Aksharathalukal

രണഭൂവിൽ നിന്നും... (29)

അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ കണ്ട് അവന്റെ ഹൃദയവും ഒന്ന് പിടഞ്ഞു... ഭാനു വീണ്ടും ആ പേപ്പറിലെ അക്ഷരങ്ങളിലേക്ക് നോട്ടമെയ്തു...

St. Albert\'s College, Kollam
Application for Graduation courses

\"ഡീറ്റെയിൽസ് ഫിൽ ചെയ്തിട്ട് ഒപ്പിട്.. നാളെ കൊണ്ടു പോയി കൊടുക്കാം...
പ്ലസ് ടു സർട്ടിഫിക്കറ്റ് തരണം. കോപ്പിയെടുത്ത് അറ്റാച്ച് ചെയ്യാനാണ്..\"
ഗൗരവത്തിലെങ്കിലും കുറച്ച് മയത്തിൽ  പറഞ്ഞിട്ട് ജിത്തു നടന്നു തുടങ്ങി...

\"സഹതാപമാണോ എന്നോട്? അതോ പ്രത്യുപകാരമോ?\"
ആ അക്ഷരങ്ങളിൽ നിന്നും നോട്ടം മാറ്റാതെ വന്ന ചോദ്യത്തിനൊപ്പം അവളുടെ കണ്ണുനീർ ഒഴുകിയിറങ്ങി നിലം പതിച്ചു....

ജിത്തുവിന്റെ കാലുകൾ നിശ്ചലമായി...
കൈമുഷ്ടികൾ ചുരുണ്ടു... ദേഷ്യത്താൽ മുഖം ചുവന്നു വന്നു...പല്ലുകൾ ഞെരിഞ്ഞമർന്നു...അവൻ കണ്ണുകൾ ഇറുക്കിയടച്ചൊന്നു തുറന്നു...

ഭാനുവിന്റെ കയ്യിലിരുന്ന ആപ്ലിക്കേഷൻ ഫോം കയ്യിൽ നിന്നും തെറിച്ചു മേശപ്പുറത്തു വീണതും അവളുടെ ഇരു കൈകളും അവന്റെ കൈകൾക്കുള്ളിൽ ഞെരിഞ്ഞവൾ ഭിത്തിയോട് ചേർന്നതും അവനവളോട് ചേർന്നതുമൊക്കെ ക്ഷണാർദ്ധം കൊണ്ട് സംഭവിച്ചു...

ഭാനു കണ്ണുകൾ ഇറുക്കെയടച്ചു.. ശ്വാസം ക്രമാതീതമായി ഉയർന്നു താണു....അവളുടെ തലച്ചോറിലൂടെ ഭയത്തിന്റെ കണികകൾ പാഞ്ഞു കയറിപ്പോയി.. തത്ഫലമായി അവളുടെ ശരീരമാകെയൊരു വിറയൽ നിറയാൻ തുടങ്ങി...അതിനിടയിലും അവൾക്ക്‌ തന്റെ കൈകളിൽ അസഹ്യമായ വേദന തോന്നുന്നുണ്ടായിരുന്നു...
\"ഹ്..\"
ഒരു നിശ്വാസത്തോടൊപ്പം വന്ന അവളുടെ വിതുമ്പലാണ് അവന്റെ കണ്ണ് തുറപ്പിച്ചത്..

അവളുടെ കൈകളയച്ചിട്ട് അവനവളുടെ കവിളുകളിൽ കൈ ചേർത്തു പിടിച്ചു...
\"കണ്ണ് തുറന്നെന്നെ നോക്ക് പ്രിയാ!!!!\"
അതൊരു അലർച്ച തന്നെയായിരുന്നു...
ഞെട്ടിവിറച്ചു കൊണ്ടവൾ കണ്ണുകൾ മെല്ലെ തുറന്നു... കാഴ്ചയിൽ നിറഞ്ഞത് അവന്റെ അഗ്നി ജ്വലിക്കുന്ന കണ്ണുകളാണ്... അവ ചുവന്ന് കലങ്ങിയിരിക്കുന്നു... അവളുടെ ഭയം വർധിച്ചു...

\"എന്റെ കണ്ണിൽ നീ കാണുന്നത് സഹതാപമാണോ...?\"
അവന്റെ ശബ്ദമൊന്നയഞ്ഞു... അവന്റെ കൃഷ്ണമണികൾ അവളുടെ കൃഷ്ണമണികളുടെ ചലനത്തിനൊപ്പം ചലിച്ചു കൊണ്ടിരുന്നു... കണ്ണുകൾ താഴ്ത്താനായില്ല അവൾക്ക്... അവന്റെ കലങ്ങിയ കണ്ണുകളിലെ അഗ്നിയണയുന്നതും മറ്റെന്തൊക്കെയോ ആ സ്ഥാനം കയ്യേറുന്നതും അവൾ കണ്ടു... അവളവന്റെ കണ്ണുകൾ പഠിക്കുകയായിരുന്നു... ഇന്നോളം കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത പാഠങ്ങൾ അവളെ കുഴപ്പിച്ചു കളഞ്ഞു...

