\"എന്തായി..... കഴിഞ്ഞോ ജ്യോതി....\" കസ്റ്റമർക്ക് മുന്നിൽ കൂട്ടിയിട്ട തുണികൾ ഓരോന്നും മടക്കി വയ്ക്കുമ്പോഴായിരുന്നു ആ ചോദ്യം വന്നത്... തിരിഞ്ഞു നോക്കിയപ്പോൾ തന്റെ പിന്നിൽ നിൽക്കുന്ന ആളെ കണ്ട് അവൾ ഒന്ന് പുഞ്ചിരിച്ചു....
\" എപ്പോഴേ കഴിഞ്ഞു ലയ ചേച്ചി.... സംഭവം റെഡി ആയിട്ടിരിക്കുവാണല്ലോ... ഇന്നലെ തന്നെ വേണമെന്ന് പറഞ്ഞിട്ട്.... പിന്നെന്താ വരാത്തത്.... \" ചോദിക്കുന്നതോടൊപ്പം ഒരു കവർ ലയയെ ഏൽപ്പിച്ചു....
\" ഇന്നലെ... ഓഫീസിൽ നിന്ന് വന്നപ്പോ ഒത്തിരി ലേറ്റ് ആയി ജ്യോതി അതാ... \" പറഞ്ഞ് കൊണ്ട് കവറിലെ തുണി കയ്യിലെടുത്തു...
\" ഒന്ന് ഇട്ട് നോക്ക് ചേച്ചി... എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ ഇപ്പോൾ തന്നെ ശരിയാക്കി തരാം... \"
\"എന്തിന്... ഭാമയുടെ കൈ പതിഞ്ഞതാണെങ്കിൽ പിന്നെ ഇതൊക്കെ ഇട്ട് നോക്കേണ്ട വല്ല കാര്യവുമുണ്ടോ...\" കൈയിലെ ബ്ലൗസ് ഉയർത്തി കാട്ടികൊണ്ടവൾ പറഞ്ഞു...
\" ഒത്തിരി തിരക്കിനിടയിൽ തയ്ച്ചതാ.... ഭാമേച്ചി പ്രേത്യേകം പറഞ്ഞതാ... ലയ ചേച്ചിയെ കൊണ്ട് ഇട്ട് നോക്കിയിട്ടേ കൊടുത്തു വിടാകൂ എന്ന്...അത് കൊണ്ട് പറഞ്ഞതാ.. \"
\" ഏയ്... അതിന്റെ ആവശ്യം ഒന്നുമില്ല ജ്യോതി... ഇന്നും ഇന്നലെയും അല്ലല്ലോ അവൾ എന്റെയും പിള്ളേരുടെയും തുണി തയ്ച്ചു തരുന്നത്....അല്ലാ... പറഞ്ഞത് പോലെ... എവിടെ നിന്റെ മൊതലാളി... \"..
\" ചേച്ചി ഇന്ന് വരാൻ വൈകുമെന്ന് പറഞ്ഞിട്ടുണ്ട്.... ലോൺ അടക്കാനുമൊക്കെ ആയിട്ട് ബാങ്കിൽ പോയിരിക്കുവാ...പിന്നെ... അമ്മയുടെ ഡോക്ടറെ കാണണം എന്നൊക്കെ പറഞ്ഞിരുന്നു...ഞായറാഴ്ച അല്ലേ ചേച്ചി കല്യാണം.... \"
\" അതെയതെ...ഞങ്ങൾ നാളെ നാട്ടിലേക്ക് പോകും...ഒരേയൊരു കൂടെപ്പിറപ്പിന്റെ മകളുടെ കല്യാണമല്ലേ.... ഒന്നുല്ലെങ്കിലും രണ്ട് ദിവസം മുൻപേ എങ്കിലും ചെല്ലുന്നതല്ലേ മര്യാദ... \".
