Aksharathalukal

രണഭൂവിൽ നിന്നും... (31)

ദിവസങ്ങൾ പിന്നെയുമൊരുപാട് ഓടിയകന്നു...

കിലുക്കാംപെട്ടിയായ ശരണ്യ എല്ലാവരുടെയും പ്രിയപ്പെട്ടവളായി...
കത്തി വയ്ക്കാൻ ഒരാളെ കിട്ടിയാൽ വധിച്ചു വശം കെടുത്തുന്ന കിച്ചുവിനെപ്പോലും തോൽപ്പിച്ചു കളഞ്ഞു അവൾ... എന്തിന്... ഏത് നേരവും അനുവിന്റെ അടുത്ത് പോയിരുന്ന് നിർത്താതെ ചിലച്ചു കൊണ്ടിരിക്കും ആ പെണ്ണ്.. ഒടുവിൽ ഭാനുവോ ജിത്തുവോ വന്ന് ചെവിക്ക് പിടിച്ച് തൂക്കിയെടുക്കേണ്ടി വരും അവളെ...

ഭാനു നന്നായി തന്നെ പഠിച്ച് കൊണ്ടിരുന്നു.. എന്നത്തേയും പോലെ അദ്ധ്യാപകരുടെ പ്രിയപ്പെട്ടവളാകാൻ അവൾക്ക് അധികം സമയം വേണ്ടി വന്നില്ല... മലയാള കവിതകൾ എഴുതാനുള്ള അവളുടെ കഴിവ് കോളേജിലെ സാഹിത്യ വേദികളിലും കോളേജ് മാഗസിനിലുമൊക്കെ അവളെ പരിചിത മുഖമാക്കി മാറ്റി..എന്നാൽ വീട്ടുകാര്യങ്ങളിൽ അവളൊരു കുറവും വരുത്തിയില്ല..

ചെറുപ്പം മുതൽ വീട്ടുജോലികളും പഠനവും ഒരുപോലെ മുന്നോട്ട് കൊണ്ടു പോകുന്ന അവളുടെയാ ശീലം ഇപ്പോൾ അവൾക്ക് ഉപകാരപ്പെട്ടു... പക്ഷേ വ്യത്യാസമുണ്ടായിരുന്നു.. മുൻപ് കുത്തുവാക്കുകൾ കേട്ട് അരപ്പട്ടിണിയിൽ നിസ്സഹായതയോടെ വീർപ്പുമുട്ടി ചെയ്തിരുന്നുവെങ്കിൽ.. ഇപ്പോൾ സ്വാതന്ത്ര്യത്തോടെ വയറു നിറഞ്ഞ് ജിത്തുവിന്റെ കരുതലിന്റെ തണലിൽ ശാന്തവും സന്തോഷകരവുമായ അന്തരീക്ഷത്തിലാണെന്ന് മാത്രം..

അങ്ങനെ വർഷമൊന്ന് പിന്നിടുമ്പോൾ ജിത്തുവിന്റെ ഭാനുവിനോടുള്ള പെരുമാറ്റം വ്യത്യാസങ്ങളൊന്നുമില്ലാതെ തന്നെ മുന്നോട്ട് പോയി.. പക്ഷേ മാറ്റം മുഴുവനും ഭാനുവിനായിരുന്നു...അവളുടെ ഹൃദയത്തിൽ ജിത്തുവിനോടുള്ള ബഹുമാനവും ആരാധനയും സൗഹൃദവുമൊക്കെ പ്രണയത്തിലേക്ക് വഴി മാറുന്നത് അവൾ പോലുമറിഞ്ഞില്ല... അവനെ കുറിച്ച് കൂടുതൽ ചിന്തിക്കാനും അവന് ഇഷ്ടമുള്ളതൊക്കെ വച്ചുണ്ടാക്കി കൊടുക്കാനും സ്വയം വെപ്രാളപ്പെടുമ്പോൾ അവൾക്ക് മനസ്സിലായില്ല തന്റെ ഹൃദയത്തിൽ അവൻ വേരുറച്ചു തുടങ്ങിയെന്ന്...

