത്തി ഓടിയാണ് സ്റ്റെപ്പുകൾ കയറി ബാലു മുറിയിലേക്ക് പാഞ്ഞത്... നേരം ഏകദേശം രാത്രി എട്ട് മണിയായിട്ടുണ്ട്... ലൈബ്രറിയിൽ നിന്ന് പുറത്തിറങ്ങിയ നേരം തൊട്ട് നിലം തൊട്ടിട്ടില്ല ബാലു.. ഇലക്ഷന്റെ തിരക്കുകളിൽ ഓടി നടക്കുമ്പോഴും തന്റെ മൊബൈലിലേക്ക് രാഹുൽ അയച്ചു തന്ന ചിത്രങ്ങളിൽ എന്താകുമെന്ന ആകാംക്ഷ അവനിൽ ഏറിക്കൊണ്ടിരുന്നു...

രാഹുലിനോട് ചോദിച്ചപ്പോഴാകട്ടെ \"അതങ്ങനെ പറഞ്ഞാൽ ശരിയാകില്ല.. നീ തന്നെ നോക്കിയാൽ മതി\"
എന്ന് പറഞ്ഞ് രാഹുൽ കയ്യൊഴിഞ്ഞു...സമാധാനത്തോടെ ഒരിടത്തിരുന്ന് നോക്കണമെന്ന് കരുതിയത് കൊണ്ട് വീട്ടിൽ പോയിട്ടാകാമെന്ന് വിചാരിച്ചിരുന്നു ബാലു... തിരക്കൊക്കെ തീർന്നപ്പോൾ നേരമിത്രയുമായി... അവൻ വണ്ടി വീട്ടിലേക്ക് പറപ്പിക്കുകയാണ് ചെയ്തത്... പുറകിലിരുന്ന് രാഹുൽ അങ്ങേ ലോകവും ഇങ്ങേ ലോകവും കണ്ടു...ഒടുവിൽ തെറി വിളിച്ചു സ്പീഡ് കുറപ്പിക്കേണ്ടി വന്നു അവന്...

ഹാളിൽ തന്നെ ബാലുവിന്റെ അമ്മയും അച്ഛനും ഇരിക്കുന്നുണ്ടായിരുന്നു... എന്നാൽ അവരെയവൻ കണ്ടില്ല... പതിവില്ലാതെ അവൻ വൈകുന്നത് കൊണ്ട് അവർ അത്താഴം കഴിക്കാതെ കാത്തിരിക്കുകയായിരുന്നു..എന്നാൽ തങ്ങളെയൊന്ന് നോക്കുക കൂടി ചെയ്യാതെ അവൻ കയറിപ്പോകുന്നത് കണ്ട അവർക്ക് ജീവിതത്തിലാദ്യമായി മകനിൽ നിന്നും നേരിട്ട അവഗണന സങ്കടമുണ്ടാക്കി... എന്നിട്ടും തങ്ങൾ ഇത്ര കാലം അവനോട് ചെയ്തത് വച്ചു നോക്കുമ്പോൾ  വളരെ ചെറിയൊരു സങ്കടമാണ് തിരികെ കിട്ടിയതെന്ന് അവരോർത്തു കാണില്ല ....


കാരണമെന്താണെന്നല്ലേ... പറയാം.

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

അഞ്ച് വയസ്സിൽ എൽ. കെ. ജി  വിട്ട് വന്നാൽ അത്താഴം കഴിക്കാതെ അമ്മയെയും അച്ഛനെയും കാത്തിരിക്കുമായിരുന്നു കുഞ്ഞു ബാലു.. കഴിക്കാൻ നിർബന്ധിക്കുന്ന ആയമാരോട് വഴക്കുണ്ടാക്കുമായിരുന്നു... ഇത് സ്ഥിരമായി തുടർന്നപ്പോൾ ഗിരിജ അവനെ വഴക്ക് പറയുകയാണ് ചെയ്തത്... ആരെയും കാത്ത് നിൽക്കാതെ സമയത്തിന് ഭക്ഷണം കഴിച്ച് കിടന്നുറങ്ങാനായിരുന്നു അവരുടെ കല്പന.. രാമചന്ദ്രൻ കൂടി അതിനെ പിന്തുണച്ചതോടെ ജീവിതത്തിലാദ്യമായി ബാലു ഒറ്റപ്പെടൽ അറിഞ്ഞു... തകർന്ന മനസ്സോടെ അവൻ ആ രാവ് വെളുക്കുവോളം കരഞ്ഞു തീർത്തു.. ആ കുഞ്ഞു മനസ്സിലേറ്റ മുറിവിന്റെ ആഴം വളരെ കൂടുതലായിരുന്നു...