\" പിന്നെ അല്ലാതെ.... അവർക്കും നിങ്ങളൊക്കെ അല്ലേ ഉള്ളൂ.... Cash അടച്ചതല്ലായിരുന്നോ.... എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ കൊണ്ട് വന്നാൽ മതി ചേച്ചി.... \"
തന്നെ നോക്കി പുഞ്ചിരിച്ചവൾക്ക് ജ്യോതിയും ഒരു ചിരി നൽകി... അപ്പോഴേക്കും ഒന്ന് രണ്ട് കസ്റ്റമേഴ്സ് ഷോപ്പിലേക്ക് കയറി വന്നിരുന്നു.....പതിയെ പതിയെ വരുന്നവരുടെ എണ്ണവും കൂടി വന്നു..
ഒരു വിധം തിരക്ക് കഴിഞ്ഞപ്പോൾ തന്നെ ഏകദേശം രണ്ട് മണി ആവാറായി.... ഭക്ഷണം കഴിക്കാൻ എടുത്തപ്പോഴാണ്...
മെലിഞ്ഞ് ഇരുനിറമുള്ള...കണ്ടാൽ നാൽപതോളം വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ കടയിലേക്ക് കയറി വന്നത്.... നീല കോട്ടൺ സാരിയാണ് വേഷം.... നെറ്റിയിൽ അവിടവിടായി ഉള്ള വിയർപ്പുത്തുള്ളികളും....വട്ട കണ്ണടയും....കറുത്ത പൊട്ടും...നനഞ്ഞു കുതിർന്ന ചന്ദനവും.....അവരെ ഒന്ന് കൂടി സുന്ദരി ആക്കിയിട്ടുണ്ട്...തോളിൽ ചെറിയ ഹാൻഡ് ബാഗും...മറു കൈയിൽ ഒരു കുടയും പിടിച്ചിട്ടുണ്ട്....
\" തിരക്കായിരുന്നോ ജ്യോതി ഇന്ന്.... \" ബാഗിൽ നിന്നും വെള്ളമെടുത്ത് കുടിച്ചതിനു ശേഷമാണവർ അത് ചോദിച്ചത്.....
\"ഈ നേരം വരെയും തിരക്കായിരുന്നു ചേച്ചി.... കുറച്ച് പേര് തയ്ച്ചതൊക്കെ വാങ്ങി കൊണ്ട് പോയി... പിന്നെ... പുതിയ വർക്കും വന്നിട്ടുണ്ട്....പോയ കാര്യം എന്തായി ചേച്ചി....\"
\" ആഹ് രണ്ട് മാസത്തെ പെന്റിങ് ഉള്ളതൊക്കെ തീർത്തു.... നീ കഴിച്ചോ... \"
\" ഇല്ല.... കഴിക്കാൻ തുടങ്ങുവായിരുന്നു.... ഡോക്ടറെ കണ്ടോ.... \"
\" മ്മ്.... കണ്ടു.... മരുന്ന് മാറ്റി തന്നിട്ടുണ്ട്... \"
\" ചേച്ചി കഴിച്ചോ.... \"
\" ആഹ്...\"
പറഞ്ഞത് കള്ളമാണെന്ന് അറിയാവുന്നത് കൊണ്ട്.... ജ്യോതി തന്റെ പൊതിയിൽ നിന്നും ഭാമയ്ക്കും ഭക്ഷണം നൽകി.... ആദ്യം എതിർത്തെങ്കിലും.... ജ്യോതിക്ക് മുന്നിൽ അധികം പിടിച്ചു നിൽക്കാൻ കഴിയാത്തത് കൊണ്ട്... അതിൽ നിന്ന് അല്പം കഴിച്ചെന്നു വരുത്തി....
ഉച്ചയ്ക്ക് ശേഷം.... കുറച്ച് പേർക്കായി തയ്യൽ ക്ലാസും എടുക്കുന്നുണ്ട് ഭാമ.... അത്ര വലുതല്ലെങ്കിലും ഇരു മുറികളുള്ള കടയായിരുന്നത്..... ഒരു ഭാഗം തുണികടയായും.... മറ്റേ ഭാഗം... തയ്യലിനും ക്ലാസ്സിനുമായിട്ടും തിരിച്ചിട്ടുണ്ട് .....