രണ്ട് വർഷങ്ങൾ പിന്നെയും പിന്നിടുമ്പോൾ പഠനത്തിൽ ഭാനുവും ഔദ്യോഗിക ജീവിതത്തിൽ ജിത്തുവും ഉയർന്നുയർന്നു പൊയ്ക്കൊണ്ടേ ഇരുന്നു... പഠിക്കാൻ മടിയുള്ള ശരണ്യയെ കൂടി കൂടെയിരുത്തി പഠിപ്പിക്കാനും സഹായിക്കാനും ഭാനുവെന്നും ശ്രദ്ധിച്ച് പോന്നു.. ആ പരിപാടി അത്ര ഇഷ്ടമില്ലെങ്കിലും ഭാനുവിനോടുള്ള ഇഷ്ടം കൊണ്ട് ശരണ്യ അവൾ പറയുന്നതൊക്കെ അനുസരിച്ചു...

ജിത്തുവിനൊപ്പം ആത്മാർത്ഥമായി ജോലി ചെയ്യുന്നത് കൊണ്ട് ശ്യാമിനും ഒരുപാട് ഗുണങ്ങളുണ്ടായി... ഇപ്പോഴവന് ചെറിയ ചെറിയ കേസുകളൊക്കെ ഒറ്റയ്ക്ക് വാദിക്കാൻ കൊടുക്കുന്നുണ്ട് ജിത്തു... അവനുള്ളിലിപ്പോൾ ഭാനുവിനോട് ബഹുമാനം മാത്രമേ ഉള്ളൂ.. ജിത്തുവിന്റെ പെണ്ണായത് കൊണ്ട് ഏടത്തിയമ്മയുടെ സ്ഥാനവും...

മുത്തശ്ശിയും ഭവാനിയുമുൾപ്പെടെ പ്രായമുള്ളവരൊക്കെ അവരുടേതായ സന്തോഷങ്ങളിൽ ഒതുങ്ങിക്കൂടി കഴിഞ്ഞു...അനുവിനിപ്പോൾ ചുണ്ടുകളനക്കാൻ പറ്റുന്നത് കൊണ്ട് അവൾക്ക്‌ ശബ്ദമില്ലാതെ തന്നെ സംസാരിക്കാൻ കഴിയുന്നുണ്ട്..ശരണ്യയോ ഭാനുവോ കോളേജ് വിട്ട് വന്നുകഴിഞ്ഞാൽ മാറി മാറി അവളോട് സംസാരിക്കുന്നത് കൊണ്ട് അനുവിന്റെ പ്രതികരണങ്ങളും ചുണ്ടിന്റെ ചലനങ്ങളും വേഗത്തിലായിരിക്കുന്നു...കൈകളും കാലുകളും ചെറുതായി അനങ്ങി തുടങ്ങിയത് കൊണ്ട് അയ്യർ സാറിന്റെ നിർദേശപ്രകാരം ഒരു ഡോക്ടർ ഫിസിയോ തെറാപ്പി ദിവസവും മുടങ്ങാതെ വീട്ടിൽ ചെയ്യുന്നുണ്ട്...

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

വർഷാവസാന പരീക്ഷകൾക്കൊടുവിൽ റിസൾട്ട്‌ ഏവരും പ്രതീക്ഷിച്ചത് പോലെ അവർക്കിടയിലേക്ക് ഒരു യൂണിവേഴ്സിറ്റി റാങ്കിന്റെ രൂപത്തിൽ തന്നെയാണ് കടന്നു വന്നത്... ഭാനുവിന് വേണ്ടി ചെറിയൊരു കേക്ക് കട്ടിങ്ങും മധുരവിതരണവുമൊക്കെയായി കിച്ചുവും അഞ്‌ജലിയും ചിരാഗും അവർക്കൊപ്പം ശ്യാമും ശരണ്യയും ആഘോഷം തകർക്കുമ്പോഴും... ഫോണിലൂടെയും അല്ലാതെയും മുതിർന്നവർ അവളെ അനുമോദിക്കുമ്പോഴും....ഓരോരുത്തരും അവൾക്ക് സമ്മാനങ്ങൾ നൽകുമ്പോഴും...ഭാനുവിന്റെ കണ്ണിൽ നിറഞ്ഞ് നിന്നത് ജിത്തുവിന്റെ ചിരിക്കുന്ന മുഖം മാത്രമായിരുന്നു... ആ ചിരി തന്നെയായിരുന്നു അവൾക്കുള്ള ഏറ്റവും വലിയ സമ്മാനം... എല്ലാവരുടെയും അവസരം കഴിഞ്ഞ്
ജിത്തുവും അവൾക്കായി നൽകിയൊരു സമ്മാനം....