പിറ്റേന്ന് മുതൽ അവൻ ഒരു പാവയെപ്പോലെ ആയമാരുടെ നിർദേശങ്ങൾക്കനുസരിച്ച് തന്റെ കാര്യങ്ങൾ മാത്രം ചെയ്ത് ഒതുങ്ങിക്കൂടാൻ തുടങ്ങി...പഠിത്തം ശ്രദ്ധിക്കാൻ ഒരു മാഷ് വീട്ടിൽ വന്ന് ട്യൂഷനെടുക്കാൻ തുടങ്ങി.. അസുഖങ്ങൾ വരുമ്പോൾ ഗിരിജയുടെ സുഹൃത്തുക്കളിലാരെങ്കിലും അവനെ വന്ന് പരിശോധിച്ച് മരുന്നും നൽകി പോകും... ആയമാർ കൃത്യമായി മരുന്നെടുത്തു നൽകും...

പനിച്ചൂടിൽ വിറയ്ക്കുമ്പോൾ അമ്മയുടെ നെഞ്ചിൽ പറ്റിച്ചേർന്ന് ഇറുകെപ്പുണർന്നു കിടക്കാനാ പിഞ്ചു ബാല്യം ഒരുപാട് കൊതിച്ചിട്ടുണ്ട്.... പക്ഷേ അവനതെല്ലാം സ്വപ്‌നങ്ങൾ മാത്രമായി ചുരുങ്ങിപ്പോയി.. ആ വലിയ മാളികയിൽ സമ്പൽ സമൃദ്ധമായ ജീവിതത്തിനിടയിലും അവൻ തികച്ചും ഏകനായിരുന്നു... വളരും തോറും തീർത്തും അന്തർമുഖനായി അവൻ മാറാൻ തുടങ്ങി... തന്നിലേക്ക് മാത്രം ചുരുങ്ങിപ്പോയ ആ ദിനങ്ങളിൽ അവന്റെ മനസ്സ് കൈവിട്ട് പോയിത്തുടങ്ങിയിരുന്നു....


ആ ദിവസങ്ങളിലാണ് രാഹുൽ അവന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്...സ്കൂൾ ബസ്സിറങ്ങി വീട്ടിലേക്ക് നടക്കുന്ന വഴിക്കൊരു പ്ലേ ഗ്രൗണ്ടുണ്ട്... അവിടെ കുട്ടികൾ മഴയും വെയിലും വക വയ്ക്കാതെ തിമിർത്തു കളിക്കുന്നത് ബാലുവെന്നും നോക്കി നിൽക്കും... പണമോ സുഖസൗകര്യങ്ങളോ ഇല്ലെങ്കിലും അവരൊക്കെ സന്തോഷത്തോടെ ചിരിക്കുന്നത് കാണുമ്പോൾ അവന് നഷ്ടബോധം തോന്നും...കുറച്ച് നേരം നോക്കി നിന്നിട്ട് അവൻ വീട്ടിലേക്ക് പോകും...

