Aksharathalukal

കൃഷ്ണകിരീടം 28



\"നമ്മളോട് കാണിച്ചതൊന്നും  അങ്ങനെ മറക്കാൻ പറ്റുന്നതായിരുന്നതല്ലല്ലോ... എന്നിട്ടും അവൻ ഈ സമൂഹത്തിൽ ഞെളിഞ്ഞ് നടക്കുന്നുണ്ടല്ലോ... ഒന്നും ഞാൻ മറക്കില്ല... അവൻ കാരണം അനുഭവിച്ചത് കുറച്ചൊന്നുമല്ല... എല്ലാറ്റിനും കണക്ക് ഞാൻ അവനെക്കൊണ്ടു പറയിപ്പിക്കും... അതിനൊരവസരത്തിനാണ് ഞാനും കാത്തു നിൽക്കുന്നത്... \"
കേശവമേനോൻ ദേഷ്യത്തിൽ വിറച്ചു... കണ്ണുകൾ കുറുകി... 

\"വേണ്ട അച്ഛാ... ഇപ്പോൾ  ജീവിക്കാൻ ഒരു മനസമാധാനമുണ്ട്... അയാളുമായി ഏറ്റുമുട്ടിയാൽ അയാൾ എന്തൊക്കെയാണ്  ചെയ്തുകൂട്ടുക എന്ന് പറയാൻ പറ്റില്ല... ഇനി നമ്മളായിട്ട് ഒന്നിനും പോകേണ്ട... \"
ആദി പറഞ്ഞു... 

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

കരുണാകരനും സുധാകരനും ഹാളിൽ ഇരിക്കുന്ന സമയത്താണ് നകുലൻ വന്നു കയറിയത്... ഹാളിലിരിക്കുന്ന അവരെ മെന്റ് ചെയ്യാതെ അവൻ തന്റെ മുറിയിലേക്ക് നടന്നു... 

\"നകുലാ... ഒന്നുനിൽക്ക്... \"
നകുലനവിടെ നിന്നു... 

\"നകുലാ എന്താണ് നിന്റെ ഉദ്ദേശം... \"

\"എന്തുദ്ദേശം... \"
നകുലൻ ചോദിച്ചു... 

\"നീയവളെ കെട്ടി കൂടെതാമസിക്കാണോ ഉദ്ദേശം... \"

എന്റെ കാര്യം ഞാൻ ഇന്നലെ പറഞ്ഞതാണ്... അതിൽ കൂടുതൽ എനിക്കൊന്നും പറയാനില്ല... \"

\"എന്നിട്ട് നിങ്ങൾ രണ്ടും സുഖിച്ചു, ജീവിക്കുമെന്ന് തോന്നുണ്ടോ... \"

\"എന്താണ് ജീവിച്ചാൽ... ഞാൻകെട്ടുന്ന പെണ്ണിനെ എങ്ങനെ പോറ്റണമെന്ന് എനിക്കറിയാം... നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് ചെയ്യ്... ഇത്രയും കാലം നിങ്ങളുടെ കോലത്തിനനുസരിച്ച് ഞാൻ തുള്ളി... അത് ഇങ്ങനെയൊരു ചതിക്കായിരുന്നെന്ന് അറിയില്ലായിരുന്നു... ഇപ്പോൾ എനിക്ക് തോന്നുന്നത് അവളുടെ അച്ഛന്റേയും അമ്മയുടേയും മുത്തശ്ശിയുടേയും  ജീവനെടുത്ത ആ ആക്സിഡന്റ് നിങ്ങളുടെ നാടകമായിരുന്നോ എന്ന് സംശയമുണ്ട്.... \"

\"നകൂലാ..  നീ കളിച്ച് കളിച്ച് എവിടേക്കാണ് വരുന്നതെന്ന് എനിക്ക് മനസ്സിലായി... അന്ന് അങ്ങനെ ചെയ്യണമായിരുന്നെങ്കിൽ അത് നേരിട്ടുതന്നെ  ഞങ്ങൾ ചെയ്തേനെ... അതിന് ആരുടേയും സഹായം തേടുകയില്ല.... \"
കരുണാകരൻ പറഞ്ഞു.. 