പ്രശസ്തമായൊരു സിവിൽ സർവീസ് കോച്ചിംഗ് സെന്ററിന്റെ അഡ്മിഷൻ ടിക്കറ്റ്... നിറഞ്ഞ കണ്ണുകളോടെ അത് നെഞ്ചോട് ചേർക്കുമ്പോൾ തന്റെ ലക്ഷ്യത്തിലേക്ക് താനെത്താൻ തന്നെക്കാൾ ആഗ്രഹിക്കുന്നത് ജിത്തുവാണെന്ന് തോന്നി ഭാനുവിന്.. അവന്റെ പ്രതീക്ഷ നിറഞ്ഞ കണ്ണുകൾ അവളുടെ ആത്മവിശ്വാസമുയർത്തി....
അവനാഗ്രഹിച്ചത് നേടിയെടുക്കണമെന്ന വാശിയുണർത്തി...

ഒരു ചോദ്യം മാത്രം ഉത്തരമില്ലാതെ ബാക്കിയായി...
\"പകരം വയ്ക്കാനില്ലാത്ത അവന്റെ കരുതലിന് താനെന്താണ് തിരികെ നൽകുക?\"

ആ ചോദ്യത്തിനുള്ള ഉത്തരം അവൾക്കുള്ളിൽ തിരിച്ചറിവിന്റെ കേവലമൊരു ചെറിയ മൂടുപടത്തിനപ്പുറം  ഒളിഞ്ഞു കിടക്കുന്നുവെന്നവൾ അറിഞ്ഞതുമില്ല....

അവന്റേത് കരുതലല്ല.. പ്രണയമാണെന്ന തിരിച്ചറിവ്...
തനിക്കവനോടുള്ളത് ബഹുമാനമല്ല ... പ്രണയമാണെന്നുള്ള തിരിച്ചറിവ്....

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഉഴപ്പാതെ പഠിച്ചത് കൊണ്ട് മോശമില്ലാത്ത മാർക്കോടെയാണ് ശരണ്യയും ഡിഗ്രി പാസ്സായത്...ഭാനു സിവിൽ സർവീസ് കോച്ചിങ്ങിനു പോയി തുടങ്ങുമ്പോഴേക്കും നാട്ടിലേക്ക് പോരാൻ ജയദേവൻ വിളിച്ചിട്ടും ഭാനുവിനെ വിട്ടു പോകില്ലെന്ന് നിർബന്ധം പിടിച്ച  ശരണ്യക്ക് പഠിച്ച കോളേജിൽ തന്നെ എം. എയ്ക്ക് അഡ്മിഷൻ ശരിയാക്കി കൊടുത്തു ജിത്തു..

പ്രായം പോകുന്നുവെന്നും പറഞ്ഞ് മോഹിനി ചിരാഗിന്റെ വിവാഹവിഷയവും എടുത്തിട്ട് അവന് പുറകേ നടക്കാൻ തുടങ്ങിയിട്ട് ഒരുപാട് നാളായി... ഏൽക്കാതെ വന്നപ്പോൾ അരവിന്ദിനെക്കൊണ്ടും ലിനീഷിനെയും ചൈത്രയെയും അവന്റെ സുഹൃത്തുക്കളെ കൊണ്ടുമൊക്കെ പറയിച്ചു നോക്കി മോഹിനി... എവിടെ... ചെക്കൻ പിടി കൊടുത്തതേയില്ല...ഭാനുവിനോടുമീ കാര്യം മോഹിനി ആവശ്യപ്പെട്ടെങ്കിലും അവൾ മാത്രം ഒന്നും ചിരാഗിനോട് അതേപ്പറ്റി പറഞ്ഞില്ല...ഒടുവിൽ തല്ക്കാലം അവനെ വെറുതെ വിടാൻ അരവിന്ദ് പറഞ്ഞതനുസരിച്ച് അടങ്ങിയിരിക്കുകയാണ് മോഹിനി...

