Aksharathalukal

ഇനിയെന്നും 🖤(16)












\" എന്തായി ചേച്ചി.... കഴിഞ്ഞോ എല്ലാം.... \" 

\" ആഹ്... \"  ഒന്ന് നിശ്വസിച്ചു കൊണ്ട് ഭാമ കടയുടെ അകത്തേക്ക് കയറി....

\" മോളോ.... \"

\" അവരുടെ വീട്ടിൽ നിന്ന് ആളൊക്കെ വന്നിട്ടുണ്ട്....അവർക്കാർക്കും അവളെ കൂട്ടികൊണ്ട് പോകാൻ താല്പര്യമൊന്നുമില്ല...\"

\" എല്ലാരും കൂടി കുറ്റപ്പെടുത്തുന്നുണ്ടാവും അല്ലേ... കഷ്ടം.... ഒറ്റപ്പെട്ടു നിൽക്കുകയാവും... \"

\" അതെ... അങ്ങനെ ഒറ്റപ്പെടരുതെന്ന് കരുതീട്ടാ ഞാൻ ഇത്രയും നാൾ കൂടെ തന്നെ നിന്നത്.... ഇപ്പൊ തന്നെ രണ്ടാഴ്ച്ച കഴിഞ്ഞില്ലേ... ഇനിയും ഞാൻ എങ്ങനാണ് അവിടെ നിൽക്കുന്നെ.... അല്ലാതെ മനസ്സുണ്ടായിട്ടല്ല വന്നത്... \"

\" ഇനിയിപ്പോ അത് എന്ത് ചെയ്യും ചേച്ചി.... \"

\" എനിക്ക് ഒന്നും അറിയില്ല ജ്യോതി.... ആ കുഞ്ഞിന്റെ കരച്ചിൽ സഹിക്കാൻ കഴിയുന്നില്ല.... ഒന്നാമതെ അതിനെ ആർക്കും ഇഷ്ടമല്ല.... അതിന്റെ കൂടെ കുത്തുവാക്കുകൾ എല്ലാം കേട്ടു സഹിക്കെട്ട് നിൽക്കുവാണ് ആ പാവം.... വേണ്ടാത്തവർക്ക് അങ്ങ് പോകരുതോ....ഞാൻ പിന്നെ എന്തിനാ..... എന്തായാലും ഒരാൾക്ക് കൂടി ഉണ്ണാൻ ഉള്ളത് എനിക്ക് കിട്ടുന്നുണ്ട്..... \"  പറഞ്ഞ് പറഞ്ഞ് ഭാമയിൽ അരിശം...


\" ഇത്രയേ ഉള്ളൂ മനുഷ്യരുടെ കാര്യം...എന്ത് നല്ല മനുഷ്യനായിരുന്നു....മരിക്കുന്നതിന്റെ തലേന്നും ഞാൻ കണ്ടതാ... എന്നോട് സംസാരിച്ചതുമാണ്... \"  ജ്യോതി കഷ്ടം വച്ച് പറഞ്ഞു..

\" രണ്ട് അറ്റാക്ക് കഴിഞ്ഞതാണെന്ന്... നമുക്ക് അതറിയില്ലായിരുന്നല്ലോ.... എല്ലാം ഉള്ളിൽ ഒതുക്കി നടന്ന്... ഒടുക്കം അവൾക്കല്ലേ ആരുമില്ലാതായത്.... \" 

\" അതെ.... ആർക്കും വേണ്ടാതായല്ലോ.... \"

ലേഖക്ക് അപകടം ഉണ്ടായിട്ടിപ്പോ മൂന്നാഴ്ചയോളം കഴിഞ്ഞിരിക്കുന്നു....അന്നത്തോടെ അവൾക്ക് വലതുകാലും നഷ്ടമായി.... ഭർത്താവ് നാട്ടിൽ ഇല്ലാത്തതിനാൽ... മകളും അമ്മയുമാണ് അവളെ ശുശ്രൂഷിക്കുന്നത്.... ഭാമ  കടയും വീടുമായി കഴിയുന്നുണ്ടെങ്കിലും.... ഓപ്പറേഷനും മറ്റും അവള് ലേഖയ്ക്കൊപ്പമുണ്ടായിരുന്നു.... സാമ്പത്തികമായും....ഒരു സഹോദരിയായും....!  അവളെ തിരികെ വീട്ടിൽ ഡിസ്ചാർജ് ചെയ്തു കഴിഞ്ഞാണ് ഭാമ കടയിൽ വന്നു തുടങ്ങിയത് പോലും....  ഭൂമിയും അവൾക്കൊപ്പമുണ്ടായിരുന്നു.... ആ ഇടയ്ക്കാണ്‌ അറ്റാക്കിന്റെ രൂപത്തിൽ ഭൂമിയുടെ അച്ഛനും അവളെ വിട്ട് പോകുന്നത്.... വിവരം അറിഞ്ഞത് മുതൽ അവളെ ഒറ്റപ്പെടുത്താതെ  അവിടെയും ഭാമ കൂടെയുണ്ട്... താങ്ങായി....