\"അച്ഛാ അവനോട് പറഞ്ഞിട്ട് കാര്യമില്ല..  നമ്മൾ തീരുമാനിച്ചത് ഇവന്റെ സഹായമില്ലാതേയും ചെയ്യാം... അതിന് പറ്റിയ ആളുകൾ എന്റെ കയ്യിലുണ്ട്.. \"
സുധാകരൻ പറഞ്ഞു... 

\"എന്തേ ഇത് നേരിട്ട് ചെയ്യാൻ വയ്യേ.... നിങ്ങൾക്കവളെ ഒരു ചുക്കും ചെയ്യാൻ പറ്റില്ല... അങ്ങനെ വല്ലതും മനസ്സിലുണ്ടെങ്കിൽ അത് എന്റെ ശവത്തിൽ ചവിട്ടിയിട്ടേ നടക്കൂ... ഇത് നകുലന്റെ വാക്കാണ്... \"

\"വേണ്ടിവന്നാൽ നിന്നെ കൊന്നിട്ടായാലും ഞാനത് ചെയ്യും... എന്താ നിനക്ക് സംശയമുണ്ടോ... \"

\"എന്തിന് സംശയിക്കണം... അത് തന്നെയാണല്ലോ നിങ്ങൾ ചെയ്തുവന്നിരുന്നതും... കൊല്ലിനും കൊലക്കും നിങ്ങൾ പേരുകേട്ടവന്മാരാണെന്ന് എനിക്കറിയാം... എന്നാലത് എന്റെ മുന്നിൽ നടക്കില്ല... ഞാൻ ഒരുതവണ പറഞ്ഞു നിങ്ങൾക്ക് അവളുടെ പേരിലുള്ള സ്വത്താണ് വേണ്ടതെങ്കിൽ മാന്യമായ രീതിയിൽ ഞാനത് തരും.. അതിന് അവളെ ഇല്ലാതാക്കാനാണ് ശ്രമമെങ്കിൽ അത് നിങ്ങളല്ല ഈ തറവാട്ടിലെ മരിച്ചുപോയ പൂർവികർ വന്നാലും നടക്കില്ല... \"
നകുലൻ അവരെയൊന്ന് നോക്കിയതിനുശേഷം അകത്തേക്ക് നടന്നു... 

നിൽക്കടാ അവിടെ... എവിടേക്കാണ് എഴുന്നെള്ളുന്നത്... ഇത്  എന്റെ അച്ഛന്റെ പേരിലുള്ള വീടാണ്.. ഞങ്ങളെ ദിക്കരിച്ച് ജീവിക്കാനിത് സത്രമല്ല... ഈ നിമിഷം ഇവിടെനിന്നും ഇറങ്ങണം.. ഇങ്ങനെയൊരു മകൻ എനിക്കില്ല... ഇറങ്ങെടാ ഇവിടെനിന്ന്... \"
സുധാകരൻ പറഞ്ഞു... 

\"ഓഹോ... അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ... ഞാനിത് നേരത്തേ പ്രതീക്ഷിച്ചു... മറ്റുള്ളവരെ പറ്റിച്ചും ഭീഷണിപ്പെടുത്തിയും ഉണ്ടാക്കിയ മുതലാണല്ലോ ഭൂരിഭാഗവും... ഞാൻ ഇറങ്ങുകതന്നെയാണ്... എന്റെ കുറച്ച് സാധനങ്ങളുണ്ട് അതെടുക്കാനാണ് പോകുന്നത്...എന്നാൽ ഒന്നോർത്തോ... എന്നെ ഇറക്കിവിട്ട് നിങ്ങൾ നല്ലതുപോലെ ഇവിടെ ജീവിക്കണം... അതൊന്ന് എനിക്ക് കാണണം... \"
അതുംപറഞ്ഞ് നകുലൻ തന്റെ മുറിയിൽ ചെന്ന് തന്റെ ഡ്രസ്സ് മറ്റു സാധനങ്ങളുമെടുത്ത് പുറത്തേക്കിറങ്ങി വാതിലടച്ച് ലോക്ക് ചെയ്തതിനുശേഷം ആ വീട്ടിൽ നിന്നും ഇറങ്ങിപ്പോയി... 

