Aksharathalukal

നൂപുരധ്വനി 🎼🎼 (11)

ബാലു അടുത്ത ചിത്രത്തിലേക്ക് കണ്ണ് നട്ടിരിക്കാൻ തുടങ്ങിയിട്ട് നേരമേറെ ആയിരിക്കുന്നു.. ചുവന്ന പൂക്കൾ കുട വിരിച്ചു നിൽക്കുന്നൊരു വാകമരച്ചുവട്ടിൽ ആരെയോ കാത്തെന്നത് പോലെയിരിക്കുന്ന തന്റെ ചിത്രം.. തന്റെ കണ്ണുകളിലെ പ്രതീക്ഷയും ആകാംക്ഷയും കലർന്ന ഭാവം നേരിൽ കാണുന്നത് പോലെയാണവൾ വരച്ചിരിക്കുന്നത്...ബാലു കണ്ണുകളടച്ചൊന്ന് പുഞ്ചിരിച്ചു..പിന്നെ വലം കൈ ഇടനെഞ്ചോട് ചേർത്തു വച്ചു...

\"എന്റെ പെണ്ണേ... ഞാൻ നിന്നെ കാണാനായി കാത്തിരിക്കുമ്പോൾ ഏതോ ഒരു മറവിലിരുന്ന് നീയെന്നെ നോക്കുന്നുണ്ടായിരുന്നോ? \"
അവൻ അവളോടെന്നത് പോലെ പറഞ്ഞു...
ഉള്ളിൽ നുരഞ്ഞു പൊന്തുന്ന സന്തോഷം അവനെ എത്തിച്ചത് മറ്റൊരു ലോകത്തിലായിരുന്നു...

ഉള്ള് നിറഞ്ഞു കവിയുന്ന സന്തോഷത്തോടെ അവൻ ബാക്കിയുള്ള ഫോട്ടോസ് ഓരോന്നായി എടുത്ത് നോക്കാൻ തുടങ്ങി...
ഒക്കെ തന്റെ ചിത്രങ്ങളാണ്... ഇലക്ഷൻ പ്രചരണത്തിനിടയിലുള്ളത്... കോളേജ് ഫെസ്റ്റിന്റെ തിരക്കുകൾക്കിടയിലുള്ളത്... ലൈബ്രറിയിൽ പുസ്തകങ്ങൾക്കിടയിലുള്ളത്.. അങ്ങനെ തന്റെ പല ഭാവങ്ങളിലുള്ള ചിത്രങ്ങൾ...

ഒരു നിമിഷത്തേക്ക് മൊബൈൽ മാറ്റി വച്ച് അവൻ കൈകൾ രണ്ടും നനഞ്ഞ മുടിയിലൂടെ കോർത്ത്‌ പിടിച്ചു... പിന്നെയൊന്ന് ചിരിച്ചു.. പക്ഷേ ആ ചിരിക്ക് ഒരു കണ്ണീർനനവിന്റെ കൂടി പിൻബലമുണ്ടായിരുന്നു...
\"നിന്നെ ഞാൻ എവിടെയൊക്കെ തേടിയിട്ടുണ്ട് പെണ്ണേ... എങ്ങും കാണാതെ എന്തോരം സങ്കടപ്പെട്ടിട്ടുണ്ട്... പക്ഷേ ഞാനുള്ളിടത്തെല്ലാം നീയുണ്ടായിരുന്നു... ഞാനറിയാതെ.. എന്തേ നീയെന്റെ മുൻപിലേക്ക് വന്നില്ല?\"
അവന് നെഞ്ച് വിങ്ങുന്ന വേദന തോന്നി...

അവസാനത്തെ ചിത്രം എടുക്കുമ്പോൾ അവന്റെ ഹൃദയം പതിന്മടങ്ങു വേഗത്തിൽ മിടിക്കുന്നുണ്ടായിരുന്നു... ആ ചിത്രം കണ്മുന്നിൽ തെളിഞ്ഞതും അവന്റെ കണ്ണുകൾ നിറഞ്ഞു പോയി... ഒരു നിമിഷം ശ്വാസം നിന്ന് പോയത് പോലെ...