\"എന്തിനാണ് പ്രിയാ എനിക്ക് നിന്നോട് സഹതാപം? \"
അവന്റെ ചോദ്യങ്ങൾ നീണ്ടു...പക്ഷേ ശബ്ദം ശാന്തമായിത്തുടങ്ങി...
\"അതിന് മാത്രം നിനക്കെന്താണൊരു കുറവ്? നിന്റെ വല്ല്യമ്മ നിന്നെയാ വീട്ടിലെ വേലക്കാരിയാക്കിയത് കൊണ്ട് നീയങ്ങനെയാകുമോ? നിന്റെ വല്ല്യച്ഛൻ സ്വന്തം മക്കളെക്കാൾ നിന്നെ സ്നേഹിച്ചിട്ടുണ്ടെങ്കിൽ അത്‌ നിനക്ക് അർഹതയുള്ളത് കൊണ്ടല്ലേ?ഇത്രയും കാലം ജീവിതത്തോട് പടവെട്ടി തോൽവിയറിയാതെ പഠിച്ച നീ മിടുക്കിയല്ലേ? ചതിക്കുഴിയിൽ പെടുന്നതിന് മുൻപ് രക്ഷപ്പെടാനുള്ള വഴി തേടി കണ്ടു പിടിച്ച നീ ബുദ്ധിശാലിയല്ലേ?
എന്റെ വീട്ടിൽ നീയെത്തിയത് ജോലിക്കാണെങ്കിലും ഇന്നോളം ഒരമ്മയേപ്പോലെ എന്റെ അനുമോളെ ശുശ്രൂഷിച്ച നീയൊരു മാലാഖയല്ലേ? തോക്കിൻമുനയിൽ പെടേണ്ടിയിരുന്ന എന്റെ അനുമോളെയും മുത്തശ്ശിയെയും ആരുടേയും സഹായമില്ലാതെ രക്ഷിച്ച നീ ധൈര്യശാലിയല്ലേ?എനിക്ക് നിന്നോട് തോന്നേണ്ടത് സഹതാപമോ അതോ ബഹുമാനമോ..?

അവന്റെ സ്വരം നേർമയാർന്നു... കണ്ണുകൾ തിളങ്ങി... തന്റെ കവിളുകളിൽ അമർന്ന അവന്റെ കൈത്തലം അവൾക്കുള്ളിൽ ഒരാശ്വാസം നിറച്ചു തുടങ്ങി...

\"പിന്നെ പ്രത്യുപകാരം... അതിന്റെ ആവശ്യമുണ്ടെന്ന് എനിക്കിതു വരെ തോന്നിയിട്ടില്ല... കാരണം നീ രക്ഷിച്ചത് നിന്റെ കൂടി കുടുംബത്തെയാണ് ...\"
അവന്റെ സ്വരത്തിലൊരു ചിരി വിരിഞ്ഞു... ഇത്തവണ അവൾക്കതിന്റെ അർത്ഥം ഗ്രഹിക്കാനായില്ല... അവളുടെ പുരികം ചുളിഞ്ഞു...

ജിത്തുവൊന്ന് ചിരിച്ചു...വല്ലപ്പോഴും കാണുന്ന ആ മനോഹരമായ ചിരിയിലേക്ക് നോക്കി നിന്നു പോയി ഭാനു...
\"മനസ്സിലായില്ലല്ലേ?\"
\"മ്.. മ് \"
ഇല്ലെന്ന് ഭാനു അറിയാതെ തലയാട്ടിപ്പോയി...
ജിത്തു അവളെ വിട്ട് മാറി നിന്നു...

\"ഞഞ്ഞായി... നിന്നോട് ഞാനേ തലയുയർത്തി നടക്കാൻ പറഞ്ഞത് മുന്നിലുള്ളതൊക്കെ കാണാനും ഓരോന്ന് മനസ്സിലാക്കാനും വേണ്ടിയാ.. അപ്പോ നീ വല്യ അനുസരണയോടെ തലയുയർത്തി പിടിച്ചിട്ട് കണ്ണ് താഴേക്ക് തൂക്കിയിട്ടു...ഇനിയിപ്പോ മനസ്സിലാക്കുമ്പോ മനസ്സിലാക്കിയാ മതി കേട്ടോ.. ഇപ്പൊ വേഗം ആ ആപ്ലിക്കേഷൻ പൂരിപ്പിച്ച് വയ്ക്ക്.. നാളെ കൊടുക്കാം.. ഉറപ്പായിട്ടും കിട്ടും.. റാങ്ക് ഹോൾഡറല്ലേ...വല്യ അലമ്പൊന്നുമില്ലാത്ത  നല്ല കോളേജുമാണ്.. \"

അവന്റെ വാക്കുകൾ തീർത്തും സൗഹൃദപൂർണമായി...ഭാനുവാകെ ആശങ്കയിലാണ്ടു...
\"ഞാൻ.. ഞാൻ പോയാ അനുവേച്ചി?\"
പെട്ടെന്ന് ഓർത്ത പോലെ ഞെട്ടി അവൾ ചോദിച്ചു...ജിത്തുവിന്റെ ഹൃദയം ആർദ്രമായി...
\"അടുത്ത മാസമാണ് ക്ലാസ്സ്‌ തുടങ്ങുക.. അതിന് മുൻപ് അയ്യർ സാർ വരും.. ചിലപ്പോൾ രണ്ട് ദിവസം ഇവിടുത്തെ ഹോസ്പിറ്റലിൽ അനുവിനെ അഡ്മിറ്റ്‌ ചെയ്യേണ്ടി വരും.. അത്‌ കഴിഞ്ഞിട്ട് പകല് നല്ലൊരു ഹോം നഴ്സിനെ വയ്ക്കാം.. ഭവാനിയമ്മ ഉണ്ടാകുമല്ലോ ഇവിടെ.. അപ്പുറത്ത് അമ്മായിയുമുണ്ട്... കുഴപ്പമില്ല...\"