ഒരു നാൾ അങ്ങനെ നോക്കി നിൽക്കുമ്പോഴാണ് പെട്ടെന്ന് മഴ പെയ്തത്.. മഴയിൽ നിന്നും രക്ഷപ്പെടാനായി പെട്ടെന്നോടിയപ്പോൾ കാൽ വഴുതി ബാലു വീണതൊരു വെള്ളക്കെട്ടിലേക്കാണ്... മുഖം കുത്തി വീണതിനാൽ അവന്റെ കണ്ണിലും മൂക്കിലും വായിലുമൊക്കെ ചെളി പുതഞ്ഞു പോയിരുന്നു... എങ്ങനെയോ മലർന്നു കിടന്ന ബാലു ശ്വസിക്കാൻ കഴിയാതെ പിടഞ്ഞു കൊണ്ടിരുന്നു... പെട്ടെന്ന് കളിച്ച് കൊണ്ടിരുന്ന കുട്ടികളിലൊരാൾ ഓടി വന്നവനെ കൈകളിൽ കോരിയെടുത്തു...
മങ്ങിയ കാഴ്ചയിൽ ബാലു അവന്റെ മുഖം കണ്ടിരുന്നു..പെട്ടെന്ന് തന്നെ വഴിയാത്രികരുടെ സഹായത്തോടെ അവൻ ബാലുവിനെ ഹോസ്പിറ്റലിൽ എത്തിച്ചു..ബാലുവിനെ അറിയുന്ന ആരോ വിളിച്ചു പറഞ്ഞത് അനുസരിച്ച് രാമചന്ദ്രനും ഗിരിജയും ഓടിയെത്തി... അത്‌ വരെ ആ കുട്ടി ഹോസ്പിറ്റൽ വരാന്തയിൽ തന്നെ നിന്നിരുന്നു...

പിന്നീട് ഒരുപാട് ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് ബാലു വീട്ടിൽ തിരിച്ചെത്തിയത്.. ആ ദിവസങ്ങളിൽ ഇടയ്ക്കെങ്കിലും താനാഗ്രഹിച്ച അമ്മയെ അവന് കിട്ടി... അവന് പൂർണമായും ഭേദമായതും ജീവിതം വീണ്ടും പഴയ പോലെയായി.. ജീവൻ തിരിച്ചു കിട്ടേണ്ടിയിരുന്നില്ലെന്ന് ആ കൊച്ച് കുട്ടി ചിന്തിച്ച് പോയ ദിവസങ്ങളായിരുന്നു അത്‌...

വീണ്ടും സ്കൂളിൽ പോയി തുടങ്ങിയപ്പോൾ സ്കൂൾ ബസ്സിറങ്ങിയാൽ എവിടെയും നിൽക്കാതെ നേരെ വീട്ടിലെത്താൻ രാമചന്ദ്രൻ ഉപദേശിച്ചു... എന്നാൽ ആദ്യ ദിവസം തന്നെ അവനത് തെറ്റിച്ചു... ജീവിതത്തിലെ ആദ്യത്തെ അനുസരണക്കേട്....തന്നെ രക്ഷിച്ച കുട്ടിയെ കണ്ടെത്തണമെന്നതായിരുന്നു ബാലുവിന്റെ ലക്ഷ്യം...ആദ്യ ദിവസം തന്നെ ബാലു അവനെ ആ കുട്ടികളുടെ കൂട്ടത്തിൽ കണ്ടു.. ഒട്ടും മടിക്കാതെ ബാലു അവനടുത്തേക്ക് നടന്ന് അവനെ തോണ്ടി വിളിച്ചു... നന്ദി പറയുമ്പോൾ ആ കുട്ടി അവനെ നോക്കി മനോഹരമായൊന്ന് ചിരിച്ചു... പിന്നെ പേര് പറഞ്ഞു.. രാഹുൽ.. അവിടെ ഒരു സൗഹൃദം തുടങ്ങുകയായിരുന്നു... ഒപ്പം ബാലുവിന്റെ മാറ്റങ്ങളും...