\"തന്റെ ചിരിക്കുന്ന മുഖം!!!!\"

ഇത്ര മനോഹരമായി താനൊരിക്കലും ജീവിതത്തിൽ ചിരിച്ചിട്ടില്ലെന്ന് തോന്നിയവന്..
ആ ചിത്രത്തിനൊരു അടിക്കുറിപ്പുമുണ്ട്... കണ്ണീരിനാൽ കാഴ്ച മങ്ങിയപ്പോൾ അവൻ കണ്ണുകൾ അമർത്തി തുടച്ച് ആ വരികൾ വായിച്ചു...

\"ഒരു മാത്ര കൊണ്ടെന്റെ ഹൃദയം കീഴടക്കിയവനാണ് നീ...നൂല് പൊട്ടിയ പട്ടം പോലെ നിന്നിലേക്ക് പാറി വീഴുകയാണെന്റെ മനസ്സ്...ഇതാണ് പ്രണയം... അറിയുന്നുണ്ട് ഞാൻ.\"

ബാലുവിന് ഒന്നുറക്കെ വിളിച്ചു കൂവാൻ തോന്നി... നീയെന്റെ പ്രാണനാണ് പെണ്ണേയെന്ന്... അവൻ ബാക്കിയുള്ള വരികൾ വായിച്ചു...

\"പക്ഷെ നീയൊരുപാട് ഉയരത്തിലാണ്.. ആ ഉയരത്തിലെത്താൻ എന്റെ ചിറകുകൾക്ക് ശക്തി പോരാ...പിന്മാറുകയാണ് ഞാൻ... മക്കൾക്ക് വേണ്ടി മാത്രം ജീവിച്ചൊരു അച്ഛന് വേണ്ടി... അർഹതയില്ലാത്തത് തേടിപ്പോകുന്ന മനസ്സിനൊരു കൂച്ചുവിലങ്ങിടുകയാണ് ഞാൻ.. നിനക്ക് പിന്നാലെയുള്ള പ്രയാണം അവസാനിപ്പിക്കുകയാണ് ഞാൻ...എന്നോടൊപ്പം എന്റെ പ്രണയവും ഈ മണ്ണോടടിയും വരെ ഇതൊരു രഹസ്യമായി തുടരട്ടെ...\"

ബാലുവിന്റെ കണ്ണുകൾ ഇടതടവില്ലാതെ ഒഴുകാൻ തുടങ്ങി...ഉള്ളിൽ ദേഷ്യവും നിരാശയും സങ്കടവുമെല്ലാമൊരുമിച്ച് നുരഞ്ഞു പൊന്തി വന്നു...അപ്പോൾ തന്നെ പേടിച്ചാണവൾ പാത്തു പതുങ്ങി നടന്നിരുന്നത്... അവന് നിരാശ തോന്നി...
\"അർഹതയില്ല പോലും... അത്‌ നിനക്കെങ്ങനെ തീരുമാനിക്കാനാകും... നിനക്കെ ഉള്ളൂ അർഹത... നിനക്ക് മാത്രം... എന്റെയാണ് നീ.. എന്റെ മാത്രം...\"
അവനൊന്നുറക്കെ പൊട്ടിക്കരയണമെന്ന് തോന്നി.... വീണ്ടും വീണ്ടും അവളുടെ വരികളിലൂടെ അവൻ വിരലോടിച്ചു... ഒരു മാത്ര അവയ്ക്ക് താഴെ പേപ്പറിനെ നനച്ച് ഇറ്റ് വീണ നീർതുള്ളികളുടെ ശേഷിപ്പുകൾ അവന്റെ കണ്ണുകൾ കണ്ടു പിടിച്ചു...ഇത്തവണ അവന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു...