ഭാനുവിന് പലതും അവ്യക്തമായി തന്നെ കിടന്നു... \" തന്നെ ഇവിടെ നിർത്തിയത് അനുവിനെ നോക്കാനല്ലേ.. എന്നിട്ട് തന്നെ പഠിക്കാൻ വിട്ട് വേറൊരാളെ വയ്ക്കുന്നു.. ഈ കുടുംബം എന്റേത് കൂടിയാണെന്ന് പറയുന്നു... തനിക്കും അമ്മയ്ക്കും ഈ വീട്ടിലെ അംഗങ്ങളെപ്പോലെ സ്ഥാനം തരുന്നു.. ജിത്തുവിന്റെ കൂട്ടുകാരും ബന്ധുക്കളുമൊക്കെ തന്നെയൊരുപാട് സ്നേഹിക്കുന്നു...എന്താണിതിന്റെയൊക്കെ അർത്ഥം? തന്റെ വല്ല്യച്ഛനോടുള്ള ബഹുമാനം കൊണ്ടാണോ.. അതോ?\"
അവളുടെ ചിന്തകൾ ചോദ്യത്തിൽ തുടങ്ങി ചോദ്യത്തിൽ തന്നെ അവസാനിച്ചു...

\"കൂടുതല് ആലോചിച്ചു തല പുകയ്ക്കണ്ട.. ആ കുഞ്ഞിത്തലയിൽ പഠിക്കാനുള്ള ബുദ്ധിയും കുറേ കുരുട്ടു ബുദ്ധിയും മാത്രമേ ഉള്ളെന്ന് തോന്നുന്നു.. ഈ വക കാര്യങ്ങളിൽ നീ ട്യൂബ് ലൈറ്റാ.. കത്താൻ വൈകും..\"
അവൻ തന്നെ കളിയാക്കുന്നത് കേട്ട് ഭാനുവിന്റെ കീഴ്ച്ചുണ്ട് ഉന്തി പുറത്തേക്ക് വന്നു... അത്‌ കണ്ടു ജിത്തുവിന്റെ ചിരി ഒന്ന് കൂടി വിടർന്നു...

\"പിന്നേയ്... രാവിലെ വല്ലതുമൊക്കെ വച്ചുണ്ടാക്കി തന്നിട്ട് വേണംട്ടോ കോളേജിൽ പോകാൻ... ആ ജാനമ്മേടെ ഫുഡ്‌.. ഹോ.. ഹൊറിബിൾ..\"
ജിത്തു തല കുടഞ്ഞു.. ഭാനുവിന്റെ ചുണ്ടിലൊരു ചെറു ചിരി തെളിഞ്ഞു...

ജിത്തു അവളെ നോക്കിയിട്ട് ബാഗുമെടുത്ത് മുകളിലേക്ക് സ്റ്റെപ് കയറി.. പകുതിയെത്തി അവൻ നിന്നിട്ട് തിരിഞ്ഞ് നോക്കി...

\"പ്രിയാ \"
ഭാനു മുഖമുയർത്തി അവനെ നോക്കി...
\"നീയാ ജോർജിനോട് അന്നെന്താ പറഞ്ഞത്? ഐ. എ. എസ്‌ ഇന്റർവ്യൂ കഴിഞ്ഞിരിക്കുവാണെന്ന്.. അല്ലേ... അത്‌ തന്നെയാ നിന്റെ അംബീഷനെന്ന് എനിക്കറിയാം... ഇതൊരു തുടക്കമാവട്ടെ...\"
ചിരിയോടെ പറഞ്ഞിട്ട് ജിത്തു പടി കയറി പോകുമ്പോൾ വീണ്ടും ഭാനു ആശങ്കയിലായി...
\"തന്നെക്കുറിച്ച് അവനെല്ലാമറിയാം... എങ്ങനെ? \"

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

പിറ്റേന്ന് തന്നെ ഭാനു പൂരിപ്പിച്ച് കൊടുത്ത ആപ്ലിക്കേഷൻ ഫോം ജിത്തു കോളേജിൽ കൊണ്ടു പോയി കൊടുത്തു...

രണ്ട് ദിവസം കഴിഞ്ഞപ്പോൾ അനുവിനെ അയ്യർ സാറിന്റെ നിർദേശപ്രകാരം ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു... ആ രണ്ട് ദിവസവും ജിത്തു ഹോസ്പിറ്റലിൽ തന്നെയായിരുന്നു.. അഞ്‌ജലിയും... അവർക്കുള്ള ഭക്ഷണവുമായി രാവിലെയും വൈകുന്നേരവും ഭാനു ഹോസ്പിറ്റലിൽ പോയി വന്നു... അപ്പോൾ മാത്രം കുറച്ച് സമയം ജിത്തു ജോലി കാര്യങ്ങൾക്കായി പോയി വന്നു...ആ സമയമത്രയും ഭാനു അനുവിനോട് പഴയത് പോലെ വിശേഷങ്ങൾ പങ്കുവച്ചു പോന്നു...

ഇപ്പോൾ ഭാനുവിനോടുള്ള ജിത്തുവിന്റെ പെരുമാറ്റവും സംസാരവുമൊക്കെ തീർത്തും മയപ്പെട്ടു കഴിഞ്ഞിരിക്കുന്നു...
പലപ്പോഴും അവൻ അവളെ നോക്കി ചിരിക്കുകയും സൗഹൃദത്തോടെ സംസാരിക്കുകയും ചെയ്യുന്നുണ്ട്.. അത്‌ കൊണ്ട് തന്നെ ഭാനുവിനും അവനെ അഭിമുഖീകരിക്കാൻ മുൻപുണ്ടായിരുന്ന പ്രയാസം ഇപ്പോഴില്ല... അവന്റെ കണ്ണുകളിലേക്ക് നോക്കി സംസാരിക്കാൻ അവൾക്ക് പരിഭ്രമമില്ല...