\"എടാ സുധാകരാ നീ എന്താണ് കാണിച്ചത്... അവനെ എന്തിനാണ് ഇറക്കി വിട്ടത്... \"
കരുണാകരൻ ചോദിച്ചു.. 

\"നാലുദിവസം പട്ടിണി കിടക്കുമ്പോൾ അവൻ ഇവിടേക്ക് തന്നെ വരും... നമ്മൾ പറയുന്നതുപോലെ കേൾക്കുകയും ചെയ്യും... അച്ഛൻ നോക്കിക്കോ... \"
എന്നാൽ ഇതെല്ലാം കേട്ട് അകത്തെ മുറിയിൽ നെഞ്ചു തകർന്ന് ഒരാൾ കിടപ്പുണ്ടായിരുന്നു... കരുണാകരന്റെ ഭാര്യ യശോദാമ്മ...

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

\"ദത്താ നീ രാവിലെ പോയതല്ലേ ഇവിടുന്ന്... ഉച്ചക്ക് എന്തെങ്കിലും കഴിച്ചിരുന്നോ... നിന്നേയും പ്രതീക്ഷിച്ച് ഒരുപാട് ഞാൻ കാത്തിരുന്നു... ഇപ്പോൾ തോന്നുന്നു ഒന്നും നിന്നെ അറിയിക്കേണ്ടിയിരുന്നില്ലെന്ന്... അതുകാരണമാണല്ലോ നീ ഇവിടെനിന്നിറങ്ങിപ്പോയത്... അദ്ദേഹത്തിനോട്  നിനക്ക് പകയുണ്ടായതും... \"

\"എന്നിട്ട് എന്നോട് പറയാതെ എന്തിനു വേണ്ടിയാണ് നിങ്ങൾ ഇത്രയും കാലം എല്ലാം മൂടിവച്ചത്... മുമ്പേ എന്നോട് ഇത് പറഞ്ഞിരുന്നെങ്കിൽ ഞാൻ ആ നീചന്റെ ആഗ്രഹമനുസരിച്ച് ഒരു വൃത്തികെട്ടവനാകില്ലായിരുന്നോ... നിങ്ങളെ ഒരു അന്യയായി കാണില്ലായിരുന്നു... നിങ്ങൾക്കറിയോ.... കഴിഞ്ഞ ഒരുമാസംമുന്നേവരെ ഈ നാട്ടിലെ പെണ്ണുങ്ങളുടെ പേടിസ്വപ്നമായിരുന്നു ഞാൻ... എന്നാൽ അന്ന് ആ പെൺകുട്ടി എന്റെ മുഖത്തടിച്ചതിനുശേഷം ചോദിച്ച ചില ചോദ്യങ്ങളുണ്ടായിരുന്നു... എന്നാൽ അന്നതിന് എനിക്ക് മറുപടിയില്ലായിരുന്നു... അവൾ ചോദിച്ചത് സത്യമാണ്... എന്നിലൂടെ ജനിക്കുന്ന പുതിയൊരു തലമുറക്ക് അതും പെൺതലമുറക്കാണ് ഇതുപോലൊരു അവസ്ഥ വന്നാലെന്ന് അവൾ പറഞ്ഞപ്പോൾ ഞാനുമാലോചിച്ചു... അന്നേരമെനിക്ക് മനസ്സിലായി... അവളുടെ വാക്കുകളാണ് സത്യം.... പക്ഷേ ഇപ്പോൾ ഒന്നെനിക്ക് മനസ്സിലായി... ആരും ജനിക്കുമ്പോൾ ക്രിമിനലായി ജനിക്കുന്നില്ല.... അവന്റെ ജീവിത സാഹചര്യമാണ് അവനെ അങ്ങനെയാക്കുന്നത്...ന്റെ എല്ലാവൃത്തികേടിനും കാരണം എന്റെ ജീവിത സാഹചര്യമാണ്... ആരുംഉപദേശിക്കാനില്ലായിരുന്നു... എപ്പോഴെങ്കിലും സുഭദ്രാമ്മ എന്നെ ഉപദേശിച്ചാൽ... അയാൾതന്നെ  എന്നിലൂടെ നിങ്ങളെ അകറ്റി നിർത്താൻ പ്രേരിപ്പിക്കും... അയാൾക്ക് വേണ്ടത് എന്റെ നാശമാണ്... അതിനുവേണ്ടിയാണ് അയാൾ ഇത്രയും നാൾ കളിച്ചത്... \"