\"ഈ കണ്ണീരാണ് എനിക്കുള്ള വഴികാട്ടി... നീ നിർത്തിയിടത്തു നിന്നും ഞാൻ തുടങ്ങുകയാണ്... നാളെ മുതൽ നിന്റെ പുറകെയല്ല.. കൂടെയുണ്ടാകും ഞാൻ...പ്രണയമൊളിപ്പിക്കാതെ നീയെന്നെ നോക്കുന്ന നാൾ വരെ... ഒരു സുഹൃത്തായിട്ട്... അതിന് ശേഷം....നിന്റെ പാതിയായിട്ട്....\"
അവളോടെന്നത് പോൽ പറഞ്ഞു കൊണ്ട് അവൻ ബെഡ്‌ഡിലേക്ക് കിടന്നു ലൈറ്റണച്ചു 
...

നിദ്ര പൂകുമ്പോഴും ആ കരിമഷിക്കണ്ണുകൾ അവനുള്ളിൽ മിഴിവോടെ തെളിഞ്ഞു നിന്നിരുന്നു.....

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

പിറ്റേന്ന് അവൾക്കായി അവൻ കാത്തു നിന്നില്ല... പക്ഷേ ലൈബ്രറിയിലേക്കവൾ പോകുന്നുണ്ടോ എന്നവൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു... പതിവ് പോലെ പാത്തു പതുങ്ങിയവൾ പോകുന്നത് കണ്ടപ്പോൾ അവന് ചിരിയാണ് വന്നത്...ടീച്ചറിനോട് പറഞ്ഞ് രാഹുലിനെ ഒന്ന് നോക്കി അവൻ ലൈബ്രറിയിലേക്ക് നടന്നു.. രാവിലെ തന്നെ കാര്യങ്ങളൊക്കെ പറഞ്ഞിരുന്നത് കൊണ്ട് രാഹുലിന് സംഭവം മനസ്സിലായി...

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

ലൈബ്രറി....

പതിവ് പോലെ സുധാകരേട്ടൻ പുസ്തകത്തിൽ നിന്നും മുഖമുയർത്തി അവനെ നോക്കിയൊന്ന് പുഞ്ചിരിച്ചു... അവൻ തിരിച്ചും... പിന്നെ മെല്ലെ അദ്ദേഹത്തിനടുത്ത് പോയി നിന്ന് ഒന്ന് കുനിഞ്ഞു..
\"സുധാകരേട്ടാ... അവൾടെ കരച്ചിലിന്റെ കാരണം മനസ്സിലായിട്ടുണ്ട്.. ഒന്ന് കൂട്ട് കൂടാൻ വന്നതാ..\"
അവൻ രഹസ്യം പറഞ്ഞു...
അദ്ദേഹമൊന്ന് ചിരിച്ചു...
\"പിന്നേ.. ഒരു സഹായം വേണം \"
\"എന്താ മോനേ?\"

\"അവളിവിടെ വരുന്നത് പല സമയത്തല്ലേ.. ഓരോ തിരക്കിലായിരിക്കുമ്പോ എനിക്കത് അറിയാൻ പറ്റില്ല.. വേറെയെവിടെ വച്ചു കണ്ടാലും ശരിയാകില്ല...അത്‌ കൊണ്ട് ആളിവിടെ എത്തുമ്പോ എനിക്കൊന്ന് മെസ്സേജ് അയക്കാമോ \"
\"ശരി.. ഏറ്റു.. പക്ഷെ!!\"
അദ്ദേഹമൊന്ന് നിർത്തി... ബാലുവിന് അദ്ദേഹത്തിന്റെ ആശങ്ക മനസ്സിലായിരുന്നു...
\"പേടിക്കണ്ട ചേട്ടാ... ചേട്ടൻ പറഞ്ഞത് പോലെ അവളൊരു പാവമാ..അവൾക്കൊരു ചീത്തപ്പേരും വരില്ല...അവളെനിക്കെന്റെ ജീവനാ... വേദനിപ്പിക്കില്ല...\"
ബാലുവിന്റെ കണ്ണുകളിലുണ്ടായിരുന്ന ആത്മാർത്ഥത സുധാകരന്റെ ചുണ്ടിലൊരു പുഞ്ചിരി കൊണ്ട് വന്നു.. ഒന്ന് തലയാട്ടി അദ്ദേഹം പുസ്തകത്തിലേക്ക് കണ്ണ് നട്ടു...