ബാൽക്കണിയിലെ പൂന്തോട്ടത്തിൽ ഭാനു നട്ട ചെടികളൊക്കെ തളിർത്തു തുടങ്ങിയിരിക്കുന്നു... വീട്ടിലെ ജോലികൾക്ക് ശേഷമുള്ള സമയം മുഴുവനും ഭാനു പൂന്തോട്ടത്തിലും താഴെ ലോൺ ഏരിയയിലുള്ള ചെമ്പകമരത്തിൻ ചുവട്ടിലുമൊക്കെയായി കഴിച്ചു കൂട്ടി..

അവളുടെ ജീവിതം സന്തോഷവും സമാധാനവും  നിറഞ്ഞു മുൻപോട്ട് പോയി...ഭവാനിയും ആ വീട്ടിൽ തീർത്തും സന്തോഷവതിയായിരുന്നു... സാവിത്രിയാകട്ടെ തന്റെ പ്രായത്തിലുള്ള ഒരാളെ കൂട്ട് കിട്ടിയ സന്തോഷത്തിൽ സംസാരിക്കാനും ക്ഷേത്രത്തിൽ പോകാനുമൊക്കെ എപ്പോഴും ഭവാനിയെ കൂടെ കൂട്ടും..

ദിവസങ്ങൾക്കു ശേഷം ഡിസ്ചാർജ് ആയി വീട്ടിലെത്തിയ അനുവിനെ നോക്കാനായി ഒരു ഹോം നഴ്സും കൂടെയുണ്ടായിരുന്നു...അവർ പകൽ വന്നു പോയിക്കഴിഞ്ഞാൽ രാത്രി ഭാനുവാണ് അനുവിന്റെ കാര്യങ്ങൾ ശ്രദ്ധിക്കുക...

പുറമേക്ക് പ്രകടിപ്പിച്ചു തുടങ്ങിയിട്ടില്ലെങ്കിലും അനുവിന്റെ തലച്ചോറിനേറ്റ ക്ഷതം പതിയെപ്പതിയെ ഭേദമാകുന്നുവെന്നത് എല്ലാവരിലും പ്രതീക്ഷയുണർത്തി. ചിലപ്പോൾ വർഷങ്ങളെടുത്താലും അവൾക്ക് ഭാവിയിൽ എഴുന്നേൽക്കാനും സംസാരിക്കാനുമൊക്കെയുള്ള അവസരമുണ്ടെന്ന കണ്ടെത്തൽ എല്ലാവർക്കും ആശ്വാസമേകി...

മാസാവസാനം വീണ്ടും ഭാനുവിന് ജിത്തു ശമ്പളം നൽകി.. അവളത് തുറന്നു നോക്കുക കൂടി ചെയ്യാതെ നേരെ അലമാരയിൽ കൊണ്ടു വയ്ക്കുകയാണ് ചെയ്തത്.. കാരണം കഴിഞ്ഞ ശമ്പളത്തിൽ നിന്ന് പോലും അവളാകെ ചിലവാക്കിയത് കുറച്ച് തൈകൾക്കും ചില പ്രത്യേക ആവശ്യങ്ങൾക്കും വേണ്ടി മാത്രമാണ്..
ബാക്കിയെല്ലാം ജിത്തു തന്നെയാണ് അവൾക്ക് വാങ്ങി നൽകുന്നത്...

അങ്ങനെ ദിവസങ്ങൾ അകന്നു പോയി...
ഭാനുവിന് അവൾ തിരഞ്ഞെടുത്ത ബി.എ
പൊളിറ്റിക്സിന് മെറിട്ടിൽ തന്നെ അഡ്മിഷൻ കിട്ടി...ഭാനു ഒരുപാട് സന്തോഷം അനുഭവിച്ച ദിവസമായിരുന്നു അത്‌... തന്റെ സന്തോഷം രാത്രി അനുവുമായി പങ്ക് വയ്ക്കുന്ന ഭാനുവിനെ കേട്ട് കൊണ്ട് മനസ്സ് നിറഞ്ഞ് ജിത്തുവുമുണ്ടായിരുന്നു ഒരു ചുവരിനപ്പുറം....

ക്ലാസ്സ്‌ തുടങ്ങാൻ ഒരാഴ്ച ബാക്കിയുള്ളപ്പോൾ ജിത്തു ഭാനുവിനെ പട്ടണത്തിലേക്ക് കൊണ്ടു പോയി അവൾക്കായി വസ്ത്രങ്ങളും ചെരുപ്പും ബാഗും പഠിക്കാനായി വേണ്ടുന്ന സകലതും വാങ്ങിക്കൊടുക്കുമ്പോൾ ഭാനുവിന് സന്തോഷത്തേക്കാൾ മനസ്സിൽ നിറഞ്ഞു നിന്നത് അച്ഛന്റെ മരണശേഷം അറിഞ്ഞിട്ടില്ലാത്ത കരുതലിന്റെ ഊഷ്മളതയായിരുന്നു....
തന്റെ മനസ്സിൽ അനുനിമിഷം ജിത്തുവിനോടുള്ള നന്ദിയും ബഹുമാനവുമൊക്കെ ഇഷ്ടത്തിന്റെ ആവരണത്തിൽ പൊതിഞ്ഞു മറ്റൊരു നിറം കൈവരിക്കുന്നത് അവൾ അറിഞ്ഞു തുടങ്ങിയിരുന്നു...