മോനെ അതൊക്കെ കഴിഞ്ഞില്ലേ... എല്ലാ തെറ്റുകളും നിനക്ക് മനസ്സിലായില്ലേ... ഇനിയെങ്കിലും നല്ലൊരു മനുഷ്യനായി ജീവിക്ക്... എന്നിട്ട് ഒരു ജോലി സങ്കടിപ്പിക്കണം... അതിലൂടെ പുതിയൊരു ജീവിതം തുടങ്ങണം.... 

\"ആഗ്രഹം കൊള്ളാം... ഒരു മുഴുത്ത തെമ്മാടിയായി ജീവിച്ച എനിക്ക് ആര് ജോലി തരും... \"

\"അതിനെപ്പറ്റി നീ വിഷമിക്കേണ്ട... ജോലി ഞാൻ സങ്കടിപ്പിച്ചുതരാം... എന്റെ അനിയനോട് പറഞ്ഞാൽ എന്തായാലും അവൻ ശരിയാക്കിത്തരും... പക്ഷേ നീയെനിക്ക് വാക്കുതരണം... ഒരിക്കലും ഇനി പഴയ ദത്തനാവില്ലെന്ന്... നിന്റെ മനസ്സിൽ ഇപ്പോൾ അദ്ദേഹത്തിനോടുള്ള പകമാത്രമാണ്... അത് വേണ്ടെന്ന് ഞാൻ പറയില്ല.. നിന്റെ അമ്മയെ ഇല്ലാതാക്കിയവനാണ് അദ്ദേഹം... നിന്റെ ജീവിതം തുലച്ചവനാണ് അദ്ദേഹം... എന്നാൽ ഒരിക്കലും നീ അദ്ദേഹത്തോടേറ്റുമുട്ടാൻപോകരുത്... കാരണം നിനക്ക് അയാളെ നേരിടാനാവില്ല... എല്ലാറ്റിനും സമയം വരും.... അന്ന് നിന്നെ സഹായിക്കാൻ ആരെങ്കിലുമുണ്ടാകും... ഇപ്പോൾ നല്ലവനായി അദ്ദേഹത്തിന്റെ മുന്നിൽ ജീവിച്ച് ജയിച്ചുകാണിക്ക്... \"

\"കാണിക്കും ഞാൻ... ഇപ്പോൾ അത് എന്റെ കൂടി ആവിശ്യമാണ്... അതിന് എനിക്ക് തുണയായിട്ട് ഒരമ്മയെ ദൈവം എനിക്ക് തന്നിട്ടുണ്ട്... എനിക്ക് എന്റെ അമ്മയുടെ സ്നേഹം  ലഭിക്കാനുള്ള യോഗമുണ്ടായിരുന്നില്ല.... എന്നാൽ ഇപ്പൊഴെനിക്ക് ഒരു കാര്യം മനസ്സിലായി... ആ അമ്മയുടെ സ്നേഹം നിങ്ങളിലൂടെ എനിക്ക് കിട്ടി... ഇതിന് എന്ത് പുണ്യമാണ് ഞാൻ ചെയ്തതെന്നെനിക്കറിയില്ല... എന്നാൽ ഒന്നറിയാം... എന്റെ അമ്മ മരിച്ചിട്ടില്ല... നിങ്ങളിലൂടെ എന്റെ അമ്മ ജീവിക്കുന്നുണ്ട്... നിങ്ങൾ തന്നെയാണ് എന്റെ അമ്മ... \"
അതുപറയുമ്പോൾ ദത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... സുഭദ്ര അവനെ തന്റെ മാറോടു ചേർത്ത് വിങ്ങിപ്പൊട്ടി.... 