ആകെയൊരു നീക്കുപോക്കുണ്ടായത് കിച്ചുവിന്റെ കാര്യത്തിലാണ്... മൂന്ന് വർഷം പിറകെ നടന്ന് ശല്യം ചെയ്ത് ചെയ്ത് ഒടുക്കം അഞ്ജലി അവന് യെസ് മൂളി... കിച്ചുവിന്റെ വീട്ടിൽ പ്രശ്നമൊന്നുമില്ലായിരുന്നു... അഞ്ജലിയെ അവർക്കൊക്കെ ഇഷ്ടമായിരുന്നു... ഒരു വ്യവസ്ഥ മാത്രമേ അവർ പറഞ്ഞുള്ളൂ..പ്രേമിച്ചു നടക്കാൻ പറ്റില്ലെന്ന്... രണ്ടാൾക്കും പ്രായം ഏറുന്നത് കൊണ്ട് വേഗം വിവാഹം നടത്തണമെന്ന്... അത്‌ കിച്ചുവും അഞ്‌ജലിയും സമ്മതിക്കുകയും ചെയ്തു...

പക്ഷേ അഞ്ജലിയുടെ വീട്ടിലാകെ പ്രശ്നമായി.. ദിനേശിന് ആ ബന്ധം സുഖിച്ചില്ല... പറ്റില്ലെന്ന് തീർത്ത് പറഞ്ഞപ്പോൾ അഞ്‌ജലിക്കും വാശിയായി... അവർ സമ്മതിച്ചില്ലെങ്കിലും തന്നെ സപ്പോർട്ട് ചെയ്യാൻ ഒരുപാട് പേരുണ്ടെന്നും താൻ കിച്ചുവിനെ മാത്രമേ വിവാഹം കഴിക്കൂ എന്നുമവൾ ഉറച്ച തീരുമാനം പറഞ്ഞപ്പോൾ ദിനേശനും ഭാര്യക്കും സമ്മതിക്കുകയല്ലാതെ നിവൃത്തിയില്ലാതായി... അങ്ങനെ ഒരു മാസത്തിനു ശേഷം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ അവരുടെ വിവാഹം ആഡംബരപൂർവ്വം നടന്നു.. ഇപ്പോൾ അവർ പ്രണയിച്ചു നടക്കുകയാണ്... നിയന്ത്രണങ്ങളേതുമില്ലാതെ...

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

കോച്ചിങ്ങിനു പോയിത്തുടങ്ങിയ ആദ്യ വർഷം തന്നെ ഭാനു സിവിൽ സർവീസ് എക്സാമിന്റെ പ്രിലിംസ് എഴുതി.. പക്ഷേ പാസ്സായില്ല... അവൾ നിരാശപ്പെടുന്നുവെന്ന് തോന്നിയപ്പോൾ ജിത്തു അവളിലേക്ക് കൂടുതൽ കൂടുതൽ ആത്മവിശ്വാസം നിറയ്ക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു...അവനെ അനുസരണയുള്ള അവൾ വീണ്ടും വാശിയോടെ പഠിച്ചു... അടുത്ത വർഷം അവളുടെ ശ്രമം പ്രിലിംസ് കടത്തി മെയിൻസ് വരെ എത്തിച്ചു... പക്ഷേ അവിടെയവൾക്ക് വീണ്ടും പിഴച്ചു... ഇത്തവണ പക്ഷേ അവൾക്ക് വാശി കൂടുകയാണ് ചെയ്തത്...പഠിക്കാനവൾക്കും പഠിപ്പിക്കാനവനും വാശി കൂടി...