എന്നിട്ടും ഒന്നും വേണ്ടെന്ന് പറഞ്ഞവൾ തടയാൻ ശ്രമിക്കുമ്പോൾ ശമ്പളത്തിൽ നിന്നും പിടിച്ചോളാമെന്ന സ്ഥിരം പല്ലവി ആവർത്തിച്ച് പറഞ്ഞവൻ... പിന്നെയൊന്നും അവൾക്ക് പറയാനുണ്ടാകില്ലെന്ന് അവനറിയാം....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഒടുവിൽ അവൾക്ക് ക്ലാസ്സ്‌ തുടങ്ങാൻ ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ...
വൈകുന്നേരം ഭാനുവിനെയും കൊണ്ട് ജിത്തു തറവാട്ടിലെത്തി...മുത്തശ്ശി പൂമുഖത്ത് തന്നെയിരിപ്പുണ്ട്... ജിത്തുവിനെ കണ്ടു വിടർന്ന മുത്തശ്ശിയുടെ മുഖം കൂടെയുള്ള ഭാനുവിനെ കണ്ടതും തെളിച്ചം മങ്ങി... അത് ഭാനു കാണുകയും ചെയ്തു... അവൾക്ക് വിഷമം തോന്നി...

ജിത്തു  അകത്തേക്ക് കയറാൻ മടിച്ചു നിന്ന ഭാനുവിനെ കയ്യിൽ പിടിച്ചു കൊണ്ട് പൂമുഖത്തേക്ക് കയറ്റി.. അത്‌ കൂടി കണ്ടതോടെ മുത്തശ്ശിയുടെ മുഖമൊരു കൊട്ടയായി... ജിത്തു ഉള്ളിൽ ചിരിക്കുന്നുണ്ടായിരുന്നു...

\"മുത്തശ്ശീ.. ഇവൾക്ക് നാളെ ക്ലാസ്സ്‌ തുടങ്ങും..\"
\"മ്മ് \"
മുത്തശ്ശി എവിടേയ്‌ക്കോ നോക്കി ഒന്ന് മൂളുക മാത്രം ചെയ്തു.. പെട്ടെന്ന് കാലിലൊരു സ്പർശമറിഞ്ഞിട്ടാണ് മുത്തശ്ശി താഴേക്ക് നോക്കിയത്.. തന്റെ കാൽപാദത്തിൽ തൊട്ടു തൊഴുന്ന ഭാനുവിനെ കണ്ട് മുത്തശ്ശിയുടെ കണ്ണുകളൊന്ന് വിടർന്നു.. പക്ഷേ അവരത് പുറത്ത് കാട്ടിയില്ല...

\"എന്റെ അച്ഛമ്മേ പോലെയാ എനിക്കീ മുത്തശ്ശി.. എന്തെങ്കിലും തെറ്റുകൾ എന്റെ ഭാഗത്തു നിന്നും വന്നു പോയിട്ടുണ്ടെങ്കിൽ മാപ്പാക്കണം...ഒരുപാട് കൊതിച്ചിട്ടും ഒരിക്കലും നടക്കില്ലെന്നു കരുതിയൊരു കാര്യമാണ് എന്റെ ജീവിതത്തിൽ ഉണ്ടാകാൻ പോകുന്നത്... മുത്തശ്ശി അനുഗ്രഹിക്കണം...\"

ആ വൃദ്ധ മാതാവിന്റെ കണ്ണുകൾ ഒരു നിമിഷം പിടഞ്ഞു പോയി.. ഹൃദയവും...
അവർ ജിത്തുവിനെയൊന്ന് നോക്കി.. അവന്റെ മുഖത്തൊരു ചിരിയുണ്ട്...
\"പ്ലീസ്‌..\"
എന്ന് അവന്റെ ചുണ്ടുകളും കണ്ണുകളും മുത്തശ്ശിയോട് അപേക്ഷിച്ചു... മുത്തശ്ശി കണ്ണുകളൊന്ന് ഇറുക്കെയടച്ചു തുറന്നു..

\"എണീക്യാ \"
അവർ ഭാനുവിനോട് പറഞ്ഞു.. ഭാനു എഴുന്നേറ്റ് നിന്നു...
മുത്തശ്ശി വലം കയ്യുയർത്തി ഭാനുവിന്റെ നെറുകിൽ വച്ചു... അവളുടെയും ജിത്തുവിന്റെയും കണ്ണുകൾ വിടർന്നു...
\"നന്നായി പഠിച്ചു മിടുക്കിയാവാ \"
മുത്തശ്ശി കൈ താഴ്ത്തി.. ഭാനു മനോഹരമായി പുഞ്ചിരിച്ചു...

\"പഠിത്തത്തിന്റെ പേരും പറഞ്ഞ് എന്റെ കുട്ടികൾടെ കാര്യത്തിൽ ഒരു കുറവും വരുത്തരുത്.. പറഞ്ഞേക്കാം..\"
പതിവുള്ള കാർക്കശ്യം മുത്തശ്ശിയുടെ വാക്കുകളിൽ നിറഞ്ഞു... ഭാനു ചിരിച്ചു..
\"ശരി \"
അവൾ തല കുലുക്കി...