പ്ലസ് ടു വരെ രണ്ട് സ്കൂളുകളിൽ ആയിരുന്നിട്ടും എന്നും വൈകുന്നേരങ്ങളിൽ അവരൊന്നിച്ചു കളിച്ചു നടക്കും...രണ്ടാളും വളർന്നു കൊണ്ടേയിരുന്നു.. അതിനൊപ്പം അവരുടെ സൗഹൃദവും ... രാഹുലിന്റെ വീട്ടിൽ ബാലുവിന് പൂർണ സ്വാതന്ത്ര്യം ഉണ്ടായിരുന്നു... രാഹുലിന്റെ അമ്മ അവന് സ്വന്തം അമ്മയായി.. അവർ വാത്സല്യത്തോടെ വച്ചു വിളമ്പുന്ന ഭക്ഷണം അവന് അമൃതായി... ഞായർ ഒഴികെയുള്ള ഒഴിവ് ദിവസങ്ങളിൽ അവൻ പകൽ മുഴുവനും രാഹുലിന്റെ വീട്ടിൽ കൂടും... ഭക്ഷണം കഴിച്ചും കളിച്ചും അവനെ കെട്ടിപ്പിടിച്ചുറങ്ങിയും... സന്ധ്യയോടെ വീട്ടിലേക്ക് മടങ്ങും..അത്താഴത്തിന് സമയമായാൽ അടുക്കളയിൽ പോയി ഭക്ഷണമെടുത്ത് റൂമിലിരുന്ന് കഴിക്കും... കഴിച്ച് കഴിഞ്ഞാൽ പാത്രം കഴുകി വച്ചു മുറിയിൽ കയറി വാതിലടയ്ക്കും...ഒരുതരം യാന്ത്രികമായ ജീവിതം...

ഞായറാഴ്ച അച്ഛനും അമ്മയും വീട്ടിലുണ്ടെങ്കിൽ മൂന്ന് നേരം ഭക്ഷണം അവർക്കൊന്നിച്ചു കഴിക്കും ബാലു.. അപ്പോഴും ഔപചാരികമായ സംഭാഷണങ്ങളല്ലാതെ കളിതമാശകളോ സ്നേഹലാളനങ്ങളോ അവിടെയുണ്ടാകാറില്ല..ഇങ്ങനെയൊക്കെയാണെങ്കിലും മുഖം കറുപ്പിച്ചോ ദേഷ്യത്തിലോ അവനൊരിക്കലും അച്ഛനമ്മമാരോട് പെരുമാറിയിട്ടുമില്ല.....

വളരും തോറും ബാലുവിന്റെ വ്യക്തിത്വം മികച്ചതായി മാറിക്കൊണ്ടിരുന്നു... അന്തർമുഖത്വം മാറി അവൻ കൂടുതൽ ഉത്‍സാഹവാനായി...പഠിക്കാനിഷ്ടമില്ലാത്ത ബാലു നന്നായി തന്നെ പഠിച്ചു തുടങ്ങി.. അവനുള്ളിൽ അധ്യാപകനാവാനുള്ള ആഗ്രഹം വളർന്നു തുടങ്ങി...എങ്കിലും അസൂയയും കുശുമ്പും കുന്നായ്മയും ഏറെയുള്ള കുടുംബക്കാരുമായി അവനൊരു പുഞ്ചിരിയിലപ്പുറമുള്ള ബന്ധം ഉണ്ടായിരുന്നില്ല..

ബാലുവിന്റെ സംഗീതവാസന ആദ്യം തിരിച്ചറിഞ്ഞത് കീബോർഡ് പഠിച്ചിരുന്ന രാഹുലാണ്... അവരുടെ ഒന്നിച്ചുള്ള നിമിഷങ്ങൾ ഗ്രൗണ്ടും കടന്ന് വായനശാലയും ആർട്സ് ക്ലബ്ബ്മൊക്കെ എത്തി.. അവരൊന്നിച്ച് പ്രോഗ്രാമുകൾ ചെയ്യാൻ തുടങ്ങി...പ്രാക്ടീസിന് പോകുമ്പോൾ ബാലു പുസ്തകങ്ങൾ വായിക്കാൻ തുടങ്ങി... പിന്നെയതൊരു ശീലമായി... അച്ഛനോടും അമ്മയോടും ചോദിക്കാതെ അവൻ ജീവിതത്തിലാദ്യമായി തന്റെ മുറിയിലും ഒരു മാറ്റം കൊണ്ട് വന്നു... ഒരു ചെറിയ ലൈബ്രറി ഷെൽഫ്... അത്‌ നിറയെ പുസ്തകങ്ങൾ....