അന്നത്തെ ദിവസത്തെ ഓട്ടവും പണിയുമെല്ലാം കഴിഞ്ഞപ്പോൾ സമയം ആറ് കഴിഞ്ഞിരുന്നു..... അഞ്ചോ അഞ്ചരയ്ക്കോ മുന്നേ കട അടച്ചിരിക്കും..... വീട്ടിൽ അമ്മ ഒറ്റയ്ക്കെ ഉള്ളു എന്ന ചിന്തയും...ഏകദേശം ഒരു മണിക്കൂറിൽ കൂടുതൽ ജ്യോതിക്കും വീട് പിടിക്കാൻ വേണം എന്നറിയാവുന്നതുമാണ് അതിന് കാരണങ്ങൾ.... വൈകിയതിനാൽ ജ്യോതിയോട് പോകാൻ പറഞ്ഞിരുന്നു....കടയിൽ നിന്നും ഒരു കിലോമീറ്റർ മാത്രമേ ഭാമയുടെ വീട്ടിലേക്ക് അകലമുണ്ടായിരുന്നുള്ളു....
\" ആന്റി..... \"
അവസാന പണിയും കഴിഞ്ഞ് പുറത്തേക്കിറങ്ങുമ്പോഴാണ് ആരോ വിളിക്കുന്നത് കേട്ടത്....തിരിഞ്ഞു നോക്കുമ്പോൾ കാണുന്നത്... പത്തിരുപതോളം വയസ്സ് തോന്നിക്കുന്ന ഒരു പെണ്ണിനെയാണ്...
\" അടക്കാറായോ ആന്റി.... ബ്ലൗസ് തയ്ക്കാൻ തരാൻ ആയിരുന്നു.... \" പരുങ്ങി കൊണ്ടുള്ള അവളുടെ ചോദ്യം കേൾക്കുന്നെങ്കിലും.... ആളെ കണ്ട ഞെട്ടലിൽ ആയിരുന്നു ഭാമ.....
\" വരൂ.... \" അവളിൽ നിന്ന് നോട്ടം മാറ്റി പറഞ്ഞൊപ്പിച്ചു കൊണ്ട് അകത്തേക്ക് കയറി...
\" monday കോളേജിൽ ആർട്സ് ഫെസ്റ്റാ ആന്റി.... അതിന് സാരീ ഉടുക്കണം എന്ന് പറഞ്ഞിരിക്കുകയാ..... \" സാരിയും... ഒപ്പം ബ്ലൗസിന്റെ തുണിയും കാണിക്കുന്നതോടൊപ്പം അവൾ വാതോരാതെ എന്തൊക്കെയോ പറയുന്നുണ്ട്.....ഒന്നും പറയാൻ കഴിയുന്നില്ലെങ്കിലും... അളവും... മറ്റും ഭാമ എങ്ങനൊക്കെയോ എഴുതിയെടുത്തു..... അഡ്വാൻസും കൊടുത്ത്.... ആ പെൺകുട്ടിയും പോയി....അവളെ കണ്ടപ്പോൾ പഴയ ഓർമകളിലേക്ക് പോയത് പോലെ ഭാമയ്ക്ക് തോന്നി....അത്ര നേരം അടക്കി വച്ച ഉള്ളിലെ വികാരങ്ങളെല്ലാം ഒറ്റ കുതിപ്പിന് പുറത്തേക്ക് ചാടി..... എന്ത് കൊണ്ടോ കണ്ണുകൾ നിറഞ്ഞു..... ചുണ്ടുകൾ വിറയ്ക്കുന്നത് പോലെ..... കുറച്ച് വെള്ളം കുടിച്ചു.... ധിറുതിയിൽ അവൾ.... കടയും അടച്ച്.... നടന്നു.....
വഴിയിലുടനീളം കണ്ട പരിചിത മുഖങ്ങൾക്കെല്ലാം വരുത്തി തീർത്ത ചിരി ചൊടികളിൽ വിരിഞ്ഞുവെങ്കിലും..... കണ്ണിൽ തെളിയുന്നത് മറ്റൊന്ന് മാത്രമാണ്....... ജീവനില്ലാതെ ഫാനിൽ തൂങ്ങിയാടുന്ന ഇരു കാലുകളും..... നിലത്ത് ഒഴുകുന്ന രക്തവും മാത്രം....!!!!
(തുടരും....)