\"എന്നാ നമുക്കിറങ്ങാം പ്രിയാ..\"
\"മ്മ്...വരട്ടെ മുത്തശ്ശി \"
തന്നെ നോക്കുന്നില്ലെങ്കിലും മുത്തശ്ശിയോട് പറഞ്ഞിട്ട് ഭാനു നടന്നു തുടങ്ങി.. അവൾ കുറച്ച് മുൻപിലായതും ജിത്തു പെട്ടെന്ന് പുറകിലേക്ക് നീങ്ങി മുത്തശ്ശിയുടെ കവിളിൽ അമർത്തി ചുംബിച്ചു..
\"Thank you \"
നിറഞ്ഞ ചിരിയോടെ മുത്തശ്ശിയോട് പറഞ്ഞിട്ടവൻ ഭാനുവിനടുത്തേക്ക് ഓടി... അവർ പോകുന്നത് നോക്കി നിന്ന മുത്തശ്ശിയുടെ ചുണ്ടിൽ പതിയെ പതിയെയൊരു പുഞ്ചിരി വിടർന്നു വന്നു....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ജിത്തു അവളെയും കൊണ്ട് നേരെ പോയത് ദർശന്റെയും സാവിത്രിയുടെയും അടുത്തേക്കാണ്... അവൾക്കാ വീട് അത്രയും പരിചിതമായത് കൊണ്ടും ദർശനും സാവിത്രിയും അവളെ മകളെപ്പോലെ സ്നേഹിക്കുന്നത് കൊണ്ടും അവൾക്കവരോട് സംസാരിക്കാനും അനുഗ്രഹം വാങ്ങാനുമൊന്നും ഒരു അങ്കലാപ്പുമില്ലായിരുന്നു.. അവിടെ വച്ചു തന്നെ ലിനീഷിനെയും ചൈത്രയെയും വീഡിയോ കോൾ ചെയ്ത് ഭാനുവിന് സംസാരിക്കാൻ കൊടുത്തു സാവിത്രി.. എല്ലാവർക്കും അവളോടുള്ള സ്നേഹം കണ്ട് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന ഹൃദയവുമായി അവൻ ദൂരെ മാറിയിരുന്നു...

അവിടെ നിന്നുമിറങ്ങി വീട്ടിലേക്ക് കയറിയതും ഭാനുവിന്റെ വിളി ജിത്തുവിനെ തേടിയെത്തി...
\"അതേ..\"
ജിത്തു നിന്നു.. അവൻ കണ്ണിറുക്കിയടച്ചു..
\"ദേ... പിന്നേം അതേ \"
അവൻ പെട്ടെന്ന് തിരിഞ്ഞവളെ നോക്കി ദേഷിച്ചപ്പോൾ അവളൊന്ന് പകച്ചു പോയി...
\"ടീ.. എന്റെ പേരെന്താ?\"
\"വി.. വിശ്വജിത്ത് \"
അവൾ അമ്പരന്നു..
\"ആണല്ലോ.. പിന്നെന്തിനാ ഏത് നേരത്തും ഈ \"അതേ അതേ \"ന്ന് വിളിക്കുന്നെ... \"
ഭാനുവിന് ഉത്തരമില്ലായിരുന്നു...

\"നിന്നെക്കാൾ പ്രായത്തിലൊരുപാട് മൂപ്പുണ്ടെനിക്ക്.. അത്‌ കൊണ്ട് ഇവരൊക്കെ വിളിക്കുന്നത് പോലെ ജിത്തു എന്നതിന്റെ കൂടെയൊരു ബഹുമാനം ചേർത്ത് ജിത്തുവേട്ടാന്നു വിളിച്ചോണം ഇനി മുതൽ.. മനസ്സിലായോ.. \"
അവൻ ദേഷ്യത്തിൽ പറയാനാണ് ഉദ്ദേശിച്ചതെങ്കിലും ദേഷ്യം പേരിനേ ഉണ്ടായിരുന്നുള്ളൂ..
\"മ്മ്..\"
അവളൊന്ന് പതിഞ്ഞു മൂളി...

\"ആ.. ഇനിയെന്തിനാ വിളിച്ചേന്ന് പറയ്..\"
\"ഞാനൊരു കാര്യം പറഞ്ഞാ സമ്മതിക്യോ..?\"
\"അത്‌ കേട്ടിട്ട് തീരുമാനിക്കാം.. നീ കാര്യം പറ.\"
\"എനിക്കൊരുപാട് കാശ് തരുന്നില്ലേ ശമ്പളായിട്ട്.. എനിക്കതീന്ന് ഒരു ചിലവും ചെയ്യാനൂല്ല.\"
\"അതോണ്ട്?\"
അവൻ പുരികം ചുളിച്ചു...
\"കോ.. കോളേജ് ഫീസ്.. ഞാ.. ഞാനടച്ചോട്ടെ? \"

ചോദിച്ചിട്ട് ധൈര്യമില്ലാതെ അവൾ കണ്ണുകൾ താഴ്ത്തി.. അവന്റെ കണ്ണുകൾ കൂർത്തു.. പക്ഷെ മുന്നിൽ നിൽക്കുന്ന ആ പെൺകുട്ടിയുടെ മനസ്സ് അവന് മനസ്സിലാവുന്നുണ്ടായിരുന്നു... അവളുടെ ആത്മാഭിമാനം ഉയർത്തേണ്ടത് തന്റെ കൂടി ഉത്തരവാദിത്വമാണെന്ന് അവന് തോന്നി..
\"മ്മ്.. ശരി \"
അവൻ പറഞ്ഞു... അവൾക്ക് സന്തോഷം തോന്നി... ആ സന്തോഷം അവളുടെ ചുണ്ടിലൊരു നറുചിരിയായി വിരിയുമ്പോൾ അതിന്റെ അലകൾ അവന്റെ ചുണ്ടിലും കാണാമായിരുന്നു..

ഫോൺ ബെല്ലടിക്കുന്നത് കേട്ടവൾ മുറിയിലേക്ക് പോകുമ്പോൾ ജിത്തു അടഞ്ഞു കിടക്കുന്ന അച്ഛന്റെയും അമ്മയുടെയും മുറിയിലേക്ക് മെല്ലെ നടന്നു കയറി വാതിലടച്ചു...