ബാലു മെല്ലെ അകത്തേക്ക് കയറി മലയാളം വിഭാഗത്തിലേക്ക് നടന്നു...പ്രതീക്ഷിച്ചത് പോലെ അവളവിടെ ഇരിപ്പുണ്ട്... ഡ്രോയിങ് അവസാനിപ്പിച്ചത് കൊണ്ട് പുസ്തകവായനയിലാണ്... അവൻ ശബ്ദമുണ്ടാക്കാതെ അവളിരിക്കുന്നതിൻറെ നേരെ എതിർവശത്ത് പോയി നിന്നു...

പുസ്തകത്തിൽ മുഴുകിയിരുന്ന അവൾ അവൻ വന്നതറിഞ്ഞില്ല... അവളിൽ തന്നെയായിരുന്നു അവന്റെ കണ്ണുകൾ... കുഞ്ഞ് മുഖവും വിടർന്ന കണ്ണുകളും...ചെറു ചുവപ്പ് കലർന്ന വെളുത്ത നിറം... ആവശ്യത്തിന് വണ്ണം... ഇട്ടിരിക്കുന്ന ചുവപ്പ് സൽവാറിന്റെ നിറം അവളുടെ നിറത്തിന് നല്ല ചേർച്ചയുണ്ട്... കണ്ണുകളിൽ ഇന്നും കരിമഷി നിറയെ എഴുതിയിട്ടുണ്ട്...ഇളം ചുവപ്പുള്ള അധരങ്ങൾ.. അത്‌ പിറുപിറുക്കുന്നത് പോലെ ചെറുതായി അനങ്ങുന്നുണ്ട്... മെടഞ്ഞിട്ട നീളമുള്ള കോലൻ മുടി പതിവ് പോലെ മുൻപിലേക്കിട്ടിട്ടുണ്ട്... വായനയിൽ മുഴുകിയിരിക്കുമ്പോൾ ഇടം കൈ കൊണ്ട് മുടിയുടെ തുമ്പിൽ തെരുപ്പിടിക്കുന്നുണ്ട്...

അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു നിന്നു... പേജ് മറിക്കാൻ കണ്ണുകൾ മാറ്റിയപ്പോഴാണ് മുന്നിലാരോ നിൽക്കുന്നത് പോലെയവൾക്ക് തോന്നിയത്...കണ്ണുകളുയർത്തി നോക്കിയതും ഞെട്ടിത്തരിച്ചു പോയ അവളുടെ കയ്യിൽ നിന്നും പുസ്തകം മേശയിലേക്ക് വീണു പോയി...അവൾ സ്വയമറിയാതെ എഴുന്നേറ്റ് നിന്നു പോയി... കണ്ണ് മിഴിഞ്ഞു നിന്ന് പോയ പെണ്ണിനെ കണ്ട് ഉള്ളിൽ ഊറിച്ചിരിക്കുകയായിരുന്നു ബാലു... എങ്കിലും അത്‌ പുറത്ത് കാണിക്കാതെ അവൻ കസേര വലിച്ചിട്ട് അവൾക്ക് മറുവശത്തിരുന്നു... എന്നിട്ടും പെണ്ണതേ നിൽപ്പാണ്..

