Aksharathalukal

കൃഷ്ണകിരീടം 49


ദത്തൻ സുഭാഷിന്റെ നാട്ടിലെത്തി അവനെ വിളിക്കാൻ ഫോണെടുത്തു... പെട്ടന്നാണ് അവൻ ആ കാഴ്ച കണ്ടത്... ഭാസ്കരമേനോന്റെ കാർ റോഡ്സൈഡിൽ ഒതുക്കിയിട്ടിരിക്കുന്നു... 

\"ഇയാളെന്താണ് ഇവിടെ... \"
ദത്തൻ ആലോചിച്ചു... അപ്പോഴാണ് മറ്റൊരു കാർ അവിടെ വന്ന് നിർത്തിയത്... അതിൽനിന്നും ഒരാൾ ഇറങ്ങി... ദത്തൻ പെട്ടന്ന് തന്റെ ബൈക്ക് അടുത്തുള്ള പറമ്പിലേക്ക് കയറ്റി ആരും കാണാത്ത രീതിയിൽ നിർത്തിയിട്ടു... പിന്നെ അതിൽ നിന്നിറങ്ങി അവർ കാണാതെ അവരുടെയടുത്തുള്ള മതിലിന്റെ മറവിൽ ഇരുന്നു... 

\"ഭാസ്കരാ നീയെത്തിയിട്ട് അധികനേരമായോ... \"
വന്നയാൾ ചോദിച്ചു... 

\"ഇല്ല ഒരു പത്തുമിനിട്ടായികാണും... അതുപോട്ടെ എന്തായി കാര്യങ്ങൾ... \"

\"എന്താവാൻ... എല്ലാം നമുക്കനുകൂലമായിവരും... ഇനിയും അവർക്കനുകൂലമായ വിധിവരില്ല... ഞാൻ പറഞ്ഞതല്ലേ അവർ വിശ്വസിക്കാൻ കൊള്ളാവുന്നവരാണ്... ഒരിക്കലും നമ്മളെ ചതിക്കില്ല... \"

\"അതേതായാലും നന്നായി... ഇവിടെ നമ്മൾ മാത്രമല്ല കുടുങ്ങുന്നത്... അറിയാലോ... എ സി പി സുരേന്ദ്രനും ഡി ഐ ജി പ്രതാപവും ഐ ജി ശിശുപാലുമെല്ലാം കുടുങ്ങും.. അത് എല്ലാതരത്തിലും അപകടമാണ്... അതുകൊണ്ട് ഇനി എല്ലാം സൂക്ഷിച്ചുവേണം ചെയ്യാൻ... അതുമാത്രമല്ല ഇനി ഇതുപോലെ വഴിയിൽ വച്ചുള്ള കൂടികാഴ്ചയും വേണ്ട... ആരെങ്കിലും കണ്ടാൽ അതുമതി... അതുകൊണ്ട് ആരും പെട്ടന്ന് എത്തിച്ചേരാത്ത ഒരു സ്ഥലത്തുവച്ചുവേണം നമ്മുടെ കൂടിക്കാഴ്ച... \"
ഭാസ്കരമേനോൻ പറഞ്ഞു... 

\"അതിന് പറ്റിയ സ്ഥലമാണല്ലോ നമ്മുടെ ആ പഴയവീട്... അവിടെതന്നെയായാലോ... \"
\"അതുവേണ്ട... അതിനി സുരക്ഷിതമല്ല മറ്റൊരു സ്ഥലം കണ്ടുപിടിക്ക്... \"

\"അത് ഞാനേറ്റു...\"

\"പിന്നെ സുധാകരാ നിന്റെ കാര്യങ്ങൾ എവിടെവരെയെത്തി... 

\"സുധാകരൻ.. ഈ പേര് എവിടെയോ കേട്ടിട്ടുണ്ടല്ലോ... \"
ദത്തൻ ആലോചിച്ചു... എന്നാൽ അവനെത്ര ആലോചിച്ചിട്ടും ആളാരാണെന്ന് മനസ്സിലായില്ല... 