മൂന്നാം വർഷം അവളുടെ പ്രയത്നവും അവന്റെ പിന്തുണയും ഫലം കണ്ടു... പ്രിലിംസും മെയിൻസും കടന്നവൾ ഇന്റർവ്യൂവിന്റെ വക്കിലെത്തി നിൽക്കുകയാണ്... ഒരു പടി മാത്രം അകലെയുള്ള തന്റെ ജീവിതലക്ഷ്യം അവളെ ഒരുപോലെ ഭയപ്പെടുത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.. പക്ഷേ അപ്പോഴും വാക്കുകളാൽ അവളെ ചേർത്തു പിടിച്ചു മുന്നോട്ട് നയിക്കാൻ ജിത്തുവുണ്ടായിരുന്നു....
ഒരു ജന്മത്തിന്റെ അറിവുകൾ മുഴുവൻ ആ ഇന്റർവ്യൂവിൽ ഉപയോഗിക്കണമെന്ന്  ജിത്തു ഉപദേശിക്കുമ്പോൾ ഏത് വഴിയിലൂടെയാണ് സഞ്ചരിക്കേണ്ടതെന്ന് അവൾക്ക് ബോധ്യമാവുകയായിരുന്നു....

ശരണ്യ എം.എ ഡിഗ്രിയേക്കാൾ മികച്ച മാർക്ക് വാങ്ങി പാസ്സായി...അവൾ കൊല്ലത്തു തന്നെയൊരു കോളേജിൽ ബി.എഡ്‌ഡിന് ജോയിൻ ചെയ്തു...ശ്യാം മികച്ചൊരു അഭിഭാഷകനായെന്ന് ഉറപ്പായപ്പോൾ അവനെ ജിത്തു ജയദേവന് പിൻഗാമിയാകാൻ അദ്ദേഹത്തിനരികിലേക്ക് തിരികെയയച്ചു...

ഫിസിയോ തെറാപ്പിയുടെ ഫലമായി അനുവിന് കൈകാലുകളുടെ ചലന ശേഷി ഏതാണ്ട് പൂർണമായും തിരികെ കിട്ടി.. മുറിയിൽ തന്നെ വാക്കിങ് പിടിച്ച് നടക്കാൻ കഴിയുമവൾക്കിപ്പോൾ.. പുറത്തേക്കിറങ്ങാൻ മാത്രം ഓട്ടോമാറ്റിക് വീൽ ചെയർ ഉപയോഗിക്കും...സംസാരശേഷി വീണ്ടെടുക്കാനായി സ്പീച്ച് തെറാപ്പിയും ചെയ്തു വരുന്നു...

അവരുടെ കൂട്ടിലേക്കൊരു കുഞ്ഞതിഥി എത്തിയിട്ട് ആറ് മാസമാകുന്നു... കിച്ചുവിന്റെയും അഞ്ജലിയുടെയും മകൾ  ദക്ഷിണയെന്ന ദച്ചു... എല്ലാവരുടെയും പൊന്നോമന...

ചിരാഗിന് വലിയ മാറ്റമൊന്നുമില്ല... ക്ലിനിക്കിലെയും ഹോസ്പിറ്റലിലെയും ചികിത്സയും ഇടയ്ക്കിടെ കൊല്ലത്തേക്കുള്ള യാത്രകളുമാണ് അവന്റെ ജീവിതം... അനുവിന്റെ കൂടെയുള്ള കുറച്ച് നിമിഷങ്ങളിലാണ് അവനേറ്റവും സന്തോഷവാനെന്ന് ആർക്ക് മനസ്സിലായില്ലെങ്കിലും ഭാനുവിന് മനസ്സിലാകുന്നുണ്ടായിരുന്നു...

✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️✨️

ഒരു നാൾ....