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഭാനു വീഡിയോ കോൾ വഴി ചിരാഗിനോടും കുടുംബത്തോടും സംസാരിച്ചു... എല്ലാവരും അവൾക്ക് ആശംസകൾ നേർന്നു.. ഭാനുവിന്റെ ചിരിക്കുന്ന മുഖം കണ്ട് ഒരുപാട് സന്തോഷം തോന്നി ചിരാഗിന്... ഭാനുവാകട്ടെ അനുവിനരുകിൽ പോയിരുന്നാണ് ചിരാഗിനോട് സംസാരിച്ചത്... ഇടയ്ക്കിടെ തന്റെ പുറകിൽ കാണുന്ന അനുവിനെ കണ്ട് കണ്ണ് കലങ്ങുന്ന ചിരാഗിനെ കണ്ട് ഭാനുവിനുള്ളിലും നൊമ്പരം നിറയുന്നുണ്ടായിരുന്നു....

അഞ്ജലിയെയും കിച്ചുവിനെയും വിളിച്ചവൾ സംസാരിക്കുമ്പോൾ അവരും അവൾക്ക് സന്തോഷത്തോടെ ആശംസകൾ നേർന്നു... ഉടനെ അവിടേക്ക് വരാമെന്ന് പറഞ്ഞിട്ടാണ് കിച്ചു ഫോൺ വച്ചത്...

ജയട്ടീച്ചറെയും രാമകൃഷ്ണനെയും മാധവനെയും വിളിച്ച് അവരുടെ അനുഗ്രഹവും വാങ്ങി ഭാനു... ജയക്കും രാമകൃഷ്ണനും അവളെയോർത്ത് ഒരുപാട് സന്തോഷം തോന്നി....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

പിറ്റേന്ന് കാലത്ത് വെളുപ്പിനെ എഴുന്നേറ്റ് കുളിച്ച് ഭാനു ഭവാനിയ്ക്കും സാവിത്രിയ്ക്കുമൊപ്പം ക്ഷേത്രത്തിൽ പോയി തൊഴുതു വന്നു.. പിന്നെ ഭക്ഷണം ഉണ്ടാക്കി വച്ചിട്ടവൾ തയ്യാറായി..പുതിയ തുടക്കത്തിനായി.... ഭവാനിയുടെ അനുഗ്രഹം വാങ്ങുമ്പോൾ അമ്മയുടെയും മകളുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.. പക്ഷേ ചുണ്ടുകൾ ചിരിക്കുകയായിരുന്നു...ആ നിമിഷം തങ്ങൾക്കരികിൽ രമേശന്റെയും രാജന്റെയും സാമീപ്യം അവരറിഞ്ഞു..

അനുവിനടുത്തു ചെന്ന് സന്തോഷം പങ്ക് വച്ച് അവളുടെ അനുവേച്ചിക്ക് കവിളിലൊരു ഉമ്മ നൽകി യാത്ര പറഞ്ഞവൾ മുറി വിട്ടു പോകുമ്പോൾ അനുവിന്റെ കണ്ണുകൾ തിളങ്ങിയിരുന്നു.. ഇപ്പോൾ അനായാസം ചുണ്ടിൽ വിരിയുന്ന ചിരിയും അനുവിന്റെ മുഖത്ത് നിറഞ്ഞ് നിന്നു...

ബാഗുമെടുത്ത് ഹാളിൽ എത്തുമ്പോൾ അവളെ പ്രതീക്ഷിച്ച് ജിത്തു നിൽപ്പുണ്ടായിരുന്നു...
\"പോകാം.. ഫസ്റ്റ് ഡേയല്ലേ.. വൈകിക്കണ്ട.. നിന്നെ വിട്ടിട്ട് ഞാൻ പൊയ്ക്കോളാം..വൈകുന്നേരവും ഞാൻ വരാം.. നേരത്തേ കഴിഞ്ഞാൽ വിളിച്ചാ മതി... നാളെ മുതൽ ഈ സർവീസ് ഉണ്ടാകുന്നതല്ല.. ബസ്സിന്‌ പോയി വന്നോളണം...\"
തന്നെ നോക്കിയൊരു ചിരിയോടെ പറയുന്നവനെ കണ്ണെടുക്കാതെ  നോക്കി ഒരു നിമിഷം നിന്നു പോയി ഭാനു...

ജിത്തു മുന്നോട്ട് നടന്നു നീങ്ങി..
\"ജി.. ജിത്തുവേട്ടാ \"
ചെറിയൊരു പതർച്ചയോടെ ഭാനു അവനെ വിളിച്ചു... ആ വിളി അവന്റെ മനസ്സിലൊരു കുളിർമഴ പെയ്യിച്ചു... അവൻ തിരിഞ്ഞ് നിന്നു... ഒളിപ്പിച്ച പുഞ്ചിരിയുമായി..

ഭാനു ജിത്തുവിന്റെ കണ്ണുകളിൽ തന്നെ നോക്കിക്കൊണ്ടാണ് മുൻപോട്ട് നടന്നത്... അവനടുത്തെത്തിയതും അവന്റെ കണ്ണുകളിലേക്ക് നോക്കി അവളൊന്ന് പുഞ്ചിരിച്ചു.. ഇത്തവണ പകച്ചു പോയത് ജിത്തുവാണ്...