\"അവൻ കളി തുടങ്ങിയിട്ടുണ്ട്... ഏകദേശം അതിൽ അവൾ വീഴുന്ന മട്ടാണ്... എന്റേയും അവന്റെയും എന്റെ അച്ഛന്റെയും ഏറ്റവും വലിയ സ്വപ്നമാണ് ആ ഗ്രൂപ്പ്... അതങ്ങനെ വിട്ടുകളയാൻ പറ്റില്ലല്ലോ... പിന്നെ അവളുടെ രക്ഷകന്മാർ അതായത് തന്റെ ചോരയിലുള്ളവൻ ആ കേശവമേനോനും ആദിയും സൂര്യനും... അവരാണ് ഏറ്റവും വലിയ പ്രശ്നം... അവരെ ഒതുക്കണം അതിനുള്ള മാർഗ്ഗമാണ് ഞാനാലോചിക്കുന്നത്... \"

\"സുധാകരാ... നമ്മൾ പരിചയപ്പെട്ടത് ഇന്നോ ഇന്നലെയോ അല്ല... പത്തുമുപ്പത് വർഷമെങ്കിലും ആയിക്കാണും... അന്നുമുതൽ നമ്മൾ അങ്ങോട്ടുമിങ്ങോട്ടും പരസ്പരം സഹായിച്ചിട്ടേയുള്ളൂ... പണ്ട് എനിക്കുവേണ്ടി ആ കേശവമേനോന്റെ ബിസിനസ്സ് തകർക്കാൻ കൂട്ടുനിന്നവനാണ് നീ... അതുകഴിഞ്ഞ് ആദിയും സൂര്യനും പുതിയ ബിസിനസ് തുടങ്ങിയപ്പോൾ അവിടേയും നീ എനിക്കുവേണ്ടി കളിച്ചു... ആ ഗണേശനെ അവരുടെ കൂടെ നിർത്തി എല്ലാ രഹസ്യങ്ങളും ചോർത്തിത്തന്നു... അതൊന്നും മറക്കുന്നവനല്ല ഈ ഭാസ്കരൻ... നീ മോഹിച്ചു നടക്കുന്ന ആർ കെ ഗ്രൂപ്പിന്റെ എംഡി ഒരുതരത്തിൽ എന്റെ സഹോദരിയുടെ മകളാണ്... അതെനിക്കറിയാം... പക്ഷേ ഇപ്പോൾ ആ ഗ്രൂപ്പ് അവളുടെ കയ്യിൽ നിന്നും നഷ്ടമാവുന്നത് എനിക്കും കാണണം... കാരണം... ആ കേശവമേനോന് എന്റെ വക ഏറ്റവും വലിയ അടിയായിരിക്കണം അതിലൂടെ... മുപ്പത് വർഷംമുന്നേ എന്റെ സ്വപ്നം തകർത്തവനാണ് അവൻ... അത് എന്റെ ജീവനുള്ള കാലത്തോളം മറക്കില്ല ഞാൻ... എന്തു സഹായം വേണമെങ്കിലും എന്നിൽ നിന്നും പ്രതീക്ഷിക്കാം... നിന്നെപ്പോലെ ഒരു വലിയ സ്വത്ത് മോഹിച്ച് നടക്കുന്നവനാണ് ഞാൻ... അത് ഇത്രയും കാലം പൂച്ച മക്കളെ കൊണ്ടു നടക്കുന്നതു പോലെ കൊണ്ടു നടന്നു... പക്ഷേ അതിപ്പോൾ എന്റെ കൈവിട്ട് പോയതു പോലെയാണ്... അവൻ.. ഇത്രയും കാലം പോറ്റി വളർത്തി എന്റെ മകനാണെന്ന് പറഞ്ഞ് കൊണ്ടുനടന്നവൻ... ദത്തൻ അവനാണിപ്പോൾ എന്റെ ഏറ്റവും വലിയ ശത്രു... ഇല്ല അധികമായുസ്സില്ല അവന്... എന്റെ കൈ കൊണ്ടായിരിക്കും അവന്റെ അന്ത്യം... ഇപ്പോൾ ഏതോ ഒരുത്തി അവന്റെ മനസ്സിൽ കയറികൂടിയിട്ടുണ്ട്... അതനുവദിച്ചുകൂടാ... അവനെ ഇല്ലാതാക്കിയിട്ടായാലും ആ സ്വത്ത് ഞാൻ കൈക്കലാക്കും... \"

\"അതിന് എന്ത് സഹായവും പഴയപോലെ എന്നിൽ നിന്നും പ്രതീക്ഷിക്കാം... അതുപോലെ എന്നേയും ഒന്ന് സഹായിക്കേണ്ടിവരും... \"