\"ജിത്തുവേട്ടാ..\"
\"ഓ \"
ശരണ്യ വിളിച്ചത് കേട്ട് രാത്രി ചില കേസ് ഫയലുകൾ നോക്കുകയായിരുന്ന ജിത്തു മുഖമുയർത്താതെ തന്നെ വിളി കേട്ടു...
\"ഏട്ടനിനിയെങ്കിലും അവളോടൊക്കെ പറഞ്ഞൂടെ...\"
ജിത്തു ഫയലടച്ച് ശരണ്യയെ നോക്കി...
\"പറയണമെന്ന് ഒരുപാട് തവണ ആലോചിച്ചതാ മോളെ.. പക്ഷേ വേണ്ടെന്ന് വച്ചതാണ്...അവളുടെ മനസ്സിൽ അതൊന്നുമില്ല... ഒരു കണക്കിന് അതാ നല്ലതും.. ഓരോന്ന് മനസ്സിൽ കയറിക്കൂടിയാ പഠിത്തത്തിലുള്ള ശ്രദ്ധ പോകും... അവൾ അവൾടെ ലക്ഷ്യത്തിന് വളരെ അടുത്ത് എത്തി നിൽക്കുകയാണ്...ഇനിയിപ്പോ അത്‌ നേടിയിട്ടേ വേറെന്തുമുള്ളൂ... \"

ശരണ്യ അദ്‌ഭുതത്തോടെ ജിത്തുവിനെ നോക്കിയിരുന്നു...
\"നിങ്ങളൊരു റെയർ പീസാണ് ട്ടോ ജിത്തുവേട്ടാ...\"
അവൾ പറഞ്ഞു...
\"Thank you \"
ചിരിയോടെ ജിത്തുവും..
\"ഞാനൊരു കാര്യം ചോദിച്ചോട്ടെ \"
\"ചോദിക്ക്..\"
\"അവളീ കണക്കിനാണ് പുസ്തകങ്ങൾ തിന്നുന്നതെങ്കിൽ അധികം വൈകാതെ ഐ.എ.എസ്‌ അടിച്ചെടുക്കും... എല്ലാം കഴിഞ്ഞ് ജില്ല ഭരിക്കുന്ന കലക്ടറുടെ കൊടി വച്ച കാറിൽ ഈ മുറ്റത്ത് വന്നിറങ്ങുമ്പോൾ ഈ ഏമാൻ പ്രൊപ്പോസ് ചെയ്‌തെന്നിരിക്കട്ടെ... അവളുടെ ആൻസർ ഒരു നോ ആണെങ്കിൽ? \"

ശരണ്യയുടെ ചോദ്യശരം ജിത്തുവിന്റെ ഹൃദയത്തിലൊരു പ്രകമ്പനമുണ്ടാക്കി...
അവന്റെ ചിരി മങ്ങി... അവനേതോ ആലോചനയിൽ മുഴുകി...പിന്നെ പതിയെ പതിയെ അവന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞു.....ശരണ്യയുടെ ആകാംക്ഷയേറി...

\"പറയില്ല മോളെ ... അവൾ നോ മാത്രം പറയില്ല...ചിലപ്പോൾ അന്തം വിട്ട് കുന്തം വിഴുങ്ങി നിൽക്കും... ചിലപ്പോൾ കണ്ണ് നിറയും... വേണ്ടെന്ന് പറയും...അർഹതയില്ലെന്ന് പറയും... ഞാൻ ദൈവത്തെപ്പോലാണെന്ന് പറയും.. മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാനെന്നോട് ആവശ്യപ്പെടും...
പക്ഷേ നോ മാത്രം പറയില്ല...\"
അവൻ ഉറപ്പോടെ പറഞ്ഞു...