നാട്ടുകാരിൽ ചിലർ പറഞ്ഞിട്ടാണ് ക്ലബ്ബിന്റെയും വായനശാലയുടെയും പരിപാടികളിൽ ബാലു പാടുന്ന കാര്യം രാമചന്ദ്രനും ഗിരിജയും അറിയുന്നത്... അതോടൊപ്പം വെറുമൊരു അങ്കണവാടി ടീച്ചറിന്റെ മകനുമായി കൂട്ട് കൂടി അവരുടെ വീട്ടിലും അവൻ കയറിയിറങ്ങുന്നുവെന്നത് രാമചന്ദ്രന് തന്റെ അഭിമാനത്തിന് കുറവായി തോന്നി...ബാലുവിനോട് ഇനി രാഹുലിന്റെ സൗഹൃദം പാടില്ലെന്ന് കർശനമായി പറഞ്ഞ അന്ന് ആദ്യമായി അവൻ അച്ഛനെ ശക്തമായി എതിർത്തു... രാഹുലില്ലായിരുന്നില്ലെങ്കിൽ താനെന്നേ ഒരു മനോരോഗിയായി മാറിയേനെ എന്ന് മകൻ ഉറക്കെ വിളിച്ചു പറഞ്ഞപ്പോൾ അന്നാദ്യമായി അദ്ദേഹത്തിന് പിതാവെന്ന നിലയിൽ താൻ പരാജയമായിരുന്നോ എന്ന് സംശയം തോന്നി... എന്നിട്ടും അത്‌ സമ്മതിച്ചു കൊടുക്കാൻ ദുരഭിമാനം അദ്ദേഹത്തെ അനുവദിച്ചില്ല...ആ സംഭവത്തോടെ അദ്ദേഹവുമായി ബാലു കുറച്ച് കൂടി അകന്നു... പിന്നെയും പല തവണ താക്കീത് കൊടുത്തിട്ടും മകൻ ആ സൗഹൃദം ഉപേക്ഷിക്കില്ലെന്ന് മനസ്സിലായതോടെ തൽക്കാലത്തേക്ക് അദ്ദേഹം പത്തി മടക്കി...

പ്ലസ് ടു കഴിഞ്ഞ് എൺപത്തിയെട്ട് ശതമാനം മാർക്ക് വാങ്ങിയ ബാലു ഡിഗ്രിക്ക് ചേരേണ്ടത് സ്വന്തം കോളേജിലായിരിക്കണമെന്ന് രാമചന്ദ്രൻ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു... എന്നാൽ അദ്ദേഹം അവനെ ബിസിനസ് മാനേജ്മെന്റിന് ചേർക്കാനായിരുന്നു ഉദ്ദേശിച്ചത്... അന്നാണ് അച്ഛനും മകനുമിടയിൽ വീണ്ടും അഭിപ്രായ വ്യത്യാസം ഉടലെടുത്തത്...തൊണ്ണൂറ്റിയഞ്ച് ശതമാനം മാർക്കോടെ പ്ലസ് ടു പാസ്സായ രാഹുലിന് ഇതിനോടകം തന്നെ ശ്രീകാർത്തിക തിരുനാൾ കോളേജിൽ ബി. എ മലയാളത്തിന് അഡ്മിഷൻ കിട്ടിയിരുന്നു..
വായനയെ സ്നേഹിക്കുന്ന.. മലയാളത്തെ സ്നേഹിക്കുന്ന ബാലുവിനും മറ്റൊരു കോഴ്സിനെ കുറിച്ചും ചിന്തിക്കാനുണ്ടായിരുന്നില്ല....

വീണ്ടും മകന്റെ വാശിക്ക് മുൻപിൽ രാമചന്ദ്രന് തോൽവി സമ്മതിക്കേണ്ടി വന്നു...എന്നാൽ കൂടി ഈ രണ്ട് വർഷം കൊണ്ട് പഠിപ്പിലും സംഗീതത്തിലും നേതൃപാടവത്തിലും മകൻ പ്രകടിപ്പിച്ച മികവ് ആ അച്ഛന്റെ അഭിമാനം ഉയർത്തുക തന്നെയാണ് ചെയ്തത്....

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

ഒരു നെടുവീർപ്പോടെ രാമചന്ദ്രനും ഗിരിജയും
സോഫയിലിരുന്നു....

