Aksharathalukal

പ്രണയത്തിന്റെ ലുത്തീനിയ

എന്തുകൊണ്ട് നീ പ്രണയം തുറന്നു പറഞ്ഞില്ല???


:അതിനന്ന് ഞങ്ങൾ പ്രണയിക്കുകയായിരുന്നില്ലല്ലോ...


പിന്നെ???


:കടല് കാണാൻ പോണമെന്നും ചേർന്നിരിക്കണമെന്നും കവിതകൾ എഴുതണമെന്നും ഓരോ വരിയുടെ അവസാനവും  നൂറു ചുംബനങ്ങൾ പങ്കുവെക്കണമെന്നും പിന്നീട് കാടിന്റെ ഹൃദയത്തിലേക്ക് സഞ്ചരിക്കണമെന്നും ഞങ്ങൾക്ക് മാത്രമായൊരിടമവിടെ കണ്ടെത്തണമെന്നും പരസ്പരം ചൂട് കാഞ്ഞ് രാത്രികൾക്ക് കഥ പറഞ്ഞുകൊടുക്കണമെന്നും പുലരുന്നതിന് മുൻപ് കുന്ന് കയറണമെന്നും സൂര്യനോടൊപ്പം ഭൂമി കാണണമെന്നും വെയിലിറങ്ങുമ്പോൾ കാടിന്റെ വന്യതയിലേക്ക് യാത്ര ചെയ്യണമെന്നും വിഷമം വന്നാലും അവസാനം അതെന്തിനായിരുന്നെന്ന് പോലും മറന്ന് പൊട്ടിച്ചിരിക്കണമെന്നും മാത്രമേ അന്നുണ്ടായിരുന്നുള്ളു.


പിന്നെപ്പോഴാണ് നിങ്ങൾ പ്രണയത്തിലായത്???


:പരസ്പരം നഷ്ടപ്പെട്ടുകഴിഞ്ഞ്.
നഷ്ടപ്പെടലിന്റെ വേദനയുടെ ആഴമളന്ന്.
ഓർമകളിൽ വീണ്ടും ജീവിച്ച് ജീവിച്ച്....


അത്രമേൽ സ്നേഹിച്ചവർ പിന്നെ വേർപിരിഞ്ഞതെന്തിനാണ്???


:സ്നേഹം കുറയുമ്പോൾ മാത്രമല്ലല്ലോ വേർപിരിയേണ്ടിവരുന്നത്. പഴയതിലും തീവ്രമായി പ്രണയിച്ചു കൊണ്ടും മനുഷ്യർ വേർപിരിയാറില്ലേ.......


അതിന് ഒരു കാരണമുണ്ടാകുമല്ലോ???


ഉണ്ടാകുമായിരിക്കണം.
ഇനിയൊരിക്കൽ വീണ്ടും ഞങ്ങൾ പ്രണയിച്ച് വേർപിരിയുമ്പോൾ നിനക്ക് ഞാനത് പറഞ്ഞു തരാം.


അപ്പോ ഇനിയും നിങ്ങൾ പ്രണയിക്കുമോ???


:എന്തുകൊണ്ടില്ല.......


പക്ഷെ......!!!


:എന്ത് പക്ഷെ.....
സ്നേഹം മരിക്കാത്തിടത്തോളം ഞങ്ങൾ ഇനിയുമിനിയും പ്രണയിക്കും.


യഥാർത്ഥത്തിൽ നിങ്ങൾക്ക്‌ ഭ്രാന്താണ്!!!


:അതെ. ഞങ്ങൾക്ക് ഭ്രാന്താണ്.
എന്ന് നിന്നിലെ ഭ്രാന്തവസാനിക്കുന്നുവോ അന്ന് നിന്നിലെ പ്രണയം മരിക്കുമെന്നാണല്ലോ. ഈ ഭൂമി അവസാനിക്കുവോളം ഞങ്ങൾ ഭ്രാന്തരായി തന്നെ തുടരട്ടെ..... പ്രണയിക്കട്ടെ......


നിങ്ങളുടേത് പ്രണയമാണെന്ന് തിരിച്ചറിഞ്ഞ സ്ഥിതിക്ക് ഇനിയെങ്കിലുമത് തുറന്നു പറഞ്ഞു കൂടെ?


:നീ കേട്ടിട്ടില്ലേ.....
പ്രണയത്തിന് കണ്ണില്ല... ചെവിയില്ല.... വായില്ല....
കണ്ടും കേട്ടും പറഞ്ഞും അറിയേണ്ടതല്ലല്ലോ പ്രണയം... അതനുഭവിച്ചറിയേണ്ടതാണ് .....
നമ്മളിൽ ആറാമതൊരു ഇന്ദ്രിയമുണ്ടങ്കിൽ അത്‌ പ്രണയം തിരിച്ചറിയാനാണ്.


ഒരുപക്ഷേ അയാളീ പ്രണയം തിരിച്ചറിഞ്ഞിട്ടില്ലെങ്കിലോ???


:ഇല്ലെങ്കിലെന്താ....
ചേർന്നിരുന്ന സമയമത്രയും ഞങ്ങൾ അത്രത്തോളം മനോഹരമായി സ്നേഹിച്ചിരുന്നില്ലേ... അത്‌ മതിയാകും.
അല്ലെങ്കിലും ബന്ധത്തിന് പ്രണയമെന്ന സ്ഥാനം നൽകുന്നതിന് തൊട്ടു മുൻപ് വരെയുള്ള നിമിഷങ്ങളാണ് യഥാർത്ഥ പ്രണയം. ഇനിയും ഞങ്ങളതിന്റെ ലഹരി ആസ്വദിച്ചു തീർന്നിട്ടില്ല.....


പ്രണയമെപ്പോഴാണ് പ്രണയമല്ലാതാകുന്നത്???


:പ്രണയം അന്ധമല്ലാതാകുമ്പോൾ
ബധിരമല്ലാതാകുമ്പോൾ
മൂകമല്ലാതാകുമ്പോൾ
പ്രണയത്തിൽ ശബ്ദമുയരുമ്പോൾ
കാഴ്ച കൂടുമ്പോൾ
പരസ്പര വിശ്വാസത്തേക്കാൾ മറ്റൊരുവന്റെ വാക്കിന് ചെവികൊടുക്കുമ്പോൾ 
നിബന്ധനകൾ ഉണ്ടാകുമ്പോൾ
പിന്നെയും പിന്നെയും എപ്പോഴൊക്കെയോ.......


ഒരിക്കൽ ചേർന്നിരുന്ന് സ്നേഹിച്ചു. ഇന്ന് വേർപിരിഞ്ഞു. ഇനിയെന്താണ്???


:ഇനിയും ചേർന്നിരിക്കും. സ്നേഹിക്കും.


പിന്നെന്തിനാണ് വേർപിരിഞ്ഞത്?


:കൂടുതൽ ചേർന്നിരിക്കാൻ


വേർപിരിഞ്ഞിരുന്ന് സ്നേഹിക്കുന്നത് വേദനയല്ലേ???


:അപ്പോ ചേർന്നിരുന്ന് സ്നേഹിച്ചവരെല്ലാം സന്തോഷത്തിലായിരുന്നോ.....?


പക്ഷെ അത്‌ അങ്ങനെയല്ലല്ലോ....!!!


:പക്ഷെ ഇത് ഇങ്ങനെയാണ്.....🦋💙