\"തീർച്ചയായും... എന്താണ് വേണ്ടതെന്ന് പറഞ്ഞാൽ മതി... പക്ഷേ അതൊന്നുമല്ല ഏറ്റവും വലിയ പ്രശ്നം... ഇതുവരെ അകത്തുകിടക്കുന്നവർ ഒന്നും മിണ്ടാത്തത് കാര്യമാക്കേണ്ട... കേസിനു വേണ്ടി ഒരു തുമ്പ് കിട്ടാൻ എന്തു മാർഗ്ഗവും അവർ പ്രയോഗിക്കും... കാരണം അവനാണ് അന്വേഷിക്കുന്നത് ആ കേശവമേനോന്റെ അനന്തിരവൻ... ഒരു കണക്കിന് എന്റേയും... അവൻ നമ്മൾ കാണുന്നതു പോലെയല്ല കാഞ്ഞവിത്താണ്... അത് അന്ന് ആ പത്രപ്രവർത്തകന്റെ മർഡർകേസ് അന്വേഷിച്ചപ്പോൾ കണ്ടതല്ലേ... എന്തായാലും നമ്മൾ സൂക്ഷിക്കുന്നത് നല്ലതാണ്... എന്നാൽ ഞാൻ വിളിക്കാം... \"
ഭാസ്കരമേനോൻ കാർ സ്റ്റാർട്ടുചെയ്ത്  അവിടെനിന്നും പോയി... സുധാകരനും തന്റെ കാറിൽ കയറി... അയാളുംപോയെന്ന് ഉറപ്പുവരുത്തിയതിനുശേഷം ദത്തൻ മതിലിന്റെ മറവിൽ നിന്നും എഴുന്നേറ്റു... അതിനുശേഷം തന്റെ ഫോണിലെ വീഡിയോക്യാമറ ഓഫ് ചെയ്തു... അവന്റെ മുഖത്ത് ഒരു വിജയച്ചിരി തെളിഞ്ഞു... 

\"അപ്പോൾ ഇവരാണല്ലേ അതിന്റെ പിന്നിൽ... എല്ലാം വല്ലാതെ മെനക്കെടാതെ കാര്യങ്ങൾ തെളിയുകയാണല്ലോ... പക്ഷേ കൂടെയുള്ള ആ സുധാകരൻ എന്നുപറയുന്ന ആ മാന്യനാരാണ്... മുമ്പ് പലതവണ ഈ പേര് കേട്ടതാണ്... പക്ഷേ കണ്ടുപരിചയമില്ല... ആരായാലും വേണ്ടില്ല... അയാളെ ആ ഭാസ്കരമേനോനെ എന്നന്നേക്കുമായി പൂട്ടാനുള്ള വഴിയാണ് കിട്ടിയത്... സുഭാഷിനെ മനസ്സിലോർക്കാനും അവനെ കാണാൻ തോന്നിയതും ദൈവം മുൻകൂട്ടി നിശ്ചയിച്ച താനും... ഏതായാലും അവനെ പിന്നെ കാണാം... ഈ സന്തോഷവാർത്ത നേരിട്ട് ആദിയേയും സൂരജിനേയുമെല്ലാം അറിയിക്കണം... തന്റെ ഫോണിൽ പകർത്തിയ ഈ തെളിവ് മതി എല്ലാറ്റിനും.. \"
ദത്തൻ തന്റെ ബൈക്കിൽ കയറി നാട്ടിലേക്ക് തിരിച്ചു... പോകുന്ന വഴി ആദിയെ ഫോൺ ചെയ്ത് നേരിട്ട് കാണണമെന്ന് പറഞ്ഞു... തന്റെ വീട്ടിലേക്ക് വരുവാൻ ആദി പറഞ്ഞു... 

ഈ സമയം അടുത്ത തന്ത്രങ്ങൾ മെനയുകയായിരുന്നു നകുലൻ... ആ സമയത്താണ് അവന്റെ ഫോൺ റിംഗ് ചെയ്തത്... കോൾ വന്ന നമ്പർ കണ്ടതും അവൻ പെട്ടന്ന് കോളെടുത്തു... ഒരു ചിരിയായിരുന്നു ആദ്യം കേട്ടത്... 

\"എന്താണ് നകുലാ... എന്നെ തിരഞ്ഞു പിടിക്കാൻ നീ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടല്ലോ... എന്താണ് എന്നെ കണ്ടുപിടിക്കാൻ ഇത്ര ഉത്സാഹം... \"
അയാൾ ചോദിച്ചു... 