നാട്ടിൽ നിന്നെല്ലാം അച്ഛന്റെ വീട്ടുകാർ വന്നെങ്കിലും... ആരും ഭൂമിയെ സ്വീകരിക്കാൻ തയ്യാറല്ല.... അവളെ ആദ്യമേ ആർക്കും ഇഷ്ടമായിരുന്നില്ലല്ലോ...!  ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഭൂമിയെ ഉപേക്ഷിക്കാനോ അവർക്കൊപ്പം അയക്കാനോ ഭാമയ്ക്ക് തീരെ താല്പര്യവുമില്ല.... ചടങ്ങുകൾ എല്ലാം കഴിയും വരെ ഭാമ അവിടെ തന്നെയായിരുന്നു നിന്നത്... അതെല്ലാം കഴിഞ്ഞു കടയിലേക്ക് കയറിയപ്പോൾ ജ്യോതിയുമായി ഉണ്ടായ സംഭാഷണമാണിത്...


\" ലേഖ ചേച്ചിയോ... എങ്ങനുണ്ടിപ്പോ.... \"

\" എന്താകാൻ... അവളും കിടപ്പിൽ തന്നെയല്ലേ.... അമ്മയ്ക്ക് എല്ലാം കൂടി ഒന്നിച്ച് നോക്കാൻ കഴിയുന്നില്ലെന്നാ വിളിച്ചപ്പോൾ പറഞ്ഞത്... \"

\" അവരുടെ മകൾ ഇല്ലേ കൂടെ... \"

\" ആരാ... മാളുവോ.... അവൾ ഭർത്താവിന്റെ വീട്ടിൽ നിന്നും ഇവിടേക്ക് വന്നത് സുഖവാസത്തിനാണെന്നാണ് അമ്മ പറയുന്നത്... ഒന്നും ചെയ്യില്ല അത്രേ.. എന്തിന് ലേഖയെ പോലും തിരിഞ്ഞു നോക്കുന്നില്ലെന്ന്... \"


\" അവരുടെ ഭർത്താവ് ഉടനെ എങ്ങാനും വരുമോ ചേച്ചി... \"

\" അറിയില്ല.... ഒന്ന് താങ്ങായി ഒപ്പം നിൽക്കേണ്ട സമയത്ത് പോലും അയാൾ വന്നിട്ടില്ല.... ചിലവ്  പോലും എങ്ങനാണ് നടന്നു പോയതെന്ന് അറിഞ്ഞിട്ടില്ല.... \".

\" അവർക്കത് കിട്ടണം.... എഴുനേറ്റു നടന്ന സമയത്ത്  കാണിച്ചു കൂട്ടിയത് അതുപോലെ അല്ലായിരുന്നോ.... എന്തൊക്കെയാ ചേച്ചിയെ പറഞ്ഞത്... അതൊക്കെ പോട്ടെ.... ആ മരിച്ച് തലയ്ക്കു മുകളിൽ നിൽക്കുന്ന ആ കുഞ്ഞിനെ പോലും വെറുതെ വീട്ടിട്ടുണ്ടോ.. എന്നിട്ട് അവസാനം ചേച്ചി തന്നെ വേണ്ടി വന്നില്ലേ... \"

\" ജ്യോതി.... മതി.... അവൾ എന്തൊക്കെ കാണിച്ചാലും ദൈവം അതിനുള്ള ശിക്ഷ കൊടുത്തു കഴിഞ്ഞു.... ഇനി അത് പറഞ്ഞിട്ട് എന്തിനാ... നീ നിന്റെ ജോലി നോക്ക്... \"

\" അല്ലെങ്കിലും ആരെ പറയുന്നതും ചേച്ചിക്ക് പിടിക്കില്ലല്ലോ.... എനിക്ക് അത്രയും വിശാലത മനസ്സൊന്നുമില്ല... കണ്ടാൽ അത് തുറന്ന് പറയുക തന്നെ ചെയ്യും.... \"  പിറു പിറുത്തു പോകുന്നവളെ നോക്കി ഭാമ പുഞ്ചിരിച്ചു....