\"താനെന്താടോ ഇങ്ങനെ നിൽക്കണേ... ഇരിക്ക് \"
അവൻ സൗമ്യതയോടെ പറഞ്ഞു...
അപ്പോഴാണവൾ ഞെട്ടി ബോധത്തിലേക്ക് വന്നത്... കണ്ണുകൾ പിടഞ്ഞു കൊണ്ടവൾ യാന്ത്രികമായി ഇരുന്നു പോയി... അവളുടെ പരിഭ്രമവും വെപ്രാളവുമൊക്കെ നോക്കി അവനങ്ങനെ ഇരുന്നു പോയി...ഉള്ളിൽ നിറയുന്ന പ്രണയത്തോടെ...

ചിന്നു വല്ലാത്തൊരു അവസ്ഥയിലായിരുന്നു.. ആരിൽ നിന്നാണോ ഇത്രയും നാൾ ഒളിച്ചു നടന്നത് അയാളാണ് മുൻപിലിരിക്കുന്നത്... അതും താൻ ഹൃദയത്തിലൊളിപ്പിച്ചു പിടിച്ചിരിക്കുന്ന തന്റെ പ്രണയവും...സ്വയം മറന്ന് അവനെ നോക്കി നിന്നതും... അവന്റെ സ്വരമാധുരിയിൽ ലയിച്ച് നിന്ന് കരഞ്ഞതുമൊക്കെ ഓർക്കവേ നാണമോ പേടിയോ അങ്ങനെയെന്തൊക്കെയോ സമ്മിശ്രവികാരങ്ങൾ ഉള്ളിലേക്ക് തള്ളിക്കയറി വന്നു ചിന്നുവിന്....

\"ബാലചന്ദ്ര വർമ്മ...\"
അവന്റെ സ്വരം കേട്ട് അവൾ മെല്ലെ കണ്ണുകളുയർത്തി നോക്കി...
\"എന്റെ പേര് \"
ഒരു പുഞ്ചിരിയുണ്ടവന്റെ ചുണ്ടിൽ... അവളുടെ മിഴികളൊന്ന് പിടഞ്ഞു താണു...
\"രുദ്രവേണി \"
അവളുടെ നനുത്ത സ്വരം ആദ്യമായി അവൻ കേട്ടു...ഹൃദയമൊന്ന് ആഞ്ഞു മിടിച്ചത് പോലെ അവൻ കണ്ണുകൾ അടച്ച് തുറന്നു...
\"രുദ്രവേണി... രുദ്ര...\"
അവൻ ഉരുവിട്ടു...

\"രുദ്ര എന്നെ മുൻപ് കണ്ടിട്ടുണ്ടോ?\"
അവൾ അതിശയത്തോടെ മുഖമുയർത്തി നോക്കി... അതിന് രണ്ട് കാരണങ്ങൾ ഉണ്ടായിരുന്നു..ഒന്ന് അവൻ രുദ്രയെന്ന് വിളിച്ചത്... മറ്റാരും തന്നെ അങ്ങനെ വിളിച്ചിട്ടില്ല.. ചിന്നുവോ വേണിയോ ആയിരുന്നു പലർക്കും താൻ... പിന്നൊന്ന് അവന് തന്നെ ഓർമ്മയുണ്ട് പക്ഷേ അത്ര വ്യക്തമായ ഓർമ്മയല്ലെന്നത്... ആശ്വസിക്കണോ സങ്കടപ്പെടണോ എന്നറിയാത്തൊരു അവസ്ഥയിലായി ചിന്നു...