\"ജിത്തുവേട്ടനെന്താ ഇത്ര ഉറപ്പ്?\"
ശരണ്യ ചോദിച്ചു...
\"അതോ... അവൾ തിരിച്ചറിയാത്ത.. അല്ലെങ്കിൽ തിരിച്ചറിയുന്നില്ലെന്ന് ഭാവിക്കുന്ന എന്നോടുള്ള പ്രണയം എനിക്കവളുടെ കണ്ണുകളിൽ കാണാനാകുന്നത് കൊണ്ട്.. അവളുടെ പ്രവൃത്തികളിൽ നിന്നും ആ പ്രണയത്തിന്റെ മാധുര്യം അനുഭവിക്കാൻ കഴിയുന്നത് കൊണ്ട്... അതെനിക്ക് മാത്രമേ മനസ്സിലാവൂ... അതാണ് പ്രണയത്തിന്റെ സൗന്ദര്യവും... \"

\"ഹോ.. കേട്ടിട്ട് തന്നെ കൊതിയാവണു...\"
\"എന്തിന്?\"
\"പ്രേമിക്കാൻ..\"
\"ഹാ.. നല്ലതാ.. ആരെങ്കിലുമുണ്ടോ?\"
\"എവിടന്ന്... എപ്പോഴെങ്കിലും കിട്ടുമായിരിക്കും..\"
\"ബെസ്റ്റ്.. എന്തായാലും ശ്രമിച്ചു നോക്ക്... നീ ധൈര്യായിട്ട് പ്രേമിക്കെടീ പെണ്ണേ...ബാക്കി ഞാൻ നോക്കിക്കോളാം...\"
\"എന്ത് \"
\"നിന്നേം അവനേം ജയദേവൻ സാറും ശ്യാമും കൂടി എടുത്തിട്ടടിക്കുമ്പോ നോക്കി നിന്നോളാമെന്ന്..\"
അതും പറഞ്ഞ് ജിത്തു ഇളിച്ചു കാട്ടി...
\"അയ്യേ ഊള കോമഡി...വല്യ തമാശക്കാരനാന്നാ വിചാരം.. ഞാൻ പോവാ ഒറക്കം വരുണു.\"

ചാടിത്തുള്ളി ശരണ്യ പോകുന്നതും നോക്കി ചിരിച്ച് ജിത്തു പിറകിലേക്ക് ചാരി കണ്ണടച്ചു കിടന്നു. മനസ്സ് നിറയെ ഭാനുവിന്റെ ചിരിക്കുന്ന മുഖവുമായി....ശരണ്യയാകട്ടെ ഒരു കാര്യം മനസ്സിൽ തീരുമാനിച്ചുറപ്പിക്കുകയായിരുന്നു....

അതിനായി പറ്റിയൊരു അവസരം കാത്തിരുന്നു അവൾ...

⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️⚡️



രണഭൂവിൽ നിന്നും... (32)

രണഭൂവിൽ നിന്നും... (32)

4.7
2768

ഭാനുവിന്റെ ഇന്റർവ്യൂ കഴിഞ്ഞിട്ട് ഒരാഴ്ച തികയുന്നു... പിറ്റേന്ന് വരുമെന്ന് പ്രതീക്ഷിക്കുന്ന റിസൾട്ട്‌ ഭാനുവിനെയാകെ സംഘർഷത്തിലാക്കിയിരിക്കുകയാണ്... ആകെപ്പാടെ പരവേശമെടുത്ത് ഓരോന്ന് ചെയ്തിട്ട് രാവിലെ മുതൽ അവൾ ചെയ്യുന്ന കാര്യങ്ങളിലൊക്കെ ഓരോരോ അബദ്ധങ്ങൾ പറ്റിക്കൊണ്ടിരിക്കുകയാണ്... പലതും ജിത്തുവും ശരണ്യയും എന്തിന് അനു വരെ ശ്രദ്ധിക്കുന്നുണ്ട്.. എങ്കിലും അവളുടെ മാനസികാവസ്ഥ മനസ്സിലാക്കി ആരുമൊന്നും പറയുന്നില്ലെന്ന് മാത്രം... ഭവാനി പറയുമ്പോഴാണ് പറ്റിയ തെറ്റുകൾ പലതും അവളറിയുന്നത് തന്നെ... പേടിയോടെ ജിത്തുവിനെ നോക്കുമ്പോൾ അവനൊന്നും അറിയാത്തത് പോലെയാണിരി