✨️✨️✨️✨️✨️


പിന്നെയും നാളുകൾ കടന്നു പോയി.... ഭാമ ആഗ്രഹിച്ചത് പോലെ ഭൂമിയെ അവിടെ ആക്കിയിട്ട് അച്ഛന്റെ ആളുകളെല്ലാം പോയി.... മറ്റൊന്നും ചിന്തിക്കാതെ  ഭൂമിയെ വീട്ടിലേക്ക് ക്ഷണിച്ചു..... ആദ്യമൊക്കെ മടിച്ചു നിന്നെങ്കിലും ഭാമയുടെ കണ്ണീരിൽ അവൾ വീണു.... അച്ഛൻ ഒരു നോവായി ഉള്ളിൽ കിടക്കുന്നെങ്കിലും.... അതൊന്നും  അലട്ടാതെ പരമാവധി ശ്രമിച്ചികൊണ്ടവളുടെ അമ്മ അരികിൽ തന്നെയുണ്ടായിരുന്നു....കുറച്ചധികം വേണ്ടി വന്നു ഭൂമിക്ക് ആ വേർപാടിൽ നിന്നും പുറത്തേക്ക് വരാൻ.... അതിൽ കൂടുതലും പരിശ്രമിച്ചതും ഭാമ ആയിരുന്നു.... അമ്മ ലേഖയ്ക്കൊപ്പം ആയിരുന്നതിനാൽ.... ആ അമ്മയ്ക്കും മകൾക്കും വീണ്ടും വീണ്ടും അടുക്കാൻ കഴിഞ്ഞു.....കോളേജിൽ അവധി ആയതിനാൽ എന്നും രാവിലെ ഭാമയ്‌ക്കൊപ്പം ഭൂമിയും കടയിലേക്ക് പോകും... ജ്യോതിയോടും അവിടുള്ള പണിയുമൊക്കെയായി അവളുടെ സമയം പോകും.... കടയിൽ മാത്രമല്ല ഭാമ പോകുന്നിടത്തേക്കെല്ലാം അവൾ ഭൂമിയെയും കൂട്ടാറുണ്ട്....

ഒരു അവധി ദിവസം ഇരുവരും ലേഖയെ കാണാനായി വീട്ടിലേക്ക് പോയി....എന്നും അമ്മ ഫോൺ വിളിക്കാറുണ്ടെങ്കിലും...അവിടുത്തെ വിശേഷങ്ങളൊന്നും കുത്തികിഴിച്ച് ഭാമ തിരക്കാറില്ല.... ഇപ്പൊ കുറച്ചായിട്ട് ലേഖയ്ക്ക്  ഭാമയെ അഭിമുഖീകരിക്കാൻ വല്ലാത്ത ബുദ്ധിമുട്ടാണ്....

തനിക്കടുത്തേക്ക് ഭാമയും ഭൂമിയും വന്നു നിൽക്കുന്നതും അമ്മയോട് അവളെകുറിച്ച് അന്വേഷിക്കുന്നതെല്ലാം അവൾ അറിയുന്നുണ്ടെങ്കിലും അവരെ നോക്കാനോ മിണ്ടാനോ  പോയില്ല....അല്ല കഴിഞ്ഞില്ല എന്ന് പറയുന്നതാവും ശരി...


\" മാളു എവിടെ അമ്മേ... \"   ഭാമ...


ആ ചോദ്യം കേട്ടതും അമ്മ ലേഖയെ ഒന്ന് നോക്കി....


\" അവൾ രണ്ട് ദിവസമായി അവനൊപ്പം പോയിട്ട്... \"


\" അതെന്താ... പെട്ടന്ന്... എന്നിട്ട്... അമ്മ എന്നോട് പറഞ്ഞില്ലാലോ....അപ്പൊ അമ്മയാണോ എല്ലാം ഒറ്റയ്ക്ക് ചെയ്തത്... \"  ഭാമ അതിശയം കൊണ്ട് ചോദിച്ചു പോയി...

\" പിന്നല്ലാതെ ..... മകളായി പോയില്ലേ... എനിക്ക് ഇതിനെ കളയാൻ പറ്റില്ലാലോ... \"

ഭാമ പിന്നീടൊന്നും പറഞ്ഞില്ല....