മുറിയിലെത്തിയ ബാലു നേരെയോടിയത് ബാത്‌റൂമിലേക്കാണ്... പെട്ടെന്നൊരു കുളി പാസ്സാക്കി അവൻ മൊബൈൽ കയ്യിലെടുത്ത് ബെഡ്‌ഡിലേക്ക് കിടന്നു... അവന്റെ ഹൃദയം പെരുമ്പറ കൊട്ടുന്നുണ്ടായിരുന്നു... തന്റെ പെണ്ണെന്ന് ഉറപ്പിച്ചവളുടെ കണ്ണീരിന്റെ കാരണമറിയാനുള്ള ആകാംക്ഷ അവനെ സംഘർഷത്തിലാക്കിയിരുന്നു...

മൊബൈൽ ഗാലറി തുറന്ന് രാഹുൽ അയച്ച ആദ്യത്തെ ചിത്രമവൻ ക്ലിക്ക് ചെയ്തു...
ബാലു ഞെട്ടി എഴുന്നേറ്റിരുന്നു പോയി...
താനവളെ കണ്ട ആദ്യത്തെ കൂടിക്കാഴ്ച അതിമനോഹരമായി അതിൽ വരച്ചു ചേർത്തിരിക്കുന്നു... ജാലകത്തിലൂടെ തന്നെ നോക്കുന്ന അവളുടെ പാതി മുഖമേ ഉള്ളുവെങ്കിലും തന്റെ മുഖവും വിടർന്ന ചിരിയും എന്തിന് കണ്ണുകളിലെ തിളക്കം പോലും വ്യക്തമായി വരച്ചിരിക്കുന്നു... ബാലുവിന്റെ ഹൃദയത്തിലൊരു മഞ്ഞുകണം പെയ്തിറങ്ങി...ചുണ്ടിലൊരു നറു ചിരിയും...

അടുത്ത ചിത്രം കുറച്ച് കൂടി വേഗത്തിലാണവൻ തുറന്നത്...
അതിലുണ്ടായിരുന്നത് തങ്ങളുടെ അടുത്ത കൂടിക്കാഴ്ച... സ്റ്റേജിൽ മൈക്ക് പിടിച്ചു നിന്നു കൊണ്ട് ജാലകത്തിനപ്പുറമുള്ള അവളുടെ കണ്ണുകളിലേക്ക് നോട്ടമെയ്തു കൊണ്ട് പാടുന്ന തന്റെ ചിത്രം...അവൻ ഒരു നിമിഷം മൊബൈൽ തന്റെ നെഞ്ചോട് ചേർത്ത് പിടിച്ച് ബെഡ്‌ഡിലേക്ക് മലർന്ന് കിടന്നു... കണ്ണുകളടയ്ക്കുമ്പോൾ അവനുള്ളിൽ ആ രണ്ട് കൂടിക്കാഴ്ചയിലും കണ്ട തന്റെ പെണ്ണിന്റെ മുഖവും കരിമഷിക്കണ്ണുകളിലെ തിളക്കവും കാരണമറിയാത്ത ആ കണ്ണീരുമായിരുന്നു...
അവന് തന്റെ ഹൃദയം വല്ലാതെ നിറഞ്ഞു തുളുമ്പുന്നത് പോലെ തോന്നി....

പെട്ടെന്നാണവൻ ഒന്നോർത്തത്... അവളെന്തിനാണ് കരഞ്ഞതെന്ന്..
പെട്ടെന്ന് അടുത്ത ചിത്രം ക്ലിക്ക് ചെയ്യുമ്പോഴേക്കും വാതിലിൽ കൊട്ട് കേട്ടു..
ബാലുവിന്റെ മുഖമൊന്ന് ചുളിഞ്ഞു... ആരുമങ്ങനെ തന്റെ മുറിയിലേക്ക് വരാറില്ല.. ഇതിപ്പോ ആരാകും? അവനാലോചിച്ചു...

\"ബാലു.. മോനേ... തുറക്ക്..\"
\"അമ്മ..\"
ബാലുവിന് അദ്‌ഭുതം തോന്നി... അവൻ വേഗം മൊബൈൽ മാറ്റി വച്ച് എഴുന്നേറ്റ് ചെന്ന് വാതിൽ തുറന്നു... അവനെ കണ്ട് ഗിരിജയൊന്ന് പുഞ്ചിരിച്ചു... അവൻ തിരിച്ചും..
\"എന്താ അമ്മ? \"
അവൻ ചോദിച്ചു...