\"എനിക്ക് നിങ്ങളെ കാണണം... എത്രയും പെട്ടന്ന്... അതിൽ നിങ്ങൾക്കും ഗുണമുണ്ടാകുമെന്ന് കൂട്ടിക്കോ... നിങ്ങളിപ്പോൾ എവിടെയാണ്... എവിടെയായാലും ഞാൻ വരാം.. നിങ്ങളെ എനിക്ക് കണ്ടേ പറ്റൂ... \"
നകുലൻ പറഞ്ഞു... 

\"സമയമായിട്ടില്ല നകുലാ... അതിന് എപ്പോഴാണോ സമയമാകുന്നത് ആ സമയത്ത് ഞാൻ പ്രതീക്ഷിക്കാതെത്തന്നെ നിന്റെ മുന്നിലെത്തും... \"

\"എന്ന്.. എപ്പോൾ... ഞാൻ പറഞ്ഞല്ലോ നിങ്ങൾക്കുംകൂടി ഉപകാരമുണ്ടാകുന്ന കാര്യത്തിനാണ് കാണണമെന്ന് പറയുന്നത്... \"

\"എന്ത് കാര്യം... നീ സ്വപ്നം കണ്ട് നടക്കുന്ന ആർ കെ ഗ്രൂപ്പ് സ്വന്തമാക്കാൻ ഞാൻ സഹായിക്കണമെന്നായിരിക്കും... അതല്ലേ നീ ഉദ്ദേശിക്കുന്നത്... എന്നാൽ അതിനൊന്നും എന്നെ നോക്കേണ്ട... പക്ഷേ ആ സ്വത്ത് നിന്റെ കയ്യിലെത്തുന്നതിൽ എനിക്ക് വിരോധമൊന്നുമില്ല... അതിന് എതിരുനിൽക്കാൽ ഞാൻ വരുകയുമില്ല... നിനക്ക് ബുദ്ധിസാമർത്ഥ്യമുണ്ടെങ്കിൾ നിഷ്പ്രയാസം നിനക്കത് കൈക്കലാക്കാം... അത് നീ നല്ലതുപോലെ ആലോചിക്ക്... അന്നേരം നിനക്ക് അതിനുള്ള തന്ത്രം മനസ്സിൽ തെളിയും... \"
ഇതും പറഞ്ഞ് അയാൾ ഫോൺ കട്ടുചെയ്തു..

നകുലന് അയാളോട് ദേഷ്യമാണ് തോന്നിയത്... അയാൾ എന്താണ് ഉദ്ദേശിച്ചത്... മനസ്സിരുത്തി ആലോചിച്ചാൽ എല്ലാറ്റിനുമുള്ള വഴി തെളിയുമെന്നല്ലേ പറഞ്ഞത്... എങ്ങനെ... നകുലന് തല പെരുക്കാൻ തുടങ്ങി... അവൻ ഫോൺ കിടക്കയിലേക്കിട്ട് അവിടെയിരുന്നു...

▪️▪️▪️▪️▪️▪️▪️▪️▪️▪️▪️

ദത്തൻ ഇടശ്ശേരി വീടിന്റെ മുറ്റത്ത് വണ്ടിനിർത്തി... മുറ്റത്തു കിടക്കുന്ന കാറുകണ്ടപ്പോൾ ആരോ അഥിതികൾ ഉണ്ടെന്ന് മനസ്സിലായി... അവൻ തന്റെ ബൈക്കിലിരുന്നുകൊണ്ടുതന്നെ ആദിയെ വിളിച്ചു... കുറച്ചുകഴിഞ്ഞ് ആദി പുറത്തേക്ക് വന്നു... കൂടെ സൂരജും സൂര്യനുമുണ്ടായിരുന്നു... 

\"എന്താടോ അവിടെത്തന്നെ  നിന്നത് അകത്തേക്ക് കയറിവാ... നിന്നെ കാണാൻ പറ്റാത്തവരാരും ഇവിടെയില്ല... \"
ആദി പറഞ്ഞു... 