\"ഉവ്വ്.. അന്ന് ഞങ്ങളുടെ ഫസ്റ്റ് ഡേ പാട്ട് പ്രാക്ടീസ് ചെയ്യുന്നത് കണ്ടു .. പിന്നെ ആർട്സ് ക്ലബ്‌ ഉദ്ഘാടനത്തിന് പാട്ട് പാടുമ്പോ..\"
അവൾ സത്യം പറഞ്ഞു...
\" തന്നെ കണ്ടത് പോലെ എനിക്കും തോന്നി... താനൊരുപാട് വായിക്കുമോ? \"
ഓരോ ചോദ്യമായി വന്നു തുടങ്ങുമ്പോൾ അവൾക്ക് കുറച്ച് പരിഭ്രമം കുറഞ്ഞു വരുന്നുണ്ടായിരുന്നു...
ഉവ്വെന്ന് അവൾ തല കുലുക്കി...
\"അപ്പൊ ശരിയെന്നാ.. കണ്ടതിൽ സന്തോഷം...എനിക്ക് വോട്ട് ചെയ്യാൻ മറക്കണ്ട.\"
തികഞ്ഞ ഔപചാരികതയോടെ അവൻ പറയുമ്പോൾ അവൾ ഒന്ന് തലകുലുക്കി...അവൻ പതിയെ നടന്ന് പുറത്തേക്ക് പോകുകയും ചെയ്തു...

അവൾ ആശ്വാസത്തോടെ നെഞ്ചിൽ കൈ വച്ച് ശ്വാസം ആഞ്ഞു വലിച്ചു.. പിന്നെ തല കയ്യിൽ താങ്ങിയിരുന്നു...
\"ദിവ്യ പറഞ്ഞതാണ് ശരി... അവന് എല്ലാ പെൺകുട്ടികളും സഹോദരിമാരാണ്... തന്നെ നോക്കിയന്ന് ചിരിച്ചതും തന്നെ നോക്കി പാടിയതുമൊക്കെ വേറെന്തോ ആണെന്ന് താൻ തെറ്റിദ്ധരിച്ചതാണ് \"
അവളുടെ ബുദ്ധി വിധിയെഴുതി...

ഇനിയിപ്പോൾ അവനെയൊളിച്ച് നടക്കേണ്ട ആവശ്യമില്ല... ബുദ്ധി മനസ്സിനെ ആശ്വസിപ്പിച്ചു... ആശ്വാസത്തോടെ എഴുന്നേറ്റ് പുസ്തകം തിരികെ വച്ച് പുറത്തേക്ക് നടന്നു അവൾ... സന്തോഷവതിയാണ് താനെന്ന് സ്വയം പറഞ്ഞു പഠിപ്പിക്കുമ്പോഴും ഉള്ളിലെവിടെയോ ഒരു സങ്കടം വിങ്ങിപ്പൊട്ടുന്നത് അവളറിഞ്ഞിരുന്നു....

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵


പിറ്റേന്ന് മുതൽ ചിന്നു ലൈബ്രറിയിലെത്തിയാൽ ഉടനെ സുധാകരേട്ടൻ ബാലുവിന് മെസ്സേജ് അയയ്ക്കും... എല്ലാ ദിവസങ്ങളിലല്ലെങ്കിലും മിക്കവാറും ദിവസങ്ങളിലും ബാലു ലൈബ്രറിയിലെത്തും.. ഒന്നോ രണ്ടോ വാക്ക് മാത്രം അവളോട് സംസാരിക്കും.. ഏതെങ്കിലും പുസ്തകമെടുത്തു മാറി മാറിയിരുന്ന് വായിക്കും പിന്നെ മടങ്ങിപ്പോകും.. ആ സമയങ്ങളിലൊക്കെ അവൻ അവളറിയാതെ അവളെ നോക്കിയിരിക്കും... ഒരാഴ്ച കൊണ്ട് അവർക്കിടയിലൊരു ചെറിയ സൗഹൃദം രൂപപ്പെട്ടു കഴിഞ്ഞിരുന്നു....