\"ഭക്ഷണം.. ഭക്ഷണം കഴിക്കാൻ വരൂ... ഞങ്ങൾ നിനക്ക് വേണ്ടിയാണ് കാത്തിരുന്നത്..\"
ഗിരിജ ഒന്ന് പതറിക്കൊണ്ട് പറഞ്ഞു...
ആദ്യം ബാലുവിന്റെ കണ്ണുകൾ അതിശയത്താൽ വിടർന്നു.. പിന്നെയതിൽ പുച്ഛം നിറഞ്ഞു....
\"എന്താ പതിവില്ലാത്തൊരു കാത്തിരിപ്പൊക്കെ...\"
അവന്റെ ശബ്ദത്തിൽ നിറഞ്ഞ പരിഹാസം ഗിരിജയ്ക്ക് മനസ്സിലായി...

\"അത്‌... അത്‌ പിന്നെ...\"
അവർക്ക് മറുപടി ഉണ്ടായില്ല...അമ്മ നിന്ന് പരുങ്ങുന്നത് കണ്ട് ബാലുവിന് സഹതാപം തോന്നി... അവനൊന്ന് നെടുവീർപ്പിട്ടു...
\"ഞാൻ കഴിച്ചു അമ്മ... ഇലക്ഷന് വേണ്ടിയുള്ള വർക്കിലായിരുന്നു ഞങ്ങൾ.. അത് കൊണ്ട് ക്യാന്റീനിൽ നിന്ന് ഫുഡ്‌ കൊണ്ട് തന്നിരുന്നു... നിങ്ങൾ രണ്ടാളും കഴിച്ചോളൂ... എനിക്കൊന്ന് കിടക്കണം.. നല്ല ക്ഷീണം \"
വളരെ മയത്തിൽ അവൻ പറഞ്ഞ് നിർത്തി...

\"മ്മ് \"
തലയാട്ടിക്കൊണ്ട് അമ്മ തിരിഞ്ഞു നടന്നു പോകുന്നത് നോക്കി നിന്ന ബാലുവിന്റെ ഹൃദയം വിങ്ങുന്നുണ്ടായിരുന്നു... അവൻ പെട്ടെന്ന് തന്നെ അകത്ത് കയറി വാതിലടച്ചു കുറ്റിയിട്ടു...

താഴെയെത്തിയ ഭാര്യയെ കാത്ത് രാമചന്ദ്രൻ സോഫയിലിരിപ്പുണ്ടായിരുന്നു... കൂടെ ബാലുവില്ലെന്ന് കണ്ടതും അദ്ദേഹമൊന്ന് നെടുവീർപ്പിട്ടു...ഗിരിജ അദ്ദേഹത്തിന് കുറച്ചപ്പുറത്തായി പോയിരുന്നു...
\"അവൻ വന്നില്ല.. അല്ലേ..\"
\"ഇല്ല.. കോളേജീന്ന് കഴിച്ചെന്ന്.. ഏട്ടന് എടുത്ത് വയ്ക്കട്ടെ...\"
\"മ്മ് \"
രാമചന്ദ്രൻ ഡൈനിങ് ടേബിളിന്റെ കസേരയിൽ ഇരുന്നതും ഗിരിജ പ്ലേറ്റെടുത്തു അദ്ദേഹത്തിന് ഭക്ഷണം വിളമ്പി...
\"താൻ കഴിക്കുന്നില്ലേ \"
\"എനിക്ക് നല്ല തലവേദന... ഒന്ന് കിടക്കട്ടെ... \"
\"മ്മ് \"
അദ്ദേഹമൊന്ന് മൂളുക മാത്രം ചെയ്തു... ഭാര്യയുടെ തലവേദനയുടെ കാരണം എന്താകുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു... ഗിരിജ വേഗം മുറിയിലേക്ക് പോയി...