\"അതുകൊണ്ടല്ല ആദീ... എനിക്ക് അത്യാവിശ്യമായിട്ട് ഒരിടം വരെ പോകാനുണ്ട്... അതാണ് അകത്തേക്ക് കയറാത്തത്... പിന്നെ ഞാൻ കാണണമെന്ന് പറഞ്ഞത് ഒരു പ്രധാന കാര്യം നിങ്ങളോട് പറയാനാണ്... നിങ്ങൾ ഏൽപ്പിച്ച ജോലി എനിക്ക് മുന്നോട്ട് കൊണ്ടുപോകേണ്ട കാര്യമുണ്ടായില്ല... അതിനുമുന്നേ അതിനുള്ള എല്ലാ തെളിവുകളും കിട്ടി... സൂരജ് അന്വേഷിക്കുന്ന കേസിലെ പ്രധാന സൂത്രധാരനും അവരുടെയൊക്കെ ബോസും ആരാണെന്നറിയേണ്ടേ... മറ്റാരുമല്ല... ഇത്രയും കാലം ഞാൻ അച്ഛനെന്നു വിളിച്ച ഭാസ്കരമേനോൻ... \"
ദത്തൻ പറഞ്ഞതുകേട്ട് ആദിയും സൂരജും സൂര്യനും ഞെട്ടി... \"

\"നീയെന്താണ് പറഞ്ഞത്... എല്ലാറ്റിനും പിന്നിൽ ഭാസ്കരചെറിയച്ഛനാണെന്നോ... \"
ആദി ചോദിച്ചു... 

അതെ അയാൾ തന്നെ... പക്ഷേ അയാൾ മാത്രമല്ല... ഏതോ ഒരു സുധാകരനുമുണ്ട് കൂടെ... നിങ്ങളേയും ഒരുപാട് ദ്രോഹിച്ചവനാണെന്നാണ് അയാൾ ആ ഭാസ്കരമേനോനോട് പറയുന്നത് കേട്ടത്... അതെല്ലാം ആ ഭാസ്കരമേനോന് വേണ്ടിയായിരുന്നു... \"

സുധാകരനോ... അയാളും ചെറിയച്ചനുമായി ഇങ്ങനെയൊരു ബന്ധം ഉണ്ടോ...അന്നേരം എല്ലാ വില്ലന്മാരും ഒന്നിച്ചാണല്ലേ... ആ നകുലന്റെ അച്ഛനാണ് ഈ സുധാകരൻ...\"

\"അതു ശരി... അന്നേരം എല്ലാവരേയും ഒന്നിച്ചു പൂട്ടാനുള്ള വഴിയാണ് കിട്ടിയതല്ലേ... അവർ സംസാരിച്ചതിന്റെ വീഡിയോ ഞാൻ ആദിയുടെ ഫോണിലേക്ക് സെന്റ് ചെയ്തിട്ടുണ്ട്... അതു മതിയാകും അവരെ പൂട്ടാൻ... \"
ആദി തന്റെ ഫോണെടുത്ത് തുറന്നു നോക്കി... 


തുടരും.......... 

✍️ Rajesh Raju

➖➖➖➖➖➖➖➖➖
കൃഷ്ണകിരീടം 50

കൃഷ്ണകിരീടം 50

4.6
3934

\"അതു ശരി... അന്നേരം എല്ലാവരേയും ഒന്നിച്ചു പൂട്ടാനുള്ള വഴിയാണ് കിട്ടിയതല്ലേ... അവർ സംസാരിച്ചതിന്റെ വീഡിയോ ഞാൻ ആദിയുടെ ഫോണിലേക്ക് സെന്റ് ചെയ്തിട്ടുണ്ട്... അതു മതിയാകും അവരെ പൂട്ടാൻ... \"ആദി തന്റെ ഫോണെടുത്ത് തുറന്നു നോക്കി... എല്ലാം കണ്ടു കഴിഞ്ഞ ആദിയുടെ മുഖം ദേഷ്യത്താൽ ചുവന്നു... അതേ അനുഭവമായിരുന്നു സൂര്യനും... \"എല്ലാം ഈ വൃത്തികെട്ടവന്റെ പ്ലാനായിരുന്നല്ലേ... ഇയാളെ വെറുതെ വിടരുത്... തല്ലി കയ്യും കാലും ഒടിക്കണം... അതിൽ വരുന്നതെന്തായാലും ഞാൻ അനുഭവിച്ചോളാം... \"സൂര്യൻ പറഞ്ഞു.... \"അതെ അതുതന്നെയാണ് വേണ്ടത്... ഇനിയും അയാളെ വെറുതെ വിട്ടാൽ ഇതിലും വലിയ ആപത്താണ് നമുക്കുണ്ടാ