ഒരാഴ്ചക്കു ശേഷം നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ ബാലു ചെയർമാൻ സ്ഥാനത്തെത്തി... ജിതേഷ് വൈസ് ചെയർമാനായി... ഒപ്പം ജയിച്ചു കയറിയ കുറച്ച് പേർക്കൊപ്പം പുതിയ കോളേജ് യൂണിയൻ അധികാരമേറ്റു... അന്ന് വിജയാഹ്ലാദത്തോടെ കോളേജിന്റെ പതാക കയ്യിലേന്തി കോളേജിനെ പ്രദക്ഷിണം ചെയ്ത ബാലുവിനെ ദൂരെ നിന്ന് നിറഞ്ഞ മനസ്സോടെ നോക്കി നിന്നു ചിന്നു... അന്ന് രാത്രി ചക്കി ഉറങ്ങിയതിനു ശേഷമാ രംഗം ചിന്നുവിന്റെ വിരൽത്തുമ്പിലൂടെ മറ്റൊരു ചിത്രമായി അവളുടെ ഡ്രോയിങ് ബുക്കിൽ നിറഞ്ഞു....

🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵🎵

പിന്നീടുള്ള ദിവസങ്ങൾ ചിന്നുവിനും ബാലുവിനും ഒരുപോലെ തിരക്കേറിയതായിരുന്നു... കോളേജ് ഫെസ്റ്റിനുള്ള തയ്യാറെടുപ്പുകളിൽ ബാലു വ്യാപൃതനായപ്പോൾ ഭരതനാട്യത്തിന് പേര് നൽകിയ ചിന്നുവും ചക്കിയും പ്രാക്ടീസിൽ മുഴുകി...

ആ ദിവസങ്ങളിലൊന്നും അവർക്ക് പരസ്പരം കാണാനായില്ല..എങ്കിലും രണ്ടാളും പരസ്പരം ഓർക്കാത്ത നിമിഷങ്ങളുമുണ്ടായില്ല...

അങ്ങനെ കോളേജ് ഫെസ്റ്റിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി... മത്സരാർത്ഥികളുടെ ഫൈനൽ ലിസ്റ്റ് പരിശോധിച്ച് കൊണ്ടിരുന്ന രാഹുൽ വേഗം ബാലുവിനരികിലേക്ക് ഓടിയെത്തി... അതിലുള്ളൊരു പേരിലേക്ക് രാഹുൽ വിരൽ ചൂണ്ടുമ്പോൾ അതിശയവും സന്തോഷവും കലർന്ന ചിരിയോടെ ബാലു അവനെ കണ്ണുകളുയർത്തി നോക്കി....

🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼🎼









നൂപുരധ്വനി 🎼🎼 (12)

നൂപുരധ്വനി 🎼🎼 (12)

4.7
8411

\"രുദ്രവേണി. കെ - ഫസ്റ്റ് ഇയർ ബി.എ മലയാളം \"ആ പേരിലേക്ക് ഒരു നിമിഷം നോക്കിയിട്ട് ബാലു ഇനമേതെന്ന് നോക്കി..\"ഭരതനാട്യം \"അവന്റെ കണ്ണുകൾ വിടർന്നു...\"എന്റെ പെണ്ണ് ഡാൻസും ചെയ്യുമോ?\"അവന് സന്തോഷം തോന്നി...അപ്പോഴാണ് ബാലുവിന്റെ മൊബൈലിലേക്ക് മെസ്സേജ് വന്നത്...\"ഡാ.. ഞാനേ എന്റെ പെണ്ണിനെ കണ്ടിട്ട് വരാം ട്ടോ..\"മൊബൈൽ പോക്കറ്റിലിട്ട് ബാലു എഴുന്നേറ്റു...\"മ്മ്.. മ്മ്.. നടക്കട്ടെ.. പിന്നേ അവിടെത്തന്നങ് കൂടരുത്... ഇവിടെ പിടിപ്പത് പണിയുള്ളതാ.\"\"യെസ് ബോസ് \"രാഹുൽ പറഞ്ഞത് കേട്ട് ഒന്ന് സല്യൂട്ട് അടിച്ചിട്ട് ബാലു പുറത്തേക്ക് നടന്നു... ഒരു ചിരിയോടെ അവനെ നോക്കി നിന്നിട്ട് രാഹുൽ ജോലികളിലേക്ക് തി