ചെറുപ്പത്തിന്റെ ഓട്ടപ്പാച്ചിലിൽ മകനോടൊപ്പം ചിലവഴിക്കാതിരുന്ന സമയത്തേക്കുറിച്ച് തങ്ങൾ രണ്ടാളും ചിന്തിച്ചിട്ടേയില്ല.. എല്ലാ സുഖസൗകര്യങ്ങളും നൽകി അവനെ ആയമാരുടെ കയ്യിലേൽപ്പിക്കുമ്പോൾ അച്ഛന്റെയും അമ്മയുടെയും സാമീപ്യം കൊതിക്കുന്നൊരു മനസ്സ് അവനുണ്ടെന്ന് തങ്ങൾ എന്തേ ഓർക്കാതെ പോയി... ഇപ്പോൾ വിരമിക്കലിലേക്കും വാർദ്ധക്യത്തിലേക്കും അടുത്ത് കൊണ്ടിരിക്കുന്ന തങ്ങൾ അവനെ ഒന്ന് കൂടെയിരുത്താൻ കൊതിക്കുമ്പോൾ അവനൊരുപാട് ദൂരത്തിലാണെന്ന് മനസ്സിലാവുന്നുണ്ട്.. ആഗ്രഹിച്ചിട്ടും അവനിനി തങ്ങളിലേക്ക് വരില്ലെന്ന് മനസ്സാക്ഷി ഉറപ്പിച്ചു പറയുന്നുണ്ട്...

ഒരു ചപ്പാത്തി കഷ്ടി കഴിച്ചിട്ട് അദ്ദേഹം എഴുന്നേറ്റ് കൈ കഴുകി മുറിയിലേക്ക് പോയി.. അവിടെ ചെല്ലുമ്പോൾ കണ്ടു എന്തോ ഓർമ്മകളിൽ കണ്ണ് നിറഞ്ഞു മുകളിലേക്ക് നോക്കി കിടക്കുന്ന ഭാര്യയെ... വിങ്ങുന്ന മനസ്സിന്റെ നൊമ്പരമടക്കാൻ അദ്ദേഹം ബാൽക്കണിയിലേക്കിറങ്ങി ആകാശത്തേക്ക് കണ്ണ് നട്ടു...

ഇനിയും ബാലുവിന്റെ ജീവിതത്തിലെ പരീക്ഷണങ്ങൾ അവസാനിച്ചിട്ടില്ലെന്ന്... അതിന് തങ്ങളും കാരണക്കാരാകുമെന്ന് അദ്ദേഹമപ്പോൾ അറിഞ്ഞിരുന്നില്ല....

🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼





നൂപുരധ്വനി 🎼🎼 (11)

നൂപുരധ്വനി 🎼🎼 (11)

4.6
10494

ബാലു അടുത്ത ചിത്രത്തിലേക്ക് കണ്ണ് നട്ടിരിക്കാൻ തുടങ്ങിയിട്ട് നേരമേറെ ആയിരിക്കുന്നു.. ചുവന്ന പൂക്കൾ കുട വിരിച്ചു നിൽക്കുന്നൊരു വാകമരച്ചുവട്ടിൽ ആരെയോ കാത്തെന്നത് പോലെയിരിക്കുന്ന തന്റെ ചിത്രം.. തന്റെ കണ്ണുകളിലെ പ്രതീക്ഷയും ആകാംക്ഷയും കലർന്ന ഭാവം നേരിൽ കാണുന്നത് പോലെയാണവൾ വരച്ചിരിക്കുന്നത്...ബാലു കണ്ണുകളടച്ചൊന്ന് പുഞ്ചിരിച്ചു..പിന്നെ വലം കൈ ഇടനെഞ്ചോട് ചേർത്തു വച്ചു...\"എന്റെ പെണ്ണേ... ഞാൻ നിന്നെ കാണാനായി കാത്തിരിക്കുമ്പോൾ ഏതോ ഒരു മറവിലിരുന്ന് നീയെന്നെ നോക്കുന്നുണ്ടായിരുന്നോ? \"അവൻ അവളോടെന്നത് പോലെ പറഞ്ഞു...ഉള്ളിൽ നുരഞ്ഞു പൊന്തുന്ന സന്തോഷം അവനെ എത്തി