\" മോളെ... നീ ഒന്ന് ഇവളെ പിടിക്ക്....രണ്ട് ദിവസായി കുളിച്ചിട്ട് .. ഞാൻ വെള്ളം കൊണ്ട് വച്ചിട്ടുണ്ട്.... എന്നെ കൊണ്ട് ഒറ്റയ്ക്കൊന്നും കഴിയില്ല .... മാളു ആണെങ്കിൽ ഒന്നിനും ഒരു സഹായമില്ലായിരുന്നു.... അവൾ ഉണ്ടെങ്കിലും ഇല്ലാത്തത് പോലെ തന്നെയാണ്... ആശുപത്രിയിൽ നിന്ന് വന്നിട്ട് തന്നെ എത്ര നാളായി... ഇത്രയും നാൾ ശരീരം മുഴുവനും തുടയ്ക്കുകയായിരുന്നു.... രണ്ട് ദിവസമായിട്ട് അതുമില്ല... നീ ഒന്ന് പിടിച്ചേ ഇവളെ.. പതിയെ... അവിടെ കൊണ്ടിരുത്താം.... \"   അമ്മ നിർത്തുന്നില്ല...


ഭാമ പോകുന്നതിന് മുന്നേ..... ഭൂമി അവളെ താങ്ങി എഴുനേൽപ്പിച്ചു..... ആരെയും കൊണ്ട് ചെയ്യിക്കാതെ... അവൾ തന്നെ യൂറിൻ ബാഗും എല്ലാം മാറ്റി....ശേഷം ഭാമയും അവളുമായി ബാത്‌റൂമിൽ കയറ്റി... മേലെല്ലാം കഴുകി വൃത്തിയാക്കി..... വസ്ത്രവും ഇടീപ്പിച്ചു കട്ടിലിൽ ചാരി ഇരുത്തി..... അന്നത്തെ ദിവസത്തെ ലേഖയെ നോക്കിയതെല്ലാം ഭൂമി തന്നെ ആയിരുന്നു.... എന്തിനേറെ... ഭക്ഷണം പോലും നൽകിയത് അവൾ തന്നെ ആയിരുന്നു....

ഇതെല്ലാം കണ്ട് കണ്ണ് നിറഞ്ഞ് ഒരമ്മയും മകളും അരികിൽ നിന്നു.... ആരുടേയും ആരും അല്ലാതിരുന്നിട്ട് കൂടി ആ പെൺകുട്ടിയുടെ ആത്മാർഥത കണ്ട് മനസ്സ് നിറയുകയായിരുന്നു അവരുടെയും....

പത്തു മാസം ചുമന്നു പ്രസവിച്ച മകൾക്ക് പോലും തോന്നാത്ത അനുകമ്പ തന്നോട് തോന്നുന്ന പെണ്ണിനെ ലേഖയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു..... അവളുടെ കൈയിൽ നിന്നുരുള ചോറ് ഉണ്ണുമ്പോൾ അറിയാതെ അവളുടെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു...... ഒഴുകി ഇറങ്ങിയ ഓരോ തുള്ളികളിലും.... കുറ്റബോധമായിരുന്നു.....ചെയ്തു കൂട്ടിയ പാവങ്ങളുടെ കണക്കുകളായിരുന്നു...... സ്വന്തം രക്തത്തെ ഇത്രയും നാൾ തള്ളിക്കളഞ്ഞതോർത്തുള്ള വീർപ്പുമുട്ടലായിരുന്നു......!!!!


(തുടരും....)


😊



ഇനിയെന്നും 🖤(17)

ഇനിയെന്നും 🖤(17)

4.7
2029

ഭാമയും ഭൂമിയും ലേഖയെ കണ്ട് കഴിഞ്ഞ് അവിടെ നിന്ന് തിരിച്ചപ്പോഴേക്കും നേരം ഒത്തിരി വൈകിയിരുന്നു....  ബസിറങ്ങി  നടന്നപ്പോഴേക്കും ഇരുട്ടി തുടങ്ങി.....വീട്ടിലേക്കുള്ള ഇടവഴി കയറുന്നതിനു മുൻപായി എന്തോ ആളനക്കം കേട്ടാണ് രണ്ടുപേരും അങ്ങോട്ടേക്ക് നോക്കിയത്.... മുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ ഭാമ ഒന്ന് ഭയന്നെങ്കിൽ.... അയാളെ തുറിച്ചു നോക്കി നിൽക്കുകയാണ് ഭൂമി....\" മോളെ... വാ... വേഗം നടക്ക്.... \" ഭാമ..അവൾ പറഞ്ഞത് കേട്ട് കൊണ്ട്... ഭൂമി നടക്കാൻ ആഞ്ഞപ്പോഴേക്കും അയാൾ അവളുടെ കൈയിൽ പിടിച്ചിരുന്നു.... ഭൂമി അയാളെ രൂക്ഷമായി നോക്കി...\" കൈയ്യെടുക്ക്.... \" എന്നിട്ടും പിടി വിടാതെ നിൽക്കുന്ന