\"നീയെന്റെ മകൻ തന്നെയാണ്... അല്ലെന്ന് ആർക്കും പറയാൻ പറ്റില്ല... ഞാനതിന് സമ്മതിക്കില്ല... ഞാൻ നിന്നെ പ്രസവിച്ചിട്ടില്ലാ എന്നേയുള്ളൂ... ഒരമ്മയാകാൻ പ്രസവിക്കണമെന്നില്ല... അല്ലെങ്കിലും അമ്മയാകാം... നിനക്ക് നാലു വയസ്സുള്ളപ്പോൾ ഈ പടികയറിവന്നതാണ് ഞാൻ... അന്ന് എല്ലാവരും പറഞ്ഞു ഒരു കുഞ്ഞു വേണമെന്ന്... എന്തിന് അദ്ദേഹം പോലും പറഞ്ഞു... എന്നാൽ ഞാൻ സമ്മതിച്ചില്ല... കാരണം അന്ന് നിന്റെ കുരുന്നുമുഖം കണ്ടപ്പോൾ എനിക്ക്തോന്നിയില്ല എന്നിലെ അമ്മയുടെ സ്നേഹം പങ്കുവെക്കാൻ... മറ്റുള്ളവർ എനിക്ക് ഭ്രാന്താണെന്നുവരെപറഞ്ഞു... ഞാൻ കാണിക്കുന്നത് വിവരക്കേടാണെന്നും പറഞ്ഞു... ചിലർ ഞാൻ മച്ചിയാണെന്നും... കുഞ്ഞുങ്ങളെ പ്രസവിക്കാനുള്ള കഴിയില്ലെന്നും പറഞ്ഞു... എന്നാൽ ഞാനത് കാര്യമാക്കിയില്ല... പക്ഷേ ഏറ്റവും കൂടുതൽ എന്റെ പ്രവർത്തിയെ ചോദ്യം ചെയ്തത് അദ്ദേഹമായിരുന്നു... അയാൾക്ക് സ്വന്തം ചോരയിൽ ഒരു കുഞ്ഞുവേണമെന്ന ആഗ്രഹമായിരുന്നു... എന്നാൽ അന്ന് എനിക്കറിയില്ലായിരുന്നു... അദ്ദേഹം പറഞ്ഞതിന്റെ അർത്ഥം... നീ അദ്ദേഹത്തിന്റെ മകനല്ല എന്ന സത്യം... നീ വളർന്നു കഴിഞ്ഞപ്പോൾ നിന്നിലെ മാറ്റം എന്നെ ഒരുപാട് വേദനിപ്പിച്ചിട്ടുണ്ട്... എന്നാൽ എനിക്കറിയാമായിരുന്നു... എന്നെങ്കിലും നീയെന്നെ മനസ്സിലാക്കുമെന്ന്... എന്നാൽ എന്റെ ആ വിശ്വാസം ദൈവം ഇപ്പോൾ നടത്തിത്തന്നു.. ഇനി എന്റെ മോനെ ഞാൻ നല്ലവനായി വളർത്തും... അത് അന്ന് എന്നെ വേദനിപ്പച്ചവരേയും അദ്ദേഹത്തിനേയും കാണിച്ചു കൊടുക്കണം... പക്ഷേ അതിനുമുമ്പ് നീയെനിക്ക് ഉറപ്പുതരണം... എന്നെ ധിക്കരിച്ച് നീ ഒന്നും ചെയ്യില്ലെന്നും... എവിടേയും പോകില്ലെന്നും... അത് മരിച്ചു പോയ നിന്റെ അമ്മയെമനസ്സിൽ കണ്ട് സത്യം ചെയ്തു തരണം... \"