അടുത്ത നിമിഷം കുനിഞ്ഞു തന്റെ പാദങ്ങളിൽ തൊടുന്ന ഭാനുവിനെ കണ്ട് ജിത്തുവിന്റെ പകപ്പ് ഇരട്ടിയായി... അവന് ശബ്ദിക്കാൻ പോലുമായില്ല.... കണ്ണുകൾ കലങ്ങിയത് അവനറിഞ്ഞില്ല...
ആ ദൃശ്യത്തിന് സാക്ഷിയായ ഭവാനി സന്തോഷം കൊണ്ടു നിറഞ്ഞ കണ്ണുകൾ തുടച്ചു നീക്കി...

ഭാനു മെല്ലെ എഴുന്നേറ്റ് നിന്നു...
\"എല്ലാവരുടെയും അനുഗ്രഹം വാങ്ങി..എന്റെ കാണപ്പെട്ട ദൈവത്തിന്റെ അനുഗ്രഹം വാങ്ങാതിരിക്കാൻ കഴിയോ എനിക്ക്...\"
അവളുടെ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു... പക്ഷേ അവൾ ചിരിക്കാൻ ശ്രമിക്കുകയായിരുന്നു...

അവൻ ഒന്ന് നിശ്വസിച്ച് പോയി... കണ്ണുകൾ ഒഴുകിയിറങ്ങിയത് തുടച്ച് മാറ്റി അവനുമൊന്ന് ചിരിക്കാൻ ശ്രമിച്ചു...
\"ഇത് വരെ പഠിച്ചതിനേക്കാൾ നന്നായിട്ട് പഠിക്കണം.. നിന്റെ ലക്ഷ്യമെന്തായാലും അവിടെയെത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ...ഞാനുണ്ടാകും കൂടെ.. എന്തിനും എപ്പോഴും...\"

ചെറുപുഞ്ചിരിയോടെ അവളുടെ കവിളിൽ മെല്ലെ തട്ടിക്കൊണ്ട് പറഞ്ഞിട്ടവൻ ബാഗുമെടുത്തു പുറത്തേക്കിറങ്ങി... ഒന്ന് തിരിഞ്ഞ് അമ്മയെ നോക്കി ചിരിച്ചിട്ട് ഭാനുവും അവന് പിറകെ പോയി...
മകൾ പോകുന്നത് നോക്കി നിൽക്കുന്ന അമ്മയുടെ മനസ്സ് നിറയെ കണ്മുന്നിലുള്ള ആ രണ്ട് മക്കൾക്ക് വേണ്ടിയുള്ള പ്രാർത്ഥനകളായിരുന്നു...

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

കോളേജ് പാർക്കിങ്ങിൽ കിടക്കുന്നൊരു കാർ ദൂരെ നിന്നേ ജിത്തു കണ്ടിരുന്നു... ആ കാറിന് കുറച്ചകലെയായി ജിത്തു കാർ പാർക്ക് ചെയ്തു...
\"ഇറങ്ങ് \"
ജിത്തു പറഞ്ഞപ്പോൾ ഭാനു ഇറങ്ങി പുറത്ത് നിന്നു... കാർ ഓഫ് ചെയ്ത് ജിത്തുവും ഇറങ്ങി... അവൻ നടന്ന് അവൾക്കരികിൽ ചെന്നു നിന്നു...

\"പ്രിയാ.. നിന്നോട് ചോദിക്കാതെ ഞാനൊരു കാര്യം ചെയ്തു... But I think it would be a pleasant surprise for you \"
ഭാനു മനസ്സിലാവാതെ അവനെ നോക്കി...
ജിത്തു ഒന്ന് ചിരിച്ചിട്ട് കുറച്ചപ്പുറത്തേക്ക് വിരൽ ചൂണ്ടി...

അവിടേക്ക് നോക്കിയ ഭാനുവിന്റെ കണ്ണുകൾ മിഴിഞ്ഞു പോയി....
പിന്നെയതിൽ നീർ കുമിഞ്ഞു കൂടി ഒഴുകിയിറങ്ങാൻ തുടങ്ങി...

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️



രണഭൂവിൽ നിന്നും... (30)

രണഭൂവിൽ നിന്നും... (30)

4.8
2601

\"ശരണ്യ!!!!\"ഭാനുവിന്റെ ചുണ്ടുകൾ അവളുടെ പ്രിയപ്പെട്ടവളുടെ പേര് മൊഴിഞ്ഞു...ശരണ്യ മാത്രമല്ല.. ഒപ്പം അവളുടെ അച്ഛനമ്മമാരും ശ്യാമും ഉണ്ട്... അവരും അവളെ തന്നെ ഉറ്റു നോക്കുകയാണ്... ജിത്തു ഭാനുവിനെയും അവരെയും മാറി മാറി നോക്കിക്കൊണ്ടിരുന്നു... അതിനിടയിൽ ശ്യാമിന്റെ കണ്ണുകളിൽ ഭാനുവിനായി ഒരു തിളക്കമവൻ കണ്ടു..ജിത്തുവിന്റെ കണ്ണുകൾ ചുരുങ്ങി..ആദ്യമായി അവനുള്ളിൽ കുശുമ്പെന്ന വികാരം ഉണർന്നു...അവൻ ഭാനുവിനെ നോക്കി.. അവളുടെ കണ്ണുകൾ ശരണ്യക്ക് നേരെയാണെന്ന് കണ്ടപ്പോൾ അവനൊരല്പം ആശ്വാസം തോന്നി...\"വാ \"അവർ നോക്കി നിൽക്കെ ജിത്തു ഭാനുവിന്റെ കൈപ്പത്തിയിൽ തന്റെ കൈപ്പത്തി ചേർത്തു പിടിച്ച