\"എനിക്കറിയാം എല്ലാം... ഈ അമ്മ തന്നെ എന്നോട് പലതവണ ഇത് പറഞ്ഞിട്ടുണ്ട്... പക്ഷേ അയാളുടെ വലയത്തിലായിരുന്ന ഞാൻ അതൊന്നും ഗൌനിച്ചില്ല... ഇപ്പോൾ എനിക്ക് മനസ്സിലാകുന്നു... അന്നൊക്കെ ഞാൻ തട്ടിയെറിഞ്ഞത് ഒരമ്മയുടെ യഥാർത്ഥ സ്നേഹമാണെന്ന്... ഇന്ന് ആ സ്നേഹമാണ് എനിക്ക് ഏറ്റവും പ്രിയ്യപ്പെട്ടതും... ഇനി ഈ സ്നേഹം എനിക്ക് എന്നും വേണം... അതിനുവേണ്ടി ഈ അമ്മ പറയുന്ന എന്തും ഞാൻ അനുസരിക്കും... അതിന് മരിച്ചുപോയ എന്റെ അമ്മയെ മനസ്സിൽ വിചാരിക്കേണ്ട... അതിലും വലിയ ഈ അമ്മയെ മനസ്സിൽ വിചാരിച്ചുതന്നെ സത്യം ചെയ്യാം... അമ്മയുടെ മനസ്സ് നോവുന്ന ഒരു കാര്യവും ഇനി എന്റെ കയ്യിൽനിന്നുണ്ടാകില്ല... അത് എന്റെ അമ്മയാണേ സത്യം... \"

മതി മോനേ... എനിക്ക് സന്തോഷമായി... പക്ഷേ നീ സൂക്ഷിക്കണം അദ്ദേഹം ഏതു തരത്തിലും നിന്നെ ദ്രോഹിക്കും അത് എങ്ങനെയാണെന്ന് ചിന്തിക്കാൻ പോലും പറ്റില്ല... എന്നാലും അയാൾ എന്തുതന്നെ ചെയ്താലും അതിന് മോൻ പ്രതികരിക്കാൻ പോകരുത്... അത് നിന്റെ നാശത്തിലേക്കുള്ള വഴിയാകും... 




തുടരും.......... 

✍️ Rajesh Raju

➖➖➖➖➖➖➖➖➖

കൃഷ്ണകിരീടം 29

കൃഷ്ണകിരീടം 29

4.5
5887

\"മതി മോനേ... എനിക്ക് സന്തോഷമായി... പക്ഷേ നീ സൂക്ഷിക്കണം അദ്ദേഹം ഏതു തരത്തിലും നിന്നെ ദ്രോഹിക്കും അത് എങ്ങനെയാണെന്ന് ചിന്തിക്കാൻ പോലും പറ്റില്ല... എന്നാലും അയാൾ എന്തുതന്നെ ചെയ്താലും അതിന് മോൻ പ്രതികരിക്കാൻ പോകരുത്... അത് നിന്റെ നാശത്തിലേക്കുള്ള വഴിയാകും... \"അറിയാം... അയാൾ എന്നെ പലതരത്തിലും പ്രകോപിപ്പിക്കുന്ന കാര്യങ്ങൾ ചെയ്യും... അതെങ്ങനെ നേരിടണമെന്ന് എനിക്കറിയാം... പക്ഷേ അയാൾ ഇത്രയും കാലം എന്റെ മുന്നിൽ കൊണ്ടുനടന്ന ഇമേജാണ് ഇന്ന് അമ്മകാരണം നഷ്ടമായത്... എന്റെ പേരിൽ ഇപ്പോഴുള്ള ഈ സ്വത്താണ് അതിന്റെ പേരിൽ ഇല്ലാതായത്... അതിന് കാരണക്കാരിയായ അമ്മയെ അയാൾ എന്തെങ്കിലു